വ്യാഴാഴ്‌ച, ജൂൺ 05, 2008

ഓരോരോ മോഹങ്ങളേ...

എനിക്കെന്റെ നാട്ടിലൊന്നു പോകണം. ജനിച്ചു വളര്‍ന്ന എന്റെ വീട്ടില്‍ പോയി, പഴയതു പോലെ കുട്ടിപ്പാവാടയും കുട്ടി ബ്ലൌസുമിട്ടു വഴിയായ വഴിയൊക്കെ ചാടി ഓടി നടക്കണം. മഴ വരുമ്പോള്‍ മുറ്റത്തും റ്റെറസിലുമൊക്കെ നടന്ന്, തുള്ളിപോലും കളയാതെ നനയണം. റ്റെറസ്സിലെ ഓവുകളൊക്കെ കുത്തി വിട്ടില്ലെങ്കില്‍ കരിയിലകള്‍ വന്നടഞ്ഞിരുന്നാലോ, വെള്ളം കെട്ടി കിടന്നു നമ്മുടെ റ്റെറസ്‌ ചോര്‍ന്നാലോ, എന്നു ന്യായം പറഞ്ഞു, കമ്പിയുമെടുത്തു നടന്നു, റ്റെറസ്സിന്റെ ഓവെല്ലാം കുത്തി വിടണം.

മഴ നനഞ്ഞു കുളിച്ചാല്‍, ചൂടുകുരു പോകുമെന്നാരോ പറഞ്ഞു കേട്ട ഓര്‍മയില്‍, റ്റെറസിലെ വെള്ളം വന്നു വീഴുന്ന ഓവിന്റെ നേരേ, അടിയില്‍ പോയി കമന്നു നിക്കണം. പുറം പൊളിഞ്ഞു പോകുന്ന ശക്തിയില്‍, മഴവെള്ളം പുറത്തു വീഴുമ്പോള്‍, മഴയെക്കാള്‍ ഉച്ചത്തില്‍ അലറിവിളിക്കണം.

വീട്ടില്‍ ചെന്നാലുടനെ കൊതി പറഞ്ഞുപറഞ്ഞു, പറ്റൂല്ലാതിരിക്കണ അപ്പനെ ഏതെങ്കിലുമൊരു പ്ലാവില്‍ വലിഞ്ഞു കേറ്റിക്കണം. അപ്പന്‍ പ്ലാവില്‍ കേറുമ്പോള്‍ പേടിച്ചു പേടിച്ച്‌, 'എത്രയും ദയയുള്ള മാതാവേ' ചൊല്ലിക്കൊണ്ടു താഴെ നോക്കിനില്‍ക്കണം. മുതലക്കുടത്തു മുത്തപ്പനെന്തെങ്കിലുമൊരു
ചെറിയ നേര്‍ച്ച നേര്‍ന്നിട്ടു, 'ഞാനിപ്പോ തരൂല്ലാട്ടോ..മുത്തപ്പാ.., എനിക്കിപ്പോ എവിടുന്നാ കാശ്‌ ? ജോലി കിട്ടി കഴിയുമ്പോ ഒക്കെ കൂടി മൊത്തമായി തന്നോളാമേ' ന്നു കടം പറയണം. (ജോലി കിട്ടിയിട്ടു വര്‍ഷമാറു കഴിഞ്ഞു. മുത്തപ്പന്റെ കടങ്ങളൊന്നുമിനിയും വീട്ടിയിട്ടില്ലല്ലോ, ഈശ്വരന്മാരേ ).

അതിരില്‍ നില്‍ക്കുന്ന പ്ലാവില്‍ന്നും അപ്പന്‍ ചക്ക കയറില്‍ കെട്ടി ഇറക്കുമ്പോള്‍, അപ്പുറത്തെ പറമ്പിലേയ്ക്കു പോകാതെ, കയറുപിടിച്ചു വലിച്ചടുപ്പിക്കണം. ആക്രാന്തം പിടിച്ചു ചക്ക ഒരെണ്ണം വെട്ടിപ്പുഴുങ്ങണം. മടലില്‍ നിന്നും പറിച്ചിട്ട, ചുളയിലെ ചവിണികള്‍ പറിക്കാന്‍, തൊട്ടപ്പുറത്തു
താമസിക്കുന്ന ഉപ്പാപ്പന്റെ പുള്ളാരെ വിളിക്കണം. ചവിണി പറിച്ചതവന്മാരു വായിലേക്കിടുകയും, മുറത്തില്‍ ചുളയൊന്നും കാണാതെ വരികയും ചെയ്യുമ്പോള്‍, 'ഒള്ള പച്ച ചക്ക മുഴുവനും വലിച്ചു കേറ്റിയാല്‍, വയറു നോവുമെടാ ചെക്കന്മാരേ', എന്നവന്മാരെ ചീത്ത വിളിക്കണം.

കയ്യിലെ ചക്ക മൊണഞ്ഞീന്‍ മുഴുവനും മണ്ണെണ്ണയൊഴിച്ചു കഴുകിക്കളയണം. തേങ്ങാ ചിരണ്ടിയിട്ടു ചക്ക പുഴുങ്ങി , ചൂടോടെ കോഴിച്ചാറുമൊഴിച്ചു തിന്നണം. അനിയനുമൊരുമിച്ചൊരു പ്ലേറ്റില്‍നിന്നു തിന്നുമ്പോള്‍, പുഴുക്കിലൂടെ വിരലു കൊണ്ടു ചാലുവരച്ച്‌, കോഴിച്ചാറു മുഴുവനവന്‍ അവന്റെ വശത്തേയ്ക്കൊഴുക്കി എടുക്കുന്നതിനവനോടു തല്ലു പിടിയ്ക്കണം. വെട്ടിയ ചക്കയുടെ കുരു മുഴുവനും പാട ഞൊട്ടി, കഴുകി, ഉണക്കാനിട്ട്‌, പിറ്റേന്നതു കൊണ്ടൊരു ചക്കകുരു-മാങ്ങാക്കറി വച്ചു വായ്ക്കു രുചിയായിട്ടു ചോറുണ്ണണം.

ഏതു വേനല്‍ക്കാലത്തും നല്ല തണുത്ത വെള്ളമുള്ള ഞങ്ങളുടെ കിണറ്റുകരയില്‍ നിന്നു വെള്ളം കോരി തലവഴി ഒഴിച്ചു, തല തണുക്കെ കുളിക്കണം. 'ഞാന്‍ 13 വലിക്കു വെള്ളം മുകളിലെത്തിച്ചു, നിന്നെകൊണ്ടു പറ്റുമോ' എന്നനിയനുമായി മല്‍സരിക്കണം.

പശുക്കളെ തീറ്റാനായി, വീട്ടില്‍ നിന്നും ദൂരെയുള്ള പറമ്പിലൊന്നു പോകണം. പറമ്പിലെ തേങ്ങാ ഇടുന്ന ദിവസം, ആദ്യം തേങ്ങായും, പിന്നെ ചൂട്ടും, കൊതുമ്പും കോഞ്ഞാട്ടയുമൊക്കെ വലിച്ചു വീട്ടില്‍ കൊണ്ടു ചെന്നിട്ടു, തളര്‍ന്നിരിക്കുമ്പോള്‍ അപ്പന്റെ കാലു പിടിച്ചനുവാദം മേടിച്ചിടീച്ച കരിക്കു വെട്ടി കുടിക്കണം. അതിലെ ഇളം തേങ്ങാ സ്പൂണുകൊണ്ടു ചിരണ്ടി തിന്നണം. ചൂട്ടൊക്കെ വെട്ടി, അടുക്കി ചെറിയ ചെറിയ കെട്ടുകളാക്കി മഴക്കാലത്തേയ്ക്ക്‌, അടുപ്പില്‍ തീ പിടിപ്പിക്കാനായി സംഭരിച്ചു വയ്ക്കണം. കേടു വരാത്ത കൂന്തലയുള്ള ചൂട്ടിന്റെയൊക്കെ അറ്റംവെട്ടി അമ്മയ്ക്കു ചൂലുണ്ടാക്കാന്‍ കൊടുക്കണം.

തേങ്ങാ വില്‍ക്കുന്ന ദിവസം, തേങ്ങാ പൊതിക്കാരു, തേങ്ങാ പൊട്ടിക്കുമ്പോള്‍, അതിന്റെ തേങ്ങാവെള്ളം മുഴുവനും കുടിച്ചു വയറു വീര്‍പ്പിക്കണം. അകത്തു പൊങ്ങു വച്ച തേങ്ങാ പൊട്ടിക്കുമ്പോള്‍ വേറാര്‍ക്കും കിട്ടണതിനു മുന്‍പു ചാടിവീണ് പൊങ്ങെടുത്തു തിന്നണം.

അപ്പനിഞ്ചി നടുമ്പോള്‍, ഇഞ്ചിക്കുള്ള കുഴികളില്‍, ചാണകവും എല്ലു പൊടിയും ഇടുന്ന എന്റെ ആ പഴയ ജോലി ഒന്നൂടി ചെയ്യണം. കപ്പ വാട്ടുന്ന ദിവസം പണ്ടത്തെ പോലെ, വീട്ടുകാരും അയല്‍വക്കം കാരുമൊക്കെ ഒരുമിച്ചു വട്ടത്തിലിരുന്നു തൊണ്ടു പൊളിക്കുകയും അരിയുകയും ചെയ്യുമ്പോള്‍, ഇടക്കിടെ എല്ലാര്‍ക്കും മോരും വെള്ളവും കഞ്ഞിവെള്ളവും കട്ടന്‍ചായയും സപ്പ്ലൈ ചെയ്യണം. എല്ലാവരും കുടി കഴിയുമ്പോള്‍, വീട്ടിലുള്ള കത്തിയൊന്നുമരിയാന്‍ തികയാതെ വരുമ്പോള്‍, അപ്പുറത്തെ കുട്ടന്റെ വീട്ടിലേയ്ക്കൊരു കത്തി കടം മേടിയ്ക്കാനോടണം.

കണ്ടത്തില്‍ കാള പൂട്ടു നടക്കുമ്പോള്‍, അപ്പനുള്ള കാപ്പിയും ചോറും കഞ്ഞിവെള്ളവും കട്ടന്‍ ചായയുമൊക്കെയായി വീട്ടില്‍ നിന്നും കണ്ടത്തിലേക്ക്‌ അഞ്ചലോട്ടം ഓടണം. അപ്പന്‍ കാപ്പി കുടിക്കുന്ന സമയത്തു, കണ്ടത്തിലിറങ്ങി ചേച്ചിയുമായി മല്‍സരിച്ചു ഞൌണിങ്ങാ പെറുക്കണം. കൈ
നെറയുമ്പോള്‍, കിട്ടിയത്രയുമെണ്ണി കൊണ്ടു വന്നു വരമ്പില്‍ വച്ചിട്ടു വീണ്ടും പോയി പെറുക്കി വരുമ്പോള്‍, ആദ്യം വരമ്പില്‍ വച്ചതില്‍, എണ്ണത്തില്‍ പാതി പോലും കാണാത്തപ്പോള്‍, 'നീ എന്റെ ഞൌണി കട്ടെടുത്തൂ'ന്നു പറഞ്ഞു ചേച്ചിയുമായി തല്ലു പിടിക്കണം. അടി മൂക്കുമ്പോള്‍ 'എടി മണ്ടീ... ആ
ഞൌണിങ്ങാ ഒക്കെ എറങ്ങി അതിന്റെ വഴിക്കു പോയെടീ' എന്നപ്പന്‍ പറയുമ്പോള്‍ 'അല്ലെങ്കിലും അപ്പനെന്നും അവളുടെ പക്ഷത്താ..അപ്പന്റെ കാണാന്‍ കൊതിച്ചൊണ്ടായ മോളല്ലേ ? എന്നെ പറ്റിക്കാനൊന്നും നോക്കണ്ടാ' ന്നു ശുണ്ഠി എടുക്കണം. അവസാനം അപ്പന്‍ ഞൌണിങ്ങ നടന്നു
പോകുന്നതു കാണിച്ചു തരുമ്പോള്‍, 'അപ്പോ ഞൌണിങ്ങായുമൊരു ജീവിയാണല്ലേ..?' എന്നു വാ പൊളിച്ച്‌, അതിന്റെ നടപ്പു നോക്കി പിന്നാലെ നടക്കണം. വീട്ടില്‍ കുട്ടികള്‍ക്കു ചായ നിഷിദ്ധമായതിനാല്‍, എന്റെ ചായക്കൊതി അറിയാവുന്ന അപ്പന്‍, ഗ്ലാസ്സിലെനിക്കു വേണ്ടി ബാക്കി വയ്ക്കുന്ന, കണ്ണു പൊട്ടുന്ന കടുപ്പമുള്ള, ഡബിള്‍ സ്ട്രോങ്ങ്‌ ചായ, മട്ടടക്കം കുടിക്കണം.

ജൂണ്‍ ജൂലായ്‌ മാസങ്ങളില്‍ മഴ പെയ്തു വെള്ളം പൊങ്ങി, കണ്ടമേത്‌, വരമ്പേത്‌, തോടേതെന്നു തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്ന നേരത്ത്‌, കുടയുംചൂടി വരമ്പിലൂടെ എനിക്കെന്റെ സ്കൂളില്‍ പോകണം. സ്കൂളു തുറക്കുന്നതു പ്രമാണിച്ചു മേടിച്ച പുതിയ ചെരിപ്പ് അനിയന്‍ തോട്ടിലൂടെ ഒഴുക്കി വിടുമ്പോള്‍, അതു പിടിയ്ക്കാന്‍ കുറെ ദൂരം ഓടണം. അവസാനം തിരിച്ചു വന്നു ദേഷ്യത്തിലവനിട്ടു രണ്ടു പൊട്ടിയ്ക്കണം. 'ബാക്കി നിനക്കു വീട്ടില്‍ ചെല്ലുമ്പോ കിട്ടുമെടാ' എന്നു പറഞ്ഞവനെ പിന്നെയും കരയിക്കണം. വീട്ടില്‍ ചെല്ലുമ്പോ, ഇത്രയും വല്യ മഴയത്തു കൊച്ചിനെയും കൊണ്ടു, കണ്ടം വരമ്പിലൂടെ വന്നതിനും, മഴയുള്ളപ്പോ റോഡിലൂടെ വരണമെന്നു പറഞ്ഞതനുസരിക്കാത്തതിനുമുള്ള ശിക്ഷ ആയി അഞ്ചു മിനിറ്റ്‌ മുട്ടില്‍ നിക്കണം. ഏത്തമിടണം.

അനിയന്‍ ചാമ്പങ്ങാ പറിക്കാന്‍ കേറുമ്പോള്‍, അവന്‍ പറിച്ചിടുന്ന ചാമ്പങ്ങ താഴെ വീണു ചതയാതിരിക്കാന്‍, പാവാട വിടര്‍ത്തി പിടിച്ചു നില്‍ക്കണം. 'കെട്ടിയ്ക്കാറായിട്ടും പെണ്ണിനിള്ള കുട്ടിയാന്നാ വിചാരം, പാവാടയും പൊക്കി പിടിച്ചു നിക്കണ കണ്ടില്ലേ' എന്നു ചീത്ത വിളി കേള്‍ക്കുമ്പോള്‍ 'ശെടാ...
ഇതെന്തൊരു പുകിലെ'ന്നു പിറുപിറുക്കണം. എന്നാല്‍ പിന്നെ, പാവാട പൊക്കണില്ല, എന്നോര്‍ത്തു അഴയില്‍ കിടന്ന ഒരു മുണ്ടെടുത്തു പാവാടയ്ക്കു പകരം വിടര്‍ത്തി പിടിയ്ക്കുമ്പോള്‍, 'ഈ പെണ്ണിന്റെ അവമ്മതി നോക്കിക്കേ, അലക്കിയിട്ട മുണ്ടെടുത്താ അവളുടെ ചാമ്പങ്ങാ പറിയ്ക്കല്‍' എന്നു പിന്നെയും
ചീത്ത കേള്‍ക്കണം.

എനിക്കെന്റെ നാട്ടിലെ കെ എസ്‌ ആര്‍ റ്റി സി ബസ്‌ സ്റ്റാന്റില്‍ പൊരി വെയിലത്തു ബസ്‌ നോക്കി നില്‍ക്കണം. അവസാനം ഒന്നര മണിക്കൂര്‍ കാത്തു നിന്നിട്ടൊരു ബസ്‌ വരുമ്പോള്‍, അതിന്റെ പിന്നാലെ ഓടുന്ന മൂന്നു ബസില്‍ കൊള്ളാന്‍ മാത്രമുള്ള ആള്‍ക്കൂട്ടത്തിനൊപ്പം ഓടണം. സൂചി
കുത്താനിടമില്ലാത്ത ബസില്‍, എങ്ങനെയെങ്കിലും നുഴഞ്ഞു കേറി, സ്ത്രീകളുടെ സീറ്റിലെവിടെയെങ്കിലുമൊരു പുരുഷന്‍ ഇരിക്കുന്നുണ്ടെങ്കില്‍, തല്ലു
പിടിച്ചെഴുന്നേല്‍പ്പിച്ചവിടെയിരിക്കണം. മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളുടെ തലയില്‍ നിന്നും വരുന്ന കനച്ച എണ്ണയുടെയും, വിയര്‍പ്പിന്റെയും കൂടി കുഴഞ്ഞ മണം സഹിക്കാന്‍ പറ്റാതെ, കാലിന്റെ പെരുവിരലില്‍ പൊങ്ങി നിന്ന്, മൂക്കു വിടര്‍ത്തി അല്‍പം ശുദ്ധവായു ശ്വസിക്കണം.

ഞായറഴ്ചകളിലുച്ച കഴിഞ്ഞുള്ള പരശുറാമിലിടിച്ചു കേറി കോട്ടയത്തൂന്നു തിരന്തോരത്തിനു പോണം. ഇരുട്ടുമ്പോള്‍ തിരന്തോരത്തു ചെന്നിറങ്ങി, ഞായറാഴ്ച ആയതിനാലും, നേരം സന്ധ്യ ആയതിനാലും, മീറ്റര്‍ ചാര്‍ജിന്റെ ഒന്നര ഇരട്ടി കൊടുക്കണമെന്നു പറയുന്ന ഓട്ടോക്കാരോടൊക്കെ തല്ലുപിടിക്കണം. അവസാനം എല്ലാ ഓട്ടോക്കാരോടുമുള്ള ദേഷ്യം തീര്‍ക്കാന്‍, 'എനിക്കു ദൈവം തന്ന, നല്ല ഒന്നാംതരം ആരോഗ്യമുള്ള രണ്ടു കാലുണ്ടെടോ', എന്നു സ്വയം പറഞ്ഞു, തമ്പാനൂരുന്നും വഴുതക്കാടു വരെ നടക്കണം.

വെള്ളിയാഴ്ചകളില്‍ വൈകിട്ടഞ്ചു മണിക്കു തിരോന്തരത്തൂന്നു പുറപ്പെട്ട്‌, രാത്രി പതിനൊന്നു മണിക്കു തൊടുപുഴയിലെത്തുന്ന ബസില്‍, വിജനമായ സ്റ്റാന്റില്‍ വന്നിറങ്ങണം. അവസാനത്തെ ബസും പോയ സ്റ്റാന്റിലൊരു പെണ്‍കുട്ടിയെ ഒറ്റയ്ക്കു കണ്ടു ചക്കപ്പഴത്തിന്റെ ചുറ്റും ഈച്ച കൂടുന്ന പോലെ, 'മോളേ, എവിടെ പോകാനാ,?, മോളേ, ഒറ്റയ്ക്കാണോ ?, ഇവിടുന്നുള്ള ലാസ്റ്റ്‌ ബസും പോയല്ലോ' എന്നു ചോദിച്ചു ഓട്ടോക്കാരു കൂടുമ്പോള്‍, 'അപ്പാ' എന്നുറക്കെ, വിളിച്ചോടി ചെന്നു, സ്റ്റാന്റില്‍ കാത്തു നില്‍ക്കുന്ന അപ്പന്റെ കൈ പിടിയ്ക്കുമ്പോള്‍, ഏതാണ്ടു പോയ അണ്ണാനെ പോലെ 'മിഷ്കസ്യാ' ന്നു നിക്കുന്ന അവരുടെ ആ വളിച്ച മോന്തകളൊന്നൂടി കാണണം. പിന്നെ അപ്പന്റെ ബുള്ളറ്റിന്റെ പുറകില്‍ ചെറുപ്പത്തിലേതു പോലെ കാലു രണ്ടും, രണ്ടു വശത്തേയ്ക്കിട്ടിരുന്ന്, തണുത്ത കാറ്റടിച്ചു പിന്നെയും പത്തു മൈലപ്പുറമുള്ള വീട്ടിലേയ്ക്കു പോകണം.

ജോലിയില്‍ നിന്നും ലീവെടുത്തൊരാഴ്ച അര്‍മ്മാദിച്ചു നമ്മുടെ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ കാണണം. രാവിലെ ഒന്‍പതു മണിക്കു ശ്രീകുമാറില്‍ മക്മല്‍ബഫിന്റെ 'ദ സൈക്ലിസ്റ്റ്‌' കണ്ടു കണ്ണീരൊഴുക്കിയിട്ട്‌, പത്തരയ്ക്കു കൈരളിയില്‍ 'റണ്‍ ലോലാ റണ്‍ ' കാണാന്‍ സ്കൂട്ടിയില്‍ ട്രിപ്പിള്‍സടിച്ചു
പോകണം. 'വേളാങ്കണ്ണി മാതാവേ, അന്തോനീസു പുണ്യാളോ, പോലീസു പിടിക്കാതെ കാത്തോണേ എന്നുറക്കെ പ്രാര്‍ത്ഥിച്ചോണ്ടു പോലീസിന്റെ വായിലൂടെ തന്നെ അങ്ങോട്ടുമിങ്ങോട്ടും പോകണം.

ഉച്ചക്കു ന്യൂവില്‍ ക്യൂ നില്‍ക്കുമ്പോള്‍, മഖ്മല്‍ ബഫ്ഫിന്റെ മകളെ കണ്ട്‌ ആരാധനയോടെ നോക്കണം.
'ജേര്‍ണി ത്രൂ ദ ബോടി' കണ്ട്‌ 'അയ്യേ... ഛെ ഛെ ഛേ..' എന്നു വയ്ക്കണം. വൈകിട്ടു കലാഭവനില്‍ ഏതെങ്കിലും കുട്ടികളുടെ സിനിമായോ ഡോക്യുമെന്ററിയോ കാണണം. അഞ്ചു ദിവസം കൊണ്ടു മുപ്പത്തഞ്ചോളം ലോകോത്തര സിനിമകള്‍ കണ്ടതിന്റെ ഹാങ്ങോവറില്‍ 'യെന്തരു മലയാളം
സിനിമ, ലതൊക്കെ കാണുന്നവനെ തല്ലണം, പടച്ചു വിടുന്ന സംവിധായകനെ കൊല്ലണം, ഇനി മലയാളം കാണുന്ന പരിപാടിയില്ല' എന്നെല്ലാം ബുദ്ധിജീവി ഡയലോഗടിക്കണം. എന്നിട്ടു പിറ്റേന്നു തന്നെ 'രായമാണിക്യം' കണ്ട്‌ 'ഹോ നമ്മടെ മമ്മൂട്ടി യെന്തരു പെര്‍ഫോമന്‍സെടേ. ലോകത്തൊരു
നടനും ഏഴയലത്തു വരൂല്ലാട്ടാ' എന്നു പറഞ്ഞു കയ്യടിക്കണം.

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ...

61 അഭിപ്രായങ്ങള്‍:

8/06/2006 05:27:00 PM ല്‍, Blogger ദിവാസ്വപ്നം പറഞ്ഞു...

കുട്ട്യേടത്തീ,

നന്നായിട്ടുണ്ട്. പഴയ കുറേ ഓര്‍മ്മകള്‍ അയവിറക്കിപ്പിച്ചു. ഒരു നാലില്‍ മൂന്നും സെയിം പിച്ച്.

നാലഞ്ച് പുരയിടങ്ങളകലെ പുതിതായി വാങ്ങിയ പറമ്പില്‍ അപ്പന്‍ പണിയെന്തെങ്കിലും ചെയ്യുന്ന ദിവസങ്ങളില്‍, അപ്പന് കാപ്പി കൊണ്ട് കൊടുക്കുന്ന ജോലി എനിക്കായിരുന്നു.

ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു ഭാഗത്ത് വച്ച്, കാപ്പി നിറച്ച സ്റ്റീല്‍ മൊന്തയുടെ ചൂട് കൈവെള്ളയില്‍ വീണ്ടും അനുഭവപ്പെട്ടു, സത്യമായും.

 
8/06/2006 11:08:00 PM ല്‍, Blogger സു | Su പറഞ്ഞു...

അതിമനോഹരമായ നടക്കാത്ത സ്വപ്നങ്ങള്‍.

 
8/06/2006 11:18:00 PM ല്‍, Blogger Shiju പറഞ്ഞു...

കുട്ട്യേടത്തിയേ,
ഇതൊക്കെ നടക്കുമോ? എല്ലാം കൈവിട്ടു പോയില്ലേ.
ഇതില്‍ പറയുന്ന മിക്കവാറും കാര്യങ്ങള്‍ ഒക്കെ എന്റേയും ജീവിതത്തില്‍ ഒരു സമയത്ത്‌ നടന്നിരുന്നു.ആ പഴയ ഓര്‍മ്മകളിലേക്ക്‌ കൂട്ടികൊണ്ട് പോയതിനു നന്ദി.

മഴയത്ത്‌ ഓടിന്റെ കൈവരിയില്‍യൂടെ ഊര്‍ന്ന്‌ വീഴുന്ന മഴവെലള്ളത്തില്‍ കുളിച്ച്‌ ഒന്ന്‌ അര്‍മാദിക്കാന്‍ പറ്റുമോ.

ഇപ്പോള്‍ വീടിന്റെ മതിലെന്മേല്‍ ഇരുന്ന്‌ അനിയനും ഞാനും കൂടി വണ്ടികളുടെ നമ്പര്‍ പ്ലേറ്റ്‌ നോക്കി രാന്‍ഡം നുമ്പര്‍ കളിക്കാന്‍ പറ്റുമോ.

വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.

എന്തൊരു പെര്‍ഫോര്‍മന്‍സ്. ഈ പോസ്റ്റ് നൂറടിക്കും തീര്‍ച്ച.

പഴയ ഓര്‍മ്മകളിലേക്ക്‌ കൂട്ടികൊണ്ട് പോയതിനു ഒരിക്കല്‍ കൂടി നന്ദി.

 
8/06/2006 11:20:00 PM ല്‍, Blogger Adithyan പറഞ്ഞു...

:)
:(

 
8/06/2006 11:36:00 PM ല്‍, Blogger Visala Manaskan പറഞ്ഞു...

തനി ചങ്കുകഴപ്പന്‍ പോസ്റ്റ്!

കുട്യേടത്തീ, ഇപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകയാണ്...

 
8/06/2006 11:51:00 PM ല്‍, Blogger Mubarak Merchant പറഞ്ഞു...

എന്റെ വീടും ഷോപ്/ഓഫീസും തമ്മില്‍ കണ്ണെത്താവുന്ന അകലമേയുള്ളൂ. കുട്ട്യേടത്തിയുടെ പോസ്റ്റ് വായിക്കുന്ന ഡിസ്പ്ലേയില്‍ നിന്ന് കണ്ണൊന്നുയര്‍ത്തിയാല്‍ ചില്ലു വാതിലിലൂടെ ആ പഴയ കശുമാവിന്‍ തോട്ടവും (ഇന്നത് റബ്ബര്‍തോട്ടമാണ്) ഒന്നു പുറത്തേക്കിറങ്ങിയാല്‍ പണ്ട് പണിക്കാര്‍ക്ക് ചായയും കഞ്ഞിയുമൊക്കെ കൊണ്ടുപോയി കൊടുത്തിരുന്ന, മഴക്കാലത്ത് വെള്ളം നിറയുമ്പോള്‍ ചങ്ങാടം കെട്ടിക്കളിച്ചിരുന്ന പാടവും (ഇന്നവിടെ പാടമില്ല, പകരം നോയല്‍ പാംഡേല്‍ എന്ന പേരില്‍ 46 വില്ലകളാണുള്ളത്) ഒക്കെ കാണാം. എല്ലാം ഒന്നുകൂടി ഓര്‍ത്തപ്പോള്‍, അതൊക്കെത്തന്നെ മതിയായിരുന്നു എന്നു തോന്നി. നന്നായി കുട്ട്യേടത്തീ..

 
8/06/2006 11:58:00 PM ല്‍, Blogger രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

കുട്ട്യേടത്തിയുടെ പോസ്റ്റുകളെല്ലാം സംസാരിക്കുന്നത് മുഴുവന്‍ ബൂലോഗത്തിനും വേണ്ടിയാണ്.
കുട്ട്യേടത്തിയുടെ വാക്കുകള്‍ സ്വന്തം ജീവിതത്തോട്
ചേര്‍ത്തുവായിക്കാത്തവര്‍ കുറവായിരിക്കും.
എന്നെ സംബന്ധിച്ചിടത്തോളം ഇപ്പറഞ്ഞതിലേറെയും
എന്‍റെയും നഷ്ടങ്ങളാണ്.
ഒരിക്കലും തിരിച്ചു കിട്ടാത്ത
അടുത്ത തലമുറയ്ക്ക് കൈമാറാന്‍ കഴിയാത്ത
പകരംവയ്ക്കാനാവാത്ത നഷ്ടങ്ങള്‍!

വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും
സ്വാഭാവികതയോടെ പങ്കുവയ്ക്കുന്നതിലും
കാണിക്കുന്ന ഇ കഴിവ് അപാരം.
വെറുതെയല്ല ഇവിടെ ഓണ്ടോപ്പിക്‍ കമന്‍റുകള്‍
കൂമ്പാരമാവുന്നത്.

 
8/07/2006 12:26:00 AM ല്‍, Blogger myexperimentsandme പറഞ്ഞു...

കുട്ട്യേടത്തീടെ ഈ പോസ്റ്റ് നേരാംവണ്ണം വായിക്കാന്‍ പറ്റുന്നില്ല. ഓരോ വരി കഴിയുമ്പോഴും ഓരോന്നോര്‍ത്തോണ്ടിരിക്കും...

എന്തൊരു കാലമായിരുന്നു.. പക്ഷേ ആസ്വദിച്ചോ എന്ന് ചോദിച്ചാല്‍ സ്വതവേ ഒരു ടെന്‍‌ഷനടിക്കാരനായിരുന്നു ഞാന്‍.. അതുകാരണം പഴയ കാലമൊക്കെ ഓര്‍ക്കുമ്പോള്‍ ഈ ടെന്‍ഷനുകളാണ് ആദ്യം ഓര്‍ക്കുന്നത്. പിന്നെ ഉണ്ടായ ചമ്മലുകളും.

എങ്കിലും ആ കാലമൊക്കെ പോയല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു തങ്കടം.

കുട്ട്യേടത്തി പരശുറാമിനാണ് ഇടിച്ചു കയറിയതെങ്കില്‍ ഞാന്‍ വേണാടിന്. അതും പാളത്തില്‍ ചാടി അപ്പുറത്തെ വാതിലില്‍‌ക്കൂടി വണ്ടി നില്‍‌ക്കുന്നതിനും മുന്‍‌പ് ചാടിക്കയറി... എന്നാലേ സീറ്റിന്റെ അറ്റത്തെങ്കിലും പിടിച്ചുകൊണ്ട് നില്‍‌ക്കാനെങ്കിലും പറ്റൂ...

ഒന്നും എഴുതാനും പറ്റുന്നില്ല..

വേറൊരു വികാരത്തിലായിരുന്നെങ്കിലും ദുര്‍ഗ്ഗയും എഴുതിയിരുന്നു, ഇതുപോലൊന്ന്.

പതിവുപോലെ നന്നായിരിക്കുന്നു, കുട്ട്യേടത്തി. സാക്ഷി പറഞ്ഞതു തന്നെ.

 
8/07/2006 12:37:00 AM ല്‍, Blogger viswaprabha വിശ്വപ്രഭ പറഞ്ഞു...

ഇത്രയൊക്കെ ഓര്‍ക്കാനെങ്കിലും നമുക്കൊക്കെയുണ്ടായിരുന്നതുതന്നെ ഭാഗ്യം എന്നു തോന്നും ഇപ്പോള്‍.

പാടങ്ങളൊക്കെ വാഴത്തോപ്പുകളും വീട്ടുപറമ്പുകളുമായി.
വരമ്പുകള്‍ക്കു പകരം കുണ്ടും കുഴിയും കൃഷിചെയ്യുന്ന റോഡുകള്‍.

ചക്കപ്പുഴുക്കോ? ശ്ശെ! നൂഡിത്സ് മതി ഇനി.

കുട്ട്യേടത്തീ,
നാമൊക്കെ തിരിച്ചുപോയാലും അതൊന്നും ഇനി തിരിച്ചുവരില്ല.

ഈ ഓര്‍മ്മകളും കൊണ്ട് നമുക്കിനി പുതിയ കാലത്തിലേക്ക് നടന്നുപോകാം....

 
8/07/2006 12:41:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

kuttiyedathide kuttikkalam mikkavarum entethumayi valare samyam!! kappa vattunna karyam okke parnjappo ... andam vittu poyi.... pinnalle manasilayathu.... thodupuzhakkariyallee..... chummathalla....same pinch keto....

innale njangade swandam 'thodupuzha style ' kappa puzhukku ondakki njanum ee sayippinte nattilirunnu ormakal ayavirakki...

nalla post

todupuzhakkaran ..... in usa

 
8/07/2006 12:42:00 AM ല്‍, Blogger വല്യമ്മായി പറഞ്ഞു...

ഒരിക്കലും തിരിച്ച് കിട്ടാത്ത പിന്നിട്ട വഴികളെ നോക്കി ഞാനും അതേറ്റ് പാടട്ടെ

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

നന്നായി കുട്ട്യെടത്തി

 
8/07/2006 12:43:00 AM ല്‍, Blogger mariam പറഞ്ഞു...

നല്ല രസം

 
8/07/2006 12:52:00 AM ല്‍, Blogger Rasheed Chalil പറഞ്ഞു...

ഓര്‍മ്മകളില്‍ മാത്രം ഒളിഞ്ഞിരിക്കുന്ന
ഗതകാലമെന്ന സുകൃതകാലമേ...
തിരിച്ചുനടക്കാനായെങ്കില്‍ ‍...

കുത്തിയൊഴുകുന്ന മഴവെള്ളചാലില്‍ ഒന്നുകൂടി കടലാസുകപ്പലുമായി ചടഞ്ഞിരിക്കാനായെങ്കില്‍....
(കടപ്പാട് : ജഗ്ജിത് സിംഗിന്റെ ഒരു ഗസലിനോട്)

കുട്ട്യേടത്തിയേ,
അസ്സലായി... വേറെ പറയാന്‍ വാക്കുകളില്ല... ഒരു നിമിഷമെങ്കിലും മനസ്സ് ഭൂതാകാലത്തിലായിപ്പോയി..

 
8/07/2006 12:58:00 AM ല്‍, Blogger myexperimentsandme പറഞ്ഞു...

എന്തൊക്കെ പറഞ്ഞാലും ഈ കേയെസ്സാര്‍‌ട്ടീസീ നമുക്കൊക്കെ കുറെ ഓര്‍മ്മകള്‍ തരുന്നുണ്ടല്ലോ സുമാത്രേ... ദേ ഇവിടെ നോക്കിക്കെ.. (കഃട് കുമാര്‍ജി).

പക്ഷേ അന്യം നിന്നുപോകാന്‍ പോകുകയാ ഈ ചുവന്ന പാവാടക്കാരി.. എല്ലാം ഹൈടെക്കിനു വഴിമാറുന്നു എന്ന് രണ്ടുദിവസം മുന്‍‌പ് വായിച്ചിരുന്നു.

 
8/07/2006 01:13:00 AM ല്‍, Blogger പട്ടേരി l Patteri പറഞ്ഞു...

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം........
ബാല്യകാല ഓര്‍മകളിലേക്കു കൂട്ടിക്കൊണ്ടു പോയതിനു നന്ദി.....
വളരെ നന്നായി

 
8/07/2006 01:18:00 AM ല്‍, Blogger asdfasdf asfdasdf പറഞ്ഞു...

അടിപൊളി.. എന്ടെ പാറേല്‍ മാതാവേ.. ഇത്രയൊക്കെ ഉണ്ടായിട്ടാണോ ഇത്രയും കാലം പിടിച്ചു നിന്നത് ..

 
8/07/2006 01:29:00 AM ല്‍, Blogger അത്തിക്കുര്‍ശി പറഞ്ഞു...

കുട്ട്യേടത്തി,

നന്ദി! നഷ്ടസ്വര്‍ഗങ്ങള്‍.. നഷ്ടവസന്തങ്ങള്‍ എല്ലാറ്റിലേക്കും വീണ്ടുമൊരു എത്തിനൊക്കലിനും, പിന്നെ, ഗ്രഹാതുരതയുടെ നനുത്ത ഓര്‍മ്മകലിലേക്കൊരു തീര്‍ഥയാത്രയുടെയും അനുഭൂതി സമ്മാനിച്ചതിന്‌.

യഥാര്‍ത്തത്തില്‍, അതൊക്കെയായിരുന്നുവല്ലൊ ജീവിതം! യാന്ത്രികതയുടെ താളങ്ങളില്‍ നമ്മളാതെല്ലാം നഷ്ടപ്പെടുത്തുന്നതു വരെ!

ഏങ്കിലും, നമുക്ക്‌ ഓര്‍മ്മകളെങ്കിലും സ്വന്തമയുണ്ടെന്നാശ്വസിക്കാം. നമ്മുടെ മക്കള്‍ക്കൊ?

 
8/07/2006 03:21:00 AM ല്‍, Blogger Durga പറഞ്ഞു...

ഭംഗിയായിട്ട്ണ്ട്!!:) നേരിട്ടു കണ്ട പ്രതീതി!! അഭിനന്ദനങ്ങള്‍!! ഇനിയും എഴുതൂ നിറയെ!:)

ഇന്നത്തെ കോസ്മൊപൊളിറ്റന്‍ ബാല്യത്തിനു ഇതെല്ലാം അന്യമാവുന്നല്ലോ...

ഭാവിയില്‍, താമസസ്ഥലത്തോടു ചേര്‍ന്ന്(എവിടെയാണോ ആവോ?!)എത്ര പൈസ മുടക്കീട്ടാണെങ്കിലും പത്തുമുപ്പതു സെന്റെങ്കിലും വാങ്ങി ഒരു ‘വാ‍ല്യൂ ആഡ്ഡെഡ് ഗ്രാമം ’ പണിതുയര്‍ത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചാണ്‍ ഇപ്പോള്‍ എന്റെ ആലോചന....;)

ഇതു വായിച്ചു തുടങ്ങീപ്പഴേ തോന്നി ഒരു ഹൈറേഞ്ച്ചുവ!:)
ഇതില്‍ പറഞ്ഞ പല കാര്യങ്ങളും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഗ്യവതിയാണ്‍ ഞാന്‍...
ഞങ്ങളുടേത് തനിഗ്രാമമാണ്‍..
ചായക്കടയിലും ആല്‍ത്തറായിലുമൊക്കെയിരുന്നു കുശുമ്പും പരദൂഷണവുമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന നാ‍ട്ടുപ്രമാണികളും, ആരെയ്യെങ്കിലും നോക്കി ചിരിച്ചുപോയാല്‍ സ്വഭാവദൂഷ്യംന്നു പറഞ്ഞ്ഞാലോന്നു ഭയന്ന് ആണ്‍കുട്ടികളെ കാണുമ്പോഴേയ്ക്കും മുഖം കൂര്‍പ്പിച്ചു നടക്കുന്ന പെണ്‍കുട്ടികളും(സോറി, ഞാന്‍ ആ ടൈപ്പല്ല..)ഒക്കെയായി ഒരു അസ്സല്‍ ഗ്രാമം.:)

 
8/07/2006 04:27:00 AM ല്‍, Blogger aneel kumar പറഞ്ഞു...

ഈ കുട്ട്യേടത്തിയൊക്കെ എവിടെയാണോ ഒളിച്ചതെന്ന് ഇന്നു രാവിലെ ഓര്‍ത്തതേയുള്ളൂ.
:)

 
8/07/2006 05:01:00 AM ല്‍, Blogger കുറുമാന്‍ പറഞ്ഞു...

നാട്ട്യേ പോണേനുമുന്‍പ് കുട്ട്യേടത്തിയുടെ ഒരു പോസ്റ്റ് വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം......അത് പ്രിന്റൌട്ടെടുത്ത്.....

ഓര്‍മ്മകളില്‍ കുറച്ചെങ്കിലും, ഇത്തവന നാട്ടില്‍ പോകുമ്പോള്‍ തിരികെപിടിക്കണം.

പറ്റിയാല്‍, മണ്ണിര കിളച്ചെടുത്ത്, ചിരട്ടയിലിട്ട്, ചേമ്പിലകൊണ്ട് മൂടി, ടാങ്കീസു നൂലുമ്മെ, ചൂണ്ടകൊളുത്ത് കെട്ടി, അതിനെ മുളന്തട്ടില്‍ കെട്ടി ചൂണ്ടയുണ്ടാക്കി, കുറച്ച് കരിപിടി മീന്‍ പിടിക്കണം. പിന്നെ,ചാറ്റല്‍ മഴയത്ത്, പിടിച്ച കരിപിടിയെ, വെണ്ണീറിട്ട കല്ലിന്മേല്‍ ഉരച്ച് ക്ലീന്‍ ചെയ്യണം. മുളകും, ഉപ്പും, മഞ്ഞളും പുരട്ടി വറുത്തടിക്കണം. നടക്ക്വോ ആവോ.....

എന്തെല്ലാം, എന്തെല്ലാം മോഹങ്ങളാണെന്നോ..
എന്തെല്ലാം, എന്തെല്ലാം, സ്വപ്നങ്ങളാണെന്നോ

 
8/07/2006 05:06:00 AM ല്‍, Blogger കണ്ണൂസ്‌ പറഞ്ഞു...

എനിക്കെന്തോ ഇതൊന്നും വായിച്ചാല്‍ നൊവാള്‍ജിയ വരില്ല.. പകരം ഒരു നൊവാള്‍ജിന്‍ തിന്നാന്‍ തോന്നും.. :-)

 
8/07/2006 07:48:00 AM ല്‍, Blogger ആനക്കൂടന്‍ പറഞ്ഞു...

ഒര്‍മ്മകള്‍ക്കെന്തു സുഗന്ധം, ആത്മാവിന്‍ നഷ്ട സുഗന്ധം... ഞാനും മറിച്ചു ഓര്‍മ്മയുടെ ആല്‍ബം. ...അയല്‍പക്കത്തെ മാവില്‍ എറിഞ്ഞത്, വാച്ചാലില്‍ നിന്ന് മീന്‍ പിടിച്ചത്, പുഴയില്‍ ചാടി മറിഞ്ഞത്. ചേച്ചിമാരുടെ കൈയ്യില്‍ തൂങ്ങി അമ്പലത്തില്‍ പോയത്, പശുവിന്‍റെ കൊമ്പില്‍ പിടിച്ച് ഗുസ്തി നടത്തിയത്. പാല്‍ കറക്കുന്നതും നോക്കി കാലത്ത് അമ്മായിയുടെ അടുത്തിരുന്നത്... പക്ഷെ,എന്താണെന്നറിയാത്ത എന്തൊക്കെയോ മുന്നിലുള്ളപ്പോള്‍ എനിക്കു മടങ്ങേണ്ട വീണ്ടും ഒന്നിലേക്കും.

 
8/07/2006 07:52:00 AM ല്‍, Blogger ചന്തു പറഞ്ഞു...

കുട്ട്യേടത്തീ..ഹൊ..പറയാന്‍ വാക്കുകള്‍ ഇല്ല..ചക്കപ്പുഴുക്കിന്റെ കാര്യം പറഞ്ഞ് കൊതിപ്പിച്ചുകളഞ്ഞു..പിന്നെ പോസ്റ്റിന്റെ കാര്യം..ഇതില്‍ പറയുന്ന എല്ലാം ഒരു സിനിമ പോലെ മനസ്സില്‍ തെളിഞ്ഞു എന്നതാണു സത്യം..മനസ്സു നിറഞ്ഞ അഭിനന്ദനങ്ങള്‍ :)

 
8/07/2006 07:58:00 AM ല്‍, Blogger രാജ് പറഞ്ഞു...

കുട്ട്യേടത്തിയെ വായിക്കുമ്പോള്‍ സാറാ ജോസഫിനെ ഓര്‍മ്മവരും. പെണ്ണുങ്ങള്‍ക്കു മാത്രം എഴുതാന്‍ കഴിയുന്ന ചിലതൊക്കെയുണ്ടെന്നു വിശ്വസിക്കാതെ തരമില്ല.

 
8/07/2006 10:15:00 AM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

മനോഹരം, കുട്ട്യേടത്തീ!

എന്നാലും ഇതൊരു തിങ്കളാഴ്ച രാവിലെ തന്നെ വേണമായിരുന്നോ? ഇനി ഈയാഴ്ച എനിക്കു ബ്ലോഗൊന്നും വായിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.

 
8/07/2006 10:32:00 AM ല്‍, Blogger Unknown പറഞ്ഞു...

കുട്ട്യേടത്തി,
ഞാന്‍ ആ ജെനറേഷന്‍ അല്ലാത്തത് കൊണ്ടാവാം മുഴുവന്‍ അങ്ങോട്ട് റിലേറ്റ് ചെയ്യാന്‍ പറ്റുന്നില്ലെങ്കിലും എന്റെ കുട്ടിക്കാലവും ഓര്‍മ്മയില്‍ വന്നു. നന്നായി എഴുതിയിരിക്കുന്നു.

(ഓടോ:മക്മല്‍ബഫിന്റെ മകള്‍ സെമീറ മക്മല്‍ബഫും കേമം എന്ന് കേട്ടിട്ടുണ്ട്.കാണാന്‍ സാധിച്ചിട്ടില്ല ഇത് വരെ ഒരു സിനിമയും. താങ്കള്‍ക്ക് സാധിക്കട്ടെ!)

 
8/07/2006 11:12:00 AM ല്‍, Blogger ബിന്ദു പറഞ്ഞു...

നമുക്കൊരു ലൈഫ്‌ റിവൈന്‍ഡെര്‍ വാങ്ങിയാലോ കുട്ടിയേടത്തീ.... ഞവുണിങ്ങ പെറുക്കാന്‍ എന്നെ പഠിപ്പിക്കൂ പകരം ഞാന്‍ കുളം കലക്കാന്‍ സഹായിക്കാം. ചക്കപ്പുഴുക്കു ചെത്തുമാങ്ങാക്കറി കൂട്ടി ഒന്നിച്ചു കഴിക്കാം. അങ്ങനെ അങ്ങനെ.. :)

 
8/07/2006 11:15:00 AM ല്‍, Blogger അരവിന്ദ് :: aravind പറഞ്ഞു...

മനോഹരമായി എഴുത്യേക്കണു കുട്ട്യേടത്തീ.

 
8/07/2006 11:40:00 AM ല്‍, Blogger ജേക്കബ്‌ പറഞ്ഞു...

കുട്ട്യേടത്തീ,അസ്സലായിട്ടുണ്ട്.

 
8/07/2006 02:27:00 PM ല്‍, Blogger വളയം പറഞ്ഞു...

“അന്നൊക്കെയിമ്മലര്‍ കൈത്തണ്ടിലെത്രയോ-
തുമ്പികള്‍ പാറിക്കളിച്ചിരുന്നു.
ആയവയിന്നെന്നെക്കാണുമ്പോള്‍
പേടിച്ചുപായുന്നു, ഞാനിത്ര പാപിയെന്നോ...“

കാലം കവര്‍‌ന്നെടുത്ത നിഷ്കളങ്കതകള്‍, നൈര്‍മല്യങ്ങള്‍, സ്വപ്നങ്ങള്‍...

ഓര്‍മ്മകളുണ്ടായിരിക്കണം....

 
8/07/2006 04:17:00 PM ല്‍, Blogger സ്നേഹിതന്‍ പറഞ്ഞു...

കുട്ട്യേടത്തിയുടെ കുട്ടിക്കാലത്തിലേയ്ക്കും തുടര്‍ന്നുമുള്ള യാത്രകള്‍ എന്നെ ഓര്‍മ്മകളിലാഴ്ത്തി.

മനോഹരമായിരിയ്ക്കുന്നു.

 
8/07/2006 04:40:00 PM ല്‍, Blogger സഞ്ചാരി പറഞ്ഞു...

മനസ്സിലെന്നും തലോലിക്കുകയും.തിരിച്ചു കിട്ടുകയില്ലയെന്ന(ചിലത്) നഷ്ടബോധം മനസ്സിനെവേദനിപ്പിക്കുകയും ചെയ്യുന്ന വരികള്‍ വളരെ വളരെ നന്നായിട്ടുതന്നെ വരച്ചു കാട്ടി.
നിറഞ്ഞൊഴ്കിയ അശ്രുകണങ്ങള്‍ അക്ഷരങ്ങളെ വികലമാക്കുകയും മനസ്സില്‍ ഒരായിരം വര്‍ണ്‍ചിത്രങ്ങള്‍ തെളിയുകയും ചെയ്തു.
ഷാജി എന്‍ കരുണന്‍ സംവിധനം ചെയിത ഒരു പാട് പുരസ്ക്കാരങ്ങള്‍ നേടിയെടുത്ത്‘പിറവി‘ എന്ന സിനിമയെടുത്തത് കാഞ്ഞങ്ങാടിന്നടുത്ത് ‘ഇരിയ‘ എന്ന എന്റെ ഗ്രാമത്തില്‍ വെച്ചായിരുന്നു. ഇവിടെ ഇപ്പോഴും ഇതുപോലുള്ള ചില സുകൃതങ്ങള്‍ ബാക്കിയുണ്ട്.

 
8/09/2006 01:47:00 AM ല്‍, Blogger മുസാഫിര്‍ പറഞ്ഞു...

പത്തു മുപ്പത് പേരുണ്ടായിരുന്ന ഒരു കുട്ടു കുടുംബത്തിലായിരുന്നു എന്റേയും ബാല്യകാലം .ചക്കയും മാങ്ങയും ചേമ്പും കപ്പയും പറമ്പില്‍ ഇല്ലായിരുന്നെങ്കില്‍ ജിവിതം എന്താവുമായിരുന്നേനെ എന്നറിയില്ല.
നല്ല എഴുത്ത്,
പക്ഷെ ഇനിയിപ്പോള്‍ “ ഈ മനോഹര തീരത്ത് തരുമൊ ഇനിയൊരു ജന്‍മം കുടി “ എന്ന പാട്ട് കണ്ണടച്ചിരുന്ന് കേട്ടു ആശ്വാസം കൊള്ളൂക .അല്ലാതെ കാലത്തിന്റെ ഘടികാരം തിരിചച്
വെക്കനാവുകയില്ലല്ലൊ !

 
8/09/2006 02:42:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

marchle avasana pareekshakku shesham viyarppilottiya uniforml, pusthasanchi valicherinju veettileekkodiyethunnathu ammaveettilekku kondu pokan appappan vannittundakumenna urappilanu.. lace vacha pole bhangiyulla palappavum,karimeen varuthatum,eembi kudikkunna mangayum,ammammayude special chemmeen curryum okke avadikkalathinte mathram swanthamanu.. oshana njayarazhcha aarkkanu neelam kudiya kuruthola kittunthennulla thallum, easternu urakkam thungi veluppine kurbanakku pokunnathum, vaikunnerangalil townl poyi varumbol appappan poppins vangi kondu varunnthum okke innale kazhinja pole..

veruthe ithokke oormmipichathinu kuttiyedathikku nanni...

 
8/10/2006 10:17:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

വാട്ടീസ് ദിസ് ഞവുണിങ്ങ? ഞണ്ടാണൊ?

ഹും....:-( ചാമ്പക്കാ പറക്കണതും,
കെ.എസ്.ആര്‍.ട്ടി.സി ബസ്സില്‍ കയറണതും (പക്ഷെങ്കില്‍ ഞാന്‍ ലേഡീസ് ഓണ്‍ലിലേ കേറുമായിരുന്നുള്ളൂ തിരക്കുണ്ടെങ്കില്‍..അതൊണ്ട് ആരേയും എഴുന്നേല്‍പ്പിക്കാന്‍ പറ്റിയിട്ടില്ല)
പിന്നെ ഡാഡ്ഡീടെ ബുള്ളറ്റിന്റെ പുറകില്‍ ഇരിക്കണതും മാത്രമേ സേം പിഞ്ചു ഉള്ളൂ...
ഞങ്ങള്‍ കുടു കുടു വണ്ടീന്നാ അപ്പന്റെ ബുള്ളറ്റിനെ പറഞ്ഞോണ്ടിരുന്നെ.

എനിക്ക് പക്ഷെ ഇതൊക്കെ ചെയ്യണം ഇനിയെങ്കിലും..മനസ്സില്‍ ഇതൊക്കെ ചെയ്യുമായിരുന്നു....ശ്ശൊ! കുട്ട്യേട്ടത്തീടെ വീട്ടില്‍ വന്നാല്‍ ഇനിയും ചെയ്യാന്‍ പറ്റുവൊ ഇതൊക്കെ?

പിന്നെ സിനിമാ കാണാന്‍ വീട്ടില്‍ നിന്ന് ഭയങ്കര വിലക്കായിരുന്നതിനാല്‍...ഇങ്ങിനെ ഇന്റെര്‍നാഷനള്‍ ഫിലിം ഫെസ്റ്റിവല്‍ ഒക്കെ ഇവിടെയാണ് ഇപ്പൊ ആഘോഷിക്കുന്നെ.

എന്നാലും എന്തൊരു പോസ്റ്റാണെന്റെ കുട്ട്യേട്ടത്തിയെ...എന്തൊരു പോസ്റ്റ്..

 
8/10/2006 12:09:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

എന്റെ ഇഞ്ചി കൊരങേ, ഞൗണിങ്ങാ എന്നതാന്നറിയൂല്ലാന്നു പറയല്ലേ. (അതും പണ്ടെങ്ങാണ്ടെവിടെയെങ്ങാണ്ടു തൊടുപുഴാന്നോ കുറവിലങ്ങാടെന്നോ ഒക്കെ പറയണേം കേട്ടു. തൊടുപുഴക്കാര്‍ക്കു നാണക്കേടുണ്ടാക്കല്ലേ. പേരു വെട്ടിയിരിക്കുന്നു. ) ഞൗണിങ്ങായുടെ ഇംഗ്ലീഷെന്നതാണോ എന്തോ ? ഞാന്‍ നേരം കിട്ടുമ്പോ സേര്‍ച്ച്‌ ചെയ്തു പടമയച്ചു തരാം. ബയോളജിയിലൊക്കെ പഠിച്ചിട്ടുണ്ടെന്നേ. ഒരു പുറന്തോടിനകത്തിരിക്കുന്ന ഒരു ജീവിയാ. കൊയ്ത്തു കഴിയുമ്പോ കണ്ടത്തിലൊക്കെ നെറയെ കാണും.

കുടു കുടു വണ്ടി വായിച്ചപ്പൊളാ, ചെറുപ്പത്തിലെ അപ്പന്‍ ഞങ്ങളെ പറ്റിച്ചിരുന്ന ഒരു കഥ ഓര്‍ത്തത്‌. അപ്പനൊരു ബന്ദു ദിവസം എര്‍ണാകുളത്തിനു പോയപ്പോ, അവിടെ വച്ച്‌, ബുള്ളറ്റിലെ ഫ്യൂവല്‍ തീര്‍ന്നത്രേ. കടയായ കടയെല്ലാം അടച്ചിട്ടിരിക്കണൂ. അവസാനം തപ്പി ചെന്നപ്പോ, ഒരു കട തുറന്നിട്ടുണ്ട്‌. അതു പഷേ, വിമാനത്തിന്റെ ഫ്യൂവല്‍ വില്‍ക്കുന്ന കടയാണെന്നു മാത്രം. ബന്ദാണെങ്കിലും വിമാനത്തിനവധി ഇല്ലാത്തോണ്ട്‌ അവരു മാത്രം തുറന്നിട്ടുണ്ട്‌.

ഒന്നുമില്ലാത്തതിലും ഭേദമല്ലേ, വിമാനത്തിന്റെയെങ്കില്‍ അതെന്നോര്‍ത്ത്‌, അപ്പന്‍ ഫുള്‍ റ്റാങ്കടിച്ചു. സ്റ്റാര്‍ട്ടാക്കിയതും, ദാ പൊങ്ങി പറന്നു പോകുന്നു ബുളറ്റ്‌... വിമാനം പോലെ. അപ്പനു വീട്ടിലേയ്ക്കുള്ള വഴി കൃത്യമായറിയുന്നതു കൊണ്ട്‌, അപ്പന്‍ ആകാശത്തിലൂടെയാണെങ്കിലും വഴി തെറ്റാതെ ഓടിച്ചു. വീടിന്റെ അവിടെ എത്തിയപ്പോ, ഞങ്ങടെ പറമ്പിലുള്ള വലിയ മാവില്‍ തൂങ്ങി അപ്പന്‍ ഇറങ്ങി. ബുള്ളറ്റ്‌ വിമാനം പോലെ പറന്നു പോയി:)

എത്രയോ നാള്‍ ഈ കഥ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. ഓരോ വിമാനവും പോകുന്ന ഒച്ച കേള്‍ക്കുമ്പോള്‍, അപ്പന്റെ ബുള്ളറ്റാണോ എന്നറിയാന്‍ ഇറങ്ങി നോക്കുമാരുന്നു.

ഇങ്ങനെ എന്തെല്ലാം കഥകള്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നു അപ്പന്‍. :)

 
8/10/2006 12:18:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

എന്റെ ഇഞ്ചി കൊരങേ, ഞൗണിങ്ങാ എന്നതാന്നറിയൂല്ലാന്നു പറയല്ലേ. (അതും പണ്ടെങ്ങാണ്ടെവിടെയെങ്ങാണ്ടു തൊടുപുഴാന്നോ കുറവിലങ്ങാടെന്നോ ഒക്കെ പറയണേം കേട്ടു. തൊടുപുഴക്കാര്‍ക്കു നാണക്കേടുണ്ടാക്കല്ലേ. പേരു വെട്ടിയിരിക്കുന്നു. ) ഞൗണിങ്ങായുടെ ഇംഗ്ലീഷെന്നതാണോ എന്തോ ? ഞാന്‍ നേരം കിട്ടുമ്പോ സേര്‍ച്ച്‌ ചെയ്തു പടമയച്ചു തരാം. ബയോളജിയിലൊക്കെ പഠിച്ചിട്ടുണ്ടെന്നേ. ഒരു പുറന്തോടിനകത്തിരിക്കുന്ന ഒരു ജീവിയാ. കൊയ്ത്തു കഴിയുമ്പോ കണ്ടത്തിലൊക്കെ നെറയെ കാണും.

കുടു കുടു വണ്ടി വായിച്ചപ്പൊളാ, ചെറുപ്പത്തിലെ അപ്പന്‍ ഞങ്ങളെ പറ്റിച്ചിരുന്ന ഒരു കഥ ഓര്‍ത്തത്‌. അപ്പനൊരു ബന്ദു ദിവസം എര്‍ണാകുളത്തിനു പോയപ്പോ, അവിടെ വച്ച്‌, ബുള്ളറ്റിലെ ഫ്യൂവല്‍ തീര്‍ന്നത്രേ. കടയായ കടയെല്ലാം അടച്ചിട്ടിരിക്കണൂ. അവസാനം തപ്പി ചെന്നപ്പോ, ഒരു കട തുറന്നിട്ടുണ്ട്‌. അതു പഷേ, വിമാനത്തിന്റെ ഫ്യൂവല്‍ വില്‍ക്കുന്ന കടയാണെന്നു മാത്രം. ബന്ദാണെങ്കിലും വിമാനത്തിനവധി ഇല്ലാത്തോണ്ട്‌ അവരു മാത്രം തുറന്നിട്ടുണ്ട്‌.

ഒന്നുമില്ലാത്തതിലും ഭേദമല്ലേ, വിമാനത്തിന്റെയെങ്കില്‍ അതെന്നോര്‍ത്ത്‌, അപ്പന്‍ ഫുള്‍ റ്റാങ്കടിച്ചു. സ്റ്റാര്‍ട്ടാക്കിയതും, ദാ പൊങ്ങി പറന്നു പോകുന്നു ബുളറ്റ്‌... വിമാനം പോലെ. അപ്പനു വീട്ടിലേയ്ക്കുള്ള വഴി കൃത്യമായറിയുന്നതു കൊണ്ട്‌, അപ്പന്‍ ആകാശത്തിലൂടെയാണെങ്കിലും വഴി തെറ്റാതെ ഓടിച്ചു. വീടിന്റെ അവിടെ എത്തിയപ്പോ, ഞങ്ങടെ പറമ്പിലുള്ള വലിയ മാവില്‍ തൂങ്ങി അപ്പന്‍ ഇറങ്ങി. ബുള്ളറ്റ്‌ വിമാനം പോലെ പറന്നു പോയി:)

എത്രയോ നാള്‍ ഈ കഥ ഞങ്ങള്‍ വിശ്വസിച്ചിരുന്നു. ഓരോ വിമാനവും പോകുന്ന ഒച്ച കേള്‍ക്കുമ്പോള്‍, അപ്പന്റെ ബുള്ളറ്റാണോ എന്നറിയാന്‍ ഇറങ്ങി നോക്കുമാരുന്നു.

ഇങ്ങനെ എന്തെല്ലാം കഥകള്‍ പറഞ്ഞു പറ്റിച്ചിരിക്കുന്നു അപ്പന്‍. :)

 
8/10/2006 12:41:00 PM ല്‍, Blogger ഉമേഷ്::Umesh പറഞ്ഞു...

വിത്തുഗുണം പത്തുഗുണം. ആ അപ്പന്‍ സ്വന്തം പിള്ളേരെ മാത്രമേ പറ്റിച്ചുള്ളൂ. ആ അപ്പന്റെ മകള്‍ ഇങ്ങനെയോരോ കെട്ടുകഥകള്‍ പറഞ്ഞു് ലോകം മുഴുവനുമുള്ള മലയാളികളെ പറ്റിച്ചുകൊണ്ടിരിക്കുന്നു... :-)

 
8/10/2006 12:42:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

രണ്ട് പ്രാവശ്യം കൊരങ്ങേ എന്ന് വിളിക്കാന്‍ ആണൊ കമന്റ് രണ്ട് തവണ പോസ്റ്റിയെ..

എന്റെ കര്‍ത്താവെ... ആ “എത്രയോ നാള്‍ ഈ..” എന്ന് വായിക്കണതിനു മുമ്പ് ഞാന്‍ കരുതി സത്യമാണ് പറയണെന്ന്....ഏ? ശരിക്കും? അതേത് കട എര്‍ണാകുളത്ത് എന്ന് ചോദിക്കാന്‍ വരുവായിരുന്നു..ശ്ശൊ!

എന്റെ അനിയന്‍..അപ്പന്റെ ബുള്ളറ്റിന്റെ പെട്രോള്‍ ടാങ്ക് തുറന്ന്..കുഞ്ഞായിരിക്കുമ്പൊ നമ്പര്‍ വണ്ണിന് പോയിട്ടുണ്ട്..അവനെങ്ങാനും ഇതു വായിച്ചാല്‍ എന്നെ തല്ലിക്കൊല്ലും..പെണ്ണ് കെട്ടാ‍റായി ഇപ്പൊ..:-)

ഓ..ഈ കക്കയാണോ ഞവുണിങ്ങ..? ദേവേട്ടന്‍ ബ്ലോഗിങ്ങ് നിറുത്തി...അല്ലെങ്കില്‍ ദേവേട്ടനോട് ചോദിക്കാവായിരുന്നു..ശ്ശെടാ! ഞാന്‍ ആദ്യ്മായിട്ടാണ് ഇത് കേക്കുന്നെ.... ആദ്യം വായിച്ചപ്പൊ ഞാന്‍ കരുതി എന്തോ പഴം ആണെന്ന്..പിന്നെ അത് ഓടി പോവുമെന്ന് വായിച്ചപ്പോഴാണ്...അല്ലാന്ന് തോന്നിയെ..

 
8/10/2006 01:55:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

എന്റെ ഈശോയെ..ഇതു കണ്ടോ കുട്ട്യേടത്തി..

Britain foils terrorist plot to blow up planes
By Associated Press
August 10, 2006

Updated 8:54 a.m. LONDON - British authorities said today they had thwarted a terrorist plot to simultaneously blow up several aircraft heading to the United States using explosives smuggled in carry-on luggage, averting what police described as "mass murder on an unimaginable scale."

 
8/11/2006 04:49:00 AM ല്‍, Blogger aneel kumar പറഞ്ഞു...

ഇതുവരെ ഞൗണിങ്ങാ കാര്യത്തിലൊരു തീരുമാനമായില്ലേ?

ഞങ്ങളിതിന് നത്തയ്ക്ക എന്നാണ് പേരിട്ടിരിക്കുന്നത്.
ഇഞ്ചിയ്ക്കിതൊരു റെസിപ്പിയാക്കാന്‍ താല്പര്യമുണ്ടെങ്കില്‍ ഇവിടെ വായിക്കൂ. സംഗതി ഗ്രീന്‍ തന്നെയാ ;)

 
8/11/2006 05:43:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

അതു തന്നെ നത്തയ്ക്കാ. ഞാന്‍ ഇതിന്റെ കൊല്ലത്തെ പേര്‍ എന്താണെന്ന് ആലോചിച്ച്‌ മണ്ടകത്തിപ്പോയി ഇരിക്കുകയായിരുന്നു. ഇതിനെയല്ലേ എന്തോ അസുഖത്തിനൊക്കെ ശുട്ട്‌ ശാപ്പിടുന്നത്‌ ?

ന്നാ പിന്നെ പാട്ടോടെ പോകാം അനിലേട്ടാ?

നത്തയ്ക്കാ കൊത്തി വിഴുങ്ങാന്‍
എത്തിയ പറവകളെല്ലാം
മാറീനോ ഹോയ്‌
മരത്തടി ചാലുകള്‍ പൂട്ടി പാടമൊരുക്കണ്ടേ
വലത്തേ വാ
ഇടത്തേ വാ
നമുക്കീ തേനാരി പൂങ്കണ്ടം പൂട്ടിയൊരുക്കണ്ടേ

കട്ടകള്‍ തല്ലിയുടയ്ക്കാം
കുത്തുവരമ്പു പിടിക്കാം
പോരീനോ ഹോയ്‌
വെളുത്തയും കുഞ്ഞിപ്പെണ്ണും വെള്ളം തേകിവിട്‌..
വലത്തേ വാ
ഇടത്തേവാ.. :)

 
8/21/2006 07:33:00 PM ല്‍, Blogger Girish പറഞ്ഞു...

പാലത്തിനടിയിലൂടെ കടന്നു പൊയ വെള്ളം പോലെ ,ബാല്യവും ,കൌമാരവും ഒഴുകിപൊയി..കുട്ട്യേടത്തിയുടെ ഓര്‍‍മ്മകള്‍ ,സമാനമായ മധുരസ്മരണകള്‍ ഉണര്‍ത്തുന്നു.അതോടൊപ്പം ഇനിയൊരിക്കലും പ്രാപ്യമല്ലാതത വിധം നഷ്ട്ടപ്പെട്ടവ എന്തെന്ന തിരിച്ചറിവു കരളില്‍ കനലു കോരിയിടുന്നു.
വിത്തു വിതച്ച പാടത്തു പ്രാവിനു കാവല്‍ നില്‍ക്കനും,പൊട്ടക്കുളതില്‍ ചൂണ്ടയിടനും,കരിവണ്ടിനെ തീപ്പെട്ടിയിലാക്കി റേഡിയോപാടിക്കാനും,അനിയനെ കവുങ്ങിന്‍ പാളയിലിരുത്തി വലിച്ചു നടക്കാനും ഓക്കെ കഴിയുന്ന ഒരു കാലത്തെക്കു തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍....

 
8/31/2006 07:54:00 AM ല്‍, Blogger മിടുക്കന്‍ പറഞ്ഞു...

ബ്ലോഗ്‌മാണിക്യം ബിരിയാണികുട്ടി ഡെയറക്റ്റ്‌ ചെയ്തതനുസരിച്ചാണ്‌ ഈ വിലാസത്തില്‍ എത്തപ്പെട്ടത്‌..
അവളെ ഒക്കെ വായിക്കതെ, വായിക്കുന്നെങ്കില്‍, കുട്ട്യേടത്തിയെ വായിക്കാന്‍ പറഞ്ഞപ്പൊ.... മുഴുവന്‍ വായിക്കാനാണു വന്നത്‌..
പക്ഷെ പറ്റുന്നില്ല..
ഇവിടെ... മോഹങ്ങള്‍ എന്നൊക്കെ പറഞ്ഞ്‌ ഒാരൊന്നൊക്കെ എഴുതി.. ഒരോന്നൊക്കെ ഒര്‍മിപ്പിച്ച്‌...
ഹമ്‌മ്‌....
എനിക്കു നാട്ടിലുപോണം.....
കരച്ചിലൊ.. എന്തൊക്കെയോ വരുന്നു....
ഇനി ഇങ്ങനെ ഒക്കെ എഴുതരുതു കെട്ടൊ..
അല്ലെല്‍ വെണ്ട.. എഴുതു... കരയുന്നതിലുമില്ലെ ഒരു സുഖം...
കുട്ട്യേടത്തി.. നന്ദി...
അതിലേറെ.. നന്ദി..ബിരിയാണിക്കും.. കുട്ട്യേടത്തി യെകാട്ടിതന്നാല്ലൊ...

:))

 
8/31/2006 08:14:00 AM ല്‍, Blogger neermathalam പറഞ്ഞു...

eeeeeeee..chiyechi(biriyanikutty)->midukkan thanna link vazhi vannatha......
അഞ്ചു ദിവസം കൊണ്ടു മുപ്പത്തഞ്ചോളം ലോകോത്തര സിനിമകള്‍ കണ്ടതിന്റെ ഹാങ്ങോവറില്‍ 'യെന്തരു മലയാളം
സിനിമ, ലതൊക്കെ കാണുന്നവനെ തല്ലണം, പടച്ചു വിടുന്ന സംവിധായകനെ കൊല്ലണം, ഇനി മലയാളം കാണുന്ന പരിപാടിയില്ല' എന്നെല്ലാം ബുദ്ധിജീവി ഡയലോഗടിക്കണം. എന്നിട്ടു പിറ്റേന്നു തന്നെ 'രായമാണിക്യം' കണ്ട്‌ 'ഹോ നമ്മടെ മമ്മൂട്ടി യെന്തരു പെര്‍ഫോമന്‍സെടേ. ലോകത്തൊരു
നടനും ഏഴയലത്തു വരൂല്ലാട്ടാ' എന്നു പറഞ്ഞു കയ്യടിക്കണം.
ethu kalakki tooo...
ammayum achanum pinne avalum maatraamanen valiyalogathil
ennakilum, nadainthe bhangi
nattarde chelu,kushumbhinthe
chantham okke orikkal koodi
ormapeduthiyathinu orayiram
nandi aa nandi champakkayi veno
atho chakkapuzhukkayi venoo ?

 
9/04/2006 12:53:00 AM ല്‍, Blogger Promod P P പറഞ്ഞു...

ഇത്‌ വായിച്ചപ്പോള്‍ എനിക്ക്‌ ജോണ്‍ ഡെന്‍വറിന്റെ പ്രസിദ്ധമായ പാട്ടാണ്‌ ഓര്‍മ്മ വന്നത്‌

country roads.. take me home.. to the place..

പൂര്‍വ്വകാലത്തെക്കുറിച്ചുള്ള കഥനങ്ങളത്രയും നഷ്ടബോധം മാത്രം നല്‍കുന്ന വ്യര്‍ഥവിചാരങ്ങളായി മാറുകയാണ്‌..

മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടൂവരൂ
കൊണ്ടു പോകൂ ഞങ്ങളെയാ
മാഞ്ചുവട്ടില്‍.. മാഞ്ചുവട്ടില്‍

ഓര്‍മ്മകള്‍ അതീവ ഹൃദ്യം കുട്ട്യേടത്തി..

ആശംസകള്‍

 
9/07/2006 10:45:00 AM ല്‍, Blogger P Das പറഞ്ഞു...

കുട്ട്യേടത്തീ.. വളരെ നന്നായിരിക്കുന്നു..കുട്ടിക്കാലത്തേപ്പറ്റി എന്തൊക്കെയോ ചിന്തിച്ച് ഇരുന്നു പോയി.. നന്ദി.

 
9/12/2006 03:41:00 AM ല്‍, Blogger പരസ്പരം പറഞ്ഞു...

ഇത് വായിക്കാന്‍ ഒരുപാട് വൈകി..ഗതകാല സ്മരണകള്‍.., ഗൃഹാതുരത്വം..., വരും തലമുറയ്ക്ക് അനുഭവം പകര്‍ന്നുകൊടുക്കാ‍ന്‍ പറ്റാത്ത നമ്മുടെയൊക്കെ വിദേശവാസം.

 
9/27/2006 01:41:00 AM ല്‍, Blogger Peelikkutty!!!!! പറഞ്ഞു...

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഒരു പോസ്റ്റ് !.

 
9/29/2006 02:27:00 AM ല്‍, Blogger Unknown പറഞ്ഞു...

ഹിന്ദിയില്‍ പരയുന്ന ഒരു വാക്യം : കാശ്, യെ സഛ് ഹൊതാ...

 
10/28/2006 08:32:00 AM ല്‍, Blogger Unknown പറഞ്ഞു...

കുട്ട്യേടത്തീ,
എഴുതിയതിലെ മനോഹാരിതയല്ല...
ആ വാക്കുകള്‍ വായിക്കുമ്പോള്‍ വല്ലാത്ത നഷ്ടബൊധമാണുണ്ടാവുന്നത്...
നാട്ടിലുള്ള എന്നെപ്പോലുള്ളവര്‍ക്കു പോലും നഷ്ടത്തിന്റെ ആഴം അളക്കാനാവുന്നില്ല, അപ്പോള്‍ നിങ്ങളെപ്പോലെ അന്യനാട്ടില്‍ ഉള്ളവര്‍...
പക്ഷെ നമുക്കൊന്നും തിരിച്ചു കിട്ടില്ല..ഒരിക്കലും..
നഷ്ടപ്പെട്ട നമ്മുടെ ബാല്യം പോലെ...
പകരമെന്തു കിട്ടിയാലും ഒന്നിനും ഒന്നും പകരമാവില്ല...
എല്ലാം ഒരു സ്വപ്നം മാത്രം...
സ്നേഹപൂര്‍വ്വം ഈ ചാലക്കുടിക്കാരന്‍

 
11/06/2006 09:21:00 AM ല്‍, Blogger പട്ടേരി l Patteri പറഞ്ഞു...

ഇതിപ്പൊഴും ചൂടപ്പമാണല്ലോ
വണ്‍ ഓഫ് മൈ ഫേവറൈറ്റ് -കുട്ടിക്കാലം

 
11/25/2006 10:22:00 AM ല്‍, Blogger Siji vyloppilly പറഞ്ഞു...

കുട്ട്യേടത്തിക്ക്‌,
നിങ്ങളുടെ രണ്ടാളുടേയും ബ്ലോഗ്‌ ഞാന്‍ മുഴുവനായും ഇതുവരേയും വായിച്ചുതീര്‍ന്നിട്ടില്ല.3 വയസ്സിനു താഴെയുള്ള 2 കുട്ടിചെകുത്താന്മ്മാരുണ്ടെനിക്ക്‌.നാട്ടില്‍ നിന്ന് ഇതുവരെയും ആര്‍ക്കും വിസപ്രശ്നത്തില്‍ വരാന്‍ സാധിച്ചിട്ടില്ല.പിന്നെ ഞാന്‍ കുക്കിംഗ്‌ കല്ല്യാണത്തിനു ശേഷമാണു പടിച്ചത്‌.ഭര്‍ത്താവ്‌ ഒരു നോര്‍ത്ത്‌ ഇന്‍ഡ്യനാണ്‌.അതിലുപരി ഒരു വീഗന്‍ വെജിറ്റേറിയനും.ആഴ്ച്ചയില്‍ 4 ദിവസം ഇന്‍ഡ്യനും,3 ദിവസം മറ്റുള്ളവയും എന്നാണുകണക്ക്‌.ഭര്‍ത്താവ്‌ നല്ലൊരു കുക്കാണ്‌.ഞാന്‍ ഒരു തുടക്കക്കാരി മാത്രം.

 
11/25/2006 08:39:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

മറവിയുടെ കയ്യില്‍നിന്നും പലതും തിരിച്ചുപിടിക്കാന്‍ സഹായിച്ചതിന് ഒരുപാട് നന്ദി. അനുഭവങ്ങളെ കേടൊന്നും വരുത്താതെ വാക്കുകളില്‍ കുടിയിരുത്തിയതിന് എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്നറിയില്ല. ഇവിടെ വരാന്‍ ഇത്രയും വൈകിയതില്‍ ദുഃഖിക്കുന്നു. ആശംസകള്‍.

 
4/08/2007 03:21:00 AM ല്‍, Blogger കുറുമാന്‍ പറഞ്ഞു...

കുട്ട്യേടത്തിക്കും, മഞ്ജിത്തിനും, ഹന്നമോള്‍ക്കും, ഹാരിമോനും, ഈസ്റ്റര്‍ ആശംസകള്‍.

നല്ലിടയന് സ്വസ്തി, നിങ്ങള്‍ക്ക് സമാധാനം.

qu_er_ty

 
4/16/2007 03:15:00 PM ല്‍, Blogger സ്വപ്നജീവി പറഞ്ഞു...

വൈകി വന്ന വായനക്കാരനാ...
സംഭവം കസറി.

 
8/12/2007 07:43:00 AM ല്‍, Blogger Unknown പറഞ്ഞു...

nandi kuttedathy ormacheppu thurannathinu. noorayiram bhavukanjalode bindu

 
11/26/2007 03:09:00 AM ല്‍, Blogger പ്രിയ പറഞ്ഞു...

വളരെ നന്നായി പറഞ്ഞിരിക്കുന്നു . കൂടെ പറയാന് തോന്നിക്കും വിധം.

 
7/02/2008 10:25:00 AM ല്‍, Blogger n@vneet പറഞ്ഞു...

ഇഷ്ടായി. കുറേശ്ശെ കണ്ണു നിറഞ്ഞ്വോ ന്നൊരു സംശ്യം. :)

 
2/02/2010 12:29:00 AM ല്‍, Blogger റെപ്പ് പറഞ്ഞു...

ഏടത്തി എല്ലാം നന്നായിട്ടുണ്ട്.. പഴയകാലം ഓര്മ വന്നു.. നന്ദി..

 
8/10/2012 11:39:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

ശോ.. എന്നാലും എന്തൊരു ഓര്‍മയാ കുട്ട്യേട്ടത്തീ... വായില്‍ വെള്ളം വന്നു പോയി.

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം