വെള്ളിയാഴ്‌ച, ഡിസംബർ 02, 2005

ങ്ങനെ ഞാനും ബ്ലോഗുണ്ടാക്കി. കുറെക്കാലമായിട്ടു മനസ്സിലുള്ള ഒരു പൂതിയാണേ. ഇതിനിപ്പോ നന്ദി പറയേണ്ടതു നെയ്യപ്പത്തിനാണ്‌. ഇന്ത്യന്‍ സ്റ്റോറിലെ ഫ്രോസന്‍ നെയ്യപ്പത്തിന്‌. നെയ്യപ്പം കണ്ടപ്പൊ ആക്രാന്തം മൂത്തു മേടിച്ചതാ. ഇന്നു വൈകിട്ടു മൈക്രോവേവില്‍വച്ചു അതു ചൂടാക്കി അടിച്ചു. 10 മിനിറ്റ്‌ കഴിഞ്ഞപ്പോ ഒരു വിളി വന്നു....
" ഒരു വയറുവേദന പോലെ... നെയ്യപ്പം പിടിച്ചില്ലാന്നു തോന്നണു..".
" ആണോ..എന്നാല്‍ ഒരു 5 മിനിറ്റ്‌ ഒന്നു കമന്നുകിടന്നു നോക്കൂ.. പോകുമായിരിക്കും " എന്നു ഞാന്‍ പറഞ്ഞു.
അങ്ങിനെ എങ്കിലും 5 മിനിറ്റ്‌ എനിക്കു ആ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഒന്നിരിക്കാന്‍ കിട്ടുമല്ലോ എന്നു മനസ്സില്‍ വിചാരിച്ചു. ആളു കിടക്കാന്‍ പോയതും ഞാന്‍ കമ്പ്യൂട്ടറിനു മുന്നില്‍ ആസനസ്തയായി.
ബ്ലോഗന്മാരും ബ്ലോഗിണികളും ഒക്കെ എന്തു പറയുന്നു എന്നൊന്നു നോക്കിക്കളയാം. വായിച്ചു തുടങ്ങുമ്പോ സ്വന്തം കണവന്റെ ബ്ലോഗുതന്നെ തുടങ്ങണമല്ലോ. ഓപ്പണായി കിടപ്പുണ്ട്‌. ഇന്ന്‌ ഒരു പോസ്റ്റ്‌ ഉണ്ടല്ലോ.. 'ആണ്‍കുട്ടി ' ഓഹോ.. അപ്പോ ഇതാണല്ലേ സിറ്റ്ഗോയില്‍ തന്നെ ഫ്യൂവല്‍ അടിക്കാന്‍ പോണതിന്റെ കാരണം... കിറുക്കുതന്നെ.

കഴിഞ്ഞ ദിവസം 'പേരില്ലാത്തവന്‍ പേരക്ക' എന്നോ കോവക്ക എന്നോമറ്റോ ഒരെണ്ണം എഴുതിയല്ലോ.. അത്‌ ഒന്നുകൂടി വായിച്ചു കളയാമെന്നു വിചാരിച്ചു.. നോക്കിയപ്പൊ അതു കാണുന്നില്ല. ഓക്കെ, ആര്‍ക്കൈവ്‌സിലായിരിക്കും എന്നു കരുതി അവിടെ തിരഞ്ഞു. നോ രക്ഷ! ഇതു കൊള്ളാല്ലൊ വീഡിയോണ്‍, പണ്ട്‌ സൂന്റെ ബ്ലോഗ്‌ മൊത്തമായിട്ടു പോയി എന്നു കേട്ടിട്ടുണ്ട്‌. ഇതിപ്പോ ബ്ലോഗിലെ പൊസ്റ്റുകള്‍ കാണുന്നില്ല.

5 മിനിറ്റ്‌ കിടക്കാന്‍പോയ വയറുവേദനക്കാരന്റെ കൂര്‍ക്കംവലി എനിക്ക്‌ ഇവിടെ കേള്‍ക്കാം. ഈ ഹോട്ട്‌ ന്യൂസ്‌ ചൂടാറാതെ അറിയിക്കാന്‍ ഞാന്‍ ഓടി.
'അതേയ്‌.. കഴിഞ്ഞ ദിവസം എഴുതിയതൊന്നും ഇപ്പോ ബ്ലോഗില്‍ ഇല്ല...".
"ഉണ്ടെടോ, താന്‍ ശരിക്കു നോക്കാഞ്ഞിട്ടാ..."
"അല്ലെന്നേ ഞാന്‍ നോക്കി... ഇപ്പ്പൊ ആകെ ഉള്ളതു ഇന്നത്തെ പോസ്റ്റും..പിന്നെ വേറെ ഒരെണ്ണവും. ആ പേരില്ലാത്തവന്റെ ഒന്നും കാണുന്നില്ല.. "
" ഓ..അതോ.. അതു മറ്റേ ബ്ലോഗിലല്ലേ "
"മറ്റേ ബ്ലോഗൊ..അതേതു ബ്ലോഗ്‌ "
"ബുദ്ധൂസേ...എനിക്ക്‌ 2 ബ്ലോഗില്ലേ അതൊക്കെ മറ്റെ ബ്ലോഗിലാണ്‌......"
" 2 ബ്ലോഗോ..??
എപ്പോഴും ഓപ്പണ്‍ ചെയ്തിട്ടിരിക്കണതു വായിക്കും എന്നല്ലാതെ 2 ബ്ലോഗ്‌ ഉണ്ടെന്നുള്ളകാര്യം ഞാന്‍ നോട്ടീസ്‌ ചെയ്തിട്ടേ ഇല്ലായിരുന്നു .
അമ്പടാ... നോക്കണേ അഹങ്കാരം... 2 ബ്ലോഗ്‌!!!! ഈ പാവം ഞാനോ ?? സ്വന്തമായി ഒരു ബ്ലോഗ്‌ പോലും ഇല്ല... നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം എന്നല്ലേ.. ?? നീ ബ്ലോഗ്‌ ഉണ്ടാക്കിയില്ലെങ്കിലും അവള്‍ക്കു ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കണം എന്നല്ലേ ??? അല്ലെങ്കില്‍ പോട്ടെ...2 ഉള്ളവന്‍ 1 ഇല്ലാത്തവനു കൊടുക്കട്ടെ എന്നല്ലേ ??? ' ഇന്നു മുതല്‍ മരണം വരെ...സന്തോഷത്തിലും ദുഖത്തിലും, ദാരിദ്ര്യത്തിലും...സമ്പത്തിലും, ബ്ലോഗിലും എന്നു എടുത്തു പറഞ്ഞില്ല എന്നു കരുതി... അതും ഇമ്പ്ലൈഡ്‌ അല്ലേ.. ???
ഓഹോ.അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ.
"വയറുവേദന പോയോ ??
"പോയി.."
" എന്നാലും കുറച്ചൂടെ റസ്റ്റ്‌ എടുത്തോളൂ ട്ടൊ.. "
കള്ള സോഷ്യലിസ്റ്റ് ! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതല്ലെ സോഷ്യലിസം. ചാവെസിന്റെ ആരാധകനാണുപോലും! ഞാന്‍ തിരിച്ചുവന്നു. ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ടു തന്നെ വേറേ കാര്യം. ഉണ്ടാക്കി...ഇതു ആദ്യത്തെ പോസ്റ്റ്‌ !!! നെയ്യപ്പം തിന്നാല്‍ 2 ഉണ്ടു ഗുണം എന്നു പണ്ടുള്ളവര്‍ പറഞ്ഞത്‌ ഇപ്പൊ മനസ്സിലായി.

30 അഭിപ്രായങ്ങള്‍:

12/03/2005 12:01:00 AM ല്‍, Blogger രാജ് പറഞ്ഞു...

ബ്ലോഗായ നമഃ

ഒരാളും കൂടി മലയാളത്തില്‍ എഴുതുന്നതു് കാണുന്നതില്‍ വളരെ‍ സന്തോഷം.

 
12/03/2005 12:26:00 AM ല്‍, Blogger ചില നേരത്ത്.. പറഞ്ഞു...

സ്വാഗതം ..
തുടര്‍ന്നെഴുതൂ..

 
12/03/2005 12:27:00 AM ല്‍, Blogger രാജ് പറഞ്ഞു...

ഈ രണ്ടു ബ്ലോഗുള്ള മഹാന്മാരുടെ പട്ടികയില്‍ ഏടത്തീടെ കണവനെ തിരയുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞപ്പോള്‍ ഒരു ഭീകര സത്യം മനസ്സിലായി. മൂപ്പര്‍ക്കു് മൊത്തം അഞ്ചു് ബ്ലോഗാണല്ലോ (അതില്‍ മൂന്നെണ്ണം ഭാവിയിലെ വസന്തത്തിന്റെ ഓര്‍മ്മയ്ക്ക്.)

എന്റെ വ്യസനം രേഖപ്പെടുത്തുന്നു.

 
12/03/2005 12:28:00 AM ല്‍, Blogger aneel kumar പറഞ്ഞു...

:)
നെയ്യപ്പം സ്റ്റോക്കുണ്ടല്ലോ അല്ലേ?

 
12/03/2005 12:29:00 AM ല്‍, Blogger സ്വാര്‍ത്ഥന്‍ പറഞ്ഞു...

അങ്ങനെ കുട്ട്യേടത്തിയും വന്നു!
സ്വാഗതം
ഒന്നൊന്നായി പോന്നോട്ടെ...

 
12/03/2005 12:30:00 AM ല്‍, Blogger Cibu C J (സിബു) പറഞ്ഞു...

ഇതു സൂപര്‍... ആള്‍ക്കാര്‍ തമ്മിലെന്നപോലെ ബ്ലോഗുകള്‍ തമ്മിലും ഇങ്ങനെയൊരു ബന്ധമാവാം എന്നത്‌ ഒരു കണ്ടുപിടുത്തമാണ്!

 
12/03/2005 12:57:00 AM ല്‍, Blogger സു | Su പറഞ്ഞു...

കുട്ടിക്ക് സ്വാഗതം :) 6 ബ്ലോഗുണ്ടല്ലേ . ഇപ്പോ മൊത്തം 7 ബ്ലോഗ്.

 
12/03/2005 01:00:00 AM ല്‍, Blogger Manjithkaini പറഞ്ഞു...

പെരിങ്ങോടരേ വേണ്ടായിരുന്നു.
രണ്ടേ ഉള്ളു എന്നു പറഞ്ഞതുകൊണ്ടാണെന്നു തോന്നണു ഓള്‍ ഒന്നിലൊതുക്കി. ഇനിയിപ്പോ പിടിച്ചാ കിട്ടുമോ ആവോ.
അല്ലെങ്കിത്തന്നെ ഞാനീ പരിപാടി നി൪ത്തിയാലോ എന്നാലോചിക്കുവാ. ഞാനിത്രേം തുടങ്ങീട്ട് തപസിരുന്നപ്പോഴാ 1,2 കമന്റു വന്നത്. ഇതിപ്പോ തുടങ്ങീല്ല...ദാ ആറെണ്ണം.
ഓളേ കോപ്പിയടിച്ച് ഞാനും ബ്ളോഗിന്റെ സെറ്റപ്പൊക്കെ മാറ്റീട്ടുണ്ട്. എന്നാലെങ്കിലും ആരെങ്കിലും കമന്റുമോന്നു നോക്കട്ടെ.

 
12/03/2005 01:44:00 AM ല്‍, Blogger ചില നേരത്ത്.. പറഞ്ഞു...

ശ്രീ.മഞ്ജിത്ത്.
കമന്റിയില്ല എന്ന് കരുതി ആരും വായിക്കുന്നില്ല എന്ന് കരുതരുത്. ബ്ലോഗ് നിര്‍ത്തരുത്. മലയാളഭാഷ പ്രചരണാര്‍ത്ഥമുള്ള സ്വാഗതം ആറോ അറുപതൊ അല്ല ആയിരങ്ങളും പതിനായിരന്ങ്ങളും കവിയട്ടെ എന്നാശംസിക്കുന്നു.

 
12/03/2005 01:50:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

chavezinte aaaradhakana?
'telesur'enganeyund?

 
12/03/2005 09:21:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

പെരിങ്ങോടരെ,

നന്ദി. ആദ്യത്തെ കമന്റ്‌ പെരിങ്ങോടരുടെ തന്നെ കിട്ടിയതില്‍ സന്തോഷം !!. ഓരുപാടു aniticipatory tensions ഉം ആയിട്ടു ഭർത്ത്രു ഗ്രഹത്തിലേക്കു വലതു കാല്‍ വച്ചു കയറിയപ്പൊ മുതിർന്ന കാരണവന്മാര്‍ ആരൊ തലയില്‍ കൈ വച്ച്‌ അനുഗ്രഹിച്ച പോലെ..

5 Blog ഉണ്ടല്ലെ ?? അതില്‍ 3 എണ്ണം blank. കള്ളനു കഞ്ഞി വച്ചവന്‍ !!! പണ്ടു .com boom ന്റെ കാലത്ത്‌ എതോ ഒരാള്‍ എല്ലാ കമ്പനി കളുടെം പേരില്‍ domain register ചെയ്ത്‌ ഇട്ടെന്നും, പിന്നീട്‌ എല്ലാ കമ്പനി കള്‍ക്കും ഈ മഹാന്‌ കാശു കൊടുത്ത്‌ domain മേടിക്കേണ്ടി വന്നെന്നും കേട്ടിട്ടുണ്ട്‌. അങ്ങിനെ എന്തെങ്കിലും ദുരുദ്ദേശം കാണുമൊ ഇതിനു പിന്നില്‍ ?

 
12/03/2005 09:47:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

ഇബ്രു, daanks :)

അനില്‍, നെയ്യപ്പം stock ഇല്ല. പക്ഷെ ഞാന്‍ ഒന്നു തീരുമാനിച്ചു. നെയ്യപ്പം ഉണ്ടാക്കാന്‍ പടിച്ചിട്ടു തന്നെ കാര്യം!! വെറുതെ frozen മേടിച്ചു വയറു കുളാക്കണ്ടല്ലൊ!! ഒരു guinea pig ആവാന്‍ ready ആണെങ്കില്‍ പൊന്നോളൂ :)

സ്വാര്‍ത്ഥന്‍ , Nandri, നല്ല വാക്കുകള്‍ക്ക്‌.

സിബു,

varamozhi ഉണ്ടാക്കിയതിന്‌ എത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക ?? "താനൊക്കെ വെറുതെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണെന്നു പറഞ്ഞു നടക്കാതെ ആ സിബു വിനെ കണ്ടു പടിക്കെടോ.." എന്നു ആണ്‌ ഇവിടെ ഒരാള്‍ എന്നെ ചീത്ത വിളിക്കാറ്‌ :))

സിബു വിന്റെ ഒരു help എനിക്കു വേണ്ടി വരും കേട്ടോ. ഞങ്ങളുടെ കമ്പ്യൂട്ടറില്‍ ഇപ്പോഴും ചില്ലക്ഷരങ്ങള്‍ ചതുരകട്ടകള്‍ തന്നെ !!!

 
12/03/2005 10:12:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

സൂ,

നന്ദി. ഉദ്ദേശിച്ചത്‌ എന്താണെന്നു മനസ്സിലാക്കാന്‍ ഉള്ള common sense എനിക്ക്‌ ഉണ്ട്‌.

മനുഷ്യനു മനുഷ്യനില്‍ ഉള്ള പരസ്പര വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ എന്തു പറയാന്‍ സൂ ? മഞ്ഞ കടലാസില്‍ കൂടി നോക്കിയാല്‍.. വേണ്ട.. ഞാന്‍ കൂടുതല്‍ പറയുന്നില്ല സൂ.

എനിക്ക്‌ വീണ്ടും 'മലയാളവേധി' ഓ‍ര്‍മ‍ വരുന്നു . അവിടെ എല്ലാവരും ഒരാള്‍ തന്നെ ആണെന്നാ, എല്ലാ comments ഉം ഒരാള്‍ തന്നെ ഇടുന്നതാണെന്നാ അവിടെ ചിലരുടെ ആരോപണം..

 
12/03/2005 10:14:00 AM ല്‍, Blogger evuraan പറഞ്ഞു...

സ്വാഗതം.

തവിടിങ്ങും ചക്കരയക്കരെയും ഏൻ നടുവിലുമെന്നൊക്കെ പറയുന്ന പോലാണോ കാര്യങ്ങൾ? അതോ ചാവെസ് ഫാനിന്റെ പ്രൊഫൈൽ പഴയതായതിനാല്ലോ? (ഫിലാഡെൽഫിയ - മിൽ‍വാക്കി)

പിന്നെ, പെൻ‍സിൽ‍വേനിയയിൽ നിന്നാണെങ്കിൽ - ഞാനൊരുപാട് കാത്തിരിക്കയായിരുന്നു - ഇവിടെ നിന്ന് ആരു വരും എന്ന്? എന്നിട്ട് വേണം എഴുതിയെഴുതിയീ ഗൾഫന്മാരെ പിന്നിലാക്കാൻ. :)

എന്തായാലും, ഇനിയും എഴുതുക. അടിപൊളി വരവേൽപ്പല്ലേ കിട്ടിയിരിക്കുന്നത്? അഭിനന്ദനങ്ങൾ..

 
12/03/2005 10:15:00 AM ല്‍, Blogger aneel kumar പറഞ്ഞു...

നെയ്യപ്പം തിന്നാലുള്ള രണ്ടാം ഗുണമായിക്കോട്ടേന്നേ ഉദ്ദേശിച്ചുള്ളൂ. പിഗ് ആവാനും തിന്നാനും വയ്യ :)
ചില്ലുചതുരങ്ങൾ ഉരുട്ടിയെടുക്കാൻ വഴികൾ സിബു ഇവിടെ എഴുതിയിട്ടുണ്ടല്ലോ.

 
12/03/2005 11:41:00 AM ല്‍, Blogger സു | Su പറഞ്ഞു...

കുട്ടീ,
ഞാൻ എന്ത് ഉദ്ദേശിച്ചു എന്നാ പറഞ്ഞത്? :(

ഒന്നും ഉദ്ദേശിച്ചില്ല. മഞ്ചിത്തിന് 6 ബ്ലോഗ്. കുട്ടിയുടെ ഈ ബ്ലോഗ്. മൊത്തം 7 ബ്ലോഗ് ആയി വീട്ടിലേത് എന്നേ ഉദ്ദേശിച്ചുള്ളൂ.

അത് തന്നെയാ എനിക്കും പറയാൻ ഉള്ളത്. ഞാൻ പറയുന്നതൊക്കെ എല്ലാരും മഞ്ഞക്കടലാസ്സിൽക്കൂടെ നോക്കുന്നതെന്തിനാ? :(

 
12/03/2005 03:04:00 PM ല്‍, Blogger സണ്ണി | Sunny പറഞ്ഞു...

സ്വാഗതം കുട്ടിയേടത്തി! ഫിലിയില്‍ എവിടെയാണാവോ?

സണ്ണീ
ചെറിഹില്‍
ചെറിസാം@കോംകാസ്റ്റ്.നെറ്റ്

 
12/03/2005 03:31:00 PM ല്‍, Blogger സിദ്ധാര്‍ത്ഥന്‍ പറഞ്ഞു...

ഈ ശബ്ദം എവിടെയോ കേട്ടു മറന്ന പോലെ. ഏതായാലും സ്വാഗതം പറയുന്നതിന്നതൊരു തടസ്സമാവില്ലല്ലൊ? സ്വാഗതം!

 
12/03/2005 11:54:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കുട്ടിയേടത്തിക്കും കുട്ടിയേട്ടനും നെയ്യപ്പത്തിനും ചില്ലക്ഷരങ്ങള്‍ക്കുമൊക്കെ നന്ദി. ഭാവിയില്‍ ബ്ളോഗ് കുത്തകയ്‍ക്കെതിരായി (ഉദാ: മൈക്രോസോഫ്‍റ്റ്) ഞങ്ങളെപ്പോലുള്ള ഒറ്റ-ബ്ളോഗുകാര്‍ കൂടേണ്ടിയിരിക്കുന്നു :)

 
12/04/2005 11:28:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

ഏവൂരാനേ,

ഞങ്ങള്‍ മില്‍വാക്കിയിലായിരുന്നു. October-ല്‍ അടയും ചക്കരയും പൊടിയുംകൂടി ഫിലിക്കു പോന്നു. ഇനി എങ്ങോട്ടാണാവോ???? ജീവിതം ഒരു സഞ്ചാരമാക്കണമെന്നാ നല്ലപാതിയുടെ പക്ഷം. അടുത്ത സ്ഥലത്തേക്കു പോകുന്നതുവരെ ഞങ്ങള്‍ മൂവരും ഇവിടെത്തന്നെയുണ്ടാകും :))
5,6 ബ്ലോഗുകള്‍ കുത്തിനിറയ്ക്കുന്നതിനിടയില്‍, (പോരാത്തതിന്‌ വിക്കി വിക്കി പീടികയും) പ്രൊഫൈല്‍ പുതുക്കാന്‍ മറന്നതായിരിക്കും.


അനിലേ,
FAQ പറഞ്ഞ പണികളെല്ലാം കുറേക്കാലം ചെയ്തു നോക്കി. ഇഷ്ടികകള്‍ മാറുന്നില്ല. :((

സിദ്ധാര്‍ഥാ,

ഈ സ്വരം മറ്റൊരിടത്തും കേട്ടിരിക്കാന്‍ വഴിയില്ലല്ലോ...

സണ്ണി,

ഫിലിയില്‍ മാല്‍വേണ്‍.


റോക്സീ,

ഞാന്‍ ചോദിച്ചു, എന്തിനാ നാലഞ്ചു ബ്ലോഗുകളെന്ന്. അപ്പോള്‍ കിട്ടിയ മറുപടി.
"എടോ, ഉണ്ടാക്കുന്ന കാശൊക്കെ ഇങ്ങനെ പുത്തകം വാങ്ങീം കുത്തികുറിച്ചും തീരും. നാലഞ്ചു പിള്ളേരായി നമുക്കു വയസാകുമ്പോള്‍ വീതം വയ്ക്കാന്‍ എന്തേലും വേണ്ടേ. ഇതാകുമ്പോ ഒരോരുത്തര്‍ക്കും ഓരോ ബ്ലോഗെങ്കിലും കൊടുക്കാമല്ലോ". എങ്ങനെയുണ്ട്‌ കക്ഷിയുടെ പുത്തി.

ഏതായാലും കുത്തക ബ്ലോഗന്മാര്‍ക്കെതിരെയുള്ള ഏതു സമരത്തിന്റെയും മുന്നില്‍ കൊടിപിടിക്കാന്‍ ഈ ഞാനുമുണ്ടാകും.

ബ്ലോഗിലെത്തിയതിന്‌ എല്ലാവര്‍ക്കും നന്ദി.

 
12/04/2005 11:53:00 AM ല്‍, Blogger aneel kumar പറഞ്ഞു...

അപ്പോൾ ഇഷ്ടിക മാറ്റാനുള്ള അതി പ്രധാനവഴി ലേറ്റസ്റ്റ് ഫോണ്ട് ‘മാത്രം‘ ഫോണ്ട്സ് ഫോൾഡറിൽ ഉണ്ടാവുകയാണ്. അഞ്ജലി ഫോണ്ട് ഉപയോഗിക്കുന്ന ഒരു പ്രോസസും (കീമാൻ, ബ്രൌസർ, ഡെസ്ൿടോപ്പ് ഐകൺ ഫോണ്ട് ഇത്യാദി... ) നടക്കുന്നില്ല എന്നുറപ്പാക്കിയിട്ട്, പഴയ എല്ലാ കോപ്പികളും ഐസൊലേറ്റ് /ഡിലീറ്റ് ചെയ്തിട്ട്, പുതിയ വെർഷൻ ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക.
ബ്രൌസറിൽ Web page font "AnjaliOldLipi“ ആക്കുകയും വേണം.

 
12/04/2005 11:43:00 PM ല്‍, Blogger reshma പറഞ്ഞു...

ഫ്രോസൻ‍ നെയ്യപ്പവും, നെല്ലിക്കയും, ഇലയടയുമൊക്കെ സ്റ്റോറിലെ ഫ്രീസറിൽ ഇങ്ങനെ കണ്ട് സുഖിക്കാൻ മാത്രം, ല്ലേ?:)

 
12/05/2005 01:39:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

കുട്ട്യേട്ടത്തി മലയാളവേദിക്കാരിയാണോ?

 
12/05/2005 04:20:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

kutti-edathi, su parayunnathu onnum karyam aakanda tto. nallathonnum ezhuthiyaa kannee pidikkilla chilarkku.

cheenju pazhutha, pazham kanji aaya pravaasi visheshangal nooru kanakkinu masika kalil varumbo, ee "sankalpa" thinu nobel prize kodukkan vere aalundu evide.

kuttiyedathi eniyum ezhuthu. su ne pedichu ezhuthathirikkanda tto.

 
12/05/2005 06:58:00 AM ല്‍, Blogger വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

സ്വാഗതം കുട്ട്യേടത്തീ..!

 
12/06/2005 02:25:00 AM ല്‍, Blogger Cibu C J (സിബു) പറഞ്ഞു...

കുട്ടേട്ടത്തി, ചില്ലുകളൊരു വഴിക്കായോ? ഇല്ലെങ്കില്‍ സമയം കിട്ടുമ്പോള്‍ 847 631 9334 (ഓഫീസ്), 847 519 9890(വീട്) നമ്പ്രിലേക്ക്‌ വിളിക്കൂ. എന്നേക്കൊണ്ടാവുന്നത്‌ ചെയ്യാം. പിന്നെ, കമ്പ്യൂട്ടറിന്റെ കാര്യമല്ലേ ഒന്നും ഉറപ്പിച്ച് പറയാന്‍ വയ്യ :)

 
12/06/2005 09:44:00 PM ല്‍, Blogger Kumar Neelakandan © (Kumar NM) പറഞ്ഞു...

സ്വാഗതം.

അങ്ങനെ ഒടുവിൽ സോഷ്യലിസം ഉണ്ടായി!
ഇനി പോരട്ടെ ഇങ്ങോട്ട് പോസ്റ്റുകൾ. ഇട മുറിയാതെ. നിരവിടാതെ നുരനുരയായ്.

 
12/06/2005 11:06:00 PM ല്‍, Blogger Visala Manaskan പറഞ്ഞു...

പ്രിയപ്പെട്ട കുട്ട്യേടത്തി..

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാ സൌരഭ്യം എന്നാണല്ലോ.! (അങ്ങിനെയൊക്കെത്തന്നല്ലേ പറഞ്ഞിരിക്കുന്നത്‌??)

ബൂലോഗത്തിലേക്കെന്റെ ബിലേറ്റഡ്‌ സ്വാഗതം. പോസ്റ്റിങ്ങ്‌ രസകരമായിട്ടുണ്ട്‌. തുടർന്നെഴുതാനപേക്ഷ.

 
12/07/2005 04:38:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

അനില്‍, varamozhi തന്നെ ഒന്ന് uninstall ചെയ്ത്‌ വീണ്ടും install ചെയ്തപ്പൊ എല്ലം perfect!!!


very very correct, രേഷ്മാ, :))

ദേവരാഗമേ,

Malayala ഭാഷയെ രക്ഷിച്ചേ അടങ്ങൂ എന്നു വാശിയില്‍ ഇത്ര അധികം ബ്ലോഗന്മാരും ബ്ലോഗിണി കളും തകര്‍ത്ത്‌ എഴുതുന്നു എന്ന കാര്യം അറിയുന്നതിന്‌ മുന്‍പുള്ള ഒരു കാലത്ത്‌... എന്തെങ്കിലും 2 അക്ഷരം മലയാളം വായിക്കാന്‍ കൊതി മൂക്കുമ്പോ ഞാന്‍ മലയാളവേധി വായിക്കുമാരുന്നു.. just a passive member.. only reading. ഇപ്പോളും ചില പാട്ടുകള്‍.. കേള്‍ക്കാന്‍ പോകാറുണ്ട്‌.. coolgoose ലും musicindia യിലും ഒന്നും കിട്ടാത്ത പാട്ടുകള്‍.

വര്‍ണം, :))

സിബു,

Office ലും വീട്ടിലും ഒക്കെ ചില്ലുകളെ മെരുക്കി. Nandri!!!

kumar, :))

വിശാലാ,

തീര്‍ച്ചയായും... എന്തെങ്കിലും സൌരഭ്യം ഉണ്ടെങ്കില്‍ അതിന്റെ credit ആ മുല്ലപൂമ്പൊടിക്കു തന്നെ ആണ്‌. പത്രം പോലും വായിക്കാത്ത, വെറുതെ കിട്ടിയാല്‍ പോലും പുസ്തകം മറിച്ചു നോക്കാത്ത, വീട്ടില്‍ ജനിച്ചു വളര്‍ന്ന എന്നെ പുസ്തകങ്ങളെയും ഒക്കെ സ്നേഹിക്കാന്‍ പടിപ്പിച്ചത്‌ ഇദ്ദേഹം ആണ്‌. belated സ്വാഗതത്തിന്‌ നന്ദി.

അപ്പോഴത്തെ ഒരു ശുണ്ടിക്ക്‌ ഒറ്റ ശ്വാസത്തില്‍ ഇരുന്ന് എന്തൊക്കെയൊ type ചെയ്തു എന്നല്ലാതെ, പിന്നെ ഒന്നും വരണില്ല എഴുതാന്‍. വെടി തീര്‍ന്നൂന്നാ തോന്നണെ... :))

 
12/01/2009 01:30:00 PM ല്‍, Blogger Lakshmi Vinayakrishnan പറഞ്ഞു...

Kuttyedathi, ende oru friendnde nirdheshaprakaaram aanu njan ee blogil kayariyathu.malayalam nannayi ezhuthaanulla kazhivine abhinandikkunnu...ammammar makkale malayalam paranjaal thallunna ikkaaalathu ingine oru blog kondu nadakkunnathinum nandi!thudarnnezhuthu...Kooduthal kaalikapradhanyamulla vishayangal pratheekshikkunnu!
Vande Mataram!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം