ഞായറാഴ്‌ച, ജൂൺ 24, 2007

ഒരു പോസ്റ്റെഴുതാനും സമ്മതിക്കില്ലാന്നു വച്ചാല്‍..

ദിവസേന രാത്രി ഞാന്‍ കുത്തിയിരിക്കു
മെന്തെങ്കിലുമൊന്നു കുത്തിക്കുറിക്കേണമെന്നോര്‍ത്ത്‌,
പോസ്റ്റുകളനവധി മനസ്സിലിങ്ങനെ തിക്കുമുട്ടി കിടക്കുന്നു,
എന്നെപറ്റിയെഴുതെടോ, എന്നെയാദ്യമെഴുതുമോയെന്ന് നിലവിളിച്ച്‌..

പലപ്പോഴും പലതുമങ്ങഴുതാന്‍ മുട്ടും, കുളിക്കുമ്പോഴും ഡ്രൈവുമ്പോഴും
ഞാനവ മനസ്സിലിട്ടു പരുവപ്പെടുത്തി പാകപ്പെടുത്തി
വാക്യങ്ങള്‍ പോലും നാവിന്റെ തുമ്പിലുണ്ട്‌,
കേട്ടെഴുതാനാളെ കൂലിക്കു വച്ചാലോ..

പറഞ്ഞിട്ടെന്തു കാര്യം, പാതിരയാവും അടുക്കളയില്‍ നിന്നൊന്നു കേറുമ്പോള്‍,
അടുക്കള കണ്ടു പിടിച്ചവനെ കൊല്ലണമെന്നു പറഞ്ഞതാരാണ്‌?
നിര്‍മലേച്ചിയോ ഡാലിയോ അതോ കെ ആര്‍ മീരയോ ?
ആരായാലുമവരാപ്പൂതി മനസ്സില്‍ തന്നെ വച്ചോട്ടെ
ആ സാമദ്രോഹിയെ എനിക്കു തന്നെ കൊല്ലണം,
എന്നാലേയെന്റെ കലിയടങ്ങൂ..

അഞ്ചേകാലിനു കുടുമ്പത്തു വന്നു കേറിയാല്‍,
മക്കളേയും കൊണ്ടു നടക്കാനോ പാര്‍ക്കിലോ പോകണം,
രാവിലെ മുതലുള്ള എച്ചിലും പേറി
സിങ്കിലൊരു കൂന പാത്രം മോക്ഷം കാത്തു കിടക്കും,
ചെക്കന്റെ പാലുകുപ്പികള്‍ കഴുകി തിളപ്പിയ്ക്കണം,
നട്ടതൊക്കെ നനയ്ക്കണം, മക്കളെ കുളിപ്പിക്കണം, തീറ്റണം,
കന്നാലിക്കൂടിനെക്കാള്‍ കഷ്ടമായി കിടക്കുന്ന ലിവിങ്ങ്‌ റൂമൊന്നു
വൃത്തിയാക്കി തട്ടി വീഴാത്ത പരുവമാക്കിയെടുക്കണം.

ഡയറ്റിങ്ങാണെന്നും അത്താഴപ്പട്ടിണിയാണെന്നുമൊക്കെയാണു
വയ്പ്പെങ്കിലും, അതു വല്ലതും വയറിനു മനസ്സിലാകുമോ ?
ഏട്ടെട്ടര മണിയാകുമ്പോള്‍ വയറ്റിലൊരാന്തല്‍,
എന്തെങ്കിലുമൊന്നു കാച്ചിക്കരിച്ചു തിന്നണം.

എല്ലാം കഴിഞ്ഞാണു പോസ്റ്റെഴുതാനെന്ന പേരില്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരിപ്പ്‌,
അപ്പോള്‍ ദാ വരുന്നൊരു ചോദ്യം,
"ഡേയ്‌, താന്‍ തന്റെ പണികളൊക്കെ തീര്‍ത്തോടോ ?"
ഒരുവിധമേതാണ്ടൊക്കെയൊന്നൊതുക്കിയിട്ടുണ്ടെന്നു ഞാന്‍..

