തിങ്കളാഴ്‌ച, സെപ്റ്റംബർ 11, 2006

സീ, ഷീ ഇസ് അഡോറബിള്‍

നാലു ദിവസമായി ഇന്ററാക്റ്റീവ് ടെസ്റ്റിങ്ങെന്ന പേരില്‍ എന്റെ ക്യുബ്ബിക്കിളില്‍ കുറ്റിയടിച്ചിരിക്കുന്ന സായിപ്പ് ഇടയ്ക്കിടെ ഓരോരോ കൊച്ചുവര്‍ത്തമാനം തുടങ്ങി.

'സീംസ് യൂ ഹാവ് എ ബേബി' എന്നു സായിപ്പു ചോദിച്ചപ്പോള്, അമ്പടാ.. സായിപ്പു വീട്ടുവിശേഷങ്ങളും ചോദിക്കുന്നല്ലോ എന്നു ഞാനല്ഭുതപ്പെട്ടു.

ഹന്ന മോള്‍ ഫോണ്‍വിളിച്ചു ചെവിപൊട്ടുന്ന ശബ്ദത്തില്‍ മമ്മാ എന്നായിരം പ്രാവശ്യം വിളിച്ച്, റ്റി വി യില്‍ അവളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ റ്റിങ്കി വിങ്കി, ഡിപ്സി, ലാലാ, പോഹ് എന്നിവരെപ്പറ്റി വാതോരാതെ പറഞ്ഞതു കക്ഷി കേട്ടിരുന്നല്ലോ.

എന്തായാലും സായിപ്പിങ്ങോട്ടു ചോദിച്ചതല്ലേ, അങ്ങോട്ടു ചോദിക്കാതിരിക്കുന്നതു മോശമല്ലേ എന്നോര്‍ത്തു ഞാന്‍ തിരിച്ചുചോദിച്ചു.

'ഹവെബൗട്ട് യൂ' ?

സായിപ്പു നിറഞ്ഞ ചിരിയോടെ, ഹൃദയംനിറഞ്ഞ സന്തോഷത്തോടെ:
'ഓ... യാ... ഐ ഹാവ് എ ഗേള്‍, ഹെര്‍ നെയിം ഈസ് സ്റ്റെയ്സി, ഷീ ഈസ് ഫോര്‍ നൗ. ഷീ ഈസ് സോ ലവ്‌ലി. ഐ കാന്‍ ഷോ യൂ, ഹെര്‍ പിക്ചേഴ്സ്'.

സായിപ്പ് അത്യുത്സാഹത്തില്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഒപ്പം കമ്പ്യൂട്ടറില്‍ നിന്നവളുടെ ചിത്രങ്ങള്‍ എന്നെ കാണിക്കാന്‍ വേണ്ടി ഏതൊക്കെയോ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുകയും.

(വായിക്കാനുള്ള ബുദ്ധിമുട്ടൊഴിവാക്കാന്‍ (എഴുതുവാനും :) ) സായിപ്പിന്റെ ഇനിയുള്ള ഭാഷണങ്ങള്‍ മലയാളത്തില്‍ )

'യൂ നോ വാട്ട്, ഐ കാണ്ട് ഈവന്‍ തിങ്ക് എബൗട്ട് ബിയിംഗ് അവൈ ഫ്രം ഹെര്‍. അതുകൊണ്ടാണു ഞാന്‍ ഉച്ചയ്ക്കു ലഞ്ച് കഴിക്കാന് വീട്ടില്‍ പോകുന്നത്. ജോലിയില്‍ എത്ര തിരക്കുണ്ടെങ്കിലും, ഞാന്‍ വീട്ടില്‍ പോയേ കഴിക്കൂ. വല്ലാതെ തെരക്കോ മീറ്റിങ്ങോ മൂലം ഒരു ദിവസം ഞാന്‍ ചെന്നില്ലെങ്കില്‍ വൈകിട്ടു ചെല്ലുമ്പോള്‍ അവള്‍ ആകെ പിണങ്ങി ഇരിക്കും.'

എനിക്കല്ഭുതം തോന്നി. ഇത്രയ്ക്കൊക്കെ സ്വന്തം മകളോട് അറ്റാച്‌മെന്റോ സായിപ്പിന്? വെള്ളക്കാര്‍ മക്കളെ വളര്‍ത്തുന്ന രീതിയെപ്പറ്റി ഞാന്‍ മനസ്സിലാക്കിയിരുന്നതൊക്കെ തെറ്റായിരുന്നുവോ? സായിപ്പിന്റെ കുട്ടിക്കിനി അമ്മയില്ലേ ആവോ? അതാരിക്കുമോ ഇത്രയ്ക്കടുപ്പം? അതെങ്ങനെ പച്ചക്കു ചോദിക്കും? അങ്ങോര്‍ക്കു സങ്കടമായാലോ?

“അവളെ ഡേ കെയറില്‍ വിട്ടിട്ടാണോ ഓഫീസില്‍ വരുന്നത്?” , ഞാന്‍ ചോദിച്ചു.

