ബുധനാഴ്‌ച, നവംബർ 11, 2009

നമ്മളൊന്ന്; നമുക്കു രണ്ടോ? മൂന്നോ?

3 കുട്ടികളുള്ള ഏതു കുടുംബത്തെ കണ്ടാലും, അവരെ വായിനോക്കി, വെള്ളമിറക്കി, കണ്ണുവച്ച്‌ പണ്ടാരടങ്ങുകാന്നൊരു പുതിയ സോക്കേടു തുടങ്ങീട്ടു കുറച്ചായി. പള്ളിയില്‍ പോകുമ്പോഴും കുഞ്ഞുങ്ങളെയുംകൊണ്ടു ഡോക്ടേഴ്സ്‌ ഓഫീസില്‍ പോകുമ്പോഴുമാണ്‌, ഈ സൂക്കേടു മൂക്കുന്നത്‌. നമ്മുടെ നാട്ടിലല്ലേ ഒന്നും ഒന്നരയിലുമൊക്കെ മതിയാക്കുന്നതു ഫാഷന്‍? ഇവിടെ ഒരുപാടു വെള്ളക്കാര്‍ക്കും, ഹിസ്പാനിക്കുകള്‍ക്കും ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കുമൊക്കെ രണ്ടിലധികം കുട്ടികളുഉണ്ട്‌. എന്തിനവരിലേയ്ക്കു പോകണം ? ഞങ്ങളുടെ ഡാലസ്‌ മലയാളം പള്ളിയില്‍പോലും നെറയെ ആള്‍ക്കാര്‍ക്ക്‌ മൂന്നു കുട്ട്യോളുണ്ട്‌.

പള്ളിയില്‍ പോകുമ്പോള്‍ കണ്ണെത്തുന്ന ദൂരത്തെങ്ങാന്‍ മൂന്നു കുട്ടികളുമായി ആരെങ്കിലും നില്‍പ്പുണ്ടെങ്കില്‍ ഞാന്‍ മുഴോന്‍ നേരവും അവരെ വാ നോക്കി നില്‍ക്കും. ഏറ്റവും മൂത്തകുട്ടി ഈ ഇളയകുട്ടിയെ കാര്‍ സീറ്റിലിരുത്തി ആട്ടി കൊടുക്കുന്നതും, അതിനു പാലു കുപ്പി എടുത്തു വായില്‍ വച്ചു കൊടുക്കുന്നതും.. ശ്യോ..എത്ര നോക്കി നിന്നാലും എനിക്കു മതി വരൂല്ല. ഇടയ്ക്കു കെട്ടിയോനെ തോണ്ടി വിളിച്ചു.. നോക്കു മനുഷ്യേനേ.. കണ്ടാ, കണ്ടാ.. ഇങ്ങനെയൊക്കെ നടന്നാല്‍ മതിയാ? നമുക്കും നമ്മുടെ കമ്പനി ഒന്നെക്സ്പാന്‍ഡ് ചെയ്യണ്ടായോ, എന്നു കണ്ണു കൊണ്ടു പറയും.

ഇങ്ങനെ വായ നോക്കി നിര്‍വൃതിയടയുന്ന നേരത്തെല്ലാം എന്നിലെ സ്വപ്ന ജീവി പറയും.
"ഡേയ്‌ ഡെയ്‌, അസൂയ നന്നല്ല, ഇതു പോലൊന്നിനെ സ്വന്തമാക്കി അഭിമാനിക്കൂ.. "

അപ്പൊഴേയ്ക്കും വരും എന്നിലെ പ്രായോഗികമതി.. " ആഹാ.. പറയാനെന്തെളുപ്പം, ഇതുങ്ങളെയൊക്കെ ഉണ്ടാക്കി കൂട്ടിയാല്‍ മതിയാ? പഠിപ്പിക്കണ്ടേ? ഒന്നാംതരം വിദ്യാഭ്യാസം കൊടുക്കണ്ടേ? ആവശ്യത്തിനു കളിപ്പാട്ടങ്ങള്‍ മേടിച്ചു കൊടുക്കണ്ടേ?"

(ഇവിടുന്നങ്ങോട്ടു സ്വപ്നജീവി കുട്ട്യേടത്തിയെ 'സ്വാകു' എന്നും പ്രായോഗികമതിയായ കുട്ട്യേടത്തിയെ 'പ്രാകു' എന്നും വിളിക്കാം)

സ്വാകു : "പിന്നേയ്‌ നിന്റപ്പനൊക്കെ കൊട്ടക്കണക്കിനു മുതലുണ്ടായിട്ടല്ലേ നിന്നെയൊക്കെ പഠിപ്പിച്ചത്‌? അതൊക്കെ എങ്ങനെയെങ്കിലുമങ്ങു നടന്നു പോക്കൊളും പെണ്ണേ. അല്ല, നിന്റെ ചെറുപ്പത്തില്‍ നിനക്കെത്ര ടോയ്‌ ഉണ്ടായിരുന്നു. ടോയിയൊന്നുമില്ലെങ്കിലും പുള്ളാരു പുട്ടു പോലെ വളരും പുള്ളേ "

പ്രാകു : ഉവ്വ...പറയാന്‍ നല്ല എളുപ്പാ.. രണ്ടെണ്ണത്തിനെ മോണ്ടിസ്സോറിയില്‍ വിട്ടിട്ടുതന്നെ നടുവൊടിഞ്ഞിരിക്കുവാ? എത്ര ആഞ്ഞു പിടിച്ചിട്ടും, വഞ്ചി തിരുനക്കര തന്നെ. വിഷം മേടിച്ചു തിന്നാന്‍ കൂടി കയ്യില്‍ കാശില്ല.

സ്വാകു : അതിനു മോണ്ടിസ്സോറിയില്‍ തന്നെ വിടണമ്ന്നാരു പറഞ്ഞു? മുട്ടിനു മുട്ടിനു പബ്ലിക്ക്‌ സ്കൂളില്ലേ? ഒരു നയാ പൈസ പോലും ഫീസ്‌ കൊടുക്കാതെ പഠിപ്പിക്കാമല്ലോ.

പ്രാകു : അങ്ങനെ ചോദിച്ചാല്‍, ഉവ്വ... പക്ഷേ.... ഒരു ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ പഠിക്കാന്‍ പറ്റിയില്ല എന്നുള്ള സങ്കടം, എത്രയൊക്കെ ഇല്ലെന്നു ഞാനഭിനയിച്ചാലും എന്റെ ഉള്ളിന്റെ ഉള്ളില്‍ ഉണ്ട്‌. അന്നെന്റെ അപ്പനതിനുള്ള വകുപ്പേ ഉണ്ടായിരുന്നുള്ളൂ.. അതിലെനിക്കു പരാതിയുമില്ല.. പക്ഷേ, എനിക്കു കിട്ടാതെ പോയ... ഏറ്റവും നല്ല വിദ്യാഭ്യാസം എന്റെ മക്കള്‍ക്കു കൊടുക്കണമെന്നു ഞാനാഗ്രഹിച്ചാലതിനെ അതിമോഹമെന്നു വിളിക്കാമോ?

സ്വാകു : അതെയതെ, അവനവന്റെ നടക്കാതെ പോയ സ്വപ്നങ്ങളും മോഹങ്ങളും നേടിത്തരാന്‍ വേണ്ടിയാണല്ലോ നമ്മളു മക്കളെ ഉണ്ടാക്കണതു തന്നെ. അല്ലാ, മലയാളം മീടിയത്തില്‍ പഠിച്ചിട്ടു നിനക്കെന്നാ പറ്റീന്നാ? ഒരു ജോലിയില്ലേ, ജീവിക്കാനുള്ള വക കിട്ടുന്നില്ലേ, യാതോരു ബുദ്ധിമുട്ടുകളുമില്ലാതെ സായിപ്പിനോടുമെല്ലാം ആശയവിനിമയം നടത്തുന്നില്ലേ? ഇതിലുമൊക്കെ കൂടുതലെന്നാ വേണമായിരുന്നൂ, കരിമണ്ണൂരു പട്ടിക്കാട്ടില്‍ ജനിച്ചുവളര്‍ന്ന നിനക്ക്‌?

പ്രാകു : അതൊക്കെ ചെയ്യുന്നുണ്ട്‌..പക്ഷേ എവിടെയോ എന്തോ ഒന്നിന്റെ കുറവ്‌!.. ഒരു പത്തു പൈസേന്റെ കുറവേന്നൊക്കെ പറയൂല്ലേ? ഒരോ പെങ്കുട്ട്യോളൊക്കെ നല്ല മണി മണിയായിട്ടിംഗ്ലീഷില്‍ ബ്ലോഗുന്നതു കാണുമ്പോള്‍, വൊക്കാബുലറി നെറയെ ഞാന്‍ കേട്ടിട്ടു പോലുമില്ലാത്ത വാക്കുകളെടുത്തിട്ടമ്മാനമാടുമ്പോള്‍.. യെന്തരോ ഒരേതാണ്ടുനെസ്സ്‌.. അതുപോലെയൊന്നുമെനിക്കു പറ്റൂല്ലാന്നുള്ള ഒരാത്മവിശ്വാസക്കുറവ്‌.

സ്വാകു : ഉവ്വുവ്വേ.. നീ പിടിച്ച മുയലിനെന്നും കൊമ്പു മൂന്നാണല്ലോ. ഞായറാഴ്ചകളില്‍ കുട്ടികളെയും കൊണ്ടു പള്ളിയില്‍ പോകുമ്പോള്‍, അവര്‍ക്കെത്ര സന്തോഷമാണെന്നു നീ കണ്ടിട്ടില്ലേ ? എന്തോരം കസിന്‍സും അങ്കിളുമാരും ആന്റിമാരുമാണവരെ എടുക്കാനും കൊഞ്ചിക്കാനുമൊക്കെ. ? നിന്റെ വല്യമ്മചിക്കു നെല്ലിക്കാക്കൊട്ട മറിച്ചതു പോലെ പന്ത്രണ്ടെണ്ണമില്ലായിരുന്നെങ്കില്‍, ഇത്രയധികം ആള്‍ക്കാരുണ്ടാകുമായിരുന്നോ അവരെ കൊഞ്ചിക്കാനും കളിപ്പിക്കാനും? ക്രിസ്മസോ താങ്ക്സ്‌ഗിവിങ്ങോ വരുമ്പോള്‍, വീട്ടുകാരെല്ലാരും കൂടി ഒരുമിച്ചു കൂടുമ്പോള്‍ ഒരു പള്ളി പ്പെരുന്നാളിനുള്ള ആളുള്ളതു കൊണ്ടല്ലേ ഇത്രയ്ക്കു മേളം? അപ്പോ നിനക്കു കിട്ടിയ ഈ സൗഭാഗ്യങ്ങളും സന്തോഷങ്ങളും നീ അവര്‍ക്കു നിഷേധിക്കുന്നതു ശരിയാണോ? അതു സ്വാര്‍ത്ഥതയല്ലേ?

നിന്റെ കെട്ടിയൊന്റെ വീട്ടില്‍ അവരാറു മക്കള്‍...എല്ലാരും കൂടി അവധിക്കു ചെല്ലുമ്പോള്‍ കൂടുമ്പോള്‍, എന്തൊരു രസാ? ആ സന്തോഷങ്ങളൊക്കെ നിന്റെ മക്കള്‍ക്കു നിഷേധിക്കാന്‍ നിനക്കവകാശമില്ല പെണ്ണേ. നിന്റെ അധ്വാനത്തിന്റെ ഫലമല്ലാതെ, ഓസിനു നീ അനുഭവിച്ച നന്മകളും സന്തോഷവുമൊക്കെ അടുത്ത തലമുറയ്ക്കു പകര്‍ന്നുകൊടുക്കാന്‍ ഉത്തരവാദിത്തമുണ്ടു നിനക്ക്‌.

(പ്രാകു ഉത്തരം മുട്ടി ഇഞ്ചി കടിച്ച കുരങ്ങു മാതിരി നിനല്‍ക്കുന്നു)

സ്വാകു തുടരുന്നു : നിനക്കു മനസ്സിലൊരു സങ്കടം വന്നാല്‍ നീ ആരെയാ വിളിക്കാറുള്ളത്‌?

പ്രാകു : എന്റെ ആങ്ങളേനേം ചേച്ചീനേം...

സ്വാകു: കണ്ടോ കണ്ടോ, ഒരു ദിവസം പോലും നീ അവരെ വിളിച്ചു വിഷേഷങ്ങള്‍ പറയാതിരിക്കാറില്ലല്ലോ. അപ്പോ അതു പോലെ മിണ്ടീം പറഞ്ഞുമിരിക്കാന്‍ നിന്റെ കുഞ്ഞുങ്ങള്‍ക്കാരുണ്ടാകും ?

പ്രാകു : പക്ഷേ, പണ്ടത്തെ കാലമല്ലല്ലോടീ കൂവേ. അന്നൊക്കെ ഒരാള്‍ ജോലി ചെയ്താലും ജീവിക്കാം.. ഇന്നതാണോ ? കുട്ടികളെ വളര്ത്തുകാന്നു പറയണ ചെറിയ പണിയാനോ ? എന്തൊരു സ്ട്രെസ്സ്‌ പിടിച്ച പണിയാ ?

സ്വാകു : അതിനു നീ കുട്ടികളെ വളര്‍ത്താന്‍ പോയിട്ടല്ലേ ? നിന്നെയൊക്കെ ആരെങ്കിലും വളര്‍ത്തിയോ ? സമയത്തു വല്ലോം തിന്നാന്‍ കിട്ടും. രാവിലെ മുതല്‍ എവിടെയെങ്കിലും പറമ്പിലും പാടത്തും കാലാ പെറുക്കിയും, കളിച്ചുമൊക്കെ നടക്കും..എങ്ങനെയൊക്കെയോ അങ്ങു വളര്‍ന്നു. അന്നൊക്കെ കുട്ടികളെ വളര്‍ത്തുവല്ലായിരുന്നു.. അവരു തനിയെ സ്വതന്ത്രമായി വളരുവായിരുന്നു. ഇന്നത്തെ കാര്‍ന്നോന്മാര്‍ കുട്ടികളെ വളരാന്‍ അനുവദിക്കില്ലല്ലോ. അപ്പനും അമ്മയും തലയ്ക്കലും കാല്‍ക്കലും നിന്നു വലിച്ചുനീട്ടി വളര്‍ത്തുകയല്ലേ മക്കളെ ?

പ്രാകു : നീയൊരു 10 വര്‍ഷം പുറകിലാടീ പോത്തേ. എന്തൊരു മത്സരത്തിന്റെ ലോകമാ? അപ്പോ അതിലൊക്കെ എന്റെ മക്കള്‍ തോറ്റു പോകാതെ അവരെ പ്രാപ്തരാക്കി വളര്‍ത്തണ്ടേ ? ഇല്ലെങ്കിലവര്‍ നാളെ ചോദിക്കില്ലേ, ചുമ്മാ പടച്ചു വിട്ടതെന്തിനാ? വേണ്ടതൊന്നും തരാതേന്ന്. ക്വാണ്ടിറ്റിയില്‍ അല്ലല്ലോ, ക്വാളിറ്റിയില്‍ അല്ലേ കാര്യം ?

സ്വാകു : ഒരാവശ്യം വന്നാല്‍, അങ്ങോട്ടും ഇങ്ങോട്ടും കേറി പോകാനും, അന്വേഷിക്കാനും ആരുമില്ലാതെ. അവരു ക്വാളിറ്റിയില്‍ മാത്രം മെച്ചപ്പെട്ടു വളര്‍ന്നാല്‍ മതീന്നാണോ ? നിന്റെ കാല ശേഷം ഒന്നോര്‍ത്തു നോക്കൂ.. അവര്‍ക്കാരുണ്ടു മിണ്ടാനും പറയാനും.. 2 പേരും അങ്ങോട്ടും ഇങ്ങോട്ടും കണ്ണില്‍ കണ്ണില്‍ മുഖം നോക്കി ഇരിക്കും. ആ ഇരിപ്പിലവരു നിന്നെ ശപിക്കും.

പ്രാകു : അതേയ്‌, നാളെ ഇന്‍ഡ്യയിലേയ്ക്കു തിരിച്ചു പോകാന്‍ തീരുമാനിച്ചാലോ? അവിടെയൊക്കെ 3 കുട്ടികളില്‍ കൂടുതലുള്ളവരെ രാജ്യദ്രോഹികളെ പോലെയാ കരുതുന്നത്‌? റേഷന്‍ കിട്ടില്ലാന്നോ ഇലക്ഷനു മല്‍സരിക്കാന്‍ പറ്റൂല്ലാന്നോ യെന്തരാണ്ടൊക്കെ ഇല്ലേ? അതൊക്കെ പോട്ടെ പുല്ലെന്നു വയ്ക്കാം. ആളോള്‍ടെ ഒരു നോട്ടോം ചോദ്യോമൊക്കെ കാണണം. "അവിടെ അമേരിക്കേലൊന്നും ഇതൊന്നും നിറുത്തണ പരിപാടികളൊന്നുമില്ലേടി" എന്നു തന്റെ ചേച്ചിയെപ്പറ്റി ചോദിച്ചു കളഞ്ഞത്‌ ഓര്‍ക്കുന്നില്ലെ. യ്യേ.. നിങ്ങളൊക്കെ ഇത്രോം വിവരോം വിദ്യാഭ്യാസോമുണ്ടായിട്ടും, ഇങ്ങനത്തെ അബദ്ധം പറ്റാതെ നോക്കാനറിയില്ലേ ന്നു വേറൊരുത്തി. അബദ്ധം ആണെന്നു കാണുന്നതേ അവരങ്ങു കേറി തീരുമാനിച്ചു കളയും. അല്ലാ, എനിക്കു 3 കുട്ടികള്‍ വേണമായിട്ടു തന്നെയാണെനു പറഞ്ഞാല്‍.. "ഓ.. ഇതൊക്കെ അബദ്ധം പറ്റി കഴിയുമ്പോളെല്ലാരും പറയുന്നതാ " എന്നു പറഞ്ഞു കളയും.. ഹോ .. നാണിച്ചു തൊലിയുരിഞ്ഞു പോകൂല്ലേ ?

സ്വാകു: അപ്പോ അതാണു കാര്യം.. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നുള്ളതാണ്‌ ആനക്കാര്യമല്ലേ . എന്നു മുതലാണു നീ മറ്റുള്ളവരുടെ വിചാരത്തെയൊക്കെ മാനിച്ചു ജീവിക്കാന്‍ തുടങ്ങിയത്‌ ? "ആയിരം കുടത്തിന്റെ വായ മൂടിക്കെട്ടാം..ഒരു മനുഷ്യന്റെ വായ മൂടി കെട്ടാന്‍ പറ്റൂല്ല.., അതുകൊണ്ടു പറയുന്നവരു ചുമ്മാ പറഞ്ഞേച്ചും പോട്ട്‌.. ഞാനെനിക്കിഷ്ടമുള്ളതു ചെയ്യും" ന്നൊരു ലൈനായിരുനല്ലോ . ആളുകള്‍ക്കു എന്തെങ്കിലുമൊക്കെ പറയാന്‍ വേണം ..അത്രന്നെ.. പറയണവരു ചുമ്മാ പറഞ്ഞേച്ചും പോട്ടെടീ.

പ്രാകു : അതല്ല.. ഈ ജനസംഖ്യാ വിസ്ഫോടനം എന്നൊക്കെ നമ്മളു പണ്ടു സോഷ്യല്‍ സ്റ്റഡീസില്‍ പഠിച്ചിട്ടില്ലേ ? ഈ ലോകത്തിലെ മുഴുവന്‍ സാധനങ്ങളും ഈ ലോകത്തുള്ള ആളോള്‍ക്കു തെകയൂല്ലാന്നും, ജനസംഖ്യ എക്സ്പൊണെന്‍ഷ്യല്‍ ആയി പെരുകുന്നു, പക്ഷേ ഭൂമിയില്‍ ഉള്ള സാധന സാമഗ്രികള്‍ അതിനനുസരിച്ചു പെരുകുന്നില്ലാ..അതോണ്ട്‌ ഭക്ഷ്യക്ഷാമം വരുമെന്നുമൊക്കെ. അപ്പോ കൂടുതല്‍ കുട്ടികളെന്നു പറഞ്ഞാല്‍ മനുഷ്യരാശിയോടു മുഴോന്‍ ചെയ്യുന്ന ദ്രോഹമല്ലിയോ?

സ്വാകു : ഹോ ലവടെയൊരു ലൊട്ടുലൊടുക്കു ന്യായം. നിന്റെ ഒരു കുഞ്ഞു കൂടി കൂടുന്നതു കൊണ്ടു ഈ ലോകത്തിന്റെ സന്തുലിതാവസ്‌ത്ഥ തകരുവാണെങ്കില്‍ അതങ്ങു ചുമ്മാ തകരട്ടെന്നെ. നിന്റെ തന്നെ 2 കുട്ടികളുള്ള എത്രയോ ആന്റിമാര്‍ നിന്നോടു പറഞ്ഞിരിക്കുന്നു.. "മോളേ, രണ്ടില്‍ നിറുത്തിയതാ എനിക്കൊക്കെ പറ്റിയ ഏറ്റോം വല്യ അബദ്ധം. ഞങ്ങളാണെങ്കില്‍ പോയി ഡോക്ടറെ വരെ കണ്ടു, അതൊന്നു റിവേഴ്സ്‌ ചെയ്തു തരാന്‍ പറ്റുവോന്ന്. നീ അങ്ങനെ ചുമ്മാ രണ്ടിലൊന്നും നിര്‍ത്തിക്കളയരുതുട്ടോ." എന്ന്.

പ്രാകു : ഇപ്പോത്തന്നെ എന്റെ കുഞ്ഞനും കൂടി ഒന്നെന്റെ പെണ്ണിന്റെയത്ര ഒന്നായിക്കിട്ടിയാല്‍ ഞാന്‍ നേടിയല്ലോ യെന്റോടേ തമ്പുരാനേ ന്നാ ഞാന്‍ ചിന്തിക്കണേ. അപ്പോ ഇനീമൊരെണ്ണം... വീണ്ടുമതേ വായ്നാറ്റം ന്നു പറയണ പോലെ, വീണ്ടും വയറിതാ മുന്നേ, ഞാനിതാ പിന്നേ ന്നൊരു നടപ്പ്‌, വീണ്ടുമതേ ഡയപ്പര്‍, അതേ മാക്കു മാക്കു കരച്ചില്‍, അതേ ഉറക്കമില്ലാത്ത രാത്രികള്‍. സത്യമായിട്ടും എന്നെക്കൊണ്ടെങ്ങും മേലാ..എനിക്കതിനുള്ള കപ്പക്കുറ്റി ഇല്ലാ. മാത്രോമല്ല, വയസ്സ്‌ മുപ്പത്തി രണ്ട്‌. ഈ മുപ്പതു വയസ്സൊക്കെ കഴിഞ്ഞുണ്ടാവണ കുട്ടികള്‍ക്ക്‌ ജനിതക പ്രശ്നങ്ങളൊക്കെ വരുമെന്നല്ലേ? അങ്ങനെ വല്ലോം സംഭവിച്ചാലൊന്നോര്‍ത്തു നോക്കിക്കേ, ആ കുഞ്ഞിനോടു ചെയ്യുന്ന ദ്രോഹമല്ലേ ?

മനസ്സിലെ വാഗ്വാദങ്ങള്‍ അവസാനിക്കുന്നില്ല.. പൂതിക്കാണെങ്കിലൊരു കുറവുമില്ല... പ്രായോഗികമതി ജയിക്കുമോ, അതോ സ്വപ്നജീവി ജയിക്കുമോ? കണ്ടുതന്നെ അറിയാം.