"ഓഹോ.. അപ്പോ പിന്നെ ലോണ്ട്രി മടക്കാനുള്ളതാരു ചെയ്യുമെടോ ?"
പറഞ്ഞതു ശരിയാണല്ലോ, ചെക്കന്റെ തുണി ഡ്രയറില്‍ തന്നെ കെടക്കുന്നു.
ഹല്ല...ഇതാരപ്പായിത്ര അധികാര ഭാവത്തില്‍,മണി പാതിരയായ നേരത്തിത്?
“താനെന്തെങ്കിലുമൊന്നു പോസ്റ്റെടോ“ എന്നിടയ്ക്കിടെ നിര്‍ബന്ധിയ്ക്കാറുള്ള
കെട്ടിയവനേതായാലുമിതു പറയില്ല..അപ്പോള്‍ പിന്നെയിതാരാണ്‌ ?
ലവനാണെന്റെ വഴിമുടക്കി മനസ്സാക്ഷി..!!!

പോയി തുണി മടക്കി വച്ചിട്ടു വന്നിരുന്നതും, ദാ പിന്നെയും വന്നു,
“ഡേയ്‌..പണിയൊക്കെ തീര്‍ത്തോഡേയ്‌.. ?“ തീര്‍ത്തു കര്‍ത്താവേ..
“അപ്പോള്‍ പിന്നെ 485 നുള്ള ആപ്‌ളിക്കേഷന്‍സാരു ഫില്ലു ചെയ്യും ?
ചെക്കന്‍ മെലിഞ്ഞു തൊലിഞ്ഞിരുന്നിട്ടു നിക്കറെല്ലാമൂര്‍ന്നു പോകുന്നു,
തുന്നി ചെറുതാക്കാന്‍ മിഷ്യന്റെ മുന്നില്‍ കൂട്ടിയിട്ടതാരു തയ്ച്ചു തീര്‍ക്കും ?

ക്രെഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വന്ന തെറ്റായ അഡ്രസ്‌ ഡിസ്പ്യൂട്ട്‌ ചെയ്യാനുള്ള
ലിങ്ക്‌ ഫേവറൈറ്റ്സിലിട്ടിട്ടു മാസമൊന്നു കഴിഞ്ഞല്ലോടീ കൂവേ.
പെര്‍ഫോമന്‍സ്‌ അപ്രൈസല്‍ സബ്മിറ്റ്‌ ചെയ്യാനിനി
ദിവസമെത്രയുണ്ടെന്നോര്‍മയുണ്ടോടി ?

കൊച്ചു കള്ളന്‍! മനസ്സാക്ഷി, എന്റെ ഗൂഗിള്‍ സ്പ്രെഡ്ഷീറ്റിലെ
'റ്റു ഡൂ' ലിസ്റ്റു തുറന്നോരോന്നായി വായിക്കുന്നു,
പാസ്‌വേഡെവിടുന്നു കിട്ടിയോ എന്തോ..

നാട്ടില്‍ പോകാന്‍ മക്കള്‍ക്കു വീസായെടുക്കാനുള്ള ആപ്ലിക്കേഷന്‍ റെടിയാക്കിയോ ?
ഇല്ലെന്റെ കര്‍ത്താവേ , ദോ ഇപ്പോ ചെയ്യാമേ..

ഈ മനസ്സാക്ഷി വല്യ തൊന്തരവായല്ലോ,
ചുമ്മാ തൂക്കി തോട്ടിലെറിഞ്ഞാലോ?
മനസ്സാക്ഷി പറയുമ്പോ കര്‍ത്താവെന്നു ചിന്തിക്കാന്‍ പഠിപ്പിച്ചതാരാണ്‌?
അല്ലെങ്കില്‍ ചുമ്മ പോ പുല്ലേ മനസ്സാക്ഷി എന്നു പറയാമായിരുന്നു,
ഇതിപ്പോ കര്‍ത്താവിനോടെങ്ങനെ പോ പുല്ലേ പറയും ? നീ തന്നെ അനുഭവി...