ഇപ്പോളറിയാമല്ലോ വീട്ടില്‍ കുഞ്ഞിന്റെ അമ്മയുണ്ടോ എന്നുള്ളില്‍ ചിന്തിച്ചു.

"നോ. അവള്‍ വീട്ടില്‍തന്നെ. വല്ലപ്പോഴും അവളെ ഞാന്‍ വിടും ഡേ കെയറില്‍, ഒരാഴ്ചത്തേയ്ക്കോ മറ്റോ. അവള്‍ക്കവളുടെ പ്രായത്തിലുള്ള മറ്റുള്ളവരുമായി ഇടപഴകാന്‍ അവസരം കൊടുക്കാന്‍. അവള്‍ക്കു കളിക്കാനാരും കൂട്ടില്ല. ഭയങ്കര ലോണ്ലിയാണ്. എനിക്കറിയാം, ഞാനോഫീസില്‍ വരുമ്പോളല്ലാതെ വേറെ ഒരു നിമിഷം പോലും അവളെ പിരിഞ്ഞിരിക്കാറില്ല. എവിടെ പോയാലും കൂടെ കൊണ്ടു പോകും "

സാധാരണയായി അളന്നു തൂക്കി മാത്രം സംസാരിക്കാറുള്ള സായിപ്പിനിപ്പോള്‍ നൂറാണു നാവ്.

"ഞാന്‍ എവിടെ യാത്രപോയാലും അവളെ കൊണ്ടുപോകും. പള്ളിയിലും ഷോപ്പിങ്ങിനുമൊക്കെ പോകുമ്പോള്‍, ഐ റ്റേയ്ക് ഹെര്‍ വിത് മി”

ഇതിനിടയില്‍ സായിപ്പ് മകളുടെ ഫോട്ടോ ഓപ്പണ്‍ ചെയ്തിരുന്നു.

“സീ ദിസ് ഈസ് ഷീ. ഷീ ഇസ് അഡോറബിള്‍”

സായിപ്പിന്റെ ചുന്തരിക്കുട്ടിയെ കാണാന്‍ കൊതിയോടെ ഞാന്‍ നോക്കി. നിറയെ രോമമുള്ള ഒന്നാംതരമൊരു പട്ടിക്കുട്ടി:) മുഖത്തെ ഭാവം മാറാതിരിക്കാന്‍ വല്ലാതെ കഷ്ടപ്പെടേണ്ടി വന്നു എനിക്ക്.

സായിപ്പുത്സാഹതിമിര്‍പ്പിലാണ്. ഓരോരോ പടങ്ങളായി കാണിച്ചു കൊണ്ടേയിരിക്കുന്നു. സായിപ്പും പട്ടിക്കുട്ടിയും കൂടി വിവിധ രീതിയില്‍ പോസ് ചെയ്തവ.

വെറുതെ കേട്ടാല്‍ പോരല്ലോ. ഓരോന്നിനും ' ഓ... റിയലി ? ' , ഓ സോ ക്യൂട്ട്', 'വൗ, ഷീ ഇസ് സോ പ്രെറ്റി' എന്നൊക്കെ അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചു ഞാന്‍ എല്ലാം കേട്ടിരുന്നു...
സായിപ്പു നിറുത്താന്‍ പ്ലാനില്ല. “അവളെയെനിക്കു കിട്ടുമ്പോള്‍ വെറും ഒരാഴ്ച പ്രായമാണ്. അന്നത്തെ ഫോട്ടോ കാണണ്ടേ?”
“ഓ...ഷുവര്‍” എന്നു പറഞ്ഞ് അതും കണ്ടു.

ഒടുവില്‍, “ലെമ്മി ഗോ ആന്‍ഡ് ഗ്രാബ് എ കപ്പ് ഓഫ് കോഫി” എന്നു പറഞ്ഞു മുങ്ങേണ്ടി വന്നു, തല്ക്കാലത്തെക്കെങ്കിലും സായിപ്പിന്റെ പട്ടിപുരാണത്തില്‍ നിന്നു രക്ഷപ്പെടാന്‍.

34 അഭിപ്രായങ്ങള്‍:

9/11/2006 10:08:00 PM ല്‍, Blogger myexperimentsandme പറഞ്ഞു...

അത് കലക്കി. സാമീടെ പൂച്ചക്കുട്ടി കഴിഞ്ഞ് ഇപ്പോള്‍ സായിപ്പിന്റെ പട്ടിക്കുട്ടി.

വിശാലന്റെ കര്‍ക്കിടകത്തെ ഓര്‍മ്മ വന്നു.

“എന്റെ വളര്‍ത്തുമകന്‍ ഡോക്‍ടറാണ്”

എന്തായാലും ഈ “ഓ ഴിയലി” ഒരടിപൊളി പരിപാടിയാണ്. ഒന്നും തിരിച്ച് പറയാന്‍ കിട്ടിയില്ലെങ്കില്‍ ഓഴിയലി ഓഴിയലി എന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ മതി.

പാവം സായിപ്പ്, അതിലും പാവം കുട്ട്യേടത്തി.\

ഏറ്റവും പാവം ആ രോമപ്പട്ടി.

 
9/11/2006 10:27:00 PM ല്‍, Blogger myexperimentsandme പറഞ്ഞു...

കുട്ട്യേടത്ത്യേ, വ്വൌ പറഞ്ഞ് പറഞ്ഞ് അതെങ്ങാനും ബ്ബൌ എന്നായിപ്പോയിരുന്നെങ്കില്‍ സായിപ്പ് വീട്ടില്‍ ചെന്ന് രോമപ്പട്ടിയോട് പറഞ്ഞേനെ, കുട്ട്യേടത്തി ഈസ് സോ അഡുവറബിള്‍ എന്ന് :)

ബ്ബൌ, ഷീ ഈസ് സോ പട്ടി

(സ്വന്തം കമ്പ്യൂട്ടറില്‍ അഡ്‌മിനിസ്ട്രേറ്റര്‍ ആവാന്‍ പറ്റാത്ത ഒരുത്തന്റെ ജലപാനങ്ങള്‍ എന്നേ കരുതാവുള്ളൂ കേട്ടോ)

 
9/11/2006 11:47:00 PM ല്‍, Blogger വല്യമ്മായി പറഞ്ഞു...

ആ പട്ടിയുടെ ഒരു ഭാഗ്യം.നന്നായിരിക്കുന്നു കുട്ട്യേടത്തി

 
9/12/2006 12:13:00 AM ല്‍, Blogger Rasheed Chalil പറഞ്ഞു...

കുട്ട്യേട്ടത്തി അസ്സലായി.
ഇത് പോലെ ഒരു കഥാപാത്രത്തിന് മുമ്പില്‍ ഞാനും കുടുങ്ങിയിട്ടുണ്ട്. അത് കേരളത്തില്‍ വെച്ചായിരുന്നു എന്ന് മാത്രം. പട്ടിക്ക് പകരം പുള്ളിയുടെ അണ്ണാനും.

 
9/12/2006 12:37:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

പാവം പട്ടി. അതിനെ മനുഷ്യനാക്കി വളര്‍ത്തി ഇപ്പൊ രണ്ടും കെട്ട മട്ടി ആയിപ്പൊയിക്കാണും. പട്ടിയുടെ പട്ടിത്തം കളഞ്ഞ്‌ അതിനെ ചാന്തുപൊട്ടാക്കി വളര്‍ത്തുന്നത്ത്‌ തൊട്ടിത്തം തന്നെ ഏടത്തി..

വൌ എന്നു പറയുമ്പോ പട്ടി ബൌ ..
ഈ വക്കാരിയെക്കൊണ്ട്‌ തോറ്റു!

 
9/12/2006 01:31:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

അതു സായിപ്പു കലക്കി...കുട്ട്യേടത്തിസായിപ്പിന്റെ വിവരണം കേട്ട്‌.."hoo.. how sweet, show me her photo, she must be like u..." എനെങ്ങാനും പറഞ്ഞിരുന്നെങ്കിലെ കാര്യം ഓര്‍ത്തു ചിരിച്ചു... ചിരിച്ചു ... എനിക്കു വയ്യേ...

ഓ.ടോ : വക്കു.. ഇതുവരെ അഡ്‌മി ആയില്ലെ? ഞാന്‍ ഇടപെടണോ ? ഒരു 10000 യെന്‍ തന്നാല്‍ ഞാന്‍ "ഇപ്പം ശരിയാക്കിത്തരാം...( താമരശ്ശേരി ചുരം..)"

ഇതു നോക്കിയോ?( http://pubs.logicalexpressions.com/Pub0009/LPMArticle.asp?ID=305

 
9/12/2006 01:40:00 AM ല്‍, Blogger കണ്ണൂരാന്‍ - KANNURAN പറഞ്ഞു...

സരസമായ വിവരണം.... നന്നായിരിക്കുന്നു...

 
9/12/2006 02:05:00 AM ല്‍, Blogger ദമനകന്‍ പറഞ്ഞു...

നന്നായി.
പണ്ട് എറണാകുളത്ത് താമസിച്ച് കോളേജില്‍ പോകുന്ന കാലത്ത്, അയലക്കത്ത് താമസിക്കുന്ന സാറിന്റെ ഭാര്യയുടെ ഓമനയെ പട്ടി എന്ന് സംബോധന ചെയ്ത എന്നോട് പിന്നീട് അവര്‍ മിണ്ടിയിട്ടേയില്ല.

 
9/12/2006 02:48:00 AM ല്‍, Blogger അരവിന്ദ് :: aravind പറഞ്ഞു...

ദൈവമേ!!!!
:-)) പോസ്റ്റ് കലക്കി കുട്ട്യേടത്തീ...

 
9/12/2006 03:13:00 AM ല്‍, Blogger കുഞ്ഞിരാമന്‍ പറഞ്ഞു...

ഭാഗ്യവനായ പട്ടി,എന്തൊരു ജിവിതം.............

 
9/12/2006 09:17:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

സായിപ്പിന്റെ പറച്ചില്‍ കേട്ടപ്പഴേ എനിക്കു തോന്നി, ഇതു മനുഷ്യക്കുട്ടിയല്ലാന്ന്. പട്ടിയും പൂച്ചയുമൊക്കെ പോട്ടെ, ഇന്നാളൊരുത്തനെ കണ്ടു ഒരു പാമ്പിനെയും കഴുത്തിലിട്ട്, അതിനെ തടവി ഉമ്മയൊക്കെ കൊടുത്ത്...ഇവരുടെയൊരു കാര്യം! പെറ്റ്ഷോപ്പില്‍ ചെന്നാലാണെങ്കില്‍ അവിടെ അരണ, ഓന്ത്, പല്ലി എല്ലാത്തിനെയും വാങ്ങാന്‍ കിട്ടും, തീറ്റ കൊടുത്തു വളര്‍ത്താനേയ്.

 
9/12/2006 09:28:00 AM ല്‍, Blogger Unknown പറഞ്ഞു...

കുട്ട്യേടത്തീ,
രസിച്ചു. ആ പട്ടി ഈ സായിപ്പിനെ എങ്ങനെ സഹിക്കുന്നു ആവോ?

 
9/12/2006 09:45:00 AM ല്‍, Blogger ഇടിവാള്‍ പറഞ്ഞു...

ഹാ കുട്ട്യേടത്ത്യേ ! സൂപ്പര്‍ വിവരണം !

കമന്റുകള്‍ നേരത്തെ പിന്മൊഴിയില്‍ കണ്ടതീനാല്‍, ക്ലൈമാക്സ് അറിയാമായിരുന്നു !;)

മേ ബി ഷി ഇസ് ഒഡോരബിള്‍ റ്റൂ ! ;) I mean odorous !

 
9/12/2006 10:10:00 AM ല്‍, Blogger ഡാലി പറഞ്ഞു...

കുട്ടികളെ ജീപ്പിലിട്ട് (പ്രാം) കുലുക്കുകയും, പട്ടികളെ നെഞ്ചിലേറ്റുകയും ചെയ്യുന്നതിവിടത്തേയും സ്ഥിരം കാഴ്ച.പാവങ്ങളല്ലേ അവര്‍. വയസ്സാം കാലത്ത് ജീപ്പിലിട്ട് കുലിക്കിയ കുട്ടിയൊക്കെ പോവില്ലെ. ഈ പട്ടികളല്ലേ കാണൂ കൂട്ടിന്.

ഹൈഫയില്‍ റോക്കറ്റ് വീണൊണ്ടിരുന്നപ്പോള്‍ എല്ലാവരും നഗരം വിട്ടു. ഒരു ദിവസം ഞങ്ങളുടെ വീട്ടുടമസ്ഥ വിവരങ്ങളറിയാന്‍ വിളിച്ചു. അവരുടെ മകനും ഹൈഫയിലായിരുന്നു. അപ്പോള്‍ ഞാന്‍ അയാളെ കുറിച്ചു തിരക്കി.അവര്‍ പറയാണ്, ദെ വെന്റ് ബാക് റ്റു ഹൈഫ. മൈ കിഡ്സ് ഗേള്‍ ഫ്രെണ്ട് ഹാസ് 3 ക്യാറ്റ്സ്. ദെ ആര്‍ ഹഗ്രി. എന്താ പറയാ!

 
9/12/2006 11:06:00 AM ല്‍, Blogger kusruthikkutukka പറഞ്ഞു...

' ഓ... റിയലി ഗുഡ് പോസ്റ്റ് ' , ഓ സോ ക്യൂട്ട് പോസ്റ്റ് , 'വൗ നൈസ് പൊസ്റ്റ് , സോ പ്രെറ്റി പോസ്റ്റ് ' , ഓ സോ ക്യൂട്ട്' പോസ്റ്റ് .....എന്നൊന്നും ഇഗ്ലിഷീല്‍ പറയുന്നില്ല... :) :)
നന്നായി... ഇഷ്ടപെട്ടു .. ഇതു വായിച്ചപ്പോള്‍ എന്റെ സ്കൂള്‍ ഫ്രെന്റ് പറഞ്ഞ കാര്യം ഓറ്മ വന്നു, വല്ല പട്ടിയൊ പൂച്ചയൊ ആയി ജനിച്ചാല്‍ മതി ആയിരുന്നു...... ;)

ഓ. ടൊ...അവിടെ പട്ടി പിടുത്തക്കാരില്ലെ ?

 
9/12/2006 11:08:00 AM ല്‍, Blogger ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു...

കുട്ട്യേടത്തി,
വിവരണം ഇഷ്ടമായി. തമാശപോലെ ആസ്വദിച്ചു. എന്നാല്‍ എന്താന്നറിയില്ല, ഇത്തിരി സങ്കടവും തോന്നാതിരുന്നില്ല

 
9/12/2006 01:04:00 PM ല്‍, Blogger ബിന്ദു പറഞ്ഞു...

ഇവിടെ ഓരോരുത്തര്‍ പട്ടിയെ (അങ്ങനെ പറയാമോ ഈശ്വരാ..)ഉടുപ്പൊക്കെ ഇടീച്ച് കുട്ടിയെപ്പോലെ കൊണ്ടുനടക്കുന്നതു കാണുമ്പോള്‍ ഇവിടെയെങ്ങാനും ഒരു പട്ടിയായി ജനിച്ചാല്‍ മതിയായിരുന്നു എന്നെത്ര പ്രാവശ്യം തോന്നിയിട്ടുണ്ടെന്നോ. ഏതായാലും കൂടുതല്‍ ഒന്നും ചോദിക്കാന്‍ തോന്നതിരുന്നതു ഭാഗ്യം. :)

 
9/12/2006 10:44:00 PM ല്‍, Blogger ദിവാസ്വപ്നം പറഞ്ഞു...

കലക്കി കുട്ടിയേടത്തീ...

മനുഷ്യക്കുഞ്ഞുങ്ങളോടില്ലാത്ത സ്നേഹം പെറ്റുകളോടാണ് ഇവര്‍ക്ക്; അതും, സ്വന്തം കുഞ്ഞുങ്ങളെ അമ്മയുടെ മാത്രം കൂടെ വളരാന്‍ വിട്ടിട്ട്....

(അല്ലാത്തവരും ഇല്ലെന്നല്ല, നേരത്തേ ജോലി ചെയ്തിരുന്ന ഒരോഫീസില്‍, ഭര്‍ത്താവ് മരിച്ചുപോയിട്ടും കുട്ടികള്‍ ഇല്ലാതിരുന്നിട്ടും, അമ്മായിയമ്മയെ കൂടെ താമസിപ്പിച്ച് പരിചരിയ്ക്കുന്ന ഒരു മദാമ്മയെ പരിചയപ്പെട്ടിരുന്നു. സത്യം പറഞ്ഞാല്‍, നമ്മുടെ നാട്ടിലെ മനുഷ്യര്‍ ചെയ്യുമോ അത്രയും വലിയ ത്യാഗം)

ആര്‍പ്പി പറഞ്ഞതിന് ഒരു ‘ഹല്ലേലുയാ, സ്തോത്രം’. ഇക്കഴിഞ്ഞ മാസം ഒരു അക്വേറിയം വാങ്ങാമെന്ന് കരുതി പെറ്റ്കോയില്‍ ചെന്നപ്പോള്‍ അവിടെ കണ്ട വെറൈറ്റി ഓഫ് പെറ്റ്സ് ! വൌ... പല്ലി, പഴുതാര, പാമ്പ്, പലതരം എലികള്‍, മണംകൊണ്ട് അടുത്ത് നില്‍ക്കാന്‍ പറ്റാത്ത വേറെന്തൊക്കെയോ... ഇതും കാശു കൊടുത്ത് മേടിയ്ക്കാന്‍ ആളുണ്ടല്ലോന്നോര്‍ത്തിട്ടാണ്...

ഞാനോര്‍ക്കുന്നത്, ഈ പാമ്പിനെയൊക്കെ മേടിച്ച് വീട്ടില്‍ കൊണ്ട് വന്ന് കഴിഞ്ഞാല്‍, സമാധാനമായിട്ട് കിടന്നൊറങ്ങാന്‍ പറ്റുമോ... അതെങ്ങാന്‍ കൂട് വിട്ടെറങ്ങി ഇഴഞ്ഞ് നടന്നാലോ... ഹെന്റമ്മേ !

 
9/13/2006 04:11:00 AM ല്‍, Blogger Kalesh Kumar പറഞ്ഞു...

കുട്യേടത്തീ, കൊള്ളാം!

 
9/13/2006 10:34:00 AM ല്‍, Blogger Satheesh പറഞ്ഞു...

നല്ല പോസ്റ്റ്..
പണ്ട് ജേര്‍സിസിറ്റിയില്‍ താമസിച്ചിരുന്നപ്പോള്‍ (ഹൊ,ഞാന്‍ പണ്ട് ലഡാക്കിലായിരുന്നപ്പം സ്റ്റൈല്‍..!!) അയലോക്കക്കാരിയുടെ പട്ടിയെ പേരു തെറ്റി വിളിച്ചതിന് അവരെന്നോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു! ‘ജൂണി’ യെ ‘ജൂലി’ എന്നായിപ്പോയി വിളിച്ചപ്പോള്‍! ഇതു വായിച്ചപ്പോള്‍ അതോര്‍ത്തുപോയി!

 
9/13/2006 10:54:00 AM ല്‍, Blogger kusruthikkutukka പറഞ്ഞു...

"എന്റെ നാടിന്റെ സംസ്കാരത്തെ ബഹുമാനിക്കുന്നു, അതിന്റെ അന്തസത്തയില്‍ അഭിമാനം കൊള്ളുന്നു ..." പണ്ടെങ്ങോ കേട്ട പ്രതിഞ്ജ ഓര്‍മ വന്നു....:)
qw_er_ty

 
9/13/2006 12:36:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കൈപ്പിള്ളി മാഷേ,
നമ്മുടെ നാട് ഇപ്പോഴും ലാണ്ട് ഓഫ് നേകഡ് ഫക്കീറുകളുടെയും ടൈഗറുകളുടെയും കോബ്രയുടേയും രാജ്യവും, ഹിന്ദു വെന്നത് കുറച്ച് നേറ്റീവ് ആളുകളുടെ ഒരു അന്ധവിശ്വസം എന്ന് പാഠപുസ്തകങ്ങളില്‍ വരെയുള്ള സായിപ്പിന്റെ സംസ്കാരത്തെക്കുറിച്ച് നമ്മള്‍ അത്ഭുതപ്പെടാനൊ ഒന്ന് അന്തം വിട്ട് ചിരിക്കനോ പാടില്ലേ? അതൊക്കെ മഹാ പാപം ആണൊ? അതില്‍ എന്തു റേസിസം? ഏത് സംസ്കാരവും അന്യോന്യം കാണുമ്പൊള്‍ ചിരിക്കുക തന്നെയാണ് പതിവ്. അത് തെറ്റാ‍ണൊ? ഒരു വര്‍ഗ്ഗത്തെ ഇടിച്ച് താഴ്ത്തി സംസാരിക്കുന്നതു പോലെയല്ലൊ, ഒരു സംസ്കാരത്തെക്കുറിച്ച് അല്‍പ്പം അത്ഭുതപ്പെടുന്നത്? ഈ പോസ്റ്റ് എനിക്ക് വലുതായി ഇഷ്ടപ്പെട്ടില്ലെങ്കിലും, പോസ്റ്റില്‍ മൊത്തം നിറഞ്ഞ് നില്‍ക്കുന്നത് വേറൊരു സംസ്കാരത്തെക്കുറിച്ചുള്ള അത്ഭുതം അല്ലെ? അല്ലാണ്ട് പുച്ഛം അല്ലല്ല്ലൊ?

അങ്ങിനെ കാണുന്നുണ്ടെങ്കില്‍ ഐ തിങ്ക് യൂ ആര്‍ കാരിയിങ്ങ് സം അണ്വാണ്ടട് ബാഗേജ് എന്ന് എന്റെ എ.ഭി പ്രിയ.

 
9/13/2006 12:53:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

കൈപ്പള്ളി മാഷേ,

ഈ പോസ്റ്റിലെവിടെയാണു വംശവിദ്വേഷം എന്നറിഞ്ഞാല്‍ കൊള്ളാം. എന്റെ ചെറിയ ബുദ്ധികൊണ്ടു നോക്കിയിട്ടൊന്നും കാണുന്നില്ല. എന്റെ കുഴപ്പമാകാം. പക്ഷേ എനിക്കു താങ്കളുടെ വാക്കുകളില്‍ വംശവിദ്വേഷം കാണാനൊക്കുന്നുണ്ട്. അല്ല, സ്വന്തം വംശത്തോടുള്ള വിദ്വേഷം വംശവിദ്വേഷം ആകില്ല എന്നുണ്ടോ?

എന്റെ പൂര്‍വികര്‍ക്കും എനിക്കും വരെ ഗള്‍ഫും അമേരിക്കയും സ്വപ്നം കാണാം, സ്വപ്നത്തില്‍ നീന്തിത്തുടിക്കാം. എനിക്കുശേഷം ആരും ഇതൊന്നും സ്വപ്നം കാണരുത്. എനിക്കും എന്റെ മക്കള്‍ക്കും ഡോക്ടറൂം എന്‍‌ജിനീയറുമാകാം. അതിനുശേഷമുള്ള പാവങ്ങളെല്ലാം കുഴിവെട്ടി കഞ്ഞികുടിച്ചു കൊള്ളണം. ഹൌ എന്തൊരു വിശാലമനസ്കത! എന്തൊരു സംസ്കാര സമ്പന്നത!

ഈ മാതിരി എഴുതാപ്പുറം വായനയ്ക്കാണെങ്കില്‍ താങ്കളീ വഴി വരാതിരിക്കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂ.

 
9/13/2006 01:39:00 PM ല്‍, Blogger Adithyan പറഞ്ഞു...

ഒരാള്‍ ഒരു പോസ്റ്റിട്ടു. വേറൊരാള്‍ അതില്‍ ഒരു അഭിപ്രായം പറഞ്ഞു. രണ്ടാളും സ്വന്തം ഭാഗം വിശദീകരിച്ചു. അത് കേട്ടു നിന്ന അനോണി അത് കൂട്ടായ്മയുമായി കൂട്ടിക്കൊളുത്തി. ഇവിടെ എല്ലാ കാര്യത്തിലേക്കും (ആരു തുമ്മിയാലും) ഈ കൂട്ടായ്മയുടെ കാര്യം വലിച്ചിലഴയ്ക്കണോ? ഇതാണോ ഇപ്പൊഴത്തെ ഫാഷന്‍?

 
9/13/2006 03:00:00 PM ല്‍, Blogger പാപ്പാന്‍‌/mahout പറഞ്ഞു...

മധ്യസ്ഥം പറയല്‍, സ്വന്തം മക്കളൊഴികെയുള്ളവരെ ഗുണദോഷിക്കല്‍, മാമാപ്പണി ഈ മൂന്നുകാര്യങ്ങള്‍ കഴിയാവുന്നിടത്തോളം ഒഴിവാക്കുക എന്നതാണെന്റെ പോളിസിയെങ്കിലും ഇവിടെ ഒന്നു പറഞ്ഞോട്ടെ, നിഷാദിനോടുള്ള ബഹുമാനം കൊണ്ടും കുട്ട്യേടത്തിയോടുള്ള സൌഹൃദത്താലും:

പോസ്റ്റും കമന്റുകളും വായിച്ചുനോക്കി. കുട്ട്യേടത്തി ഒരു സംഭവം നടന്നപോലെ വിവരിച്ചിരിക്കുന്നു. വംശവിദ്വേഷമോ, മലയാളികളാണു ലോകത്തിലെ ഏറ്റവും നല്ലവരെന്നോ അതില് എന്തെങ്കിലും ധ്വനിയുള്ളതായിത്തോന്നിയില്ല.‍ കമന്റെഴുതിയവരില്‍ ചിലര്‍ “ഈ സായിപ്പന്മാരുടെ ഒരു കാര്യം” എന്ന രീതിയില്‍ എഴുതിയിട്ടുണ്ട്. എല്‍‌ജി പറഞ്ഞതുപോലെ, അങ്ങനെ എഴുതുന്നത് മലയാളികളുടെ മാത്രം കുത്തകയല്ല. എല്ലാവരും ഐഡിയല്‍ മനുഷ്യരായിക്കൊള്ളണമെന്നില്ലല്ലോ എന്നു കരുതി വിട്ടുകള.

ഇതെല്ലാം ഈച്ചക്കാര്യങ്ങള്‍. എന്തെല്ലാം കാമ്പുള്ള ചര്‍‌ച്ചകള്‍ നടക്കുന്നു -- അവയിലാകട്ടെ നമ്മുടെ പരാക്രമം:
- ബൂലോഗക്ലബ്ബിലെ ഓരോ പോസ്റ്റിലും ശ്രീജിത്ത് “ഇതു നിന്റെ ബ്ലോഗിലിടടാ” എന്ന് ആക്രോശിച്ചാല്‍ അവസാനം ബൂലോഗക്ലബ്ബില്‍ ആരു പോസ്റ്റിടും? സ്വന്തമായി ബ്ലോഗില്ലാത്തവരോ?

- അദ്വൈതമാണോ ക്വാണ്ടം തിയറിയാണോ ശരി? അദ്വൈതത്തിന്റെ തര്‍‌ജ്ജമയാണോ ക്വാണ്ടന്‍?

- ലിയോനാര്‍‌ഡോ “ബൂലോഗക്കൂട്ടായ്മ” എന്നൊരു അഗ്രഗേറ്റര്‍ തുടങ്ങിയാല്‍ ഇവിടെ അനോണി സൂചിപ്പിച്ച ബൂലോഗക്കൂട്ടായ്മക്കെന്തു പറ്റും?

- ആദിത്യന്റെ യന്ത്രത്തില്‍ 512 മെഗാബൈറ്റ്സില്‍ കൂടുതല്‍ ഓര്‍‌മ്മ ഘടിപ്പിച്ചാല്‍ മലയാളം ബ്ലോഗ്ഗിങ്ങ് നില്‍‌ക്കുമോ?

അങ്ങനെ എത്രയെത്ര ചര്‍‌ച്ചകള്‍, എത്രയെത്ര ഉത്തരമില്ലാത്ത ചോദ്യങ്ങള്‍

 
9/13/2006 03:05:00 PM ല്‍, Blogger അനംഗാരി പറഞ്ഞു...

ഇതു സാധാരണമാണ് കുട്യേടത്തി. ഇവര്‍ എന്തുകൊണ്ട് മനുഷ്യനെക്കാള്‍ മൃഗങ്ങളെ സ്നേഹിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ?.വളര്‍ത്തി വലുതാക്കിയ മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയാകുമ്പോള്‍, ഇവരെ ഉപേക്ഷിച്ച് പുതിയ താവളം തേടും. അപ്പോഴുണ്ടാകുന്ന ഒറ്റപ്പെടലിന്റെ വേദനയാണ് മൃഗങ്ങളിലേക്ക് ഇവരെ തിരിച്ച് വിടുന്നത്. എന്റെ സമീപത്ത് ഒരു അടിത്തൂണ്‍ പറ്റിയ ഒരു വാധ്യാരുണ്ട്. എന്നും ഒരു പൂച്ചക്കുട്ടിയുമായി നടക്കാന്‍ പോകും. ടിയാന്‍ നടത്തം നിര്‍ത്തിയാല്‍ പൂച്ചക്കുട്ടിയും നില്‍ക്കും.ടിയാന്‍ നടത്തം തുടര്‍ന്നാല്‍ പൂച്ചക്കൂട്ടിയും നടക്കും. തികഞ്ഞ അനുസരണയോടെ.ആലോചിക്ക്, നമ്മുടെ മക്കള്‍ നടക്കുമോ ഇതുപോലെ.
എന്റെ ഒരു കൂട്ടുകാരി എന്നെ ഒരു ദിവസം വിളിച്ച് കരച്ചിലോട് കരച്ചില്‍. ചോദിച്ചപ്പൊഴല്ലെ കാര്യം മനസ്സിലായത്. അവളുടെ പട്ടിക്കുട്ടി ചത്തു. മൂന്ന് ദിവസം അവള്‍ ജോലിക്ക് പോയില്ല. അതിനെ മറവു ചെയ്യാന്‍ അവള്‍ മുടക്കിയത് 7000 ഡോളര്‍. വിശ്വസിക്കുമോ?.

 
9/13/2006 03:12:00 PM ല്‍, Blogger Adithyan പറഞ്ഞു...

ഹാങ്ങ്ഡ് ത്രെഡ് കാരണം, 13 തവണ ശ്രമിച്ചിട്ടും പ്രൊഡക്ഷനില്‍ ഒരു ആപ്ലിക്കേഷന്‍ റീസ്റ്റാര്‍ട്ടില്‍ തൂങ്ങിക്കൊണ്ടിരുന്ന ഒരു ദുര്‍ബല നിമിഷത്തില്‍ ഞാനിട്ട ഒരു കമന്റില്‍ സാഹിത്യപരമായ വര്‍ണ്ണന അല്‍പ്പം കൂടിപ്പോയതിന്റെ പഴി ഇനി ഞാന്‍ ജീവിതകാലം മുഴുവന്‍ ചുമക്കണമല്ലേ?

എനിക്ക് മാപ്പ് തരില്ലേ പാപ്പാനേ ? ;)

 
9/14/2006 02:59:00 PM ല്‍, Blogger ജേക്കബ്‌ പറഞ്ഞു...

ദീപികയില്‍ നിന്ന്

 
9/28/2006 02:13:00 AM ല്‍, Blogger paarppidam പറഞ്ഞു...

നന്നായിരിക്കുന്നു. അവതരണരീതി വളരെ ഇഷ്ട്ടപ്പെട്ടു.

 
9/28/2006 03:32:00 AM ല്‍, Blogger മിടുക്കന്‍ പറഞ്ഞു...

അതേ, ഇത്ര സ്വാഭാവികമായ ഒരു കാര്യം ഇത്ര വല്ല്യ ഒരു ബ്ലൊഗാക്കാനും അതിന്‌ ഇത്രമാത്രം കമന്റാനും ഇവിടെ ഇപ്പോള്‍ എന്ത്‌ സംഭവിച്ചു..?

ആരും ചൂടാവില്ലെങ്കില്‍ ഞാന്‍ ഒരു സത്യം പറയട്ടെ.,
ഈ പട്ടി സ്നേഹൊം, ഫെമിനിസോം ഒക്കെ ഒന്നുതന്നാ...

 
10/05/2006 05:16:00 AM ല്‍, Blogger Peelikkutty!!!!! പറഞ്ഞു...

'..എനിക്കല്ഭുതം തോന്നി. ഇത്രയ്ക്കൊക്കെ സ്വന്തം മകളോട് അറ്റാച്‌മെന്റോ സായിപ്പിന്?...'കുട്ട്യേടത്തിയെപ്പോലെ ഞാനും ആലോചിച്ചു വരുവായിരുന്നു...സായിപ്പുപോലും കുടും ബ ബന്ധങ്ങള്‍ക്ക് എത്ര വാല്യുവാ കൊടുക്കുന്നെ;..ന്നിട്ടു ഞാന്‍/എനിക്കു മാത്രം ...

അല്ലേലും അങ്ങനെയാണല്ലൊ,പട്ടിക്കഥയായാലും കുട്ടിക്കഥയായാലും നമ്മളെ സ്പര്‍ശിക്കുന്ന വാക്കുകളുടെ പിന്നാലെ പോവാനാണല്ലൊ നമുക്കിഷ്ടം ...
qw_er_ty

 
10/23/2006 11:53:00 AM ല്‍, Blogger ശെഫി പറഞ്ഞു...

ഏത്‌ നായക്കുമുണ്ടൊരു ദിവസം

നന്നായിരിക്കുന്നു കുട്ട്യേടത്തി

 
10/24/2006 02:07:00 AM ല്‍, Blogger Siju | സിജു പറഞ്ഞു...

കുട്ട്യേടത്തിയുടെ ബ്ലോഗുകളെല്ലാം വായിച്ചു. എല്ലാം ഒന്നിനൊന്ന് മനോഹരം.
qw_er_ty

 
10/24/2006 08:55:00 AM ല്‍, Blogger chithrakaran ചിത്രകാരന്‍ പറഞ്ഞു...

കുട്ട്യേടത്തി സ്വന്തം പേരിലൊളിപ്പിച്ചിരിക്കുന്ന രസം സയിപ്പിന്റെ പട്ടിക്കഥയിലും ഒളിപ്പിച്ചു വച്ചിരിക്കുന്നു. അസ്സലായി !!!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം