ചൊവ്വാഴ്ച, നവംബർ 28, 2006

“നളചരിതം” പാതിരാക്കഥ

പതിവുപോലെ രാവിലെ ആറുമണിക്ക് മൊബൈലിലെ വേയ്ക്കപ് കോള്‍ ഓഫു ചെയ്തു, കണ്ണും തിരുമ്മി അടുക്കള വാതില്ക്കലെത്തിയ ഞാന്‍ ഞെട്ടിപ്പോയി. തലേന്നു വൈകിട്ട്, അത്താഴം കഴിഞ്ഞ്, പാത്രങ്ങളെല്ലാം കഴുകി , സിങ്കും വെടിപ്പാക്കി, അടുക്കള അടിച്ചു തുടച്ചിട്ടു പോയതാണ്. ഇപ്പോള്‍ കാണുന്നതോ ? ആന കരിമ്പിന്‍ കാട്ടില്‍ കേറിയ മാതിരി.

സിങ്കില്‍ ഒരു കുന്നു പാത്രങ്ങള്‍. സ്റ്റൌവിന്റെ മുകളില്‍, എന്തോക്കെയോ ഉണ്ടാക്കിയിട്ടു കഴുകാതെ വച്ചിരിക്കുന്ന ഫ്രയിങ്ങ് പാനുകള്‍. പാന്‍ കേയ്ക്കും മറ്റും മിക്സ് ചെയ്യാന്‍ ഞാനുപയോഗിക്കുന്ന ഹാന്‍ഡ് മിക്സര്‍ പ്ലഗ്ഗില്‍ കുത്തിയപടി. തവിയായ തവികളും വീട്ടിലുള്ള മുഴുവന്‍ സ്പൂണുകളും സിങ്കിലും അല്ലാതെയും നിരന്നു കിടക്കുന്നു. കുക്കിങ്ങിന്റെ ഇടയിന്‍ ഞാന്‍ കൈ തുടയ്ക്കാന്‍ മാത്രമായിട്ടിരിക്കുന്ന വെള്ള ടവല്‍, എന്തൊക്കെയോ ഒക്കെ തൂത്തു വൃത്തികേടാക്കി, വളരെ കളര്ഫുള്ളായി സിങ്കില്‍ കുഴഞ്ഞു കിടക്കുന്നു.

ഈശ്വരാ എന്താണു സംഭവം? വീട്ടില്‍ കള്ളന്‍ കയറിയോ? എന്നാലും, കള്ളന്‍ അടുക്കളയില്‍ കയറി ഇത്രയ്ക്കും പാചകമൊക്കെ ചെയ്യുമോ?

അതോ ഞാനിനി തുടര്‍ച്ചയായി രണ്ടു ദിവസത്തെയ്ക്കുറങ്ങിപ്പോയോ? മിനിയാന്നു രാത്രി ആയിരിക്കുമോ ഞാന് ..? എന്നാലും ഈ പാത്രങ്ങള്‍ മുഴുവന്‍ എവിടുന്നു സിങ്കില്‍ വന്നു? അടുക്കളയില്‍ എന്തെങ്കിലും അരിയാനൊക്കെ സഹായിക്കുമെന്നല്ലാതെ ഒന്നും ഒറ്റയ്ക്കു ചെയ്യാറില്ലല്ലോ മനു.

എട്ടുമണിക്കത്താഴം കഴിഞ്ഞു പുലര്‍ച്ചെ മൂന്നുമണി വരെ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാറുള്ള മനു, പാതിരായാവുമ്പോള്‍, വിശപ്പ് തീര്‍ക്കാന്‍, അടുക്കളയില്‍ കേറി കുക്കിയോ, മിക്സ്ചറോ ഒക്കെ ഏടുത്തടിക്കുന്ന പതിവുണ്ട്. അതിനു പക്ഷേ, ഇത്രയധികം അടുക്കള മെസ്സാക്കാറില്ലല്ലോ..

അതോ, ഇനി ഞാന്‍ ഇന്നലെ രാത്രി, പാത്രങ്ങളൊക്കെ കഴുകുന്നതിനു മുന്‍പു തല ചുറ്റി വീഴുകയോ, ബോധം കെടുകയോ മറ്റോ? ഒരെത്തും പിടിയും കിട്ടണില്ല. തലേന്നു രാത്രിയിലെ സംഭവങ്ങള്‍ മുഴുവനായും ഒന്നു റീവൈന്‍ഡ് ചെയ്തു നോക്കി.

ഇല്ലാ, എല്ലാം പതിവു പോലെ തന്നെയായിരുന്നല്ലോ . ദൈവമേ, ഇനി ഇങ്ങേരിവിടെ ഞാന്‍ ഉറങ്ങിയ തക്കത്തിനു വല്ല തണ്ണി പാര്‍ട്ടിയും നടത്തിയോ? പെട്ടെന്നാണോര്‍മ്മ വന്നത്. ഇന്നലെ രാത്രി കൌച്ചില്‍ കിടന്നുറങ്ങിയ എന്നെ കുത്തിപ്പൊക്കി നിര്‍ബന്ധിച്ചെഴുന്നെല്പ്പിച്ചു ബെഡ് റൂമില്‍ പറഞ്ഞു വിട്ടു!!! രാത്രി പത്രവും ബ്ലോഗും കണ്ട ചവറുമൊക്കെ വായിച്ചിരുന്ന്, ലാപ്റ്റോപ്പ് ഹെഡ്ടോപ്പാക്കി, പന്ത്രണ്ടരയോടെ കൌച്ചില്‍ തന്നെ ചുരുണ്ടു കൂടി ഉറങ്ങുന്നതെനിക്കു പതിവാണ്. ഹാന ഇടയ്ക്കുണര്‍ന്നു മമ്മായെ വിളിച്ചില്ലെങ്കില്‍ മൂന്നു മണിക്കു മനു ഉറങ്ങാന്‍ പോകുന്നതുവരെ കൌച്ചില്‍ തന്നെ കിടക്കുവാണല്ലോ പതിവ്. പിന്നെന്തേ ഇന്നലെ അങ്ങനെ നിര്‍ബന്ധിച്ചു ബെഡ്റൂമില്‍ തള്ളി വിടാന്‍? എവിടെയോ എന്തോ ചീഞ്ഞു നാറുന്നുണ്ടല്ലോ..

ഓവനില്‍ വച്ചു ബേയ്ക്കു ചെയ്യാന്‍ മാത്രം ഞാനുപയോഗിക്കുന്ന പാത്രം, എന്തോ ഉണ്ടാക്കി കഴുകാതെ സിങ്കില്‍ കിടക്കുന്നു. അത്താഴത്തിനു ലസാനിയ ബേയ്ക് ചെയ്തു ശേഷം ഞാനിതു കഴുകി വച്ചതാണല്ലോ. രാത്രി ഉറക്കത്തിലെപ്പോളോ എന്നെ വിളിച്ചുണര്‍ത്തി, 'എടോ, ലസാനിയായുടെ ബാക്കി വല്ലതുമുണ്ടോ ' എന്നു ചൊദിച്ചതപ്പോളാണോര്‍മ്മ വന്നത്.

"എന്തേ വിശക്കുന്നോ ?, അതപ്പോളേ തീര്‍ന്നല്ലോ, പാത്രവും കഴുകി വച്ചല്ലോ. വെശക്കുന്നെങ്കില്‍ അവിടെ... "

"എവിടെയാ അതു കഴുകി വച്ചതു ? "

" ഡിഷ് വാഷറില്‍...അല്ലാതെവിടെ ? "... പാതി മയക്കത്തില്‍ ഞാന്‍ പറഞ്ഞതോര്‍മ്മയുണ്ട്.

" എടോ ഡിഷ് വാഷറിലില്ല... താനൊന്നൂടെ ഓര്‍ത്തു നോക്കിക്കേ".

"ശെടാ, ഇതു വല്യ ശല്യമായല്ലൊ... എന്നാല്‍ പിന്നെ ഡിഷ് വാഷര്‍ നെറഞ്ഞിട്ടു ഞാന്‍ ബേയ്ക്കിങ്ങ് ഓവന്റെ അടിയിലെ ട്രേയിലിട്ടു കാണും.."

ഓഹോ... അപ്പോള്‍ എന്തിനായിരുന്നു, പാതിരായ്ക്കെന്നെ വിളിച്ചുണര്‍ത്തി എന്നോടീ പാത്രം അന്വേഷിച്ചത്? ആകപ്പാടെ ടോട്ടലി മൊത്തമൊരു കള്ളത്തരത്തിന്റെ മണം.

വീണ്ടുമൊന്നു കൂടി റീവൈന്റു ചെയ്തപ്പോള്‍ " എടോ ആദ്യത്തെ അലാമിനു തന്നെ എന്നെ വിളിക്കണം ". എന്നു പറഞ്ഞതോര്‍മ്മ വന്നു. രാവിലെ ബ്രെയ്ക് ഫാസ്റ്റൊക്കെ റെഡിയായി കഴിഞ്ഞു വിളിക്കുന്നതാണു പതിവ്.
"എന്തേ, എന്തേലും ......??"
"എടോ , രാവിലെ ആറു മണിക്കു ഏഷ്യാനെറ്റില്‍, വിക്കിയെക്കുറിച്ചൊരു പ്രോഗ്രാം"
"ഉവ്വോ... സിബൂന്റെയാ ??"

"അല്ലാ, ഇതവരു തന്നെ സുപ്രഭാതത്തില്‍ .."
"അതിനവര്‍ക്കെന്തറിയാം, വിക്കിയെ പറ്റി.. ചുമ്മാ പോ പുളുവടിക്കാതെ "
"അല്ലെടോ, അവരെന്തൊക്കെ വിഡ്ഡിത്തരങ്ങളാ വിളിച്ചു പറയാന് പോണതെന്നറിയാമല്ലോ ... മറക്കാതെ വിളിക്കണേ... താനുണര്‍ന്ന് അടുക്കളയിലെയ്ക്കു പോകുന്നതിനു മുന്‍പുതന്നെ വിളിക്കണം. ആദ്യത്തെ അലാമിനു തന്നെ. മറക്കല്ലേ.."

അതിലുമെന്തോ ഒരു കള്ളലക്ഷണം.. ഏഷ്യാനെറ്റ്..... വിക്കിപീടിയാ.... അതും നേരം പരപരാന്നു വെളുക്കണതിനു മുന്‍പുള്ള സുപ്രഭാതത്തില്‍... യെന്തരോ ഒരു പന്തികേട്..

എന്തായാലും ഏഷ്യാനെറ്റ് വച്ചു നോക്കി. അവിടെ വിക്കി പോയിട്ടൊരു ചക്കി പോലുമില്ല. മാത്രോമല്ല, സുപ്രഭാതം തുടങ്ങാനിനിയും നേരം കുറെയുണ്ട്. രണ്ടു റ്റൈം സോണുകളുടെ അതിര്‍ത്തിയിലാണു ഞങ്ങള്‍. ഓഫീസിലിരുന്നു മൊബയില്‍ അങ്ങോട്ടു തിരിച്ചു വച്ചാല്‍, സമയം മൂന്നു മണിയെന്നും, ഇങ്ങോട്ടു തിരിച്ചു വച്ചാല്‍, നാലു മണിയെന്നും കാണാം. വീടിരിക്കുന്നതു ഈസ്റ്റേണ്‍ റ്റൈമിലാണെങ്കിലും, ഏഷ്യാനെറ്റ് കിട്ടുന്നതു, ചിക്കാഗോ റ്റൈമായ സെന്ട്രല്‍ റ്റൈമിലെയാണ്. അതുകൊണ്ടു, ആറു മണിക്കാണു, സുപ്രഭാതമെങ്കില്‍, അതേഴു മണിക്കേ ഞങ്ങള്‍ക്കു കിട്ടൂ. വൈകി കിടന്നതല്ലേ, അത്രയും കൂടി ഉറങ്ങിക്കോട്ടെയെന്നോര്‍ത്തു, ഞാന്‍ ഇഡ്ഡലിക്കുള്ളതു കുക്കറില്‍ കോരിയൊഴിച്ച് സ്റ്റൌവില്‍ കേറ്റിയിട്ട്, ബ്രഷ് ചെയ്യാന്‍ പോയി.

ബ്രഷ് ചെയ്തു കതകു തുറന്നതും...

"ഹാപ്പി ബേര്‍ത്ത് റ്റൂ യൂ... ഹാപ്പി ബേര്‍ത്ത് ഡിയര്‍ മമ്മാ.... ......"

അപ്പനും മകളും കൂടി അകത്തെ മുറിയില്‍ നിന്നു പാടുന്നു... ഈശ്വരാ... ഇന്നെത്രയാ തീയതി ? നവംബര്‍ ഇരുപത്തെട്ട്.... ന്റെ ജന്മദിനം! എന്താ ഞാനീ കാണുന്നതൊക്കെ. ബലൂണുകള്‍... മുറിയൊക്കെ ലൈറ്റിട്ടലങ്കരിച്ചിരിക്കുന്നു.. ഹാനയുടേം മനൂന്റെയും വക കാര്‍ഡുകള്‍.. മേശയുടെ നടുക്കൊരു ഒന്നാംതരം പൈനാപ്പിള്‍ കേയ്ക്ക് !!. ഇപ്പോളെനിക്കെല്ലാം മനസ്സിലായി. ഈ കേയ്ക്കുണ്ടാക്കാന്‍വേണ്ടി പാവം, അത്യധ്വാനം ചെയ്തതിന്റെ ബാക്കിപത്രമാണു ഞാന്‍ അടുക്കളയില്‍ കണ്ടത്. സന്തോഷം കൊണ്ടെന്റെ കണ്ണു നിറഞ്ഞു....

എന്നാലും, വല്ലപ്പോളും എനിക്കു മടി വരുമ്പോള്‍, ഒരു ചായ ഇടുംന്നല്ലാതെ, അടുക്കളയില്‍ കാര്യമായൊന്നും ചെയ്യാത്ത ആള്‍, എങ്ങനെ ഇത്ര നല്ല കേയ്ക്കു്... ഇത്രയ്ക്കു രുചിയില്‍ ബേയ്ക്കു ചെയ്തു? ഞാനുണ്ടാക്കുന്നതിനെക്കാള്‍ എത്രയോ നന്നായിരിക്കുന്നു.

ഇതാ, ഞാന്‍ പറയാറ്, ഈ പുരുഷന്മാര്‍, വല്ലപ്പോളുമേ അടുക്കളയില്‍ കേറൂ, പക്ഷേ എന്താ രുചി, ഉണ്ടാക്കണ സാധനങ്ങള്‍ക്ക്!. ഇനിയിപ്പോ ഈ കാരണം പറഞ്ഞിദ്ദേഹത്തെ ഇടയ്ക്കിടെ അടുക്കളയില്‍ എന്തിനെങ്കിലും ഉന്തി കേറ്റാമല്ലോ :)

65 അഭിപ്രായങ്ങള്‍:

11/29/2006 01:37:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

HAPPY BIRTHDAY!

 
11/29/2006 05:42:00 AM ല്‍, Blogger കുറുമാന്‍ പറഞ്ഞു...

അയ്യോ ഇന്നലെ കണ്ടില്ലല്ലോ ഇത് - സാരമില്ല ഇപ്പോള്‍ അവിടെ 28-ആം തിയതി തന്നേയാ - അപ്പോ

പിറന്നാളാശംസകള്‍

മധുരം തരൂ

മാളോരേ, ദേ കുട്ട്യേടത്തിക്ക് പിന്നേം വയസ്സുകൂടി :)

 
11/29/2006 05:53:00 AM ല്‍, Blogger വല്യമ്മായി പറഞ്ഞു...

പിറന്നാളാശംസകള്‍

 
11/29/2006 06:23:00 AM ല്‍, Blogger Siju | സിജു പറഞ്ഞു...

പിറന്നാളാശംസകള്‍
കമന്റ് കണ്ട് വന്നതു കൊണ്ട് സസ്പെന്‍സുണ്ടായില്ല; എങ്കിലും നല്ല വിവരണം
qw_er_ty

 
11/29/2006 06:59:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍ കുട്ട്യേടത്തിയേ.

കുറുമീടെ പിറന്നാള്‍ മറന്ന് ഒടുക്കം തലേന്നത്തെ പ്രത്രമെടുത്തു കാട്ടിയ കുറുമാനെപ്പോലെയല്ല മഞ്ജിത്ത്‌ എന്നറിഞ്ഞു സന്തോഷിക്കുന്നു.

 
11/29/2006 07:10:00 AM ല്‍, Blogger ഡാലി പറഞ്ഞു...

മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ കുട്ടേടത്തേയ്.
ഹോ എനിക്ക് കുശുമ്പു വരുന്നു. കുശുമ്പിന്റെ കണ്ണാടി ഫിറ്റ് ചെയ്ത് ഒരു ചോദ്യം എന്നീട്ട് ആ അടുക്കള ആരാ വൃത്തിയാക്കിയേ?

 
11/29/2006 07:26:00 AM ല്‍, Blogger തറവാടി പറഞ്ഞു...

കുട്ട്യേടത്തി , ജന്‍മദിനാശംസകള്‍
qw_er_ty

 
11/29/2006 07:28:00 AM ല്‍, Blogger മുസ്തഫ|musthapha പറഞ്ഞു...

പിറന്നാളാശംസകള്‍ :)

 
11/29/2006 07:32:00 AM ല്‍, Blogger അതുല്യ പറഞ്ഞു...

ദേ പിന്നേം അസൂയ തന്നെ എനിക്ക്‌ കൂട്ട്‌. വീട്ടി പോയി ഇത്‌ ഹിന്ദിയിലാക്കി പറയണം.

(കേക്ക്‌ കിട്ടിയില്ലേലും വേണ്ടാ. റ്റെം ആവുമ്പോ വിസയെങ്കിലും പുതുക്കാന്‍ അല്‍പം ഓര്‍മ്മയുണ്ടായിരുന്നേലു, ഒരു ദിവസം 1500 വച്ച്‌ പിഴകെട്ടാതെയിരിയ്കാമായിരുന്നു.. ഒരു ലീസ്റ്റ്‌ ആശയാ...)

HAPPY BIRTHDAY!

 
11/29/2006 07:37:00 AM ല്‍, Blogger കുഞ്ഞൂട്ടന്‍ പറഞ്ഞു...

കുട്ട്യേടത്തിക്കു കുഞ്ഞൂട്ടന്റെ ഒരായിരം പിറന്നാള്‍ ആശംസകള്‍

 
11/29/2006 07:37:00 AM ല്‍, Blogger കുഞ്ഞൂട്ടന്‍ പറഞ്ഞു...

കുട്ട്യേടത്തിക്കു കുഞ്ഞൂട്ടന്റെ ഒരായിരം പിറന്നാള്‍ ആശംസകള്‍

 
11/29/2006 07:49:00 AM ല്‍, Blogger Inji Pennu പറഞ്ഞു...

കുട്ട്യേട്ടത്തീ‍ീ‍ീ‍ീ‍ീ‍ീ...ഹാപ്പി ഹാപ്പി ബെര്‍ത്തഡേ..നെറയെ നെറയെ ഉമ്മ.ഒരുപാട് നന്മയും സമൃദ്ധിയും നിറഞ്ഞ വര്‍ഷമാകട്ടെ.

പൈനാപ്പിള്‍ കേക്കിന്റെ പടം കാണിക്കാതെ ഇതു വിശ്വസിക്കുന്ന പ്രശ്നമില്ല.എനിക്ക് തോന്നണെ കടേന്ന് മേടിച്ചിട്ട്,കുറച്ച് ബേക്കിങ്ങ് പാനിലും പാത്രങ്ങളിലും ഒക്കെ ആക്കീ‍ന്നാ.

അപ്പൊ സാജിറ്റേറിയന്‍ ആണല്ലേ?

 
11/29/2006 08:05:00 AM ല്‍, Blogger രാജ് പറഞ്ഞു...

പിറന്നാളാശംസകള്‍ കുട്ട്യേടത്തീ. ഇന്നാ കാണണേ, അപ്പൊ വൈകിപ്പോയി.

 
11/29/2006 08:21:00 AM ല്‍, Blogger മുസാഫിര്‍ പറഞ്ഞു...

വൈകിയാണെങ്കിലും പിറന്നാള്‍ ആശംസകള്‍.

 
11/29/2006 08:39:00 AM ല്‍, Blogger സ്വാര്‍ത്ഥന്‍ പറഞ്ഞു...

പൈനാപ്പിള്‍ കെയ്ക് ഉണ്ടാക്കിയ കൈകള്‍ക്ക് ഭാവുകങ്ങള്‍!

പാത്രങ്ങള്‍ കഴുകിയ കൈകള്‍ക്ക് 'ജന്മദിനാശംകള്‍'!!!

 
11/29/2006 09:03:00 AM ല്‍, Blogger ബിന്ദു പറഞ്ഞു...

നിറയെ ജന്‍‌മദിനാശംസകള്‍!!!(ഒരു ദിവസമല്ലെ താമസിച്ചുള്ളു, അതു സാരമില്ല.):) കേക്കിന്റെ കഷ്ണം എനിക്കുള്ളതു വച്ചിട്ടുണ്ടല്ലോ അല്ലേ? ഞാനിതാ എത്തി.

 
11/29/2006 09:20:00 AM ല്‍, Blogger Adithyan പറഞ്ഞു...

പിറന്നാള്‍ മംഗളങ്ങള്‍... :)

ഇന്നലെ റ്റോക്ക് സ്റ്റാറ്റസ് കണ്ടപ്പോഴേ ഊഹിക്കണമായിരുന്നു, പക്ഷെ ഞാന്‍ കരുതി അത് കോളേജ് സന്തൂര്‍ കുട്ടികള്‍ക്കു മാത്രമുള്ള ഒരു തോന്നലായിരിക്കുമെന്ന്. :))

പിറന്നാളിന് ഒരു കേക്ക് വെച്ചു തന്നതിന് പതിദേവന് നന്ദി പറയുന്നതിന് പകരം ആ കാരണം പറഞ്ഞ് ഇനി ഡെയ്്ലി അടുക്കളയില്‍ കയറ്റാമെന്ന്... ഹോ ഈ വിവാഹിതരായ ആണുങ്ങള്‍ടെ കാര്യം കൊറച്ച് കഷ്ടമാണേയ്... ;))

ഓടോ: ഇഞ്ചിയേച്ചിയേ, സാജിറ്റേറിയന്‍ ആണോന്നറിയില്ല, പക്ഷെ നോണ്‍ വെജിറ്റേറിയന്‍ ആരിക്കും.

 
11/29/2006 09:49:00 AM ല്‍, Blogger Satheesh പറഞ്ഞു...

കാണാന്‍ വൈകി!
പിറന്നാള്‍ ആശംസകള്‍!

 
11/29/2006 10:03:00 AM ല്‍, Blogger വിപിന്‍‌ദാസ് പറഞ്ഞു...

വൈകിയതിനു..ക്ഷമാപണം....
ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍....

 
11/29/2006 10:23:00 AM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

ഹാപ്പി ബിലേറ്റഡ് ബെര്‍ത്ത്‌ഡേ!

ഛെ, “വിവാഹിതര്‍” ബ്ലോഗിലിടേണ്ട ഒരു പോസ്റ്റ് ഇവിടിട്ടു വേസ്റ്റാക്കി :)

ഭാര്യ കാണുന്നതിനു മുമ്പു് ഇതു ബ്ലോക്കു ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ മാളോരേ? ഈ മന്‍‌ജിത്ത് ചെയ്യുന്ന ഓരോ പാരയേ! ആ സമയത്തു് അടുത്ത വിക്കി ക്വിസ് ടൈം എഴുതിക്കൂടായിരുന്നോ?

എല്ലാ ആശംസകളും...

 
11/29/2006 10:33:00 AM ല്‍, Blogger Unknown പറഞ്ഞു...

കുട്ട്യേടത്തീ,
ബിലേറ്റഡ് ബര്‍ത്ത്ഡേ വിഷസ്! :-)

ഓടോ:: പാവം മനുഷ്യന്‍ സ്നേഹം കൊണ്ട് ഓരോന്ന് ചെയ്യുമ്പൊ ഇനി ആ പാവത്തിനെ കുക്കിങ് മൊത്തം ഏല്‍പ്പിച്ചോളണേ. (അദര്‍ ബ്യാച്ചിലേഴ്സ് നോട്ട് ദി പോയിന്റ്, ആരും കേക്ക് കുക്ക് ചെയ്യരുത് വാങ്ങാനേ പാടൂ. ഗേള്‍ഫ്രന്റിനായാല്‍ പോലും.സൂക്ഷിച്ചാല്‍ കുക്കിയ്ക്കണ്ട) :-)

 
11/29/2006 10:55:00 AM ല്‍, Blogger വേണു venu പറഞ്ഞു...

പിറന്നാളാശംസകള്‍.

qw_er_ty

 
11/29/2006 11:44:00 AM ല്‍, Blogger reshma പറഞ്ഞു...

കുട്ട്യേടത്തീ , കുറച്ച് വൈകിയാണെങ്കിലും പിറന്നാളാശംസകള്‍:)

qw_er_ty

 
11/29/2006 11:45:00 AM ല്‍, Blogger Visala Manaskan പറഞ്ഞു...

കുട്ട്യേടത്തിക്ക് എന്റെയും ബിലേറ്റഡ് ഒരാശംസ.

എല്ലാ സന്തോഷത്തോടെയും ജീവന്റെ ജീവനായ ആ കൂട്ടുകാരനും ആള്‍ടെ പുന്നാര കുഞ്ഞാവക്കുമൊപ്പം ഒന്നിനും ഒരു മുട്ടുമില്ലാതെ ഹാപ്പിയോട് ഹാപ്പിയായി ജീവിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!

ഒരുപാട്ടും ഡെഡിക്കേറ്റ് ചെയ്യുന്നു:

‘ഇന്നലെയാര്‍ന്നൂ പൂത്തിരുനാള്‍ മകം(?) പിറന്നൊരു മങ്കക്ക്.

പൈനാ....പ്പിള്‍ കേക്കുണ്ടാക്കി ഹാനക്കുഞ്ഞും മഞ്ജിത്തും!‘

നല്ലോരു പാട്ട് ഞാനയിട്ട് കൊളാക്കിയല്ലേ? ക്യാ കരൂം. ടെന്‍സ് മാച്ചാവുന്നില്ല! (അല്ലേങ്ങെ മല മറിച്ചേനെ ല്ലെ?? ഹിഹി)

എന്ത്യേ ഞാനിത് മുന്‍പ് കാണാഞ്ഞെ?? ഛെ!!

 
11/29/2006 12:32:00 PM ല്‍, Blogger Mrs. K പറഞ്ഞു...

ഹാപ്പി ബര്‍ത്ത്ഡേ.....

കേക്ക് എങ്ങനെയാ ഉണ്ടാകിയതെന്ന് ഇപ്പഴും ഓര്‍മ്മയുണ്ടെങ്കില്‍ ഒന്നെഴുതി വെച്ചേക്കണേ...പൈനാപ്പിള്‍ കേക്ക് എനിക്കും ഇഷ്ടാ. എന്നാലും ബര്‍ത്ഡേ കുട്ട്യേടത്തി എങ്ങിനെ മറന്നുപോയി?

 
11/29/2006 12:42:00 PM ല്‍, Blogger സ്നേഹിതന്‍ പറഞ്ഞു...

വൈകിയെങ്കിലും ജന്മദിനാശംസകള്‍!

 
11/29/2006 01:21:00 PM ല്‍, Blogger Santhosh പറഞ്ഞു...

ഹാപ്പി ബര്‍ത്ഡേ!
മന്‍‍ജിതേ, പാരാ, പാരാ എന്ന് പറയുന്നത് ഇതാണ്...

 
11/29/2006 01:27:00 PM ല്‍, Blogger കാളിയമ്പി പറഞ്ഞു...

ഏടത്തിയേ

ആശംസകള്‍..

 
11/29/2006 02:38:00 PM ല്‍, Blogger Unknown പറഞ്ഞു...

വൈകിയെങ്കിലും, കുട്ട്യേടത്തിക്ക് ജന്മദിനാശംസകള്‍!

 
11/29/2006 08:30:00 PM ല്‍, Blogger evuraan പറഞ്ഞു...

പിറന്നാള്‍ ആശംസകള്‍..!

എല്ലാ മംഗളങ്ങളും മൂന്ന് പേര്‍ക്കും നേരുന്നു..!

 
11/29/2006 08:40:00 PM ല്‍, Blogger അമല്‍ | Amal (വാവക്കാടന്‍) പറഞ്ഞു...

വൈകിപ്പോയി!വൈകിപ്പോയി!വൈകിപ്പോയി!

കുട്ട്യേടത്തിക്ക് എന്റെ പിറന്നാളാശംസകള്‍!

മഞ്ജിത്തേട്ടന് ഒരു നല്ല ജീവിതം നേരുന്നു :)

 
11/29/2006 11:31:00 PM ല്‍, Blogger evuraan പറഞ്ഞു...

ഭാര്യ കാണുന്നതിനു മുമ്പു് ഇതു ബ്ലോക്കു ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ മാളോരേ?

ഒഴിഞ്ഞ ഒരു ഗോള്‍‌പോസ്റ്റു കണ്ടിട്ട് ഒരു ഗോള്‍ പണിയാതെ എങ്ങിനെ പോകും?

നാരീ രത്നങ്ങളേ:

കേമന്മാരായ പാചകക്കാരെല്ലാം ആണുങ്ങളല്ലെ. സഞ്ജീവ് കപൂര്‍, പുരാണത്തിലെ നളന്‍ തുടങ്ങി എത്‌രയോ പേരുണ്ട്?

വേണ്ടാന്നു വെച്ച് മടി പിടിച്ചിരിക്കുന്നതു കൊണ്ട് (മത്തായി പിടിച്ചാല്‍ മലയിങ്ങ് പോരും, പക്ഷെ പിടിക്കുകേല എന്നു മാത്രം എന്നു പറയുന്നതു പോലെ...) മാത്രമാണവര്‍ അടുക്കളയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

ആയതിനാല്‍ വായ്ക്ക് രുചിയായി വല്ലതും കഴിക്കണമെങ്കില്‍ ഭര്‍ത്താക്കന്മാ‍രെ അടുക്കളയിലേക്ക് പറഞ്ഞു വിടിന്‍. ആദ്യമൊക്കെ പട്ടി പോലും തുപ്പിക്കളയുന്ന തരത്തിലാവും അവര്‍ കുക്ക് ചെയ്യുക. അതൊക്കെ അടവല്ലേ, നമ്പരല്ലേ?

ബാക്കി എന്തു ചെയ്യണമെന്ന് സ്വന്തം യുക്തി പോലെയാവാം.

പാര ഇതി സമാപ്തം.

ഞാന്‍ മുങ്ങി.. :)

(മലയാളം വായിക്കാനറിയാത്ത ഭാര്യ ഉള്ളവര്‍ ഭാഗ്‌യവാന്മാര്‍..)

 
11/29/2006 11:41:00 PM ല്‍, Blogger Adithyan പറഞ്ഞു...

ഏവൂരാനിട്ട് ഒരു പാര പണിയാനായിട്ട് ഇതാരേലും ഒന്ന് ഇംഗ്ലീഷില്‍ ആക്കിത്തരാമോ? (എനിക്കറിയാമ്പാടില്ലാഞ്ഞിട്ടൊന്നുമല്ല, കഷായം കുടിച്ചിട്ടിരിക്കുവാ, ദേഹം അനങ്ങണ്ടാന്നു വെച്ചാ)

ശനിയനെക്കൊണ്ട് എങ്ങനേലും സംഭവം ലക്ഷ്യസ്ഥനത്ത് എത്തിക്കാം :))

 
11/29/2006 11:53:00 PM ല്‍, Blogger തറവാടി പറഞ്ഞു...

ഈ മന്‍ചിത്തേട്ടന്‍ ഓരോന്ന് ചെയ്ത്‌വെക്കും മനുഷ്യന്‍ മാര്‍ക്ക് ഉറക്കം കെടുത്താനായിട്ട്‌ , ദയവായി ഇത്തരത്തിലുള്ള പാരപ്പണികല്‍ ചെയ്യാതിരിക്കൂ , ഇനി ചെയ്താല്‍ അതാരെയും അറീക്കാതിരിക്കൂ

 
11/30/2006 12:02:00 AM ല്‍, Blogger സുഗതരാജ് പലേരി പറഞ്ഞു...

അയ്യോ ഞാന്‍ ഒരുദിവസം കൂടി വൈകിയല്ലോ!
വൈകിപ്പോയെങ്കിലും കുട്ട്യേടത്തിക്ക് എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

 
11/30/2006 12:14:00 AM ല്‍, Blogger Mubarak Merchant പറഞ്ഞു...

കുട്ട്യേടത്തീ,
വൈകിവന്ന ആശംസകളുടെ കൂട്ടത്തില്‍ എന്റേതും കൂടി കൂട്ടിക്കോളൂ..
മെനി മെനി ....

 
11/30/2006 12:25:00 AM ല്‍, Blogger Unknown പറഞ്ഞു...

വൈകിപ്പോയെങ്കിലും ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍...

 
11/30/2006 12:46:00 AM ല്‍, Blogger Peelikkutty!!!!! പറഞ്ഞു...

ഹാപ്പി ബിലേറ്റഡ് ബെര്‍ത്ത്‌ഡേ!

 
11/30/2006 02:53:00 AM ല്‍, Blogger ശിശു പറഞ്ഞു...

വൈകിപ്പോയി, പക്ഷെ ആശംസകളല്ലെ, വൈകിയാലും കുഴപ്പമില്ല,
ഒരുപാടൊരുപാടാശംസകള്‍..

 
11/30/2006 09:38:00 AM ല്‍, Blogger Inji Pennu പറഞ്ഞു...

ആദിയേ,
ഇതു മതിയോന്ന് നോക്കിക്കെ.
Nalan and Sanjeev maketh eatable food. Rest all make men maketh food,dog biscuits tastes better :)

ആണുങ്ങള്‍ പൊതുവെ താങ്കലെസ്സ് ജോബ്സ് ചെയ്യില്ലാന്ന തോന്നുന്നത്. അവര്‍ റിയല്‍ മണി ജോബ്സേ ചെയ്യുള്ളൂ. അതോണ്ടാണു ഹോട്ടലിലെ കുക്സോക്കെ ആണുങ്ങള്‍..

ആണുങ്ങള്‍ കുക്കുന്നത് എണ്ണ കോരിയൊഴിച്ചും പെണ്ണുങ്ങള്‍ സ്നേഹത്തില്‍ വേവിച്ചുമാണ്. അതാണ് ആണുങ്ങളുടെ ഫുഡ് നല്ല ടേസ്റ്റെന്ന് ആദ്യം തോന്നുമെങ്കിലും രണ്ട് ദിവസത്തില്‍ കൂടുതല്‍ അടുപ്പിച്ച് കഴിക്കാന്‍ പറ്റില്ല. :-)

 
11/30/2006 10:20:00 AM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

"ആണുങ്ങള്‍ കുക്കുന്നത് എണ്ണ കോരിയൊഴിച്ചും പെണ്ണുങ്ങള്‍ സ്നേഹത്തില്‍ വേവിച്ചുമാണ്..."

ആ പ്രയോഗത്തിനു കൈ കൊടു് ഇഞ്ചീ. “സ്നേഹം” എന്നതിനു് എണ്ണ എന്നര്‍ത്ഥവും ഉണ്ടെന്നു് അറിയാമല്ലോ, അല്ലേ?

പപ്പടം കാച്ചുക, പെണ്ണിനെ വളയ്ക്കുക എന്നു രണ്ടര്‍ത്ഥം പറയാവുന്ന ഒരു ശ്ലോകമുണ്ടു്. ഓര്‍മ്മ കിട്ടുന്നില്ല. “സ്നേഹത്തില്‍ മുക്കണം” എന്നാണു് ആദ്യഭാഗത്തിന്റെ അര്‍ത്ഥം. രണ്ടാം ഭാഗത്തിന്റെ അര്‍ത്ഥം ഇവിടെ എഴുതാന്‍ കൊള്ളില്ല.

[എല്ലാ ഭാര്യമാരും കേട്ടല്ലോ (ദിവ്യാ, പ്ലീസ് നോട്ട്!) ഭര്‍ത്താക്കന്മാര്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ കൊള്ളില്ല. അതുകൊണ്ടു് അവരോടു കുക്കു ചെയ്യാന്‍ പറയരുതു്! (സന്തോഷ്, മൈക്രോസോഫ്റ്റില്‍ എന്റെ ജോലിയുടെ കാര്യം...)]

:)

 
11/30/2006 12:12:00 PM ല്‍, Blogger Manjithkaini പറഞ്ഞു...

ആണുങ്ങള്‍ കുക്കുന്നത് എണ്ണ കോരിയൊഴിച്ചും പെണ്ണുങ്ങള്‍ സ്നേഹത്തില്‍ വേവിച്ചുമാണ്.

ആണുങ്ങള്‍ കുക്കുന്നത് കഴിക്കാനും പെണ്ണൂങ്ങള്‍ കുക്കുന്നത് പടമെടുക്കാനുമാണ് എന്നും സന്ദര്‍ഭോചിതമായി മാറ്റിവായിക്കാവുന്നതാണ്.

പടമെടുത്ത വിഭവങ്ങള്‍ കഴിക്കാനൊക്കില്ല എന്നു ചില ഭര്‍ത്താക്കന്മാരുടെ അനുഭവ സാക്ഷ്യവുമുണ്ടത്രേ.

 
11/30/2006 12:23:00 PM ല്‍, Blogger ലിഡിയ പറഞ്ഞു...

കുട്ട്യേടത്തീ ഒത്തിരി താമസിച്ച്, ഒത്തിരി സ്നേഹത്തൊടെ പിറന്നാള്‍ ആശംസകള്‍..ഈ സന്തോഷം എന്നും തന്ന് ദൈവം അനുഗ്രഹിക്കട്ടെ.

-പാര്‍വതി.

 
11/30/2006 12:25:00 PM ല്‍, Blogger Inji Pennu പറഞ്ഞു...

പൈനാപ്പിള്‍ കേക്ക് കടേന്ന് മേടിച്ചിട്ടും,ഭാര്യയെ അത് സ്വന്തമായി ഉണ്ടക്കിയതാണെന്ന് വിശ്വസിപ്പിക്കാന്‍ എന്തോരം പാട്ടുപെട്ടു കാണും,
പാവം! :)

പണ്ട് ആയിരം പാദസരം പാടിയിട്ടും സോണിയാ മൈണ്ട് ചെയ്യാണ്ടിരുന്നപ്പോഴും, ഉയിരേ ഉയിരേ പാട്ടു പാടി രശ്മി ഷേക്ക് ഹാണ്ടും തന്നപ്പൊ,ഏയ് അവളുമാരോടെനിക്കൊന്നും തോന്നിയില്ല (അവര്‍ മൈണ്ട് ചെയ്തില്ലാ എന്നുള്ള സത്യം) എന്ന്
എന്നെഴുതിയതു പോലെയല്ലേ ഈ പൈനാപ്പിള്‍ കേക്കും എന്ന് ഞാന്‍ ഉറക്കെ ചിന്തിക്കുന്നു..:)

ഞാന്‍ കുറച്ചു ദിവസത്തേക്ക് ഇവിടെ കാണില്ല.:)

 
11/30/2006 12:27:00 PM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

ഹഹഹ മന്‍‌ജിത്തേ...

ഇഞ്ചിയുടെ പഴയ കമന്റുകളൊക്കെ വള്ളിപുള്ളി വിടാതെ ഓര്‍ത്തുവെയ്ക്കുകയും ലിങ്കുകള്‍ ക്വോട്ടു ചെയ്യാന്‍ വൈഭവമുള്ളവനാണെന്നു്‌ അഭിമാനിക്കുകയും ചെയ്യുന്ന ഞാന്‍പോലും ഓര്‍ത്തില്ല ഇതു്!

കലക്കി!

 
12/01/2006 10:14:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

തനിമേ, കുറുമാന്‍ വല്യമ്മായി, സിജു, തറവാടി, അഗ്രജന്‍, അതുല്യേച്ചി, പെരിങ്ങോടരേ, മുസാഫിര്‍, സതീഷ്, ദില്‍ബാസുരാ, വേണു, രേഷ്മാജി, സ്നേഹിതന്‍, അംബീ, യാത്രാമൊഴി,നന്ദി

താരക്കുട്ടി, അഡ്രസ്സ് തന്നാല്‍ കേയ്ക്ക് ഡി എച് എല്‍ വഴി അയക്കാം. ( ചുളുവില്‍ അഡ്രസ്സ് ഒപ്പിച്ചാല്‍ താര ഇനി ബ്ലോഗ് ഡിലീറ്റ് ചെയ്തു മുങ്ങുംബോള്‍ ചന്ത പിള്ളാരെ വിട്ടു തല്ലിക്കാമല്ലോ. :)

ദേവേട്ടാ, അതേതു സംഭവം ?

ഡാലി ചോദിക്കാനുണ്ടോ, ക്ലീനിങ്ങൊക്കെ ഞാന്‍ തന്നെ ചെയ്തു.

കുഞ്ഞൂട്ടാ, ഒരായിരം നന്ദി.

ഇഞ്ചി, പോസ്റ്റിലെ അക്ഷരത്തെറ്റു തിരുത്താന്‍ മനൂനു കൊടുത്തപ്പോ മനു ആദ്യം പറഞ്ഞത്, 'തോമാസിന്റെ കൊച്ചുമോളിപ്പോ വരും, ഫോട്ടോ ഇട്ടാലേ വിശ്വസിക്കൂ ' എന്നു പറഞ്ഞോണ്ട് :) പഴയ പോലെ യൂ റ്റ്യൂബിലിട്ടു ലിങ്കു തരാരുന്നു, പഷേ മെയിലൈടി ഒക്കെ ഡിലീറ്റിയില്ലെ ?

സ്വാര്‍ത്ഥന്‍, പാത്രം ഞാനാ കഴുകിയേന്നെങ്ങനെ മനസ്സിലായി ?

ബിന്ദൂ, നെറയെ നന്ദി.

ആദിയേ.., ഈ മൊട്ടേന്നു വിരിയാത്ത ചെക്കനൊക്കെ ഇപ്പൊളേ, വിവാഹിതരുടെ കഷ്ടപാടുകളോര്‍ത്ത് ആകുലപ്പെടണ്ടാന്നേ . ഇനിയും എത്ര 'യുഘ'ങ്ങള്‍ കഴിയണം, ആദിക്കിതൊക്കെ അനുഭവിക്കാന്‍ :)

വിപിന്‍‌ദാസ്, അയ്യയ്യോ..ക്ഷമാപണമൊക്കെ എന്തിനാ ? (നിര്‍ബന്ധമാണെങ്കില്‍ ക്ഷമയെടുത്തിട്ടു പണം തന്നോളൂ). നന്ദി.

ഉമേഷ്ജി, സിന്ധുചേച്ചിയുടെ ജന്മദിനം എന്നാ ? അതിനുമുന്‍പിതു വിളിച്ചോര്‍മിപ്പിക്കുന്ന കാര്യം ഞാനേറ്റു.:)

വിശാലോ, അതൊരൊന്നൊന്നര ആശംസ ആയിരുന്നല്ലോ. ഹഹ... മകം എന്നു തന്നെ പാടിക്കോളൂ. എന്റെ നാളേതാന്നൊരു പിടിയുമില്ല. അപ്പോ കുറയ്ക്കണ്ട, മകം തന്നെയിരിക്കട്ടെ. :)

ആര്‍പ്പീ, ഞാനൊരു ഡേയ്റ്റ് സെന്‍സില്ലാത്ത ജീവിയാ. ജീവിതത്തിലൊരിക്കലും എനിക്കു ശരിയുത്തരം പറയാന്‍ പറ്റാത്തൊരു ചോദ്യമാ, 'വാട്ടീസ് റ്റുഡേയ്സ് ഡേയ്റ്റ് ? ' . ഒക്റ്റോബറിലോര്‍ക്കും, ദൈവമേ അടുത്ത മാസം വയസ്സൊന്നു കൂടുമല്ലോ ന്ന്. ഇതുപോലെ തന്നെ കൂട്ടുകാരുടെയൊക്കെ ബര്‍ത്ത്ഡേ, ആനിവേഴ്സറി, ഒക്കെ ഡേയ്റ്റ് മനസ്സില്‍ അറിയാം. പഷേ ആ ഡേയ്റ്റായെന്നൊരിക്കലും ഓര്‍ക്കൂല്ലാ.

സന്തോഷ്, ഇത്രേയൊക്കെയല്ലെ ഞങ്ങളെക്കൊണ്ടു പറ്റൂ :)

ഏവൂരാനേ (ഈ എടത്താനേ, വലത്താനേ... എന്നൊക്കെ പറയുന്ന ഒരു ഫീലിങ്ങ്, ഏവൂരാനേ പറയുമ്പോള്‍ :) , ജാസ്മിന് മലയാളം വായിക്കാനറിയാത്ത കൊണ്ടു ധൈര്യമായി പറയാമല്ലോ.:)

വാവക്കാടന്‍, നന്ദി.

തറവാടി, ഹോ എന്നാലും തറവാടി എന്നെ ചേട്ടാന്നു വിളിച്ചു കളഞ്ഞല്ലോ എന്ന സങ്കടത്തിലാ ഇവിടൊരാള്‍ :)

സുഗതാ‍രാജ്, ഇക്കാസ്, ഇരിങ്ങലേ, പീലിക്കുട്ടി,ശിശു നന്ദി :)

പാറൂ, ഹൃദയത്തില്‍ നിന്നുമുള്ള ആ ആശംസകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി.

 
12/02/2006 08:12:00 PM ല്‍, Blogger Inji Pennu പറഞ്ഞു...

കുട്ട്യേട്ടത്തിയേ
തോമസിന്റെ കൊച്ചു മോളു ഞാനാ? ശ്ശൊ! അതെന്നാ? എനിക്കീ വിശ്വേട്ടനേയും മന്‍ജിത്തേട്ടനെയും പോലുള്ള മനുസന്മാരെയാണ് ഏറ്റവും സൂക്ഷിക്കേണ്ട എന്നു തോന്നണുണ്ട്. ഇവരീ വൈല്‍ഡ് ലൈഫ് റിസേര്‍ച്ചേര്‍സിന്റേയും ഫോട്ടോഗ്രാഫര്‍മാരുടേയും പോലെയാണ്. ദൂരെ പൊന്തക്കാട്ടില്‍ പൊക്കത്തിലൊരു ഏറുമാടം കെട്ടി ഇങ്ങിനെ തീരെ ശബ്ദമുണ്ടാക്കാതെ,രാവും പകലും നമ്മളീ കുരങ്ങന്മാരും മറ്റും വൈല്‍ഡ് ലൈഫ് മെമ്പേര്‍സും കാണിക്കുന്ന സര്‍ക്കസുകളൊക്കെ ശ്വാസത്തിന്റെ ശബ്ദം പോലും കേപ്പിക്കാതെ ശ്രദ്ധിച്ചോണ്ടിരിക്കും. എന്നിട്ട് ഒരു പ്രത്യേക അവസരത്തില്‍ മയക്ക് വെടി പോലെ ഒരു കമന്റ് പാസ്സാക്കും.അതു കൃത്യം നമ്മുടെ നെറ്റിക്കിട്ട് കൊള്ളുവേം ചെയ്യും. ഈ മയക്കു വെടി കൊണ്ടിട്ട് നമ്മളുടെ ഉള്ളില്‍ ഒരു റേഡിയോ ഫ്രീക്വന്‍സി പ്പ് ഇട്ട് വെക്കും. പിന്നെ അവര്‍ക്ക് ഈസിയാണല്ലൊ നമ്മളെ നിരീക്ഷിക്കാന്‍.എന്തെങ്കിലും അവസരത്തില്‍ പിന്നേം ഫുട്ട് പ്രിന്റ്സായ ലിങ്കോടു കൂടി പിന്നേയും നമ്മക്കിട്ടു താങ്ങും. ഇതൊന്നും അറിയാണ്ട്, നമ്മളീ സിംഹത്തിന്റെ വാലില്‍ കിടന്നു തൂങ്ങിയും പുള്ളിപുലീന്റെ പുറത്ത് പെയിന്റടിച്ചു കളിച്ചും, മറ്റു കുരങ്ങന്‍ ഗഡീസിന്റെ പേന്‍ നോക്കിയും ആര്‍മാദ്ദിച്ചു കഴിയും. മയക്കു വെടിയുടെ ഒരു വേദന ഇടക്കിടക്ക് നെറ്റിമേല്‍ ഉണ്ടെങ്കിലും അത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലുമുള്ള വിവരം പോലും ഉണ്ടാവില്ല.നമ്മള്‍ അടുത്തെന്താ ചെയ്യാന്‍ പോവുന്നേയെന്ന് നമ്മളേക്കാളും നന്നായി ഇവര്‍ പറയും..ഇവരെ എനിക്ക് സത്യായിട്ടും പേടിയാണ്.!!! ആ ഏറുമാടങ്ങളില്‍ ഞാന്‍ തീ വെക്കും!

 
12/02/2006 08:34:00 PM ല്‍, Blogger വിശ്വപ്രഭ viswaprabha പറഞ്ഞു...

ങ്ഹേ!
ഇഞ്ചീ, എന്നെ വിളിച്ചോ?

 
12/02/2006 08:46:00 PM ല്‍, Blogger reshma പറഞ്ഞു...

ജിഞ്ചര്‍ ഗേളേ, നിനക്ക് മുന്‍പില്‍ തൊപ്പി ഊരുന്നു ആ കമന്റിന് :D

qw_er_ty

 
12/02/2006 09:24:00 PM ല്‍, Blogger Tedy Kanjirathinkal പറഞ്ഞു...

വൈകി :-( ഡെസ്പ്പ്
(‘നാന്‍ ലേറ്റാ വന്താലും ലേറ്റസ്റ്റായ് വരുവേന്‍’ എന്നു പറയാന്‍ നമ്മളു രജനിയണ്ണനുമല്ലല്ലോ...)

എന്നാലും സാരമില്ല... :-) എന്റെയും ഒരു കുട്ട നിറയെ ജന്മദിനാശംസകള്‍ കുട്ട്യേടത്തിയ്ക്ക്...

മഞ്ജിത്തേ, യോ മാന്‍ !! (ഒരു ഹൈ-ഫൈവ് !!)

ഓ.ടോ. ഈ ഇഞ്ചിയേച്ചിക്കിത് എന്നാ പറ്റിയേ..? ;-)

 
12/02/2006 10:12:00 PM ല്‍, Blogger ദിവാസ്വപ്നം പറഞ്ഞു...

belated happy birtgday KuttyEdaththu.

diva, sol. mommy

 
12/04/2006 04:04:00 AM ല്‍, Blogger ജേക്കബ്‌ പറഞ്ഞു...

belated wishes kutyEdaththi

 
12/04/2006 06:16:00 AM ല്‍, Blogger moodout പറഞ്ഞു...

The caption is an apt selection
Belated Birthday

 
12/04/2006 02:26:00 PM ല്‍, Blogger Siji vyloppilly പറഞ്ഞു...

എന്താപ്പോ ഇവിടെ സംഭവിച്ചത്‌?ഞാനറിയാതെ കുട്ട്യേടത്തീടെ പിറന്നാളോ?എന്തായാലും ഞാന്‍ വിഷ്‌ ചെയ്യില്ല.പെണ്ണുങ്ങള്‍ക്കേ കുറച്ച്‌ വയസ്സ്‌ കുറഞ്ഞിരിക്കുന്നതാനല്ലത്‌.അടുത്ത പിറന്നാളിന്‌ മുപ്പതിലേക്ക്‌ ചാടുമെന്നോര്‍ത്ത്‌ ഞാന്‍ പെടച്ചിരിക്കുമ്പോഴാണീ പഹയത്തി അതൊന്നൂടെ ഓര്‍മ്മിപ്പിച്ചത്‌.എന്തായാലും ഇതുഞ്ഞാന്‍ ഹിന്ദിയിലേക്ക്‌ തര്‍ജമകര്‍ രഹീഹെ.എന്റെ കെട്ട്യോനും ഒന്ന് കണ്ട്‌ പഠിക്കട്ടെ(എത്ര വീടുകളില്‍ ഇതുവായിച്ച്‌ അടുപ്പുപുകഞ്ഞീലാവോ)

 
12/07/2006 07:24:00 PM ല്‍, Blogger Inji Pennu പറഞ്ഞു...

ദേ കുട്ട്യേട്ടത്തി, പണ്ടൊരിക്കല്‍ കുട്ട്യേട്ടത്തി സ്വപ്നത്തില്‍ ചോദിച്ച റവാ ഇഡ്ഡലി.
http://www.aayisrecipes.com/2006/12/05/rava-idli/

എനിക്കൊണ്ടാക്കാന്‍ അറിയാമേലെങ്കിലും നമ്മുടെ പിള്ളേരൊക്കെ ബ്ലോഗ് വെച്ച് ഇരിക്കുന്നത് പിന്നെ എന്തിനാ?:)

 
12/07/2006 07:31:00 PM ല്‍, Blogger Inji Pennu പറഞ്ഞു...

ദേ വേറൊരെണ്ണം. ഇതൊക്കെ എന്തിന്നാന്നറിയോ തരണേ? അവിടെ വല്ല്യ പാചക്കാരോട് പറയാ വെച്ചു തരാന്‍ ട്ടൊ.അല്ലാണ്ട് കുട്ട്യേട്ടതി ഇനി കുക്കണ്ട. ഡിസംബര്‍ ഒക്കെ ആയില്ലെ? :)
http://madteaparty.wordpress.com/2006/11/04/instant-gratification-rava-idli/

qw_er_ty

 
12/17/2006 10:06:00 PM ല്‍, Blogger Sasi Kumar പറഞ്ഞു...

interesting reading

 
1/02/2007 09:32:00 PM ല്‍, Blogger Siji vyloppilly പറഞ്ഞു...

കുട്ട്യേടത്തി (സുജേ),
എത്ര നാളായെന്നോ ഒന്നിവിടെ വന്ന് വിശേഷം തിരക്കണമെന്നു കരുതിയിട്ട്‌.കുഞ്ഞി വാവ എന്തു പറയുന്നു? ഉറക്കം ഒക്കെയുണ്ടോ? മെറ്റേണിറ്റിലീവ്‌ എത്ര നാളുണ്ട്‌? ഹന്ന ക്കുട്ടി എങ്ങിനെയാ..മോനെ കളിപ്പിക്കാന്‍ അടുത്തു വരുമോ?
ഇവിടെ ഗോപുവും അപ്പുവും ഇതേ പ്രായക്കാരാണ്‌.ആദ്യത്തെ ഒരു വര്‍ഷം നല്ല പാടായിരുന്നു നോക്കിയെടുക്കാന്‍.ഇപ്പോള്‍ രണ്ടു പേരും അടിച്ചും ഇടിച്ചും കൂട്ടുകൂടുന്നു.ഹന്നക്കും ഹാരി നല്ല കൂട്ടുകാരനാകും കളിക്കാനൊന്നും പുറത്തുനിന്നാരും വേണ്ടിവരില്ല.
സുജേടെ ശബ്ദം എവിടെയും കേള്‍ക്കാത്തത്‌ ബൂലോഗം മിസ്സ്‌ ചെയ്യുന്നുണ്ട്‌.കൃസ്തുമസ്സും ന്യൂയറും പ്രമാണിച്ച്‌ ഇഞ്ചിയും ലീവിലാണ്‌.ഒരു തമാശയും എവിടെനിന്നും കേള്‍ക്കുന്നില്ല.ഹാരി മോനെ ഉറക്കിക്കെടുത്തിയിട്ടോ മനുവിന്റെ കയ്യില്‍ കൊടുത്തിട്ടോ ഇടക്കൊക്കെ ബ്ലോഗാന്‍ വരൂ.നവവത്സരാശംസകള്‍..

 
1/02/2007 09:40:00 PM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

ഒരു തമാശയും എവിടെനിന്നും കേള്‍ക്കുന്നില്ല...

അതു കഷ്ടമായല്ലോ സിജീ. വക്കാരിയുമൊക്കെ ഇവിടെ ഉണ്ടായിട്ടും...

ബാര്‍ബര്‍ ഷോപ്പില്‍ വന്ന ഒരുവനോടു ബാര്‍ബര്‍:
കട്ടിംഗോ ഷേവിംഗോ?

ഒരുവന്‍: രണ്ടും ഓരോ പ്ലേറ്റ് പോരട്ടേ...


ഇതു മതിയോ? :)

qw_er_ty
:)

 
1/03/2007 12:32:00 AM ല്‍, Blogger കുറുമാന്‍ പറഞ്ഞു...

കുട്ട്യേടത്തിക്കും, മഞ്ജിത്തിനും, ഹന്നമോള്‍ക്കും, ഹാരിക്കുട്ടനും, പുതുവത്സരാശംസകള്‍ നേരുന്നു (കുറച്ച് ലേറ്റായിട്ടോ)

 
1/03/2007 09:45:00 PM ല്‍, Blogger Siji vyloppilly പറഞ്ഞു...

ശ്ശോ..ഈ ആണുങ്ങളെക്കൊണ്ടു തോറ്റല്ലോ.ദേ ഉമേഷേട്ടാ ഞങ്ങള്‍ പെണ്ണുങ്ങളിങ്ങനെ നാട്ടു വിശേഷവും വീട്ടുവിശേഷവും പറയുന്നിടത്തു വന്ന് ശ്ലോകമൊന്നും ചൊല്ലരുത്ട്ടോ.സംസ്കൃതം കഷ്ടിച്ച്‌ പാസ്സായിട്ടാ ഒരു മലയാളം എം.എ എടുത്തത്‌.അത്‌ വീണ്ടും വീണ്ടും കുത്തികുത്തി ഓര്‍മ്മിപ്പിക്കാന്‍ എവിടെങ്ങിലും വെച്ച്‌ ഉമേഷേട്ടനേയും കാണും.നമ്മളുതമ്മില്‍ ഇനി മിണ്ടുന്ന പ്രശ്നമില്ല ഒന്നുകില്‍ താങ്കള്‍ സംസ്കൃതത്തെ ഉപേക്ഷിക്കണം അല്ലെങ്കില്‍ ഞാന്‍ അതു പഠിക്കണം.വല്ലാത്ത കോം പ്ലക്സ്‌ ഒരു ഡോക്ടറെ കാണാനിരിക്കയാ അസൂയക്ക്‌ മരുന്നുണ്ടോയെന്നു ചോദിക്കാന്‍..

 
1/03/2007 09:52:00 PM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

കട്ടിംഗ്, ഷേവിംഗ് എന്നിവ ഇംഗ്ലീഷാണു സിജീ, സംസ്കൃതമല്ല. സിജിയെവിടുന്നാ മലയാളം എമ്മേ പഠിച്ചതു്? :)

 
1/03/2007 10:07:00 PM ല്‍, Blogger പാപ്പാന്‍‌/mahout പറഞ്ഞു...

ഉമേഷ്, “അപ്പോള്‍ വൃദ്ധന്‍”, “അപ്പോള്‍ ബാര്‍‌ബര്‍” എന്നീഭാഗങ്ങള്‍ തമാശയിലില്ലാ‍ത്തതിനാല്‍ ചിരിക്കാന്‍ പറ്റിയില്ല. അടുത്തതവണ എഴുതുമ്പോള്‍ ശ്രദ്ധിക്കുമല്ല്ലോ :-)

കുട്ട്യേടത്തീ, ജന്മദിനാശംസകള്‍...

 
5/31/2007 02:38:00 PM ല്‍, Blogger neermathalam പറഞ്ഞു...

valara valare...vaikiyitanengilum....
oru happy birthday.....
Its is too...beautiful....

 
11/27/2007 10:34:00 PM ല്‍, Blogger Tedy Kanjirathinkal പറഞ്ഞു...

കാലം പോയ പോക്ക്!
അപ്പോഴേയ്ക്കും അടുത്ത പിറന്നാളോഘോഷത്തിനുള്ള സമയമായല്ലോ :-)

ഇതാ... ഇതേ പോസ്റ്റിലെ, ഒരു കൊല്ലത്തിനു ശേഷമുള്ള എന്റെ രണ്ടാമത്തെ ആശംസ :-)
“Happy birthday, കുട്ട്യേടത്തീ”!!!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം