ബുധനാഴ്‌ച, ജൂലൈ 14, 2010

നന്ദി ഞാനെങ്ങനെ ചൊല്ലേണ്ടൂ..

അമ്മയെന്നു കേൾക്കുമ്പോൾ മനസ്സിലേയ്ക്കു വരുന്ന ഒരേയൊരു മുഖം ഈ അമ്മയുടേതാണ്‌ (വല്യമ്മച്ചി - അപ്പന്റെ അമ്മ ).

പോകാന്‍ മറ്റൊരിടമില്ലാതെ വന്നു കൂടിയ ഞങ്ങൾ മൂന്നിനെയും തള്ളക്കോഴി ചിറകിന്റെ അടിയിൽ കാക്കുന്നതു പോലെ കാത്തു പരിപാലിച്ച അമ്മ.

ചോറിന്റെ മുൻപിൽ വന്നിരിക്കുമ്പോഴും കുത്തു വാക്കുകൾ കൊണ്ടു വേദനിപ്പിച്ചിരുന്നവരെ കൊത്തിയോടിച്ചിരുന്ന തള്ളക്കോഴി.

ബാല്യത്തിന്റെ ഒരു ഘട്ടത്തിൽ കണ്ണുനീരിന്റെ ഉപ്പു ചേരാത്ത ചോറുണ്ടിട്ടുള്ളത്‌, ഈ അമ്മ വിളമ്പി തന്നിരുന്ന ദിവസങ്ങളിൽ മാത്രം.

ചെണ്ടൻ കപ്പ പുഴുങ്ങി, പച്ച മുളകു പൊട്ടിച്ചാലും, അതിന്റെ ഒരോഹരി ഞങ്ങൾക്കു മൂന്നിനും വേണ്ടി മാറ്റി വച്ചിരുന്ന അമ്മ.

സ്നേഹത്തിന്റെ നിറകുടമായിരുന്ന അമ്മ. പക്ഷേ വളരെ കർക്കശക്കാരിയുമായിരുന്നു.

ജീവിക്കാൻ പഠിപ്പിച്ചത്‌ ഈ അമ്മയാണ്‌.

ഒരു കുടുംബിനിയെന്ന നിലയിൽ, ഒരു വീട്ടമ്മയെന്ന നിലയിലെനിക്കെന്തെങ്കിലും ചെയ്യാനറിയുമെങ്കിൽ, അതെല്ലാം ഈ അമ്മ ചെയ്യുന്നതു, കണ്ടു പഠിച്ചതു മാത്രം. അമ്മ വച്ചിട്ടില്ലാത്ത ഒരു കൂട്ടാനും ഇന്നും മെനയായിട്ട്‌ വയ്ക്കാനെനിക്കറിയില്ല. (ലാപ്റ്റോപ്പിൽ റെസിപ്പി തുറന്നു വയ്ക്കാതെ ). അമ്മ വച്ചു കണ്ടിട്ടുള്ള കൂട്ടാനുകളും പലഹാരങ്ങളും, കണ്ണു കെട്ടിയാണെങ്കിലും ഉണ്ടാക്കാനറിയാം താനും.

വൃത്തിയുടേ ആദ്യ പാഠങ്ങൾ പഠിപ്പിച്ചതും ഈ അമ്മ തന്നെ. അമ്മയെ പോലെ വൃത്തിയും വെടിപ്പുമുള്ള ഒരു സ്ത്രീയെ ജീവിതത്തിലിന്നു വരെ വേറെ കണ്ടിട്ടില്ല. അരികും മൂലയും ചേർത്ത്‌, വെടിപ്പായിട്ട്‌ മുറ്റമടിക്കാൻ പഠിപ്പിച്ചതും ഈ അമ്മ . പുല്ലു പറിച്ചും , കല്ലെടുത്തു മാറ്റിയും അടിച്ചില്ലെന്നു ശകാരിച്ച്‌, വീണ്ടും വീണ്ടും അതേ മുറ്റം അടിപ്പിച്ചപ്പോൾ അന്നത്തെ പെറ്റിക്കോട്ടിട്ട പത്തു വയസ്സുകാരി കരഞ്ഞിട്ടുണ്ട്‌.

അടുപ്പിൽവച്ചെടുത്ത കലങ്ങൾ, ചാരമിട്ടു തേച്ചു കഴുകിച്ച്‌, പുത്തൻ കലം പോലെ ആകുന്നതു വരെ പിന്നെയും പിന്നെയും കഴുകിച്ച്‌, എന്നെ വൃത്തിയുടെ ആദ്യ പാഠങ്ങൾ പഠിപ്പിച്ചതിന്‌ , എത്ര നന്ദി പറഞ്ഞാലാണമ്മേ മതിയാവുക ?.

രാവിലെ കുത്തിപ്പൊക്കി ഉണർത്തി വർഷത്തിൽ മുന്നൂറ്ററുപത്തഞ്ചു ദിവസവും പള്ളിയിൽ വിട്ട്‌, എന്റെ മനസ്സിൽ ദൈവ വിചാരം ഉണ്ടാക്കിയതും ഈ അമ്മ.

വൈകിട്ട്‌, സന്ധ്യമണി അടിക്കുമ്പോൾ തന്നെ, അൻപത്തിമൂന്നുമണി ജപവും കരുണക്കൊന്തയുമെല്ലാം മുട്ടു കുത്തി നിന്നു ചൊല്ലാൻ പഠിപ്പിച്ചതും ഈ അമ്മ.

പറമ്പിലെ ഉണങ്ങിയ ഓലമടൽ (ചൂട്ട്‌) വെട്ടി നല്ല വൃത്തിയായി കെട്ടുകളാക്കി ശേഖരിച്ചു വയ്ക്കാനും, അടുപ്പിൽ തീ പിടിപ്പിയ്ക്കാൻ ബുദ്ധിമുട്ടുള്ള മഴക്കാലത്തത്‌ അതുപയോഗിക്കാനും പഠിപ്പിച്ചത്‌ വഴി ഇല്ലായ്മയുടെ ദിവസങ്ങളിലേയ്ക്ക്‌ കരുതി വയ്ക്കാൻ പഠിപ്പിച്ചതും ഈ അമ്മ.

ആദ്യം അടി , പിന്നെ പ്യാച്ച്‌... ബെല്ലാരി രാജ യെ പോലെ അതായിരുന്നു അമ്മയുടെയും നയം. അടി വീണിട്ടേ കാര്യം എന്തെന്നു പറയുള്ളൂ. “പെൺപിള്ളാരു കാലുമ്മേക്കാലും കേറ്റിയാണോടി ഇരിക്കണത്‌ ” ?, അല്ലെങ്കിൽ “പാണ്ടിയേൽ (ഉമ്മറപ്പടിയിൽ, വാതിലിന്റെ പടിയിൽ,) നില്ക്കരുതെന്നു പറഞ്ഞിട്ടില്ലേടി ?” , അപ്പന്റെയൊപ്പത്തിനൊപ്പം കേറി ഇരുന്നാണോടി വർത്താനം പറയണത്‌ ?, പെൺപിള്ളാരു മുന്നിൽ തുണി ഇട്ടിരിക്കെടി.., പാവാടയുമിട്ടു വിശാലമായിട്ടിരുന്നോളും“ ഇങ്ങനെ എന്തെങ്കിലുമൊക്കെ ആയിരിക്കും ആ അടിയുടെ കാരണങ്ങൾ. അമ്മയ്ക്കടിക്കാൻ സൗകര്യത്തിനെന്നോണം മുറ്റത്തോടു ചേർന്നു തന്നെ പുളിമരമൊരെണ്ണം നിന്നിരുന്നു. ഓടിട്ട ചാർത്തിന്റെ ഓരോ കഴുക്കോലിനിടയിലും, അമ്മ താഴെ നിന്നൊന്നു കൈ പൊക്കിയാൽ വലിക്കാൻ പാകത്തിൽ പുളിവാറൽ എപ്പോഴും സ്റ്റോക്കുണ്ടായിരുന്നു. ആ പുളി മരമൊന്നു കരിഞ്ഞു പോണേ എന്നു പ്രാർത്ഥിച്ചു ഞങ്ങൾ കുട്ടികൾ അതിന്റെ ചുവട്ടിൽ മത്സരിച്ചു മൂത്രമൊഴിച്ചിരുന്നു.

കണ്ടം കൊയ്യാനോ, ഞാറു നടാനോ, കള പറിക്കാനോ എന്തിനുമാകട്ടെ, അമ്മ പണിക്കാരോടൊപ്പം മുന്നിലുണ്ടാകും. അമ്മ പാടത്തും പറമ്പിലും പണിയാൻ പോകുമ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കാൻ, പാടത്തും പറമ്പിലുമുള്ള പണിക്കാർക്ക് മൂന്നു നേരവും ഭക്ഷണം തയാറാക്കാനുമൊക്കെ, അമ്മ പെൺമക്കളെയും ഞങ്ങൾ കൊച്ചു മക്കളെ വരെയും പഠിപ്പിച്ചിരുന്നു.

അവധി ദിവസങ്ങളില്‍ രാവിലെ ഉണര്‍ന്നാല്‍, വൈകിട്ടു വരെ പണിയിക്കുമായിരുന്നു അമ്മ. മുറ്റത്തെ പുല്ലു പറിയ്ക്കല്‍, പറമ്പും പരിസരവും അടിച്ചു വാരി കരിയിലകള്‍ കൂട്ടിയിട്ട് കത്തിയ്ക്കല്‍, പശുവിനെ കുളിപ്പിക്കല്‍, പന്നിക്കൂട്‌ കഴുകല്‍, പശ്ശുവിന്‌ പുല്ലരിയല്‍, തൊഴുത്തിലെ ചാണകം വടിയ്ക്കല്‍, നെല്ലു പുഴുങ്ങല്‍, പറമ്പായ പറമ്പിലെ കൊതുമ്പും കോഞാട്ടയും, മടക്കലയും, പെറുക്കി വെട്ടി ഉണങ്ങി വെറകു പുരയില്‍ വയ്ക്കല്‍, എന്നു വേണ്ട ഞങ്ങള്‍ നോക്കുമ്പോള്‍ കാണാത്ത എന്തെല്ലാം പണികളാണ്‌ അമ്മ ഓരോ ദിവസവും കണ്ടുപിടിച്ചു കൊണ്ടുവരിക.. അന്നൊക്കെ പിറുപിറുത്തിരുന്നെങ്കിലും, ഇന്നിപ്പോ രാവിലെ അഞ്ചു മണി മുതല്‍, രാത്രി പന്ത്രണ്ടു മണി വരെയും പണിഞ്ഞാലും യാതോരു മടുപ്പുമില്ലാതെ നടക്കാന്‍ പറ്റുന്നത് , അമ്മ നല്‍കിയ ആ പരിശീലനത്തിന്റെ കരുത്തൊന്നു കൊണ്ടു മാത്രം. ഒരു കൈ സഹായത്തിനാരുമില്ലാതിരുന്നിട്ടും (ഭര്‍ത്താവല്ലാതെ ) , രണ്ടു കുട്ട്യോളെ പുട്ടു പോലെ പ്രസവിക്കാനും, പിറ്റേന്നു മുതല്‍ പയറു പോലെ എഴുന്നേറ്റ് നടന്ന്‌, എല്ലാ കാര്യങ്ങളും ചെയ്യാനുമൊക്കെ കഴിവും കാര്യപ്രാപ്തിയുമുള്ള ഒത്തൊരു ഉരുപ്പടി ആയി എന്നെ മാറ്റിയെടുത്തതിന്‌, എങ്ങനെയാണമ്മേ ഞാന്‍ നന്ദി പറയേണ്ടത്‌ ?

കർത്താവ്‌ അഞ്ചപ്പം കൊണ്ട്‌ അയ്യായിരം പേരെ കഴിപ്പിച്ചതു പോലെ,ഞായറഴ്ചകളിൽ മേടിക്കുന്ന ഒരു കിലോ ഇറച്ചി കൊണ്ട്, പന്ത്രണ്ടു മക്കളും, അവരുടെ കെട്ട്യോളുമാരും, കുട്ട്യോളും, പിന്നെ പാടത്തെ പണിക്കാരുമടങ്ങിയ വലിയ കുടുമ്പത്തിനു വിളമ്പിയിരുന്ന ആ ജാല വിദ്യ മാത്രം എനിക്കു പഠിപ്പിച്ചു തന്നില്ലല്ലോ അമ്മേ .

ഒരൊന്നന്നര സുന്ദരി ആയിരുന്നു അമ്മ. കുണുക്കൊക്കെ ഇട്ട്‌ ആ സുന്ദരി ചിരിയും ചിരിച്ചു നിന്നാൽ , ആഹാ എന്താരുന്നു ഗാംഭീര്യം. തൊണ്ണൂറ്റഞ്ച്‌ വയസ്സിലും നെറയെ തമാശ പറഞ്ഞു ചിരിക്കുമായിരുന്നു.. കഴിഞ്ഞ ഫെബ്രുവരിയിൽ പോയപ്പോഴും, എത്ര നേരം എന്തൊക്കെ പറഞ്ഞു ഞങ്ങൾ കുടുകുടെ ചിരിച്ചു..

പോരാൻ നേരം “ഇനി വരുമ്പോ അമ്മ ഉണ്ടാവൂല്ലല്ലോ ” എന്നു പറഞ്ഞു കെട്ടിപ്പിടിച്ചു മുത്തം തന്നപ്പോ.. “ പിന്നേ.. എത്ര കാലമായി ഇതു പറഞ്ഞു പറ്റിക്കുന്നു.. ഞാൻ കോളേജിലേയ്ക്കു പോകുമ്പോ മുതലിതു പറയണതാ.. ജോലിയ്ക്കു പോയപ്പോഴും, കല്യാണം കഴിഞ്ഞു പോയപ്പോഴും, അമേരിക്കയ്ക്കു വന്നപ്പോഴും ഇതന്നെ പറഞ്ഞു പറ്റിച്ചു. ഇപ്പോ ദാണ്ടെ എന്റെ പിള്ളാരേം കണ്ടില്ലേ ? ഇനി എന്റെ പെൺകൊച്ചിന്റെ കെട്ടും കൂടി, അതിന്റെ കൊച്ചിനെ മാമോദീസായ്ക്കു തലയ്ക്കും പിടിച്ചിട്ടേ അമ്മ പോവുള്ളൂ..” എന്നു ഞാൻ പറഞ്ഞപ്പോളും ചിരിച്ചു.. ആ സുന്ദരിച്ചിരി.. എന്നിട്ടുമ്മയും തന്നു..

അമ്മയെന്നോർക്കുമ്പോൾ തന്നെ ഒരു നനുത്ത സ്നേഹത്തിന്റെ കുളിരാണിപ്പോഴും മനസ്സിൽ. നാട്ടിലെ തറവാട്ടിലേയ്ക്കൊന്നു പോകാൻ ആകെ ബാക്കിയുണ്ടായിരുന്ന പ്രചോദനം..

വാല്‍ക്കഷണം : കഴിഞ്ഞ ജൂലൈയില്‍ അമ്മ മരിച്ചപ്പോ എഴുതി പാതിയാക്കി വച്ച ഈ പോസ്റ്റ്, ഇന്നിപ്പോ അമ്മയുടേ മരണത്തിന്റെ ഓര്‍മ്മ ദിവസമെങ്കിലും പോസ്റ്റിയില്ലെങ്കില്‍, ഇങ്ങനെയൊരു മടിച്ചി ആകാനാണോടി, നിന്നെ ഞാന്‍ പഠിപ്പിച്ചതെന്നു ചോദിച്ച്, അവിടുന്നൊരു പുളിവാറുമായി വന്ന്, പാവാട പൊക്കി രണ്ടു പെട പെടയ്ക്കും ..

ലേബലുകള്‍: ,