ഉത്തരവാദിത്വങ്ങളെല്ലാം ചെയ്തു തീര്‍ത്തിട്ടൊരു പോസ്റ്റെഴുതാനെന്നെ
കൊണ്ടോയി നടേണ്ടി വരും,
മനസ്സാക്ഷിയെ അങ്ങട് ചുമ്മാ തട്ടി കളഞ്ഞാലോ.. ,
അല്ലെങ്കിലാപ്പണി ക്വട്ടേഷന്‍കാരെയേല്‍പ്പിക്കാമല്ലേ ??

ലേബലുകള്‍:

16 അഭിപ്രായങ്ങള്‍:

6/25/2007 11:25:00 AM ല്‍, Blogger Mrs. K പറഞ്ഞു...

aayi..kavithayaayittunT. kuRe naaLaayi iviTe entenkilumonnu kaaNaan kaaththirikkunnu. :)

 
6/25/2007 12:14:00 PM ല്‍, Blogger asdfasdf asfdasdf പറഞ്ഞു...

ആ ലേബല്‍ ഇഷ്ടായി.ഹ ഹ ഹ. പോസ്റ്റെഴുതി എന്ററടിച്ചാല്‍ കവിതയാകുമോ ?

 
6/25/2007 01:41:00 PM ല്‍, Blogger മൂര്‍ത്തി പറഞ്ഞു...

മനസ്സാക്ഷിക്ക് നന്ദി പറയുക..പോസ്റ്റെഴുതാന്‍ വിടാതെ ഒരു പോസ്റ്റ് തരമാക്കിത്തന്നില്ലേ? :)
qw_er_ty

 
6/25/2007 08:45:00 PM ല്‍, Blogger ഏ.ആര്‍. നജീം പറഞ്ഞു...

ഹ..ഹാ..അപ്പൊ ഈ തിരയുന്നു ഒഴിഞ്ഞിട്ടു വേണം കടലില്‍ ഇറങ്ങി കൂളിക്കാന്‍ അല്ലെ....?

 
6/26/2007 12:17:00 AM ല്‍, Blogger കണ്ണൂസ്‌ പറഞ്ഞു...

ഈ മന്‍ജിത്‌ ഒരു MC ആണല്ലേ? :-)

(ദൈവമേ, എന്റെ ഫാര്യ ഈ പോസ്റ്റ്‌ മാത്രം വായിച്ച്‌, കമന്റ്‌ കാണാതെ പോണേ!)

 
6/26/2007 12:33:00 AM ല്‍, Blogger വേണു venu പറഞ്ഞു...

മനസ്സാക്ഷി ഒരിക്കലും കാശിക്കു പോകാന്‍ സമയം തരില്ല.‍:)

 
6/26/2007 01:22:00 AM ല്‍, Blogger ഇടിവാള്‍ പറഞ്ഞു...

ഇതിനെ ഒരു ഖണ്ഡകാവ്യമായി പ്രഖ്യാപിച്ചിരിക്കുന്നു!

 
6/26/2007 02:10:00 AM ല്‍, Blogger അഞ്ചല്‍ക്കാരന്‍ പറഞ്ഞു...

അങ്ങിനെ ഒതുക്കത്തില്‍ ഒരു പോസ്റ്റായില്ലേ. ഓന്, മനസ്സാക്ഷിക്കേ ഒരു നന്ദി പറയാം.

ഓ.ടോ.
ഗൂഗ്ലില്‍ ഈ To do list ഉണ്ടാക്കുന്നതെങ്ങിനാ?

 
6/26/2007 04:08:00 AM ല്‍, Blogger Kaithamullu പറഞ്ഞു...

നാട്ടില്‍ യൂത്തന്മാര്‍ എന്നൊരു ക്വട്ടേഷന്‍ ഗ്രൂപ്പുണ്ട്, അവരെ ഏല്‍പ്പിച്ചാല്‍ സ്ലോ പോയ്സനിം‌ഗ് വഴി കൊന്നു തരും.

കൊന്നു കിട്ടിയാല്‍ പിന്നെ നേതാവാകാം! നോക്കുന്നോ, കുട്ട്യേടത്തീ?

 
6/26/2007 05:16:00 AM ല്‍, Blogger സാല്‍ജോҐsaljo പറഞ്ഞു...

ഈ മനസ്സാക്ഷി വല്യ തൊന്തരവായല്ലോ,
ചുമ്മാ തൂക്കി തോട്ടിലെറിഞ്ഞാലോ?

അങ്ങനെ ചുമ്മാ തൂക്കിയെറിഞ്ഞാല്‍ മനസാക്ഷി പോകുമോ??

 
7/02/2007 04:37:00 PM ല്‍, Blogger സ്വപ്നജീവി പറഞ്ഞു...

അടുക്കള പുരാണത്തിനുശേഷം മാസങ്ങളോളം ഒന്നും കാണാതിരുന്നപ്പോള്‍ എന്തു പറ്റീ കുട്ട്യേടത്തിക്ക് എന്നു ആലോചിച്ചാലോചിച്ചു തല മാന്തിപ്പുണ്ണാക്കി ഞാന്‍. മഞ്ജിത് വിക്കിയില്‍ നിന്നു തടിയൂരിയപോലെ കുട്ട്യേടത്തിയും പോയീന്നു കരുതി. മുതലും പലിശയും ഒന്നിച്ച് അടച്ചു തീര്‍ത്തല്ലോ. സംഗതി വെടിക്കെട്ടായി.

 
8/09/2007 03:14:00 PM ല്‍, Blogger ഗുപ്തന്‍ പറഞ്ഞു...

ഇതൊക്കെ ശരി... ആ ഹാന മോളുടെ വിശേഷങ്ങളെങ്കിലും എഴുതരുതോ.... വായിച്ചു ഫാനായിവന്നപ്പോഴേക്കും നിറുത്തിക്കളഞ്ഞു :(

 
8/18/2007 11:15:00 PM ല്‍, Blogger ദിവാസ്വപ്നം പറഞ്ഞു...

ഹാ കുട്ട്യേടത്തീ,

താഴെക്കിടക്കുന്ന വരി വായിച്ചപ്പോ-
ഴൊരാശ്വാസനിശ്വസമുതിര്‍ത്തു ഞാന്‍ !

“കന്നാലിക്കൂടിനെക്കാള്‍ കഷ്ടമായി കിടക്കുന്ന ലിവിങ്ങ്‌ റൂമൊന്നു
വൃത്തിയാക്കി തട്ടി വീഴാത്ത പരുവമാക്കിയെടുക്കണം“


അതല്ല; വല്ലപ്പോഴുമൊരു പോസ്റ്റിടൂന്നേ, പ്ലീസ്.

 
9/24/2007 04:12:00 AM ല്‍, Blogger ഉണ്ണിക്കുട്ടന്‍ പറഞ്ഞു...

പോസ്റ്റിടാത്തതിനു ഒരു ന്യായീകരണക്കവിത അല്ലേ..? "ഒരു പോസ്റ്റിട്ടിട്ടു മാസങ്ങളായല്ലോ, കാത്തിരിക്കുന്ന വായനക്കാരോടു നീ എന്തു പറയും" എന്നീ ബ്ലഡി ഫൂള്‍ മനസാക്ഷിക്കൊന്നു ചോദിച്ചാലെന്താ..? രണ്ടു മാസം കൂടുമ്പോഴെങ്കിലും ഒരു പോസ്റ്റിടാത്തതിനു മനസാക്ഷിയെ കുറ്റം പറഞ്ഞൊഴിയണ്ടാട്ടാ..

 
10/09/2007 12:21:00 AM ല്‍, Blogger Unknown പറഞ്ഞു...

I haven't seen any manasakshi in last 28 years....lol
Very good job and so proud of you.
Kochu

 
11/28/2007 10:48:00 PM ല്‍, Blogger വല്യമ്മായി പറഞ്ഞു...

ജന്മദിനാശംസകള്‍(ഇന്നലെ മറന്നു പോയി)

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം