ബുധനാഴ്‌ച, മാർച്ച് 01, 2006

മില്യണ്‍ ഡോളര്‍ ബേബി!(പ്ര. പു. 2)

അപ്പോ നമ്മളിവിടെയാ നിര്‍ത്തിയത്.

വയറ്റിലൊരാന്തല്‍ പോലെ...

ങ്ഹാ പറയാന്‍ മറന്നു. ഒന്നര മാസമായി കടുത്ത കോണ്‍സ്റ്റിപ്പേഷന്‍. ഒന്നര മാസത്തിനിടയില്‍ പ്രകൃതിയുടെ രണ്ടാമത്തെ വിളി വന്നിട്ടേയില്ലെന്നു പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ല. എന്നാല്‍ തീറ്റിക്കു വല്ല കുറവുമുണ്ടോ ?

ഡോക്ടറിനോട്‌ പറയുമ്പോ അയണ്‍ റ്റാബ്ലറ്റ്‌ കഴിക്കുമ്പോ ചിലര്‍ക്കങ്ങനെ വരുമത്രേ. വെള്ളം നന്നായി കുടിക്കണം, നാരുള്ള ഭക്ഷണം കഴിക്കണമെന്നൊക്കെ സ്ഥിരം പല്ലവി. എന്നാലയണ്‍ റ്റാബ്ലറ്റങ്ങ്‌ നിറുത്തിക്കളയാമെന്ന് വച്ചാലോ, ഹീമോഗ്ലോബിന്‍ കൌണ്ട്‌ വല്ലാതെ കുറവും.

സെബസ്ത്യാനോസുപുണ്യാളന്റെ കപ്പേളേലെ പെരുന്നാളിനു കതിന പൊട്ടിക്കണ മാതിരി പൊട്ടീരാണ്‌ ഞാന്‍. പൊതുനിയമങ്ങളെയൊക്കെ കാറ്റില്‍പ്പറത്തി (അല്ലെങ്കിലും ഗര്‍ഭിണിക്ക്‌ പൊതുനിയമങ്ങളിലെല്ലാം അയവ്‌ കിട്ടാറുണ്ടല്ലോ ) എന്റെ ഗുണ്ടുകളെല്ലം മള്‍ട്ടിമീഡിയ ആയിരുന്നു.

കൂടെ ജീവിക്കുന്ന ഭര്‍ത്താവെന്നു പറയുന്ന ആ പാവനാത്മാവിന്റെ മൂക്കിനെ പറ്റിയൊന്നോര്‍ത്തു നോക്കൂ. (അതു ദൈവത്തിന്‌ പറ്റിയ ഒരു ഡിസൈന്‍ എറര്‍/മിസ്റ്റേക്‌ ആണെന്നെനിക്ക്‌ പണ്ടേ തോന്നിയിട്ടുണ്ട്‌. ശ്വസിക്കുന്നതും മണം പിടിക്കുന്നതും കൂടി ഒരിടത്ത്‌ വച്ചത്‌. അല്ലെങ്കില്‍ പിന്നെ മൂക്കങ്ങ്‌ പെര്‍മനെന്റായിട്ടടച്ച്‌ വക്കാമാരുന്നു.)

അന്നു രാവിലെ വയറൊന്നിളകാനുള്ള മരുന്ന് (പ്രൂണ്‍ ജ്യൂസ് + സ്റ്റൂള്‍ സോഫ്റ്റ്നര്‍) കഴിച്ചിരുന്നു.

" മ്‌ഹ്‌..മരുന്ന് ഫലിച്ചൂന്നാ തോന്നണേ."ബാത്‌റൂമിലേക്കോടുന്ന വഴി ഞാന്‍ ആത്മഗതം നടത്തി.

ഇല്ല..പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. !!!

പിന്നീട്‌ 7.30 ക്കുള്ള 'ഓര്‍മ'കണ്ടുകൊണ്ടിരുന്നപ്പ്പോ വീണ്ടും അതേ ആന്തല്‍.. ഇക്കുറിയുമൊന്നും സംഭവിച്ചില്ല. പക്ഷേ സംശയം തോന്നിത്തുടങ്ങി... ഇതാരിക്കുമോ ഈ പ്രസവ വേദന.. ??

ഏയ്‌.ഇതാരിക്കില്ല.ആരോടാ ചോദിക്കുക ??

4 പെറ്റിട്ടുള്ള അഞ്ചാമത്തെ ഷൂട്ടിംഗ്‌ തീര്‍ത്ത്‌ വച്ചിരിക്കണ ചേച്ചിയെ വിളിച്ചു...

" ഓ...എടീ എനിക്കങ്ങിനെ പെയിനൊന്നും വരാറില്ല. നടുവിനൊരു വേദന ..അത്രേ ഉള്ളൂ."
ഭാഗ്യവതി.

അക്കനെ വിളിച്ചു. " എന്റെ സിസേറിയനല്ലാരുന്നോ 2 ഉം ? "

അമ്മയെ വിളിച്ചു. "ഓ..എനിക്ക്‌ ചുമ്മാ ഒന്ന് ഒന്നിന്‌ പോണമെന്നു തോന്നും"

കഷ്ടം പാഴായ ജന്മങ്ങള്‍ !!! :))

അപ്പോളേക്കും മൂന്നാം വട്ടവും വന്നു, അതേ ആന്തല്‍ .സംശയമില്ല, ഇത്‌ ലവന്‍/ലവള്‍ തന്നെ.അത്താഴം കഴിച്ച്‌, കുളിച്ച്‌ ഫ്രഷ്‌ ആയി, രാത്രി 12മണിയോടെ ഞങ്ങള്‍ ഹോസ്പിറ്റലിലെത്തി.

വീട്ടില്‍ന്നിറങ്ങുന്നതിന്‌ മുന്‍പേതന്നെ ഞങ്ങളുടെ 2 പേരുടെയും എല്ലാ ഒഫിഷ്യല്‍ റെക്കോര്‍ട്സും ഒരു പഴ്സിലാക്കി അത്‌ മനൂന്റെ പോക്കറ്റിലുണ്ട്‌. ഈ അമേരിക്ക മഹാരാജ്യത്ത്‌ ഞങ്ങള്‍ക്ക്‌ ജീവിക്കാനത്യാവശ്യമായ മുഴുവന്‍ സാധനങ്ങളുമെന്നു പറയാം. 2 പേരുടെയും ഡ്രൈവിംഗ്‌ ലൈസന്‍സ്‌, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ട്‌, ഹോസ്പിറ്റലിലെ പേഷ്യന്റ്‌ കാര്‍ട്‌, ക്രടിറ്റ്‌ കാര്‍ടുകള്‍, ഇന്‍ഷുറന്‍സ്‌ കാര്‍ടുകള്‍ എന്നുവേണ്ട സകല സംഭവങ്ങളുമതില്‍ തന്നെ. ഞങ്ങള്‍ ഞങ്ങളാണെന്ന് തെളിയിക്കാനും പിന്നെ ഹോസ്പിറ്റലില്‍ ചികില്‍സ കിട്ടാനുമിതെല്ലാം തന്നെ അത്യാവശ്യം വേണ്ടതാണ്‌.

കൂടാതെ ഞങ്ങളുടെ കയ്യിലാകെയുള്ള ഒരായിരതഞ്ഞൂറോളം ഡോളാറുമിതേ പഴ്സില്‍ത്തന്നെയുണ്ട്‌. അമേരിക്കയിലെ രീതികളൊന്നും ശരിക്കറിയാത്തത്‌ കൊണ്ട്‌ മാത്രം സംഭവിച്ച ഒരബധ്ധമാണത്‌. ഇവിടെയാരുമങ്ങനെ പഴ്സില്‍ പൈസയൊന്നും കൊണ്ടുനടക്കാറില്ല. ക്രടിറ്റ്‌ /ഡബിറ്റ്‌ കാര്‍ടുകളും പിന്നെ ചെക്ക്ബുക്കും.. ഇത്‌ രണ്ടുമുണ്ടെങ്കില്‍ ധാരാളം.

ഇവിടെ ക്യാഷെടുക്കുന്ന സ്ഥലങ്ങള്‍ തന്നെ വളരെ വളരെ കുറവാണ്‌. വല്ല റസ്റ്റോറന്റിലോ മറ്റോ എടുത്താലായി. ആശുപത്രിയില്‍ പോയപ്പോ കാശുകൊണ്ടുപോകേണ്ട യാതോരു കാര്യവുമില്ല. പക്ഷേ നാട്ടിലെ ഒരു ശീലമുണ്ടല്ലോ, കയ്യിലുള്ള കാശുമുഴുവനും പഴ്സില്‍ കൊണ്ടുനടക്കുന്ന രീതി..ആ ഒരു ഓര്‍മയിലാണ്‌ ഞങ്ങളന്നുണ്ടാരുന്ന കാശെല്ലാം പഴ്സിലാക്കി പോയത്‌.

രാത്രി മുഴുവനും കരഞ്ഞുമലറിവിളിച്ചും 2 പേരും ലേബര്‍ റൂമില്‍. എല്ലാ സൌകര്യങ്ങളുമുള്ള, അറ്റാച്ട്‌` ബാത്രൂമുമൊക്കയുള്ള മുറി. ഒരു നഴ്സമ്മയും രാത്രി മുഴുവന്‍ മുറിയിലുണ്ട്‌. ഡോക്ടര്‍മാര്‍ വന്നുമ്പോയുമിരിക്കുന്നു. രാവിലെ ഒരാറുമണിയായപ്പോളാ മോളൂസ്‌ പതുക്കെ പുറത്തേക്ക്‌ വന്നു തുടങ്ങിയത്‌.ഒരേഴുമണിയായിക്കാണും.

ഹന്നമോളങ്ങനെ തലയൊക്കെ പുറത്തിട്ട്‌ നമ്മുടെ
സ്വാര്‍ത്ഥന്‍ തൃശ്ശൂര്‍ക്ക്‌ പോയ സ്റ്റയിലിലിരിക്കുവാണ്‌. വല്യ വയറിന്റെ അപ്പുറത്തെ കാഴ്ചകളൊന്നുമെനിക്കത്ര കാണാന്‍ പറ്റുന്നില്ലെങ്കിലും, റണ്ണിംഗ്‌ കമന്ററി പോലെ ഒരാളെല്ലാം പറഞ്ഞുകൊണ്ടിരിക്കണുണ്ട്‌.

പെട്ടെന്ന് കമന്റേറ്ററുടെ ശബ്ദമിടറുന്നതെന്നിക്ക്‌ മനസ്സിലായി. മുഖത്ത്‌ വല്ലാത്ത ഭാവഭേദങ്ങള്‍!!

കണ്ണുകള്‍ ഇറുക്കിയടക്കുന്നു, ഈശോയേ.. മാതാവേ.. എന്നെല്ലാം മാറി മാറി വിളിക്കുന്നു. കൈകൊണ്ട്‌ കണ്ണു പൊത്തുന്നു.., വീണ്ടും വിരലുകളകത്തി ഇടയിലൂടെ നോക്കുന്നു..വീണ്ടുമടയ്ക്കുന്നു.

"ഈശ്വരാ.. മാതാവേ, കാത്തുകൊള്ളണേ എന്നെല്ല്ലാം പിച്ചും പേയും പറയണപോലെ പറയണുണ്ട്‌.ഞാന്‍ കയ്യില്‍പിടിച്ചു കുലുക്കി
" എന്താ..എന്താ .."

"എടാ..ചോര !!!! ""എടാ... നെറയെ ചോര.. ഒഴുകുവാടാ.. എന്തോരും ചോരയാടാ... എനിക്ക്‌ കാണാന്‍ വയ്യാ..."

പെട്ടെന്നൊരാള്‍ "ഞാനൊന്ന് ഒന്നിനുപോയിട്ട്‌ വരാമേ" എന്ന് പറയണ കേട്ടതോര്‍മയുണ്ട്‌.

എന്തായാലും ഈശോയും മാതാവുമൊക്കെയെന്റെ കൂടെ തന്നെയുണ്ടാരുന്നു. (എന്നെ എപ്പോളും പുള്ളിയിങ്ങനെ കൈവെള്ളയിലെടുത്താകൊണ്ടുനടക്കണെ. ഞാനഗ്രഹിക്കണതിനെക്കാളേറേ വാരിക്കോരി തന്നിട്ടേയുള്ളു എല്ലാം. ഇടക്കിടക്ക്‌, ടേയ്‌, നീ വല്യ ആളൊന്നുമല്ലാട്ടോ, എന്നോര്‍മിപ്പിക്കാനെന്നെയിങ്ങനെ 'ഇട്ടപൊത്തോ' ന്ന് താഴേക്കിടും. വീണ്ടുമിരട്ടി സ്നേഹത്തിലെന്നെ കോരിയെടുത്ത്‌ 'ചുമ്മാ..ഇതൊക്കെയെന്റെ ഓരോ നമ്പറല്ലേടി പെണ്ണേ.' ന്ന് പറഞ്ഞാശ്വസിപ്പിക്കും.)

യാതോരു പ്രശ്നങ്ങളുമില്ലാതെ രാവിലെ കൃത്യം 7.25 ആയപ്പോള്‍ ഹന്നമോള്‍ 2 കണ്ണുകളും മലര്‍ക്കെതുറന്ന് (as she was a post due date baby) പുറത്തു വന്നു. നഴ്സമ്മ കോരിയെടുത്ത്‌ തുണിയില്‍ പൊതിഞ്ഞ്‌ പപ്പായുടെ കയ്യില്‍ കൊടുത്തു.

പപ്പ സന്തോഷക്ക
ണ്ണീരടക്കാനാവാതെ പൊന്നുമോളെ ഉമ്മകള്‍കൊണ്ട്‌ പൊതിഞ്ഞു.

അപ്പോളേക്കുമെന്റെ ആങ്ങള ആശുപത്രിയിലെത്തിയിരുന്നു. എല്ലാരെയുമൊക്കെ വിളിച്ചുപറഞ്ഞു.. കുളിപ്പീരും സ്റ്റിച്ചിടലുമൊക്കെ കഴിഞ്ഞ്‌ ലേബര്‍ റൂമില്‍ന്ന് മുറിയിലേക്ക്‌ മാറ്റാറായി.

"അളിയനിന്നലെ മുതലിരിക്കണ ഇരിപ്പല്ലേ ? ഒന്നു പോയി ഫ്രഷായി ബ്രേക്‌ഫാസ്റ്റും കഴിച്ച്‌ വരൂ. ഇപ്പോ ഞാനിവിടെയുണ്ടല്ലോ."

കുറേ നിര്‍ബന്ധിച്ചപ്പോ മനു മനസ്സില്ലാമനസ്സോടെ കഴിക്കാന്‍ പോയി.പോയിട്ടൊരു രണ്ടുരണ്ടര മിനിറ്റായിക്കാണും. ബൂമറാങ്ങ്‌ പോലെ ദാ തിരിച്ചു വരണു.വാതില്‍ക്കല്‍നിന്നളിയനുമളിയനുംകൂടി എന്തൊക്കെയോ അടക്കം പറയുന്നു, എന്റെ ഭര്‍ത്താവാകുന്ന അളിയന്റെ മുഖത്ത്‌ വല്ലാതെ പേടിച്ചരണ്ട ഭാവം.. ആങ്ങള അളിയന്‍ പുറത്ത്‌ തട്ടുകേം ആശ്വസിപ്പിക്കുകേമൊക്കെ ചെയ്യണുണ്ട്‌. 2 പേരുംകൂടി എന്തോക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പോലേ. തലയില്‍ന്നും പുക പൊങ്ങണുണ്ട്‌.നഴ്സപ്പോളുമെന്നെ ഡ്രസ്സ്‌ മാറ്റിക്കുകയോ എന്തോ ഒക്കെ ചെയ്യുകയാ.

"എന്താ... എന്നാന്നേ പ്രശ്നം " എന്നൊക്കെ ഞാന്‍ വിളിച്ച്‌ ചോദിക്കണുണ്ടെകിലും അതൊന്നുമാരും കേട്ട ലക്ഷണമില്ല.പെട്ടെന്നെന്തോ ഓര്‍ത്തപോലെ 2 പേരുങ്കൂടി വാണംവിട്ട പോലെ എവിടേക്കോ ഓടുന്നു.

5 മിനിറ്റ്‌ കഴിഞ്ഞ്‌ കാണും. 2 പേരും തിരിച്ച്‌ വന്നു. ഇപ്പോള്‍ ആദ്യത്തെ റ്റെന്‍ഷനും പേടിയുമൊക്കെ മാറിയിട്ടുണ്ട്‌. എന്നാലുമാകെ ചമ്മിവളിച്ച മോന്തായം !!

"എന്നാന്നേ ?? ആരെങ്കിലുമൊന്ന് പറ ..പ്ലീസ്‌... " ഞാന്‍ കെഞ്ചി.

2 പേരും മിണ്ടണില്ല..

"പ്ലീസാരെങ്കിലുമൊന്ന് പറയുവോ എന്നാന്ന്"

"എടീ.. നീ അളിയനെ വഴക്കൊന്നും പറയരുത്‌"

ആങ്ങള അളിയന്‍ മറ്റേ അളിയനൊത്താശ പറയുവാണ്‌.

"എന്നാന്നൊന്ന് പറഞ്ഞ്‌ തൊലക്കെടാ കൊച്ചേ.." (ഇളയ ആങ്ങളയായതുകൊണ്ടവനെനിക്കിപ്പോളും കൊച്ചാണ്‌. )

" എടീ.. അളിയന്റെ കയ്യീന്ന് പഴ്‌സ്‌ കാണാതെ പോയി. "

"പേഴ്സ്‌ കാണാതെ പോകുകേ ? എങ്ങനെ ? ഈശ്വരാ ? എവടെ ? എന്റെ ദൈവമേ..."ഞാനാകെ കരച്ചിലായി.

"മനു ഇവിടുന്നെവിടേം പോയിട്ടില്ലല്ലോ.. ഇവിടെ ഈ മുറിയിലെവിടെയെങ്കിലും കാണുമെടാ... ഒന്ന് നോക്കാരെങ്കിലും പ്ലീസ്‌.."

ആലോചിക്കുന്തോറുമെനിക്കു ഭ്രാന്താവണ പോലെ തോന്നി. എല്ലാ കാര്‍ടുകളും പോയല്ലോ. ലൈസന്‍സാണ്‌ ഐടന്റിറ്റി കാര്‍ട്‌. അതില്ലാതെയെങ്ങനെ ?

"ഇല്ലെടീ... പഴ്സ്‌ കിട്ടി. നീ വിഷമിക്കാനൊന്നുമില്ല "

"ആണോ ? എവിടുന്ന് ? എന്ത്യേ ?"

"അളിയന്‍ ബാത്‌റൂമില്‍ പോയപ്പോ അറിയാതെ അവിടെ മറന്ന് വച്ചതാ. ഇപ്പോ ഞങ്ങള്‌ ചെന്നപ്പോ അവിടെതന്നെയിരിപ്പുണ്ടാരുന്നു. കാര്‍ടൊന്നും പോയിട്ടില്ല. "

"അളിയന്‍ പെട്ടെന്നാ റ്റെന്‍ഷനില്‍ ബാത്രൂമില്‍ പോയപ്പോ അവിടെയെടുത്ത്‌ വച്ചിട്ട്‌ മറന്നതാടീ"

ആവൂ... എന്തോരു സമാധാനം!!! പിന്നെയെന്തിനാണാവോ ഇതുങ്ങള്‌ രണ്ടുമിങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെയിരിക്കണേ ?

"പക്ഷേയുണ്ടല്ലോടീ... പഴ്സിലിരുന്ന പൈസ മുഴുവനും പോയി !!!!"

"........." എനിക്കൊന്നും മനസ്സിലായില്ല. പഴ്സു വച്ചിടത്ത്‌ തന്നെയിരിപ്പുണ്ടാരുന്നു, കിട്ടി.. കാര്‍ടൊന്നും പോയിട്ടില്ലായെന്നൊക്കെ പറഞ്ഞിട്ടിപ്പോ പറയണൂ പൈസ മുഴുവനും പോയെന്ന്. ഇതെങ്ങനെ ശരിയാകും ?

“എടീ.. പഴ്സാരോ എടുത്തിട്ട്‌ പൈസയെല്ലാമെടുത്തിട്ട്‌ കാര്‍ടും പഴ്സും വച്ചിട്ട്‌ പോയി !!!!!!!

ഈശ്വരാ.... കരയണോ ? ചിരിക്കണോ ? അവന്റെ തലേലിടിത്തീ വീഴുമെന്നു പറയണോ..അതോ.. ആ കള്ളന്റെ നല്ല മനസ്സിനെ ദൈവമനുഗ്രഹിക്കട്ടെ എന്ന് പറയണോ..ദൈവം പോലും തന്നോട്‌ ക്ഷമിക്കൂല്ലെടോന്ന് പറയണോ.

അതോ.. പ്രിയപ്പെട്ട കള്ളാ, താങ്കള്‍ക്കെത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക യെന്നോ..വല്ലാത്ത ധര്‍മസങ്കടം തന്നെ !!

പെട്ടെന്നാണ്‌ ഞാനതോര്‍ത്തത്‌.."അല്ലാ... നമ്മുടെ മുറിയില്‍ ബാത്രൂമുള്ളപ്പോള്‍ പിന്നെയെന്തിനാണ്‌ പുറത്ത്‌ ബാത്‌റൂമില്‍ ?"

"ഓ..ആണോ..ഈ മുറിയില്‍ ബാത്‌റൂമുണ്ടോ ? പിന്നെ എന്താളിയാ പുറത്ത്‌... ??"

"അത്‌ പിന്നേ.. അപ്പോളത്തെ റ്റെന്‍ഷനില്‍.... മുറിയില്‍ ബാത്‌റൂമുള്ള കാര്യം ഞാന്‍...."

***

അങ്ങനെ സ്വതവേ ഓട്ടക്കയ്യനായ അപ്പന്റെ ആയിരത്തഞ്ഞൂറു ഡോളര്‍ ഒരു നല്ല കള്ളനുകൊടുത്ത് ഞങ്ങടെ ഹന്നമോള്‍ വന്നു. ഇടക്കിടെ ഒന്നുമില്ലാത്തപ്പോള്‍ ചൊറിയാന്‍ ഞാനീ 1500 ഡോളര്‍ പുരാണം എടുത്തിടും. അപ്പോഴെല്ലാം ഞങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്നതുപോലെ ഈ പുരാണത്തിനും ഭരതവാക്യം കുറിക്കട്ടെ.

ആയിരത്തഞ്ഞൂറു ഡോളര്‍ പോയെങ്കിലെന്താ, ഇതു നമ്മുടെ മില്യണ്‍ ഡോളര്‍ ബേബിയല്ലേ.

33 അഭിപ്രായങ്ങള്‍:

3/01/2006 09:09:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ദാ ഏടത്തി വാക്കു പാലിച്ചു. പ്ര. പു. രാണ്ടാഭാഗം ഇവിടെയുണ്ട്

 
3/01/2006 09:28:00 PM ല്‍, Blogger ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

മില്ല്യന്‍ അല്ലാ, ഗ്ലൂഗോള്‍+++++!!!!!!!!!!!!!!!!!!

ഹന്ന മോള്‍ നൂറ്റാണ്ട്‌ വാഴട്ടേ!!!!

 
3/01/2006 09:53:00 PM ല്‍, Blogger സു | Su പറഞ്ഞു...

:)

 
3/01/2006 11:11:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കുട്ടീ ഒരു സ്വകാര്യം പറയട്ടേ, അവിടെ ഒരു ആയിരത്തി അഞ്ഞൂറിന്റെ കണക്കല്ലെ ഉള്ളു?, ഇവിടെ ലിസ്റ്റ്‌ നീണ്ടതാണ്‌(പ്‌....ശ്‌ശ്‌ശ്‌)

കുഞ്ഞുമോള്‍ക്ക്‌ ആയുരാരോഗ്യസൌഖ്യം നേരുന്നു.

ബിന്ദു

 
3/01/2006 11:17:00 PM ല്‍, Blogger സൂഫി പറഞ്ഞു...

ഏടത്തി, വിവരണം തകർത്തു,
എന്റേതും ഒരു ഹന്ന മോള്‍ തന്നെ...ഇതു പോലെ കുറെ വെള്ളം കുടിപ്പിച്ചു...സമയം കിട്ടുമ്പോളെഴുതാം

 
3/01/2006 11:59:00 PM ല്‍, Blogger viswaprabha വിശ്വപ്രഭ പറഞ്ഞു...

ഇതൊക്കെ വിക്കിയിലേക്കു പോകേണ്ട പോസ്റ്റുകളല്ലേ? ഇവിടെ എന്താ ?


:)

എന്തായാലും ഇത്ര സുന്ദരമായി നിരുപദ്രവകരമായി ഇങ്ങനത്തെ ഒരു കഥ പറയാന്‍ കഴിഞ്ഞ ആ കഴിവിനേയും ധൈര്യത്തേയും കൈകൂപ്പി തൊഴുക തന്നെ വേണം!

 
3/02/2006 12:02:00 AM ല്‍, Blogger Sreejith K. പറഞ്ഞു...

ഇത്ര മനോഹരമായി എങ്ങിനെ വിവരിക്കാന്‍ കഴിയുന്നു, ഏടത്തി. ഞാനും കൈകൂപ്പി തൊഴുന്നു.

എന്നെ ഒന്നു ശിഷ്യനാക്കാമോ. ;)

 
3/02/2006 12:09:00 AM ല്‍, Blogger കണ്ണൂസ്‌ പറഞ്ഞു...

മില്യന്‍ ഡോളര്‍ ബേബി ഒരെണ്ണം എന്റെ വീട്ടിലും ഇരിപ്പുണ്ട്‌ :-) അത്ര ധൈര്യം പോരാത്തതിനാല്‍ മൂപ്പത്തിയാരുടെ അവതാരം ഞങ്ങള്‍ നാട്ടിലാണാക്കിയത്‌. ഡേറ്റിന്‌ 5 ദിവസം മുന്‍പ്‌ ഞാന്‍ ഇവിടന്ന് പോയെങ്കിലും നാട്ടിലെത്തിയപ്പോ "അച്ഛനെ പറ്റിച്ചേ.." എന്ന ഭാവത്തില്‍ ചിരിച്ച്‌ കിടപ്പായിരുന്നു കള്ളത്തി. അതു കൊണ്ട്‌ മന്‍ജിത്തിന്റെ ഫീലിങ്ങ്‌സ്‌ ഒന്നും അനുഭവിക്കാന്‍ ഉള്ള ഭാഗ്യം ഉണ്ടായില്ല.

 
3/02/2006 12:15:00 AM ല്‍, Blogger രാജ് പറഞ്ഞു...

ശ്രീജിത്ത്,
ഈ കാര്യത്തില്‍ സ്ത്രീകള്‍ക്കു ശിഷ്യപ്പെടുവാന്‍ കഴിയുമെന്നു തോന്നുന്നില്ല ;)

ഇന്നലെ ഒരു ചാറ്റില്‍ കുട്ട്യേടുത്തിയോട് സ്വകാര്യമായി പറഞ്ഞതു് ഇന്നെല്ലാവരും വായിക്കെ പറയേണ്ടതായിരുന്നു: അസാധാരണത്വം ഒട്ടുമില്ലാതെ ജീവിതഗന്ധിയായ കഥകള്‍ ഒരു പക്ഷെ ബ്ലോഗുകളില്‍ ഏറ്റവും തന്മയത്തോടെ എഴുതുന്നതു് കുട്ട്യേടുത്തിയും മന്‍‌ജിത്തുമാവും!

 
3/02/2006 03:38:00 AM ല്‍, Blogger bodhappayi പറഞ്ഞു...

ഹന്നമോള്‍ക്കു ആയിരാരോഗ്യസൌഖ്യങ്ങള്‍ നേരുന്നു. പോസ്റ്റ്‌ കലക്കി. ഹന്ന മോളെ ഇതു വായിക്കാന്‍ പഠിപ്പിക്കണം.

 
3/02/2006 06:05:00 AM ല്‍, Blogger ചില നേരത്ത്.. പറഞ്ഞു...

ഹന്ന മോള്‍ക്ക് ആയുരാരോഗ്യസൌഖ്യങ്ങള്‍ നേരുന്നു..
കുട്ട്യേടത്തീ
ഒരു സസ്പെന്‍സ് ത്രില്ലര്‍ കണ്ട പ്രതീതി..

 
3/02/2006 06:17:00 AM ല്‍, Blogger അരവിന്ദ് :: aravind പറഞ്ഞു...

കലക്കി ഏടത്തീ..:-))
“4 പെറ്റിട്ടുള്ള അഞ്ചാമത്തെ ഷൂട്ടിംഗ്‌ തീര്‍ത്ത്‌ വച്ചിരിക്കണ ചേച്ചിയെ വിളിച്ചു...“
നല്ല ഹ്യൂമര്‍ സെന്‍സ്..
പുരാണങ്ങള്‍ ഒന്നൊന്നായി പോരട്ടെ. :-)

 
3/02/2006 03:55:00 PM ല്‍, Blogger Manjithkaini പറഞ്ഞു...

ബിന്ദൂ,

എന്റെ നഷ്ടങ്ങളില്‍ മറ്റു ചിലതുകൂടിയുണ്ട് കേട്ടോ. നാട്ടിലെ ഓര്‍മ്മയ്ക്ക് പഴ്സില്‍ കരുതിയ ഒരു നൂറു രൂപാ നോട്ട് പിന്നെ ഇന്‍‌ഡോനേഷ്യന്‍ സ്മരണകള്‍ക്കായി കരുതിയ ഒരു ഇരുപതിനായിരം ഉറുപ്പിക നോട്ട് എന്നിങ്ങനെ ചിലതും ആ നല്ല കള്ളന്‍ കൈക്കലാക്കിയിരുന്നു.

ഡോളറും രൂപയും പോയതില്‍ എനിക്കത്ര വിഷമമില്ല. എന്നാലും എന്റെ ഇരുപതിനായിരം റുപിയ നോട്ട്. ഇന്‍ഡോനേഷ്യയില്‍ പോകുമ്പോ ഇരുപതിനായിരം ഉറുപ്പികയ്ക്ക് രണ്ടു ദോശയടിക്കാന്‍ സൂക്ഷിച്ചിരുന്നതാ. എന്താ ചെയ്ക.

 
3/02/2006 04:31:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

അതൊരു നല്ല കള്ളന്‍, ആ ക്രെഡിറ്റ്‌ കാര്‍ഡോ , സിന്‍ കാര്‍ഡൊ കൊണ്ടു പോയാലത്തെ കാര്യമൊന്നോര്‍ത്തു നോക്കൂ. ഇവിടെ ഏതായാലും അതൊന്നുമല്ല, ഒരു സെല്‍ ഫോണ്‍(വാങ്ങിച്ചതിന്റെ പിറ്റേ ദിവസം), എട്ടുപത്തു ഗ്ലൌസ്‌, കുറേ ഹാറ്റ്സ്‌, .....ആരും മോഷ്ടിച്ചതല്ല, കൊണ്ടുപോയി കളയുന്നു ,അശ്രദ്‌ധ അത്ര തന്നെ.

ബിന്ദു

 
3/02/2006 06:58:00 PM ല്‍, Blogger ഇന്ദു | Preethy പറഞ്ഞു...

എന്റെ കുട്ട്യേടത്തീെ... പുരാണം കലക്കി! ഒരു പ്രസവത്തില്‍ നിന്ന്‌ ഇത്രയും ചിരി സൃഷ്ടിക്കാമെന്ന് അറിഞ്ഞില്ല! :) ഹന്നമോള്‍ക്ക്‌ സ്നേഹത്തോടെ...

 
3/03/2006 02:55:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

തീരുമാനിച്ചു. ലേബര്‍ റൂമില്‍ കയറേണ്ടിവന്നാല്‍ ഒന്നുകില്‍ ഡോക്റ്റരോട്‌ പറഞ്ഞ്‌ ശകലം കാമ്പോസ്‌ അടിച്ചിട്ടു കയറണം അല്ലെങ്കില്‍ ആരോടും പറയാതെ ശകലം വാട്ടീസ്‌ അടിച്ചിട്ടു കേറണം.

 
3/03/2006 05:38:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

mole dineshi,

athyantham mrigeeyavum paishachikavum (chumma) manoharavumaayirikkunnu !!!
eere naal munpu enno chodikkanamennu karuthiyirunnu ithe patti..kaalam kadannu poyappol maraviyilandu aa chodyam.. ippol ee post vayichappol okkeyum nerittu kandarinjathu pole... adipoli !!

 
3/03/2006 10:16:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കുട്ടീ .. ഞാനേതായാലും ആ ബിന്ദു അല്ല( ഞാന്‍ തിരോന്തോരം എയര്‍പോര്‍ട്‌, മ്യുസിയം, പദ്മനാഭസ്വാമി ക്ഷേത്രം ഇത്രയെ കണ്ടിട്ടുള്ളു), എവിടെയോ കരിമണ്ണൂര്‍ സ്കൂള്‍ എന്നു വായിച്ച ഒരോര്‍മ്മ. അങ്ങനെയെങ്കില്‍ .. ഞാനും ഏതാണ്ടു അതിനടുത്തൊക്കെ വരും.

ബിന്ദു

 
3/03/2006 11:36:00 PM ല്‍, Blogger Kumar Neelakantan © (Kumar NM) പറഞ്ഞു...

...കൂടിനിന്നവര്‍ ശ്വാസം അടക്കി.
അപ്പന്റെ പ്രാര്‍ത്ഥനയ്ക്ക്‌ ശബ്ദം പിടിച്ചു. തുടര്‍ന്ന് എല്ലാവരുടെയും കൂട്ടായ ഉച്ഛ്വാസത്തില്‍ എന്റെ യാത്രയുടെ കപ്പല്‍ പായകള്‍ വിടര്‍ന്നു.
ഞാന്‍ പതുക്കെ ചരിഞ്ഞ്‌, ഇടം തോള്‍ പുറത്തേക്കിട്ടു. പിന്നെ പലതവണ പ്രസവിച്ചു പരിശീലിച്ചപോളെ, ഞാന്‍ പെട്ടെന്ന് തെന്നി പുറത്തേക്കിറങ്ങി.
"ഇള്ളേ ഇള്ളേ." ഞാന്‍ കരഞ്ഞു.

കണക്കുകട്ടത്തില്‍ എഡ്‌വിന തെരേസ്സ ഐറില്‍ മരിയാഗൊരൈത്തി അന്ന മാര്‍ഗരിത്ത ജെസിക്ക എന്ന ജെസിക്കയുടെ ജനനം ശ്രി. എന്‍ എസ്‌ മാധവന്‍ എഴുതിയത്‌ ഇങ്ങനെയാണ്‌.

കുട്ട്യേടത്തിയുടെ കുട്ടിയുണ്ടാകുന്ന പോസ്റ്റ്‌ വായിച്ചുതുടങ്ങിയപ്പോള്‍ ഇങ്ങനെ ഒന്നിലേക്ക്‌ ചിന്ത നീണ്ടു.
നന്നായി. ഹന്ന ഈ കഥ എഴുതുമ്പോള്‍ ചിലപ്പോള്‍ ഇതിലും രസകരമാവും. കാലം അവളെക്കൊണ്ട്‌ എഴുതിക്കട്ടെ.

കണ്ണൂസേ നാട്ടിലുണ്ടായിരുന്നിട്ടും കാര്യമില്ല. അവര്‍ അടുപ്പിക്കില്ല ആ ഏരിയയില്‍.

എന്റെ ഭാര്യയെ പെയിന്‍ തുടങ്ങി ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തപ്പോള്‍ അവര്‍ എന്നോട്‌ പറഞ്ഞു “സമയം എടുക്കും. ശരിയായ പെയിന്‍ തുടങ്ങിയിട്ടില്ല“ എന്ന്. അടുത്തു തന്നെയുള്ള എന്റെ ഓഫീസില്‍ ഞാനൊന്നു പോയി.
അപ്പോഴേക്കും അമ്മയുടെ കോള്‍. "നീ ഉടന്‍ വരണം"
ഞാന്‍ പാഞ്ഞെത്തി.
ഒരു നഴ്സ്‌ എന്നോട്‌ പറഞ്ഞു "സിസേറിയന്‍ ചെയ്യണം, ഈ പേപ്പറുകളിലൊക്കെ ഒന്നു ഒപ്പിടണം"
എന്റെ ജീവന്റെ 68% പോയി. ഒന്നും വായിച്ചില്ല. ഒപ്പുകള്‍ നിലാത്തിരികള്‍ പോലെ പൊട്ടി വിരിഞ്ഞു.
പേപ്പറുമായി അവര്‍ അകത്തേക്ക്‌ പോയി. ഒന്നു പ്രാര്‍ത്ഥിക്കാനുള്ള ഇട കിട്ടും മുന്‍പു അവര്‍ തിരികെ വന്നു, ഉറത്തില്‍ ചിരിച്ചുകൊണ്ട്‌ ഞങ്ങളുടെ കല്യാണിയും.
സിസേറിയനൊക്കെ അവര്‍ ആദ്യമേ നടത്തിയിരുന്നു. പിന്നെ ഇതൊക്കെ പ്രൊമിസറി നോട്ടില്‍ ഒപ്പിട്ടുവാങ്ങി പണം കൊടുക്കുംപോലൊരു കളി.

 
3/03/2006 11:44:00 PM ല്‍, Blogger ഇന്ദു | Preethy പറഞ്ഞു...

പിന്നേം തെറ്റീലോ :)
ആ ഇന്ദുവല്ല കുട്ട്യേ(ടത്തീ) ഈ ഇന്ദു. ഞാന്‍ പാലാ കണ്ടിട്ടു തന്നെയില്ല.. :)

 
3/04/2006 12:08:00 AM ല്‍, Blogger രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

കുട്ട്യേടത്തി എഴുതുകയല്ല, സംസാരിക്കുകയായിരുന്നു.
ചിരിച്ച്.. ചിരിപ്പിച്ച്
സൃഷ്ടിയുടെ നോവ്
ആദ്യമായി പറഞ്ഞത്
കുട്ട്യേടത്തിയായിരിക്കും.
മനോഹരം ഈ ഭാഷ.

 
3/04/2006 06:26:00 AM ല്‍, Blogger Visala Manaskan പറഞ്ഞു...

പ്രസവ പുരാണം ഏറ്റവും ആദ്യം വായിച്ചത്‌ ഞാനാ. പക്ഷെ, തിരക്കായതുകൊണ്ട്‌ കമന്റാന്‍ പറ്റിയില്ല.

കോഴി, മുട്ടയിടുന്ന ലാഘവത്തോടെ പ്രസവിക്കുന്ന ഒരുപാട്‌ അമ്മമാരുള്ള ഒരു തറവാട്ടിലെയാണ്‌ ഞാന്‍. ഇന്നത്തെക്കാലത്ത്‌ പ്രസവിക്കാന്‍ പതിനാറാളും ചെരമുട്ടിയും വേണമെന്ന സ്ഥിതിയുള്ളപ്പോള്‍, കുട്യേടത്തി ഇത്രേം രസകരമായി ഈ കൊടുംകാര്യം എഴുതിയത്‌ വായിച്ചപ്പോള്‍, വല്ലാത്ത ഒരു സന്തോഷം തോന്നി.

കുട്ട്യേടത്തിക്കും മന്‍ജിത്തിനും ഉണ്ണിക്കും എന്റെ ആശംസകള്‍.

(ലേബര്‍ റൂമിന്റെ പുറത്ത്‌ വെയ്‌റ്റ്‌ ചെയ്ത എക്സ്‌പീരിയന്‍സ്‌ എനിക്കും ഉണ്ട്‌, യെന്റമ്മോ അതിത്തിരി കടുപ്പം തന്നെയാണേയ്‌.)

 
3/04/2006 10:58:00 AM ല്‍, Blogger Unknown പറഞ്ഞു...

കുട്ട്യേടത്തീ.. മുഖസ്തുതി പറയാണെന്ന് കരുതരുത്‌... കിടിലന്‍ വിവരണം..!! അളിയന്മാരുടെ പരക്കം പാച്ചിലും.. ആശുപത്രിയിലെ ആ ബഹളങ്ങളും എല്ലാം നേരില്‍ കണ്ടത്‌ പോലെ.. ഹന്ന മോള്‍ക്ക്‌ എന്നും ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

 
3/05/2006 12:45:00 AM ല്‍, Blogger SunilKumar Elamkulam Muthukurussi പറഞ്ഞു...

കുട്ട്യേടത്യേ, നല്ലതായി വിവരണം. ഞാന്‍ അങനെ മനുവിനെപ്പോലെ ആയിരുന്നില്ല. ലേബര്‍ റൂമിന് മുന്‍പില്‍ ഒരു പരിഭ്രമവും കൂടാതെ നിന്നു.അപ്പു വന്നപ്പോള്‍ എടുത്തു. കുളിപ്പിച്ചു, പുതപ്പിച്ചു ഒന്നൊന്നര മാസത്തോളം ലീവെടുത്തു പരിചരിച്ചു. എല്ലാം ഓര്‍ക്കാന്‍ സുഖമുള്ള കാര്യങള്‍. ഇപ്പോള്‍ തോന്നാറുണ്ട്‌ എന്റെ ധൈര്യമായിരുന്നോ അതോ അന്തമില്ലായ്മയായിരുന്നോ എന്ന്‌! അന്നിവിടെ എനിക്ക്` സംശയങള്‍ ചോദിക്കാങ്കൂറ്റെ ഒരഅലുണ്ടായിരുന്നില്ല്യ.ഡോക്ടര്‍ തന്നെയായിരുന്നു ശരണം.ശ്രീകുട്ടിയെ പ്രസവിച്ചത്‌ നാട്ടിലായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റിയില്ല.-സു-

 
3/05/2006 12:48:00 AM ല്‍, Blogger SunilKumar Elamkulam Muthukurussi പറഞ്ഞു...

പ്രസവത്തിന് ശേഷം എന്റെ ദയനീയ സ്ഥിതികണ്ട്‌ ഒരുപാട്‌ സ്ത്രീകള്‍ വന്ന്‌ സഹായിച്ചു ഷീലയേയും സുഗുണയേയും മറക്കാന്‍ പറ്റില്ല്യ.അന്നൊക്കെ നാട്ടിലേക്ക്‌ ടെലഫോണ്‍ വിളിക്കാന്‍ ഒരുപാട്‌ പൈസയാവുമായിരുനു. മാത്രമല്ല എന്റെ ഇല്ലത്ത്‌ ടെലഫോണ്‍ ഉണ്ടായിരുന്നില്ല്യേനീം.-സു-

 
3/05/2006 02:33:00 AM ല്‍, Blogger Kalesh Kumar പറഞ്ഞു...

കുട്ട്യേട്ടത്തീ, വിവരണം കിടിലം.
post due date babyആയിരുന്നതുകൊണ്ട് ഹന്നമോള്‍ക്ക് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ലല്ലോ അല്ലേ? അതിനു വല്ല സ്പെഷ്യല്‍ കെയറ് വല്ലതും?

 
3/05/2006 06:32:00 PM ല്‍, Blogger ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

:-)

 
3/05/2006 08:25:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ബിന്ദൂ,

കരിമണ്ണൂരടുത്തോ ? എവിടെ ? എന്റെ നാട്ടുകാരൊക്കെ ബ്ലോഗ്‌ വായിക്കാനും മറ്റുമൊക്കെ തുടങ്ങിയതറിയുമ്പോള്‍...

കുമാര്‍,

'എന്റെ ജീവന്റെ 68 % പോയി'. ഇതെങ്ങനെ കണക്ക്‌ കൂട്ടിയെടുത്തു ? :))

കല്ല്യാണി മോള്‍ക്കെല്ലാ അനുഗൃങ്ങളുമീശ്വരന്‍ വാരിക്കോരി കൊടുക്കട്ടേയെന്നാശംസിക്കുന്നു.

ഇന്ദൂ,

ഒരബദ്ധമൊക്കെയേത്‌ പോലീസുകാരനും..

സാക്ഷി

നല്ലവാക്കുകള്‍ക്ക്‌ നന്ദി.

വിശാലോ,

തിരിച്ച്‌ വന്ന് കമന്റാനുള്ള വിശാലമനസ്സിനു നമോവാകം!!

ഡ്രിസില്‍,

ആസ്വദിച്ച്‌ വായിച്ചതിനു നന്ദി.

സുനില്‍,

ശ്രീക്കുട്ടിക്കും അപ്പുവിനും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.

കലേഷ്‌,

പ്രത്യേകിച്ചൊന്നുമില്ല. സാധാരണ കുട്ടികള്‍ 3-4 ദിവസം കഴിഞ്ഞല്ലേ കണ്ണ്‍ തുറക്കാറൊക്കെയുള്ളൂ ? ഹന്നമോള്‍ വന്നതേ തന്നെ കണ്ണ്‍ തുറന്ന് നാലുപാടും നോക്കലും ചിരിയുമെല്ലാമാരുന്നു.

എല്ലാമിപ്പോളേ ചോദിച്ച്‌ മനസ്സിലാക്കി വക്കുകയാണല്ലേ ? :))

ശനിയാ, :)

 
3/05/2006 10:20:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ബിന്ദൂ,

കരിമണ്ണൂരടുത്തോ ? എവിടെ ? എന്റെ നാട്ടുകാരൊക്കെ ബ്ലോഗ്‌ വായിക്കാനും മറ്റുമൊക്കെ തുടങ്ങിയതറിയുമ്പോള്‍...

കുമാര്‍,

'എന്റെ ജീവന്റെ 68 % പോയി'. ഇതെങ്ങനെ കണക്ക്‌ കൂട്ടിയെടുത്തു ? :))

കല്ല്യാണി മോള്‍ക്കെല്ലാ അനുഗൃങ്ങളുമീശ്വരന്‍ വാരിക്കോരി കൊടുക്കട്ടേയെന്നാശംസിക്കുന്നു.

ഇന്ദൂ,

ഒരബദ്ധമൊക്കെയേത്‌ പോലീസുകാരനും..

സാക്ഷി

നല്ലവാക്കുകള്‍ക്ക്‌ നന്ദി.

വിശാലോ,

തിരിച്ച്‌ വന്ന് കമന്റാനുള്ള വിശാലമനസ്സിനു നമോവാകം!!

ഡ്രിസില്‍,

ആസ്വദിച്ച്‌ വായിച്ചതിനു നന്ദി.

സുനില്‍,

ശ്രീക്കുട്ടിക്കും അപ്പുവിനും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.

കലേഷ്‌,

പ്രത്യേകിച്ചൊന്നുമില്ല. സാധാരണ കുട്ടികള്‍ 3-4 ദിവസം കഴിഞ്ഞല്ലേ കണ്ണ്‍ തുറക്കാറൊക്കെയുള്ളൂ ? ഹന്നമോള്‍ വന്നതേ തന്നെ കണ്ണ്‍ തുറന്ന് നാലുപാടും നോക്കലും ചിരിയുമെല്ലാമാരുന്നു.

എല്ലാമിപ്പോളേ ചോദിച്ച്‌ മനസ്സിലാക്കി വക്കുകയാണല്ലേ ? :))

ശനിയാ, :)

 
3/05/2006 10:53:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ബിന്ദൂ,

കരിമണ്ണൂരടുത്തോ ? എവിടെ ? എന്റെ നാട്ടുകാരൊക്കെ ബ്ലോഗ്‌ വായിക്കാനും മറ്റുമൊക്കെ തുടങ്ങിയതറിയുമ്പോള്‍...

കുമാര്‍,

'എന്റെ ജീവന്റെ 68 % പോയി'. ഇതെങ്ങനെ കണക്ക്‌ കൂട്ടിയെടുത്തു ? :))

കല്ല്യാണി മോള്‍ക്കെല്ലാ അനുഗൃങ്ങളുമീശ്വരന്‍ വാരിക്കോരി കൊടുക്കട്ടേയെന്നാശംസിക്കുന്നു.

ഇന്ദൂ,

ഒരബദ്ധമൊക്കെയേത്‌ പോലീസുകാരനും..

സാക്ഷി

നല്ലവാക്കുകള്‍ക്ക്‌ നന്ദി.

വിശാലോ,

തിരിച്ച്‌ വന്ന് കമന്റാനുള്ള വിശാലമനസ്സിനു നമോവാകം!!

ഡ്രിസില്‍,

ആസ്വദിച്ച്‌ വായിച്ചതിനു നന്ദി.

സുനില്‍,

ശ്രീക്കുട്ടിക്കും അപ്പുവിനും ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു.

കലേഷ്‌,

പ്രത്യേകിച്ചൊന്നുമില്ല. സാധാരണ കുട്ടികള്‍ 3-4 ദിവസം കഴിഞ്ഞല്ലേ കണ്ണ്‍ തുറക്കാറൊക്കെയുള്ളൂ ? ഹന്നമോള്‍ വന്നതേ തന്നെ കണ്ണ്‍ തുറന്ന് നാലുപാടും നോക്കലും ചിരിയുമെല്ലാമാരുന്നു.

എല്ലാമിപ്പോളേ ചോദിച്ച്‌ മനസ്സിലാക്കി വക്കുകയാണല്ലേ ? :))

ശനിയാ, :)

 
3/06/2006 12:50:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

bravo !

 
1/14/2007 09:59:00 AM ല്‍, Blogger monu പറഞ്ഞു...

Nice Post :)

 
3/05/2022 04:40:00 AM ല്‍, Blogger jabartaillon പറഞ്ഞു...

Titanium Tent and Tile with Jigsaw Puzzles, Tricings,
Tricings, Dried, Used Wooden, titanium for sale Stainless Steel, titanium razor Jigsaw Puzzles, Tricings, Tiles, Dried Wood, Jigsaw Puzzles, Tricings, Tiles, Dried Wood, titanium symbol Jigsaw Puzzles, Tricings, Tiles, Dried titanium bracelet Wood, titanium belt buckle Jigsaw Puzzles, Tricings, Tiles,

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം