വ്യാഴാഴ്‌ച, ജൂൺ 05, 2008

ഓരോരോ മോഹങ്ങളേ...

എനിക്കെന്റെ നാട്ടിലൊന്നു പോകണം. ജനിച്ചു വളര്‍ന്ന എന്റെ വീട്ടില്‍ പോയി, പഴയതു പോലെ കുട്ടിപ്പാവാടയും കുട്ടി ബ്ലൌസുമിട്ടു വഴിയായ വഴിയൊക്കെ ചാടി ഓടി നടക്കണം. മഴ വരുമ്പോള്‍ മുറ്റത്തും റ്റെറസിലുമൊക്കെ നടന്ന്, തുള്ളിപോലും കളയാതെ നനയണം. റ്റെറസ്സിലെ ഓവുകളൊക്കെ കുത്തി വിട്ടില്ലെങ്കില്‍ കരിയിലകള്‍ വന്നടഞ്ഞിരുന്നാലോ, വെള്ളം കെട്ടി കിടന്നു നമ്മുടെ റ്റെറസ്‌ ചോര്‍ന്നാലോ, എന്നു ന്യായം പറഞ്ഞു, കമ്പിയുമെടുത്തു നടന്നു, റ്റെറസ്സിന്റെ ഓവെല്ലാം കുത്തി വിടണം.

മഴ നനഞ്ഞു കുളിച്ചാല്‍, ചൂടുകുരു പോകുമെന്നാരോ പറഞ്ഞു കേട്ട ഓര്‍മയില്‍, റ്റെറസിലെ വെള്ളം വന്നു വീഴുന്ന ഓവിന്റെ നേരേ, അടിയില്‍ പോയി കമന്നു നിക്കണം. പുറം പൊളിഞ്ഞു പോകുന്ന ശക്തിയില്‍, മഴവെള്ളം പുറത്തു വീഴുമ്പോള്‍, മഴയെക്കാള്‍ ഉച്ചത്തില്‍ അലറിവിളിക്കണം.

വീട്ടില്‍ ചെന്നാലുടനെ കൊതി പറഞ്ഞുപറഞ്ഞു, പറ്റൂല്ലാതിരിക്കണ അപ്പനെ ഏതെങ്കിലുമൊരു പ്ലാവില്‍ വലിഞ്ഞു കേറ്റിക്കണം. അപ്പന്‍ പ്ലാവില്‍ കേറുമ്പോള്‍ പേടിച്ചു പേടിച്ച്‌, 'എത്രയും ദയയുള്ള മാതാവേ' ചൊല്ലിക്കൊണ്ടു താഴെ നോക്കിനില്‍ക്കണം. മുതലക്കുടത്തു മുത്തപ്പനെന്തെങ്കിലുമൊരു
ചെറിയ നേര്‍ച്ച നേര്‍ന്നിട്ടു, 'ഞാനിപ്പോ തരൂല്ലാട്ടോ..മുത്തപ്പാ.., എനിക്കിപ്പോ എവിടുന്നാ കാശ്‌ ? ജോലി കിട്ടി കഴിയുമ്പോ ഒക്കെ കൂടി മൊത്തമായി തന്നോളാമേ' ന്നു കടം പറയണം. (ജോലി കിട്ടിയിട്ടു വര്‍ഷമാറു കഴിഞ്ഞു. മുത്തപ്പന്റെ കടങ്ങളൊന്നുമിനിയും വീട്ടിയിട്ടില്ലല്ലോ, ഈശ്വരന്മാരേ ).

അതിരില്‍ നില്‍ക്കുന്ന പ്ലാവില്‍ന്നും അപ്പന്‍ ചക്ക കയറില്‍ കെട്ടി ഇറക്കുമ്പോള്‍, അപ്പുറത്തെ പറമ്പിലേയ്ക്കു പോകാതെ, കയറുപിടിച്ചു വലിച്ചടുപ്പിക്കണം. ആക്രാന്തം പിടിച്ചു ചക്ക ഒരെണ്ണം വെട്ടിപ്പുഴുങ്ങണം. മടലില്‍ നിന്നും പറിച്ചിട്ട, ചുളയിലെ ചവിണികള്‍ പറിക്കാന്‍, തൊട്ടപ്പുറത്തു
താമസിക്കുന്ന ഉപ്പാപ്പന്റെ പുള്ളാരെ വിളിക്കണം. ചവിണി പറിച്ചതവന്മാരു വായിലേക്കിടുകയും, മുറത്തില്‍ ചുളയൊന്നും കാണാതെ വരികയും ചെയ്യുമ്പോള്‍, 'ഒള്ള പച്ച ചക്ക മുഴുവനും വലിച്ചു കേറ്റിയാല്‍, വയറു നോവുമെടാ ചെക്കന്മാരേ', എന്നവന്മാരെ ചീത്ത വിളിക്കണം.

കയ്യിലെ ചക്ക മൊണഞ്ഞീന്‍ മുഴുവനും മണ്ണെണ്ണയൊഴിച്ചു കഴുകിക്കളയണം. തേങ്ങാ ചിരണ്ടിയിട്ടു ചക്ക പുഴുങ്ങി , ചൂടോടെ കോഴിച്ചാറുമൊഴിച്ചു തിന്നണം. അനിയനുമൊരുമിച്ചൊരു പ്ലേറ്റില്‍നിന്നു തിന്നുമ്പോള്‍, പുഴുക്കിലൂടെ വിരലു കൊണ്ടു ചാലുവരച്ച്‌, കോഴിച്ചാറു മുഴുവനവന്‍ അവന്റെ വശത്തേയ്ക്കൊഴുക്കി എടുക്കുന്നതിനവനോടു തല്ലു പിടിയ്ക്കണം. വെട്ടിയ ചക്കയുടെ കുരു മുഴുവനും പാട ഞൊട്ടി, കഴുകി, ഉണക്കാനിട്ട്‌, പിറ്റേന്നതു കൊണ്ടൊരു ചക്കകുരു-മാങ്ങാക്കറി വച്ചു വായ്ക്കു രുചിയായിട്ടു ചോറുണ്ണണം.

ഏതു വേനല്‍ക്കാലത്തും നല്ല തണുത്ത വെള്ളമുള്ള ഞങ്ങളുടെ കിണറ്റുകരയില്‍ നിന്നു വെള്ളം കോരി തലവഴി ഒഴിച്ചു, തല തണുക്കെ കുളിക്കണം. 'ഞാന്‍ 13 വലിക്കു വെള്ളം മുകളിലെത്തിച്ചു, നിന്നെകൊണ്ടു പറ്റുമോ' എന്നനിയനുമായി മല്‍സരിക്കണം.

പശുക്കളെ തീറ്റാനായി, വീട്ടില്‍ നിന്നും ദൂരെയുള്ള പറമ്പിലൊന്നു പോകണം. പറമ്പിലെ തേങ്ങാ ഇടുന്ന ദിവസം, ആദ്യം തേങ്ങായും, പിന്നെ ചൂട്ടും, കൊതുമ്പും കോഞ്ഞാട്ടയുമൊക്കെ വലിച്ചു വീട്ടില്‍ കൊണ്ടു ചെന്നിട്ടു, തളര്‍ന്നിരിക്കുമ്പോള്‍ അപ്പന്റെ കാലു പിടിച്ചനുവാദം മേടിച്ചിടീച്ച കരിക്കു വെട്ടി കുടിക്കണം. അതിലെ ഇളം തേങ്ങാ സ്പൂണുകൊണ്ടു ചിരണ്ടി തിന്നണം. ചൂട്ടൊക്കെ വെട്ടി, അടുക്കി ചെറിയ ചെറിയ കെട്ടുകളാക്കി മഴക്കാലത്തേയ്ക്ക്‌, അടുപ്പില്‍ തീ പിടിപ്പിക്കാനായി സംഭരിച്ചു വയ്ക്കണം. കേടു വരാത്ത കൂന്തലയുള്ള ചൂട്ടിന്റെയൊക്കെ അറ്റംവെട്ടി അമ്മയ്ക്കു ചൂലുണ്ടാക്കാന്‍ കൊടുക്കണം.

തേങ്ങാ വില്‍ക്കുന്ന ദിവസം, തേങ്ങാ പൊതിക്കാരു, തേങ്ങാ പൊട്ടിക്കുമ്പോള്‍, അതിന്റെ തേങ്ങാവെള്ളം മുഴുവനും കുടിച്ചു വയറു വീര്‍പ്പിക്കണം. അകത്തു പൊങ്ങു വച്ച തേങ്ങാ പൊട്ടിക്കുമ്പോള്‍ വേറാര്‍ക്കും കിട്ടണതിനു മുന്‍പു ചാടിവീണ് പൊങ്ങെടുത്തു തിന്നണം.

അപ്പനിഞ്ചി നടുമ്പോള്‍, ഇഞ്ചിക്കുള്ള കുഴികളില്‍, ചാണകവും എല്ലു പൊടിയും ഇടുന്ന എന്റെ ആ പഴയ ജോലി ഒന്നൂടി ചെയ്യണം. കപ്പ വാട്ടുന്ന ദിവസം പണ്ടത്തെ പോലെ, വീട്ടുകാരും അയല്‍വക്കം കാരുമൊക്കെ ഒരുമിച്ചു വട്ടത്തിലിരുന്നു തൊണ്ടു പൊളിക്കുകയും അരിയുകയും ചെയ്യുമ്പോള്‍, ഇടക്കിടെ എല്ലാര്‍ക്കും മോരും വെള്ളവും കഞ്ഞിവെള്ളവും കട്ടന്‍ചായയും സപ്പ്ലൈ ചെയ്യണം. എല്ലാവരും കുടി കഴിയുമ്പോള്‍, വീട്ടിലുള്ള കത്തിയൊന്നുമരിയാന്‍ തികയാതെ വരുമ്പോള്‍, അപ്പുറത്തെ കുട്ടന്റെ വീട്ടിലേയ്ക്കൊരു കത്തി കടം മേടിയ്ക്കാനോടണം.

കണ്ടത്തില്‍ കാള പൂട്ടു നടക്കുമ്പോള്‍, അപ്പനുള്ള കാപ്പിയും ചോറും കഞ്ഞിവെള്ളവും കട്ടന്‍ ചായയുമൊക്കെയായി വീട്ടില്‍ നിന്നും കണ്ടത്തിലേക്ക്‌ അഞ്ചലോട്ടം ഓടണം. അപ്പന്‍ കാപ്പി കുടിക്കുന്ന സമയത്തു, കണ്ടത്തിലിറങ്ങി ചേച്ചിയുമായി മല്‍സരിച്ചു ഞൌണിങ്ങാ പെറുക്കണം. കൈ
നെറയുമ്പോള്‍, കിട്ടിയത്രയുമെണ്ണി കൊണ്ടു വന്നു വരമ്പില്‍ വച്ചിട്ടു വീണ്ടും പോയി പെറുക്കി വരുമ്പോള്‍, ആദ്യം വരമ്പില്‍ വച്ചതില്‍, എണ്ണത്തില്‍ പാതി പോലും കാണാത്തപ്പോള്‍, 'നീ എന്റെ ഞൌണി കട്ടെടുത്തൂ'ന്നു പറഞ്ഞു ചേച്ചിയുമായി തല്ലു പിടിക്കണം. അടി മൂക്കുമ്പോള്‍ 'എടി മണ്ടീ... ആ
ഞൌണിങ്ങാ ഒക്കെ എറങ്ങി അതിന്റെ വഴിക്കു പോയെടീ' എന്നപ്പന്‍ പറയുമ്പോള്‍ 'അല്ലെങ്കിലും അപ്പനെന്നും അവളുടെ പക്ഷത്താ..അപ്പന്റെ കാണാന്‍ കൊതിച്ചൊണ്ടായ മോളല്ലേ ? എന്നെ പറ്റിക്കാനൊന്നും നോക്കണ്ടാ' ന്നു ശുണ്ഠി എടുക്കണം. അവസാനം അപ്പന്‍ ഞൌണിങ്ങ നടന്നു
പോകുന്നതു കാണിച്ചു തരുമ്പോള്‍, 'അപ്പോ ഞൌണിങ്ങായുമൊരു ജീവിയാണല്ലേ..?' എന്നു വാ പൊളിച്ച്‌, അതിന്റെ നടപ്പു നോക്കി പിന്നാലെ നടക്കണം. വീട്ടില്‍ കുട്ടികള്‍ക്കു ചായ നിഷിദ്ധമായതിനാല്‍, എന്റെ ചായക്കൊതി അറിയാവുന്ന അപ്പന്‍, ഗ്ലാസ്സിലെനിക്കു വേണ്ടി ബാക്കി വയ്ക്കുന്ന, കണ്ണു പൊട്ടുന്ന കടുപ്പമുള്ള, ഡബിള്‍ സ്ട്രോങ്ങ്‌ ചായ, മട്ടടക്കം കുടിക്കണം.

ജൂണ്‍ ജൂലായ്‌ മാസങ്ങളില്‍ മഴ പെയ്തു വെള്ളം പൊങ്ങി, കണ്ടമേത്‌, വരമ്പേത്‌, തോടേതെന്നു തിരിച്ചറിയാന്‍ പറ്റാതെ കിടക്കുന്ന നേരത്ത്‌, കുടയുംചൂടി വരമ്പിലൂടെ എനിക്കെന്റെ സ്കൂളില്‍ പോകണം. സ്കൂളു തുറക്കുന്നതു പ്രമാണിച്ചു മേടിച്ച പുതിയ ചെരിപ്പ് അനിയന്‍ തോട്ടിലൂടെ ഒഴുക്കി വിടുമ്പോള്‍, അതു പിടിയ്ക്കാന്‍ കുറെ ദൂരം ഓടണം. അവസാനം തിരിച്ചു വന്നു ദേഷ്യത്തിലവനിട്ടു രണ്ടു പൊട്ടിയ്ക്കണം. 'ബാക്കി നിനക്കു വീട്ടില്‍ ചെല്ലുമ്പോ കിട്ടുമെടാ' എന്നു പറഞ്ഞവനെ പിന്നെയും കരയിക്കണം. വീട്ടില്‍ ചെല്ലുമ്പോ, ഇത്രയും വല്യ മഴയത്തു കൊച്ചിനെയും കൊണ്ടു, കണ്ടം വരമ്പിലൂടെ വന്നതിനും, മഴയുള്ളപ്പോ റോഡിലൂടെ വരണമെന്നു പറഞ്ഞതനുസരിക്കാത്തതിനുമുള്ള ശിക്ഷ ആയി അഞ്ചു മിനിറ്റ്‌ മുട്ടില്‍ നിക്കണം. ഏത്തമിടണം.

അനിയന്‍ ചാമ്പങ്ങാ പറിക്കാന്‍ കേറുമ്പോള്‍, അവന്‍ പറിച്ചിടുന്ന ചാമ്പങ്ങ താഴെ വീണു ചതയാതിരിക്കാന്‍, പാവാട വിടര്‍ത്തി പിടിച്ചു നില്‍ക്കണം. 'കെട്ടിയ്ക്കാറായിട്ടും പെണ്ണിനിള്ള കുട്ടിയാന്നാ വിചാരം, പാവാടയും പൊക്കി പിടിച്ചു നിക്കണ കണ്ടില്ലേ' എന്നു ചീത്ത വിളി കേള്‍ക്കുമ്പോള്‍ 'ശെടാ...
ഇതെന്തൊരു പുകിലെ'ന്നു പിറുപിറുക്കണം. എന്നാല്‍ പിന്നെ, പാവാട പൊക്കണില്ല, എന്നോര്‍ത്തു അഴയില്‍ കിടന്ന ഒരു മുണ്ടെടുത്തു പാവാടയ്ക്കു പകരം വിടര്‍ത്തി പിടിയ്ക്കുമ്പോള്‍, 'ഈ പെണ്ണിന്റെ അവമ്മതി നോക്കിക്കേ, അലക്കിയിട്ട മുണ്ടെടുത്താ അവളുടെ ചാമ്പങ്ങാ പറിയ്ക്കല്‍' എന്നു പിന്നെയും
ചീത്ത കേള്‍ക്കണം.

എനിക്കെന്റെ നാട്ടിലെ കെ എസ്‌ ആര്‍ റ്റി സി ബസ്‌ സ്റ്റാന്റില്‍ പൊരി വെയിലത്തു ബസ്‌ നോക്കി നില്‍ക്കണം. അവസാനം ഒന്നര മണിക്കൂര്‍ കാത്തു നിന്നിട്ടൊരു ബസ്‌ വരുമ്പോള്‍, അതിന്റെ പിന്നാലെ ഓടുന്ന മൂന്നു ബസില്‍ കൊള്ളാന്‍ മാത്രമുള്ള ആള്‍ക്കൂട്ടത്തിനൊപ്പം ഓടണം. സൂചി
കുത്താനിടമില്ലാത്ത ബസില്‍, എങ്ങനെയെങ്കിലും നുഴഞ്ഞു കേറി, സ്ത്രീകളുടെ സീറ്റിലെവിടെയെങ്കിലുമൊരു പുരുഷന്‍ ഇരിക്കുന്നുണ്ടെങ്കില്‍, തല്ലു
പിടിച്ചെഴുന്നേല്‍പ്പിച്ചവിടെയിരിക്കണം. മുന്നില്‍ നില്‍ക്കുന്ന സ്ത്രീകളുടെ തലയില്‍ നിന്നും വരുന്ന കനച്ച എണ്ണയുടെയും, വിയര്‍പ്പിന്റെയും കൂടി കുഴഞ്ഞ മണം സഹിക്കാന്‍ പറ്റാതെ, കാലിന്റെ പെരുവിരലില്‍ പൊങ്ങി നിന്ന്, മൂക്കു വിടര്‍ത്തി അല്‍പം ശുദ്ധവായു ശ്വസിക്കണം.

ഞായറഴ്ചകളിലുച്ച കഴിഞ്ഞുള്ള പരശുറാമിലിടിച്ചു കേറി കോട്ടയത്തൂന്നു തിരന്തോരത്തിനു പോണം. ഇരുട്ടുമ്പോള്‍ തിരന്തോരത്തു ചെന്നിറങ്ങി, ഞായറാഴ്ച ആയതിനാലും, നേരം സന്ധ്യ ആയതിനാലും, മീറ്റര്‍ ചാര്‍ജിന്റെ ഒന്നര ഇരട്ടി കൊടുക്കണമെന്നു പറയുന്ന ഓട്ടോക്കാരോടൊക്കെ തല്ലുപിടിക്കണം. അവസാനം എല്ലാ ഓട്ടോക്കാരോടുമുള്ള ദേഷ്യം തീര്‍ക്കാന്‍, 'എനിക്കു ദൈവം തന്ന, നല്ല ഒന്നാംതരം ആരോഗ്യമുള്ള രണ്ടു കാലുണ്ടെടോ', എന്നു സ്വയം പറഞ്ഞു, തമ്പാനൂരുന്നും വഴുതക്കാടു വരെ നടക്കണം.

വെള്ളിയാഴ്ചകളില്‍ വൈകിട്ടഞ്ചു മണിക്കു തിരോന്തരത്തൂന്നു പുറപ്പെട്ട്‌, രാത്രി പതിനൊന്നു മണിക്കു തൊടുപുഴയിലെത്തുന്ന ബസില്‍, വിജനമായ സ്റ്റാന്റില്‍ വന്നിറങ്ങണം. അവസാനത്തെ ബസും പോയ സ്റ്റാന്റിലൊരു പെണ്‍കുട്ടിയെ ഒറ്റയ്ക്കു കണ്ടു ചക്കപ്പഴത്തിന്റെ ചുറ്റും ഈച്ച കൂടുന്ന പോലെ, 'മോളേ, എവിടെ പോകാനാ,?, മോളേ, ഒറ്റയ്ക്കാണോ ?, ഇവിടുന്നുള്ള ലാസ്റ്റ്‌ ബസും പോയല്ലോ' എന്നു ചോദിച്ചു ഓട്ടോക്കാരു കൂടുമ്പോള്‍, 'അപ്പാ' എന്നുറക്കെ, വിളിച്ചോടി ചെന്നു, സ്റ്റാന്റില്‍ കാത്തു നില്‍ക്കുന്ന അപ്പന്റെ കൈ പിടിയ്ക്കുമ്പോള്‍, ഏതാണ്ടു പോയ അണ്ണാനെ പോലെ 'മിഷ്കസ്യാ' ന്നു നിക്കുന്ന അവരുടെ ആ വളിച്ച മോന്തകളൊന്നൂടി കാണണം. പിന്നെ അപ്പന്റെ ബുള്ളറ്റിന്റെ പുറകില്‍ ചെറുപ്പത്തിലേതു പോലെ കാലു രണ്ടും, രണ്ടു വശത്തേയ്ക്കിട്ടിരുന്ന്, തണുത്ത കാറ്റടിച്ചു പിന്നെയും പത്തു മൈലപ്പുറമുള്ള വീട്ടിലേയ്ക്കു പോകണം.

ജോലിയില്‍ നിന്നും ലീവെടുത്തൊരാഴ്ച അര്‍മ്മാദിച്ചു നമ്മുടെ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ കാണണം. രാവിലെ ഒന്‍പതു മണിക്കു ശ്രീകുമാറില്‍ മക്മല്‍ബഫിന്റെ 'ദ സൈക്ലിസ്റ്റ്‌' കണ്ടു കണ്ണീരൊഴുക്കിയിട്ട്‌, പത്തരയ്ക്കു കൈരളിയില്‍ 'റണ്‍ ലോലാ റണ്‍ ' കാണാന്‍ സ്കൂട്ടിയില്‍ ട്രിപ്പിള്‍സടിച്ചു
പോകണം. 'വേളാങ്കണ്ണി മാതാവേ, അന്തോനീസു പുണ്യാളോ, പോലീസു പിടിക്കാതെ കാത്തോണേ എന്നുറക്കെ പ്രാര്‍ത്ഥിച്ചോണ്ടു പോലീസിന്റെ വായിലൂടെ തന്നെ അങ്ങോട്ടുമിങ്ങോട്ടും പോകണം.

ഉച്ചക്കു ന്യൂവില്‍ ക്യൂ നില്‍ക്കുമ്പോള്‍, മഖ്മല്‍ ബഫ്ഫിന്റെ മകളെ കണ്ട്‌ ആരാധനയോടെ നോക്കണം.
'ജേര്‍ണി ത്രൂ ദ ബോടി' കണ്ട്‌ 'അയ്യേ... ഛെ ഛെ ഛേ..' എന്നു വയ്ക്കണം. വൈകിട്ടു കലാഭവനില്‍ ഏതെങ്കിലും കുട്ടികളുടെ സിനിമായോ ഡോക്യുമെന്ററിയോ കാണണം. അഞ്ചു ദിവസം കൊണ്ടു മുപ്പത്തഞ്ചോളം ലോകോത്തര സിനിമകള്‍ കണ്ടതിന്റെ ഹാങ്ങോവറില്‍ 'യെന്തരു മലയാളം
സിനിമ, ലതൊക്കെ കാണുന്നവനെ തല്ലണം, പടച്ചു വിടുന്ന സംവിധായകനെ കൊല്ലണം, ഇനി മലയാളം കാണുന്ന പരിപാടിയില്ല' എന്നെല്ലാം ബുദ്ധിജീവി ഡയലോഗടിക്കണം. എന്നിട്ടു പിറ്റേന്നു തന്നെ 'രായമാണിക്യം' കണ്ട്‌ 'ഹോ നമ്മടെ മമ്മൂട്ടി യെന്തരു പെര്‍ഫോമന്‍സെടേ. ലോകത്തൊരു
നടനും ഏഴയലത്തു വരൂല്ലാട്ടാ' എന്നു പറഞ്ഞു കയ്യടിക്കണം.

വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും വെറുതെ...