ബുധനാഴ്‌ച, മേയ് 06, 2009

ഈ ആഴ്ചയിലെ അമ്മയും മകനും

"ദോ ആ പോണ പെണ്ണിന്റെയത്ര വണ്ണമുണ്ടോന്നേ എനിക്ക്?"


( മുറാനോക്കാറു കമത്തി ഇട്ട മാതിരി ഇരിക്കണ ഒരു മൊതലിനെ ചൂണ്ടിയാണ്‌ ചോദ്യം ).


" ശരിക്കും എന്നെ കണ്ടാല്‍ രണ്ടുപെറ്റതാന്നു പറയുവോ" ?


" എന്നെ കണ്ടാല്‍ മൊത്തത്തിലൊരു തള്ള ലുക്കാണോന്നെ " ?


" എന്റെ പുറത്തൊക്കെ നെറയെ ടയറു ചാടി മഹാ വൃത്തികെടായോന്നെ ?

ഞാന്‍ ചുരിദാറൊക്കെ ഇടുമ്പോ എന്റെ പുറത്തൊക്കെ നെറയെ മടങ്ങി മടങ്ങി കെടക്കുവാണോന്നെ?"


ഈ ചോദ്യങ്ങളൊക്കെ ആരു ആരോടു എപ്പോള്‍ ചോദിക്കുന്നതാണെന്നു പറയാതെതന്നെ മനസ്സിലായിക്കാണുമല്ലോ . രണ്ടുപെറ്റ തള്ളയായ ഞാന്‍, രണ്ടു ഗര്‍ഭകാലത്തായി ഇരുപത്തഞ്ചു കിലോയിലധികം തൂക്കം കൂടിയ, ഞാനാകുന്ന ഭാര്യ, എന്റെ കണവനോട് ചോദിക്കുന്നതാണ്‌.


ഈ ചോദ്യങ്ങളിങ്ങനെ 'ഒന്ന് വീതം മൂന്നു' നേരം എന്ന കണക്കിനു മുടങ്ങാതെ, എവിടേയ്ക്കെങ്കിലും പോകാനൊരു നല്ല തുണി എടുത്തിടുമ്പോഴും, ഒരു ഫോട്ടം പിടിക്കാന്‍ പോസു ചെയ്യുമ്പോഴോ, അല്ലെങ്കില്‍ നാല് പെണ്ണുങ്ങള്‍ കൂടുന്നിടത്ത് ചെലുമ്പോളോ ഒക്കെ ഇങ്ങനെ പ്രോഗ്രാം ചെയ്തു വച്ച മാതിരി ചോദിച്ചുകൊണ്ടേയിരിക്കും.


ആ പോയ പെണ്ണിന്റെ പകുതി വണ്ണമെനിക്കില്ലാന്നെനിക്കു നന്നായറിയാം. എന്നാലും അതൊന്നാരെങ്കിലും പറഞ്ഞു കേള്‍ക്കാന്‍, പ്രത്യേകിച്ചും കെട്ടിയവന്റെ വായില്‍ന്നതു കേള്‍ക്കാനുള്ള കൊതി കൊണ്ടാണീ ചോദ്യങ്ങള്‍.


" പൊന്നേ.. കരളേ.. നീ ഇപ്പോളും എന്റെ സുന്ദരിയല്ലേടാ, പത്തു പെറ്റാലും തനിക്ക് എന്റെ മനസ്സിലെന്നും ചെറുപ്പമല്ലേടാ " ?


" ഇല്ലാന്നേ തന്നെ കണ്ടാലിപ്പോളും കോളേജിലാണെന്നല്ലേ തോന്നുള്ളൂ, എവിടെ, ആ പെണ്ണിന്റെ പകുതി വണ്ണമില്ലല്ലോ തനിക്ക് ?"


".., ഹോ.. ഓരോ പെണ്ണുങ്ങളുടെയൊക്കെ പുറത്തെന്താ ടയറ്‌, എന്റെ വാവയിപ്പോളും നല്ല ഫിറ്റല്ലേ, ചുരിദാറൊക്കെ ഇടുമ്പോ എന്തൊരു സ്റ്റയിലാ.... ഞാന്‍ പ്രണയിച്ച അതേ പെണ്ണ്‌ "


" തന്നെ ഇപ്പൊളും കണ്ടാല്‍, തന്നിക്കുള്ള പ്രായത്തെക്കാള്‍ , ഒരു പത്തു വയസ്സു കുറവേ തോന്നുള്ളൂ".


ഹ ഹ.. ഈ പറഞ്ഞതൊക്കെ അങ്ങേരു തരാറുള്ള മറുപടികളാണെന്നു വിചാരിച്ചോ ? ഇമ്മിണി പുളിക്കും.


ഈ ഉത്തരങ്ങളൊക്കെ കേള്‍ക്കാന്‍ കൊതിച്ചാണു നുമ്മ ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്‌. അദ്ദേഹം പറയാറുള്ള ഉത്തരങ്ങള്‍.. ദോണ്ടെ ..


" തന്നെ കണ്ടാല്‍ ശരിക്കും തനിക്കുള്ള പ്രായം എത്രയാണോ , അത്രേം തന്നെ പറയും..കൂടുതലൊന്നും പറയൂല്ല.." ( ഓ.. ഔദാര്യം !)


".. ങാ, ആ പോണ പെണ്ണിനും തനിക്കും എതാണ്ടോരേ വണ്ണമാ.. "


"താന്‍ രണ്ടു പിള്ളാരുടെ തള്ളയല്ലേടോ , അപ്പോ പിന്നെ തള്ള ലുക്ക്‌ തോന്നുന്നതില്‍ എന്താ കൊഴപ്പം ?"


" ങാ. ടയര്.. കുഴപ്പമില്ല.. ഒരു പൊടിക്ക് ലൂസ്‌ ഡ്രസ്സൊക്കെ അങ്ങിട്ടാല്‍ അത്രയ്ക്കങ്ങറിയുവേലടോ . "


പെണ്ണുങ്ങളുടെ മനശാസ്ത്രം അറിയാത്ത മരങ്ങോടന്‍, കശ്മലന്‍, ഇനി മേലാല്‍ ഇങ്ങേരോടിനി ഒന്നും ചോദിക്കണില്ല, എന്നൊക്കെ വല്യ വമ്പന്‍ തീരുമാനങ്ങളെടുക്കും . പക്ഷേ, രണ്ടു ദിവസം കഴിയുമ്പോള്‍, 'ശങ്കരന്‍ എഗെയിന്‍ ഓണ്‍ കോക്കനട്ട് ട്രീ' !!!


"നമ്മളു രണ്ടു പേരും കൂടി നടന്നു പോകുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ അമ്മയും മകനുമാനെന്നു തോന്നുമോന്നേ " ?


" ഏയ്‌ അത്രയ്ക്കില്ല കേട്ടോ "
************************************************************************
"എന്റെ മനുഷ്യാ, നിങ്ങളിതെന്തു മാതിരി വണ്ണമാ വയ്ക്കണത് ? നോക്ക്‌, ഒരു വണ്ടി വയറുണ്ടല്ലോ.. 'വയറിതാ മുന്നേ, ഞാനിതാ പിന്നേ' ന്ന മട്ടിലാ നടപ്പൊക്കെ. വയറു കൂടീട്ടിപ്പോ ഒരു ഡ്രസ്സും ഇട്ടിട്ടു ചേരുന്നില്ലാ ട്ടോ.

ഇങ്ങനെ പോയാല്‍ ശരിയാവൂല്ലാടോ. . ആ ട്രെഡ് മില്‍ അവിടെ വെറ്‍തെ കെടക്കുവല്ലേ ? രാവിലേം വൈകിട്ടും ഇച്ചരെ ഒന്നോടിക്കേ. ഇടയ്ക്കുള്ള സ്നാക്സ്‌ തീറ്റയും കുറയ്ക്കണം .".

പോത്തിന്റെ ചെവീല് വീണ വായിച്ചിട്ട് വല്ല കാര്യമുണ്ടോ ?
വീണ്ടും ദിവസങ്ങള്‍ക്കു ശേഷം..


"ഇതെന്നതാന്നേ, ചീര്‍ത്തു വരുന്നതിനെ പറ്റി യാതോരാകുലതയുമില്ലാതെ നിങ്ങളിങ്ങനെ .. ഒന്നില്ലേല്‍ റ്റെന്നിസ്‌ കളിക്കാന്‍ പോ.. അല്ലെങ്കില്‍ ബാസ്കറ്റ്‌ ബോള്‍. നോക്ക്‌, ഷോള്‍ഡറിലും മറ്റെ ഒരു റാത്തല്‍ എറച്ചി വെട്ടി കൂട്ടാന്‍ വയ്ക്കാന്‍ മാത്രമുണ്ട് കേട്ടോ. ഇതിങ്ങനെ പോയാല്‍ ഒബീസായി പോകും കേട്ടോ. നാളെമുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എക്സര്‍സൈസ്‌ തുടങ്ങിയേ പറ്റൂ. വന്നു വന്നെനിക്കു കൂടെ കൊണ്ടു നടക്കാന്‍ നാണാക്കേടാകുമല്ലോ "


" എടോ.. ഞാന്‍ മെലിഞ്ഞിരുന്നാലേ, എന്നെ കണ്ടാല്‍ ഭയങ്കര യങ്ങാ.. ഒട്ടും പ്രായം പറയുവേലാ.. അപ്പോ എന്നെയും തന്നെയും കൂറിക്കണ്ടാല്‍ ആളോള്‌, അമ്മേം മോനും പോണൂന്നു പറയും.. അതോണ്ടിച്ചരെ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടീട്ടല്ലേ, ഞാന്‍ ഇങ്ങനെ വണ്ണം വച്ചേക്കുന്നേ ?


" ഉവ്വുവ്വേ.. കുഴിമടിയന്‍. എക്സര്‍സൈസ്‌ ചെയ്യാന്‍ കഴിയാത്തതിനോരോരോ മുടന്തന്‍ ന്യായം !!

ലേബലുകള്‍: ,

11 അഭിപ്രായങ്ങള്‍:

5/07/2009 12:25:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

ഇതിനാണോ ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നത്? :)
ഇനി ഒരു കാര്യം ചെയ്യൂ. കുട്ട്യേടത്തി യുദ്ധകാലാടിസ്ഥാനത്തിൽ ഒന്ന് മെലിഞ്ഞ് നോക്ക് (ട്രെഡ്മില്ലിന് അങ്ങനെ ആൺ-പെൺ വ്യത്യാസമൊന്നുമില്ല :)); എന്നിട്ട് ലൈൻ മാറ്റിപ്പിടി (അച്ഛനും മകളും :). മൻ‌ജിത്ത് ചേട്ടൻ എക്സർസൈസ് ചെയ്യാതെവിടെപ്പോകാൻ? :)

 
5/07/2009 01:36:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

Jayarajan te google Reader sambhavam enikku share cheyyaan option undo ? if you dont mind.. I created one, but ethokke blogs add cheyyanamnnu oru pidiyum illa.. poyi thappiyedukkan kuzhimadichi.. :)

 
5/07/2009 04:48:00 AM ല്‍, Blogger രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

ഓഹോ അപ്പോള്‍ കുറച്ചുനാളായി ഇവിടെ ആളനക്കമുണ്ടല്ലേ?

 
5/07/2009 09:18:00 AM ല്‍, Blogger ശ്രീ പറഞ്ഞു...

ഹ ഹ. കൊച്ചു കൊച്ചു വീട്ടു വിശേഷങ്ങള്‍ അല്ലേ?

വായിയ്ക്കാന്‍ രസമുണ്ട് കുട്ട്യേടത്തീ
:)

 
5/08/2009 02:15:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

എന്റെ അറിവിൽ ഇല്ല. വേറൊരാളുടെ വായനാലിസ്റ്റ് സബ്സ്ക്രൈബ് ചെയ്യാം; പക്ഷേ ഗൂഗിൾ റീഡർ?

 
5/08/2009 02:15:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
5/09/2009 12:35:00 AM ല്‍, Blogger പ്രിയംവദ-priyamvada പറഞ്ഞു...

:)

കുട്ടിയേടത്തി നിങ്ങളു ഭാഗ്യവതിയാ...
അദ്ദേഹത്തിനു വിശാലമായ ഉദരം മാത്രമല്ല,ഉദാരമായ മനസ്സും സ്വന്തമല്ലെ?
qw_er_ty

 
5/09/2009 11:56:00 AM ല്‍, Blogger Umesh::ഉമേഷ് പറഞ്ഞു...

രണ്ടും ഈ ഷെയ്പ്പായതു കൊണ്ടാണു് ഈയിടെ സാൻ ഫ്രാൻസിസ്കോയിൽ വന്നപ്പോൾ എന്നെക്കാണാതെ മുങ്ങിയതു്, അല്ലേ?

ഞാൻ നിങ്ങളുടെ പഴയ പടങ്ങളൊക്കെ കണ്ടു് സുന്ദരനും സുന്ദരിയും ആണെന്നു കരുതി ഇരുന്നോളാം :)

 
5/13/2009 09:16:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

ജയരാജോ, ഹാ, ട്രെഡ് മില്ലില്ലോ ഞാനോ... അയ്യോ എന്നെ പോലെ ഒരു കുഴിമടിച്ചി.

സാക്ഷി, വീണ്ടും കണ്ടതില്‍ നെറയെ സന്തോഷം.

ശ്രീ യ്യുടെ ബ്ലോഗ് കണ്ടു. ആ അന്ധന്റെയും ഊമയുടെയും ചോദ്യത്തിനൊന്നുത്തരം പറയോ ? അതോ അതിങനെ ഓള്‍റൌണ്ടറായിട്ടോടിക്കുമോ ?

പ്രിയംവദ, പണ്ടേയിഷ്ടാ പ്രിയംവദയുടെ എഴുത്തൊക്കെ. ഇപ്പോ തിരിച്ചുവരവില്‍ വായിച്ചപ്പളും ക്ഷ പിടിച്ചു.

ഉമേഷ്ജി, അതിനുള്ള ഉത്തരം ഞാന്‍ ഒന്നും പറയണില്ല. തല്‍ക്കാലം പിക്ചേഴ്സൊക്കെ കണ്ട്, വെര്‍തെ തെറ്റിദ്ധരിച്ചിരുന്നോളൂ..

 
5/13/2009 10:07:00 AM ല്‍, Blogger Siji vyloppilly പറഞ്ഞു...

ഹ.. അപ്പോ ഞാന്‍ മാത്രമല്ല ഇങ്ങനെ ഒരാള്‌ അല്ലെ. കുട്ട്യേDa ത്തിയും കൂട്ടുണ്ട്‌. :)

 
5/18/2009 04:15:00 PM ല്‍, Blogger Zebu Bull::മാണിക്കൻ പറഞ്ഞു...

എനിക്കൊരു സംശയം - നിങ്ങള്‍ ഭാര്യമാരിങ്ങനെ സ്ഥിരം ചോദിച്ചുകൊണ്ടിരുന്നാല്‍ ഭര്‍‌ത്താക്കന്മാര്‍‌ക്കും അതേ സംശയം വന്നുതുടങ്ങില്ലേ - അതായത്, ഇവള്‍ക്ക് ടയറില്ലേ, ഇവളെന്താ ഇങ്ങനെ തടിച്ചിരിക്കുന്നേ, ഞാന്‍ പ്രേമിച്ചുകെട്ടിയ ലവള്‍ തന്നെയാണോ ലിവള്‍, എന്നിങ്ങനെ? :-)

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം