ചൊവ്വാഴ്ച, മേയ് 09, 2006

ചമ്മല്‍ കെ സംബന്ധം

വെറുതെയിരിക്കുമ്പോഴും ഒറ്റക്കിരിക്കുമ്പോഴുമൊക്കെ ഇങ്ങനെ പാട്ടു പാടിക്കൊണ്ടിരിക്കുന്ന ഒരു ദുശ്ശീലമെനിക്കു പണ്ടേയുണ്ട്‌. ഞാന്‍ വലിയ പാട്ടുകാരിയൊന്നുമല്ല. തരക്കേടില്ലാതെ പാടി ഒപ്പിക്കും എന്നു പോലും പറയാന്‍ പറ്റില്ല. പക്ഷേ എനിക്കതിന്റെ യാതോരഹങ്കാരവുമില്ലതാനും. ഹോസ്റ്റലില്‍, കോളേജില്‍ എന്നു വേണ്ട എവിടെയും വെറുതെയിരിക്കുമ്പോ ഞാന്‍ ചുമ്മാ എന്തെങ്കിലുമൊക്കെ പാടിക്കളയും.

ഇന്ന പാട്ടേ പാടൂ എന്നു വാശിയുമില്ല. ആ നിമിഷം നാവിന്‍ തുമ്പില്‍ വരുന്നതേതോ അതപ്പോള്‍ പാടുക. അതാണെന്റെ പോളിസി.

'അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍' ആണു രാവിലെ മുതല്‍ മൂളുന്നതെങ്കില്‍ ഉച്ചയ്ക്കതു നേരെ

'വാര്‍മഴവില്ലേ, ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞു പോയോ...
നിരാലംബയായി നീ മാറിയില്ലേ'
എന്നിങ്ങനെ മെലഡിയായി മാറും. അടുത്ത നിമിഷത്തില്‍ 'എന്നവളേ അടി എന്നവളേ...' പാടുമ്പോ ഞാന്‍ തന്നെ 'ശെടാ, ഇതിപ്പോ എവിടുന്നു വന്നതാ എന്റെ നാവില്‍' എന്നത്ഭുപ്പെടാറുണ്ട്‌.

മുറി ഹിന്ദി മാത്രമേ അറിയുള്ളൂവെങ്കിലും ഹിന്ദി പാട്ടു പാടില്ല എന്നൊന്നും യാതോരു വാശിയുമെനിക്കില്ല. വായില്‍ വരുന്നതു കോതയ്ക്കു പാട്ടെന്ന രീതിയില്‍, ലിറിക്സ്‌ ശരിയല്ലെങ്കിലും ഞാന്‍ പാടിക്കൊണ്ടേയിരിക്കും.

ഈ പാട്ടുപാടല്‍ കലാലയ ജീവിതത്തിലൊന്നും വലിയ ഉപദ്രവം ചെയ്തില്ലെങ്കിലും ജോലി കിട്ടിയപ്പോ ഞാനിനി ഡീസന്റായിരിക്കുമെന്നും ഓഫീസിലിരുന്നു പാട്ടു പാടില്ലെന്നും കൂട്ടുകാരുടെയും സഹമുറിയത്തിമാരുടെയും അഭ്യര്‍ത്ഥന മാനിച്ചു തീരുമാനമെടുത്തിരുന്നു.

ജോലിയുടെ ആദ്യ രണ്ടു മാസങ്ങള്‍ കടുത്ത ട്രെയിനിങ്ങിന്റേതായിരുന്നു. രാവിലെ ആറര മണി മുതല്‍ രാത്രി ഒന്‍പതും പത്തും മണി വരെ നീളുന്ന , ദിവസേന പരീക്ഷകളും, എക്സര്‍സൈസുകളുമൊക്കെയായി വല്ലാതെ റ്റെന്‍ഷനടിച്ചുള്ള ദിവസങ്ങള്‍. ട്രെയിനിംഗ്‌, അതിനു ശേഷമുള്ള സാമ്പിള്‍ പ്രോജക്റ്റ്‌ ഒക്കെ ഉയര്‍ന്ന മാര്‍ക്കോടുകൂടി പാസായില്ലെങ്കില്‍ ജോലി എപ്പോ തെറിച്ചെന്നു ചോദിച്ചാല്‍ മതി.

ആറരക്കോഫീസിലെത്തിയാല്‍ എട്ടു മണിയാകുമ്പോള്‍ എല്ലാവരും റ്റെക്നോപ്പാര്‍ക്‌ കഫേറ്റീറിയയില്‍ പ്രാതല്‍ കഴിക്കാന്‍ പോകും. ഹോസ്റ്റലിലെ ബ്രേക്‍ഫാസ്റ്റ്‌ കഴിക്കുന്നതിനെക്കാള്‍ ഭേദം പട്ടിണി കിടക്കുന്നതാണെന്നു മനസ്സിലാക്കിയ എന്റെ ജീവിതത്തില്‍ ബ്രേക്‍ഫാസ്റ്റിനു സ്ഥാനമില്ലാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. Breakfast like a king, Lunch Like a Prince, and Dinner like a beggar എന്നുള്ള തീയറികളൊക്കെ എനിക്കറിയാമായിരുന്നെങ്കിലും സ്ഥിരമായി ബ്രേക്ഫാസ്റ്റ്‌ കഴിക്കാതിരുന്നതിനാല്‍ എനിക്കുച്ചയാകാതെ വിശപ്പില്ലാരുന്നു.

ജോലി കിട്ടിയപ്പോഴും ബ്രേക്‍ഫാസ്റ്റ്‌ സ്കിപ്‌ ചെയ്യുന്ന ഈ പരിപാടി ഞാന്‍ തുടര്‍ന്നു. എല്ലാവരും എട്ടു മണിക്കു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകുമ്പോഴും ഞാന്‍ എന്തെങ്കിലുമൊക്കെ ചെയ്തെന്റെ സീറ്റില്‍ തന്നെയിരിക്കും. ഓഫീസിലെ ബാക്കിയുള്ള സീനിയര്‍ ജോലിക്കാരൊക്കെ ഒന്‍പതു മണിക്കേ ഓഫീസില്‍ വരൂ. അതായത്‌, ഈ എട്ടു മണി മുതല്‍ എട്ടര വരെയുള്ള സമയത്ത്‌ വിശാലമായ ഓഫീസില്‍ ഞാനൊറ്റക്കാണെന്നു ചുരുക്കം.

അങ്ങനെ ട്രെയിനിംഗ്‌ പുരോഗമിച്ചു കൊണ്ടിരിക്കേ, എല്ലാരും ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോയ സമയത്തൊരിക്കല്‍, എനിക്കു പാടാന്‍ മുട്ടി. അടക്കാന്‍ പറ്റാത്ത മുട്ടല്‍. ഓ... എന്തോന്നു ട്രെയിനിംഗ്‌, എന്തോന്നോഫീസ്‌, കേള്‍ക്കാനിവിടെയെങ്ങും ആരുമില്ലല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ നീട്ടി പാടി.

" ഓം ജയ ജഗദീശ്‌ ഹരേ....
സ്വാമി ജയ ജഗദീശ്‌ ഹരേ...
ഭക്ത്‌ ജനോംകി സങ്കട്‌..
ഇഷ്ട്‌ ജനോംകി സങ്കട്‌
ക്ഷണു മേം ദൂര്‍ കരേം..
ഓം ജയ ജഗ......"

പെട്ടെന്നു 2 ക്യുബിക്കിള്‍ അപ്പുറത്തൊരു കസേര ഉരുളുന്ന ശബ്ദം! ആരോ കസേര പിന്നിലേക്കു തള്ളി സീറ്റില്‍ നിന്നെഴുന്നേറ്റ്‌ നിന്നുവെന്ന് ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലായി.

ഈശ്വരാ... യേതവനാണു ബ്രേക്‍ഫാസ്റ്റ്‌ കഴിക്കാന്‍ പോകാതെ ഇവിടെയിരിക്കുന്നത്‌? എന്തായാലും എന്റെ കൂടെ ട്രെയിനിംഗ്‌ ഉള്ള യേതോ ഒരുത്തനാവുമല്ലോ. പോകാന്‍ പറ. എന്റെ ഓഫീസിലിരുന്നു ഞാന്‍ പാടും. ആരുണ്ടിവിടെ ചോദിക്കാന്‍, എന്നൊക്കെ ധൈര്യം ഭാവിച്ചിരുന്നു.

ഒരു ഷൂസിന്റെ ശബ്ദം അടുത്തടുത്തു വരുന്നതെനിക്കു കേള്‍ക്കാം. ഞാനാണെങ്കില്‍ ഒന്നുമറിയാത്ത പോലെ, വളരെ തിരക്കിട്ടു കീ ബോര്‍ഡിന്റെ കട്ടകള്‍ പൊട്ടിപോകുന്ന പോലെ എന്തൊക്കെയോ കോഡെഴുതുന്നു. തൊട്ടു പിന്നില്‍ ആരോ വന്നു നിന്നതു ഞാന്‍ അറിയുന്നുണ്ടെങ്കിലും , ഒന്നുമറിയാത്ത പോലെ ഭാവിച്ചു.

" ഹെല്ലോ... "

ശബ്ദത്തില്‍ നിന്നുതന്നെ എനിക്കാളെ മനസ്സിലായി. എന്റെ മാനേജര്‍!. ഈ കാലമാടനോടിത്രയും രാവിലെ ഓഫീസില്‍ വന്നിരിക്കാന്‍ ആരാണു പറഞ്ഞത്‌? ഞാന്‍ പതുക്കെ തിരിഞ്ഞു നോക്കി.

" എപ്പോളുമിങ്ങനെയാണോ ?" ചിരിച്ചു കൊണ്ടദ്ദേഹം ചോദിച്ചപ്പോ എന്റെ മുഖത്തെ ഭാവം; ഈശ്വരാ, ഭൂമി പിളര്‍ന്നങ്ങു താണു പോയിരുന്നെങ്കില്‍!
***********
കണ്ടറിയാത്തവന്‍ കൊണ്ടറിയുമെന്നല്ലേ ? പക്ഷേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ചില ഇനമുണ്ട്‌. എന്നെ പോലെ.

എന്റെ ബാച്ചിലുള്ളവര്‍ (ഞങ്ങള്‍ മുപ്പതു പേരാണൊരുമിച്ചു ജോലിക്കു ചേര്‍ന്നത്‌) മാത്രമേ പരിസരത്തുള്ളൂ എന്നുറപ്പുള്ള സമയങ്ങളില്‍ ഞാന്‍ എന്റെ മുട്ടല്‍ നിര്‍ബാധം തീര്‍ത്തു പോന്നു. കൂടെയുള്ളവരെല്ലാം കോളേജുകളില്‍ നിന്നു ജസ്റ്റ്‌ പാസ്‌ഔട്ട്‌ റ്റീംസായിരുന്നതിനാല്‍, ചിലപ്പോളൊക്കെ എന്റെ ഈ ഏകാംഗ സംഗീതം, സംഘഗാനമായി മാറുകയും ചെയ്തിരുന്നു.

ട്രെയിനിംഗ്‌ കഴിഞ്ഞ് ഏകദേശം ഒരൊന്നന്നര വര്‍ഷം കഴിഞ്ഞിട്ടുണ്ടാവണം. മുംബൈയില്‍ ലൂപ്പിന്‍ ഫാര്‍മസ്യൂട്ടിക്കല്‍ എന്ന ക്ലൈന്റ്‌സൈറ്റില്‍ ഞങ്ങള്‍ എട്ടു പത്തു പേര്‍ വരുന്ന റ്റീം, പ്രൊജക്റ്റ്‌ ഗോ ലൈവിന്റെ അവസാന തിരക്കുകളിലാണ്‌. പണികളൊന്നും തീരേണ്ടതു പോലെ തീര്‍ന്നിട്ടില്ല. ടെസ്റ്റിംഗ്‌ റ്റീം ഓരോ ദിവസവും ഓരോ പുതിയ പുതിയ ഇഷ്യൂ/ബഗ്ഗ്‌ കണ്ടു പിടിച്ചു കൊണ്ടേയിരിക്കുന്നു. ഡെഡ്‌ലൈന്‍ മീറ്റ്‌ ചെയ്യാന്‍ വേണ്ടി എല്ലാവരും ശ്വാസം പിടിച്ചിരുന്നു പാതിരാ വരെ ജോലി ചെയ്യുന്നു.

പ്രോജക്റ്റ്‌ തീര്‍ക്കാന്‍ എസ്റ്റിമേറ്റു ചെയ്ത മനുഷ്യ പ്രയത്നവും (Estimated Man hours) യഥാര്‍ത്ഥത്തില്‍ വേണ്ടി വരുന്നതും തമ്മില്‍ തീരെ ബന്ധമില്ലാതെയാകുന്നു എന്നു കണ്ടപ്പോള്‍, കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു തോന്നിയപ്പോള്‍, എല്ലാമൊന്നു നേരെയാക്കാന്‍ വേണ്ടി 2 ദിവസത്തേക്കു മാനേജര്‍ പറന്നെത്തിയിട്ടുണ്ട്‌.

എല്ലാവരും റ്റെന്‍ഷനിലാണ്‌. മാനേജറുമായിട്ടു മണിക്കൂറുകള്‍ ഡിസ്കഷന്‍. എവിടെയാണു നമ്മുടെ എസ്റ്റിമേഷന്‍ പിഴച്ചതെന്നറിയാനുള്ള ചര്‍ച്ചകള്‍. എസ്റ്റിമേഷന്‍ പിഴച്ചതല്ല, ഒരുപാട്‌ അഡീഷനല്‍ റിക്വയര്‍മെന്റ്സ്‌ വന്നതാണു പ്രശ്നമായതെന്നൊരു വിധം അങ്ങേരെ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍ എല്ലാവര്‍ക്കും പതുക്കെ ശ്വാസം നേരേ വീണു തുടങ്ങി. മാനേജര്‍ എന്തോ മീറ്റിങ്ങിനായിട്ടു മുറിയില്‍ നിന്നും പുറത്തേക്കു പോകുന്നതു കണ്ടു.

അതുവരെ പാടാന്‍ മുട്ടിയിരുന്ന ഞാന്‍..
"പഞ്ചാര പാലു മുട്ടായി...
എന്റെ പഞ്ചാര പാലു മുട്ടായി...
ഓഹോ..
പഞ്ചാര പാലു മുട്ടായി...
പിന്നേം പഞ്ചാര പാലു മുട്ടായി...."
എന്നു നീട്ടി പാടിയിട്ട്‌...
" ബാക്കിയെനിക്കറിയാന്‍ മേലല്ലോ ... " എന്നതേ ഈണത്തില്‍ പാടിയിട്ട്‌.

"മല പോലെ വന്നതെലി പോലെ പോയല്ലോ...
ഡുമ്പപ്പ...ഡുമ്പപ്പ...ഡുമ്പപ്പ..ഡും...."
എന്നു പാടി തകര്‍ത്തിട്ട്‌

"ഇപ്പോ എല്ലാരുടേം 'മാനേജര്‍ വന്നിട്ടെന്താവുമീശ്വരാ' എന്നുള്ള റ്റെന്‍ഷന്‍ പോയില്ലേ' എന്നു ചോദിക്കാന്‍ വേണ്ടി പുറകോട്ടു തിരിഞ്ഞപ്പോള്‍....

ഒന്നര വര്‍ഷം മുന്‍പു ചിരിച്ച അതേ ചിരി ചിരിച്ച്‌.... എന്റെ മാനേജര്‍ തൊട്ടു പിന്നില്‍...

'ഇപ്പൊളുമൊരു മാറ്റോമില്ലാല്ലേ? ' എന്നെന്നോടും ' ഈ കക്ഷി എപ്പോഴുമിങ്ങനെയാണോ ?'എന്നു ബാക്കിയുള്ളവരോടും ചോദിക്കുന്നു.
ഈശ്വരാ...ഭൂമി പിളര്‍ന്ന് ആ കസേരയോടുകൂടി ഞാന്‍ താണു പോയിരുന്നെങ്കില്‍!