Saturday, May 30, 2009

റ്റ്വിറ്ററും റ്റ്വയലോഗും പിന്നെ ഞാനും

എനിക്കെന്റെ ദിവസങ്ങളെ ഉണര്‍വുള്ളതാക്കാന്‍, എപ്പോഴുമെന്തെങ്കിലുമൊരു പ്രചോദനം വേണം. രാവിലെ അലാമടിക്കുമ്പോള്‍, അതോഫ്‌ ചെയ്തിട്ടു കട്ടിലില്‍നിന്നു ചാടി എഴുന്നേല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന്‌. ഇന്നത്തെ ദിവസം പതിവുള്ളതല്ലാതെ എന്തെങ്കിലുമൊന്നു ചെയ്യാനുണ്ടല്ലോ എന്ന തോന്നല്‍/ ആ ഒരുത്സാഹം, അതില്ലെങ്കില്‍ എന്റെ ദിവസങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറി വിരസമായി പോകും.

ആ പ്രചോദനം പലപ്പോഴുമെണ്റ്റെ ജോലി തന്നെയാവാം, ചിലപ്പോള്‍ ബ്ളോഗ്ഗിങ്ങാവാം, ചിലപ്പോള്‍ ഓര്‍ക്കട്ടില്‍ അര്‍മ്മാദിക്കല്‍, മറ്റു ചിലപ്പോള്‍ ജോലി സംബന്ധമായ എസ്‌ ടി എന്‍ എന്ന പോര്‍ട്ടലില്‍, തുടക്കക്കാരുടെ സംശയങ്ങള്‍ക്കും, പ്രോഗ്രാമിങ്ങ്‌ സംബന്ധമായ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കലാവാം. ഇനിയും ചിലപ്പോള്‍ ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികള്‍ക്ക്‌, ലോകത്തിലെ മുഴുവന്‍ വിശേഷങ്ങളും, എന്തു കുക്കി, എന്തു ഷോപ്പ്‌ ചെയ്തു, എവിടൊക്കെ പോയി എന്നു വേണ്ട, സകല ഗോസ്സിപ്പുകളുമടങ്ങിയ നെടുനീളന്‍ മെയിലുകള്‍ അയയ്ക്കലാവാം. രാവിലെയെഴുന്നേറ്റാല്‍ അവരുടെ രണ്ടു പേരുടെയും ചെയിന്‍ മെയിലുകള്‍ മുഴുവന്‍ വായിച്ചിട്ടേ, ഞാന്‍ പല്ലു തേയ്ക്കാറു പോലുമുള്ളൂ.

പലരും പറയാറുള്ളതു പോലെ ജോലിയില്‍ നിന്നുള്ള വിരസതയകറ്റാനല്ല ഞാന്‍ ബ്ളോഗുന്നത്‌. ജോലി പോലെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍. ശരിക്കും, ജോലിയുമായി ഞാന്‍ കടുത്ത പ്രണയത്തില്‍ തന്നെയാണ്‌. ജോലിയില്‍ തിരക്കുകളുള്ള ദിവസങ്ങളില്‍ രാവിലെ ചാടിയെഴുന്നേല്‍ക്കാന്‍ എനിക്കു രണ്ടാമതൊരു പ്രചോദനം വേണ്ട. അത്രയ്ക്കുത്സാഹമുണ്ടെനിക്ക്‌ ഓഫീസില്‍ പോകാനും ജോലി ചെയ്യാനും. കഴിഞ്ഞ ഒക്ടോബറില്‍ പുതിയ പ്രോജക്ട്‌ തുടങ്ങി, ഏകദേശം ജനുവരി വരെ ഞാന്‍ എന്റെ ബ്ളോഗ്‌ പോലുമൊന്നു തുറന്നു നോക്കിയിട്ടില്ല. കാരണം തല ചൊറിയാന്‍ നേരമില്ലാത്ത പണിയുണ്ടായിരുന്നു.

പക്ഷേ പണികളൊക്കെ ഒതുങ്ങി , നെറയെ സമയം ബാക്കിവരുന്ന ചില സമയങ്ങളുണ്ട്‌. ആ ദിവസങ്ങളില്‍ രാവിലെ പുതപ്പൊന്നു കൂടി തല വഴി വലിച്ചിട്ടുറങ്ങാനേ തോന്നൂ. ആ ദിവസങ്ങളില്‍, അയ്യേ രണ്ടു പെറ്റ മുത്തിത്തള്ള, തൈക്കെളവി, എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്നെന്റെ മനസ്സിനെയൊന്നകറ്റി നിറുത്താന്‍, കുട്ടിപ്പാവാടയിട്ടു നാട്ടുവഴികളിലൂടെ തുള്ളിച്ചാടി നടന്ന ആ ചെലപ്പാംകാടയുടെ, ചലപലാ, ചെലച്ചു കൊണ്ടിരുന്ന ആ വായാടിക്കോതയുടെ മനസ്സിലേയ്ക്കൊന്നു തിരിച്ചു പോവാന്‍, അതിനാണു ഞാന്‍ മേല്‍പ്പറഞ്ഞ പ്രചോദനങ്ങളെ ആശ്രയിക്കുന്നത്‌.

'എടോ, താനെന്തെങ്കിലുമൊന്നെഴുതെടോ തന്റെ ബ്ളോഗില്‍. ഒന്നില്ലെങ്കില്‍ തനിക്ക്‌, തിങ്കളും വ്യാഴവും മൂന്നു മണിക്കൂര്‍ ഫ്ളൈറ്റിലിരിക്കുമ്പോളെഴുതിക്കൂടേ ' - കെട്ട്യോന്‍സിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌.

'ദോ.. എത്രയോയെണ്ണം റ്റൈപ്‌ ചെയ്തിട്ടിരിക്കണൂ. ഒറ്റ മൂച്ചിനു നോട്ട്‌പാടില്‍ റ്റൈപി. ഇനിയതിന്റെ അക്ഷരത്തെറ്റു തിരുത്തി അതു പോസ്റ്റബിളാക്കാനെനിക്കു ക്ഷമയില്ല. "

സത്യം.. ബ്ളോഗിങ്ങിന്റെ മുഴുവന്‍ രസവും കൊല്ലുന്ന ഒരു സംഭവമാണതെന്നെ സംബന്ധിച്ച്‌. ഒരു പോസ്റ്റെഴുതുന്നതിന്റെ ഇരട്ടിയിലധികം സമയമതൊന്ന്‌ വൃത്തിയാക്കിയെടുക്കാനെടുക്കും. (എന്നു വച്ച് ഇതുവരെ പോസ്റ്റിയതെല്ലാം വൃത്തിയുള്ളതാണെന്ന അഹങ്കാരമൊന്നുമില്ല കേട്ടോ)

'എങ്കില്‍ പിന്നെ താന്‍ റ്റ്വീറ്റടോ.. അതാവുമ്പോ എളുപ്പമാണാല്ലോ..'

' അതെന്തൂട്ടാ സംഭവം ? '

'ഹാ.. അതറിയില്ലേ ? മാറിയ ലോകത്തിന്റെ പുതു സ്പന്ദനമല്ലേ റ്റ്വിറ്റര്‍ ? നമ്മളെന്താണിപ്പോള്‍ ചെയ്യുന്നത്‌..? അതിങ്ങനെ റ്റൈപ്‌ ചെയ്യുക .. അപ്പോ ആളോളതു വായിക്കും.. താന്‍ പറയുന്നതു കേള്‍ക്കാനിഷ്ടമുള്ളവര്‍ തന്നെ ഫോളോ ചെയ്യും.."

' 'അയ്യേ..അതെന്തൂട്ടു പോക്കണംകേടാണു മനുഷ്യാ ? ഞാനെന്തു ചെയ്യുന്നെന്നറിയാനാര്‍ക്കാ ഇത്ര താല്‍പര്യം ?(നിങ്ങള്‍ക്കല്ലാതെ ? :P )

" താനൊന്നു ശ്രമിച്ചു നോക്കെടോ..."

എവിടെ ? ഞാനല്ലേ കുഴിമടിച്ചി.

എന്നെ റ്റ്വീറ്റിക്കാന്‍ കക്ഷി ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.. ഞാന്‍ അതെന്തൂട്ടാണെന്നു നോക്കാന്‍ കൂടി കൂട്ടാക്കിയില്ല. പിന്നെയുമോര്‍മ്മിപ്പിച്ചപ്പോള്‍,.."എന്റെ മനുഷ്യാ, ഇവിടെ തല ചൊറിയാന്‍ നേരമില്ലാത്തപ്പഴാ.. അത്രോം സമയമുണ്ടാരുന്നേല്‍, ഞാനെന്റെ കൊച്ചിനെ കരാട്ടേ ക്ളാസ്സില്‍ കൊണ്ടോയേനേ. സ്വിമ്മിങ്ങിനു കൊണ്ടോയേനേ..".

പിന്നൊരൂസം, ദാണ്ടേ, ഐ-ഫോണ്‍ മേടിച്ചു വന്നിരിക്കുന്നു. "ഇനി തനിക്കു നടക്കുന്ന വഴിക്കു റ്റ്വീറ്റാം. വേറെ സമയമൊന്നും കളയാതെ. എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കുമ്പോള്‍ റ്റ്വീറ്റാം, റ്റാക്സി എടുത്തോഫീസില്‍ പോകുമ്പോ റ്റ്വീറ്റാം. അങ്ങനെ താന്‍ വേറൊന്നിനും ഉപയോഗിക്കാത്ത സമയത്ത്‌...."

ഐ ഫോണ്‍ കിട്ടിയപ്പോള്‍ ഞാന്‍ 'സു ഡോ കു' കളിച്ചര്‍മ്മാദിച്ചു. കണക്കിലെ കളികളിലുള്ള പ്രാന്തു തീര്‍ത്തു. ഈസി, മീഡിയം, എക്സ്‌പര്‍ട്ട്‌..എന്നിങ്ങനെ ലെവലുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യുന്നതിലായി കമ്പം. ഞാന്‍ ഊണിലും ഉറക്കത്തിലും, എലിവേറ്ററില്‍ നില്‍ക്കുമ്പോഴും, ബാത്ത്‌റൂമിലിരിക്കുമ്പോഴും രാത്രികളില്‍ ഉറക്കമൊഴിച്ചിരുന്നും സു ഡോ കു കളിച്ചു. റ്റ്വിറ്റര്‍ ബട്ടണില്‍ അറിയാതെ പോലുമൊന്നു ഞെക്കി നോക്കിയില്ല.

പിന്നൊരൂസം കെട്ട്യോന്‍സ്‌ റ്റ്വിറ്റര്‍ ഐഡി ഉണ്ടാക്കി, ഫോണില്‍ റ്റ്വിറ്റര്‍ സെറ്റപ്‌ ചെയ്തു തന്നു. അങ്ങനെയാണു ഞാന്‍ പതുക്കെ അതിലേയ്ക്കൊന്നെത്തി നോക്കിയത്‌.. ആദ്യമൊക്കെ അറച്ചു നിന്നെങ്കിലും പതുക്കെ ഞാനിഷ്ടപ്പെടാന്‍ തുടങ്ങി. റ്റ്വിറ്റര്‍ ജീവിതത്തില്‍ ഞാനേറ്റവുമധികം ആസ്വദിച്ചത്‌, നമ്മുടെ ലോക്‌സഭാ ഇലക്ഷന്‍ ഫലം, തല്‍സമയം റ്റ്വീറ്റ്‌ ചെയ്തതായിരുന്നു. (പറയണ കേട്ടാല്‍ തോന്നും രണ്ടു മൂന്നു കൊല്ലമായി റ്റ്വീറ്റുന്നുണ്ടെന്ന്‌. വെറും രണ്ടാഴ്ച പ്രായമുള്ള റ്റ്വിറ്ററാന്നേ ഞാന്‍ ).

പക്ഷേ, അതു കഴിഞ്ഞ ദിവസം റ്റ്വീറ്ററില്‍ ഞങ്ങള്‍ റ്റ്വയലോഗ്‌സ്‌(മലയാളം ഡയലോഗുകള്‍ റ്റ്വീറ്റര്‍വല്‍ക്കരിച്ച്‌ പറയുക..അത്രന്നെ...) കളിക്കുന്നതു വരെ..

മല്ലു റ്റ്വീറ്റേഴ്‌സെല്ലാം ഉഷാറായി പങ്കെടുത്തപ്പോള്‍, അതു നെറയെ ചിരിക്കു വകയുണ്ടാക്കി. ദോ താഴെ വായിച്ചോളൂ.


1. kuttyedathi മനസ്സില്‍ കുറ്റബോധം തോന്നിയാല്‍ പിന്നെ റ്റ്‌വീറ്റുന്നതെല്ലാം യാന്ത്രികമായിരിക്കും.
2.
whizkidd കൊച്ചു കുട്ടികള്‍ റ്റ്‌വീറ്റ്‌ ചെയ്താല്‍ കോലുമുട്ടായ്‌ ടായ്‌ ടായ്‌ !
3.
arocks അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ.. അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ..
4.
sreenadh1987 ഓര്‍ക്കുട്ട്‌ ദുഖമാണുണ്ണി, റ്റ്‌വിറ്ററല്ലോ സുഖപ്രദം.
5.
startonomics നമുക്കു റ്റ്‌വീറ്റ്ഡെക്കില്‍ പോയി റ്റ്‌വീറ്റ്‌ ചെയ്യാം. അതിരാവിലെ എഴുന്നേറ്റ്‌ റിപ്ളൈ വന്നുവോ എന്നും, റീറ്റ്‌വീറ്റ്‌ ഉണ്ടോ എന്നും നോക്കാം. അവിടെ വച്ചു ഞാന്‍ നിനക്ക്‌..
6.
ronyjacob ഒരു റ്റ്‌വിറ്റര്‍ കിട്ടിയിരുന്നെങ്കില്‍...... റ്റ്‌വീറ്റ്‌ ചെയ്യാമായിരുന്നു.....
7.
startonomics നമുക്ക്‌ ഒരു റ്റ്‌വീറ്റ്‌സ്‌ അങ്ങു കാച്ചിയാലോ ? ഈ ചൂടത്തു റ്റ്‌വീറ്റാ ബെസ്റ്റ്‌. ഡേവിഡേട്ടാ, റ്റ്‌വീറ്റുണ്ടാ ? രണ്ടു റീറ്റ്‌വീറ്റ്‌... ചില്ല്ഡ്‌
8.
whizkidd കുട്ടാ, റ്റ്‌വീറ്റില്‍ സംഗതികളൊന്നും വന്നില്ലല്ലോ.... ശ്രുതി പോരാ.
9.
vimal ഹലോ .. ദൂരദര്‍ശന്‍ കേന്ദ്രമല്ലേ ? ഇന്നു വൈകിട്ടു റ്റ്‌വീറ്റ്‌ ചെയ്ത കുട്ടിയുടെ റ്റ്വീറ്റ്‌ ഐഡി പറഞ്ഞു തരാമോ ? ഒന്നു ഫോളോ ചെയ്യാനാ ?
10.
zeqox റ്റ്വീറ്റര്‍ അലിയാസ്‌ റീറ്റ്വീറ്റര്‍.
11.
arocks ദാസാ, നീ അമേരിക്കയില്‍ പോയാല്‍ പിന്നെ നിണ്റ്റെ റ്റ്വീറ്റ്‌ ആരു റീ റ്റ്വീറ്റും.
12.
theexperthand ഒരു റ്റ്വീറ്റ്‌ എഴുത്‌. ഒരു ആര്‍ റ്റി എനിക്കും ഒരു ആര്‍ റ്റി ലോക്കല്‍ പാര്‍ട്ടി സെക്രട്ടറിക്കും, അയക്കൂ. ഒരു ആര്‍ റ്റി താനും വച്ചോ.
13.
jestinjoy റ്റ്വിറ്റര്‍ ഉണ്ടോ സഖാവേ ഒരു ബ്ളോഗര്‍ എടുക്കാന്‍ ?
14.
zeqox അമേരിക്കയില്‍ റ്റ്വിറ്ററില്ല പോലും! എന്തു വിഡ്ഢിത്തരമാണിവന്‍ പറയുന്നത്‌? റ്റ്വിറ്ററില്ലാത്ത നാടുണ്ടോ ?
15.
startonomics ഞാന്‍ ഈ റ്റ്വീറ്റ്‌ സ്ക്കൂളില്‍ ഒന്നും പഠിക്കാത്തതു കൊണ്ട്‌, റീറ്റ്വീറ്റിണ്റ്റെ പ്രവര്‍ത്തനത്തെ പറ്റി ഒന്നും അറിയില്ല.
16.
theexperthand ഇവരു ഭയങ്കര റീറ്റ്വീറ്റുകാരാ. തിരുവിതാംകൂറ്‍ രാജാവിണ്റ്റെ കയ്യീന്നു റ്റ്വീറ്റ്ഡെക്കും റ്റ്വിര്‍ളും വാങ്ങിച്ചവരാ.
17.
anvimal പോളണ്ടിനെ ക്കുറിച്ച്‌ നീ റ്റ്വീറ്റരുത്‌. അതെനിക്കിഷ്ടമല്ല.
18.
kuttyedathi എന്തെയ്‌ ഈ അല്‍പം ഗ്ളാമര്‍ ഉള്ള റ്റ്വീറ്ററിനെ പെണ്‍കുട്ട്യോള്‍ക്കിഷ്ടമല്ലെന്നുണ്ടോ ? കാക്ക റ്റ്വീറ്റീന്നാ തോന്നണേ...
19.
Crucifire റ്റ്വിറ്റര്‍ - ജനകോടികളുടെ വിശ്വസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌.
20.
vimal നീ ആണല്ലേടാ പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി റ്റ്വിറ്റര്‍ ?
21.
lakshmi_h തോമസുകുട്ടീ .....റ്റ്വീറ്റിക്കോടാ..
22.
startonomics അതെന്താ ദാസാ ഈ റ്റ്വീറ്റിംഗ്‌ നമ്മള്‍ നേരത്തെ തുടങ്ങാഞ്ഞത്‌ ? എല്ലാ റ്റ്വീറ്റിനും അതിണ്റ്റേതായ സമയമുണ്ടു ദാസാ.
23.
lakshmi_h ആഹാ ... ഐശ്വര്യത്തിണ്റ്റെ റീറ്റ്വീറ്റ്‌ മുഴങ്ങുന്നതു പോലെ....
24.
lakshmi_h അങ്ങനെ റീറ്റ്വീറ്റുകള്‍ ഏറ്റുവാങ്ങാന്‍ ഈ റ്റ്വിറ്റര്‍ ഹാന്‍ഡില്‍ ഇനിയും ബാക്കി.
25.
roshinroy ഓര്‍മയുണ്ടോ ഈ റ്റ്വീറ്റുകള്‍ ? ഓര്‍മ കാണില്ലാ..
26.
lakshmi_h റീറ്റ്വീറ്റോം കി സിന്തഗി ജോ കഭി ഖതം നഹി ഹോതാ..
27.
arocks ഇല്ലെങ്കീ, എണ്റ്റെ റ്റ്വീറ്റര്‍ ഐ ടി നിണ്റ്റെ പട്ടിക്കിട്ടോ..
28.
whizkidd ശേഖരാ എനിക്കു സ്വസ്ഥമായി റ്റ്വീറ്റണം. അതിനു തടസ്സം നിക്കാന്‍ നിണ്റ്റെ ഈ കൈകളുണ്ടാവരുത്‌. അതു കൊണ്ട്‌, അതു ഞാനിങ്ങെടുക്കുവാ.
29.
vimal എടാ നീ വല്ലതും കണ്ടാ ? ഉം.. എന്ത്‌ ? അളിയാ....ഫുള്‍ റ്റ്വീറ്റഡ്‌.... പോടാ, ഫഴ്സ്റ്റ്‌ റ്റൈമൊന്നും അങ്ങനെ ഫുള്‍ റ്റ്വീറ്റഡ്‌ കാണാന്‍ പറ്റില്ല. അളിയാ.. സത്യം..
30.
theexperthand എന്തൊക്കെയായിരുന്നു..? റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്റര്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിര്‍ള്‍....അവസാനം റ്റ്വീറ്റ്‌ റീറ്റ്വീറ്റായി.
31.
zeqox എന്താടോ റ്റ്വിറ്ററേ ഞാനിങ്ങനെയായി പോയത്‌ ? താന്‍ ചിന്തിച്ചിട്ടുണ്ടോ ?
32.
vimal കിട്ടിയാല്‍ റിപ്ളൈ...ഇല്ലെങ്കില്‍ റീറ്റ്വീറ്റ്‌ ..
33.
kuttyedathi തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി റ്റ്വീറ്റേഴ്‌സ്‌ കൊതിക്കാറുണ്ടെന്നും. തിരികെ വരുന്നേരം റ്റ്വീറ്റി ത്തകര്‍ക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും..
34.
jestinjoy ലാല്‍ സലാം റ്റ്വിറ്ററേ..
35.
kuttyedathi റ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും, റീറ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും കേടു റ്റ്വിറ്റര്‍ക്കാ. അതു മറക്കണ്ട.
36.
kuttyedathi നീ കണ്ട റ്റ്വിറ്റര്‍മാരുടെ ഇന്‍ഡ്യയല്ല യഥാര്‍ത്ഥ ഇന്‍ഡ്യ. അതു മനസ്സിലാക്കാം റ്റ്വീറ്റ്ഡെക്കുണ്ടായിരിക്കണം, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍ ഉണ്ടായിരിക്കണം, റ്റ്വിറ്റെറിഫിക്കുണ്ടായിരിക്കണം.
37.
anvimal മോഹന്‍ തോമസിണ്റ്റെ റ്റ്വീറ്റും റീറ്റ്വീറ്റും കൂട്ടിക്കുഴച്ചു നാലു നേരം വെട്ടി വിഴുങ്ങി..
38.
kuttyedathi അവനവന്‍ റ്റ്വീറ്റുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍... ഗുലുമാല്‍... പരസ്പരം റീറ്റ്വീറ്റി കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍.. ഗുലുമാല്‍..


കുറിപ്പ്‌ : റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്‍ള്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിറ്റെറിഫിക്ക്‌ - ഇതെല്ലാം റ്റ്വീറ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന പല ആപ്ളിക്കേഷന്‍സാണ്‌. ചിലതു പി സി യില്‍ ഉപയോഗിക്കാം, മറ്റു ചിലതു ഫോണിലും. റീറ്റ്വീറ്റ്‌ - മറ്റൊരാള്‍ അയച്ച ഒരു റ്റ്വീറ്റ്‌, അതിലെ സന്ദേശം കൂടുതല്‍ ആളുകളിലേയ്കെത്തിക്കാന്‍ വേണ്ടി വീണ്ടും അയക്കുന്ന സംഭവം.

ലേബലുകള്‍:

Tuesday, May 19, 2009

സിസ്റ്റര്‍ ജെസ്മിക്കൊരു തുറന്ന കത്ത്‌

പ്രിയപ്പെട്ട സിസ്റ്റര്‍ ജെസ്മിക്ക്‌,

സിസ്റ്റര്‍ ഉടുപ്പൂരിയതും മഠം വിട്ടതുമൊക്കെ എങ്ങനെയാണ്‌ ഞാനറിഞ്ഞത്‌? കൃത്യമായിട്ടോര്‍മയില്ല. 'വാചകമേള' യില്‍ സിസ്റ്റര്‍ പറഞ്ഞ എന്തോ ഒന്നു വായിച്ചപ്പോഴാണെന്നു തോന്നുന്നു.

സിസ്റ്റര്‍ എന്നുമെനിക്കേറ്റം പ്രിയപ്പെട്ട, ബഹുമാനം തോന്നിയിട്ടുള്ള ചുരുക്കം സിസ്റ്റേഴ്സില്‍ ഒരാളാണ്‌. ( സിസ്റ്റേഴ്സിനോടു പൊതുവേ വല്യ മമത ഇല്ല. എന്തോ, ജീവിതത്തിലെ കഷ്ടപ്പാടുകളില്‍ന്നും ഒളിച്ചോടുന്നവരാണവര്‍ എന്നു ചെറുപ്പം മുതലേ മനസ്സില്‍ കേറിക്കൂടിയിരിക്കുന്നു. കുടുംബിനികള്‍ രാവിലെ നാലുമണി മുതല്‍ രാത്രി പന്ത്രണ്ടുമണി വരെ, അടുക്കളയിലും, മക്കള്‍ക്ക്‌ വച്ചു വിളമ്പിയും, ജോലിസ്ഥലത്തും, ഒക്കെ നടത്തുന്ന യുദ്ധവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെറു‍തെ ചാപ്പലില്‍ സുഖായിട്ടിരുന്നു പ്രാര്‍ത്ഥിക്കുന്ന സിസ്റ്റേഴ്‌സിന്റെ സഹനം ഗ്രഹിക്കാന്‍ തക്കവണ്ണം, തലച്ചോറിനു വളര്‍ച്ച ഇല്ലാഞ്ഞിട്ടാവണം.).

അതുമല്ലെങ്കില്‍ എന്റെ ചെറുപ്പകാലത്തു സ്ക്കൂളിലും മറ്റും ഞാനറിയുന്ന സിസ്റ്റേഴ്‌സൊക്കെ വെറു‍തെ കുട്ടികളെ അടിക്കുന്നവരും; പെറ്റിക്കോട്ടിട്ടില്ല, അല്ലെങ്കില്‍ ബ്ളൌസിനു കട്ടി കുറവാണ്‌, ഇറുകിയിരിക്കുന്നു എന്നൊക്കെ പറഞ്ഞു കുട്ട്യോള്‍ടെ സ്വാതന്ത്ര്യത്തില്‍ അനാവശ്യമായി കൈ കടത്തുന്നവരും, പേരു കേള്‍ക്കുമ്പോള്‍ തന്നെ ഹിറ്റ്‌ലര്‍ പ്രതീതി ജനിപ്പിച്ചിരുന്നവരുമായതോണ്ടാവും.

പത്രമാസികകളിലൊക്കെ സിസ്റ്ററിനെ പറ്റി, സിസ്റ്ററിന്റെ വേറിട്ട രീതികളെ പറ്റി(Cinema Nun etc), ലേഖനങ്ങള്‍ വരുമ്പോള്‍, വല്ലാത്തൊരഭിമാനത്തോടെ ഞാന്‍ പറയുമായിരുന്നു. "കണ്ടോ എന്റെ സിസ്റ്ററാ, മിടുമിടുക്കി, ചുണാക്കുട്ടിയാ. എന്തൊരു സ്മാര്‍ട്ടാന്നറിയോ ? ഒരു മുയല്‍ക്കുട്ടിയെ പോലെ ചാടി ഓടി നടന്നു കാര്യങ്ങളൊക്കെ ചെയ്യണ കാണണം. 'അയ്യോ..ചത്തേ.ചതഞ്ഞേ..എന്നെ ക്കൊണ്ടു മേലായേ' മോടില്‍ സിസ്റ്ററിനെ ഒരിക്കലും കാണാന്‍ കിട്ടില്ല. 'she lights up the whole room, when she steps in" എന്നു നമ്മള്‍ ചെല ആളോളെ ക്കുറിച്ചു പറയില്ലേ ? അതാണു സിസ്റ്റര്‍. സിസ്റ്റര്‍ കൂടെയുള്ളപ്പോള്‍ എല്ലാത്തിനും നമുക്കുമൊരുത്സാഹം തോന്നും. " ഇങ്ങനെ എന്നുമെന്നും എനിക്കു സിസ്റ്ററിനെ പറ്റി മാനം മുട്ടെ അഭിമാനമായിരുന്നു. (സിസ്റ്ററിനെന്നെ ഓര്‍മയുണ്ടാവാന്‍ തരമില്ല. മോഹന്‍ലാലിനെ എല്ലാര്‍ക്കും അറിയാം, മോഹന്‍ലാലിനാരേം അറിയില്ല എന്നു പറഞ്ഞ പോലെ, കോളേജില്‍ പഠിച്ചു പോയ പതിനായിരക്കണക്കിനു പെണ്‍കുട്ടികളിലൊരുവള്‍ മാത്രമായിരുന്നല്ലോ ഞാന്‍ ).

എന്തായിരിക്കും സംഭവിച്ചിരിക്കുക, എന്തിനായിരിക്കും സിസ്റ്ററിങ്ങനെയൊരു കടുത്ത തീരുമാനം ഏടുത്തിട്ടുണ്ടാവുക എന്നൊക്കെ കൊറെ ദിവസം ഊണിലും ഉറക്കത്തിലും ആലോചിച്ചു നടന്നു. "ഓ നമ്മുടെ സഭയല്ലേ, അനങ്ങരുത്‌, മിണ്ടരുത്‌, തിരിയരുത്‌, നോക്കരുത്‌ ഇങ്ങനെയൊക്കെയല്ലേ നിയമങ്ങള്‍. സിസ്റ്ററിനെ പോലെ സ്വാതന്ത്ര്യ മോഹിയായ, ഒരാള്‍ക്കു വീര്‍പ്പുമുട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ, എന്നു ഞാന്‍ തന്നെ ഉത്തരവും കണ്ടെത്തി.

ഫെബ്രുവരിയില്‍ നാട്ടില്‍ പോയപ്പോള്‍, ഡി സി ബുക്ക്സില്‍ 'ആമേന്‍' കിട്ടാനില്ലായിരുന്നു. കഴിഞ്ഞയാഴ്ച നാട്ടില്‍നിന്നെത്തിയ ഒരാള്‍ മുഖേന കിട്ടി. ഇരുന്ന ഇരിപ്പില്‍ വായിച്ചു. സാഹിത്യപരമായി പിന്നോക്കമാണെങ്കിലും, അഡ്വ. ആശയുടെ എഡിറ്റിങ്ങില്‍ ചിലയിടങ്ങളിലെങ്കിലും വായനാസുഖത്തിനു പോലും കോട്ടംതട്ടുന്ന രീതിയിലുള്ള തെറ്റുകളുണ്ടെങ്കിലും, ഒറ്റശ്വാസത്തില്‍ വായിച്ചു തീര്‍ത്തു, ഒന്നല്ല രണ്ടു വട്ടം.

മഠത്തിനുള്ളിലെ കുശുമ്പിലും കുന്നായ്മയിലുമൊന്നും വല്യ അത്ഭുതം തോന്നിയില്ല. ബന്ധുക്കളും കുടുംബക്കാരുമായ ചില കന്യാസ്ത്രീകളില്‍ നിന്നും അവിടെ ഏറെക്കുറെ അതൊക്കെ തന്നെയാവും നടക്കുന്നതെന്നൂഹിച്ചിരുന്നു. ചെറ്യേ കുട്ടിയായിരുന്നപ്പോള്‍ അമേരിക്കന്‍ അമ്മായി നാട്ടില്‍ വരുമ്പോള്‍ കന്യാസ്ത്രീകള്‍ വീട്ടില്‍ ഇടിച്ചു കേറുന്നതും, വരുന്ന എല്ലാരും ഷാമ്പൂവും, അത്തറും ഡിമാന്‍ഡു ചെയ്യുന്നതും, "ഓ ഇന്നലെ സിസ്റ്റര്‍ 'അനോണിയാമ്മയ്ക്കു നല്ല മണമുള്ള അത്തറും അനാമികാമ്മയ്ക്കു ഷാമ്പുവും കൊടുത്തല്ലോ, എനിക്കീ ലോഷനേയുള്ളോ? അടുത്തപ്രാവശ്യം വരുമ്പോ എനിക്കതിലും നല്ലൊരത്തറു കൊണ്ടരണം കേട്ടോ " എന്നൊക്കെ പരിഭവിക്കുന്നതും .. ഈ ചിത്രങ്ങളൊക്കെ മനസ്സിലിന്നും മായാതെ കിടക്കുന്നതു കൊണ്ടാവാം.

സഭാസംബന്ധമായ കാര്യങ്ങളിലും സന്യസ്തരുടെ ജീവിതത്തിനു ചുറ്റും, എന്തിനു കന്യാസ്ത്രീകള്‍ നടത്തുന്ന കോളേജ്‌ സംബന്ധമായ കാര്യങ്ങളില്‍ പോലും തികച്ചും അനാവശ്യമായ ഒരു നിഗൂഢത സൂക്ഷിച്ചിരുന്നതിനെ സിസ്റ്റര്‍ വിമര്‍ശിക്കുന്നുണ്ട്‌.

" തങ്ങളുടെ നേര്‍നടുവില്‍ സ്ഥിതി ചെയ്യുന്ന കാരാഗ്രഹതുല്യമായ അടച്ചുകെട്ടിനുള്ളില്‍ എന്താണു സംഭവിക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്‌. സന്യസ്തര്‍ സമൂഹത്തില്‍ ജീവിക്കുന്നു. സമൂഹത്തിലെ കുട്ടികളോടും വൃദ്ധരോടും യുവാക്കളോടും കുടുംബങ്ങളോടും ഇടപഴകുന്നു. എന്നിട്ടും അതേ ആളുകള്‍ക്ക്‌ അവര്‍ നിഗൂഡരായി അവശേഷിക്കുന്നു. സാധാരണ കാര്യങ്ങളില്‍ പോലും നാമിത്ര മാത്രം രഹസ്യം സൃഷ്ടിക്കുന്നതെന്തിനാണ്‌ ' എന്നതാണ്‌ എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യം. 'സഭയ്ക്കവളുടെ ഇടപാടുകളില്‍ സുതാര്യതയുണ്ടായിരിക്കണം' എന്നാണ്‌ എന്റെ അഭിപ്രായം. "

മഠത്തിനുള്ളില്‍ സ്വാധീനമുള്ളവര്‍ക്ക്‌ എന്തുമാകാമെന്നും, അല്ലാത്തവര്‍ ചെറിയ കുറ്റങ്ങള്‍ക്കു പോലും വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും സിസ്റ്റര്‍ പറയുന്നു.

" മേലധികാരികള്‍ അവരുടെ വിധിന്യായങ്ങളിലും ശിക്ഷണത്തിലും കാണിക്കുന്ന ഇരട്ടത്താപ്പും വഞ്ചനാത്മകതയും കാണുമ്പോള്‍ ഇവിടെ നടക്കുന്ന നീതിയോര്‍ത്ത്‌ ഞാന്‍ അത്ഭുതപ്പെടാറുണ്ട്‌. ഈ ദിവസങ്ങളില്‍ ഒരു സിസ്റ്റര്‍ക്കു ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തുകയും അവര്‍ സിക്‌റൂമില്‍ വിശ്രമിക്കുന്നതിനായി താമസിക്കുകയും ചെയ്യുകയായിരുന്നു. അവരെക്കുറിച്ച്‌ മദര്‍ സുപ്പീരിയര്‍ എന്നോടു പറഞ്ഞ അഭിപ്രായം കേട്ടു ഞാന്‍ പകച്ചു പോയി. "അവളുടെ ഗര്‍ഭപാത്രം കളഞ്ഞതിനാല്‍ എനിക്കു മനസ്സമാധാനമായി. അല്ലെങ്കില്‍ രാത്രി വല്ലിടത്തും അവള്‍ക്കു തങ്ങേണ്ടി വരുമ്പോള്‍ ഞങ്ങളെല്ലാവരും ഭയപ്പെടുമായിരുന്നു. " ആ സിസ്റ്ററെ ഒരു ഫാദറിന്റെ മുറിയില്‍ നിന്നും ജനങ്ങള്‍ ഒരു അര്‍ദ്ധരാത്രി കൈയോടെ പിടിച്ച സംഭവം മദര്‍ എന്നോടു വിവരിച്ചു. ബിഷപ്‌ ഹൌസിലെയും പ്രൊവിന്‍ഷ്യലേറ്റിലെയും അധികാരികള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ളതിനാല്‍, ഒരു പോറല്‍ പോലുമേല്‍ക്കാതെ രക്ഷപ്പെട്ടു. അവര്‍ക്കെതിരെ ക്രൈം വാരികയില്‍ വലിയ വാര്‍ത്ത വന്നെങ്കിലും മേലധികാരികള്‍ അതെല്ലാം കണ്ടില്ലെന്നു നടിക്കുന്നു. അതേ സമയം നിസ്സ്സാര അനുസരണക്കേടോ, ലൈംഗിക ചപലതകളോ ഉള്ള സ്വാധീനമില്ലാത്ത സിസ്റ്റേഴ്‌സ്‌ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. "

സിസ്റ്ററിന്റെ ഈ നിരീക്ഷണങ്ങളോടൊക്കെയും പൂര്‍ണ്ണമായി യോജിക്കുവാന്‍, അല്‍പമെങ്കിലും ലോജിക്കലായി ചിന്തിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുണ്ടാവുമെന്നു തോന്നുന്നില്ല. അതേ സമയം, അന്ധമായ അനുസരണം എന്നു വാദിക്കുന്നവരാവണം സിസ്റ്ററിനെ പുലഭ്യം പറയുന്നതും, സിസ്റ്ററിന്റെ മേല്‍ മഹാപരാധം ചുമത്തുന്നതും. അനുസരണവൃതത്തെ അന്ധമായ അനുസരണം എന്നു വ്യാഖ്യാനിക്കുന്നവര്‍, അതു സ്വന്തം സൌകര്യത്തിനനുസരിച്ചു വളച്ചൊടിക്കുകയാവണം. ഒരിക്കല്‍ അന്ധമായ അനുസരണത്തിനു വേണ്ടി വാദിച്ച ഒരു സിസ്റ്ററിന്റെ വാദത്തിന്റെ മുനയൊടിച്ച രീതിയുമെനിക്കിഷ്ടപ്പെട്ടു.

" "പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടേ സ്ഥാപകന്റെ അനുസരണയെക്കുറിച്ചു ധ്യാനിക്കൂ. താന്‍ സ്ഥാപിച്ച സി എം സി സിസ്റ്റേഴ്‌സില്‍ നിന്നും ഉപാധികളില്ലാത്ത അനുസരണമാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌ . ഒരു ചെടി തലകീഴായി നടാന്‍ മുന്‍പുള്ള സിസ്റ്റേഴ്‌സിനോട്‌ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ അപ്പാടേ അനുസരിച്ചു. അവരുടേ അന്ധമായ അനുസരണം മൂലം ദൈവത്തിന്റെ അത്ഭുത ഇടപെടല്‍ ഉണ്ടായി അതു മുളച്ചു. " ഇതെപ്പോഴും പറയാറുള്ള ഉദാഹരണമാണ്‌. കേട്ടയുടനെ ഞങ്ങളുടെ മനസ്സിലെ പ്രതികരണം ഇപ്രകാരമാണ്‌. അതു വല്ല കപ്പയുടെ തണ്ടായിരിക്കും. അതു കൊണ്ടാണു രണ്ടു വശവും മുളയ്ക്കുന്നത്‌. അന്ധമായ അനുസരണത്തെ ക്കുറിച്ചുള്ള ഈ പഴഞ്ചന്‍ ഉദാഹരണം കേട്ടു ഞാന്‍ ഇടപെട്ടു. "സിസ്റ്റര്‍, ഇത്‌ അള്‍ട്രാ മോഡേണ്‍ യുഗമാണ്‌. നിങ്ങള്‍ക്കെങ്ങനെ അന്ധമായ അനുസരണയെക്കുറിച്ചിപ്പോഴും പഠിപ്പിക്കാന്‍ സാധിക്കുന്നു ? അന്ധമായ അനുസരണം തള്ളിക്കളാഞ്ഞു കൊണ്ട്‌, 'ഉത്തരവാദിത്വ പൂര്‍ണ്ണമായ അനുസരണ' യെ വികസിപ്പിക്കുവാനാണ്‌, ഈ കാലഘട്ടങ്ങളില്‍ ഞങ്ങളേ പഠിപ്പിക്കേണ്ടത്‌. സിസ്റ്റര്‍ ഇപ്പോഴും പഴഞ്ചന്‍ വിശദീകരണങ്ങളില്‍ തന്നെ തങ്ങി നില്‍ക്കുന്നു." "ജെസ്മി, ഞാന്‍ പറഞ്ഞതു തന്നെ ആവര്‍ത്തിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പാണെങ്കിലും നമ്മുടെ സ്ഥാപകന്‍ പറഞ്ഞതാണിത്‌ ". "സിസ്റ്റര്‍ , സ്ത്രീകള്‍ പൊതു വേദികളില്‍ സംസാരിക്കാന്‍ പാടില്ല എന്നു നമ്മുടെ അപ്പസ്തോലനായ സെന്റ് പോള്‍ പറഞ്ഞതു ഞാന്‍ ഓര്‍മിപ്പിക്കുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്കു മുന്‍പിലും പൊതുവേദികളിലും സുവിശേഷം പ്രസംഗിക്കാന്‍ പിന്നെ എങ്ങനെ നമ്മള്‍ സിസ്റ്റേഴ്‌സിനു ധൈര്യം കിട്ടി ? അപ്പസ്തോലനാകയാല്‍ അദ്ദേഹം പറഞ്ഞതു കൃത്യമായി നമ്മള്‍ അനുസരിക്കേണ്ടതല്ലേ ?" അവര്‍ ലജ്ജിച്ചു സ്‌തബ്‌ധയായിരുന്നു പോയി. "

സഭാവസ്ത്രമുപേക്ഷിക്കാനുള്ള സിസ്റ്ററിന്റെ തീരുമാനം (സഭാവസ്ത്രവും, സി എം സി സഭയിലെ അടിമപ്പണിയും മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ, സന്യാസ ജീവിതം ഇപ്പോഴും തുടരുന്നു) തികച്ചും ശരിയായിരുന്നു എന്നു മനസ്സിലാക്കാന്‍ പുസ്തകം മുഴുവന്‍ വായിക്കേണ്ട ആവശ്യമില്ല. എന്തേ ഇതു ചെയ്യാനിത്ര വൈകി എന്നുള്ള അത്ഭുതം മാത്രമേ ബാക്കിയുള്ളൂ.

സിസ്റ്ററിന്റെ പേരിലുള്ള മറ്റൊരാരോപണം പണത്തിനു വേണ്ടി പുസ്തകമെഴുതിയെന്നുള്ളതാണല്ലോ. മാസാമാസം നാല്‍പതിനായിരത്തോളം രൂപ ശമ്പളം പറ്റിയിരുന്ന ഒരു ജോലി ജീവിതത്തിലിത്ര കാലവും ചെയ്തിട്ടും, അതിലൊരു രൂപ പോലും സ്വന്തമാവശ്യങ്ങള്‍ക്കു വേണ്ടി അവനവണ്റ്റെ മണിപ്പേഴ്‌സില്‍ സൂക്ഷിക്കാന്‍ ഭാഗ്യം ലഭിക്കാത്ത, നിസ്സഹായയായ ഒരു സാധു സ്ത്രീ, ജീവിതത്തിലെ ഇങ്ങനെ ഒരു പരീക്ഷണഘട്ടത്തില്‍, ഇനിയെന്തെന്നറിയാതെ നില്‍ക്കുമ്പോള്‍, ഇനി അഥവാ, പണമുണ്ടാക്കാന്‍ വേണ്ടി തന്നെ പുസ്തകമെഴുതിയാലും, ദോഷൈകദൃക്കുക്കള്‍ക്കല്ലാതെ ആര്‍ക്കാണതിനെ കുറ്റപ്പെടുത്താനാവുക?

വിവാഹംപോലെതന്നെ ഒരു ജീവിതാന്തസ്സല്ലേ, സന്യാസവും ? വിവാഹ ജീവിതത്തില്‍ സന്തോഷം കണ്ടെത്താനാവുന്നില്ലെങ്കില്‍, അവിടുത്തെ പീഡനങ്ങള്‍ സഹിക്കാവുന്നതിലപ്പുറമാകുമ്പോള്‍, ഡിവോഴ്‌സ്‌ ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടല്ലോ. സഭാക്കോടതിയില്‍ പോലും വിവാഹമോചനത്തിനു കൃത്യവും വ്യക്തവുമായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്‌. പക്ഷേ, സന്യാസ ജീവിതം സ്വീകരിച്ചു കഴിഞ്ഞാല്‍, അവിടുത്തെ സകല പീഡനവും സഹിച്ചവിടെ കഴിഞ്ഞുകൂടുക എന്നല്ലാതെ മറ്റൊരു വഴിയില്ലേ? മാന്യമായി ആ കോട്ടയ്ക്കകത്തെ അടിമത്തത്തില്‍ നിന്നു പുറത്തിറങ്ങി, അല്‍പം ശുദ്ധവായു ശ്വസിക്കാന്‍ അവരെ അനുവദിക്കുന്ന ഒരു നിയമവുമില്ലേ? സിസ്റ്റര്‍ സ്വീകരിച്ച ഈ കടുത്ത മാര്‍ഗമല്ലാതെ, ലോകത്തിന്റെ മുഴുവന്‍ മുന്നില്‍, ലജ്ജിതയായി, മഹാപരാധം ചെയ്തവളായി, തല കുനിച്ചു നിന്നിട്ടല്ലാതെ എളുപ്പമായ മാര്‍ഗ്ഗങ്ങളൊന്നുമില്ലേ? അങ്ങനെയെങ്കില്‍, സഭാനിയമങ്ങള്‍, പരിഷ്കരിക്കാന്‍, പൊളിച്ചെഴുതാന്‍ സമയമായെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഇക്കാര്യങ്ങളിലൊക്കെ പൂറ്‍ണ്ണമായി യോജിക്കുമ്പോഴും, ചില സംഭവങ്ങള്‍ വായിച്ചു ഞാന്‍ തകറ്‍ന്നു തരിപ്പണമായി. അതിലെ ശരികള്‍ കണ്ടെത്താന്‍ ഞാന്‍ എന്റെ മനസ്സിനോടു തന്നെ യുദ്ധം ചെയ്തു ദയനീയമായി പരാജയപ്പെട്ടു.
" "മതേതര വിഷയത്തില്‍ അവിടുന്നെനിക്ക്‌ ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കി. അവിടുത്തെ വിഷയത്തില്‍ ഒന്നാം സ്ഥാനം നല്‍കിക്കൊണ്ട്‌ അവിടുന്നെന്നെ സമ്മാനിതയാക്കുകയില്ലേ ?"

"ഈശോ എനിക്കു യൂണിവേഴ്സിറ്റി റാങ്ക്‌ തന്നു സമ്മാനിതയാക്കുമോ"

"ഈശോയേ, ഈ കോഴ്സിനു ശേഷവും എന്റെ പേരു റാങ്ക്‌ ലിസ്റ്റില്‍ ഒന്നാമതായി ഉണ്ടാകണമേ എന്നു ഞാനാഗ്രഹിക്കുന്നു. " "


ഇതൊക്കെയാണോ ഒരു കന്യാസ്ത്രീ പ്രാര്‍ത്ഥിക്കേണ്ടത്‌ ? എന്റെ ചെറിയ അറിവു വച്ച്‌, സമസ്ത ലോകത്തിന്റെയും നന്‍മയ്ക്കു വേണ്ടി, കഷ്ടത അനുഭവിക്കുന്ന സഹജീവികളുടെ ആശ്വാസത്തിനു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടവരല്ലേ അവര്‍? അല്ലാതെ അതിനു പകരം, സ്വന്തം നേട്ടത്തിനു വേണ്ടി, അതും പരീക്ഷ നന്നായി പാസാവണേ എന്നാണെങ്കില്‍ മനസ്സിലാക്കാം, എനിക്കു ഫാസ്റ്റ്‌ റാങ്കു തരണേ എന്ന പ്രാര്‍ത്ഥന പരമ ബോറായി പോയില്ലേ? പി. ടി. സിക്കാലത്തതു പ്രാര്‍ത്ഥിച്ചതും പോട്ടേ, അന്നു വിവരമില്ല, സിസ്റ്ററായിട്ടില്ല, ലോകത്തിന്റേതായ എല്ലാ സന്തോഷങ്ങളും കൊതിക്കുന്നൊരു സാധാരണ പെണ്‍കുട്ടി മാത്രം. പക്ഷേ, ഇതേ പ്രാര്‍ത്ഥന, പി ജി ക്കും എം ഫില്ലിനുമൊക്കെ തുടര്‍ന്നപ്പോള്‍.. അയ്യേ...ഇതെന്താ ഈ സിസ്റ്ററിങ്ങനെയെന്നു തോന്നി. ഫാഷനിലൊരുങ്ങി, തുള്ളിക്കളിച്ചു നടന്നിരുന്ന ആ പി ടി സി ക്കാരിയില്‍ നിന്നും, പ്രത്യേകിച്ചൊരു പക്വതയോ പാകതയോ മഠത്തിനുള്ളിലെ ജീവിതം കൊണ്ടുണ്ടായില്ല എന്നല്ലേ ?

" അങ്ങനെയിരിക്കെയാണൊരു പുതിയ കഥാപാത്രം - സിസ്റ്റര്‍ വിമി കോണ്‍വെന്റിലെത്തുന്നത്‌'. വളരെ പതുക്കെയാണു ഞാന്‍ അറിഞ്ഞത്‌, അവര്‍ സ്വവര്‍ഗ്ഗ ലൈംഗികതയില്‍ താല്‍പര്യമുള്ളവളാണെന്ന്‌. ക്രമേണ ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി സിസ്റ്റര്‍ വിമി എന്റെ പിന്നാലെ കൂടിയിട്ടുണ്ടെന്ന്‌. സിസ്റ്റര്‍ ഒരുപാടു പേജുകള്‍ നിറച്ചും പ്രണയലേഖനങ്ങള്‍ എഴുതും. എന്നിട്ടതു പള്ളിയിലെ എന്റെ കാനോന നമസ്കാര പുസ്തകത്തില്‍ വയ്ക്കും. ഞാന്‍ തിരിച്ച്‌ സ്നേഹം കൊടുക്കാത്തതിനാല്‍ സിസ്റ്റര്‍ വിമി എനിക്കെതിരെ തിരിഞ്ഞു.

എന്നെ അന്വേഷിച്ചുവരുന്ന ഹോസ്റ്റലിലെ കുട്ടികളോടു കയര്‍ത്തു കൊണ്ടും, അല്‍മാരയില്‍ വയ്ക്കാന്‍ കുട്ടികള്‍ കൊണ്ടു വരുന്ന റ്റേയ്പ്‌ റെക്കോര്‍ഡര്‍ വലിച്ചെറിഞ്ഞു കൊണ്ടും മറ്റും അവര്‍ എന്നോടു പ്രതികാരം തുടങ്ങി. അവളുടെ ആഗ്രഹങ്ങള്‍ ഞാന്‍ എതിര്‍ക്കുന്നതാണ്‌ അവളുടെ ദേഷ്യത്തിനു കാരണമെന്നു സിസ്റ്റേഴ്‌സിനു മനസ്സിലാകുന്നുണ്ട്‌. അവസാനം അവരോടു സഹകരിക്കാന്‍ സിസ്റ്റേഴ്‌സ്‌ എനിക്കു വ്യംഗ്യമായി സൂചന തന്നു. എന്നെ രക്ഷിക്കാന്‍ മറ്റാരുമില്ലാത്തതിനാല്‍ കുറച്ച്‌ കാലത്തേയ്ക്കു ഞാന്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി.

രാത്രികളില്‍ എല്ലാവരും ഉറങ്ങുന്ന സമയത്ത്‌ അവര്‍ എന്റെ കട്ടിലിലേയ്ക്കു നുഴഞ്ഞു കയറും. എന്നിട്ടു എന്നോടു ചെയ്യുന്ന അശ്ളീലമായ കാര്യങ്ങള്‍ എനിക്കു തടയാന്‍ കഴിയുമായിരുന്നില്ല. പ്രത്യേകം വാതിലുകള്‍ ഒന്നുമില്ലാത്ത മുറികള്‍ തമ്മില്‍ വിരിപ്പുകള്‍ കൊണ്ടാണു മറച്ചിരുന്നത്‌. ആയതിനാല്‍ വാതിലടയ്ക്കുവാന്‍ സാധിച്ചിരുന്നില്ല. ഗറ്‍ഭിണിയാകാതിരിക്കുന്നതിനാണ്‌ സ്വവര്‍ഗ്ഗ ലൈംഗികത ആഗ്രഹിക്കുന്നതെന്നാണവര്‍ പറഞ്ഞത്‌. "

ഇതു വായിച്ചതിന്റെ ഷോക്കിപ്പോഴും മാറിയിട്ടില്ല. വേണമെന്നു മനസ്സു വച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നില്ലേ ഇത്‌? ആ സിസ്റ്റര്‍ ബലാല്‍ക്കാരമായി പിടിച്ചു റേയ്പ്‌ ചെയ്യുകയൊന്നുമല്ലായിരുന്നല്ലോ. വാതിലിനു പൂട്ടുണ്ടായിരുന്നില്ല, സമ്മതിച്ചു. പക്ഷേ, ആ വിരിപ്പു മാറ്റി കട്ടിലില്‍ നിന്നെഴുന്നേറ്റു ചാപ്പലിലേയ്ക്കോടാമായിരുന്നില്ലേ? അല്ലെങ്കില്‍ കട്ടിലില്‍ കിടന്നവര്‍ക്കിട്ടാഞ്ഞൊരു ചവിട്ടു കൊടുത്തിരുന്നെങ്കില്‍, അവരവരുടെ പാട്ടിനു പോയേനേ .. സിസ്റ്റര്‍ തന്നെ എഴുതിയിരുന്നതില്‍ നിന്നു മനസ്സിലാവുന്നത്‌, സിസ്റ്ററില്‍ നിന്നും ഒരു മൌനസമ്മതം കിട്ടുന്നതു വരെ, അവര്‍ സിസ്റ്ററെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ്‌. അവര്‍ മഠത്തില്‍ കോലാഹലമുണ്ടാക്കുന്നു, മനസ്സമാധാനക്കേടുണ്ടാക്കുന്നു എന്ന പേരില്‍, അതിനുള്ള മരുന്നായി, പരാക്രമങ്ങള്‍ക്കു സമ്മതിച്ചു കൊടുത്തു, അങ്ങനെ ചെയ്യാന്‍ മഠത്തിലുള്ള മേലധികാരികളും, മറ്റു സിസ്റ്റേഴ്സും പറഞ്ഞു എന്നതില്‍..യെന്തരോ... വല്ലാത്ത ദഹനക്കേടുണ്ടാക്കുന്ന ഒരപാകത ..

"അപ്പുറത്തെ വീട്ടിലെ അതിയാന്‍ ഡെയിലി വല്ലാത്ത ബഹളം,..ആകെ തൊന്തരവ്‌, ചെവിതല കേള്‍പ്പിക്കണില്ല. അയാളുടെ മനസ്സിലിരിപ്പ്‌, നിന്നോടുള്ള പൂതിയാ, അതോണ്ട്‌, നീ പോയി അങ്ങേരുടെ പൂതി തീര്‍ത്തു കൊടുത്തേച്ചും വാ. " എന്നു കെട്ടിയോന്‍ പറഞ്ഞാല്‍, എത്ര പെണ്ണുങ്ങള്‍ ചെയ്യുമത്‌? അങ്ങനെയൊക്കെ ചെയ്തോളാന്‍ പറഞ്ഞിട്ടുണ്ടോ നമ്മുടെ സഭ ? മറ്റുള്ളവരൊക്കെ എത്ര നിര്‍ബന്ധിച്ചാലും ഇക്കാര്യത്തില്‍ സിസ്റ്ററിനു ശ്രമിച്ചിരുന്നെങ്കില്‍ പിടിച്ചു നില്‍ക്കാമായിരുന്നു എന്നു തന്നെ ഞാനിപ്പോഴും വിശ്വസിക്കുന്നു. "എല്ലാവരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങാതെ എല്ലാ പീഡനങ്ങളും സഹിച്ചു ഞാന്‍ പിടിച്ചു നിന്നു, എന്നായിരുന്നെങ്കില്‍, സിസ്റ്ററിനോടുള്ള ബഹുമാനം ആകാശംമുട്ടേ വളര്‍ന്നേനേ.

ഇനി അടുത്ത സംഭവം.

" പുലര്‍ച്ചെ ബാംഗ്ളൂറ്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അച്ചന്‍ എന്നെ അക്ഷമയോടെ കാത്തു നില്‍ക്കുന്നത്‌ ഞാന്‍ തീവെണ്ടിയില്‍ നിന്നും ഇറങ്ങുമ്പോള്‍ കണ്ടു. അദ്ദേഹത്തിന്റെ സ്വഭാവികമായ ഒതുങ്ങിയ പ്രകൃതത്തിനു വിപരീതമായി എന്നെ കണ്ടപ്പോള്‍ വളരെ ആവേശപൂര്‍വം ആലിംഗനം ചെയ്തു. എനിക്കു മടിയുണ്ടായിട്ടും പ്രാതലിനു ശേഷം അദ്ദേഹമെന്നെ 'ലാല്‍ ബാഗിലേയ്ക്കു കൊണ്ടു പോയി. എന്നെ അങ്ങോട്ടു കൊണ്ടു പോകുന്നതിനു പിന്നില്‍ അദ്ദേഹത്തിനു ചില ഗൂഢ താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നു.

മരത്തിനു കീഴില്‍ ഓരോ ജോഡി ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും കാണിച്ചു തന്ന്‌, അദ്ദേഹമെനിക്കു ശാരീരികമായ സ്നേഹത്തിന്റെ ആവശ്യകതയെക്കുറിച്ചൊരു പ്രഭാഷണം തന്നു. സ്ത്രീകളുമായി അവിഹിത ബന്ധമുള്ള പുരോഹിതന്‍മാരുടെയും ബിഷപ്പുമാരുടെയും കഥകള്‍ വിവരിച്ചു. അദ്ദേഹത്തിന്റെ ഈ പതിവില്ലാത്ത പെരുമാറ്റത്തിലും സംസാര രീതിയിലും എനിക്കു കുറച്ചു കുഴപ്പം തോന്നി. പിന്നീട്‌ അദ്ദേഹം തയാറാക്കിയ കാപ്പി നല്‍കുവാനായി എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്കു കൊണ്ടുപോയി. ഞാന്‍ കാപ്പി കുടിച്ചുകൊണ്ടു കട്ടിലില്‍ ഇരുന്നു. അവിടെ ഇരിക്കാനായി ആ സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അന്നേരം എന്റെ അരികില്‍ ഇരുന്നു കൊണ്ടു ശ്വാസം മുട്ടിക്കുന്ന തരത്തില്‍ അദ്ദേഹമെന്നെ ശക്തമായി കെട്ടിപ്പിടിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍, എന്റെ മുലകള്‍ ഞെക്കിക്കൊണ്ട്‌, അവ കാണിച്ചുകൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ദേഷ്യത്തോടെ ഞാനതു നിരാകരിച്ചുകൊണ്ടെഴുന്നേറ്റപ്പോള്‍, എന്നെ ബലമായി പിടിച്ചിരുത്തി അദ്ദേഹം ചോദിച്ചു. 'നീയൊരു പുരുഷനെ കണ്ടിട്ടുണ്ടോ ' ? ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ഉടനെ അദ്ദേഹം സ്വന്തം വസ്ത്രമഴിച്ചു. എനിക്കതു കാണുവാന്‍ ജിജ്ഞാസയായി. നോവലുകളില്‍ ഇതിനെക്കുറിച്ചു ഞാന്‍ വായിച്ചിട്ടുണ്ടെങ്കിലും ഞാനെന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട്‌ ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല. കണ്ടയുടനെ ഞാന്നോര്‍ത്തത്‌ സില്‍വിയ പ്ളാത്തിണ്റ്റെ ഏക നോവലാണ്‌. 'ആമയുടെ തല'' പോലെ എന്നവള്‍ തന്റെ 'ബെല്‍ ജാര്‍' എന്ന നോവലില്‍ വിവരിച്ചതു ശരിയെന്നെനിക്കും തോന്നി . കുറച്ചു കഴിഞ്ഞപ്പോള്‍ പാലു പോലെ ഒരു ദ്രാവകം അദ്ദേഹം കാണിച്ചുകൊണ്ട്‌, അതിനുള്ളിലെ ആയിരക്കണക്കിനുള്ളാ ജീവനെക്കുറിച്ചു പ്രബോധനം നല്‍കി. സ്വയം വിവസ്ത്രയാകുവാന്‍ ഒരുപാടു വിസ്സമ്മതിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള പ്രേരണയ്ക്കു വഴങ്ങി 'ഒരു നിമിഷത്തേയ്ക്ക്‌ ' എന്ന ഉപാധിയില്‍ ഞാന്‍ എന്റെ പെണ്‍ ശരീരം അദ്ദേഹത്തെ കാണിച്ചു. "

ഇതു വായിച്ചു ഞാന്‍ വാവിട്ടു നിലവിളിച്ചു. ഇനിയും എന്റെ സിസ്റ്ററിനു വേണ്ടി വാദിക്കാന്‍, എന്തെങ്കിലും പഴുതുകളുണ്ടോ, എന്നു വരികള്‍ക്കിടയില്‍ പരതി, പലവട്ടം. മണിക്കൂറുകളോളം ഞാന്‍ എന്നോടു തന്നെ തര്‍ക്കിച്ചു. സിസ്റ്റര്‍ ഈ സംഭവം എഴുതരുതായിരുന്നു. പക്ഷേ ആത്‌മകഥയല്ലേ? എല്ലാമെഴുതണ്ടേ? പക്ഷേ, വായിക്കുന്ന ഒരു വിശ്വാസി, (എന്നെപോലെയുള്ള അല്‍പവിശ്വാസികളല്ല) അച്ചന്‍മാരെയൊക്കെ ദൈവതുല്യം കാണുന്നൊരാള്‍, തകര്‍ന്നു പോവില്ലേ? വേണ്ടിയിരുന്നില്ല, സിസ്റ്റര്‍ ഇതെഴുതേണ്ടിയിരുന്നില്ല. പക്ഷേ, ആത്മകഥയോടു നീതി..? എന്താ നിന്റെ പ്രശ്നം? സിസ്റ്റര്‍ ഇതെഴുതിയെന്നതോ, അതോ നിന്റെ പ്രിയപ്പെട്ട സിസ്റ്റര്‍ ഇങ്ങനെ ചെയ്തുവെന്നതോ. ?

അച്ചനുമൊത്തു നടക്കുമ്പോള്‍ തന്നെ, അച്ചന്റെ മനസ്സിലെ ഗൂഡാലോചന മനസ്സിലായതായി പറയുന്നു. എന്നിട്ടുമെന്തേ അച്ചന്റെ മുറിയിലെ ഒറ്റയ്ക്കുള്ള കാപ്പി സല്‍ക്കാരം വേണ്ടന്നു വച്ചില്ല? അതു മര്യാദകേടാകുമെന്നോര്‍ത്തിട്ടാണേങ്കില്‍ അച്ചന്‍ തുണി ഉരിഞ്ഞപ്പോളെങ്കിലും അച്ചന്റെ മുഖത്തേയ്ക്കു കതകു വലിച്ചടച്ചിറങ്ങി പൊയ്ക്കൂടായുിരുന്നോ ? "ആണൊരുത്തന്റെ കൂടെ ഒറ്റയ്ക്കൊരിടത്തു പോകരുത്‌, പ്രലോഭനങ്ങളിലകപ്പെട്ടിട്ടല്ല, പ്രലോഭനങ്ങളുണ്ടാകുന്ന സാഹചര്യങ്ങളെ തന്നെ പടിയ്കപ്പുറം നിറുത്തുന്നതിലാണൊരു പെണ്ണിന്റെ മിടുക്ക്‌, വിരല്‍ത്തുമ്പില്‍ പോലുമൊന്നു സ്പര്‍ശിക്കാന്‍ ഒരാളെപോലും സമ്മതിക്കരുത്‌," ഇങ്ങനെ എന്തെല്ലം കാര്യങ്ങള്‍ ഞങ്ങളുടെയൊക്കെ ചെവിയില്‍ ആജീവനാന്ത കാലം മാഞ്ഞു പോകാത്ത വിധം, കൊത്തി വയ്ക്കുന്നത്‌ ഈ സഭയും അച്ചന്‍മാരും കന്യാസ്ത്രീകളുമൊക്കെ ചേര്‍ന്നല്ലേ ? ഈ പാഠങ്ങളൊക്കെ ആവശ്യ സമയത്തു മറന്നുവോ ?

അച്ചന്‍ ബലാല്‍ക്കാരമായിട്ടൊന്നും ചെയ്തതായി സിസ്റ്റര്‍ പറയുന്നില്ല. അപ്പോള്‍ ഒരു നിമിഷത്തേയ്ക്കെങ്കിലും, ആ സുഖത്തില്‍ സിസ്റ്റര്‍ വീണുപോയെന്നാണോ? ഇത്രയും വര്‍ഷത്തെ തീവ്രമായ പരിശീലനത്തിനും തപസ്സിനും ശേഷം സിസ്റ്ററിനതു സാധിച്ചില്ലെങ്കില്‍, പിന്നെ ഒരു സാധാരണ പെണ്‍കുട്ടിക്കെങ്ങനെ അതു സാധിക്കും? അപ്പോള്‍ സഭയുടെ സദാചാര സംബന്ധമായ പ്രബോധനങ്ങളൊക്കെയും തന്നെ തിരുത്തിയെഴുതാന്‍ സമയമായെന്നാണോ?

മനസ്സില്‍ മാനംമുട്ടെ ഉയരത്തില്‍ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹമൊന്നുലഞ്ഞുവോ ? വേണ്ടിയിരുന്നില്ല. ആമേന്‍ വായിക്കേണ്ടിയിരുന്നില്ലെന്നിപ്പോള്‍ തോന്നുന്നു. മനസ്സിപ്പോള്‍ വല്ലാതെ കലുഷിതമായിരിക്കുന്നു. സിസ്റ്റര്‍ ജെസ്മിയോടിപ്പോള്‍ മനസ്സില്‍ ബാക്കിയുള്ള വികാരമെന്തെന്നു തിട്ടപ്പെടുത്താന്‍ എനിക്കു പറ്റണില്ല. മനസ്സിലെ കാറ്റും കോളും ഭാരങ്ങളും ഇവിടെയിറക്കി വച്ചാലെങ്കിലും അല്‍പം ആശ്വാസം കിട്ടുമോ?

കുറിപ്പ്‌ : നീല നിറത്തില്‍ മാര്‍ക്കു ചെയ്തിരിക്കുന്ന വാചകങ്ങള്‍ സിസ്റ്റര്‍ ജെസ്മിയുടെ ആത്‌മകഥയായ 'ആമേന്‍' എന്ന പുസ്തകത്തില്‍നിന്നും പകര്‍ത്തിയെഴുതിയത്‌.

ലേബലുകള്‍:

Thursday, May 14, 2009

ഒരു മന്ത്രകോടിയും കുറേ ചിന്തകളും

ഈ അടുത്തിടെ ഒരു കല്യാണം കൂടി. വധുവിണ്റ്റെ സാരിയുടെ വെല വെറും അറുപത്തയ്യായിരം രൂപ. (എണ്റ്റീശ്വരന്‍മാരേ.., 'എണ്റ്റെ മന്ത്രകോടിക്കു വെറും അയ്യായിരമേ ഉണ്ടായിരുന്നുള്ളല്ലോ ..കാലം പോയ പോക്കേ,' എന്നും മറ്റും ആരും അറിയാതെ പോലും നെടുവീര്‍പ്പിട്ടു കളയല്ലേ. പ്ളീസ്‌.. ഒരു നെടുവീര്‍പ്പ്‌ പാതി വഴി വന്നെങ്കില്‍ അതവിടെ വച്ചു കോര്‍ക്കു കൊണ്ടടച്ചു വച്ചോ എങ്ങനേയും പിടിച്ചു നിര്‍ത്തിക്കോ. നൊസ്റ്റാള്‍ജിയ ഒക്കെ ഗമ്പ്ളീറ്റ്‌ ഔട്ട്‌ ഓഫ്‌ ഫാഷനായെന്നേ. അല്ലെങ്കിലും ആ പരാതിക്കര്‍ത്ഥമില്ലല്ലോ. മ്മടെ അമ്മൂമ്മയ്ക്കു വന്നു പറയാമല്ലോ, അവരുടെ മന്ത്രകോടിക്കു വെറും ഇരുന്നൂറു രൂപയായിരുന്നു വെല എന്ന്‌ .. )

അറുപത്തയ്യായിരം രൂപേടെ സാരി എന്നു പറയുമ്പോള്‍, സാരിക്കതിനനുസരിച്ച്‌ കനവും വേണമല്ലോ. ലോകത്തുള്ള മുത്തും പവിഴവും സീക്വന്‍സുമൊക്കെ അതിലുണ്ട്‌.

ചെക്കന്‍ പെണ്ണിണ്റ്റെ തലയില്‍ മന്ത്രകോടി കൊണ്ടു പുതയ്ക്കുന്ന ഒരു ചടങ്ങുണ്ട്‌. ഒരു മിനിറ്റിനകം തന്നെ അതു തിരിച്ചുമെടുക്കും. ആ ചടങ്ങിണ്റ്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ല.

ഇന്നു മുതല്‍ മരണം വരെ, എനിക്കു നിണ്റ്റെ തലയില്‍ കേറിയിരുന്നു നെരങ്ങാനും, ബോറടിക്കുമ്പോള്‍ തലേലിരുന്നു ചെവി തിന്നാനും, എന്തിനു തലേല്‍ കേറിയിരുന്നു യൂറിന്‍ പാസ്‌ ചെയ്യാന്‍ പോലുമുള്ള അധികാരം ഞാന്‍ ഇതിനാല്‍ തീറെഴുതി എടുക്കുന്നു എന്നാരിക്കുമോ ? അറിയില്ല.

തലയില്‍ നിന്നെടുത്താല്‍ സാരി മടക്കി പെണ്ണിണ്റ്റെ കയ്യിലിട്ടു കൊടുക്കും. ആള്‍റെടി ആനയ്ക്കെടുപ്പതു പൊന്നുമായിട്ടാണ്‌, പെണ്ണിണ്റ്റെ നില്‍പ്‌. കൈയ്യില്‍ നെറയെ വളയും, പിന്നെ ബൊക്കേയും ഉണ്ട്‌. അതിണ്റ്റെ കൂടേയ്ക്കാണ്‌, ഈ സാരി കൂടി..

ഇനിയങ്ങോട്ടൊരു കാലത്തും നിണ്റ്റെ കൈയൊഴിയുവേകേലെന്നും, എപ്പോളും, കയ്യിലൊരെണ്ണം , പിന്നെ ഒക്കത്തൊരെണ്ണം, എന്ന കണക്കിലുണ്ടാകുമെന്നുമായിരിക്കുമിതിണ്റ്റെ വിവക്ഷ.

പിന്നീടു പള്ളിയിലെ ചടങ്ങുകള്‍ തീര്‍ന്ന്‌, പെണ്ണു വെള്ളസാരി/ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നതു വരെ, അതിങ്ങനെ കയ്യിലിടണം. പിന്നീടവിടെ നടന്ന രംഗങ്ങളൊരേ സമയം ചിരിയും സഹതാപവുമുണ്ടാക്കി.

സാരിയുടെ കനം താങ്ങാന്‍ വയ്യാതെ കല്യാണപ്പെണ്ണ്‌, ആരെങ്കിലുമിതൊന്നെടുത്തു മാറ്റുമോ, എന്നു ദയനീയമായി കണ്ണുകൊണ്ടാംഗ്യ ഭാഷയില്‍ ചോദിക്കുന്നു. " അയ്യോ, എടുത്തൂടാ, തീരണ വരെ പിടിക്കണം, വേണമെങ്കില്‍ മറ്റേ കയിലേയ്ക്ക്‌ മാറ്റിയിട്ടു തരാമെന്നു നാത്തൂന്‍.

അഞ്ചു മിനിറ്റിനകം ആ കൈയ്യും കഴയ്ക്കുന്നു. കല്യാണപെണ്ണ്‌ ആകപ്പാടെ വീര്‍പ്പുമുട്ടലും അസ്വസ്ഥതയും കാണിക്കുന്നു.

പിന്നീടുള്ള ചടങ്ങുകള്‍ തീരുന്നതു വരെ സാരി, "ആ കയ്യിലീക്കയ്യിലോ..മാണിക്യ ചെമ്പഴുക്കാ.. എണ്റ്റെ വലം കയ്യിലേ.. മാണിക്യ ചെമ്പഴുക്ക.. എണ്റ്റെ ഇടം ..കയ്യിലേ മാണിക്യ ചെമ്പഴുക്ക.." എന്ന മട്ടില്‍ ഇടം കയ്യിലും വലം കയ്യിലും മാറി മാറി ഓടിക്കളിച്ചു.

അതുകൊണ്ടു മന്ത്രകോടി എടുക്കുന്നവര്‍ ദയവു ചെയ്തു വീട്ടില്‍ നിന്നൊരു ത്രാസും കൊണ്ടു പോവുക. ഇഷ്ടപ്പെടുന്ന സാരികള്‍ തൂക്കി നോക്കി മാത്രം എടുക്കുക. ആ സാരി പെണ്ണിണ്റ്റെ കയ്യില്‍ മടക്കിയിട്ട്‌, പെണ്ണിനെ ഒരു മണിക്കൂറ്‍, ആ കടയുടെ മുന്നില്‍ ഡമ്മിയായി നിറുത്തുക. ഈ പരീക്ഷയില്‍ പെണ്ണും സാരിയും വിജയിച്ചാല്‍ മാത്രം..

അടിക്കുറിപ്പ്‌ : ഹൌ ആ മന്ത്രകോടി ആ പെണ്ണിണ്റ്റെ കയ്യില്‍ന്നു നേരേ ഇറങ്ങി എണ്റ്റെ മനസ്സിലേയ്ക്കാ പോന്നത്‌. എന്തൊരൊടുക്കത്ത കനമാരുന്നു. ഇവിടെയിറക്കി വച്ചപ്പോള്‍ എന്തൊരാശ്വാസം!

ലേബലുകള്‍:

Wednesday, May 06, 2009

ഈ ആഴ്ചയിലെ അമ്മയും മകനും

"ദോ ആ പോണ പെണ്ണിന്റെയത്ര വണ്ണമുണ്ടോന്നേ എനിക്ക്?"


( മുറാനോക്കാറു കമത്തി ഇട്ട മാതിരി ഇരിക്കണ ഒരു മൊതലിനെ ചൂണ്ടിയാണ്‌ ചോദ്യം ).


" ശരിക്കും എന്നെ കണ്ടാല്‍ രണ്ടുപെറ്റതാന്നു പറയുവോ" ?


" എന്നെ കണ്ടാല്‍ മൊത്തത്തിലൊരു തള്ള ലുക്കാണോന്നെ " ?


" എന്റെ പുറത്തൊക്കെ നെറയെ ടയറു ചാടി മഹാ വൃത്തികെടായോന്നെ ?

ഞാന്‍ ചുരിദാറൊക്കെ ഇടുമ്പോ എന്റെ പുറത്തൊക്കെ നെറയെ മടങ്ങി മടങ്ങി കെടക്കുവാണോന്നെ?"


ഈ ചോദ്യങ്ങളൊക്കെ ആരു ആരോടു എപ്പോള്‍ ചോദിക്കുന്നതാണെന്നു പറയാതെതന്നെ മനസ്സിലായിക്കാണുമല്ലോ . രണ്ടുപെറ്റ തള്ളയായ ഞാന്‍, രണ്ടു ഗര്‍ഭകാലത്തായി ഇരുപത്തഞ്ചു കിലോയിലധികം തൂക്കം കൂടിയ, ഞാനാകുന്ന ഭാര്യ, എന്റെ കണവനോട് ചോദിക്കുന്നതാണ്‌.


ഈ ചോദ്യങ്ങളിങ്ങനെ 'ഒന്ന് വീതം മൂന്നു' നേരം എന്ന കണക്കിനു മുടങ്ങാതെ, എവിടേയ്ക്കെങ്കിലും പോകാനൊരു നല്ല തുണി എടുത്തിടുമ്പോഴും, ഒരു ഫോട്ടം പിടിക്കാന്‍ പോസു ചെയ്യുമ്പോഴോ, അല്ലെങ്കില്‍ നാല് പെണ്ണുങ്ങള്‍ കൂടുന്നിടത്ത് ചെലുമ്പോളോ ഒക്കെ ഇങ്ങനെ പ്രോഗ്രാം ചെയ്തു വച്ച മാതിരി ചോദിച്ചുകൊണ്ടേയിരിക്കും.


ആ പോയ പെണ്ണിന്റെ പകുതി വണ്ണമെനിക്കില്ലാന്നെനിക്കു നന്നായറിയാം. എന്നാലും അതൊന്നാരെങ്കിലും പറഞ്ഞു കേള്‍ക്കാന്‍, പ്രത്യേകിച്ചും കെട്ടിയവന്റെ വായില്‍ന്നതു കേള്‍ക്കാനുള്ള കൊതി കൊണ്ടാണീ ചോദ്യങ്ങള്‍.


" പൊന്നേ.. കരളേ.. നീ ഇപ്പോളും എന്റെ സുന്ദരിയല്ലേടാ, പത്തു പെറ്റാലും തനിക്ക് എന്റെ മനസ്സിലെന്നും ചെറുപ്പമല്ലേടാ " ?


" ഇല്ലാന്നേ തന്നെ കണ്ടാലിപ്പോളും കോളേജിലാണെന്നല്ലേ തോന്നുള്ളൂ, എവിടെ, ആ പെണ്ണിന്റെ പകുതി വണ്ണമില്ലല്ലോ തനിക്ക് ?"


".., ഹോ.. ഓരോ പെണ്ണുങ്ങളുടെയൊക്കെ പുറത്തെന്താ ടയറ്‌, എന്റെ വാവയിപ്പോളും നല്ല ഫിറ്റല്ലേ, ചുരിദാറൊക്കെ ഇടുമ്പോ എന്തൊരു സ്റ്റയിലാ.... ഞാന്‍ പ്രണയിച്ച അതേ പെണ്ണ്‌ "


" തന്നെ ഇപ്പൊളും കണ്ടാല്‍, തന്നിക്കുള്ള പ്രായത്തെക്കാള്‍ , ഒരു പത്തു വയസ്സു കുറവേ തോന്നുള്ളൂ".


ഹ ഹ.. ഈ പറഞ്ഞതൊക്കെ അങ്ങേരു തരാറുള്ള മറുപടികളാണെന്നു വിചാരിച്ചോ ? ഇമ്മിണി പുളിക്കും.


ഈ ഉത്തരങ്ങളൊക്കെ കേള്‍ക്കാന്‍ കൊതിച്ചാണു നുമ്മ ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്‌. അദ്ദേഹം പറയാറുള്ള ഉത്തരങ്ങള്‍.. ദോണ്ടെ ..


" തന്നെ കണ്ടാല്‍ ശരിക്കും തനിക്കുള്ള പ്രായം എത്രയാണോ , അത്രേം തന്നെ പറയും..കൂടുതലൊന്നും പറയൂല്ല.." ( ഓ.. ഔദാര്യം !)


".. ങാ, ആ പോണ പെണ്ണിനും തനിക്കും എതാണ്ടോരേ വണ്ണമാ.. "


"താന്‍ രണ്ടു പിള്ളാരുടെ തള്ളയല്ലേടോ , അപ്പോ പിന്നെ തള്ള ലുക്ക്‌ തോന്നുന്നതില്‍ എന്താ കൊഴപ്പം ?"


" ങാ. ടയര്.. കുഴപ്പമില്ല.. ഒരു പൊടിക്ക് ലൂസ്‌ ഡ്രസ്സൊക്കെ അങ്ങിട്ടാല്‍ അത്രയ്ക്കങ്ങറിയുവേലടോ . "


പെണ്ണുങ്ങളുടെ മനശാസ്ത്രം അറിയാത്ത മരങ്ങോടന്‍, കശ്മലന്‍, ഇനി മേലാല്‍ ഇങ്ങേരോടിനി ഒന്നും ചോദിക്കണില്ല, എന്നൊക്കെ വല്യ വമ്പന്‍ തീരുമാനങ്ങളെടുക്കും . പക്ഷേ, രണ്ടു ദിവസം കഴിയുമ്പോള്‍, 'ശങ്കരന്‍ എഗെയിന്‍ ഓണ്‍ കോക്കനട്ട് ട്രീ' !!!


"നമ്മളു രണ്ടു പേരും കൂടി നടന്നു പോകുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ അമ്മയും മകനുമാനെന്നു തോന്നുമോന്നേ " ?


" ഏയ്‌ അത്രയ്ക്കില്ല കേട്ടോ "
************************************************************************
"എന്റെ മനുഷ്യാ, നിങ്ങളിതെന്തു മാതിരി വണ്ണമാ വയ്ക്കണത് ? നോക്ക്‌, ഒരു വണ്ടി വയറുണ്ടല്ലോ.. 'വയറിതാ മുന്നേ, ഞാനിതാ പിന്നേ' ന്ന മട്ടിലാ നടപ്പൊക്കെ. വയറു കൂടീട്ടിപ്പോ ഒരു ഡ്രസ്സും ഇട്ടിട്ടു ചേരുന്നില്ലാ ട്ടോ.

ഇങ്ങനെ പോയാല്‍ ശരിയാവൂല്ലാടോ. . ആ ട്രെഡ് മില്‍ അവിടെ വെറ്‍തെ കെടക്കുവല്ലേ ? രാവിലേം വൈകിട്ടും ഇച്ചരെ ഒന്നോടിക്കേ. ഇടയ്ക്കുള്ള സ്നാക്സ്‌ തീറ്റയും കുറയ്ക്കണം .".

പോത്തിന്റെ ചെവീല് വീണ വായിച്ചിട്ട് വല്ല കാര്യമുണ്ടോ ?
വീണ്ടും ദിവസങ്ങള്‍ക്കു ശേഷം..


"ഇതെന്നതാന്നേ, ചീര്‍ത്തു വരുന്നതിനെ പറ്റി യാതോരാകുലതയുമില്ലാതെ നിങ്ങളിങ്ങനെ .. ഒന്നില്ലേല്‍ റ്റെന്നിസ്‌ കളിക്കാന്‍ പോ.. അല്ലെങ്കില്‍ ബാസ്കറ്റ്‌ ബോള്‍. നോക്ക്‌, ഷോള്‍ഡറിലും മറ്റെ ഒരു റാത്തല്‍ എറച്ചി വെട്ടി കൂട്ടാന്‍ വയ്ക്കാന്‍ മാത്രമുണ്ട് കേട്ടോ. ഇതിങ്ങനെ പോയാല്‍ ഒബീസായി പോകും കേട്ടോ. നാളെമുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എക്സര്‍സൈസ്‌ തുടങ്ങിയേ പറ്റൂ. വന്നു വന്നെനിക്കു കൂടെ കൊണ്ടു നടക്കാന്‍ നാണാക്കേടാകുമല്ലോ "


" എടോ.. ഞാന്‍ മെലിഞ്ഞിരുന്നാലേ, എന്നെ കണ്ടാല്‍ ഭയങ്കര യങ്ങാ.. ഒട്ടും പ്രായം പറയുവേലാ.. അപ്പോ എന്നെയും തന്നെയും കൂറിക്കണ്ടാല്‍ ആളോള്‌, അമ്മേം മോനും പോണൂന്നു പറയും.. അതോണ്ടിച്ചരെ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടീട്ടല്ലേ, ഞാന്‍ ഇങ്ങനെ വണ്ണം വച്ചേക്കുന്നേ ?


" ഉവ്വുവ്വേ.. കുഴിമടിയന്‍. എക്സര്‍സൈസ്‌ ചെയ്യാന്‍ കഴിയാത്തതിനോരോരോ മുടന്തന്‍ ന്യായം !!

ലേബലുകള്‍: ,

Monday, May 04, 2009

ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ?

" ഞങ്ങളുടെ ഒക്കെ കാലത്തെ ഓണമല്ലേ മക്കളേ ഓണം! ഇപ്പ വല്ലോം ഓണമുണ്ടോ ?"


"ഇന്നത്തെ കാലത്തെ പെണ്ണുങ്ങളു വല്ലോം നൊന്തു പ്രസവിക്കുന്നുണ്ടോ ? ഞങ്ങള്‍ടെ ഒക്കെ കാലത്തെ നോവല്ലേ നോവ്‌!!!"


ഈ മാതിരി ഡയലോഗൊക്കെ മുറുക്കി ചുവപ്പിച്ചു, ചുക്കിച്ചുളിഞ്ഞു കുഴീലേയ്ക്കു കാലും നീട്ടി ഇരിക്കുന്ന വല്യമ്മച്ചിക്കു കൊച്ചു മക്കളോടോ അവരുടെ മക്കളോടോ പറയാനുള്ളാതാണെന്നാ ഞാന്‍ പണ്ടൊക്കെ വിചാരിച്ചിരുന്നത്‌.


പക്ഷേ...


" എണ്റ്റെ ഒക്കെ കാലത്ത്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ ജയിക്കുകാന്നു വച്ചാ വല്യ സംഭവാ. ക്ളാസ്സു കിട്ടിയതിനെന്തോരും സമ്മാനമാ എനിക്ക് കിട്ടീത്‌. ഉപ്പാപ്പന്‍ മാരൊക്കെ തലേന്നു തിരുവനന്തപുരത്തു പോയാ റിസല്‍റ്റ്‌ അറിഞ്ഞത്‌. നിനക്കൊക്കെ മുട്ടന്‍ ഡിസ്റ്റിങ്ങ്ഷന്‍ കിട്ടീട്ടും ഒരു വെലയുമില്ലാല്ലോ " എന്നു വെറും ആറേഴു വയസ്സിനു മൂപ്പുള്ള ആന്റി പറഞ്ഞപ്പോ, ഈ സെന്റി ഡയലോഗടിക്കാന്‍ തൈക്കെളവി ആകണംന്നൊന്നും ഇല്ലെന്നു മനസ്സിലായി.


" ഹോ.. നിങ്ങള്‍ക്കു കിട്ടിയ റാഗ്ഗിങ്ങു വല്ലോം റാഗ്ഗിങ്ങാണോ ? ഞങ്ങടെ സീനിയേഴ്സിണ്റ്റെ റാഗിങ്ങല്ലാരുന്നോ റാഗ്ഗിങ്ങ്‌ "?


" നിങ്ങടെ സിലബസു വല്ലോം സിലബസ്സാണോ പിള്ളാരേ? ഞങ്ങടെ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങിണ്റ്റെ ക്വസ്റ്റ്യന്‍ പേപ്പറിലെ ബാലന്‍സ്‌ ഷീറ്റ്‌, എം. കോം. കാര്‍ക്കു പോലും റ്റാലി ചെയ്യാന്‍ പടൂല്ലാരുന്നു. ഇപ്പോ സിലബസൊക്കെ സിമ്പിളാക്കിയതല്ലേ" ?


കോളേജില്‍ വെറും ഒന്നോ ഒന്നരയോ വര്‍ഷം സീനിയറായ ചേച്ചിമാരും ചേട്ടന്‍മാരും ലതൊക്കെ പറഞ്ഞപ്പോ , ഈ ജാതി ഡയലോഗടിക്കാന്‍ വെറും മുന്നൂറ്ററുപത്തഞ്ചു ദിവസത്തിണ്റ്റെ മൂപ്പു മതീന്നു മനസ്സിലായി.


ഈ അടുത്ത കാലത്താണ്‌, കുറെ നാളായി ഇല്ലാതിരുന്ന ബ്ളോഗ്‌ വായന പുനരാരംഭിച്ചത്‌. അപ്പോ ദാണ്ടേ, ബ്ളോഗൊക്കെ ആകെ മാറി പോയി. എല്ലാടത്തും ഓടി നടന്നു കൊറേ പോസ്റ്റൊക്കെ വായിച്ചു നോക്കി. പഷേ എന്തോ ഒരിത്‌... ആ 'ഇതു' - എന്നതാന്നെനിക്കിപ്പളുമങ്ങടു പിടി കിട്ടണില്ല. പഷേ എന്തോ ഒരു ഏതാണ്ടുനെസ്സ്‌.


ഞാന്‍ വായിച്ചോണ്ടിരുന്ന, ഞാനും പണ്ടു ഭാഗമായിരുന്ന ആ ബ്ളോഗല്ല ഇത്‌. നെറയെ മാറിപ്പോയി. അതുറപ്പ്‌. എല്ലാരും എല്ലാടത്തും സീരിയസ്‌ മാത്രം എഴുതുന്നു. ഇലക്ഷന്‍, മ അദനി, തരൂറ്‍, അങ്ങനെ ബ്ളോഗ്‌ കൊറേ അങ്ങു പൊളിറ്റിക്കലായി പോയ പോലെ.. കൊറെ സീരിയസ്‌ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന പോലെ. കമന്റില് പോലും എല്ലാരും വെര്‍തെ മസിലുപിടിച്ച്‌. കൊറേ പോസ്റ്റുകളൊക്കെ വായിച്ചിട്ടും.. ശ്യോ..ഇതല്ലല്ലൊ.. ഇതുമല്ലല്ലോ.. ഞാന്‍ തപ്പി വന്നതെന്നൊരു തോന്നല്‍.. ആകപ്പാടെ ടോട്ടലി മൊത്തം ഒരു സ്നേഹക്കുറവ്‌, സൌഹൃദക്കുരവ്‌, ഹിന്ദി അറിയാത്ത ഞാന്‍ ഹിന്ദി മാത്രം സംസാരിക്കുന്ന കൊറേ ആള്‍ക്കാരുടെ നടുക്കെത്തിപ്പെട്ട ഒരു പ്രതീതി.


പിന്നേം കൊറേ വായിച്ചപ്പോള്‍ മനസ്സിലായി, ബ്ളോഗിലിപ്പോ പഴയ പോലെ ഓര്‍മക്കുറിപ്പെഴുതുന്നതൊക്കെ വല്യ കുറച്ചിലാണാത്രേ..


പിന്നെ മനസ്സിലായി... കൊഴപ്പം എണ്റ്റെയാണ്‌.. എല്ലാര്‍ക്കും വല്യ വല്യ കാര്യങ്ങളൊക്കെ ചറ്‍ച്ച ചെയ്യാനുള്ള സ്ഥലമാണ്‌ ബ്ളോഗ്‌.. പഷേ, എനിക്കു പഴയ പോലെ നല്ല തമാശ കലര്‍ന്ന ഓര്‍മക്കുറിപ്പുകളുമൊക്കെ വായിക്കാനാ ഇഷ്ടം.. അവസാനം ഗതികെട്ടു നൊസ്റ്റാള്‍ജിയ മാറ്റാന്‍ ഞാന്‍ എണ്റ്റെ തന്നെ ഒരു

പഴയ പോസ്റ്റിലെ

കമണ്റ്റെടുത്തു വായിച്ചു... കണ്ണും മനസ്സും നെറഞ്ഞു... പോയ നല്ല കാലത്തെയോര്‍ത്ത്‌...


ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ?


************************************************************************************


വക്കാരിമഷ്‌ടാ പറയുന്നതെന്തെന്നാല്‍...
യപ്പീ... ദേവേട്ടാ.. ചുമ്മാതാണെങ്കിലും.. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നിരുന്നാല്‍ വെള്ളപ്പൊക്കം എന്ന കമലഹാസന്‍ ഗാനം നമ്മളെല്ലാവരും പാടുന്നു. എത്ര പേര്‍, രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ഇങ്ങിനെ അടുത്തടുത്ത് വന്ന് വന്ന്...വന്നുവന്ന്.... തൊട്ടു, തൊട്ടില്ല, തൊട്ടൂ തൊട്ടില്ല എന്ന ലംബോ സ്റ്റൈലില്‍ നിന്ന്, പിന്നെ കെട്ടിപ്പിടിച്ചുമ്മവെച്ച് വെള്ളമായി മാറിയത് കണ്ടിട്ടുണ്ട്?ചുമ്മാതാണേ.....


ഇങ്ങനെയൊക്കെ എഴുതിയ വക്കാരി പോലും ദാ, ഇപ്പൊ സി പി ഐ ..പൊന്നാനി എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു :(


ബിരിയാണിക്കുട്ടി പറയുന്നതെന്തെന്നാല്‍...
അന്ധവിശ്വാസമായാലും അല്ലെങ്കിലും ജാതകം എന്നുള്ള ഒരൊറ്റ കുരിശു കാരണമാണ് നിങളെയൊക്കെ എന്റെ നല്ല പ്രായത്തില്‍ കല്യാണം വിളിക്കാന്‍ എനിക്ക്‌ പറ്റാതിരുന്നത്‌. പിന്നെ ഈ ഇന്ത്യ മഹാരാജ്യത്തെ ഒട്ടു മിക്ക അമ്പലങ്ങളില്‍ എന്റെ അമ്മ നേര്‍ന്ന വഴിപാടുകള്‍ ഒന്നും ഫലിക്കാതെ വന്ന ഒരവസരത്തില്‍, നാഡീ ജ്യോതിഷം എന്ന അവസാന കൈ പരീക്ഷിക്കാന്‍ ഞാന്‍ പോയിരുന്നു. എന്റെ മാതാപിതാക്കലുടെ പേരും നാളും ഊരും അടക്കം ഒരു വിധത്തില്‍ പെട്ട ഭൂതകാലം മുഴുവന്‍ തെലുങ്കില്‍ തമിഴ്‌ ചേര്‍ത്ത് അയാള്‍ എനിക്ക് പറഞ്ഞു തന്നു. ഒരു തരം, ചൊദ്യൊത്തര പംക്തി ആയിരുന്നു അത്‌. ഇതിന്റെ വിശ്വസനീയത പണ്ട്‌ കൈരളി ടിവിയില്‍ വന്നിരുന്ന അശ്വമേധം എന്ന പരിപാടിയിലെ ഉത്തരം ഊഹിക്കുന്നതിനുള്ള പ്രോബബിളിറ്റി പോലെയെ ഉള്ളു എന്നാണ് തോന്നിയത്‌. എന്നാല്‍ എന്റെ കല്യാണം നടക്കായ്ക എന്നേക്കാള്‍ കൂടുതല്‍ എന്റെ മാതാപിതാക്കളെ ഒരുപാട് വിഷമിപ്പിക്കുന്നു എന്ന തിരിച്ചറിവ്‌ മൂലം അയാള്‍ പറഞ്ഞ പരിഹാരങ്ങള്‍ ‍ എല്ലാം ക്ര്‌ത്യമായി ചെയ്തു തീര്‍ന്നതിന്റെ അടുത്ത ശനിയാഴ്ച എന്റെ വിവാഹ നിശ്ചയം നടന്നു എന്നത് യാദ്ര്‌ശ്ചികമാവാം

ബിരിയാണിക്കുട്ടിയുടെ ബ്ലോഗിലും ആളനക്കമില്ല.


വിശാല മനസ്കന്‍ പറയുന്നതെന്തെന്നാല്‍...
ഭാഗ്യം!അപ്പോള്‍ അന്ധവിശ്വാസികളേ...വിശ്വാസത്തിന് മനശ്ശാസ്ത്രപരമായി വലിഅയ പ്രാധാന്യമുണ്ടെന്ന് എവിടെയോ വായിച്ചതിന് ശേഷം, കുറെ ‘ഞറങ്ങുപിറുങ്ങ് ‘ വിശ്വാസങ്ങള്‍ ഞാനും കൂടെ കൊണ്ടുനടക്കുന്നുണ്ട് (പക്ഷെ, നിങ്ങള്‍ടെ അത്രക്കില്ല.:)).കുഞ്ഞിലേ, എന്റെ ജാതകം ഞാന്‍ തന്നെ ‘തിന്നു തീര്‍ത്തു‘ എന്നാണ് അമ്മ പറഞ്ഞറിവ്. പിന്നെ കെട്ടാന്‍ കാലം ഏത് ജാതകുവും മാച്ചാക്കി ഉണ്ടാക്കുമായിരുന്നു.ആദ്യം കണ്ട പെണ്ണിനെ ഇഷ്ടപെടുകയും കെട്ടാന്‍ എന്റെ നെഞ്ച് തുടിച്ചതുമായിരുന്നു. പക്ഷെ, നാള്‍ വച്ച് നോക്കിയപ്പോള്‍ ജ്യോത്സ്യന്‍ പറഞ്ഞു, ഒരു നിലക്കും ചേരില്ല, ആ കുട്ടിയെ കെട്ടിയാല്‍, താമസിയാതെ ‘നീ കാലയവനികയ്ക്കുള്ളില്‍ മറയും’ എന്ന്. ആ കുട്ടിയുടെ വീട്ടുകാരാണെനില്‍ ചുട്ട ജാതകം വിശ്വാസികളും, പോരാത്തതിന് ചേരാത്ത ജാതകം ചേറ്ത്തി കല്യാണം കഴിച്ചതുകൊണ്ടാണ് ഈ കുട്ടിയുടെ അമ്മ മരിച്ചതെന്ന് വിശ്വസിക്കുന്നവരും.അവിടെ മാച്ചിങ്ങ് പോളിസി അപ്ലൈ ചെയ്യാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. നമ്മളായിട്ട് ഒരു പെണ്ണിനെ വിധവയാക്കാന്‍ പാടുണ്ടോ?പിന്നെ സോനയെ കെട്ടിയത്, മാച്ചിങ്ങ് ഉണ്ടാക്കി തന്നെ. പാവങ്ങളെ പറ്റിച്ചൂ!!
കൊടകര സുല്‍ത്താനും എഴുത്ത് നിറുത്തിയോ ?


ശ്രീജിത്ത്‌ കെ പറയുന്നതെന്തെന്നാല്‍...
അരങ്ങേറ്റ ടൂര്‍ണമെന്റിലും ആദ്യത്തെ പാക്കിസ്ഥാനുമായുള്ള കളിയിലും തിളങ്ങാന്‍ കഴിയാതെപോയ ശ്രീശാന്ത്, ഒരു ന്യൂമറോളജിസ്റ്റിന്റെ ഉപദേശം കേട്ട് ജര്‍സി നമ്പര്‍ മാറ്റിയതില്‍ പിന്നെ വിക്കറ്റുകളുടെ എണ്ണത്തിലും, ആരാധകരുടെ എണ്ണത്തിലും, അഭിനന്ദനങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് നേടി എന്നത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ ടീമിലുള്ള സ്ഥാനം ഉറച്ചതും ഈ മാറ്റത്തിന് ശേഷമാണ് എന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വിശ്വാസമില്ലാത്തവരെക്കൂടെ വിശ്വാസികളാക്കുന്നതരം വാര്‍ത്തകളല്ലേ ഇതൊക്കെ. ഇത് കണ്ണുമടച്ച് തള്ളിക്കളയാന്‍ ആര്‍ക്കൊക്കെ കഴിയും?വേറേ ഒരു കാര്യം. ചൊവ്വാദോഷം എന്നാല്‍ സ്ത്രീകള്‍ക്ക് വിധവാ യോഗമാണ്, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പിരിയുയേണ്ട യോഗമാണ്. വിധവായോഗമുള്ള ഒരു സ്ത്രീയെ, ജ്യോത്സ്യത്തില്‍ വിശ്വാസ്മുള്ളവര്‍ മാത്രമല്ല, ഇല്ലാത്തവരും വിവാഹം കഴിക്കാന്‍ ഒന്ന് മടിക്കും. അത് പോലെ ചൊവ്വാദോഷം വന്ന പുരുഷന്മാര്‍ക്ക്, വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭാര്യയുമായി പിരിയേണ്ടി വരും എന്നാണ് ജ്യോത്സ്യം പറയുന്നത്. അത് കൊണ്ട് ചൊവ്വാദോഷം ഉള്ള ഒരാള്‍ക്ക് ചൊവ്വദോഷം ഉള്ള ഒരു പങ്കാളി തന്നെ വേണം. രണ്ട് കൂട്ടര്‍ക്കും അതുണ്ടെങ്കില്‍ അത് ക്യാന്‍സല്‍ ആയിപ്പോകുമെന്ന് ജ്യോത്സ്യം പറയുന്നു.


ശ്രീജിത്തിന്റെ പ്രൊഫൈല് പോലുമില്ലെന്ന് ബ്ലോഗ്ഗര്‍ പറയുന്നു . ശ്രീജിത്ത്‌ വേറെ എവിടെയെങ്കിലും എഴുതുന്നുണ്ടോ ആവോ ?

ലേബലുകള്‍: ,