തിങ്കളാഴ്‌ച, മേയ് 04, 2009

ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ?

" ഞങ്ങളുടെ ഒക്കെ കാലത്തെ ഓണമല്ലേ മക്കളേ ഓണം! ഇപ്പ വല്ലോം ഓണമുണ്ടോ ?"


"ഇന്നത്തെ കാലത്തെ പെണ്ണുങ്ങളു വല്ലോം നൊന്തു പ്രസവിക്കുന്നുണ്ടോ ? ഞങ്ങള്‍ടെ ഒക്കെ കാലത്തെ നോവല്ലേ നോവ്‌!!!"


ഈ മാതിരി ഡയലോഗൊക്കെ മുറുക്കി ചുവപ്പിച്ചു, ചുക്കിച്ചുളിഞ്ഞു കുഴീലേയ്ക്കു കാലും നീട്ടി ഇരിക്കുന്ന വല്യമ്മച്ചിക്കു കൊച്ചു മക്കളോടോ അവരുടെ മക്കളോടോ പറയാനുള്ളാതാണെന്നാ ഞാന്‍ പണ്ടൊക്കെ വിചാരിച്ചിരുന്നത്‌.


പക്ഷേ...


" എണ്റ്റെ ഒക്കെ കാലത്ത്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ ജയിക്കുകാന്നു വച്ചാ വല്യ സംഭവാ. ക്ളാസ്സു കിട്ടിയതിനെന്തോരും സമ്മാനമാ എനിക്ക് കിട്ടീത്‌. ഉപ്പാപ്പന്‍ മാരൊക്കെ തലേന്നു തിരുവനന്തപുരത്തു പോയാ റിസല്‍റ്റ്‌ അറിഞ്ഞത്‌. നിനക്കൊക്കെ മുട്ടന്‍ ഡിസ്റ്റിങ്ങ്ഷന്‍ കിട്ടീട്ടും ഒരു വെലയുമില്ലാല്ലോ " എന്നു വെറും ആറേഴു വയസ്സിനു മൂപ്പുള്ള ആന്റി പറഞ്ഞപ്പോ, ഈ സെന്റി ഡയലോഗടിക്കാന്‍ തൈക്കെളവി ആകണംന്നൊന്നും ഇല്ലെന്നു മനസ്സിലായി.


" ഹോ.. നിങ്ങള്‍ക്കു കിട്ടിയ റാഗ്ഗിങ്ങു വല്ലോം റാഗ്ഗിങ്ങാണോ ? ഞങ്ങടെ സീനിയേഴ്സിണ്റ്റെ റാഗിങ്ങല്ലാരുന്നോ റാഗ്ഗിങ്ങ്‌ "?


" നിങ്ങടെ സിലബസു വല്ലോം സിലബസ്സാണോ പിള്ളാരേ? ഞങ്ങടെ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങിണ്റ്റെ ക്വസ്റ്റ്യന്‍ പേപ്പറിലെ ബാലന്‍സ്‌ ഷീറ്റ്‌, എം. കോം. കാര്‍ക്കു പോലും റ്റാലി ചെയ്യാന്‍ പടൂല്ലാരുന്നു. ഇപ്പോ സിലബസൊക്കെ സിമ്പിളാക്കിയതല്ലേ" ?


കോളേജില്‍ വെറും ഒന്നോ ഒന്നരയോ വര്‍ഷം സീനിയറായ ചേച്ചിമാരും ചേട്ടന്‍മാരും ലതൊക്കെ പറഞ്ഞപ്പോ , ഈ ജാതി ഡയലോഗടിക്കാന്‍ വെറും മുന്നൂറ്ററുപത്തഞ്ചു ദിവസത്തിണ്റ്റെ മൂപ്പു മതീന്നു മനസ്സിലായി.


ഈ അടുത്ത കാലത്താണ്‌, കുറെ നാളായി ഇല്ലാതിരുന്ന ബ്ളോഗ്‌ വായന പുനരാരംഭിച്ചത്‌. അപ്പോ ദാണ്ടേ, ബ്ളോഗൊക്കെ ആകെ മാറി പോയി. എല്ലാടത്തും ഓടി നടന്നു കൊറേ പോസ്റ്റൊക്കെ വായിച്ചു നോക്കി. പഷേ എന്തോ ഒരിത്‌... ആ 'ഇതു' - എന്നതാന്നെനിക്കിപ്പളുമങ്ങടു പിടി കിട്ടണില്ല. പഷേ എന്തോ ഒരു ഏതാണ്ടുനെസ്സ്‌.


ഞാന്‍ വായിച്ചോണ്ടിരുന്ന, ഞാനും പണ്ടു ഭാഗമായിരുന്ന ആ ബ്ളോഗല്ല ഇത്‌. നെറയെ മാറിപ്പോയി. അതുറപ്പ്‌. എല്ലാരും എല്ലാടത്തും സീരിയസ്‌ മാത്രം എഴുതുന്നു. ഇലക്ഷന്‍, മ അദനി, തരൂറ്‍, അങ്ങനെ ബ്ളോഗ്‌ കൊറേ അങ്ങു പൊളിറ്റിക്കലായി പോയ പോലെ.. കൊറെ സീരിയസ്‌ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന പോലെ. കമന്റില് പോലും എല്ലാരും വെര്‍തെ മസിലുപിടിച്ച്‌. കൊറേ പോസ്റ്റുകളൊക്കെ വായിച്ചിട്ടും.. ശ്യോ..ഇതല്ലല്ലൊ.. ഇതുമല്ലല്ലോ.. ഞാന്‍ തപ്പി വന്നതെന്നൊരു തോന്നല്‍.. ആകപ്പാടെ ടോട്ടലി മൊത്തം ഒരു സ്നേഹക്കുറവ്‌, സൌഹൃദക്കുരവ്‌, ഹിന്ദി അറിയാത്ത ഞാന്‍ ഹിന്ദി മാത്രം സംസാരിക്കുന്ന കൊറേ ആള്‍ക്കാരുടെ നടുക്കെത്തിപ്പെട്ട ഒരു പ്രതീതി.


പിന്നേം കൊറേ വായിച്ചപ്പോള്‍ മനസ്സിലായി, ബ്ളോഗിലിപ്പോ പഴയ പോലെ ഓര്‍മക്കുറിപ്പെഴുതുന്നതൊക്കെ വല്യ കുറച്ചിലാണാത്രേ..


പിന്നെ മനസ്സിലായി... കൊഴപ്പം എണ്റ്റെയാണ്‌.. എല്ലാര്‍ക്കും വല്യ വല്യ കാര്യങ്ങളൊക്കെ ചറ്‍ച്ച ചെയ്യാനുള്ള സ്ഥലമാണ്‌ ബ്ളോഗ്‌.. പഷേ, എനിക്കു പഴയ പോലെ നല്ല തമാശ കലര്‍ന്ന ഓര്‍മക്കുറിപ്പുകളുമൊക്കെ വായിക്കാനാ ഇഷ്ടം.. അവസാനം ഗതികെട്ടു നൊസ്റ്റാള്‍ജിയ മാറ്റാന്‍ ഞാന്‍ എണ്റ്റെ തന്നെ ഒരു

പഴയ പോസ്റ്റിലെ

കമണ്റ്റെടുത്തു വായിച്ചു... കണ്ണും മനസ്സും നെറഞ്ഞു... പോയ നല്ല കാലത്തെയോര്‍ത്ത്‌...


ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ?


************************************************************************************


വക്കാരിമഷ്‌ടാ പറയുന്നതെന്തെന്നാല്‍...
യപ്പീ... ദേവേട്ടാ.. ചുമ്മാതാണെങ്കിലും.. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നിരുന്നാല്‍ വെള്ളപ്പൊക്കം എന്ന കമലഹാസന്‍ ഗാനം നമ്മളെല്ലാവരും പാടുന്നു. എത്ര പേര്‍, രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ഇങ്ങിനെ അടുത്തടുത്ത് വന്ന് വന്ന്...വന്നുവന്ന്.... തൊട്ടു, തൊട്ടില്ല, തൊട്ടൂ തൊട്ടില്ല എന്ന ലംബോ സ്റ്റൈലില്‍ നിന്ന്, പിന്നെ കെട്ടിപ്പിടിച്ചുമ്മവെച്ച് വെള്ളമായി മാറിയത് കണ്ടിട്ടുണ്ട്?ചുമ്മാതാണേ.....


ഇങ്ങനെയൊക്കെ എഴുതിയ വക്കാരി പോലും ദാ, ഇപ്പൊ സി പി ഐ ..പൊന്നാനി എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു :(


ബിരിയാണിക്കുട്ടി പറയുന്നതെന്തെന്നാല്‍...
അന്ധവിശ്വാസമായാലും അല്ലെങ്കിലും ജാതകം എന്നുള്ള ഒരൊറ്റ കുരിശു കാരണമാണ് നിങളെയൊക്കെ എന്റെ നല്ല പ്രായത്തില്‍ കല്യാണം വിളിക്കാന്‍ എനിക്ക്‌ പറ്റാതിരുന്നത്‌. പിന്നെ ഈ ഇന്ത്യ മഹാരാജ്യത്തെ ഒട്ടു മിക്ക അമ്പലങ്ങളില്‍ എന്റെ അമ്മ നേര്‍ന്ന വഴിപാടുകള്‍ ഒന്നും ഫലിക്കാതെ വന്ന ഒരവസരത്തില്‍, നാഡീ ജ്യോതിഷം എന്ന അവസാന കൈ പരീക്ഷിക്കാന്‍ ഞാന്‍ പോയിരുന്നു. എന്റെ മാതാപിതാക്കലുടെ പേരും നാളും ഊരും അടക്കം ഒരു വിധത്തില്‍ പെട്ട ഭൂതകാലം മുഴുവന്‍ തെലുങ്കില്‍ തമിഴ്‌ ചേര്‍ത്ത് അയാള്‍ എനിക്ക് പറഞ്ഞു തന്നു. ഒരു തരം, ചൊദ്യൊത്തര പംക്തി ആയിരുന്നു അത്‌. ഇതിന്റെ വിശ്വസനീയത പണ്ട്‌ കൈരളി ടിവിയില്‍ വന്നിരുന്ന അശ്വമേധം എന്ന പരിപാടിയിലെ ഉത്തരം ഊഹിക്കുന്നതിനുള്ള പ്രോബബിളിറ്റി പോലെയെ ഉള്ളു എന്നാണ് തോന്നിയത്‌. എന്നാല്‍ എന്റെ കല്യാണം നടക്കായ്ക എന്നേക്കാള്‍ കൂടുതല്‍ എന്റെ മാതാപിതാക്കളെ ഒരുപാട് വിഷമിപ്പിക്കുന്നു എന്ന തിരിച്ചറിവ്‌ മൂലം അയാള്‍ പറഞ്ഞ പരിഹാരങ്ങള്‍ ‍ എല്ലാം ക്ര്‌ത്യമായി ചെയ്തു തീര്‍ന്നതിന്റെ അടുത്ത ശനിയാഴ്ച എന്റെ വിവാഹ നിശ്ചയം നടന്നു എന്നത് യാദ്ര്‌ശ്ചികമാവാം

ബിരിയാണിക്കുട്ടിയുടെ ബ്ലോഗിലും ആളനക്കമില്ല.


വിശാല മനസ്കന്‍ പറയുന്നതെന്തെന്നാല്‍...
ഭാഗ്യം!അപ്പോള്‍ അന്ധവിശ്വാസികളേ...വിശ്വാസത്തിന് മനശ്ശാസ്ത്രപരമായി വലിഅയ പ്രാധാന്യമുണ്ടെന്ന് എവിടെയോ വായിച്ചതിന് ശേഷം, കുറെ ‘ഞറങ്ങുപിറുങ്ങ് ‘ വിശ്വാസങ്ങള്‍ ഞാനും കൂടെ കൊണ്ടുനടക്കുന്നുണ്ട് (പക്ഷെ, നിങ്ങള്‍ടെ അത്രക്കില്ല.:)).കുഞ്ഞിലേ, എന്റെ ജാതകം ഞാന്‍ തന്നെ ‘തിന്നു തീര്‍ത്തു‘ എന്നാണ് അമ്മ പറഞ്ഞറിവ്. പിന്നെ കെട്ടാന്‍ കാലം ഏത് ജാതകുവും മാച്ചാക്കി ഉണ്ടാക്കുമായിരുന്നു.ആദ്യം കണ്ട പെണ്ണിനെ ഇഷ്ടപെടുകയും കെട്ടാന്‍ എന്റെ നെഞ്ച് തുടിച്ചതുമായിരുന്നു. പക്ഷെ, നാള്‍ വച്ച് നോക്കിയപ്പോള്‍ ജ്യോത്സ്യന്‍ പറഞ്ഞു, ഒരു നിലക്കും ചേരില്ല, ആ കുട്ടിയെ കെട്ടിയാല്‍, താമസിയാതെ ‘നീ കാലയവനികയ്ക്കുള്ളില്‍ മറയും’ എന്ന്. ആ കുട്ടിയുടെ വീട്ടുകാരാണെനില്‍ ചുട്ട ജാതകം വിശ്വാസികളും, പോരാത്തതിന് ചേരാത്ത ജാതകം ചേറ്ത്തി കല്യാണം കഴിച്ചതുകൊണ്ടാണ് ഈ കുട്ടിയുടെ അമ്മ മരിച്ചതെന്ന് വിശ്വസിക്കുന്നവരും.അവിടെ മാച്ചിങ്ങ് പോളിസി അപ്ലൈ ചെയ്യാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. നമ്മളായിട്ട് ഒരു പെണ്ണിനെ വിധവയാക്കാന്‍ പാടുണ്ടോ?പിന്നെ സോനയെ കെട്ടിയത്, മാച്ചിങ്ങ് ഉണ്ടാക്കി തന്നെ. പാവങ്ങളെ പറ്റിച്ചൂ!!
കൊടകര സുല്‍ത്താനും എഴുത്ത് നിറുത്തിയോ ?


ശ്രീജിത്ത്‌ കെ പറയുന്നതെന്തെന്നാല്‍...
അരങ്ങേറ്റ ടൂര്‍ണമെന്റിലും ആദ്യത്തെ പാക്കിസ്ഥാനുമായുള്ള കളിയിലും തിളങ്ങാന്‍ കഴിയാതെപോയ ശ്രീശാന്ത്, ഒരു ന്യൂമറോളജിസ്റ്റിന്റെ ഉപദേശം കേട്ട് ജര്‍സി നമ്പര്‍ മാറ്റിയതില്‍ പിന്നെ വിക്കറ്റുകളുടെ എണ്ണത്തിലും, ആരാധകരുടെ എണ്ണത്തിലും, അഭിനന്ദനങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് നേടി എന്നത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ ടീമിലുള്ള സ്ഥാനം ഉറച്ചതും ഈ മാറ്റത്തിന് ശേഷമാണ് എന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വിശ്വാസമില്ലാത്തവരെക്കൂടെ വിശ്വാസികളാക്കുന്നതരം വാര്‍ത്തകളല്ലേ ഇതൊക്കെ. ഇത് കണ്ണുമടച്ച് തള്ളിക്കളയാന്‍ ആര്‍ക്കൊക്കെ കഴിയും?വേറേ ഒരു കാര്യം. ചൊവ്വാദോഷം എന്നാല്‍ സ്ത്രീകള്‍ക്ക് വിധവാ യോഗമാണ്, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പിരിയുയേണ്ട യോഗമാണ്. വിധവായോഗമുള്ള ഒരു സ്ത്രീയെ, ജ്യോത്സ്യത്തില്‍ വിശ്വാസ്മുള്ളവര്‍ മാത്രമല്ല, ഇല്ലാത്തവരും വിവാഹം കഴിക്കാന്‍ ഒന്ന് മടിക്കും. അത് പോലെ ചൊവ്വാദോഷം വന്ന പുരുഷന്മാര്‍ക്ക്, വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭാര്യയുമായി പിരിയേണ്ടി വരും എന്നാണ് ജ്യോത്സ്യം പറയുന്നത്. അത് കൊണ്ട് ചൊവ്വാദോഷം ഉള്ള ഒരാള്‍ക്ക് ചൊവ്വദോഷം ഉള്ള ഒരു പങ്കാളി തന്നെ വേണം. രണ്ട് കൂട്ടര്‍ക്കും അതുണ്ടെങ്കില്‍ അത് ക്യാന്‍സല്‍ ആയിപ്പോകുമെന്ന് ജ്യോത്സ്യം പറയുന്നു.


ശ്രീജിത്തിന്റെ പ്രൊഫൈല് പോലുമില്ലെന്ന് ബ്ലോഗ്ഗര്‍ പറയുന്നു . ശ്രീജിത്ത്‌ വേറെ എവിടെയെങ്കിലും എഴുതുന്നുണ്ടോ ആവോ ?

ലേബലുകള്‍: ,

19 അഭിപ്രായങ്ങള്‍:

5/05/2009 02:16:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

അതേയ് കുട്ട്യേടത്തിയേ കൊടകര സുൽത്താൺ ഇപ്പോ ദുബായിലല്ലേ കണ്ടില്ലായിരുന്നോ?
ശ്രീജിത്ത് കല്യാണം കഴിച്ചപ്പോ profile ഡിലീറ്റിയതായിരിക്കും എന്നാലും പഴയ മണ്ടത്തരങ്ങൾ ഒക്കെ അവിടെത്തന്നെയുണ്ട്!
ഇത് വായിച്ച് തുടങ്ങിയപ്പോ ഗുരുകുലത്തിലെ ഈ പോസ്റ്റ് ആണ് ഓർമ വന്നത് :)

 
5/05/2009 02:27:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

jayaraajo, njaan oru post ittaal, next minute il ariyunna ee technique enthaannonnu paranju tharaamo ? seriously, ariyaan melaanjittaa.

blog le latest techniques onnum ariyoollla. pandathe pinmozhikal pole, ippo vallom undo for comment tracking..

latest trends okke onnu paranju tharO ?

philiyil paathira aayille ? moongayaano ?

 
5/05/2009 03:25:00 AM ല്‍, Blogger അരവിന്ദ് :: aravind പറഞ്ഞു...

നല്ല തമാശ ബ്ലോഗുകളുണ്ട്.

പൊങ്ങുമ്മൂടന്റെ ഓര്‍മ്മക്കുറിപ്പുകള്‍
അരുണിന്റെ കായം‌കുളം സൂപ്പര്‍ഫാസ്റ്റ്
ജി മനു (മൂപ്പര് ഇപ്പോ ഗോ സ്ലോ യാണെന്ന് തോന്നണു)
പിന്നെ ഏതോ ഒരാള്‍ ഇഞ്ചിനീയറിംഗ് കോളേജിലെ ആദ്യ വര്‍ഷം അവസാന വര്‍ഷം എഴുതിയിരുന്നു..

 
5/05/2009 08:28:00 AM ല്‍, Blogger ചന്ദ്രമൗലി പറഞ്ഞു...

കുട്ട്യേടത്തിയേ.....സുഖാണോ? ഞാന്‍ എന്റെ മഹത്തായ പ്രവാസം തുടങ്ങിയപ്പഴാ ഇങ്ങനെ ഒരു സംഭവം അറിഞ്ഞത് തന്നെ. നൊസ്റ്റാള്‍ജിയ കുറച്ച് കൂടുതല്‍ ആണെന്ന് സഹ ഫ്ലാറ്റന്‍ പറയുന്നു. വല്ലാണ്ട് നൊസ്റ്റ് മൂക്കുമ്പൊ കുട്ട്യേടത്തീടെ "ഓരോരോ മോഹങ്ങളെ" വായിച്ച് സമാധാനിക്കുന്ന ഒരു സാധാ നാട്ടുമ്പുറത്ത് കാരന്‍ . ഇവിടെ ബുക്ക്സ് കിട്ടാന്‍ പാടാ.. കയ്യിലുള്ളത് എത്രയാന്നു വച്ചാ വായിക്ക്യാ. അപ്പഴാ ഈ സൂത്രം ഒരു ദൈവദൂതന്‍ പറഞ്ഞ് തന്നത്.
----------------------------------------------------------------------

ഞാനും കുട്ട്യേടത്തി തിരയുന്ന അതേ ബ്ലോഗുകള്‍ തിരയുന്നു. എല്ലാരും ബുജി ആവാനുള്ള പരിപാടിയാ ന്നു തോന്നണു.

 
5/05/2009 05:31:00 PM ല്‍, Blogger Cibu C J (സിബു) പറഞ്ഞു...

കുറേകാലം പുറത്തുപോയി പിന്നെ തിരിച്ചുവരുമ്പോഴാണ്‌ പ്രശ്നം എന്നു തോന്നുന്നു. പണ്ടെഴുതുന്നവരല്ല ഇന്നെഴുതുന്നവർ. അതിങ്ങനെ മാറിക്കൊണ്ടിരിക്കും. അവരവരുടെ ടേസ്റ്റിനനുസരിച്ച് ഒരു വായനാലിസ്റ്റ് ഓരോരുത്തരും ഉണ്ടാക്കിയിരുന്നെങ്കിൽ ഇടക്ക് ഇങ്ങനെ തിരിച്ചു വരുന്നവർക്കും പ്രശ്നമുണ്ടാകുമായിരുന്നില്ല. മുമ്പുവായിച്ചിരുന്ന വായനാലിസ്റ്റിൽ ചെന്നുനോക്കിയാൽ മതി - എഴുതുന്നതിലും എളുപ്പമാണല്ലോ വായന.

 
5/06/2009 01:57:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

അതേയ് കുട്ട്യേടത്തീ, ഗൂഗിൾ റീഡറിൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന ഏത് ബ്ലോഗിലും പുതിയ പോസ്റ്റ് വന്നാൽ അറിയും (പുതിയത് മാത്രമല്ല, പഴയതും. ഒരിക്കൽ പോസ്റ്റിയാൽ പിന്നെ അത് ഡിലീറ്റിയിട്ടും കാര്യമില്ല; റീഡർ തപ്പിയെടുത്തുതരും :)). ഞാൻ വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന് പതിവ് പത്രവായനയൊക്കെ കഴിഞ്ഞ് (ഇന്ത്യയിൽ രാവിലെ ആയത് കൊണ്ട് വാർത്തകൾ ചൂടോടെ കിട്ടുകയും ചെയ്യും) ബ്ലോഗിലേക്കിറങ്ങും. ഉള്ള സമയം അനുസരിച്ച് പരമാവധി വായിക്കും. പറ്റിയാൽ കമന്റും. അത്രേയുള്ളൂ ... :)
ഈയാഴ്ച ഈവനിങ്ങ് ഷിഫ്റ്റ് (12 റ്റു 9 പി എം)ആയതിനാൽ ഉറക്കം 3 റ്റു 10 ആക്കി :)

 
5/06/2009 03:22:00 AM ല്‍, Blogger Viswaprabha പറഞ്ഞു...

Very sincerely, glad to see that you are back!

 
5/06/2009 04:46:00 AM ല്‍, Blogger അഗ്രജന്‍ പറഞ്ഞു...

അത് ശരി, ബ്ലോഗിനെ കുറിച്ചും നൊസ്റ്റാൾജാൻ തൊടങ്ങ്യോ :))

ബ്രേക്ക് വല്ലാത്തൊരു പ്രശ്നം തന്നെയാണ്... വായനയുടെ കാര്യത്തിലായാലും എഴുത്തിന്റെ കാര്യത്തിലായാലും... ഒരിക്കൽ ബ്രേക്കിട്ടാൽ പിന്നെ എത്ര മെനക്കെട്ടാലും ആ പഴയ പുള്ളിങ്ങങ്ങട്ട് കിട്ടില്ല... അതൊണ്ട് ആരും തന്നെ ബ്രേക്കിട്ട് പോകരുത്...

വീണ്ടും കണ്ടതിൽ സന്തോഷം...

:)

 
5/07/2009 04:02:00 AM ല്‍, Blogger ദേവന്‍ പറഞ്ഞു...

ഇതാര്‌ സെഞ്ച്വറിയന് ‍കുട്ട്യേടത്തിയോ?
അപ്പ ഇവിടങ്ങളില്‍ തന്നെ ഒക്കെ ഒണ്ട് അല്ലേ? കണ്ടതില്‍ സന്തോഷം.

പഴയ കാലമൊന്നുമല്ല, ഇപ്പോ എന്തൊക്കെ എഴുതാം എന്തൊക്കെ എഴുതാന്‍ പാടില്ല എന്നതിനു ഒരു വ്യവസ്ഥയൊക്കെ ഉണ്ട്. (അതില്‍ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ സൂരജിന്റെ ത്ഫൂലോഗം എന്ന പോസ്റ്റ് ഒന്നു വായിച്ചോ!).

രണ്ടുകൊല്ലമായോ എഴുത്തു നിര്‍ത്തീട്ട്? (പണ്ടൊക്കെ ഒരു കൊല്ലം എന്നു വച്ചാല്‍ എത്ര ദിവസമായിരുന്നു!)

 
5/10/2009 12:58:00 PM ല്‍, Blogger വികടശിരോമണി പറഞ്ഞു...

ആഹാ!കലക്കി.ഇതെന്തൊരൽഭുതം!ഈ പണ്ടത്തെ വലിപ്പങ്ങളെപ്പറ്റി ഞാനിന്നലെ പോസ്റ്റിയതേയുള്ളൂ.അവിടെ കതിരവൻ കമന്റി ലിങ്ക് തന്നിട്ടാ ഇവിടെയെത്തിയേ.എന്തായാലും ബ്ലോഗുലകാകെ ചീത്തയാവ്വാണ്;കൂട്ടുകാരേ.എന്തായാലും കുട്യേടത്തിക്ക് ഒഴിവുള്ളപ്പൊ ഇവിടെയൊന്നു വായിക്കൂ.

 
5/11/2009 06:19:00 AM ല്‍, Blogger monu പറഞ്ഞു...

True.. :)

I feel that the blog world has changed to a serious one...

When i started blogging there wasnt much mallu bloggers...and most of the blogs belogned to comedy/memory(diary)/cooking/tech.

now it has changed... blogging is very serious now :).

and i agree with Devans comments ..(quoted below)
"പഴയ കാലമൊന്നുമല്ല, ഇപ്പോ എന്തൊക്കെ എഴുതാം എന്തൊക്കെ എഴുതാന്‍ പാടില്ല എന്നതിനു ഒരു വ്യവസ്ഥയൊക്കെ ഉണ്ട്."

 
5/11/2009 06:35:00 AM ല്‍, Blogger Viswaprabha പറഞ്ഞു...

വൌ!
ഇതു നമ്മടെ പഴയ മോനുവല്ലേ? ശുദ്ധമലയാളത്തിൽ ആദ്യമായി ബ്ലോഗിൽ കമന്റിട്ട തുടക്കക്കാരൻ?!
ഇപ്പഴും ഈവഴിയൊക്കെ വരാറുണ്ടല്ലേ!
:)

 
5/11/2009 01:22:00 PM ല്‍, Blogger myexperimentsandme പറഞ്ഞു...

കുട്ട്യേടത്ത്യേയ് ...ഇവിടെയൊക്കത്ത് തന്നെയൊക്കെയുണ്ടായിരുന്നല്ലേ:) ഉമേഷ്‌ജിയുടെ പോസ്റ്റില്‍ക്കയറി നോക്കിയപ്പോഴാണ് കുട്ട്യേടത്തി നില്‍‌ക്കുന്നത് കണ്ടത്. ഒറ്റച്ചാട്ടം കൊടുത്തു.

പണ്ടത്തെ ബ്ലോഗല്ലായിരുന്നോ മക്കളേ ബ്ലോഗ്-കറകളഞ്ഞ കറക്ട്. ഓള്ഡ് ഇസ് ഓള്‍‌റെഡീ ഗോള്ഡ് എന്നാണ് ഉമേഷണിജി പറഞ്ഞിരിക്കുന്നത്. അവിടെ പോയി കാൽ‌വിരലിലെ ഒരു ഞരമ്പിൽ ഞെക്കി നോക്കി പാൻ‌ക്രിയാസിലെ ക്യാൻസർ കണ്ടുപിടിക്കാന്‍ കഴിവുണ്ടായിരുന്ന വൈദ്യന്മാരെപ്പറ്റിയുള്ള ഐതിഹ്യമാലയുടെ ലിങ്ക് തപ്പട്ടെ (ചുമ്മാ) :)

എഴുതുന്നവരുടെ ടേസ്റ്റ് തന്നെ മാറിപ്പോയാല്‍ വായനാലിസ്റ്റിയിട്ടും കാര്യമില്ല. പണ്ടൊക്കെ വിശ്വസാഹിത്യമെഴുതിയിരുന്ന (എന്റെ അന്ത്യന്താധുനികന്‍ ഉദാഗുണന്‍) ഞാന്‍”പോലും” ഇപ്പോള്‍ പൊന്നുനാനിയായില്ലേ (വേനലായാല്‍ വറ്റലുമുണ്ടാവുമല്ലോ. വറ്റല്‍ മുളകിനാണെങ്കില്‍ തീപിടിച്ച വിലയും. വേനലിലാണല്ലോ കാട്ടുതീ കൂടുതലുണ്ടാവുന്നത്).

 
5/11/2009 10:49:00 PM ല്‍, Blogger Kuttyedathi പറഞ്ഞു...

ജയരാജാ, ദുബായ് സുല്‍ത്താനെ കാണിച്ചു തന്നതിനു നന്ദി.

അരവിന്ദാ, മൊത്തം ചില്ലറ അനിശ്ചിത കാലത്തെയ്ക്കടച്ചിട്ടതാണോ ? അച്ചുതന്‍ വന്നഥില്‍ പിന്നെ തെരക്കായി കാണുമല്ലേ ?

ചന്ദ്രമൌലി, ‘ഓരോരോ മോഹങ്ങളേ’ ഞാന്‍ പ്രസവിച്ച സകല ബ്ലോ‍ാഗുകളീലും വച്ചെനിക്കേറ്റം പ്രിയങ്കരം തന്നെ. നൊസ്റ്റാള്‍ജിയായും, ഓര്‍മക്കുറിപ്പുമൊക്കെ മഹാപാതകമായിട്ടു കാണുന്ന പോലെ തോന്നണൂ ഇപ്പോഴത്തെ ബ്ലോഗൊസ്ഫിയറില്‍. എന്തായാലും, നമ്മള്‍ രണ്ടാളും തെരയുന്നതൊന്നു തന്നെ ആയതോണ്ട്, അങ്ങനെയുള്ള ബ്ലോഗുകളു വല്ലോം കണ്ടാല്‍ അറിയിച്ചോളൂ.

സിബൂ, അതന്നെ പ്രശ്നം. പഷേ വായനാലിസ്റ്റുകള്‍ പ്രശ്നം പരിഹരിക്കുമോന്നറിയൂല്ല. കാരണാ വക്കാരി പറഞ്ഞ പോലെ അവരും ട്രാക്ക് മാറി.

വിശ്വപ്രഭ :)

അഗ്രജാ, അതെ, പിന്നൊരിക്കലും പഴയ ഗുമ്മു കിട്ടില്ല. എഴുത്തില്‍ പ്രത്യേകിച്ചും.

ദേവന്‍, സെഞ്ചൂറിയന്‍ എന്നൊക്കെ വിളിച്ചപമാനിക്കല്ലേ. പണ്ടത്തെ ഡബിള്‍ സെഞ്ചുറി കഥയൊക്കെ അറിയാത്ത ബ്ലോഗര്‍മാര്‍, എനിക്കു നൂറു വയസ്സുണ്ടെന്നു തെറ്റിദ്ധരിച്ചു കളയും :)ലിങ്കിടാതെ സൂരജെന്നൊക്കെ പറഞാല്‍ ഞാനെവിടെ പോയി കണ്ടുപിടിക്കാനാ. ?

വികടശിരോമണി, വായിച്ചു. നൊസ്റ്റാള്‍ജിയ പറഞ്ഞു നെഞ്ചത്തടിച്ചു നെലവളിക്കുന്നതു ഞാന്‍ നിറുത്തി :)

മോനു.. വായിച്ചതില്‍ സന്തോഷം.

വക്കാരിയേ, ഹാവൂ, പോസ്റ്റിന്റെ സ്റ്റയിലു മാരിയെങ്കിലും കമന്റിലെങ്കിലും പഴയ വക്കാരിയാണല്ലോ. പെരുത്തു തന്തോയം. വീട്ടിലുള്ള ആരെയോ കൊറെക്കാലം കൂടി കണ്ട സന്തോഷം. ഇവിടൊക്കെ തന്നെ കാണുമല്ലോ ല്ലേ ?

 
5/13/2009 01:01:00 PM ല്‍, Blogger നിരക്ഷരൻ പറഞ്ഞു...

അനുഭവക്കുറിപ്പ് എഴുതുന്നത് മോശം ഏര്‍പ്പാടാണെന്ന രീതിയില്‍ പലയിടത്തും കണ്ടു. പക്ഷെ അതിനോട് യോജിക്കാനാവുന്നില്ല. പ്രശസ്തരായവര്‍ എഴുതുന്നതുപോലെ അപ്രശസ്തരായവര്‍ക്കും എഴുതിക്കൂടെ അനുഭവക്കുറിപ്പുകള്‍, അതിന് വായനക്കാര്‍ ഉണ്ടെങ്കില്‍.

പരിചയമില്ലാത്ത ഒരുപാട് ബ്ലോഗുകളെ ഇവിടന്ന് പരിചയപ്പെടാനായി. നന്ദി:)

 
5/15/2009 10:04:00 AM ല്‍, Blogger അനില്‍ശ്രീ... പറഞ്ഞു...

കുട്ട്യേടത്തിയേയ്..

എനിക്കായി ഞാന്‍ ഒരു വായനാലിസ്റ്റ് ഉണ്ടാക്കിയിരുന്നു. അതിന്റെ ഒരു ലിങ്ക് തരാം. അതിലെ ബ്ലോഗുകള്‍ വായിച്ചു നോക്കൂ.. ഇതാ ലിങ്ക്. വായനാ ലിസ്റ്റ് പിന്നെ ജയരാജനോട് ചോദിച്ച ചോദ്യത്തിന് ചെറിയ ഒരുത്തരം. ഇനി തരുന്ന ലിങ്ക് ഇടക്ക് ഒന്നു റിഫ്രെഷ് ചെയ്താല്‍ മതി. പുതിയ ബ്ലോഗ് പോസ്റ്റുകള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ആകും. ബ്ലോഗ് അപ്ഡേറ്റ്

 
5/18/2009 04:06:00 PM ല്‍, Blogger ദിലീപ് വിശ്വനാഥ് പറഞ്ഞു...

പ്രശ്നമാവുമോ? ജൂണ്‍ മുതല്‍ വീണ്ടും എഴുതിത്തുടങ്ങിയാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു.

 
5/27/2009 01:52:00 PM ല്‍, Blogger അരുണ്‍ കരിമുട്ടം പറഞ്ഞു...

ഇന്നാ ചേച്ചിയുടെ ഈ വിഷമം കണ്ടത്.ഞങ്ങളും പങ്ക് ചേരുന്നു.പഴയകാല പോസ്റ്റുകളുടെ രസം ഇപ്പോള്‍ കുറവാണ്.നിങ്ങളുടെയൊക്കെ ബ്ലോഗുകളില്‍ ഞങ്ങള്‍ എത്ര പ്രാവശ്യം കയറിയിരിക്കുന്നു.ഇന്ന് ഞാനൊക്കെ ആള്‍ക്കാരെ വിളിച്ച് കയറ്റുക.
കഷ്ടം!!
നല്ല വല്ല ബ്ലോഗും കണ്ടാല്‍ അറിയിക്കണേ..

 
6/01/2009 09:20:00 AM ല്‍, Blogger sHihab mOgraL പറഞ്ഞു...

ഒരു നല്ല ബ്ലോഗെഴുത്തുകാരനൊന്നുമല്ലെങ്കിലും ബ്ലോഗിനെ പരിചയപ്പെട്ടതു മുതല്‍ വായിക്കാറുണ്ട്.. കുട്ട്യേടത്തി പറഞ്ഞത് അക്ഷരം‌പ്രതി ശരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.. ഇന്ന് വായിക്കുമ്പോള്‍ പഴയ വായനയുടെ എന്തോ ഒരു ഇതില്ല.. ഏത്.. ?

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം