തിങ്കളാഴ്‌ച, ഡിസംബർ 12, 2005

കെ എസ് പി അഥവാ കേരളത്തിന്റെ സ്വന്തം പുട്ട്‌

കെ എഫ്‌ സിയുടെ നാട്ടില്‍ എത്തിയ കാലം മുതല്‍ ഒരാള്‍ പറയുന്നതാണ്‌, പുട്ടു തിന്നാനുള്ള കൊതി....കുറ്റം പറയാനൊക്കുമോ ? breakfast നു maggie noodle ഉം sandwich ഉം french toast ഉം ഒക്കെ കഴിക്കുന്ന (രാവിലെ റ്റ്യൂഷനു പോകാന്‍ ഉള്ള തിരക്കില്‍ ഇതു തന്നെ കഴിക്കുന്നതു ബുദ്ധിമുട്ടിയാണേ ) കേരളത്തിലെ ഇപ്പോഴത്തെ തലമുറക്ക്‌ മുന്‍പ്‌ ജനിക്കാന്‍ ഭാഗ്യം ലഭിച്ച ഏതൊരു സാധാരണ മലയാളിക്കും തോന്നാവുന്ന ഒരു അതിസാധാരണ മോഹം.

പക്ഷേ, പുട്ടുകുറ്റി ഉണ്ടായിട്ടു വേണ്ടേ പുട്ടുണ്ടാക്കാന്‍ ? സായിപ്പിന്റെ നാട്ടില്‍ എവിടെ പുട്ടുകുറ്റി ? നമ്മള്‌ പശുവിനും ആടിനും ഒക്കെ കൊടുക്കുന്ന കണ്ട ഇലകളും കാടും പള്ളയും ഒക്കെ ചേര്‍ത്ത്‌ അതിന്റെ മീതെ എന്തെങ്കിലും ഒരു dressing ഉം ഇട്ട്‌ 'സാലഡ്‌' എന്ന ഓമനപ്പേരില്‍, അല്ലെങ്കില്‍ 2 bread ചേര്‍ത്തുവച്ച്‌ അതിനു നടുക്ക്‌ വീട്ടിലെ ഫ്രിഡ്ജ്‌ ല്‍ ബാക്കിയിരിക്കുന്ന എന്തെങ്കിലും.. മീറ്റ്‌/ചീസ്‌/തക്കാളി/ഫിഷ്‌/മുട്ട അങ്ങനെ എന്തെങ്കിലും എടുത്തുവച്ച്‌ sandwich ...ഇതു 2 ഉം അല്ലാതെ വായ്ക്കു രുചിയായിട്ട്‌ എന്തെങ്കിലും ഉണ്ടാക്കാന്‍ ഇവര്‍ക്കറിയോ ?

എന്തിന്‌ ഇവരെപ്പറയണം ? നമ്മുടെ ബോംബെ ...അയ്യോ അല്ല മുംബൈയില്‍വച്ച്‌ ഒരുകഷണം പുട്ടു തിന്നാന്‍.. ഒരു ഹോട്ടല്‍ അന്വേഷിച്ച്‌ നടന്നു നടന്നു ചെരിപ്പു തേഞ്ഞുതീര്‍ന്നതല്ലാതെ... ഇതൊക്കെ നമ്മുടെ കേരളത്തിന്റെ സ്വന്തം പ്രോഡക്ട്സ്‌ അല്ലെ ???പണ്ട്‌ ആരോ പാടിയ പോലെ...
" അരി പൊടിച്ച്‌ പൊടി വറുത്ത്‌ പുട്ടു ചുട്ട കേരളം..
(chorus) കേരളം... കേരളം.. കേരളം മനോഹരം....
മാണി ഉള്ള ജോസഫുള്ള പിള്ള ഉള്ള കേരളം..
(chorus) കേരളം... കേരളം.. കേരളം മനോഹരം....
മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(chorus) കേരളം... കേരളം.. കേരളം മനോഹരം....

ഈ പാട്ടിന്റെ ബാക്കി ഞാന്‍ മറന്നു... ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പോസ്റ്റ്‌ ചെയ്താല്‍ ഉപകാരം.. (Thrichur സെന്തോമസു പയ്യന്മാരുടെ പാട്ടാണെന്നാ ഓര്‍മ. st. Marys ല്‍ പഠിച്ചിരുന്ന കാലത്ത്‌ കേട്ടതാ..)

china ക്കാരന്‍ ചെയ്യുന്നതു പോലെ മലയാളിയും നമ്മുടെ പുട്ടും, ഇടിയപ്പവും അവലോസുപൊടിയുമൊക്കെ ഒന്നു globalise ചെയ്തിരുന്നെങ്കില്‍ !! chinese Restaurent ല്‍ സായിപ്പ്‌ വന്നിരുന്ന് fried rice ഉം ഒക്കെ മൂക്കു മുട്ടെ തിന്നുന്നതു കാണുംബൊ മലയാളി യുടെ marketing skills അത്ര പോരല്ലോന്ന് തോന്നാറുണ്ട്‌.

അപ്പോ പറഞ്ഞു വന്നത്‌ പുട്ടുകുറ്റി.
ഏവൂരാന്‍ tongue cleaner അന്വേഷിച്ച്‌ നടന്ന പോലെ ഞങ്ങള്‍ പുട്ടുകുറ്റി തപ്പി നടപ്പ്‌ തുടങ്ങി. അങ്ങനെ ഒരു ദിവസം..ഒരു indian store ല്‍ ചെന്നപ്പോ അതാ ഇരിക്കുന്നു നല്ല വെളുത്തു കൊലുന്നനെ ഉള്ള നീണ്ട്‌ മെലിഞ്ഞ സുന്ദരിയായ ഒരു പുട്ടുകുറ്റി..!!! അവള്‍ ആകെ ഒന്നു മിനുങ്ങിയിട്ടുണ്ട്‌ കേട്ടൊ. എന്റെ വീട്ടില്‍ പണ്ടുണ്ടാരുന്ന അലൂമിനിയം സാധനം ഒന്നുമല്ല.. ഇപ്പോ നല്ല വെട്ടി തിളങ്ങുന്ന സ്റ്റീലില്‍ ആണ്‌. പണ്ട്‌ കരോട്ടെ വീട്ടിലെ ഷര്‍ട്ട്‌ ഇടാത്ത ചാക്കോ ചേട്ടന്റെ കുടവയറു പോലെ ആരുന്നു. ഇപ്പോ കരിഷ്മ കപൂറിന്റെ വയറു പോലെ ..slim beauty ആയിട്ട്‌...
കുറുക്കന്‍ കോഴിയെ കണ്ടതു പോലെ ഞാന്‍ ചാടി വീണു..
'എന്താ ഒരു സ്ട്രക്ചറ്‌' !!! പണ്ട്‌ മോഹന്‍ലാല്‍ നാഗവല്ലിയെ നോക്കി വെള്ളമിറക്കിയ പോലെ...
അതാ അവളുടെ അടുത്തിരിക്കുന്നു , കുറച്ചു കൂടി പത്രാസ്‌ കൂടിയ വേറൊരുത്തി.. പ്രഷര്‍ കുക്കര്‍ പുട്ടു കുറ്റി combo.. പ്രഷര്‍ കുക്കറിന്റെ മുകളില്‍ ഫിറ്റ്‌ ചെയ്യുന്ന സ്റ്റൈലില്‍... ഐഡിയ നോക്കണെ. എന്തായാലും പ്രഷര്‍ കുക്കറിന്റെ മുകളില്‍ അങ്ങനെ ഒരു കുന്ത്രാണ്ടം ഉണ്ട്‌. അതില്‍ കൂടെ വെറുതേ കാറ്റിങ്ങനെ പോയ്കോണ്ടുമിരിക്കുവാ. എന്നാ പിന്നെ അവിടെ ഒരു പുട്ടു കുറ്റി ഫിറ്റ്‌ ചെയ്താലോ. പ്രഷര്‍ കുക്കറിന്‌ ചേതമില്ലാത്ത ഒരുപകാരം... പുട്ടു കുറ്റിക്കോ ?
'അവരും അറിയട്ടെ നമ്മളും modern ആണെന്ന്', എന്ന പരസ്യത്തിലെ പെണ്ണിനെ പോലെ നടക്കുകയും ചെയ്യാം.!!. പുട്ട്‌ വെന്തും കിട്ടും.. ഓ..ഈ മനുഷേമ്മാരേ കൊണ്ടു ഞാന്‍ തോറ്റു...ഞാന്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കാമെന്നു മനസ്സില്‍ വിചാരിക്കുമ്പോഴേക്കും ഏതെങ്കിലുമൊരുത്തന്‍ കേറി അതങ്ങ്‌ കണ്ടു പിടിച്ചു കളയും...തല്‍ക്കാലം വീട്ടില്‍ പ്രഷര്‍ കുക്കര്‍ ഒരെണ്ണം ഉള്ളതു കൊണ്ട്‌ നമുക്കു കോംബോ വേണ്ടാ.., വെറും പുട്ടുകുറ്റി മതി..അല്ലെങ്കിലും ഒരു വീട്ടില്‍ 2 സുന്ദരിമാര്‍ വാഴില്ലെന്നല്ലേ ? വില എത്ര ആണാവോ ?.
വെറും 15 ഡോളര്‍ !!! 15 ഡോളറോ... എന്റെ പൊന്നും കുരിശുമല മുത്തപ്പോ... 15 * 45 = 675 രൂപ!!!! ... (എല്ലാത്തിനും ഒരു ഡോളര്‍ to രൂപാ conversion ഇപ്പോഴും എന്റെ വീക്‌ക്‍നെസാ) ചതി... കൊല ചതി !!! നാട്ടില്‍ ന്നു 35 രൂപ ക്കു പുട്ടുകുറ്റി മേടിച്ച്‌ ഇവിടെ കൊണ്ടു വന്ന് ... ഇതിലും ഭേദം ഇവര്‍ക്ക്‌ കത്തി എടുത്ത്‌ മനുഷ്യന്മാരെ കുത്തിക്കൊന്ന് കാശു വാങ്ങരുതോ ??? 675 രൂപ കൊടുത്ത്‌ പുട്ടുകുറ്റി മേടിച്ച്‌ പുട്ട്‌ ഉണ്ടാക്കി തിന്നാല്‍...അത്‌ തൊണ്ടയ്ക്കു കീപ്പോട്ട്‌ ഇറങ്ങൂല്ല്ല... തല്‍ക്കാലം.. പുട്ടു തിന്നണ്ട.. ഒരു ആശയടക്കം.. ജോലി രാജി വച്ച്‌ Indian store തുടങ്ങിയാലോ....

അങ്ങനെ പുട്ട്‌ തിന്നുന്നത്‌ സ്വപ്നം കണ്ട്‌ മാസങ്ങള്‍ 5-6 കടന്നു പോയി.. അപ്പോള്‍ ഒരു ദിവസം ഡാഡീടെ കാള്‍..
" ഞാന്‍ വരുമ്പോ നിനക്ക്‌ പ്രത്യേകിച്ച്‌ ഒന്നും കൊണ്ടു വരണ്ടല്ലോ ല്ലെ ?''
" ..കൊള്ളാം... ? നല്ല ചോദ്യം..!!! ഡാഡി ഒരു പേപ്പറും പേനയുമെടുത്ത്‌ എഴുതിക്കേ...അല്ലെങ്കില്‍ മറന്നു പോയാലോ "
"പുട്ടു കുറ്റി, ഇടിയപ്പക്കുറ്റി, ഇഡലിപ്പാത്രം, അച്ചപ്പത്തിന്റെ അച്ച്‌, പാലപ്പ ചട്ടി, കുടം പുളി, വാളം പുളി, ഉണക്ക മീന്‍, ചെമ്മീന്‍, ഉണക്കക്കപ്പ...."
" പിന്നെ... പനി വരുമ്പോ ചുക്കുകാപ്പി ഉണ്ടാക്കാന്‍..ചുക്കും കുരുമുളകും...."
".. പിന്നെ കുറച്ച്‌ ചമ്മന്തി പൊടി ഇടിപ്പിച്ചു കൊണ്ടു പോരേ.. കുറച്ച്‌ അവലോസുപൊടി കൂടി ഉണ്ടാക്കിച്ചോ... "
"പിന്നെ നമ്മുടെ ഇരുമ്പന്‍ പുളിമരം നെറയെ ഇപ്പോ ഇലുമ്പിക്ക ഉണ്ടായി കിടക്കുവാരിക്കുമല്ല്ലൊ... അതും കുറച്ച്‌ അച്ചാര്‍ ഇടീച്ചോളൂ.."
" ആ ഡാഡി പിന്നേ... പെട്ടീല്‌ സ്ഥലം ഉണ്ടെങ്കില്‍ ഒരു 100 ജിലേബി മേടിച്ചോ.. കഴിഞ്ഞ പ്രാവശ്യം മേടിച്ച അതേ ബേക്കറിയില്‍ന്നു തന്നെ മേടിക്കണേ..."
" അയ്യോ.. ഡാഡി ഏറ്റോം പ്രധാനപ്പെട്ടതു മറന്നു.. ഒരു വാക്കത്തി വേണം.. എല്ലും കപ്പയുംകൂടി ഉണ്ടാക്കാംന്നു വച്ചാല്‍ എല്ലു വെട്ടാന്‍ പറ്റിയ നല്ല കത്തി ഉണ്ടായിട്ടു വേണ്ടേ ?? " (ഇതിലും വലിയ വാക്കത്തി ഇനീം വേണോ എന്നൊരാള്‍ അപ്പുറത്തിരുന്നു വിചാരിക്കണത്‌ എനിക്കിവിടെ കേള്‍ക്കാം...പാവം ഡാഡിയെക്കൊണ്ട്‌ കുറേ പുത്തകം കരയ്ക്കടുപ്പിക്കാന്‍ പ്ലാനിട്ടിരുന്നതാ...ഇനി ആ പെട്ടിയില്‍ എവിടെ സ്ഥലം)
"ആ പിന്നെ.. ഹലോ... ഹലോ... ഹെല്ല്ലോൊ... കട്ട്‌ ആയീന്നു തോന്നണു..". ( ഡാഡിക്ക്‌ ബോധം പോയതാരിക്കും ???)
എന്തായാലും പാവം ഡാഡി വന്നപ്പൊ പുട്ടുകുറ്റി കൊണ്ടുവന്നു... പുട്ടും പഴവും കൂടി ഇങ്ങനെ കുഴച്ചു കുഴച്ചു തിന്നുമ്പൊ.... ആഹഹ.. എന്താ രുചി .. എന്തായാലും നീണ്ട നാളത്തെ കൊതിതീര്‍ത്തു കൊടുക്കാന്‍ പറ്റിയല്ല്ലൊ... ഇരുന്ന ഇരുപ്പില്‍ ഒന്നരക്കുറ്റി പുട്ടു തിന്നുന്ന കണ്ടപ്പോത്തന്നെ എന്റെ മനസ്സും വയറും നിറഞ്ഞു...

ഞാന്‍ അങ്ങിനെ ആത്മനിര്‍വൃതി അടഞ്ഞിരിക്കുന്ന സമയം... ദാ വരുന്നു അടുത്തത്‌
" താന്‍ പുട്ടും കടലയും കഴിച്ചിട്ടുണ്ടൊ.. ? കിടിലം കോമ്പൊ... ആരപ്പാ അതു കണ്ടുപിടിച്ചത്‌.. ? എന്താ ഒരു ടേസ്റ്റ്‌... ? പുട്ടും പഴവുമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല്ല... " ..
നോക്കണേ അതിമോഹം!!!!... ഇതാണു മനുഷ്യന്റെ ഒരു കുഴപ്പം..മോഹം ആകാം.... അതിമോഹം പാടുണ്ടോ ??? ജീവിതത്തില്‍ ഇതുവരെ കടലക്കറി വച്ചിട്ടില്ല.. പണ്ടെന്നോ കൂട്ടിയ ഓര്‍മയുണ്ട്‌.. നല്ല ബ്രൌണ്‍ കളറില്‍.. തേങ്ങയും മല്ലിയും കൂടി വറുത്തരച്ചിട്ടായിരിക്കണം...
ആളു ഭയങ്കര picky ആണേ.. "തേങ്ങ വറുത്തത്‌ കുറച്ചൂടി മൂക്കണമാരുന്നു, ചാറു കുറച്ചൂടി നീണ്ടിരുന്നെങ്കില്‍ പെര്‍ഫെക്റ്റ്‌ ആയേനെ എന്നൊക്കെ പറഞ്ഞുകളയും... ഞാനാണെങ്കില്‍ തിരിച്ചിങ്ങോട്ടു കടിക്കൂല്ലാത്ത എന്തും ശാപ്പിടുന്ന ടൈപ്പ്‌..
"എന്റെ ഗൂഗിളു പുണ്യാളച്ചോ..സഹായിക്കണേ.." ഞാന്‍ ഗൂഗിളെടുത്ത്‌ അടിച്ചു.. ' കടല'..... ഓ കിട്ടുന്നതെല്ലാം..മറ്റേ വൈറ്റ്‌ കടലയുടെ റെസിപീസ്‌.. ചന്ന എന്നു പറയണ ആ സാധനം ..പണ്ടു ഹോസ്റ്റലില്‍ ആരുന്നപ്പോ ഗതിയില്ലാത്തതുകൊണ്ട്‌ തിന്നിട്ടുണ്ട്‌. ഞാന്‍ കീവേഡ്‌ ഒന്നു മാറ്റി നോക്കി.. 'കടലക്കറി'... നോ രക്ഷ..അപ്പോഴാണു ട്യൂബ്‌ലൈറ്റ്‌ കത്തിയത്‌... 'പുട്ട്‌'... ദാണ്ടേ വരണു ഇഷ്ടമ്പോലെ recipies... "പുട്ട്‌ ആന്‍ഡ്‌ കടലക്കറി are the most popular kerala breakfast recipies..."

അങ്ങിനെ കടലക്കറി ഉണ്ടാക്കി.. പുട്ടും കടലയും കൂടി കുഴച്ചു കുഴച്ചു കഴിക്കുന്ന കണ്ടപ്പോ ഒരിക്കല്‍ക്കൂടി എന്റെ മനസ്സു നിറഞ്ഞു.. അവസാനം ഏംബക്കം വിട്ട്‌ , വിരലു കൂടി നക്കിക്കൊണ്ട്‌... "താന്‍ ചിരട്ടപ്പുട്ടു കഴിച്ചിട്ടുണ്ടോ... ? ഈ പുട്ടു കുറ്റിയില്‍ ഉണ്ടാക്കുന്ന പോലെയല്ല്ല... recently തേങ്ങാ ചിരണ്ടിയ, നനവു മാറാത്ത, കണ്ണന്‍ചിരട്ടയില്‍ ഉണ്ടാക്കണം. അതാണു മോളേ പുട്ട്‌....!!! എന്താ ഒരു രുചി... !!!!! അതിന്റെ മുന്നില്‍ ഈ പുട്ടുകുറ്റിയിലെ പുട്ട്‌ ഒന്നും അല്ല.. ഇപ്പോഴും എന്റെ നാവില്‍ ഉണ്ട്‌...പണ്ട്‌ നാട്ടീ‍ന്നു കഴിച്ചതിന്റെ ഒരു taste"

മോഹം ആകാം... അതിമോഹം കുറച്ചൊക്കെ.... അത്യാഗ്രഹം ആയാലോ.... !!!!
ആരാണെനിക്ക് നാട്ടില്‍ നിന്ന്‌ ഒരു ലോറി കണ്ണന്‍ ചിരട്ട പാഴ്‌സല്‍ അയച്ചു തരുക ???

23 അഭിപ്രായങ്ങള്‍:

12/13/2005 12:01:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

പടവലങ്ങ കല്ലു കെട്ടി വളവു നീർത്ത കേരളം
ന്യൂ ജനറേഷൻ പുട്ടുകുറ്റി ഒരെണ്ണം ഞാനും കണ്ടു ഈയിടെ. ഐസ്ക്രീം സ്കൂപ്പ് പോലെ മൂട്ടിൽ ഒരു ഇജക്റ്റ് സം‍വിധാനമുള്ള സ്റ്റീല് ബോഡിയുള്ള പ്രഷർക്കുക്കറില്ലാത്ത വീട്ടീൽ പണിയെടുക്കാത്ത ചില്ലില്ലാക്കുറ്റി.

പുട്ടുകുറ്റിയിൽ എന്റെ താല്പര്യം കണ്ട സെയിൽമാൻ ”ചിരട്ടപ്പുട്ട് ഉണ്ടാക്കുന്ന സാധനവുമുണ്ടെന്ന്” പറഞ്ഞു.

ചിരട്ടയുണ്ടെന്നു പറയാതെ ഇയാളിതെന്ത്താ “ചിരട്ടപ്പുട്ടുണ്ടാക്കുന്ന സാധനം” എന്നു പറഞ്ഞത്, മലയാളം മരിച്ചല്ലോ കഷ്ടം (എന്റെ മുംബൈക്കാരൻ സുഹൃ&ത്തിന്റെ മകൻ നാട്ടിൽ വാഴ കുലച്ച് നിൽക്കുന്നത് കണ്ട് “അച്ഛാ ദേ ഒരു കൊലമരം” എന്നു പറഞ്ഞപ്പോ തോന്നിയപോലെ) എന്ന് ഓർത്തു നിലക്കുംപ്പോൾ മുങ്ങിയ റഫീക്ക് പൊന്തി. കയ്യിൽ സ്റ്റീലിൽ തീർത്ത ഒരു സുന്ദരൻ കണ്ണൻ‍ ചിരട്ടയുമായി.

 
12/13/2005 12:36:00 AM ല്‍, Blogger അഭയാര്‍ത്ഥി പറഞ്ഞു...

അസൂയ ആമസോണ്‍ കാടുകളേക്കാള്‍ പച്ച പിടിച്ചു. ദേവരാഗ കമന്റുകള്‍ കാണുമ്പൊള്‍ !!!!!!!!!!!!!.

spelling mistakes regretted

 
12/13/2005 02:36:00 AM ല്‍, Blogger Visala Manaskan പറഞ്ഞു...

ഇവിടെ കേട്ടത്‌:

ഒരു പ്രവാസി വീട്ടമ്മയുടെ പരാതി: 'എത്ര വിശപ്പുണ്ടായാലും ചേട്ടൻ ഡൈലി ഒരു കുറ്റി പൂട്ടേ കഴിക്കൂ' (പാവം, ഒരു കുറ്റി വളരെ കുറഞ്ഞുപോയി!)

നമ്മുടെ തീറ്റ എറപ്പായേട്ടനെപ്പോലെയൊരു ഭർത്താവിനെ മോഹിച്ച ആ സാധു ഭാര്യ ഒരുദിവസം ഭർത്താവിനെ പറ്റിക്കാൻ, രണ്ടു പൂട്ടിനുള്ള പൊടി കുറ്റിയിൽ വാരിയിട്ട്‌ കുത്തിനിറച്ച്‌ ഒരെണ്ണമുണ്ടാക്കാൻ അടുപ്പത്ത്‌ വച്ചു.

ഷെയറിങ്ങ്‌ അക്കോമഡേഷനിൽ താമസിച്ചിരുന്നതുകൊണ്ട്‌, അടുത്ത മുറി വാസിയായ അന്തർജ്ജനവും അന്നെരം അടുക്കളയിൽ ഹാജരുണ്ടായിരുന്നത്രേ.

കുറച്ച്‌ നേരം കഴിഞ്ഞപ്പോ, 'ഠപ്പോ' എന്ന് കുഴിബോംബ്‌ പൊട്ടുമ്പോലെ, പുട്ടു പൊട്ടിച്ചിതറി. പുറത്ത്‌ കടക്കാൻ പറ്റാതെ ഭ്രാന്തായിപ്പോയ ആവി, അറ്റകൈ പ്രയോഗിച്ചതായിരുന്നു.

ബൂട്ടാസിങ്ങിനെ കഥയിലേപ്പോലെ, അടുക്കള പൂട്ടുമയം. നോക്കുമ്പോൾ മറ്റേ അന്തർജ്ജനത്തിനെ കാണാനില്ല. രണ്ട്‌ മിനിറ്റുകഴിഞ്ഞപ്പോൾ ദാണ്ട്രാ ടോം ഏന്റ്‌ ജെറിയിൽ, ടോം വരുമ്പോലെ ഫ്രിഡ്ജിന്റെ പിന്നിൽ നിന്ന് പതുക്കെ വരുന്നു...ഗഡി.
---
'പൊടിവാരിയിട്ടാൽ വടിപോലെയാകുന്നതെന്തെന്ന്' ചോദിച്ച പഴയ ആൽത്തറ യിലെ അമ്മുവിനെ ഞാനോർക്കുന്നു.

 
12/13/2005 03:23:00 AM ല്‍, Blogger അഭയാര്‍ത്ഥി പറഞ്ഞു...

Visalamanaska- u r impossible

 
12/13/2005 05:57:00 AM ല്‍, Blogger Kalesh Kumar പറഞ്ഞു...

കുട്ട്യേടത്തിയേ, ഒറ്റയിരുപ്പിനു വായിച്ചു!
രസിച്ചു!
നന്നായിട്ടുണ്ട്!

 
12/13/2005 10:59:00 AM ല്‍, Blogger myexperimentsandme പറഞ്ഞു...

കുട്ട്യേടത്തിയേ, വൈക്യാണേലും, എന്റെ വക ഒരു സുസ്വാഗതം അങ്ങ്‌ട് പിടിക്ക്യാ... എന്നിട്ട് പുട്ടിങ്ങ്‌ട് പോരട്ടേട്ടോ. പഴം പൂവനല്ലാച്ചാ കടലക്കറി മതീട്ടോ.... തീറ്റയൊക്കെ കഴിയുമ്പോ, പണ്ട് നമ്പൂരിശ്ശൻ പറഞ്ഞപോലെ, ഒരു വിരല് കേറ്റാൻ സ്ഥലമുണ്ടാച്ചാ ഞാനങ്ങ്‌ട് ദോ ഈ പഴോംകൂടങ്ങ്‌ട് കേറ്റില്ലേഡാ‍ാ ശ്ശവ്വീ, എന്നു ചോദിക്കും..ട്ടോ..

വിശാലോ, ദേവോ, കമന്റിലും ശ്വാസം വിടാൻ വയ്യാണ്ടാക്ക്വാന്ന കുറച്ച് കഷ്ടാണേ... :))

മ്ക്ഫ്മ്വ്ഗ്ല്ക്

 
12/13/2005 12:39:00 PM ല്‍, Blogger nalan::നളന്‍ പറഞ്ഞു...

പുട്ടും കടലയും കഴിച്ചിട്ട് എല്ലാം കഴിഞ്ഞു എന്നങ്ങൊടു ഉറപ്പിക്കാന്‍ വരട്ടെ, പുട്ടും പയറും പപ്പടവും കോമ്പിനേഷനെ വെല്ലാന്‍ ഈ ദുനിയാവില്‍ വേറൊന്നുമില്ല കുട്ട്യേടത്തിയേ.
പിന്നെ പ്രവാസികള്‍ക്കായി ഒരു ചെക്ക്‍ലിസ്റ്റ് (പുട്ടുകുറ്റി, ഇടിയപ്പക്കുറ്റി തുടങ്ങിയവ അടങ്ങിയ ) ഉടനടി ആരെങ്കിലും പ്രസിദ്ധീകരിച്ചേ പറ്റൂ. കേരളത്തില്‍ നിന്നും പുറത്തുപോകുന്ന എല്ലാ ഫ്ലൈറ്റുകളിലേക്കുമുള്ള ബാഗ്ഗേജും നിര്‍ബന്ധിത പരിശൊധനയ്ക്കു വിധേയമാക്കുകയും ചെക്ക്‍ലിസ്റ്റ് പ്രകാരം ഉണ്ടെന്നുറപ്പുവരുത്തിയശേഷം മാത്രമേ ക്ലീയറന്‍സ് കൊടുക്കാവൂ.

 
12/13/2005 01:02:00 PM ല്‍, Blogger രാജ് പറഞ്ഞു...

നളന്‍സേ,
പണ്ടത്തെയൊരു തെക്കു്-വടക്കു് വിവാദം ഓര്‍മ്മ വരുന്നു. “എന്താ കോയാ ഇങ്ങളാരും കുതിരബിരിയാണി കഴിച്ചിട്ടില്ലേന്നും?” പുട്ട്-കടല-ബീഫ് ഫ്രൈ-പപ്പടം (ഒപ്ഷണല്‍) എന്നതിനേക്കാള്‍‍ സ്വാദിഷ്ടമായ ഭക്ഷണം ഈ ദുനിയാവില്‍ വേറേതുണ്ട്? ദുബായ്‌ക്കാര്‍ക്കൊരു ഫ്രീ ടിപ്പ്: ഗോറ്റൂ കീര്‍ത്തീ റെസ്റ്റോറന്റ് കരാമാ ;)

 
12/13/2005 01:25:00 PM ല്‍, Blogger reshma പറഞ്ഞു...

ഹി ഹി ഹി (ബാലരമ ചിരി)
കുട്ട്യേട്ത്തി കാലും നീട്ടി ഇരുന്നിട്ടു ‘എത്ര കാലായി അമ്മിയിലരച്ച ചമ്മന്തി തിന്നിട്ടെന്നു‘ ഹാ, ഹൂ സൌണ്ട് ഇഫേക്റ്റ്സോടെ നീട്ടി പറഞ്ഞു നോക്ക്- ‘കുട്ട്യേട്ടൻ‘ അങ്ങ് ഇറാനിലുള്ളോരു പറയുന്നതു മാത്രേ കേൾ‍ക്കോന്ന് അറിയാലോ?;)

 
12/13/2005 02:40:00 PM ല്‍, Blogger nalan::നളന്‍ പറഞ്ഞു...

പെരിങ്ങ്‌സേ,
പായസവിവാദവും, തെക്കു വടക്കു വിവാദവുമൊക്കെ അവിടെ കിടക്കട്ടെ. അതിനെക്കാളൊക്കെ തകര്‍പ്പന്‍ വിവാദമല്ലേ ഇവിടെ നടന്നോണ്ടിരിക്കണതു. എനിക്കിന്നാണു വീട്ടില്‍ നെറ്റ് കണക്ഷന്‍ കിട്ടിയതു. വന്നു നോക്കിയപ്പോളല്ലേ ഇവിടെ ഉശിരന്‍ പോരുനടക്കണെ. ഇനി ഇതു കണ്ടുതീര്‍ത്തിട്ടു ബാക്കിക്കാര്യം എന്നു ഞാനും തീരുമാനിച്ചു. ഏതു പക്ഷം പിടിക്കണമെന്നു ആകെ കണ്‍ഫ്യൂഷന്‍. ഏതായാലും ആര്‍പ്പോ !!ഇര്യോ !!

 
12/13/2005 10:34:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ദേവരാഗം,

ഇനിയും എത്രയോ new generation items കാണാനിരിക്കുന്നു. !!!!

വക്കാമരിഷ്ടാ,
അവസാനം ആ വിരല്‌ നക്കിതിന്നാന്‍ മറക്കണ്ടാട്ടൊ!! japan ലെങ്ങാനും നല്ല കണ്ണന്‍ ചിരട്ട കിട്ടാനുണ്ടോ ?


കലേഷ്‌,
Thaank you, thaank you :))

നളന്‍,
പ്രവാസികള്‍ക്കുള്ള check list ഉടനെ പരിഗണിക്കാം.

രേഷ്മാ,
ശ്‌ ശ്‌ ..... പതുക്കെ പറയൂ...ഇതെങ്ങാനും കേട്ടാല്‍ പിന്നെ അമ്മിക്കല്ലു കൂടി നാട്ടീന്നു കൊണ്ടുവരേെണ്ടി വരുമെനിക്ക്‌ :)) 'കുട്ട്യേട്ടനു' പണ്ട്‌ മുതലേ രാജ്യാന്തര ബന്ധങ്ങളാ !!!

വിശാലാ..
വിശാലമായ നന്ദി..

പെരിങ്ങോടരേ, :))

ഗന്ധര്‍വ്വാ :))

ബ്ലോഗ്‌ സന്ദര്‍ശിച്ച, എല്ലാവര്‍ക്കും നന്ദി.

 
12/13/2005 11:36:00 PM ല്‍, Blogger അഭയാര്‍ത്ഥി പറഞ്ഞു...

പ്റവാസി കടന്നു പോകുന്ന കദനത്തിന്റെ നാള്‍ വഴികള്‍ സാാരസ്യതയോടെ പറയുന്നു കുട്യേടെത്തി. വൈകാരിക തനിമ, മിതോക്ത്തി, ശൈലി നൈപുണ്യം എന്നിവ കുട്യേടെത്തിയുടെ സ്വന്തം.

Gandharvan took a third stroll to comment, because he wanted to comment in malayalam which is a strenuous effort to him.
U got that malayala thanima, and it became my need to comment in malayalam.
Still sorry for the spelling mistakes.

 
12/13/2005 11:51:00 PM ല്‍, Blogger Adithyan പറഞ്ഞു...

പുട്ടും കടലയും ഒക്കെ ഉണ്ടാക്കി നാട്ടുകാരെ കൊതിപ്പിക്കുവാണല്ലെ? ഹ്മ്മ്മ്മ്... നടക്കട്ടെ നടക്കട്ടെ....

എന്റെ ഒരു ചങ്ങാതിയുണ്ടിവിടെ. ചങ്ങാതിയുടെ ഒരു ചങ്ങാതിണിക്കങ്ങനെയിരിക്കുമ്പോ ഒരു പൂതി, “നാട്ടിലെ പോലെ പുട്ടും കടലയും കഴിക്കണം”... ആവശ്യം ചങ്ങാതിയെ അറിയിച്ചു. “നീ ചോദിച്ചാൽ പുട്ടും കടലയും അല്ല, സൌഗന്ധികം വരെ ഞാൻ കൊണ്ടു വരും” എന്നു ഉറപ്പു കൊടുത്ത ചങ്ങാതി പുട്ടും കടലയും കിട്ടുന്ന ഹോട്ടൽ അന്വേഷിച്ചു നടപ്പായി. ഞങ്ങളിൽ പലരോടും ചോദിച്ചു. പലർക്കും മെയിൽ അയച്ചു നോക്കി. എന്താണു കാരണം എന്നു മാത്രം ചങ്ങാതി പറഞ്ഞില്ല.”അല്ലെടാ, എനിക്കു പെട്ടെന്നു പുട്ടും കടലയും കഴിക്കാൻ തോന്നി.”

അവസാനം രാവിലെ പുട്ടും കടലയും കിട്ടുന്ന ഒരു ഹോട്ടലിന്റെ വിവരങ്ങൾ കിട്ടി. ചങ്ങാതിയുടെ കഷ്ടകാലത്തിനു പിറ്റെന്നു അവർ രണ്ടു പേരും പുട്ടും കടലയും കഴിക്കാൻ സംഭവസ്തലത്തെത്തിയപ്പോൾ ഞങ്ങൾ എല്ലാം അവിടെ ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാൻ ഹാജർ ഉണ്ടായിരുന്നു......

ഇപ്പൊ പുട്ടും കടലയും എന്നു കേട്ടാലെ ചങ്ങാതിക്കു പേടിയാണ്...ഞങ്ങൾക്കു ചിരിയും...

 
12/14/2005 02:55:00 AM ല്‍, Blogger രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

ഹാവൂ. ഏമ്പക്കം വന്നു. അക്ഷയപാത്രത്തില്‍ ഇനിയും ചീരയില ബാക്കിയുണ്ടോ?
നന്നായിട്ടുണ്ട്. വിശക്കുമ്പോള്‍ ഞാന്‍ ഇനിയും വരും.

 
12/14/2005 02:44:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

നല്ല വാക്കുകള്‍ പറയാന്‍ വേണ്ടി മൂന്നാം വട്ടം ബ്ലോഗ്‌ സന്ദര്‍ശിച്ച ഗന്ധര്‍വ്വനു നന്ദി.

ആദിത്യോ,

bangalore ലെ (ഇത്‌ മാറ്റി വേറെന്തോ വൃത്തികെട്ട പേരാക്കുന്നെന്ന് കേട്ടത്‌ ശരിയോ ??) M. G road ന്റേം brigade road ന്റേം almost intersection ലായിട്ടു വരുന്ന, ആ പള്ളീടെ അടുത്തുള്ള (St. Patricks ?? ആകെ മറവി...alsheimers ആണോ ആവോ ? !!!) imperial ഹോട്ടലില്‍ ഇപ്പോഴും നല്ല പുട്ടും കടലയും കിട്ടുമോ ?

ഞായറാഴ്ചകളില്‍ രാവിലെ 10 മണി വരെ ഉറങ്ങണോ അതോ പുട്ടും കടലയുമടിക്കണൊ എന്നുള്ള തീരുമാനം എടുക്കാന്‍ കഷ്ടപ്പെട്ടിട്ടുണ്ട്‌ ഞങ്ങള്‍ !!!

ചങ്ങാതിയുടെ സ്ത്രീലിംഗം മലയാള നിഖണ്ഡുവിലുള്ളതാണോ ? :))

സാക്ഷിയേ,

പുറപ്പെടുമ്പോ ഒന്നു വിളിച്ചിട്ടായ്കൊട്ടെ.. വെശന്ന് വന്ന് നിരാശപ്പെട്ട്‌ പോകരുതല്ലോ !!!

 
12/15/2005 06:28:00 AM ല്‍, Blogger Adithyan പറഞ്ഞു...

പുതിയ പേര് - ബാൻഗളൂര്. എന്തൂരാനാണോ എന്തോ :-( അടുത്ത നവംബർ മുതൽ പ്രാബല്യത്തിൽ വരും... റോഡിൽ കിണറുകൾ കാരണം നേരെ ചൊവ്വെ വണ്ടിയോടിക്കാൻ വയ്യ. പേരു മാറ്റിയാൽ എല്ലാ പ്രശ്നങ്ങളും തീരുമല്ലോ... ഇവനെയൊക്കെ തല്ലാൻ ആളില്ലല്ലോ :-(

ഞങ്ങൾ എല്ലാം കോറമങ്ങല ഏരിയായിലാണു താമസം. രാവിലെ പുട്ടടിക്കാൻ ബ്രിഗേഡു വരെ ദിവസവും വരുന്നത് കടുപ്പമല്ലെ. :-)

നിഘണ്ടുവിലുള്ള വാക്കുകളേ ഉപയോഗിക്കാവൂ എന്നു വന്നാൽ ഞാനൊക്കെ മൌനവ്രുതം തുടങ്ങുകയേ രക്ഷയുള്ളു... ;-)

 
1/08/2006 01:20:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

I protest peringodanZ,

"Keerthi" is not vadakkan, i belongs to the same group of TVM achayans who owns "Andrew Xaviers" bars . If keerthi food did impress you, it is that distinctive TVM flavour that did the magic. Hail TVM

 
3/12/2006 06:19:00 AM ല്‍, Blogger രാജ് പറഞ്ഞു...

പ്രൊറ്റസ്റ്റോ? അതിനുതക്ക പാപമൊന്നും ഞാന്‍ ചെയ്തില്ലല്ലോ. കീര്‍ത്തി വടക്കന്മാരുടെയാണെന്നു ഞാന്‍ പറഞ്ഞില്ല നാരദാ, അന്യം നിന്നുപോയ കുതിരബിരിയാണിക്കു വേണ്ടുന്ന ചേരുവകള്‍ എളുപ്പം കിട്ടുവാനുള്ള ഒരു സ്പോട്ട് പറഞ്ഞുവെന്നേയുള്ളൂ. ഗള്‍ഫിലെ ഹോട്ടലുടമകളുടെ നാടുനോക്കേണ്ടതില്ല, ചില്ലി ചിക്കണ്‍ തന്നെ പത്തുനാല്പതു വറൈറ്റിയുണ്ടെന്നു എനിക്കു മനസ്സിലായതു ദുബായില്‍ വന്നിട്ടാണു്.

കു: ഹോട്ടലു തെക്കരുടെ ആണെന്നു കരുതി കുക്ക് ചെയ്യുന്നതു തെക്കനാവണം എന്നുണ്ടോ ;)

മറ്റൊരു കു: നാരദന്‍ കമന്റ് എന്നിട്ടതാണു്? കുട്ട്യേടുത്തിയുടെ ഡേറ്റ് ഫോര്‍മാറ്റില്‍ ഡേറ്റില്ലാത്തതുകൊണ്ട് തിരിച്ചറിയുവാനാവുന്നില്ല. ഡാഡിയെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ ഇവിടെയെത്തി!!!

 
3/12/2006 06:56:00 AM ല്‍, Blogger വള്ളുവനാടന്‍ പറഞ്ഞു...

ഉതിര്‍പുട്ട്‌ എന്നൊരു പുട്ടും വള്ളുവനാട്ടില്‍ കിട്ടും, അതുണ്ടാക്കാന്‍ കുറ്റി വേണ്ട

 
5/26/2006 02:06:00 PM ല്‍, Blogger വഴിപോക്കന്‍ പറഞ്ഞു...

കേരളം..കേരളം..കേരളം..മനോഹരം.. എന്ന പാട്ടിന്റെ കുറച്ചുകൂടി വരികള്‍ ഒരു പുതിയ പോസ്റ്റ്‌ ആയി ഇട്ടിട്ടുണ്ട്‌

 
1/15/2007 08:10:00 AM ല്‍, Blogger monu പറഞ്ഞു...

LOl ...

your "chiratta puttu" comment reminds me of the "chiratta" which i brought here when i went for vacation two years back... the thing is that i never tried making "puttu" with it , becasue i found a restaurant where i can get kerala "putt and kadla" :D

 
3/18/2007 08:14:00 PM ല്‍, Blogger സുല്‍താന്‍ Sultan പറഞ്ഞു...

My Contribution...

പരശുരാമന്‍ പഴമെടുത്ത് തൊലിയുരിഞ കെരളം

 
6/15/2007 03:10:00 PM ല്‍, Blogger വിന്‍സ് പറഞ്ഞു...

ente oru Ex Girl Friendinte athey style. avaludey phone dialouges motham copy adichu vachekkunnathu pooley. ditto aanu randu peerudeyum dialouges. I can hear it in my ears.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം