ഞായറാഴ്‌ച, മാർച്ച് 05, 2006

കുട്ട്യേടത്തി കണ്ട ഇന്‍ഡോനേഷ്യ

മധുവിധുരാവുകളും സുരഭില യാമങ്ങളും കഴിഞ്ഞു തിരിച്ചാപ്പീസിലെത്തിയതും ഇണ്ടാസ്‌ കിട്ടി. ഇന്‍ഡോനേഷ്യയിലേക്കൊരു പ്രോജക്റ്റ്‌ അസ്സൈന്‍മന്റ്‌ !

പ്രോജക്റ്റിനു പോകുന്നതൊക്കെയെനിക്ക്‌ വളരെയിഷ്ടമുള്ള കാര്യം തന്നെ. ഒന്നാമത്തെ കാരണം ശമ്പളം കിട്ടണതിനെക്കാള്‍ മൂന്നിരട്ടി കാശുണ്ടാക്കാം. പിന്നെ പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം, കൂടുതലാളുകളെയുമവരുടെയൊക്കെ ജീവിതരീതികളേയുമടുത്ത്‌ പരിചയപ്പെടാം. എല്ലാറ്റിലുമുപരി എന്റെ സ്വന്തം മേഖലയിലെ ജ്ഞാനം വര്‍ധിപ്പിക്കുകയും ചെയ്യാം. വിജ്ഞാന ദാഹത്തെക്കാളേറെ റെസ്യുമേയില്‍ നല്ല നല്ല പ്രൊജക്റ്റുകള്‍ വരുമെന്നതാണീ യാത്രകളൊടുള്ള മമതയുടെ മറ്റൊരു കാരണം.

പക്ഷേ ഇതെല്ലാം കല്യാണത്തിനു മുന്‍പുള്ള കഥ. ഇതിപ്പോ മധുവിധുവിന്റെ കെട്ടു വിട്ടിട്ടില്ല. ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ ഞങ്ങള്‍ക്കെന്നൊക്കെ മൂഢ‌സ്വര്‍ഗത്തില്‍ കഴിയുന്ന സമയം.

വെള്ളിയാഴ്ചകള്‍ വരാന്‍ വേണ്ടി മാത്രമാണു ജീവിക്കുന്നതെന്നു തോന്നിയ ദിവസങ്ങള്‍. ഇനിയൊരിക്കലും തിങ്കള്‍ വരല്ലേ എന്നാശിച്ചിരുന്ന വെള്ളികള്‍.

"അപ്പളാ ഒരിന്തോനേഷ്യ. വേറെയാളെ നോക്കണം. എന്നെ കിട്ടൂല്ല " എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പക്ഷേ...

പുട്ടടിക്കാന്‍ ജ്വാലിയില്ലാതെ പറ്റുമോ? അന്നന്നത്തെ പുട്ടിന്‌ വേണ്ടിയല്ലേ നമ്മളെല്ലാം.. ?

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഡോക്യുമെന്റ്‍സൊക്കെ ശരിയായി വരാന്‍ രണ്ടുമൂന്നു മാസമെങ്കിലുമെടുക്കുമല്ലോയെന്ന് വ്യാമോഹിച്ചിരുന്ന എന്നെ അടിമുടി ഞെട്ടിച്ചുകൊണ്ട്‌ 2 ദിവസത്തിനകം വീസ സ്റ്റാമ്പ്‌ ചെയ്ത്‌ പാസ്പോര്‍ട്ട്‌ തിരിച്ചെത്തി !

അങ്ങനെ വിരുന്നുണ്ട്‌ തീരുന്നതിനു മുന്‍പേ ഇന്‍ഡോനേഷ്യക്കു പോകാന്‍ ഞാന്‍ പെട്ടി പായ്ക്ക്‌ ചെയ്തു.


തിരുവനന്തപുരത്തൂന്ന് സിങ്കപ്പൂര്‍ക്കു രാത്രി പന്ത്രണ്ടരക്കു കേറി, 4 മണിക്കൂറു കഴിഞ്ഞ്‌ സിങ്കപ്പൂരിലിറങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോ വീണ്ടും സിങ്കപ്പൂര്‍ നിന്ന് ജക്കാര്‍ത്തയിലേക്കടുത്ത ഫ്ലൈറ്റില്‍.

തിരുവനന്തപുരത്തൂന്ന് ഫ്ലൈറ്റ്‌ പുറപ്പെട്ടത്‌ തന്നെ അര മണിക്കൂറോളം ലേറ്റായിട്ട്‌. സിങ്കപ്പൂരില്‍ ചെന്നിറങ്ങുമ്പോള്‍ ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പുറപ്പെടാന്‍ വെറും 25 മിനിറ്റ്‌ മാത്രം! സിങ്കപ്പൂര്‍ ചാങ്കി ഏയര്‍പ്പോര്‍ട്ടെന്നു പറഞ്ഞാലെന്താ ഏയര്‍പ്പോര്‍ട്ട്‌. നമ്മുടെ രമ്പുന്തനവരുതിക്കൊക്കെ 'യെങ്ങനെ 'യിന്റര്‍നാഷ്‌നല്‍' പട്ടം കിട്ടിയെടാ ' എന്നല്‍ഭുതപ്പെട്ടു പോകും. ഇറങ്ങിയ റ്റെര്‍മിനലില്‍ നിന്നും ജക്കാര്‍ത്ത ഫ്ലൈറ്റിന്റെ റ്റെര്‍മിനലിലേക്ക്‌ ഡയറക്ഷന്‍സ്‌ നോക്കി ഞങ്ങള്‍ നടക്കാന്‍, അല്ലാ ഓടാന്‍ തുടങ്ങി.

ഈ ചട്ടമ്പിസ്വാമികള്‍ എന്നൊക്കെ പറയണ പോലെ കുട്ട്യേടത്തി ബഹുമാനപുരസ്സരം 'ഞങ്ങള്‍' എന്നു പറഞ്ഞതാണെന്ന് വിചാരിച്ചോ?അല്ലെന്നേ. എന്റെ കൂടെ എന്റെ മാനേജര്‍ കൂടിയുണ്ടെന്നതൂ ഞാന്‍ പറയാന്‍ വിട്ടു പോയതാ. അങ്ങേരെന്നെങ്കിലുമിതൊക്കെ വായിച്ച് എന്റെ പേരില്‍ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാതിരിക്കാനൊരു മുന്‍കരുതലെന്ന നിലയില്‍ നമുക്കദ്ദേഹത്തെ ആദ്യന്തം വെറും മനേജറെന്നു മാത്രം വിളിക്കാം.

ഞാനാരാ ബുദ്ധിമതി? ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിയാവുന്നതു കൊണ്ടു ഞാന്‍ ലാപ്ടോപ്പൊഴികെ ബാക്കി എല്ലാ ലഗേജും ചെക്കിന്‍ ചെയ്യിച്ചു. മനേജരാകട്ടെ, എന്റത്ര ബുദ്ധിയില്ലാത്തതു കൊണ്ട്‌ വല്യ ഒരു പെട്ടി കയ്യിലെടുത്തിട്ടുണ്ട്‌. ഞാനാളുകളെയൊക്കെ വകഞ്ഞ്‌ മാറ്റി മീന്‍ വെള്ളത്തില്‍ കൂടെ പോകുന്ന പോലെ വളഞ്ഞു പുളഞ്ഞോട്ടമാണ്‌. മാനേജര്‍ പാവം പെട്ടിയും വലിച്ചെന്റെ പിന്നാലെ ഓടിയെത്താന്‍ വല്ലാതെ കഷ്ടപ്പെടണുണ്ട്‌.

ആമയും മുയലുമോട്ടത്തിന്‌ പോയപോലെ ഞാന്‍ കുറച്ച്‌ ദൂരമോടിയിട്ടു തിരിഞ്ഞു നില്‍ക്കും. മാനേജരുടെ പൊടി പോലുമില്ല! അപ്പോ ഞാനതേ വെഗത്തില്‍ യൂ റ്റേണെടുത്ത്‌ 2-3 സ്റ്റെപ്പ്‌ പിന്നോട്ടോടി നോക്കും. അപ്പോള്‍ കാണാം പാവം മാനേജര്‍ പെട്ടിയൊക്കെ തൂക്കി പിടിച്ച്‌ 'വയറിതാ മുന്നേ ഞാനിതാ പിന്നേ ' എന്നുള്ള രീതിയില്‍ പ്രാഞ്ചി പ്രാഞ്ചി വരുന്നത്‌. ഞാനുടനെ റിവേഴ്‍സ്‌ ഗിയറിലിട്ട്‌ പുറകോട്ടോടിക്കൊണ്ടു കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു. “കണ്ണെത്തണ ദൂരത്തില്‍ തന്നെ ഞാനുണ്ടുട്ടോ, ഫ്ലൈറ്റ്‌ പിടിച്ചു നിറുത്തണ കാര്യം ഞാനേറ്റെന്നെ. ഒന്നും പേടിക്കേണ്ട” എന്നെല്ലാമുറപ്പു കൊടുത്തിട്ട് എന്റെ ഓട്ടം തുടരും.

അങ്ങനെയോടിക്കിതച്ചു ഞങ്ങള്‍ ജക്കാര്‍ത്ത ഫ്ലൈറ്റിലെങ്ങനെയൊക്കെയോ കേറിപ്പറ്റി. ഒരു മണിക്കൂറ്‌ കൊണ്ട്‌ ജക്കാര്‍ത്തയിലെത്തി. ഏയര്‍പ്പോര്‍ട്ടിലിറങ്ങി ഇമ്മിഗ്രേഷന്‍ ചെക്കിനുള്ള ഭാഗത്തേക്കു നടക്കുന്ന വഴിക്കതാ ഒരു പേപ്പറില്‍ മത്തങ്ങാ വലിപ്പത്തിലെന്റെ പേരെഴുതി വച്ചിരിക്കണൂ !


ഹോ ഞാനെന്നെക്കൊണ്ടു തോറ്റു. ഈ പോപ്പുലാരിറ്റി പണ്ടേയെനിക്കിഷ്ടമില്ലാത്ത കാര്യമാണ്‌. ഈ യാത്ര പരമരഹസ്യമാക്കി വച്ചിരുന്നതാണല്ലോ. എന്നിട്ടും ഫാന്‍സാരോ മണത്തറിഞ്ഞിരിക്കണൂ. ജക്കാര്‍ത്തയില്‍ പോലും ഞാന്‍ ഫേയ്മസാണെന്നു വച്ചാലെന്താപ്പൊ ചെയ്ക ?

ഇതിലൊന്നും മതിമറന്നു പോകുന്ന ആളല്ല മോനേ ഈ ഞാനെന്നു മനസ്സിലുറപ്പിച്ചു മുന്നോട്ടു നടന്നപ്പോ ദേ ‘വീണ്ടുമതേ വായ്നാറ്റം’ എന്നു പറഞ്ഞ പോലെ വീണ്ടും അതേ പേപ്പറില്‍ അതേ പേര്‌.

ഞാനാ റ്റൈപ്പല്ല കേട്ടോ. നിങ്ങള്‍ക്കാളു മാറിപ്പോയതായെന്നൊക്കെ മനസ്സില്‍ പറഞ്ഞു മുന്നോട്ടു നീങ്ങി.

‘കണ്ടവരുണ്ടോ' എന്നാരിക്കുമോ? ഏയ്‌, അതിനു ഫോട്ടം കൂടി വക്കേണ്ടതല്ലേ ?

'വാണ്ടട്‌' എന്നാരിക്കുമോ.. ? കുപ്രസിദ്ധ കുറ്റവാളിയും അന്താരാഷ്ട്ര കള്ളക്കടത്തുകാരിയുമായ കുട്ട്യേടത്തിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ തക്ക ഇനാമെന്നൊക്കെ. ഏയ് ആയിരിക്കില്ല.

ദേ പിന്നേമെഴുതി വച്ചിരിക്കണൂ. ഇതു മഹാ തെണ്ടിത്തരമല്ലേ? കൃഷ്ണന്നായര്‌ വായിച്ചിരുന്നെങ്കില്‍ 'ജുഗുപ്സാവഹമെന്ന്' പറഞ്ഞേനെ. കേവലമൊരു കൊച്ചുപെണ്‍കുട്ടി(?)യായ എന്റെ, അതും ദാമ്പത്ത്യ ജീവിതത്തില്‍ പിച്ചവച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു പുത്തനച്ചിയുടെ പേരിങ്ങനെ പരസ്യമായി ഏയര്‍പോര്‍ട്ടായ ഏയര്‍പോര്‍ട്ട്‌ മുഴുവനുമെഴുതിവക്കാന്‍ പാടുണ്ടോ ? ഇത്‌ ചോദിച്ചിട്ട്‌ തന്നെ കാര്യം.

എന്താണെന്നൊന്നു വായിച്ചു നോക്കട്ടെ. 'കുട്ട്യേടത്തി, പ്ലീസ്‌ റിപ്പോര്‍ട്ട്‌ അറ്റ്‌ ദ 'ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ട്‌' കൌണ്ടര്‍' എന്നാണാ പേപ്പറിലെഴുതിയിരിക്കണത്‌. എന്നിട്ടടിയില്‍ കോളേജ്‌ പിള്ളാര്‌ ലൌ സൈന്‍ വരച്ചിട്ട് ആരോയിടണ പോലെ ഒരാരോയും.

പിന്നീടങ്ങോട്ട് 'ആരോ' കാണിച്ച വഴിയിലൂടെയായി എന്റെ നടപ്പ്‌.

'ലോസ്റ്റ്‌ ആന്റ്‌ ഫൌണ്ടോ' ? എന്റെയെന്തെങ്കിലും കാണാതെ പോയെന്നു ഞാനാരോടും പരാതിയൊന്നും പറഞ്ഞില്ലല്ലോ. കഴുത്തിലെ മാല യഥാസ്ഥാനത്ത്‌ തന്നെയുണ്ട്. മാലയുടെ അറ്റത്ത്‌ താലി, അതുമുണ്ട്‌. പേരെഴുതിയ മോതിരം, കാലിലെ പാദസരം... എല്ലാം ഉണ്ട്. കമ്മലിന്റെ പിരിയൊക്കെ മുറുകി തന്നെയാണല്ലോ. ലാപ്റ്റോപ്‌ തോളത്തുണ്ട്‌. പഴ്സും അതിനുള്ളില്‍ ഒരാവശ്യവുമില്ലാതെ വച്ചിരിക്കുന്ന ഇന്‍ഡ്യന്‍ രൂപായും അവിടെത്തന്നെയുണ്ട്‌. പിന്നെ ഇന്‍ഡോനേഷ്യയിലെ ഉപയോഗങ്ങള്‍ക്കായി ആപ്പീസില്‍ നിന്നും തന്ന 600 ഡോളറും അവിടെത്തന്നെയുണ്ട്‌.

ഇനിയിപ്പോ എന്നെത്തന്നെയാരിക്കുമോ കാണാതെ പോയത്‌ ?

തെരക്കില്‌ ഞാന്‍ ഫ്ലൈറ്റ്‌ മാറിയോ മറ്റോ ആണോ കേറിയത്‌? അപ്പോള്‍ പിന്നെ യിതേതെയര്‍പോര്‍ട്ട്‌? ദൈവമേ..എവിടെയെങ്കിലുമൊന്നു 'ജക്കാര്‍ത്ത' എന്നെഴുതിയിരിക്കണ കണ്ടിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നു.

അങ്ങനെ നടന്നു നടന്നു ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ടിലെത്തി. അതിന്റെ വാതില്‍ക്കലുമെഴുതി വച്ചിട്ടുണ്ടെന്റെ തിരുനാമധേയം. കൊടുങ്കാറ്റു പോലെയതിനകത്തേക്കു കേറിയിട്ടു ഞാന്‍ ചോദിച്ചു.

" ഞാനാണു നിങ്ങളന്വേഷിക്കുന്ന കുട്ട്യേടത്തി. എന്തിനാണു നിങ്ങളീ ഏയര്‍പോര്‍ട്ടിലാകമാനമെന്റെ പേരെഴുതി ഒട്ടിച്ചു വച്ചിരിക്കണത്‌? "

" ഞങ്ങള്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ക്കതിയായ ഖേദമുണ്ട്‌"

എങ്ങനെ സംഭവിച്ചതില്‍? അല്ല, ആക്ച്ച്വലിയെന്താ പ്രശ്നം?ഇതുങ്ങളെല്ലാമെന്തിനാ എന്നോട്‌ ക്ഷമ ചോദിക്കണേ?

"നിങ്ങളുടെ ഫ്ലൈറ്റ്‌ സിങ്കപ്പൂരിലെത്താന്‍ വൈകിയതാണെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. "

എന്തു പ്രശ്നം? എനിക്കു പ്രശ്നമൊന്നുമില്ലല്ലോ. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഒന്നു പറഞ്ഞു തൊലക്കെന്റെ പെങ്കൊച്ചേ...

" സിങ്കപ്പൂര്‍ ഫ്ലൈറ്റ്‌ വന്നതിനും ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പൊങ്ങുന്നതിനുമിടയില്‍ ഞങ്ങള്‍ക്ക വളരെ കുറച്ച്‌ സമയമേ കിട്ടിയുള്ളൂ. "

അതെനിക്കുമങ്ങനെ തന്നെ. ഞാനോടിയ ഓട്ടത്തിന്റെ കിതപ്പിപ്പളും മാറിയിട്ടില്ല!

"നിങ്ങള്‍ നിങ്ങളുടെ പേരുമഡ്രസ്സും താമസിക്കുന്ന സ്ഥലത്തെ ഫോണ്‍ നമ്പറും തന്നാല്‍ ഞങ്ങള്‍ സാധനം നിങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നു തരാം "

എന്തോന്ന് ? അയ്യേ.... ച്ചേ ച്ചേ.... ഞാനാ റ്റൈപ്പല്ല്ലാന്ന് ആദ്യമേ പറഞ്ഞതല്ലേ ? ഏത്‌ സാധനത്തിന്റെ കാര്യമായിവരീ പറയണത്‌ ? പണ്ട്‌ ദാസനും വിജയനും കൂടി 'സാധനം കയ്യിലുണ്ടേ' എന്ന് വിളിച്ച്‌ കൂവി നടന്നതോര്‍മ വന്നു എനിക്കപ്പോള്‍.

" നിങ്ങളുടെ ഒരു പെട്ടി മിസ്സിങ്ങാണ്‌. നിങ്ങള്‍ വന്ന ഫ്ലൈറ്റിലാ പ്പെട്ടി എത്തിയിട്ടില്ല. സിങ്കപ്പൂരില്‍ വച്ച്‌ പെട്ടികളൊരു ഫ്ലൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറ്റിയപ്പോള്‍ സംഭവിച്ച ഒരു .. "

ഓഹോ.... അപ്പമതാണു കാര്യം ??

" നിങ്ങളുടെ കാണാതായ പെട്ടിയുടെ നിറം, മണം, ഗുണം, രുചി, കടുപ്പം, നീളം പൊക്കം, വണ്ണം, ബ്രാന്‍ഡ്‌ ഇതെല്ലം ഈ പേപ്പറിലെഴുതി നിങ്ങളുടെ അഡ്രസും എഴുതി തന്നിട്ട്‌ നിങ്ങള്‍ക്കു പോകാം. പെട്ടി നിങ്ങളുടെ വീട്ടിലെത്തിക്കും ഞങ്ങള്‍."

" ഇനി അഥവാ പെട്ടി നഷ്ടപ്പെട്ടാല്‍.. പെട്ടി കിട്ടിയില്ലെങ്കില്‍, ഞങ്ങള്‍ നഷ്ടപരിഹാരമായി നിങ്ങള്‍ക്ക്‌ 200 ഡോളര്‍ തരും "

ഇത്‌ കൊള്ളാമല്ലോ!! എന്റെ പെട്ടിയിലാകെയുള്ളത്‌ 3-4 ജോടി പാന്റ്സും ഒരഞ്ചോ ആറോ ഷര്‍ട്ട്‌/റ്റോപ്പും. റ്റോപ്പൊക്കെ ബാങ്ക്ലൂരില്‍ന്നു സെയ്‌ലിനും മറ്റും മേടിച്ചത്‌. മൂന്നെണ്ണം നൂറു രൂപ ഓഫറില്‍ മേടിച്ചതാണധികവും. ഞാനൊരൊന്നാന്തരം പിശുക്കിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലാല്ലേ ? ഒരു രൂപാ ചെലവാക്കണതിന്‌ മുന്‍പ്‌ 3 പ്രാവശ്യമാലോചിച്ച്‌ കളയും. (ഞാനിപ്പോളീയൊരു രൂപാ കൊടുത്ത്‌ മേടിക്കാന്‍ പോകുന്ന സാധനം/സേവനം 95 പൈസക്ക്‌ വേറെയെവിടെയെങ്കിലും കിട്ടാനെന്തെങ്കിലും സാധ്യതയുണ്ടോ എന്നും മറ്റുമൊക്കെ ചിന്തിച്ചിട്ടേ ഒരു രൂപ പോലും ചെലവാക്കൂ).

പെട്ടി കിട്ടിയില്ലെങ്കില്‍ കിട്ടാന്‍ പോകുന്ന 200 ഡോളര്‍ കൂടി കിട്ടുമ്പോ എന്റെ അക്കൌണ്ടിലെ ബാലന്‍സെത്രയാകുമെന്നൊക്കെ കാല്‍ക്കുലേറ്റ്‌ ചെയ്തു കൊണ്ട്‌ ഞാനവരുടെ ഫോം ഫില്ല് ചെയ്യാന്‍ തുടങ്ങി.

ഏതു പെട്ടിയാ കാണാതെ പോയതെന്നറിഞ്ഞാലല്ലേ പെട്ടീടെ നീളവണ്ണനിറാദികളെഴുതാന്‍ പറ്റുള്ളൂ..

തൊട്ടു മുന്‍പിലുള്ള ബാഗേജ്‌ ക്ലെയിം ഏരിയയില്‍ പെട്ടികളൊക്കെ യിങ്ങനെ ബെല്‍റ്റിലൂടെ കറങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാവരുമൊക്കെ പെട്ടിയെടുത്ത്‌ പോയിക്കഴിഞ്ഞിരുന്നതുകൊണ്ട്‌ ഞങ്ങളുടെ പെട്ടി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. എന്റെ ഒരു പെട്ടി വന്നു.

അപ്പോള്‍ മറ്റവനാണല്ലേ പോയത്‌ ? അതിനകത്ത്‌ ചുമ്മാ നേറ്റിതുണികള്‍ മാത്രം..എല്ലാം പീറചുരിദാറുകള്‍. മൊത്തം 500 രൂപയുടെ തുണി പോലുമില്ല.

ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം ? ഹായ്‌ ഹായ്‌.. ഞാനിങ്ങനെ കിട്ടാന്‍ പോകുന്ന 200 ഡോളറിനെ പറ്റിയുള്ള സുന്ദര സ്വപ്നങ്ങളില്‍ ലയിച്ച്‌ മാനേജര്‍ കൂടി പെട്ടിയെടുത്ത്‌ വരാന്‍ വെയിറ്റ്‌ ചെയ്യുകയാണ്‌. ദൈവമേ... പെട്ടിയിനിയവര്‍ക്ക്‌ കിട്ടുമോ ?

എയ്‌..ഇല്ലാരിക്കുമല്ലേ.. ? സിങ്കപ്പൂര്‍ ഏയര്‍പോര്‍ട്ടിലൊരു ദിവസം വന്നിറങ്ങുന്ന ലക്ഷക്കണക്കിനു പെട്ടികളില്‍ നിന്നെന്റെയീ പച്ച നിറമുള്ള പെട്ടി എങ്ങനെ കിട്ടാന്‍ ?

ദൈവമേ... കിട്ടല്ലേ... അന്തോനീസ്‌ പുണ്യാളോ....വേളാങ്കണ്ണി മാതാവേ... മുതലക്കുടത്ത്‌ മുത്തപ്പോ... ചാവറയച്ചോ.... ഞാന്‍ കൂടു തുറന്നൊരു കുര്‍ബാന ചെല്ലിച്ചേക്കാമേ.

പെട്ടിയുടെ നിറവും നീളവും ബ്രാന്‍ഡുമൊക്കെ തെറ്റിച്ചെഴുതി ക്കൊടുത്താലോ ? ഹോ .. ഞാനെന്നെക്കൊണ്ട്‌ പിന്നേം തോറ്റു. യെന്തൊക്കെ ഐടിയകളാ? യെന്തൊരു പുത്തിയാ യെനിക്ക്‌. ?

"അയ്യോ..എന്റെ കാണാതെ പോയ പെട്ടി പോലെ തന്നെയിരിക്കുന്നല്ലോ ആ പെട്ടി " ബെല്‍റ്റിലൂടെയൊഴുകി വരുന്ന പെട്ടി നോക്കി ഞാനുറക്കെ പറഞ്ഞു പോയി.

ഓ...ആ പെട്ടിയെന്റെ വീട്ടിലുണ്ടാക്കിയതൊന്നുമല്ലല്ലോ..എത്രയോ ആളുകള്‍ക്ക്‌ കാണുമതുപോലൊന്ന്.

എന്നാലുമെന്റെ പെട്ടീടെയതേ നിറം..അതേ ബ്രാന്‍ഡ്‌.. അതേ നീളം വണ്ണാം..പൊക്കം.. എന്റെ അതേയിഷ്ടാനിഷ്ടങ്ങളുള്ള ആരുടെയോ ആയിരിക്കണമല്ലോ അത്‌.

കല്യാണം കഴിഞ്ഞു പോയി... ഇനിയിപ്പോ ഇഷ്ടാനിഷ്ടങ്ങളുള്ളയാളെ കണ്ടു ‍പിടിച്ചിട്ടും കാര്യമൊന്നുമില്ല..എന്നാലും ആ പേരൊന്നു വായിച്ചേക്കാം.

പെട്ടിയെന്റെ അടുത്തെത്തി. 'കുട്ട്യേടത്തി' ടെക്നോപാര്‍ക്ക്‌, കേരള'

കൊള്ളാം !! പേരു ബോറാണെങ്കിലും മലയാളിയാണല്ലോ.

"അയ്യോ..അതെന്റെ പേരല്ലേ ' ???..'ഐടന്റിറ്റി തെഫ്റ്റ്‌' !!! ഏതോ കള്ളിയവളുടെ പെട്ടിയിലെന്റെ പേരെഴുതിയൊട്ടിച്ചിരിക്കുന്നു.

ഈശ്വരാ..അതെന്റെ കയ്യക്ഷരം പോലുണ്ടല്ലോ ..

അപ്പോ കാണാതെ പോയീന്ന് പറഞ്ഞ്‌ വെറുതെ കൊതിപ്പിച്ചിട്ട്‌ ?

മാനേജര്‍ ഒരു പെട്ടികിട്ടി രണ്ടാമത്തെ പെട്ടി തപ്പി നടപ്പാണ്‌. അപ്പോളേക്കുമെനിക്ക്‌ പതുക്കെ സംഭവത്തിന്റെ കെടപ്പുവശം പിടികിട്ടി തുടങ്ങി.

പെട്ടി കാണാതെ പോയതെന്റെയല്ല, മാനേജറിന്റെയാണ്‌. !!!!!

പിന്നെന്തിനീ ദ്രോഹികളെനിക്കാശ തന്നു ? ആന കൊടുത്താലും.. ആശ കൊടുക്കരുതെന്നല്ലേ ?

അതു നമ്മുടെ രമ്പുന്തനവരുതിക്കാര്‌ പറ്റിച്ച പണിയാണ്‌. ഒരുമിച്ചു യാത്ര ചെയ്യുന്ന ഒന്നിലധികമാള്‍ക്കാരുടെ ടിക്കറ്റ്‌ ഒരുമിച്ചു ചെക്കിന്‍ ചെയ്യാന്‍ കൊടുത്താല്‍ , 2 പേര്‍ക്കുമടുത്തടുത്തുള്ള സീറ്റ്‌ കിട്ടുമെന്നു മാത്രമല്ല, 2 പേരുടേയും പെട്ടികളുമവരൊരുമിച്ച്‌ ചെക്കിന്‍ ചെയ്യും. പെട്ടിയിലൊട്ടിക്കാനുള്ള ഐഡന്റിഫിക്കേഷന്‍ റ്റാഗ്‌ പ്രിന്റ്‌ ചെയ്യുമ്പോ, ആരുടെയെങ്കിലുമൊരാളുടെ പേരില്‍ പ്രിന്റ്‌ ചെയ്തിട്ടെല്ലാ പെട്ടിയിലുമൊട്ടിക്കും. അങ്ങനെ മനേജരുടെ പെട്ടിയേലുമെന്റെ പേരായി പോയി.

പാവം ഞാന്‍ ഒരിക്കലും കിട്ടാത്ത ഡോളറിനെ പറ്റി മോഹന സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട്‌ വെള്ളമിറക്കിയത്‌ മിച്ചം !!!!!

33 അഭിപ്രായങ്ങള്‍:

3/05/2006 09:58:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

മണ്ടന്മാര്‍ ഇന്‍‌ഡോനേഷ്യ കണ്ട കഥ ഇവിടെയുണ്ട് ഇവിടെയുണ്ട് . വായിക്കുക.

 
3/05/2006 10:15:00 PM ല്‍, Blogger ശനിയന്‍ \OvO/ Shaniyan പറഞ്ഞു...

കുട്ട്യേടത്തി, എന്റെ ആദ്യ യാത്രയും ഏകദേശം ചരിത്രമായിരുന്നു. വൈകാതെ എഴുതാം.. കൊള്ളാം! അനുഭവങ്ങള്‍ പാളിച്ചകള്‍, അല്ലെ?

 
3/05/2006 10:40:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

മുതലക്കോടത്തു മുത്തപ്പനെ വിളിച്ച ഭാഗം വന്നപ്പോള്‍ എന്റെ രോമം മുരിങ്ങാക്കോലു പൊലെ എഴുന്നേറ്റു നിന്നു. ഞാനൊരു തൊടുപുഴ....

ബിന്ദു

 
3/05/2006 10:46:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ബിന്ദു ഒരു 'രോമന്‍' കത്തോലിക്കയാണല്ലേ :))

 
3/05/2006 11:31:00 PM ല്‍, Blogger രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

നല്ല വിവരണം.
ഒഴുക്കുള്ള ശൈലി.

 
3/05/2006 11:48:00 PM ല്‍, Blogger ദേവന്‍ പറഞ്ഞു...

മനസ്സിലായി. നാടകക്കാരുടെ സ്റ്റേജും സര്‍ക്കസ്സുകാരുടെ ടെന്റും കത്തി ബാങ്ക്‌ ബാലന്‍സ്‌ കൂടുന്നതുപോലെ. എസ്‌ എസ്‌ ഐ യൂണിറ്റ്‌ ഗോഡൌണിനു തീപ്പിടിച്ച്‌ മകളെ കെട്ടിക്കാനുള്ള സ്വര്‍ണ്ണമായി മാറുന്ന മായാജാലം പോലെ..

ഉലഹം ചുറ്റും പെട്ടികളുടെ ജീവിതം ം വലിയ കഷ്ടമാ. ഒരു സേമ്പിള്‍:

ദുബയില്‍ പാറപ്പന്‍ ചേട്ടനു ലീവ്‌ ഡ്യൂ ആകുന്നു. മഴക്കാലമായതുകൊണ്ട്‌ ഹോള്‍സെയില്‍ കടയില്‍ പോയി ഒരമ്പത്‌ മടക്കു കുട വാങ്ങി വച്ചു, കോളനിയില്‍ എല്ലാവരും ആവശ്യപ്പെടും. വീട്ടില്‍ വിളിച്ച്‌ എന്തു വാങ്ങണമെന്ന് തിരക്കി. മകള്‍
"ഡാഡീ, ഡാഡീ എനിക്കാ അപ്പിയിട്ടപോലത്തെ പാപ്പം വാങ്ങിച്ചോണ്ട്‌ വരണേ" എന്ന് അവളുടെ ഇഷ്ടഭോജ്യമാവശ്യപ്പെട്ടുപ്പെട്ടതിന്‍ പ്രകാരം ഒരു ബണ്ടില്‍ സോസേജ്‌ വാങ്ങി. പൊട്ടിയൊലിക്കാരിതിരിക്കാന്‍ എല്ലാംകൂടി അപ്പനു വാങ്ങിയ ജപ്പാന്‍ കൈലിമുണ്ടുകളില്‍ പൊതിഞ്ഞു. പുത്തന്‍ 'ഡെത്സീ' ഒരെണ്ണം വാങ്ങിച്ചു- കാര്‍ട്ടനില്‍ ഇതെല്ലാം അടച്ചുകൊണ്ട്‌ ചെന്നിറങ്ങിയാല്‍ കണ്‍സ്റ്റ്രക്ഷന്‍ വര്‍ക്കറാണെന്ന് എല്ലാരും വിചാരിക്കത്തില്ലിയോ കൂവേ.

റൂമിലെ മറ്റു നാലുപേരും ചേര്‍ന്ന് ഡെത്സീയെയും പാറപ്പായിയുടെ മറ്റു മൂന്നു പെട്ടിയേയും പാക്കിംഗ്‌ സ്റ്റ്രാപ്പിട്ട്‌ വരിഞ്ഞുകെട്ടി. മാസ്കിംഗ്‌ ടേപ്പാലെ ഒരു ചുറ്റും ചുറ്റി പാറപ്പന്‍ ഡി എക്സ്‌ ബി - ടി ആര്‍ വി എന്ന് മാര്‍ക്കര്‍ പേനകോണ്ട്‌ നാലുവശവും എഴുതി. ഉറുമ്പ്‌ ബ്രെഡ്ഡ്‌ എടുത്തുകൊന്റു പോകുമ്പോലെ റൂമില്‍ മേറ്റുന്നവരും അയലത്തു
മേറ്റുന്നവരും കൂടെ പെട്ടി താങ്ങി ഒരു പിക്കപ്പിലിട്ട്‌ എയര്‍പ്പോര്‍ട്ടിലിറക്കി. പോലീസുകാരന്റെ ഷൂ നക്കിത്തുവര്‍ത്തി ഐവര്‍ സംഘം എയര്‍പ്പോര്‍ട്ടിന്റെ ഉള്ളില്‍ കയറി ബാഗ്ഗേജ്‌ ചെക്ക്‌ ഇന്‍ ചെയ്തു പോര്‍ട്ടര്‍ക്കുള്ള പത്തു രൂപാ ലാഭിച്ച്‌ കൃതാര്‍ത്ഥരായി.

ബാഗ്ഗേജ്‌ കണ്വെയറിന്റെ പാളങ്ങള്‍ തുറക്കുകയും അടയുകയും ചേരുകയും പിളരുകയും നൂറ്റൊന്നു തവണ ചെയ്തു. ഓരോ യൂ ടേണിലും ഡെത്സീ കരണം മറിഞ്ഞ്നുകൊണ്ടേയിരുന്നു. കുഴഞ്ഞുപോയ അവള്‍ കണ്‍വെയറില്‍ ഒരിടത്ത്‌ പറ്റിപ്പിടിച്ചു നിന്നു. ബാക്കി പെട്ടികള്‍ റൂട്ട്‌ ബോര്‍ഡിന്‍പടി തിരുവന്തോരത്തിനു പൊയി. ഡെത്സീ വഴിയരികില്‍ കിടക്കുമ്പോള്‍ ഒരു വലിയ സാംസണൈറ്റ്‌ വന്ന് അവളെ ഇടിച്ചു നിലത്തിട്ടു. അവന്‍ വലിച്ചിഴച്ച വഴിയേ അവള്‍ പോയി. ലണ്ടന്‍ ഹീത്രുവിലെ ബാഗ്ഗേജ്‌ ചെക്കൌട്ടില്‍ അനാഥയായി അനന്തകോടി വട്ടം ചുറ്റി. ഒടുക്കം ഒരുത്തന്‍ അവളെ പിടികൂടി നിലത്തിട്ടു. ഫോര്‍ക്ക്ലിഫ്റ്റില്‍ കയറ്റി ഒരു ജെയിലിലടച്ചു.

പാറപ്പന്‍ രണ്ടു മണിക്കൂര്‍ തിരുവനന്തപുരത്ത്‌ കാത്തു നിന്നിട്ട്‌ ഒരു ക്ലെയിം ഫോം ഫില്ല് ചെയ്തിട്ട്‌ വീട്ടില്‍ പോയി. കഞ്ഞിക്കുഴി പഞ്ചായത്തില്‍ എല്ലാ ആളുകളും ആ മണ്‍സൂൊണ്‍ കാലത്ത്‌ മഴ നനഞ്ഞു പനി പിടിച്ചു. പാറപ്പന്റപ്പന്‍ ചേറപ്പന്‍ കിബ്സ്‌ മാര്‍ക്ക്‌ ലുങ്കി ഉടുത്തു. മോള്‍ അപ്പിപ്പാപ്പം കിട്ടാതെ വാശി പിടിച്ച്‌ കരഞ്ഞ്‌ അടി വാങ്ങി. ആഴ്ചയില്‍ ഒരിക്കല്‍ പാറപ്പന്‍ എയര്‍ലൈനില്‍
വിളിച്ച്‌ പെട്ടിയുടെ കാര്യം തിരക്കി. അവസ്സാനം അസ്സെസ്സ്‌ ചെയ്ത്‌ കിട്ടിയ 75 ഡോളര്‍ മതിയെന്ന് ഒപ്പിട്ടു കൊടുത്തു. പിന്നെ ലീവ്‌ കഴിഞ്ഞ്‌ ദുബായിക്ക്‌ തിരിച്ചു പോയി.

3 മാസത്തിനു ശേഷം ഡെത്സീ അനാഥരായ മറ്റു പല പെട്ടികളുടെയും കൂടെ വിമാനത്തിന്റെ ബേസ്‌ സ്റ്റേഷനായ ദുബായില്‍ തിരിച്ചെത്തി. പാറപ്പന്റെ മോളുടെ വാക്ക്‌ അറം പറ്റിയെന്നോണം ഡെത്സീന്‍റെ ഉള്ളില്‍ നിറയുന്ന പാപ്പം അപ്പിയുടെ നിറവും മണവും ആയിക്കഴിഞ്ഞിരുന്നു. ആ മണം പരിചയമില്ലാത്ത പോലീസ്‌ പട്ടി അവളെ മണത്ത്‌ പ്രാണനും കൊണ്ടോടി കൂട്ടില്‍ കയറി. വിമാനത്താവളത്തില്‍ ഒരു പട്ടാണി പ്ലാസ്റ്റിക്‌ ബാഗ്ഗില്‍ അവളെ പൊതിഞ്ഞു. ഫര്‍ണസിലേക്‌ അവളെ എടുക്കുമ്പോളേക്ക്‌ പാറപ്പന്‍ പോലുമവളെ മറന്നിരുന്നു.

(സ്റ്റൈല്‍ ക്രെഡിറ്റ്‌ - വി ഡി രാജപ്പേട്ടന്‍!)

 
3/06/2006 12:55:00 AM ല്‍, Blogger Sreejith K. പറഞ്ഞു...

ഏട്ടത്തിയേ, നല്ല രസികന്‍ പോസ്റ്റ്. കാണിക്കുന്ന മണ്ടത്തരങ്ങളുടെ range കണ്ടിട്ട് നമ്മള്‍ നല്ല ബെസ്റ്റ് ഫ്റണ്ട്സ് ആകേണ്ടവരാന്നാ തോന്നണെ.

ഇന്തോനേഷ്യ എയര്‍പ്പോര്‍ട്ടില്‍ തന്നെ ഇത്ര മണ്ടത്തരം ഒപ്പിച്ചെങ്കില്‍ അവിടെ എത്തിക്കഴിഞ്ഞ് എന്തായിരിക്കും. അടുത്ത പോസ്റ്റ് വാ‍യിക്കാന്‍ കൊതിയായി.

 
3/06/2006 03:51:00 AM ല്‍, Blogger അരവിന്ദ് :: aravind പറഞ്ഞു...

കുട്ടേടത്തിയുടെ പോസ്റ്റ് വയിച്ച് ചിരിച്ചു മതിയായി താഴോട്ടു പോന്നപ്പോള്‍ ദാ കിടക്കുന്നു ദേവരാഗത്തിന്റെ കമന്റ്.
ചിരിച്ചു ചത്തു.

അപ്പി പാപ്പം ആദ്യം കണ്ടപ്പോള്‍ ഞാനമറി - ഇദെന്ത് പട്ടിക്കണ്ടി പുഴുങ്ങി വച്ചിരിയ്ക്കുന്നോ?
അന്നു തൊട്ടിന്നു വരെ, ഞാന്‍, ന്റെ ഭാര്യ, അമ്മായിഅപ്പന്‍, അമ്മായി അമ്മ, വീട്ടിലെ പട്ടി, ഇത്രേം പേര്‍ക്ക്, സോസേജ് നഹി നഹി.

 
3/06/2006 04:34:00 AM ല്‍, Blogger Visala Manaskan പറഞ്ഞു...

ഇതിപ്പോ അപ്പാപ്പന്‍ പിടിക്കാന്‍ പോയതിനേലും വല്യ മീനാ അളേലിരിക്കാന്‍ പോയേന്ന് പറഞ്ഞ കണക്കാണല്ലോ പോസ്റ്റിങ്ങുകള്‍..!

കുട്യേടത്തിയുടെ പോസ്റ്റിന്റെ മുന്‍പില്‍ ഞാന്‍ ചൈനക്കാര്‌ ഇടിക്കാന്‍ പോണേലും മുന്‍പ്‌ കുനിയുന്നപോലെ കുനിയുന്നു.!

ദേവഗുരോ, കൂട്ടിക്കെട്ടി വച്ചിരിക്കുന്ന 5 പാക്കറ്റ്‌ സോസേജ്‌ ഞാനടുത്ത പോക്കിന്‌ നാട്ടിലേക്ക്‌ കൊണ്ടുപോകാനിരുന്നതാ.. അത്‌ വേണ്ടല്ലേ.! കമന്റ്‌ ഞെരിപ്പന്‍.!

 
3/06/2006 05:46:00 AM ല്‍, Blogger Kalesh Kumar പറഞ്ഞു...

കുട്ട്യേടത്തീ, കിടിലം!
ദേവന്റെ കമന്റും കിടിലം!

 
3/06/2006 08:20:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

test

 
3/06/2006 08:26:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

പിന്മൊഴി പഞ്ചായത്ത് എനിക്കും കമന്റ് കുട്ടികള്‍ക്കും ഊരുവിലക്കു കല്പിച്ചോ? നോക്കട്ടെ

 
3/06/2006 11:18:00 AM ല്‍, Blogger evuraan പറഞ്ഞു...

പെങ്ങളെ,

403 Forbidden പൊടിപൊടിക്കുന്നു. എങ്കിലും, ഇത് വായിക്കുവാന്‍ കഴിയും എന്ന് കരുതുന്നു.

1) ഇത് കണ്ടിരുന്നോ? അല്ലെങ്കില്‍, ഇത് അല്ലെങ്കില്‍ ഇതെങ്കിലും?
2) ശ്രീജിത്തിനൊരു കമന്റിട്ടത്‌... --അതിന്‍ ശ്രീജിത്ത് തന്നെ നോക്കണം.. അത് ശ്രീജിത്തിന്റെ കാര്യം. :)

 
3/06/2006 11:48:00 AM ല്‍, Blogger രാജ് പറഞ്ഞു...

കുട്ട്യേടുത്ത്യേ,
പിന്മൊഴികള്‍ ജി-മെയില്‍, ബ്ലോഗര്‍, ഗൂഗിള്‍ ഗ്രൂപ്പ്, ഏവൂരാന്റെ സെര്‍വര്‍ എന്നിവരുടെ ദയയില്‍ ജീവിച്ചുപോകുന്ന ഒരു സെറ്റപ്പല്ലിയോ! ആരെങ്കിലും കമന്റിട്ടതു ഗ്രൂപ്പില്‍ വന്നിട്ടുണ്ടോ എന്നാദ്യം നോക്കുക, എന്നാല്‍ ബ്ലോഗര്‍ ചതിച്ചു എന്നര്‍ഥം, ഗ്രൂപ്പിലു വന്നിട്ടില്ലെങ്കില്‍ കാരണം രണ്ടായി കമന്റെഴുതിയ ആള്‍ ഒരു പക്ഷെ പിന്മൊഴി സെറ്റപ്പിനു അപരിചിതനായിരിക്കും അല്ലെങ്കില്‍ ഏവൂരാന്‍ ചതിച്ചൂന്നര്‍ഥം. നമുക്ക് സ്വന്തമായി സെര്‍വറും കാര്യങ്ങളൊന്നും ഇല്ലാത്തതുകൊണ്ടു ഇതുകൊണ്ടു അഡ്ജസ്റ്റ് ചെയ്തുപോകേണ്ടിയിരിക്കുന്നു. സാക്ഷിയുടെ കമന്റ് ഗ്രൂപ്പുവരെയെത്തി, പിന്മൊഴി ബ്ലോഗിലേക്കെത്തിയില്ല, ദേവന്റെ കമന്റിന്റെ പൊടിപോലുമില്ല, കുട്ട്യേടത്തിടെ ബ്ലോഗ് അസൂയകാരണം വിഴുങ്ങിക്കാണും. ഇങ്ങിനെയൊക്കെയാണു അന്വേഷണങ്ങള്‍ വഴിമുട്ടി നില്‍ക്കുന്നതു്.

തല്‍ക്കാലം ബ്ലോഗൊന്നു റീപബ്ലിഷ് ചെയ്തു വയ്ക്കുക. എന്തുണ്ടാവുമെന്നു് കാത്തിരുന്നു കാണാം. ഈ കമന്റെന്താകുമോയെന്തോ!

 
3/06/2006 11:57:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

ഏവൂരാന്‍, പെരിങ്ങോടരേ,

എല്ലാ സെറ്റിങ്ങ്സും ശരിയാണ്‌. എന്നിട്ടുമെവിടെയോ ?

ഇന്നലെ വരെ എല്ലാം കൃത്യമായിരുന്നു.

നോക്കട്ടെ ഇതെങ്കിലും വരുമോന്ന്.

റേപബ്ലിഷ്‌ ചെയ്തു..

 
3/06/2006 12:07:00 PM ല്‍, Blogger Manjithkaini പറഞ്ഞു...

എന്നാ പിന്നെ എന്റേം വഹ ഒരു ടെസ്റ്റ്

 
3/06/2006 01:03:00 PM ല്‍, Blogger aneel kumar പറഞ്ഞു...

കൂട്ടത്തില്‍ http://manjithkaini.blogspot.com ഒന്ന് റീ പബ്ലിഷ് കൂടി ചെയ്തുനോക്കൂട്ടോ.
ഞാനവിടെ ഇടാന്‍ നോക്കിയ രണ്ടു കമന്റുകളും ഇപ്പോഴും കമന്റ് പോസ്റ്റ് പേജിന്റെ ഉള്ളില്‍ കെടപ്പാണ് :(
ഇന്നലെ വരെ ആ ബ്ലോഗിനൊരു കുഴപ്പവുമില്ലായിരുന്നു അല്ലേ മഞ്ജിത്ത്? ;)

 
3/06/2006 02:53:00 PM ല്‍, Blogger evuraan പറഞ്ഞു...

ആരെങ്കിലും കമന്റിട്ടതു ഗ്രൂപ്പില്‍ വന്നിട്ടുണ്ടോ എന്നാദ്യം നോക്കുക, എന്നാല്‍ ബ്ലോഗര്‍ ചതിച്ചു എന്നര്‍ഥം, ഗ്രൂപ്പിലു വന്നിട്ടില്ലെങ്കില്‍ കാരണം രണ്ടായി കമന്റെഴുതിയ ആള്‍ ഒരു പക്ഷെ പിന്മൊഴി സെറ്റപ്പിനു അപരിചിതനായിരിക്കും അല്ലെങ്കില്‍ ഏവൂരാന്‍ ചതിച്ചൂന്നര്‍ഥം.

ദേ, ഞാന്‍ ചതിച്ചോന്ന്‌ തീര്‍ച്ചപെടുത്താന്‍ ഇവിടെയും വന്നിട്ടുണ്ടോന്നു കൂടി നോക്കിയിട്ട് മതി, കേട്ടോ?. അല്ലെങ്കില്‍ ഇവിടെ നോക്കൂ.

അവിടങ്ങളില്‍ ഉണ്ടെങ്കില്‍, ചതിച്ചത് ബ്ലോഗര്. സാധ്യത കൂടുതലും അതിനാണേ..

 
3/06/2006 03:21:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ഏവൂരാനേ,

ആദ്യത്തെ ലിങ്കില്‍ ക്ലിക്കുമ്പോ 'access denied' . ആപ്പീസില്‍ പലതും അങ്ങനെയാണേ.

രണ്ടാമത്തെ ലിങ്ക്‌ നോക്കി. http://malayalam.homelinux.net/malayalam/comments/index.shtml .

blog4comments ഇല്‍ വരാത്ത പലരെയും ഞാനവിടെ കണ്ടു. കലേഷ്‌, തുളസി, വിശാലന്‍, മന്‍-ജിത്‌, പിന്നെ എന്റെ തന്നെ കമന്റുകള്‍ ഒക്കെ അവിടെ എത്തിയിട്ടുണ്ട്‌.

ദേവന്‍ മാത്രമേ ഒരിടത്തും വരാതെ പോയുള്ളൂ എന്നാണിപ്പോ മനസ്സിലാകുന്നത്‌.

അപ്പോ എന്താരിക്കുമോ ആവോ സംഭവിച്ചത്‌ ?

 
3/06/2006 03:34:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

അനില്‍,

എല്ലാം അവിടെ വരെ വരണുണ്ട്‌. പഷേ ഒന്നും blog4comments.blogspot ഇല്‍ എത്തുന്നില്ല.

സാധാരണ എല്ലാം അവിടെ വരാറുള്ളതല്ലേ ?

രാവിലെ പെരിങ്ങോടര്‍ റീപബ്ലിഷ്‌ ചെയ്യാന്‍ പറഞ്ഞപ്പോ എല്ലാം ശരിയായതാരുന്നു. ഇപ്പോ വീണ്ടും പനി കൂടീന്നാ തോന്നണേ. ഒന്നും വരണില്ല.

ഈ വിട്ട്‌ വിട്ടുള്ള പനി എന്താണോ എന്തോ...

 
3/06/2006 04:38:00 PM ല്‍, Blogger evuraan പറഞ്ഞു...

പരീക്ഷണം. ഇത്തിരി കഴിഞ്ഞങ്ങ് ഡിലീറ്റിയേക്കൂ...

 
3/06/2006 05:00:00 PM ല്‍, Blogger Cibu C J (സിബു) പറഞ്ഞു...

ഇതും പരീക്ഷണം...

 
3/06/2006 10:56:00 PM ല്‍, Blogger ദേവന്‍ പറഞ്ഞു...

Test
ഞാന്‍ ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനമൊന്നും പഠിച്ചില്ലാത്തതുകാരണം (തലയിണമന്ത്രത്തിലെ ഡയ.) എന്ത സംഭവിക്കുന്നതെന്നും ഇനിയെന്താണു സംഭവിക്കേണ്ടതെന്നും ഒന്നും മനസ്സിലായില്ല.
എന്‍റെ വോട്ടുകള്‍ അസാധുവായിപ്പോയെന്നു മാത്രം മനസ്സിലായി. എന്നാലും എന്നോടിതു വേണ്ടിയിരുന്നില്ല. ഞാന്‍ പാവമല്ലേ, എന്‍റെ കാര്യം കഷ്ടമല്ലേ? എന്നെ എന്തിനാ ഇങ്ങനെ ഒഴിവാക്കണേ?

 
3/07/2006 02:26:00 AM ല്‍, Blogger Santhosh പറഞ്ഞു...

കുട്ട്യേടത്ത്യേ,

ഏടത്തി നല്ലപോലെ എഴുതും എന്ന് ഞാന്‍ സേര്‍ടിഫികറ്റ് തരാതെ തന്നെ അറിയാമായിരിക്കുമല്ലോ. (അഥവാ ഇല്ലെങ്കില്‍ ദാ തന്നേക്കുന്നു.) ഇനി എഴുത്ത് സീരിയസ്സായി കാണുക (ഇപ്പോളല്ലെന്നല്ല).

1. ഈ നാഴികയ്ക്ക് നാല്പതു വട്ടം അതിശയ ചിഹ്നമിടുന്നത് ഉപേക്ഷിക്കുക.
2. കുത്ത്, കോമ, ചോദ്യ ചിഹ്നം, മറ്റ് കോപ്രായങ്ങള്‍ എന്നിവയില്‍ ഒട്ട് ശ്രദ്ധ വയ്ക്കുക. (കുത്തിനോ, കോമയ്ക്കോ മറ്റു മാര്‍ക്കുകള്‍ക്കോ മുമ്പില്‍ സാധാരണ ഗതിയില്‍ സ്ഥലം [space] പാടില്ല.)
3. അക്ഷരപ്പിശാചുകള്‍ കഴിവതും ഒഴിവാക്കുക (ഉദാ: മൂഡസ്വര്‍ഗത്തില്‍)

ഇത്രയും എഴുതിയത് കുറ്റം കണ്ടു പിടിക്കാനോ, പോസ്റ്റ് നന്നായെന്നു പറയാനുള്ള വിഷമം കൊണ്ടോ അല്ല. നല്ലതേ പറയാനുള്ളൂ. ഇതും കൂടിയായാല്‍ ബഹുകേമം!

സസ്നേഹം,
സന്തോഷ്

 
3/07/2006 11:28:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

സന്തോഷ്‌,

അഭിപ്രായങ്ങള്‍ക്കും തുറന്ന വിമര്‍ശനങ്ങള്‍ക്കും വളരെ വളരെ നന്ദി. തെറ്റുകള്‍ വരുത്താതിരിക്കാന്‍, അല്ലെങ്കില്‍ തെറ്റുകളുടെ എണ്ണം കുറക്കാനെങ്കിലും തീര്‍ച്ചയായും ശ്രമിക്കാം.

ജോലിയിലിരുന്നു വരമൊഴി തുറന്നു വയ്ക്കുന്നതിലെ ശരികേടോര്‍ത്ത്‌, നോട്ട്‌പാടില്‍ റ്റൈപ്‌ ചെയ്യുകയാണു പതിവ്‌. അതങ്ങനെ തന്നെ ജീമെയിലില്‍ പേസ്റ്റ്‌ ചെയ്തിട്ട്‌ വീട്ടില്‍ പോകും. വീട്ടില്‍ ചെന്നിട്ടു വായിച്ചു നോക്കുമ്പോള്‍, അത്യാവശ്യം റീഡബിളാണോ, എന്നു മാത്രമേ നോക്കാ‍റുള്ളൂ.

ഇപ്പറഞ്ഞതൊന്നും തെറ്റു വരുത്തുന്നതിനു ജസ്റ്റിഫിക്കഷനല്ല കേട്ടോ.

ഇന്നലെ പെരിങ്ങോടരും ഇതേ കാര്യം പറഞ്ഞിരുന്നു. പരസ്പരം എഡിറ്റ്‌ ചെയ്താല്‍ മതി, മൂന്നാമതൊരു കണ്ണിനു തെറ്റുകള്‍ എളുപ്പത്തില്‍ കണ്ടു പിടിക്കാനാകുമെന്നു പറയുകയും ചെയ്തു.

സന്തോഷ്‌, തുടര്‍ന്നും തെറ്റുകള്‍ ചൂണ്ടികാണിക്കുമല്ലോ.

നന്ദിപൂര്‍വ്വം
കുട്ട്യേടത്തി.

 
3/08/2006 02:19:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

thamaashakkaari !! thamaashakkari !!

nnaalum, atheeva sundaranum nishkalankanum "sne"Ha sambannanum aaya nammude aa pazhaya managere oru kudavayaranaayi chitreekarichallo nte eedathiyeeee

 
3/14/2006 04:26:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ശനിയാ, യാത്രാ വിവരണം എഴുതിയില്ലല്ലോ ഇതുവരെ.

സാക്ഷിയൊക്കെ വായിക്കുന്നു എന്നറിയുന്നതു തന്നെ സന്തോഷമാണ്‌.

ദേവാ, ഈ കമന്റിട്ട ദിവസം പിന്മൊഴി പഞ്ചായത്തു നമ്മളു രണ്ടാള്‍ക്കും ഊരുവിലക്കു കല്‍പ്പിച്ചിരുന്നതു കൊണ്ടു ദേവന്റെ ഇത്രേമടിപൊളി ഒരു കമന്റ്‌ ബ്ലോഗ്ഗര്‍ക്കു പലര്‍ക്കും മിസ്സായി. ( ഈ കമന്റെടുത്തൊരു പോസ്റ്റായി ഇടുന്നതിനെ പറ്റി ആലോചിച്ചൂടേ ? )


പലപ്പോളും ..അല്ലെങ്കില്‍ വേണ്ട ചിലപ്പോളൊക്കെയെങ്കിലും ദേവന്റെ പോസ്റ്റുകളേക്കാള്‍ മനോഹാരിത കമന്റുകള്‍ക്കാണെന്നു പറയാതെ വയ്യ.

ജിത്തേ, എന്നാലും ജ്ജ്ന്റെ ഫാക്റ്ററീലു ബ്ലോഗിനെ പടിയടച്ചു പിണ്ഡം വച്ചെന്നറിഞ്ഞതു പെരുത്തു സങ്കടായി. ഇതുകൊണ്ടൊന്നും തോറ്റുകൊടുക്കരുതുട്ടോ. എഴുതൂ ഇനിയും മണ്ടത്തരങ്ങള്‍. പോസ്റ്റ്‌ ചെയ്യാന്‍ എനിക്കയച്ചു തന്നാല്‍ മതി. ഒക്കെ അടിച്ചെടുത്തെന്റെ പേരില്‍ പോസ്റ്റുന്ന കാര്യം ഞാനേറ്റെന്നേ.


മുഴുവിന്ദേ, :)

വിശാലോ, കുനിഞ്ഞു നിവരുന്നതു നല്ല വ്യായാമമാണുട്ടോ.

കലേഷ്‌ :)

പിന്മൊഴി പഞ്ചായത്തിലേക്കെന്നെ തിരിച്ചു കേറ്റുന്നതിനു വേണ്ടി സഹായിച്ച, ശ്രമിച്ച മൂപ്പന്‍ ഏവൂരാനും, നാട്ടുക്കൂട്ടത്തിലെ മറ്റംഗങ്ങളായ പെരിങ്ങോടനും അനിലിനും സിബുവിനും നന്ദ്രീ !

 
3/14/2006 05:40:00 PM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

കുട്ട്യനിയത്ത്യേ,

അന്നു് ഒരു തവണ വായിച്ചിരുന്നു. ഇന്നു് ഒന്നുകൂടി വായിച്ചു. അന്നു ചിരിച്ചതിലും കൂടുതല്‍ ഇന്നു ചിരിച്ചു.

ഇതുവരെ എഴുതിയതെല്ലാം തകര്‍പ്പന്‍! ആ പേനിനെപ്പറ്റി എഴുതിയ പുരാണമൊഴികെ. അതുമാത്രം ഒന്നു മാറ്റിയെഴുതി നോക്കുക.

- ഉമേഷ്

 
7/11/2006 01:11:00 PM ല്‍, Blogger ശെഫി പറഞ്ഞു...

why kuttydathi connecting all things to puttu

since 3 yrs i didn't ate even 1 puttukashnam,

 
7/11/2006 01:13:00 PM ല്‍, Blogger ശെഫി പറഞ്ഞു...

wht kuutydathi connectin all things to puttu

since 3 yrs i didn't ate even single puutin kashnam
in saudi its very hard to get puttu

 
12/05/2006 01:20:00 AM ല്‍, Blogger വിനയന്‍ പറഞ്ഞു...

എന്റെ കുട്യേടത്തീ
ഹൊ വായിച്ച് വായിച്ച് വല്ലാതെ ആവേശം കൊണ്ടു പോയി.ഇനിയും വേണേ.അടുത്തത് മലേഷ്യയോ ഉഗാണ്ടയോ ആയിക്കോട്ടെ.പിടിച്ചിരിത്തുന്ന ഒരുതരം എഴുത്താണേ , ഇനിയും പോരട്ടെ

 
12/05/2006 01:59:00 AM ല്‍, Blogger Tedy Kanjirathinkal പറഞ്ഞു...

‘ട്ട്യേടത്തീ, യു റൊക്ക് :-) ചുമ്മാ റോക്കല്ല... ഒരു ഒന്നൊന്നര റോക്ക് :-)

 
8/22/2009 04:38:00 AM ല്‍, Blogger freya പറഞ്ഞു...

ഇതു പോലെ ഞങ്ങള്ക്കും പറ്റി. പെട്ടി ശരിക്കും പോയി. പോയപ്പോള് എല്ലാവരും പറഞ്ഞു 20,000 രൂപ വരെ കിട്ടുമെന്ന്. അതു കേട്ടപ്പോള് കൊളളാലോ വീഡിയോണ് എന്നും ഞാനും വിചാരിച്ചു. കാരണം കുട്ട്യേടത്തിയെപ്പോലെ ഞാനും ഒന്നാന്തരം പിശുക്കിയാണേ. നാട്ടിലേക്ക് എല്ലാ വര്ഷവും പോകും. കാര്യമായിട്ടൊന്നും വാങ്ങാറില്ല. അങ്ങനെയുളള പെട്ടിയല്ലേ പോയത്. എന്തിനു പറയുന്നു കാത്തു കാത്തിരുന്ന് അവസാനം കിട്ടിയത് 75 ഒമാന് റിയാല്. എന്നു വെച്ചാല് നാട്ടിലെ 10,000 ത്തിന് അടുത്തു വരും.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം