ബുധനാഴ്‌ച, ഫെബ്രുവരി 22, 2006

പ്രസവ പുരാണം

9 മാസം വീര്‍ത്ത വയറുമായി 2004 നവംബറില്‍ ഞങ്ങളാദ്യമായി അമേരിക്കയിലേക്ക്‌ വിമാനം കയറുമ്പോള്‍ മനസ്സിലൊരായിരം വേവലാതികളുണ്ടായിരുന്നു.

" അയ്യോ.. ഫ്ലൈറ്റില്‍ കേറാന്‍ സമ്മതിക്കുമോ ? ഇത്രേം വല്യ വയറുമായിട്ട്‌..." കാണുന്നോര്‍ക്കും കേള്‍ക്കുന്നോര്‍ക്കും ചോദിക്കാനിത്‌ മാത്രം.

"പ്രശ്നമാണെന്നാ എല്ലാരും പറയണെ. ?? പഷേ ഇറക്കി വിടുമാരിക്കുമോ ??? ആരെയെങ്കിലും അങ്ങനെ വിട്ടിട്ടുള്ളതായിട്ടറിയാമോ ? "

"എയ്‌.. ഇല്ലാരിക്കുമല്ലെ ?? ഗര്‍ഭിണിയെ അങ്ങനെ പെരുവഴിയിലിറക്കി വിടുമോ ???"

"ഫ്ലൈറ്റില്‍ കേറുമ്പോ പെട്ടെന്ന് പ്രഷര്‍ ഡിഫ്ഫറന്‍സ്‌ കൊണ്ടു ബി.പി. കൂടും. 7 മാസക്കാരു വരെ വിമാനത്തില്‍ വച്ച്‌ പ്രസവിക്കണതതുകൊണ്ടാ.."

"ആണല്ലെ??. ഒരു ഡോക്ടര്‍ ഉണ്ടാവൂല്ലെ ഫ്ലൈറ്റില്‌ ??? "

ഫ്ലൈറ്റിലുണ്ടാവണ കുഞ്ഞിന്‌ ജീവിത കാലം മുഴുവനും ടിക്കറ്റ്‌ ഫ്രീന്നോ മറ്റോ എവിടെയോ കേട്ടിട്ടുണ്ട്‌ ഞാന്‍. ഫ്ലൈറ്റിലെങ്കില്‍ ഫ്ലൈറ്റില്‍. ചങ്കില്‌ തീ കത്തുമ്പോളും വെറുതെ ധൈര്യം ഭാവിച്ചു ഞാന്‍. സൈറ്റായ സൈറ്റൊക്കെ പരതി. ഒരിടത്തുമൊന്നും വ്യക്തമായി പറയുന്നില്ല. ഇതെന്തൊരു നിയമം ? അങ്ങനെ ഉണ്ടെങ്കില്‍ ടിക്കറ്റ്‌ എടുക്കണതിന്‌ മുന്‍പല്ലേ പറയേണ്ടത്‌ ? ലുഫ്താന്‍സ ആണ്‌ ഫ്ലൈറ്റ്‌, ഫ്രാങ്ക്ഫര്‍ട്ട്‌ വഴി. അവരുടെ സൈറ്റില്‍ 35 ആഴ്ച വരെ പറക്കാമെന്നാണ്‌. പക്ഷേ ഞാന്‍ 36 ആഴ്ച കഴിഞ്ഞാണ്‌ പറക്കണത്‌. ഇനി ഇപ്പോ എന്തു ചെയ്യും ? ഡോക്ടറോട്‌ ചോദിച്ചാലോ ഒരു സര്‍ട്ടിഫിക്കേറ്റ്‌ തരാമോന്ന്.

"അയ്യയ്യോ കള്ള സര്‍ട്ടിഫിക്കറ്റൊന്നും ഞാന്‍ തരൂല്ല.മാത്രോമല്ല, ഇത്രേം ലാസ്റ്റ്‌ സ്റ്റേജില്‍ ഫ്ലൈ ചെയ്യണതിനോടുമെനിക്ക്‌ യോജിപ്പില്ല."

ഒരു സര്‍ട്ടിഫിക്കറ്റിനാണോ നാട്ടില്‍ പഞ്ഞം ?? സകല തരികിടകളും അറിയുന്ന ഒരു ബന്ധു ആ ജോലി ഏറ്റെടുത്തു. ഡോക്ടറുടെ ലെറ്റര്‍ ഹെഡിലെഴുതിയ പ്രെസ്ക്രിപ്ഷന്‍ സാമ്പിള്‍ കൊടുത്തതോടെ എന്റെ ജോലി തീര്‍ന്നു. രാക്കുരാമാനം ഡോക്ടറുടെ സീലും ഒപ്പുമൊക്കെ വച്ച സര്‍ട്ടിഫിക്കേറ്റ്‌ റെടി. ഒറിജിനലിനെ വെല്ലുന്ന ഡൂപ്ലിക്കേറ്റ്‌ !!! സര്‍ട്ടിഫിക്കേറ്റ്‌ പ്രകാരം ഞാന്‍ 32 ആഴ്ച മാത്രം ഗര്‍ഭവതി...!!

വെറും അഞ്ചടി നാലിഞ്ചില്‍ തീര്‍ത്ത 50 കിലോ ഉള്ള ഉരുപ്പടി. (ആയിരുന്നു :(( ) ഞാന്‍. ഗര്‍ഭിണി പശൂനെ പോലെ തിന്നോണ്ടിരിക്കണമെന്നേതോ മഹാപാപി പറഞ്ഞത്‌ കേട്ട്‌ തിന്ന് തിന്ന് ബലൂണ്‍ പോലെ വീര്‍ത്തിപ്പോ 65 കിലോയിലെത്തി നിക്കണു. (ആ പറഞ്ഞവനെ ഇനി കണ്ടാല്‍ ഇരുട്ടടി അടിക്കും ഞാന്‍. ഈ ബലൂണിന്റെ കാറ്റൊന്ന് കുത്തിവിടാന്‍ ഞാന്‍ പെടണ പ്പെടാപ്പാടെനിക്കല്ലേ അറിയൂ ??).

എന്റെ സൈസിനൊരു medium ചുരിദാര്‍ ധാരാളം. തിരോന്തരത്തെ കടയായ കടയൊക്കെ ആനവയറും മന്തുകാലും ( 8 മാസമായപ്പോളേ കാലില്‍ നീരു വച്ച്‌ വീര്‍ത്തിരുന്നു) വച്ചേന്തി വലിഞ്ഞു നടന്ന് തപ്പി ഒരു XXL ( ആറടി പൊക്കക്കാരികള്‍ക്കുള്ളത്‌) ചുരിദാര്‍ മേടിച്ചതിനകത്ത്‌ ഞാന്‍ കേറി. ചുരിദാറിന്റെ പാന്റിടണ്ട ആവശ്യമില്ല. അത്രക്കുണ്ട്‌ റ്റോപ്പിന്റെ തന്നെ ഇറക്കം!!! ഒരു ദുപ്പട്ട കൂടി അങ്ങു വിരിചിട്ടു. ഭേഷായി.

എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്ന്‌ തോന്നത്തെ ഇല്ലല്ലോല്ലെ, എന്ന സ്റ്റെയിലില്‍ ഐയര്‍പോര്‍ട്ടിലൂടെ എന്റെ നടപ്പ്‌ കണ്ടാല്‍.. ആഹ എന്താ സ്മാര്‍ട്ട്‌ ?? എന്തൊരു ക്യാറ്റ്‌വാക്‌!!! എവിടേം ആരുമൊന്നും ചോദിക്കണില്ല.

“പ്ലീസ്‌...ആരെങ്കിലുമൊന്നെന്തെങ്കിലുമൊന്ന് ചോദിക്കൂന്നെ.. കഷ്ടപ്പെട്ടുണ്ടാക്കിയ സര്‍ട്ടിഫിക്കേറ്റ്‌ എവിടെയെങ്കിലുമൊന്ന് കാണിക്കണ്ടേ ???”

കഷ്ടം.. മല പോലെ വന്നതെലി പോലെ പോയി... !!! ആരും ഒരിടത്തുമൊന്നും ചോദിച്ചില്ല.:

സുഖമായിട്ട്‌ ഞങ്ങളങ്ങനെ വറുഗീസ്‌ കുറ്റിക്കാടന്റെ (പകര്‍പ്പവകാശം ആര്‍ക്കാ ഇതിന്റെ ?) നാട്ടിലെത്തി.ഇവിടെ എത്തിയപ്പോളാണടുത്ത പുലിവാല്‍. ലേബര്‍ റൂമില്‍ ഭര്‍ത്താവോ അമ്മയോ ആരെങ്കിലും കൂടെ നിക്കണം. നാട്ടില്‌ വിളിച്ചപ്പോ അമ്മ പറഞ്ഞത്‌ “അയ്യോ അവനത്രക്ക്‌ ധൈര്യമൊന്നുമില്ലാന്നെ. ബ്ലഡൊക്കെ കാണുംബോളെക്കും തല കറങ്ങി വീണാല്‍ പിന്നെ അവനെ പൊക്കികൊണ്ടുപോകാന്‍ വേറെ ഡോക്ടര്‍ വരേണ്ടി വരും. ”

ആറടി പൊക്കത്തില്‍ പന പോലെ വളര്‍ന്ന്‌ നിക്കണ മകന്റെ ധൈര്യത്തെപ്പറ്റി എന്തായാലും അമ്മക്കറിയണത്ര ഏഴെട്ടൊമ്പതു..പത്ത്‌ കൊല്ലം പരിചയം മാത്രമുള്ള എനിക്കറിയൂല്ലല്ലോ.
"ഒരു കാര്യം ചെയ്യ്‌. നാത്തൂനോട്‌ പറ കൂടെ നിക്കാന്‍" . അമ്മ പരിഹാരം നിര്‍ദേശിച്ചൂ.

അയ്യയ്യേ... മോശം മോശം. അത്‌ വെറുമെട്ടും പൊട്ടും തിരിയാത്തൊരു പെണ്‍കൊച്ച്‌!!! .അല്ലെങ്കില്‍ തന്നെ നാത്തൂന്‍ ലേബര്‍ റൂമില്‍. അയ്യേ.. അത്‌ ശരിയാവൂല്ല. ഇതൊക്കെ കഴിഞ്ഞ്‌ പുറത്തിറങ്ങി എനിക്കതിന്റെ മുഖത്ത്‌ നോക്കണ്ടായോ ? ആരും നിന്നില്ലെങ്കിലും വേണ്ടൂല്ല. ഞാന്‍ മനസ്സില്‍ തീരുമാനിച്ചു.

"എടീ.. നീ ചെക്കപ്പിനൊക്കെ പോകുമ്പോ മനു കൂടെ കേറണുണ്ടല്ലോല്ലെ ? ഇവിടുത്തെ കാര്യമൊന്നും നിനക്കറിയാഞ്ഞിട്ടാ. ഡോക്ടറൊക്കെ ആണായാലും പെണ്ണായാലും വിശ്വസിക്കാന്‍ കൊള്ളത്തില്ല. മനു എപ്പോളും കൂടെ ഉണ്ടാവണം കേട്ടോ. ഡെലിവറിക്ക്‌ പോകുമ്പോളും മനു നിക്കണം ലേബര്‍ റൂമില്‍” .
4 superhit release ( 4 ഉം normal, 4 ഉം america യില്‍) കഴിഞ്ഞഞ്ചാമത്തെ release കാത്തിരിക്കണ ചേച്ചീടെ ഉപദേശം.

ഡിസംബര്‍ 15 ന്‌ റിലീസെന്നാണ്‌ നാട്ടിലെ സ്കാന്നിങ്ങിലൊക്കെ പറഞ്ഞിരുന്നത്‌. വാവയെ ഇടീച്ച്‌ കൊണ്ടുവരാന്‍ കുഞ്ഞുടുപ്പും, നല്ല കട്ടി ഉള്ള ബ്ലാന്‍കറ്റും സോക്ക്സുമൊക്കെ പാക്ക്‌ ചെയ്തൊരു ബാഗ്‌ റെഡിയാക്കി വച്ചു. (പട്ടിക്കും കുട്ടിക്കും മുട്ടിക്കും തണുപ്പില്ലെന്നാണെങ്കിലും ഇവിടുത്തെ തണുപ്പിനു മുന്നില്‍ പിടിച്ച്‌ നില്‍ക്കാന്‍!!!). ഹോസ്പിറ്റലിന്റെ എമര്‍ജന്‍സി റൂമിലേക്ക്‌ 1-2 വട്ടം ഡ്രൈവ്‌ ചെയ്ത്‌ പോയി നോക്കി(ഞങ്ങളിവിടെ പുതിയ ആള്‍ക്കാരാണല്ലോ).

15 കഴിഞ്ഞു..16 കഴിഞ്ഞു.. 17 കഴിഞ്ഞു...18 കഴിഞ്ഞു... ഒന്നും സംഭവിക്കുന്നില്ല.
"ഓ..എന്നാലിനി നാട്ടിലൊക്കെ സംവിധായകരു ചെയ്യണ പോലെ ക്രിസ്മസ്‌ റിലീസാരിക്കും" ഞങ്ങള്‍ വിചാരിച്ചു. റ്റെന്‍ഷന്‍ കാരണം ഇരിക്കാന്‍ പറ്റുന്നില്ല, നിക്കാന്‍ പറ്റുന്നില്ല, ഉറങ്ങാന്‍ പറ്റണില്ല. പരിചയത്തിലുള്ള വേറെ 2 വയറ്റുകണ്ണികള്‍ പണ്ടേ പെറ്റെന്നു കൂടി കേട്ടതോടെ എനിക്കിരിക്കപ്പൊറുതിയില്ലാതായി. നാട്ടിലാരുന്നെങ്കില്‍ എപ്പോളേ വെട്ടി കീറിയേനെ. ഇവിടെ അവസാന നിമിഷം വരെ നോക്കിയിട്ടേ അതു ചെയ്യുള്ളൂ.

ചെക്കപ്പൊക്കെ മുറക്ക്‌ നടക്കണുണ്ട്‌. 42 ആഴ്ച കഴിഞ്ഞിട്ടും, അതായത്‌ ഡ്യൂ ഡേറ്റ്‌ കഴിഞ്ഞിട്ടും 2 ആഴ്ച, നോക്കിയിട്ടേ അവരെന്തെങ്കിലും ചെയ്യൂ. അല്ലെങ്കില്‍ പിന്നെ വേറെന്തെങ്കിലും കോംബ്ലിക്കേഷന്‍, കുഞ്ഞിന്‌ മൂവ്‌മെന്റ്സ്‌ കുറയുകയോ അങ്ങനെയെന്തെങ്കിലും സംഭവിക്കണം. എന്റെ സന്താനമാണെങ്കില്‍ 24 മണിക്കൂറും 'അല്ലെങ്കിലുമീ തള്ളക്ക്‌ 2 ചവിട്ടിന്റെ കുറവുണ്ട്‌. അപ്പനത്‌ ചെയ്യണില്ലെങ്കില്‍ പിന്നെ ഞാന്‍..അഹഹഹഹാ..ഇപ്പോളല്ലേ അമ്മയെ ചവിട്ടാന്‍ പറ്റൂള്ളൂ.. മാക്സിമം കൊടുത്തിട്ടേ ഞാനിവിടുന്ന് പിടി വിടുള്ളൂ" എന്നുള്ള സ്റ്റെയിലില്‍ ചവിട്ടു തന്നെ.

അങ്ങനെ കാത്ത്‌ കാത്തിരുന്ന്..(ഇല്ല... അവളല്ല...പറ്റിച്ചേ) ക്രിസ്മസ്‌ വന്നു. പുറത്ത്‌ വന്നിരുപത്തിനാല്‌ മണിക്കൂറുമീ പരട്ട തള്ളേടെ മോന്ത കാണുന്നതിലും ഭേദമവിടെ തന്നെയങ്ങ്‌ കൂടിയേക്കാമെന്നെന്റെ സന്തതി തീരുമാനിച്ചോ ??

മൂവ്‌മെന്റ്സ്‌ കുറഞ്ഞാലപ്പോ induce ചെയ്യാമെന്നല്ലേ പറഞ്ഞിരിക്കണേ ?? മൂവ്‌മെന്റ്സ്‌ കുറഞ്ഞൂന്നൊരു പുളുവടിച്ചാലോ ? നാടോടിക്കാറ്റിലെ വിജയനെ പോലെ 'നമുക്കെന്താടാ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്‌ ' എന്നു പരിതപിച്ച്‌ കെട്ടും ഭാണ്ഡവുമായി രാവിലെ ഹോസ്പിറ്റലിലേക്ക്‌ വച്ചടിച്ചു. ആധി പിടിച്ച്‌ ഫോണിന്റെ മുന്നില്‍ തന്നെ കിടക്ക വിരിച്ച്‌ കിടപ്പായ സകല ജനങ്ങളെയും വിളിച്ച്‌ 'ഇന്നെന്തായാലും പ്രസവിക്കും കേട്ടോ' എന്നറിയിക്കാനും മറന്നില്ല.

"എപ്പോളാണ്‌ ലാസ്റ്റ്‌ മൂവ്‌മന്റ്‌ ഫീല്‍ ചെയ്തത്‌ ??"

ഒരു 10 മണിക്കൂര്‍ മുന്‍പേ. " കുറക്കരുതല്ലോ. നുണക്കൊരു പഞ്ച്‌ വേണമല്ലോ.

" you mean no movements at all for last 10 hours ???"

ഡോക്ടറൊന്ന് ഞെട്ടിയോ ? 'ഒരുത്തനെ തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവനെന്ന് തോന്നും ' എന്ന് പറഞ്ഞ പോലെ ഇപ്പോളുടനെ എന്നെ ഞെക്കി പ്രസവിപ്പിക്കുമെന്നുള്ള വ്യാമോഹം കൊണ്ട്‌ തോന്നിയതാണതൊക്കെ.

ഡോക്ടര്‍ വയറില്‍ കൈ വച്ച്‌ നോക്കി. കറക്കാന്‍ ചെല്ലുംബോ പശുക്കള്‍ ചവിട്ടണ പോലെ 'ആരടാ അവടെ എന്റപ്പനല്ലാതെ വേറൊരുത്തനെന്റെ അമ്മേടെ വയറേല്‍ കൈ വക്കണത്‌ ?? ഏടുക്കിനെടാ കൈ ' എന്ന് പറഞ്ഞെന്റെ സന്തതി കൊടുത്തു ഉഗ്രനൊരു ചവിട്ട്‌ !!! ഡോക്ടറുടെ കൈ ഷോക്കടിച്ച പോലെ തെറിച്ചു.

“ ഇതാണോ മൂവ്‌മെന്റ്സ്‌ ഇല്ലെന്ന് പറഞ്ഞത്‌ ?”

ചമ്മി നാറി. 'ചമ്മല്‍ is the മങ്ങല്‍ of face and വിങ്ങല്‍ of heart എന്ന് പറഞ്ഞ മഹാനാരാണോ.

" may be... my baby was sleeping.. "

"sleeping for 10 hours ??? "

മാനം പോയി. ഇനി എങ്ങനെയും വീട്ടില്‍ പോയാല്‍ മതി. അപ്പോ ദാണ്ടെ വരണൂ അടുത്ത പാര!!!
"ആദ്യത്തെ pregnancy അല്ലെ ? usually first time mothers dont know how to count the movements. They cant actually distinguish between the movements. We do train them during the 5 th or 6 th month. But as you reached here in the last stage of your ... "

അതായത്‌ ആകപ്പാടെ ടോട്ടലി മൊത്തം ചുരുക്കി പറഞ്ഞാല്‍, എന്നെ അവരെണ്ണം പഠിപ്പിക്കാന്‍ പോവാണ്‌. വയറിലൊരു വല്യ മോണിറ്ററൊക്കെ വച്ച്‌ കെട്ടി, (ecg പോലെ ഒരു ഗ്രാഫ്‌ പേപ്പറില്‍ വയറിലെ ഓരോ മൂവ്‌മെന്റ്സും വരും. അവളാഞ്ഞ്‌ ചവിട്ടുമ്പോള്‍, ഗ്രാഫങ്ങ്‌ പൊങ്ങി അറ്റം വരെ പോകും) എന്റെ കയ്യില്‍ ഒരു കുന്ത്രാണ്ടം തന്നു. ഓരോ ചവിട്ടിനും ഞാനത്‌ ഞെക്കണം. അപ്പോ ഗ്രാഫില്‌ ചുവന്ന നിറത്തില്‍ വേറൊരു വര വരും. കൃത്യമായും കുഞ്ഞ്‌ ചവിട്ടിയ സമയത്ത്‌ തന്നെ ആണോ, ഞാന്‍ ക്ലിക്കിയതെന്ന് അവര്‍ക്ക്‌ ഗ്രാഫ്‌ നോക്കുമ്പോ പിടികിട്ടും. അങ്ങനെ 6-7 മാസമായി മുടങ്ങാതെ കിട്ടികൊണ്ടിരിക്കണ എന്റെ മകളുടെ ചവിട്ട്‌ കൃത്യമായി എണ്ണാന്‍/തിരിച്ചറിയാന്‍ പഠിച്ചൂന്നുറപ്പ്‌ വരുത്തി പെറാന്‍ പോയ എന്നെ അന്നുമവര്‌ വയറൊഴിയാതെ പറഞ്ഞു വിട്ടു.

കൊടുത്താല്‍ കൊല്ലത്തു മാത്രമല്ല, അമേരിക്കയിലും കിട്ടുമെന്നന്നു മനസ്സിലായി. ഡോക്ടറിനോടും വക്കീലിനോടും കള്ളം പറയരുതെന്ന് പറയണത്‌ വെറുതെയല്ല. ന്യൂ ഈയറും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നു പോയി. ടെന്‍ഷന്‍ മൂത്ത്‌ ഞാനൊരു മുഴുപ്രാന്തിയായി മാറിയിരുന്നു, അപ്പോളേക്കും.

2 ആം തീയതി induce ചെയ്യാന്‍ രാവിലെ ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്‌ ആശുപത്രിയില്‍. അങ്ങനെ വൈകിട്ടാറുമണിക്ക്‌ 'സൂര്യപുത്രി ' സീരിയല്‍ കണ്ടങ്ങനെ ഇരുന്നപ്പോള്‍ പെട്ടെന്ന്....

ആ കഥ അടുത്ത ലക്കത്തില്‍.

23 അഭിപ്രായങ്ങള്‍:

2/22/2006 02:44:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

സ്വാര്‍ഥജനനം വായിച്ചപ്പോള്‍ മനസ്സില്‍ പൊട്ടിമുളച്ചതാണീ കഥയുടെ വിത്ത്‌. മണ്ടത്തരങ്ങളില്‍ ശ്രീജിത്തങ്ങ്‌ പേറ്റന്റെടുത്തു കളയുമോന്ന് തോന്നിയപ്പോ ഇതെഴുതാതിരിക്കാനായില്ല. ഇവിടെ വായിക്കാം

 
2/22/2006 03:06:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

അയ്യോ.. എത്രയും പെട്ടെന്നു വേണേ...

ബിന്ദു

 
2/22/2006 03:13:00 PM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

എന്തിനാ കൊച്ചേ ഈ ഒമ്പതാം മാസത്തില്‍ കടിഞ്ഞൂല്‍ ഗര്‍ഭവുമായി അമേരിക്കയ്ക്കു പോയതു്‌? നാട്ടിലായിരുന്നെങ്കില്‍ ശരിയായ ഗര്‍ഭരക്ഷയൊക്കെ കിട്ടി, ലേഹ്യവും പിഴിച്ചിലുമൊക്കെ കഴിഞ്ഞു്‌, മേലനങ്ങാതെ നാലഞ്ചുമാസം കിടന്നു്‌, ഭാരം ഒരു നൂറു കിലോ ആക്കിക്കൂടായിരുന്നോ? അവിടെപ്പോയി കഷ്ടപ്പേടേണ്ട കാര്യമുണ്ടായിരുന്നോ?

അതോ കുഞ്ഞുണ്ണിമാഷു പറഞ്ഞതുപോലെ

ജനിച്ച നാളു തൊട്ടെന്റെ
മകളിംഗ്ലീഷ്‌ പഠിക്കണം

എന്നോ മറ്റോ ചിന്തിച്ചിട്ടാണോ?

:-)

 
2/22/2006 05:24:00 PM ല്‍, Blogger reshma പറഞ്ഞു...

kudos!
ഒമ്പതാം മാസം ഇത്രേം ദൂരം...ആള് ചില്ലറക്കാരിയല്ല:)

 
2/22/2006 05:40:00 PM ല്‍, Blogger Santhosh പറഞ്ഞു...

മനൂ, താങ്കളൊറ്റയ്ക്കല്ല. എന്‍റെ മാതാശ്രീയും മറ്റു മാന്യ സുഹൃത്തുക്കളും വിചാരിച്ചത് ഞാന്‍ പ്രസവം കണ്ട് തലകറങ്ങി വീഴുമെന്നാ... ഇന്നാ എന്‍റെ വയറ്റീന്ന് എടുത്തോ എന്നു പറഞ്ഞു കെടന്നുകൊടുക്കുന്നതിനു തൊട്ടുമുമ്പ് വാമഭാഗം അടുത്തു നിന്ന നേഴ്സമ്മച്ചിയോടു പറഞ്ഞതിതാണ്: ‘ദേ ഈ നില്‍ക്കുന്നയാള്‍ കറങ്ങി വീണാല്‍ ഒന്നു പിടിച്ചാ കസേരയിലിരുത്തണേ’.

ഇപ്പോള്‍ പ്രസവ റൂമിലെക്കാര്യങ്ങള്‍ ഓരോന്നു പറയുമ്പോഴല്ലേ മനസ്സിലാവുന്നത്, ഇവിടെ വലിയ ധൈര്യശാലികളായി നടിച്ചു നടന്നവരൊക്കെ അവിടെക്കയറി കണ്ണും പൂട്ടി നില്‍‍പ്പായിരുന്നുവെന്ന്...

സസ്നേഹം,
സന്തോഷ്

 
2/22/2006 09:47:00 PM ല്‍, Blogger സു | Su പറഞ്ഞു...

:) അടുത്തതാവുമ്പോ കൂട്ടിന് എന്നെ വിളിക്കണേ. എനിക്ക് വല്യ ധൈര്യാ.( ഞാന്‍ തന്നെ പറയണം;) അമേരിക്കേം കാണാലോ.

 
2/23/2006 12:18:00 AM ല്‍, Blogger രാജ് പറഞ്ഞു...

വെറുതെയല്ല സീരിയല്‍ കണ്ടിരുന്നതുകൊണ്ടാണു പ്രസവപുരാണവും സീരിയലൈസ് ചെയ്തതു് അല്ലേ? എന്നാലും കമ്പ്ലീറ്റാക്കാമായിരുന്നു.

 
2/23/2006 01:23:00 AM ല്‍, Blogger Kalesh Kumar പറഞ്ഞു...

കുട്ട്യേടത്തി, സൂപ്പർ - ധൈര്യവും എഴുത്തും!
ബാക്കിക്കായി കാത്തിരിക്കുന്നു!

 
2/23/2006 01:27:00 AM ല്‍, Blogger Sreejith K. പറഞ്ഞു...

കഥ കലക്കി. അടിപൊളി.

അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു. വല്ല മണ്ടത്തരവുമാണ് സീരിയല്‍ കണ്ടോണ്ടിരുന്നപ്പൊ ഒപ്പിച്ചതെങ്കില്‍ അത് എനിക്കു തരണം കേട്ടോ. നമുക്കു മണ്ടത്തരങ്ങളില്‍ ഒരു കലക്ക് കലക്കാം

 
2/23/2006 04:41:00 AM ല്‍, Blogger Visala Manaskan പറഞ്ഞു...

ഗംഭീര പോസ്റ്റിങ്ങ്‌. സമ്മതിച്ചു തന്നിരിക്കുന്നു സഹോദരീ.

എട്ടൊമ്പത്‌ മാസം കഴിയുമ്പോള്‍, അടൂര്‍ ഭാസി നടക്കുമ്പോലെ നടക്കുന്ന പെണ്ണുങ്ങളെക്കാണുമ്പോള്‍ എനിക്ക്‌ വല്ലാത്ത ഒരു സിമ്പതി തോന്നാറുണ്ട്‌.

എന്തായാലും, ഒമ്പതാം മാസം ഫ്ലൈറ്റില്‍ അതും ഇത്രയും ടൈം യാത്ര ചെയ്യല്‍ നിസ്സാര റിസ്കല്ല ട്ടാ. പെങ്ങളെയും സമ്മതിച്ചു. അളിയനെയും സമ്മതിച്ചു.

 
2/23/2006 12:11:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ബിന്ദൂ,

ഒരു ബ്ലോഗ്‌ തുടങ്ങരുതോ ? എന്തെങ്കിലുമൊക്കെ എഴുതൂന്നേ.

സത്യം പറയട്ടെ, അടുത്ത ലക്കത്തിലെന്നൊക്കെ വല്യ ഗമയിലടിച്ചെങ്കിലും ബാക്കിയെഴുതാനാകെ മടി വരണൂ.

ഉമേഷേട്ടോ

അതു ചോദിച്ചാലെനിക്കുമറിഞ്ഞുകൂടാ. കൂടപ്പിറപ്പുകള്‍ 2 പേരുമിവിടെ പൌരത്വമൊക്കെ സ്വീകരിച്ചു കൂടിയവരാണ്‌. നാട്ടിലുള്ളതൊരു പൂട്ടിക്കിടക്കുന്ന വീടും പിന്നെ മാര്‍ക്കറ്റില്‍ പോകുന്ന പോലെ ഇന്ത്യ-അമേരിക്ക ഷട്ടില്‍ സര്‍വീസ്‌ നടത്തുന്ന ഒരപ്പനും മാത്രമാണേ. കല്യാണം കഴിച്ചപ്പോളാ സത്യം പറഞ്ഞാല്‍ പോകാനൊരു വീടൊക്കെയായത്‌. ആദ്യത്തെ പ്രസവമെങ്കിലും സ്വന്തം വീട്ടിലായില്ലെങ്കില്‍ മോശമല്ലേ ? അങ്ങനെയല്ല്യോ നാട്ടുനടപ്പ്‌ ? അവിടെയായിരുന്നെങ്കിലീപ്പറഞ്ഞ ധാര കഷായം പിഴിച്ചില്‍ ആദിയായവയും, 90 ദിവസോം പെറ്റുകിടപ്പും കുളിയും നനയുമൊക്കെ ചെയ്യിച്ചേനെ മനൂന്റമ്മ. എന്നാലും മോശമല്ലേ അമ്മായിയമ്മയെക്കൊണ്ട്‌ ...

H1 വീസ കിട്ടിയത്‌ നവമ്പറവസാനം. 2 ഉം കല്‍പ്പിച്ചിങ്ങു പോന്നു. അതുകൊണ്ടെന്തായി ? എന്റെ കുഞ്ഞുമോളുടെ ലോകത്താകെ ഞങ്ങള്‍ രണ്ടാള്‌ മാത്രം. അവിടെയായിരുന്നെങ്കിലെത്രയോ പേരുണ്ടാരുന്നേനെ അവളെയെടുക്കാനുമുമ്മവക്കാനും.

 
2/23/2006 12:45:00 PM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

കുട്ട്യേ,

ഞങ്ങള്‍ ഒരുപാടു പേരുണ്ടു് ഈ ബ്ലോഗുലകത്തില്‍ കുഞ്ഞുമോളെ ഓമനിക്കാന്‍. ഫിലാഡെല്ഫിയയില്‍ വരാന്‍ പറ്റിയില്ലെങ്കിലും അവിടെയും ഇവിടെയുമൊക്കെയിരുന്നു്.

പണ്ടെഴുതിയ ബന്ധുബലം എന്ന കഥ ഇപ്പോഴും വായിക്കുമ്പോള്‍ കണ്ണു നനയ്ക്കാറുണ്ടു്. ഈപ്പറഞ്ഞ ബന്ധുക്കളെല്ലാം ഇല്ലേ ഇവിടെ?

അമേരിക്കയുടെ കിഴക്കേ തീരത്തു് എന്തിനെങ്കിലും വന്നാല്‍ വരാം ട്ടോ കുഞ്ഞുമോളെക്കാണാന്‍.

- ഉമേഷ്

 
2/23/2006 01:09:00 PM ല്‍, Blogger reshma പറഞ്ഞു...

കുട്ട്യേട്ത്തിക്ക് കേറി വരാൻ ഇവിടെ NC യിലും ഒരു കൊച്ചുവീടുണ്ടെന്ന് കൂട്ടിക്കൊ:)

 
2/23/2006 03:02:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

രേഷ്മക്കുട്ട്യേ,

അവളേം വയറ്റിലിട്ടോണ്ട്‌ ഞാന്‍ നടന്ന നടപ്പ്‌ ചില്ലറയൊന്നുമല്ലാ. ബാംഗ്ലൂരില്‍ SAP India യില്‍ പ്രോജക്റ്റിലാരുന്നു ഞാനിങ്ങോട്ട്‌ പോരുന്നതിന്റെ തലേ ആഴ്ച വരെ. അതിയാന്‍ കേരളത്തിലല്ലിയോ ? മനോരമക്കാര്‍ക്കാണെങ്കില്‍ ആഴ്ചയിലൊരോഫ്ഫ്‌ മാത്രം. എന്തിനെങ്കിലും തികയുമോ ? എല്ലാ വെള്ളിയാഴ്ചയും വൈകിട്ട്‌ ഞാന്‍ പിന്നെ kallada, puzhekkadavil തുടങ്ങിയ ബസുകളിലൊക്കെ കേറിയങ്ങ്‌ പോകും. പിന്നീട്‌ മനു മലപ്പുറത്തിനു മാറി. മലപ്പുറത്തിനാണെങ്കില്‍ നമ്മുടെ ബാലക്രിഷ്ണപിള്ളയുടെ വണ്ടി മാത്രം. എന്നാലും പോക്കു കുറച്ചിട്ടില്ല. നാട്ടില്‍ നിന്നാലൊരിക്കലും 2 പേര്‍ക്കുമൊരുമിച്ച്‌ നിക്കാന്‍ പറ്റില്ലന്നുള്ള നഗ്ന സത്യം ഞങ്ങളെ നോക്കി പല്ലിളിച്ച്‌ കാണിച്ചപ്പോളാണമേരിക്ക എന്ന കടുങ്കയ്യെപറ്റി ഞങ്ങള്‍ ചിന്തിച്ചത്‌.

അവസാനമാസങ്ങളായപ്പോളേക്കും യാത്ര കുറക്കാന്‍ തീരുമാനിച്ചതാ. പക്ഷേ അപ്പോളേക്കും H1 ന്റെ തിരക്കുകളായിട്ടെന്തെങ്കിലുമൊക്കെ ഡോകുമെന്റ്സ്‌ ശരിയാക്കാന്‍ പോകേണ്ടി വരും കേരളത്തിലേക്ക്‌.

പുറത്ത്‌ വന്നതേ ഹന്ന മോളെന്നെയൊരു നോട്ടം നോക്കി. "കൊറേക്കാലമായി മുഖത്തു നോക്കി 2 വര്‍ത്താനം പറയണമെന്ന് വിചാരിച്ചിട്ട്‌. അമ്മയാള്‌ ചില്ലറക്കാരിയല്ലല്ലോ. എന്നേം വയറ്റിലിട്ടോണ്ട്‌ ബാംഗ്ലൂര്‍-തിരന്തോരം എത്രവട്ടം ഷട്ടിലടിച്ചു ? ഔട്ടോയില്‍ക്കേറി കുലുങ്ങി കുലുങ്ങി എത്ര നടന്നു. കോണ്‍സുലേറ്റില്‍ പോകാനും എല്ലം കഴിഞ്ഞു വിമാനത്തേലും... മ്‌ഹ്ഹ്‌.. ഞാനൊന്നും പറയണില്ല. grrrrrrrrrrrrrrrr $%#$%^$^$#$##*&&*$#$#%^$&^^

സൂ,

അടുത്തതിനെന്തായാലും വിളിക്കാംട്ടോ. ചേേട്ടനേം കൂട്ടിക്കോ. സൂ കറങ്ങി വീഴുമ്പോളെടുക്കാനാളില്ലാതെ പോകരുതല്ലോ. :))

സന്തോഷ്‌,

ഈ അമ്മമാര്‍ക്കൊന്നും മക്കളുടെ ധൈര്യത്തെപറ്റി മതിപ്പത്രപോരാല്ലേ ? മക്കളെത്ര വളര്‍ന്നാലുമമ്മമാര്‍ക്കിള്ള കുട്ടികള്‍ തന്നെ. ദിവ്യ പറഞ്ഞ അതേ ടയലോഗ്‌ തന്നെ ഞാനും പറഞ്ഞിരുന്നു നഴ്സമ്മയോട്‌.

എനിക്കിഷ്ടമാണിവിടുത്തെ ആ രീതി. ശരിക്കും fathers should witness it. The pain and trauma a mother goes thru, to give birth to a baby. പരസ്പര സ്നേഹം ഒന്നൂടെ ശക്തിപ്പെടുത്താന്‍ സഹായിക്കുമതെന്നാ എനിക്ക്‌ തോന്നുന്നേ.

'കൃഷ്ണന്‍ നായരെ പോലെ ആകാനാഗ്രഹിച്ചിരുന്ന ആളാണല്ലേ സന്തോഷ്‌? ടോമിനൊരു വാവ കൂടി ഉണ്ടായത്‌ അപ്ഡേറ്റ്‌ ചെയ്തിട്ടില്ലാട്ടോ.

പെരിങ്ങോടരേ,

1/2 വിന്ദിനൊക്കെ തുടരനെഴുതാമെങ്കില്‍ ഞാനുമൊന്ന് നോക്കട്ടെന്ന് ചിന്തിച്ചതിന്റെ ഫലമാണത്‌.

കലേഷേ,

ഈ ബള്‍ബും കലേഷും തമ്മിലെന്താ ബന്ധം ? റ്റ്യൂബ്‌ലൈറ്റാരുന്നെങ്കില്‍ പിന്നെ....

റീമയെ വിളിക്കാറൊക്കെ ഉണ്ടല്ലോല്ലെ ?

ശ്രീജിത്തേ,

മണ്ട ഇല്ലാത്തവന്റെ മണ്ടത്തരങ്ങളൊക്കെ ഉഗുഗ്രനാവണുണ്ടെന്ന് പ്രത്യേകിച്ച്‌ പറയണ്ടല്ലോ . എല്ലാം വായിക്കണുണ്ട്‌. സമയക്കുറവ്‌ കൊണ്ട്‌ വായിച്ചൂന്നറിയിക്കാന്‍ പറ്റാറില്ലെന്ന് മാത്രം.

വിശാലോ,

ദിവാകരേേട്ടന്‍ കലക്കീട്ടാ..

 
2/23/2006 03:27:00 PM ല്‍, Blogger രാജ് പറഞ്ഞു...

ശരിയാണു് ഉമേഷെ,
ബന്ധുബലം എഴുതി നമ്മളെയെല്ലാം നൊടിയിടകൊണ്ടു കൈയിലെടുത്ത കക്ഷിയാണു് ഈ കുട്ട്യേടുത്തി. സിബു, നമ്മളാരും മറന്നുപോകാതിരിക്കുവാന്‍ വേണ്ടി എഴുതിയിട്ട "നാരങ്ങപ്പാല്‌..” എന്ന ഗാനം പാടി കളിക്കുകയല്ലേ നമ്മള്‍ പരസ്പരം... ഞങ്ങള്‍ ഇത്തവണ കോരിയെടുത്ത ആട്ടിന്‍‌ക്കുട്ടി ‘മ്മടെ കുഞ്ഞുമോളല്ലേ!

 
2/24/2006 07:49:00 AM ല്‍, Blogger അരവിന്ദ് :: aravind പറഞ്ഞു...

"1/2 വിന്ദിനൊക്കെ തുടരനെഴുതാമെങ്കില്‍ ഞാനുമൊന്ന് നോക്കട്ടെന്ന് ചിന്തിച്ചതിന്റെ ഫലമാണത്‌" :-)) ശരിയാണ്. അരവിന്ദിനു ചെയ്യാമെങ്കിലാണോ ബാക്കി ബൂലോഗര്‍ക്ക്..എപ്പം ചെയ്തൂന്ന് ചോദിക്ക് അല്ലേ :-).
പക്ഷെ ഏടത്തീ, ഇദ് അരവിന്ദിന്റെ തുടരനേക്കാള്‍ വളരെ നന്നായി. :-))

 
2/24/2006 03:25:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ഉമേഷേട്ടോ,

ഈ സ്നേഹത്തിനെത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക !!!

ഇന്നലെ മുതല്‍ കുഞ്ഞുമോള്‌ ചിണുങ്ങാന്‍ തുടങ്ങിയതാ. അവള്‍ക്കിപ്പോ ഉമേഷ്‌ മാമന്റേം പെരിങ്ങോടനങ്കിളിന്റേം കൂടെ 'നാരങ്ങപ്പാല്‌ കളിക്കണമത്രെ. സിബുവച്ചാച്ചന്‍ തന്നെ പാട്ടും പാടണമെന്ന്‌.

അടുത്ത വര്‍ഷം താങ്ക്സ്ഗിവിങ്ങിനാകട്ടെ ന്ന് പറഞ്ഞവളെ തല്‍ക്കാലമാശ്വസിപ്പിച്ചു.

രേഷ്മേ,

വേഗം ആ അഡ്രസ്സും ഫോണ്‍ നംബറും മെയിലൈടിയുമൊക്കെയൊന്ന് തന്നേ. അടുത്ത ലോങ്ങ്‌ വീക്കെന്റില്‍ സത്യമായും ഞാനിടിച്ച്‌ കേറുമേ. അപ്പോ പിന്നെ കരിഞ്ഞചട്ടിയൊക്കെ എടുത്ത്‌ കാണിച്ച്‌ പറഞ്ഞില്ല..അറിഞ്ഞില്ല എന്നൊന്നും പറഞ്ഞുകളയരുത്‌.

പെരിങ്ങോടരേ,

ഈ സ്നേഹത്തിന്‌ മുന്‍പിലെന്റെ കണ്ണ്‍ നിറയുന്നു.

1/2വിന്ദേ,

ഈ പേരു മാറ്റിയേ ഒക്കൂ. ങ്ങളാളൊരു രണ്ടുമൂന്നരവിന്ദല്ലേന്റിഷ്ടാ ?

 
2/24/2006 03:29:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

വായാടിയേ,

സുസ്വാഗതം.

വേഗം പറഞ്ഞുതുടങ്ങൂ വിശേഷങ്ങളൊക്കെ.. വായിക്കാന്‍ ഞങ്ങളൊക്കെ കാത്തിരിപ്പാണ്‌.

 
2/25/2006 01:00:00 AM ല്‍, Blogger രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

ബാക്കിയെഴുതാന്‍ കൂടുതല്‍ ദിവസമെടുക്കല്ലേ. കുഞ്ഞുമോളെ കാണാന്‍ തിരക്കായി.

 
2/25/2006 02:01:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

കൊച്ച് വായിക്കാറാകുമ്പോഴേക്ക് ഈ പോസ്റ്റ് കളഞ്ഞേക്കണേ, ഇല്ലെൻകിൽ അതു കൊല്ലാൻ ശ്രമിച്ചതിനു രക്ഷിതാക്കൾക്കെതിരേ കേസുകൊടുക്കും. ആ ജാതി അക്രമല്ലേ അതിനോട് കാണിച്ചത്?????

 
6/27/2006 08:23:00 AM ല്‍, Blogger ULLAS പറഞ്ഞു...

Hi from Ullas:

I am your neighbor Ullas (Chanjody). Today I went through some of your postings. Superb. Keep blogging.
Convey my regards to Manjith
Hello to cutie Hanna
Checkout these pictures of Chanjody:
http://ullasca.blogspot.com/2006/06/snaps-of-chanjody-1.html
http://ullasca.blogspot.com/2006/06/snaps-of-chanjody-2.html
http://ullasca.blogspot.com/2006/06/snaps-of-chanjody-3.html

 
8/22/2009 04:29:00 AM ല്‍, Blogger freya പറഞ്ഞു...

ഇപ്പോളാ ഇതൊക്കെ വായിക്കാന് പറ്റിയത്. നല്ല അവതരണം.

 
7/22/2010 03:39:00 PM ല്‍, Anonymous Roy Thomas പറഞ്ഞു...

Prasava puranam vayichappol kunjunni kavitha orma vannu.
"Ennile enne muzhuvanum kaanippathinnu njan nooru janmam janichidenam". Kuttiyedathi nooralla erunooru janmam janichittundu. Athrakku thanmayee bhaavamundu Prasava puranathinu.
Aakamshayode,

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം