വാഴച്ചോട്ടിലെ കേയ്ക്ക്
"ഞങ്ങള്‍ക്കു പിന്നെ കേയ്ക്കൊന്നും ബേയ്ക്കു ചെയ്തു കഷ്ടപ്പെടണ്ട. ഇടയ്ക്കിടക്കു ഞങ്ങള്‍ടെ വാഴച്ചോട്ടില്‍ കേയ്ക്കു മുളച്ചു വരും ".
ഡിന്നറിനു വന്ന സുഹൃത്ത്, ഒരു കഷണം കേയ്ക്കെടുത്തു വായില്‍ തള്ളിയിട്ട്, ഭാര്യയെ ഒളികണ്ണിട്ടു നോക്കി, ഈ ഡയലോഗു പറഞ്ഞിട്ടാര്‍ത്തു ചിരിക്കാന്‍ തുടങ്ങി.
“വാഴച്ചോട്ടില്‍ കേയ്ക്കു പൊന്തി വരേ ? എന്താ സംഭവം?” ഞാന്‍ ചോദിച്ചു.
“പ്ലീസ് ..പ്ലീസ് അതു പറയരുത്.. അതു പറഞ്ഞാല്‍ ഞാന്‍ നേരായിട്ടും കൂട്ടു കൂടൂല്ല കേട്ടോ... ദുഷ്ടാ..പറയല്ലേ..” എന്നു പറഞ്ഞു ഭാര്യ സുഹൃത്തിന്റെ വായ പൊത്തി.
"അതൊക്കെ സീക്രട്ടാ... കഴിഞ്ഞയാഴ്ച ഞാന്‍ ബാക് യാറ്ഡിലു നടക്കുമ്പോ, വെര്‍തെ ഒന്നു പറമ്പിലേക്കൊക്കെ നോക്കീതാ. അപ്പോ ദോണ്ടേ വാഴ ച്ചോട്ടിലൊന്നാംതരമൊരു കേയ്ക്ക്!! "
"നിങ്ങളു ചുമ്മാ രണ്ടു പേരും കൂടി കേട്ടിരിക്കണവരെ വട്ടാക്കാതെ, കാര്യം പറ" ക്ഷമ നശിച്ചെന്റെ കണവന്‍ പറഞ്ഞു.
"ഞാന്‍ പറയൂല്ല, കഷ്ടപ്പെട്ട് പ്രസവിച്ച കൊച്ചിനെ കുപ്പത്തൊട്ടിയില്‍ കളഞ്ഞ പ്രതിതന്നെ പറയട്ടെ.." സുഹൃത്ത് പന്ത് ഭാര്യയുടെ കോര്‍ട്ടിലേക്കു തട്ടി കൈ കഴുകി.
ക്രിസ്മസിനു ഡിന്നറു കഴിഞ്ഞു പോയി ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, അവള്‍ വിളിച്ചു ഫ്രൂട്ട് കേയ്ക്കിന്റെ റെസീപ്പി ചോദിച്ചതു ഞാനോര്‍ത്തു. കേട്ടു വച്ചാല്‍, അവള്‍ മറന്നു പോകുമെന്നു പറഞ്ഞ്, ഫോണിലൂടെ ഞാന്‍ പറഞ്ഞു കൊടുത്ത്, റെസീപ്പി അവളെഴുതിയെടുക്കുകയായിരുന്നു.
"അതിലിട്ടിരുന്ന ഡ്രൈഡ് ഫ്രൂട്ട്സെന്തൊക്കെയാ? വാള്‍മാര്‍ട്ടില്‍ നിന്നാണോ മേടിച്ചത് " ?
"അല്ലെടാ, അതങ്ങനെ ' ഫ്രൂട്ട് കേയ്ക്ക് പായ്ക്ക് ' എന്നു പറഞ്ഞ് മിക്സട് ഫ്രൂട്ട്സെല്ലാം കൂടി ഒരു പായ്ക്കറ്റില്‍ വരുന്നതാ. സംഭവം സീസണലാ. ക്രിസ്മസ് ആകാറാകുമ്പോ എല്ലാ സ്റ്റോറിലും വരും. ശോ, നീ അപ്പോ ചോദിച്ചിരുന്നെങ്കില്‍, എന്റെ കയ്യില്‍ ഒരു പായ്ക്കറ്റു കൂടി ഇരിപ്പുണ്ടായിരുന്നു. ക്രിസ്മസൊക്കെ കഴിഞ്ഞതു കൊണ്ടിനി കിട്ടൂല്ലാരിക്കും. ഇനി വരുമ്പോ, എന്റെ കയ്യില്‍ന്നോര്‍ത്തു മേടിച്ചോണ്ടു പോണം കേട്ടോ " .ഇതൊക്കെ നടന്നിട്ടിപ്പോളൊന്നു രണ്ടു മാസം കഴിഞ്ഞിരിക്കുന്നു.
"എന്തേടാ, എന്തിനാ കേയ്ക്കുണ്ടാക്കീട്ടു കളഞ്ഞത്? " . ഞാന്‍ ചോദിച്ചു.
"ഒന്നും പറയണ്ടെടാ. നീ പറഞ്ഞുതന്ന പോലെ തന്നെയാ ഞാനെല്ലാം ചെയ്തെ. പക്ഷേ കൊളമായി. കല്ലു മാതിരി ഇരുന്നെടാ കേയ്ക്ക്. കട്ട് ചെയ്തെടുക്കാന്‍ പോലും പറ്റാത്ത പോലെ. അവിടെ പപ്പയും മമ്മിയുമൊക്കെ ഉള്ളതല്ലേന്നേ? നാണക്കേടല്ലേ? മരുമകള്‍ക്കൊരു കേയ്ക്ക് ഉണ്ടാക്കാന്‍ പോലും അറിയില്ലല്ലോന്നോര്‍ക്കൂല്ലേ ? ഭാഗ്യത്തിന് ഞാന്‍ അതിരാവിലെ ഉണര്‍ന്നാ ഉണ്ടാക്കിയത്. ആരും ഉണരുന്നതിനു മുന്‍പു ഞാന്‍ സംഭവം വാഴച്ചോട്ടില്‍ കൊണ്ടോയി കളഞ്ഞതാരുന്നു. എന്റെ കഷ്ട കാലത്തിന് പുല്ലുവെട്ടാന്‍ പോലും യാര്‍ഡിലിറങ്ങാത്ത ഈ കുഴി മടിയന്‍ അന്നു കൃത്യം വാഴച്ചോട്ടില്‍ പോയി.. മാനം പോയെന്നു പറഞ്ഞാല്‍ മതിയല്ലോ "
"ഇത്തിരി സൊഫ്റ്റ്നസ് കുറവാണെങ്കിലും സാരമില്ലാന്നു വച്ചാല്‍ പോരാരുന്നോടാ? എന്തിനാന്നേ കൊണ്ടെ കളഞ്ഞത്? "
"അയ്യോ..എങ്ങനെയെങ്കിലും മാനേജ് ചെയ്യാന്‍ പറ്റുമാരുന്നെങ്കില്‍ ഞാന്‍ കളയുവാരുന്നോ? ഇത് മുറിക്കാന്‍ പോലും പറ്റാത്ത പോലെ."
" എന്നാലും കേയ്ക്കെങ്ങനെയാ അങ്ങനെ കല്ലു പോലെയായത്? ഒരു പിടീം കിട്ടണില്ലല്ലോ...ഞാന്‍ തല പുകച്ചിട്ടും കാരണമൊന്നും കണ്ടില്ല.
“ എന്തായാലും അങ്ങനെ തോറ്റു കൊടുക്കണ്ടാന്നേ. നല്ലൊന്നാംതരമൊരു കേയ്ക്കുണ്ടാക്കി കാണിച്ചു കൊടുക്കെടാ. കൊറെ സമയം ഇട്ടു ബീറ്റ് ചെയ്യണ്ടാട്ടോ. ജസ്റ്റൊന്നു ബീറ്റിയാല്‍ മതി". എന്റെ കയ്യിലിരുന്ന ഡ്റൈഡ് ഫ്രൂട്ട് മിക്സെടുത്തു കൊടുത്തു ഞാനവളെ വാശി കേറ്റി.
രണ്ടാഴ്ചയ്ക്കു ശേഷം................
" ഞാന്‍ വല്ലാതെ ഡെസ്പായിട്ടിരിക്കുവാണെടാ.. എനിക്കെന്നോടു തന്നെ അപ്പിടി ദേഷ്യം വരുവാ. എന്തോരു പ്രതീക്ഷയോടെ, എന്തൊരുല്‍സാഹത്തോടെയാ ഞാനൊരു പുതിയ റെസീപ്പി ട്രൈ ചെയ്യണേന്നറിയോ ? ഉണ്ടാക്കി വരുമ്പോ, ഒക്കെ കൊളമാകും.. ഞാനെന്നാ ഉണ്ടാക്കിയാലും പെഴച്ചു പോകുവാടാ... ചുമ്മാ സങ്കടം വന്നിട്ടു നിന്നെ വിളിച്ചതാ " .അങ്ങേത്തലയ്ക്കല്‍ അവളാണ്.
"ഞാനിന്നും കെയ്ക്ക് ട്രൈ ചെയ്തു...പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തളം ബാലന്റെ ഗാനമേളാന്നു പറഞ്ഞ മാതിരിയായി... അന്നത്തെക്കാള്‍ ഭീകരമായി ഇന്ന് "
" എനിക്ക് മനസ്സിലാവുന്നേയില്ല... ഈ കേയ്ക്കെന്നു പറഞ്ഞ സാധനം..എത്രയൊക്കെ കെയര്‍ ലെസ്സായിട്ടുണ്ടാക്കിയാലും, അത്യാവശ്യം വായില്‍ വയ്ക്കാന്‍ പറ്റിയ പരുവത്തില്‍ കിട്ടണ്ടതാണല്ലോ..ഓവന്റെ റ്റെമ്പറേച്ചറൊക്കെ കറക്റ്റല്ലേ ഇട്ടത് ?
"ഒക്കെ കറക്റ്റാ... എനിക്കെന്തോ കഷ്ടകാലമാണെന്നാ തോന്നണേ.."
"നീ എങ്ങനെയാ ഉണ്ടാക്കിയേന്നൊന്നു പറഞ്ഞേ..നോക്കട്ടെ, എനിക്കു വല്ലോം പിടി കിട്ടുമോന്ന് "
" നീ പറഞ്ഞ പോലെ തന്നെ മൊട്ടേം, ബട്ടറും, ഓള്‍ പര്‍പ്പസ് ഫ്ലോറും ഷുഗ്ഗറും കൂടി മിക്സ് ചെയ്ത്, എസ്സന്‍സും, ബേക്കിങ്ങ് സോടായും, ഫ്രൂട്ട്സും ഒക്കെ കൂടി ബീറ്റ് ചെയ്യും."
"എന്നിട്ട് രണ്ട് നാരങ്ങായും കൂടി പിഴിഞ്ഞൊഴിച്ചിട്ട് ഓവന്‍ ചൂടാക്കി...."
" എന്തോന്നെന്തോന്ന്...... ? നാരങ്ങയോ? അതാരു പറഞ്ഞു.. ? കേയ്ക്കിലു നാരങ്ങ ഇടുവേ?? എന്റെ ദൈവേ.... നീ എന്തൊരു പൊട്ടത്തിയാണെടീ... ? എന്നിട്ടു കേയ്ക്കു കൊളായീന്നു പറഞ്ഞിരുന്നു മോങ്ങിയാല്‍ വല്ല കാര്യോമൊണ്ടൊ ?... പോത്തിന്റെ ജന്മം ? എനിക്കു ചുമ്മാ കലി വരണുണ്ടുട്ടോ... ലോകത്താരെങ്കിലും കെയ്ക്കിലു നാരങ്ങ ഇടുവോടി ? മരപ്പോത്ത്...എനിക്കെന്റ വായിലു നല്ല പുളിച്ചതു വരണുണ്ട്...."
" നീ പറഞ്ഞു തന്ന റെസീപ്പി അനുസരിച്ചാ ഞാന്‍ നാരങ്ങ ഇട്ടത് .."
"നാരങ്ങ ഇടാന്‍ ഞാന്‍ പറഞ്ഞെന്നോ? നീ പൂസായിരുന്നപ്പോളായിരിക്കും എന്നെ വിളിച്ചത്...അല്ല പിന്നെ.. "
"അല്ലെടാ.... ഞാന്‍ ക്ലിയറായിട്ടെഴുതിയിട്ടുണട്...'റ്റൂ ലൈംസ്' എന്ന്.. റെസീപ്പി പറഞ്ഞു തന്നപ്പോ, നീയായിരിക്കും പൂസായിരുന്നത്.."
"റ്റൂ ലൈംസോ.... ദൈവമേ... ഇതെങ്ങനെ സംഭവിച്ചു ...?
"നീ പറഞ്ഞതൊക്കെ വള്ളിപുള്ളി വിടാതെ ഞാന്‍ എഴുതിയിട്ടുണ്ണ്ട്. 'ബണ്ട് പാനിലുണ്ടാക്കണം, അപ്പോ നല്ല ഷേയ്പ്പിലു വരും... വേറെ ഡിസൈന്‍ ഒന്നും ചെയ്തില്ലെങ്കിലും നല്ല രസായിട്ടിരിക്കും' എന്നു നീ പറഞ്ഞാരുന്നു.. ഞാന്‍ ബണട് പാനെന്നും എഴുതിയിട്ടുണ്ട്... നീ പറയാതെ ഞാനെന്തായാലും ലൈം എഴുതൂല്ല..."
ബണ്ട് പാനെന്നു കേട്ടതും എന്റെ റ്റ്യൂബ് ലൈറ്റ് കത്തി.
" എടീ മരപ്പോത്തേ.... ആനമണ്ടീ... റ്റു ലൈംസെന്നല്ലെടി. റ്റൂ റ്റൈംസെന്നാ എഴുതിയിരിക്കണേ... ബണ്ട് പാനിലു നന്നായിട്ടു നെറഞ്ഞിരിക്കണമെങ്കില്‍ ഈ പറഞ്ഞതെല്ലാം നേരെ ഡബിള്‍ അളവ്. പഞ്ചസാര ഒരു കപ്പിനു പകരം രണ്ടു കപ്പ്. അങ്ങനെ എല്ലാം ഇരട്ടി എടുക്കണം എന്നുള്ള അര്‍ത്ഥത്തില്‍ ഞാന്‍ 'റ്റൂ റ്റൈംസ്' എന്നു പറഞ്ഞതാ നീ 'റ്റൂ ലൈംസാ'ക്കിയത്. സ്വന്തം കയ്യക്ഷരം വായിക്കാന്‍ അറിയാത്ത പൊട്ടത്തി...നീയൊക്കെ എന്റെ ഫ്രണ്‍ടാണെന്നു പറയാന്‍ നാണമാകുന്നല്ലോ.. "
"ശരിയാ.... എനിക്കോര്‍മയുണ്ട്..... സോറിയെടി... "
***********
ഈ സംഭവത്തിനു ശേഷം ആര്‍ക്ക് റെസീപ്പി പറഞ്ഞു കൊടുത്താലും ഞാന്‍ അവസാനം പറയും... അതേയ്..വേറെ ഏത് ചേരുവ മറന്നാലും... തുടക്കം മുതല്‍ അവസാനം വരെ...മിക്സ് ചെയ്യുമ്പോളും ബീറ്റ് ചെയ്യുമ്പോളും വറുക്കുമ്പോഴും... ഒക്കെ ഒരേ സ്പൂണ്‍ കോമണ്‍സെന്‍സ് അതിടയ്ക്കിടെ ചേര്‍ക്കാന്‍ മറക്കരുത്. അതുമാത്രം എത്ര ഇട്ടാലും കൂടി പോവൂല്ല... :)
ലേബലുകള്‍: അടുക്കള, പാചകനര്മ്മം, പാചകവാചകം
6 അഭിപ്രായങ്ങള്‍:
തേങ്ങ എന്റെ വക: ഠേ!
വെല്‍കം ബാക്ക്! ബാക്കി മുഴുവനും വായിച്ചതിന് ശേഷം :)
സുഹ്രുത്തിനു പറ്റിയ അമളി വായിച്ചു, കൊള്ളം ട്ടോ.. ഇനിയും എഴുതൂ
അപ്പൊ കേക്കില്‍ നാരങ്ങയൊഴിക്കാന്‍ പാടില്ലാലേ..
ഓരോ പുതിയ അറിവുകളേയ്..
അപ്പൊ എന്തിന്റെയും കട്ടി കൂട്ടാന്‍ നാരങ്ങ ഒഴിച്ചാല്‍ മതി, അല്ലെ??
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
I feel sorry for ur friend. Even Im like her. I've tried so many cake recipes, it always went to my trash can or else to my doggies. I long to bake one.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം