വ്യാഴാഴ്‌ച, ജനുവരി 05, 2006

ബന്ധുബലം

ഈ അടുത്ത ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ കേട്ടത്‌....

രംഗം 1 : സ്വീകരണമുറി.

ഞാന്‍ ജോലി കഴിഞ്ഞ്‌ വന്നെന്റെ പതിവ്‌ കലാപരിപാടികളായ പാത്രം കഴുകല്‍, അത്താഴം തയാറാക്കല്‍, അടുക്കള വൃത്തിയാക്കല്‍ തുടങ്ങിയവ ഒരുവിധം ഒതുക്കി, ഒരു വയസ്സുകാരി വീടാകെ നിരത്തി ഇട്ടിരിക്കണ കളിപ്പാട്ടങ്ങള്‍ പെറുക്കിയൊതുക്കുന്ന തിരക്കില്‍..

"അമ്മേടെ മുത്തിനെ ക്കൊണ്ടമ്മ തോറ്റല്ലൊ... സാരല്ലാട്ടൊ..ഇന്നമ്മയിതൊക്കെ അടുക്കിയില്ലെങ്കില്‍ പിന്നെ നാളെ എന്താമ്മേടെ മുത്തിന്‌ നെരത്താനുള്ളത്‌ ?" എന്നൊക്കെ സീമന്തപുത്രിയോടോരൊന്നൊക്കെ പറയണുണ്ട്‌ ഞാന്‍.

" എടോ, താനാ അതുല്യേച്ചിയെ കണ്ടു പടിക്കെടോ.. അതുല്യേച്ചി അപ്പൂനെ വഴക്കൊന്നും പറയത്തില്ല, toys നെരത്തണതിനൊന്നും. താനല്ലേ പറയാറ്‌, നമ്മുടെ വീടു പോലെ mess ആയിട്ടീലോകത്തൊരു വീടുമുണ്ടാവില്ലാന്ന്. എടോ, അതുല്യേച്ചി ഒക്കെ living room ലെ സോഫായിലിരുന്ന് കഴിക്കുമെടോ. "

ഫിലിയിലെ വീട്ടിലേക്ക്‌ വലതുകാല്‍ വച്ച്‌ കയറുംബോ എന്റെ വക do's and dont's ല്‍ 'യാതൊരു കാരണവശാലും ഞാനടക്കമാരും living room ലേക്ക്‌ കയ്യില്‍ പ്ലേേറ്റുമായിട്ട്‌ വരാന്‍ പാടില്ല.' എന്ന് പ്രഖ്യാപിച്ചതിന്റെ പ്രതിഷേധം അറിയിക്കുകയാണതിയാന്‍ !!

" ഏടോ, താനൊരു പിന്തിരിപ്പന്‍ മൂരാച്ചിയാണെടോ, തനിക്ക്‌ പരാതിയല്ലേ, മൂവി എടുക്കണത്‌ കൊണ്ട്‌ തന്റെ പണികളൊന്നും നടക്കണില്ലാന്ന്. ആ രേഷ്മ പറഞ്ഞിരിക്കണ കണ്ടോ. എല്ലാരുമങ്ങനെയൊക്കെയാണെടോ.. "

അല്ലാ... ഇപ്പോ ആരാ ഈ അതുല്യേച്ചി ? പറയണ കേട്ടാല്‍ തോന്നും, അമ്മാവന്റെ മകളാണെന്ന്..ആരാപ്പൊ ഈ അപ്പൂ ? അനന്തിരവനാ ??ആരാപ്പോ ഈ രേഷ്മാ ? ചിറ്റയാ ??

രംഗം 2 : തീന്മേശ

"എടോ, നമ്മള്‌ നാട്ടീന്നു കൊണ്ടന്നതൊക്കെ വായിച്ചു തീര്‍ന്നല്ലോ. കുറച്ചു പുസ്തകങ്ങള്‌ നാട്ടീന്നെത്തിക്കാനെന്താടോ ഒരു വഴി ? "

" ഉം.. ഞാനുമോര്‍ത്താരുന്നു.. നമ്മുടെ ഡി സി ബുക്സിന്റെ membership ലെ പുസ്തകങ്ങല്‍ 2005 ലേം, 2006 ലേം മേടിചിട്ടില്ലല്ലോ. ഓണ്‍ലൈന്‍ മേടിക്കാന്‍ ശ്രമിച്ചോ " ?

"ഓ.. അതൊക്കെ തീ വില കൊടുക്കണമെടോ. നമ്മുടെ പെരിങ്ങോടര്‌ 3 പുസ്തകം മേടിച്ചിട്ട്‌ 35 ദിര്‍ഹമേ ആയുള്ളൂത്രേ. 'ഓര പ്രോനോബിസും', 'ചോര ശാസ്ത്ര'വും 'ആല്‍ഫ'യും മേടിച്ചു"

" 35 ദിര്‍ഹമെന്നു പറയുമ്പോ ഏകദേശം 10 ഡോളറല്ലേ ? കിടിലം ഡീലായിപോയല്ലോ !! മൂന്നും നമ്മളു വായിച്ച സംഭവങ്ങളാണല്ലോ. ഇഷ്ടപ്പെട്ടോ ആവോ പെരിങ്ങോടര്‍ക്ക്‌"

" പിന്നേ... ചോരശാസ്ത്രം ഇഷ്ടായി. ആല്‍ഫ ഒരുവിധമൊക്കെ... പക്ഷേ ഓര പ്രൊനോബിസിനേക്കാള്‍ നല്ലത്‌ 'ലന്തന്‍ ബത്തേരി'യാണെന്നാ പറഞ്ഞേ "

" ആണോ ? അടിപ്പൊളി !!! ഞാനും പെരിങ്ങോടരുടെ ഭാഗത്താ.. അയ്യേ... അപ്പോ കോപ്പിയടിയാണെന്നൊക്കെ പറഞ്ഞ്‌ ബഹളം വച്ചിട്ടിപ്പോ പെരിങ്ങോടരുടെ മുന്നില്‍ ചമ്മി നാറിയല്ലേ ??? "

" താന്‍ പോടോ കുന്തമേ... ചമ്മാനെന്തിരിക്കണൂ ? ഒരോരോ സംവാദങ്ങള്‍ ... അത്രേ ഉള്ളൂ..."

" ഉവ്വുവ്വേ...."
അല്ല...ഇതിപ്പോ ആരാ ഈ പെരിങ്ങോടര്‌ ? ചിറ്റപ്പന്റെ മകനാരിക്കുമോ ?

രംഗം 3 : ഷോപ്പിങ്ങിന്‍ പോകുന്ന വഴി കാറില്‍

" ഇനി വിളിക്കുംബോ നമ്മുടെ ഡാഡിയോടാ ചന്ദ്രേട്ടന്റെ ബ്ലോഗുകളെ പറ്റി പറയാന്‍ മറക്കല്ലേ. അതൊക്കെ വായിച്ചിട്ടെങ്കിലും ഡാഡിക്കീ കമ്പ്യൂട്ടറിനോടുള്ള അലര്‍ജിയൊന്ന് മാറിക്കിട്ടുമോന്നറിയാമല്ലോ... പ്രായമായവര്‍ക്കു കമ്പ്യൂട്ടറൊന്നും പറഞ്ഞിട്ടില്ല.., വഴങ്ങത്തില്ല.. എന്നൊക്കെയുള്ള ഡാഡിടെ തോന്നലൊക്കെ മാറുമോന്നറിയാമല്ലോ. "

" എനിക്കിപ്പോളും ചന്ദ്രേട്ടനൊരല്‍ഭുതമാണുട്ടോ !!! ചുമ്മാ ബ്ലോഗെഴുതുക മാത്രമല്ല, GB, MB, Download, upload സകല സംഭവങ്ങളുമറിയാം !!. കൂട്ടത്തില്‍ wikipedia പോലുമുണ്ട്‌.!!! "

ആരാണാവോ ഈ ചന്ദ്രേട്ടന്‍ ? ബന്ധുവാ ???

രംഗം 4 :

"ഞാന്‍ ത്രിശൂര്‌ പടിച്ചോണ്ടിരുന്നപ്പോ ഐക്കഫിന്റെ ക്യാമ്പിനൊക്കെ പോകുമ്പോ കൊറേ 'കൊടകര'ക്കാരുണ്ടാരുന്നൂ. പരിചയപ്പെടുന്ന സമയത്തവരോടൊക്കെ വീടെവിടേന്ന് ചോദിച്ചാല്‍ 'umbrella land' എന്നു പറയുമാരുന്നു. അടിപൊളി ഹ്യൂമര്‍ സെന്‍സാണീ ത്രിശൂര്‍കാര്‍ക്ക്‌. വിശാലന്റേം കൊടകരേടെമൊക്കെ വായിച്ചാഫ്ഫീസിലിരുന്ന് ചിരിച്ചു വട്ടാവും. ഈ വക്കാരി ഏതു നാട്ടുകാരനാണാവൊ ? അതിന്റെ കമന്റ്‌ പോലും വായിക്കാന്‍ പേടിയാ...ചിരിച്ച്‌ മുള്ളി പോകും !!!"

"നമ്മളൊക്കെ ഭാഗ്യം കെട്ടവരാണെടോ.. കൊച്ചിക്ക് വടക്കോട്ടെവിടേലും ജനിക്കണമാരുന്നു.. എല്ലാം ജീനിയസുകളാണ്‌. നമ്മുടെയൊക്കെ വീടുകളിലാരെങ്കിലും പുസ്തകം വല്ലോം കണ്ടിട്ടുണ്ടോ ? വായനയുണ്ടോ ?? അവരൊക്കെ മലയാളത്തിലെ സകലതും വായിച്ചു തീര്‍ന്നവരാ.. അവരുടെയൊക്കെ മുന്നില്‌ നമ്മളു വെറും 'കുണ്ടുകുളത്തിലെ തവള '."

" അപ്പറഞ്ഞതിനോടെനിക്കത്ര യോജിപ്പില്ല കേട്ടോ... ദേവനൊരൊന്നന്നര ആളല്ലേ ? തെക്കൂന്നാണല്ലോ .. ഉമേഷ്‌ ചേട്ടനൊരു രണ്ടുരണ്ടര ആളല്ലെ ? വടക്കനായിട്ടാണോ ??? എന്റമ്മോ.. എന്താ ഒരു നാളെജ്‌ ? സംസ്കൃതമൊക്കെ അടിച്ച്‌ വിടണ കേട്ടാല്‌ നമ്മള്‌ വായ പൊളിച്ചിരുന്നു പോകും.."

ചര്‍ച്ചകളിങ്ങനെ നീണ്ടു പോവുകയാണ്‌...

" ഈ കണ്ണൂരൊക്കെ ഇത്രേം സ്പീഡുള്ള ഇന്റര്‍നെറ്റ്‌ കണക്ഷനൊക്കെ ഉണ്ടല്ലേ ? അല്ലെങ്കില്‍ പിന്നെ സൂ എങ്ങിനാ ? നമ്മുടെ നാടും പുരോഗമിക്കുവാല്ലേ... അതി വേഗം.. ബഹുദൂരം !!! "

" ഈ വക്കാരി ഒന്നാന്തരം തീറ്റിപണ്ടാരമാണൂട്ടോ... ഓ..സദ്യ വിവരണം വായിച്ചു വായിലു കപ്പലോടി...പാവം, ജപ്പാനിലങ്ങനെ ഇന്ത്യന്‍ കടകളൊന്നും ഇല്ലാന്ന്‌ തോന്നണൂ "

" നമ്മുടെ ആനിവേര്‍സറി അല്ല്യോ മാഷേ അടുത്തയാഴ്ച ?? ഞാന്‍ മറന്നേ പോയി കേട്ടോ... സിബൂന്റെ ആനിവേഴ്സറീടെ കാര്യം വായിച്ചപ്പ്പ്പളാ ഓര്‍ത്തത്‌... ..." ?

ഇവിടെ ഫിലാഡെല്‍ഫിയയിലെ വീട്ടില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. പക്ഷേ ജീവിതമിപ്പോ ഒരാഘോഷമാണു കേട്ടോ. പങ്കുവയ്ക്കലുകളുടെ, നര്‍മ്മഭാവനകളുടെ, ദുഖകഥകളുടെ, ഒരാഘോഷം. എന്നും കൊച്ചുവര്‍ത്തമാനങ്ങളുമായി ധാരാളം ബന്ധുക്കള്‍.
നാട്ടില്‍ അമ്മയെ വിളിച്ചപ്പോ ആകെ വിഷമം :
"നിങ്ങളവിടെ ഒറ്റയ്ക്കല്ലേയുള്ളു. കുഞ്ഞുമോടെ ബര്‍ത്ത്‌ഡേ ആഘോഷിക്കാന്‍ പോലും ആരുമില്ലല്ലോ കൂട്ടിന്‌"

ഫോണിന്റെ ഇങ്ങത്തലയ്ക്കല്‍ നിന്ന് എന്റെ നല്ല പാതി പറയുന്നതു കേട്ടു.

"ആരു പറഞ്ഞമ്മേ ഞങ്ങളൊറ്റയ്ക്കാണെന്ന്. നാട്ടിലുള്ളതിനേക്കാള്‍ ബന്ധുക്കള്‍ ഞങ്ങള്‍ക്കിവിടെയുണ്ട്‌. എന്നും വര്‍ത്തമാനം പറഞ്ഞ്‌ ചിരിച്ച്‌ കളിച്ച്‌ ഞങ്ങളിവിടെ സസുഖം വാഴുന്നു. സംശയമുണ്ടെങ്കി ഞങ്ങടെ ബ്ലോഗുകള്‍ ഒന്നെടുത്തുനോക്കൂ അമ്മേ..."