ഞായറാഴ്‌ച, മാർച്ച് 22, 2009

ചായ പ്ലീസ്.......

വായ്ക്കു രുചിയായിട്ടൊരു ചായകുടിക്കാന്‍ കൊതിയാവുന്നെന്നു പറഞ്ഞാല്‍ കേള്‍ക്കണവരു വിചാരിക്കും " ഹോ അവളൊരു പേര്‍ഷ്യാക്കാരി വന്നിരിക്കുന്നെന്ന്‌ ". പക്ഷേ പരമസത്യം. എന്തെങ്കിലും കഴിക്കാന്‍ കൊതി തോന്നണുണ്ടോന്നു ചോദിച്ചാല്‍, 'നല്ലോന്നാന്തരമൊരു ചായ, മ്മടെ നാട്ടിലെ ചായക്കടയില്‍ കിട്ടണ, നല്ല പതഞ്ഞു പൊങ്ങിയിരിക്കുന്ന ഒരു മീറ്റര്‍ ചായ കുടിക്കാന്‍' എന്നൊറ്റ ഉത്തരമേ എനിക്കുള്ളൂ.

പണ്ടൊന്നും എന്റെ ചായ ഇത്രയ്ക്കങ്ങു ബോറല്ലായിരുന്നു. അത്യാവശ്യം കുടിക്കബിളായിരുന്നു. ഇപ്പോ ഒരു നാലഞ്ചു മാസമായിട്ടീ ചായക്കട ചായ കുടിക്കണമെന്നു പൂതി കേറിയതില്‍ പിന്നെ, എന്റെ ചായ വായില്‍ വയ്ക്കാന്‍ കൊള്ളൂല്ലാന്നു തോന്നിത്തുടങ്ങി. യെന്തരെല്ലാം സ്റ്റയിലുകളില്‍ പരീക്ഷിച്ചു നോക്കി. വെള്ളവും പാലുമൊരുമിച്ചു വച്ചു, വെള്ളമൊഴിച്ചു തെളച്ചു പൊടിയിട്ടിട്ടു പാലൊഴിച്ചു നോക്കി, ഏലക്കായും ഇഞ്ചിയും കറുവാപ്പട്ടയുമൊക്കെ ഇട്ടു മസാലച്ചായ നോക്കി.. ങേഹേ.. ഇതെന്നാടോ ചായക്കറിയോ എന്നു ചോദിച്ചു കെട്ടിയോന്‍ കളിയാക്കിയതു മിച്ചം.

കണ്ണന്‍ ദേവന്‍, ബീ റ്റീ, എ വി റ്റി, റെട്‌ ലേബല്‍, ലിപ്റ്റണ്‍ എന്നു വേണ്ട സകല ചായപ്പൊടികളും മേടിച്ചു പരീക്ഷിച്ചു. ഓരോ ദിവസവും ചായ ഒന്നിനൊന്നു മോശമായതല്ലാതെ, എന്റെ ചായ കുടിക്കണതെനിക്കുതന്നെ കലിയായതല്ലാതെ ഒന്നും സംഭവിച്ചില്ല. കെട്ട്യോനെക്കൊണ്ടു ചായ ഇടീച്ചു നോക്കി.. യെന്റമ്മോ... ഒരു തുള്ളി വെള്ളം പോലുമൊഴിക്കാതെ പാലു മാത്രം വച്ച്‌, അതും ഹോള്‍ മില്‍ക്ക്‌ വച്ചു ചായയുണ്ടാക്കിക്കളയും കക്ഷി. 2% മില്‍ക്കു പോലും പകുതി വെള്ളമൊഴിച്ചില്ലെങ്കില്‍ എനിക്കു പാലു ചുവച്ചിട്ടു ചായ കുടിക്കാന്‍ പറ്റൂല്ല. എന്റെ ചായക്കൊരു പതിനഞ്ചു മാര്‍ക്കു കിട്ടുമാരിക്കും, പക്ഷേ അങ്ങേരുടെ ചായക്കു പത്തു മാര്‍ക്കു തെകച്ചിടാന്‍ പറ്റൂല്ല.

പിന്നെ ആകെയുള്ള ആശ്വാസം നാത്തൂണ്റ്റെ ചായ ആണ്‌. ചായക്കടയിലെ ചായയുടെ രുചി വരൂല്ലെങ്കിലും മൊത്തത്തില്‍ തരക്കേടില്ലാത്ത ഒരു എണ്‍പതു മാര്‍ക്കു കൊടുക്കാന്‍ പറ്റിയ ചായയുണ്ടാക്കും കക്ഷി. ഒരു മാസമായി പുള്ളിക്കാരി നാട്ടിലും പോയി. അതോടെയാണു ചായ ഇത്ര വലിയ ഒരന്താരാഷ്ട്ര പ്രശ്നമായി മാറിയത്‌. പോണതിനു മുന്‍പു പുള്ളിക്കാരിയെക്കൊണ്ടു കുറച്ചു ചായ ഇടീച്ചു ഫ്രിഡ്ജില്‍ വയ്പ്പിക്കണ്ടതായിരുന്നൂന്നു പോലുമോര്‍ത്തു പോയി.

എന്തായാലും പരീക്ഷണങ്ങളൊക്കെ എട്ടു നിലയില്‍ പൊട്ടി, ഇനി നാത്തൂന്‍ വരണതുവരെ ചായ ഉണ്ടാക്കുന്നേയില്ലെന്നൊരു വയ്യും വച്ചൊരു കടുകും പൊട്ടിച്ചിരിക്കുകയാ ഞാന്‍. വെര്‍തെ സിങ്കിലു കമത്തിക്കളയാന്‍ വേണ്ടീട്ട്‌ ചായ ഉണ്ടാക്കണതെന്തിനാ?

രണ്ടാം ക്ളാസ്സിലോ മൂന്നിലോ പഠിക്കുമ്പോളാണ്‌, ആദ്യമായിട്ടൊരു ചായക്കടയില്‍ന്നു ചായ കുടിച്ച ഓര്‍മ. അന്നു പാല്‍പല്ലുകളോരോന്നായി പറിയുന്ന കാലം. വീട്ടിലൊരു മനുഷ്യനെക്കൊണ്ടു പല്ലു പറിക്കാന്‍ സമ്മതിക്കില്ല ഞാന്‍. ആരെങ്കിലും പല്ലു പറിക്കാന്‍ ശ്രമിച്ചാല്‍ ഞാന്‍ കരഞ്ഞുകാറിപ്പൊളിച്ചു വീടിനു ചുറ്റുമോടും. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലെന്നു കണ്ടപ്പോള്‍, ഇളകിയ പല്ലവിടെ ഇരുന്നു കട്ടപ്പല്ലു വരുമെന്നും പറഞ്ഞു ഡെണ്റ്റിസ്റ്റിണ്റ്റെയടുത്തു കൊണ്ടുപോകാന്‍ തീരുമാനമായി. അന്നാ പല്ലവിടെ പറിക്കാതെ വച്ചിരുന്നെങ്കില്‍ നല്ല കട്ടപ്പല്ലു വന്നു ഞാന്‍ മഞ്ചു വാര്യരെ കടത്തിവെട്ടുന്ന സുന്ദരി ആയേനെ. എന്നാ പറയാനാ ? മഞ്ചു വാര്യര്‍ക്കൊരു എതിരാളി വേണ്ടെന്നുള്ള തിരുവെഴുത്തു നിറവേറ്റപ്പെടണാമല്ലോ.

വൈകിട്ടു സ്ക്കൂളു വിടുന്നതിനു മുന്‍പ്‌, അവസാനത്തെ പീരിയഡ് കട്ടു ചെയ്തു കൊണ്ടു പോകുന്ന രീതിയില്‍ മൂന്നു മൂന്നരയോടെ അപ്പന്‍ വരും. അപ്പണ്റ്റെ കുടുകുടു വണ്ടിയില്‍ ഉടുമ്പന്നൂരെത്തുമ്പോളവിടെയൊരു പള്ളിപ്പെരുന്നാളിനുള്ള ആളു കാണും. "എന്നാ വാ , നമുക്കൊരു ചായ കുടിച്ചേച്ചു വരാം"എന്നും പറഞ്ഞ്‌ അപ്പനടുത്തുള്ള ചായക്കടയില്‍ കൊണ്ടോവും. ചായക്കടാക്കാരന്‍ ചായ കൈ പൊങ്ങുന്നത്ര പൊക്കി ഊറ്റി ഊറ്റി അടിക്കുന്ന കാഴ്ച എത്ര കണ്ടാലും മതി വരൂല്ലാരുന്നു. ഇത്തിപ്പോരം പോന്ന ഒരു ചില്ലു ഗ്ളാസ്സില്‍, ആകെ മുക്കാല്‍ ഗ്ളാസ്സു ചായ കാണും . അതില്‍ പകുതിയില്‍ കൂടുതലും ചുമ്മാ പതയാരിക്കും. എന്നാലും ഊതി ഊതി ആ ചായ കുടിക്കുന്നതിണ്റ്റെ ഒരു സുഖം..ആഹാ.. അതിണ്റ്റെ ഒരു രുചി.. ഇവിടെ കുട്ടളം പോലുള്ള കപ്പില്‍ നെറച്ചു ചായ കുടിച്ചാലും അതിണ്റ്റെ ആയിരത്തിലൊന്നു തൃപ്തി കിട്ടൂല്ല.

ചായയുടേ രുചി പിടിച്ചു പോയതു കൊണ്ടു ഞാന്‍ ഇതൊരു സ്ഥിരം നാടക വേദിയാക്കി. ഓരോ ആഴ്ചയും ഓരോ പുതിയ പല്ലെളകും. ഇനി അഥവാ ഇളകിയില്ലെങ്കില്‍ കൈകൊണ്ടു പിടിച്ചാട്ടിയാട്ടി , അതുമല്ലെങ്കില്‍ കല്ലെടുത്തിട്ടിടിച്ചിടിച്ചെളക്കും. പിന്നങ്ങോട്ടുള്ളതു സ്ഥിരം സീനുകളുടെ തനിയാവര്‍ത്തനമാണ്‌.

കൊടിലും ചുറ്റികയുമൊക്കെയായി കയ്യേലും കാലേലും രണ്ടു പേരെക്കൊണ്ടു പിടിപ്പിച്ച്‌, അപ്പനും ചിറ്റപ്പന്‍മാരും മാറി മാറി ശ്രമിക്കും. എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു കഴിയുമ്പോള്‍, ഡെന്റിസ്റ്റ്‌ തന്നെ ശരണം. അവസാനത്തെ പിരീയഡിനു മുന്‍പുള്ള പിരീഡ്, കുടുകുടു വണ്ടി, ചായക്കട ചായ, ഒന്നിനും ഒരു മാറ്റവുമില്ല.

അപ്പനെന്തെങ്കിലും തിരക്കുകൊണ്ടു വരാന്‍ പറ്റാതെപോണ ദിവസങ്ങളില്‍ ഏറ്റവും ഇളയ ചിറ്റപ്പനാകും വരിക. കക്ഷി അന്നു കോളേജ്‌ പ്രായം. ചായയുടെ കൂടെ ബോണസായി, ഉള്ളിവടയോ ബോണ്ടായോ അല്ലെങ്കില്‍ ഏത്തയ്ക്കാ ബോളിയോ ഒക്കെ കിട്ടുമെന്നൊരു വ്യത്യാസം മാത്രം. ജീവിതം തള്ളി നീക്കാന്‍ കാലിച്ചായ കുടിച്ചു വെശക്കുമ്പോള്‍ മുണ്ടു മുറുക്കിയുടുക്കണമെന്നു മനസ്സിലാക്കാനുള്ള പ്രായമന്നു ചിറ്റപ്പനില്ലായിരുന്നല്ലോ.

പിന്നീടു വളര്‍ന്നപ്പോള്‍ അപ്പന്റെ ബുള്ളറ്റിനു പിന്നില്‍ ഊരുചുറ്റല്‍. കാരണങ്ങളും യാത്രയുടെ ലക്ഷ്യങ്ങളും മാറി വന്നു. പാല്‍പ്പല്ലുകളത്രയും പോയി പുതിയ പല്ലു വന്നു, രണ്ടു മൂന്നു കൊല്ലത്തിനകം, ഒന്നാംതരം പുഴുപ്പല്ലിയായി. പിന്നെ ഈ പുഴുപ്പല്ലുകളടയ്ക്കാനായി യാത്ര. ചെവി വേദനക്കാരിയായിരുന്നതു കൊണ്ടിടയ്ക്കിടെ ഇ എന്‍ റ്റി യുടെ അടുത്തേയ്ക്ക്‌. ദൂരം കൂടി വന്നു, കരിമണ്ണൂരില്‍ന്ന്‌ ഉടുമ്പന്നൂറ്‍ എന്നതു മാറി എറണാകുളവും കോട്ടയവുമൊക്കെയായി. പക്ഷേ അപ്പോളും വഴിയിലെ ചായക്കടയില്‍ കിട്ടുന്ന ഇത്തിപ്പോരം പോന്ന ഗ്ളാസ്സിലെ പകുതിയിലധികം പതയുള്ള ആവിപറക്കുന്ന ചായക്കു മാത്രം മാറ്റമുണ്ടായില്ല.

കടകള്‍ പലതു മാറിയെങ്കിലും, എല്ലായിടത്തും ചായക്കട ചായക്ക്‌ , എന്നുമെപ്പോളും ഒരേ രുചിയായിരുന്നു. ഇതിനിടയില്‍ കാലിച്ചായയുടെ വെല പോലും എത്രയോ വട്ടം കൂടി. അപ്പന്റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ചായക്കട തോറും നെരങ്ങിയിരുന്ന പാവടക്കാരി വളര്‍ന്നു ചുരിദാറുകാരിയായി. കരിമണ്ണൂരിലെ പട്ടിക്കാട്ടില്‍ന്നും ജീവിതം തൃശൂരിലേയ്ക്കും പാലായിലേയ്ക്കും ചെന്നയിലേയ്ക്കും തിരുവനന്തപുരത്തേയ്ക്കുമൊക്കെ പറിച്ചു നടപ്പെട്ടു.

അപ്പന്റെ വിരല്‍ത്തുമ്പിലെ പിടി വിട്ടു യാത്രകളേറെയും ഒറ്റയ്ക്കായി. അപ്പന്റെ പിന്നിലിരുന്നുള്ള ഊരു ചുറ്റലുകള്‍ അവധിയ്ക്കു വരുമ്പോള്‍ മാത്രമായി. അപ്പന്‍ ചായ കുടിയ്ക്കാന്‍ കേറുമ്പോള്‍, കൂടെ കേറി ചായക്കടകളിലൊക്കെ ചായ കുടിയ്ക്കാന്‍ മടിയുള്ള മുതിര്‍ന്ന പെണ്ണായി ഞാന്‍.

തനിച്ചുള്ള ഈ യാത്രകളില്‍ ട്രെയിനില്‍ നിന്നു കിട്ടിയ ചായക്കൊന്നും പണ്ടത്തെ ചായക്കടയില്‍ന്നും കിട്ടിയ ചായയുടെ പത്തിലൊന്നു രുചി തോന്നിയതുമില്ല. ജോലി കിട്ടിയപ്പോള്‍ ഓഫീസിലെ റ്റീ ബാഗ്‌ ചായകളും കുടിയ്ക്കാന്‍ വേണ്ടി കുടിയ്ക്കുമെന്നല്ലാതെ ഒരിക്കലും മനസ്സിനു തൃപ്തി തന്നില്ല.

കല്യാണം കഴിഞ്ഞപ്പോള്‍ കിട്ടിയ ആമ്പ്രന്നോനാണെങ്കില്‍ ചായ കുടിയ്ക്കാന്‍ യാതോരു താല്‍പ്പര്യവുമില്ലാത്ത ഒരു മഹാന്‍. ചായ ഇടട്ടെ എന്നു ചോദിച്ചാല്‍ 'തനിയ്ക്കു കമ്പനി തരാന്‍ വേണമെങ്കില്‍ കുടിയ്ക്കാം'എന്നു വല്യ വാലു പറയുന്ന കക്ഷി. അങ്ങനിപ്പോ മനസ്സില്ലാ മനസ്സോടെ കുടിയ്ക്കണ്ട, അത്രയ്ക്കു വാലാണെങ്കില്‍ പോയി തലേംകുത്തി നിന്നു വാലാട്ട്‌" എന്നു പറഞ്ഞ്‌ ഞാനും കെറുവിയ്ക്കും. ഒള്ള ചായ മുഴോന്‍ കുടിച്ചിട്ടാ മലയാളികളുടെ പല്ലൊക്കെ മഞ്ഞനിറത്തിലിരിക്കുന്നതെന്നു വല്യോരു കണ്ടുപിടിത്തം നടത്തി തീസീസും സബ്മിറ്റ്‌ ചെയ്തു ഡോക്ടറേറ്റും കാത്തിരിക്കുന്നൊരാള്‍.

സായിപ്പിണ്റ്റെ നാട്ടിലെത്തിയപ്പോള്‍ ചായ കുടി തന്നെ ഇല്ലാണ്ടായി. ശനിയും ഞായറും ഇന്‍ഡ്യന്‍ ബ്രേയ്ക്‌ഫാസ്റ്റുണ്ടാക്കുന്ന ദിവസങ്ങളിലെ മാത്രം ആഡംബരമായി മാറി ചായ. വക്കാരി പണ്ടെവിടെയോ പറഞ്ഞ പോലെ പുട്ടിണ്റ്റെ കൂടെയുള്ള എരിയുള്ള കടല കഴിയ്ക്കുമ്പോള്‍ മാത്രം കുടിയ്ക്കാന്‍ തോന്നണ സാധനമായി മാറി ചായ. നല്ലോരു ചായ കുടിയ്ക്കാന്‍ മുട്ടിയിട്ടു സായിപ്പിണ്റ്റെ ചായക്കടയിലും കേറി നോക്കി. പീറ്റ്‌സ്‌ കോഫി ആന്‍ഡ്‌ റ്റീ യില്‍ മസാല ചായ്‌ കിട്ടും. സംഭവം മോശമില്ല. ഒരു തൊണ്ണൂറു മാര്‍ക്കു കൊടുക്കാം. സാന്‍ ഫ്രാന്‍സിസ്കോയില്‍ മുട്ടിനു മുട്ടിനു കാണാം ഈ ചായക്കട. ഇടയ്ക്കിടെ ഓഫീസിലെ റ്റീ ബാഗ്‌ ചായ മടുക്കുമ്പോള്‍ കുടിയ്ക്കാമെന്നല്ലാതെ, എന്റെ ആത്മാവിണ്റ്റെ ദാഹം തീര്‍ക്കാന്‍ സായിപ്പിണ്റ്റെ ചായയും പോരാ.

ഇതിനിടയിലൊറ്റയ്ക്കൊന്നോടി നാട്ടിലും പോയി. ഒരു വീഴ്ചയില്‍ അപ്പനൊന്നു കിടപ്പിലായി പോയപ്പോള്‍ അപ്പനെ നോക്കാന്‍. അപ്പന്‍ കുടുകുടു വണ്ടി കൈ കൊണ്ടു തൊടാതെയായി. അതൊന്നു നേരെ നിറുത്താന്‍കൂടി അപ്പനെക്കൊണ്ടിനി പറ്റുംന്നു തോന്നണില്ല. എന്നാലും പോയ പ്രതാപകാലത്തിണ്റ്റെ സ്മരണായ്ക്ക് അതിന്നും അവിടെയുണ്ട്‌. അപ്പനെ ഞാന്‍ ചായക്കടയില്‍ കൊണ്ടോയി ചായ മേടിച്ചു കൊടുക്കണ്ട അവസ്ഥ.

അങ്ങോട്ടും ഇങ്ങോട്ടും പൊക്കിക്കൊണ്ടു നടക്കാന്‍ അപ്പനോ ആങ്ങളയോ കെട്ടിയോനോ ഇല്ലെങ്കില്‍ പിന്നാരു ചായ മേടിച്ചു തരാന്‍? സായിപ്പിന്റെ നാട്ടിലെ വണ്ടി ഓടിച്ച്‌ നാട്ടില്‍ ഡ്രൈവ്‌ ചെയ്യാന്‍ പോയിട്ട്‌ ഓരോ വണ്ടിയും എതിരെ വരുമ്പോള്‍ പേടിച്ചു കണ്ണിറുക്കി അടച്ച്‌, 'എത്രയും ദയയുള്ള മാതാവേ ' ചൊല്ലി ഇരിക്കുന്ന അവസ്ഥ. ഒരുവിധം അമേരിക്കക്കാരും അനുഭവിക്കുന്ന ദുരവസ്ഥ. നാട്ടിലെ ഡ്രൈവിങ്ങ്‌ ലൈസന്‍സിനി പുരാവസ്‌തു. ഉണ്ടായിരുന്ന സ്കൂട്ടി അപ്പനെടുത്തു വിറ്റു ചായകുടിച്ചു കളഞ്ഞു. പയങ്കരന്‍!! അതായിരുന്നെങ്കില്‍ ഒരു കൈ നോക്കാമായിരുന്നു.

കരിമണ്ണൂറ്‍ ചന്തയില്‍ ഒരു കടയില്‍ പോലും ഇന്നുവരെ ഒറ്റയ്ക്കു കേറിയിട്ടില്ലാത്ത ഞാന്‍ ഒറ്റയ്ക്കു നടന്നു ചന്തയിലെ കടയില്‍ പോയി പച്ചക്കറികളും മാവേലി സ്റ്റോറില്‍ പോയി പയറും പഞ്ചസാരയും മേടിച്ചു. ബസില്‍ കേറി തൂങ്ങി തൊടുപുഴ ചന്തയ്ക്കു പോയി മക്കള്‍ക്കു ചുരിദാറും തുണിയും മേടിച്ചു. ട്രാന്‍സ്പോര്‍ട്ട്‌ ബസില്‍ കേറി പോയി, ചങ്ങനാശേരിയിലും മിന്നല്‍ സന്ദര്‍ശനം നടത്തി. എന്നിട്ടും ഒരു ചായക്കടയിലൊറ്റയ്ക്കു കേറി ചായ കുടിയ്ക്കാന്‍ ഗട്‌സുണ്ടായില്ല.

ചായ കുടിയ്ക്കാനുള്ള മോഹം ബാക്കി വച്ച്‌ തിരിച്ചു പോന്നു. അടുത്ത പോക്കിനു വേണം വായ്ക്കു രുചിയായിട്ടൊരു ചായ കുടിയ്ക്കാന്‍. അതിനിയെന്നാണോ എന്തോ? അതിനു മുന്‍പെങ്ങാന്‍ ഞാന്‍ മയ്യത്തായാല്‍ , എന്റെ ആത്മാവ്‌ ഗതികിട്ടാതെ നാട്ടിലെ ചായക്കടകളുടെ പിന്നാമ്പുറം വഴി അലയുന്നുണ്ടാവും

ലേബലുകള്‍: , ,

16 അഭിപ്രായങ്ങള്‍:

3/22/2009 01:25:00 AM ല്‍, Blogger ജയരാജന്‍ പറഞ്ഞു...

“എന്നിട്ടും ഒരു ചായക്കടയിലൊറ്റയ്ക്കു കേറി ചായ കുടിയ്ക്കാന്‍ ഗട്‌സുണ്ടായില്ല” അതു കഷ്ടമായിപ്പോയി കുട്ട്യേടത്തിയേ. വല്ല കസിൻസിന്റെയും കൂടെപ്പോകാമായിരുന്നില്ലേ? അല്ലെങ്കിൽത്തന്നെ കുട്ടികളെയും കൊണ്ട് എത്ര അമ്മമാർ ചായക്കടയിൽ പോകുന്നു (കുട്ടികൾക്ക് ചായ വാങ്ങിക്കൊടുക്കാനെന്ന നാട്യത്തിൽ :))?
ഇനി അടുത്ത പ്രാവശ്യം നാട്ടിൽ‌പോകുമ്പോൾ മൻ‌ജിത്ത് ചേട്ടനോട് പറഞ്ഞ് ദിവസവും ഹോട്ടലീന്ന് ചായ വാങ്ങിയേക്ക് :)

 
3/22/2009 02:28:00 AM ല്‍, Blogger Kuttyedathi പറഞ്ഞു...

jayarajan te comment g mail il kandappoLaa ithu aRiyaathe posti ppoyennu manassilaayathu. pathivu pole veLichcham kaanaathe draft il kidakkenda sambhavamaayirunnu. title um illa, paragraph um thirikkaathe thaankal athengane vaayicheduththu ? namOvaakam !

enthaayaalum posti ppoyi..Jayarajan vaayicha version il nnu maatti paragraph okke thirichittittundippol..

kuttikaLe onnum kondovaathe ottaykkoru pokkaayirunnu :)

 
3/22/2009 06:09:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

You should have tried the tea stalls of busstations ....

 
3/22/2009 07:36:00 AM ല്‍, Blogger വല്യമ്മായി പറഞ്ഞു...

ഇതുപോലൊരു മോഹം കൊണ്ടാണ് നെടുമ്പാശ്ശേരിയിലിറങ്ങി അടുത്ത കവലയില്‍ കണ്ട ചായപ്പീടികയില്‍ നിന്ന് ചായ കുടിച്ചത്.മീന്‍‌മണമുള്ള ഗ്ലാസ്സില്‍ കടുപ്പത്തിലൊരു നാടന്‍ ചായ :)

 
3/28/2009 09:16:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

Welcome back!!!

 
3/28/2009 09:25:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

Palappozhum Kuttiyammede blogil keri nokkaarundaayirunnu, kurachu vishamavum undaayirunnu, enthey puthiya items onnum kaanunnillallo, Kuttiyamma naadu vittu kaanumo, atho aarengilum thattikkondu poyikkanumo (anganeyulla items alley thatti vittirunnathu - aarum thakkikkondu pokkalayum...kettoyon kelkkendaa). Ippo aaswaasamaayi. Vallappozhum, at least once in a month, ithiriyenthenkilum kuthikkuricholoo. Illengil...hmmm...

 
4/15/2009 10:51:00 PM ല്‍, Blogger Unknown പറഞ്ഞു...

another blogger from thodupuzha..great...

 
4/19/2009 12:19:00 PM ല്‍, Blogger aneel kumar പറഞ്ഞു...

ചായ വായില്‍ വയ്ക്കാന്‍ കൊള്ളൂല്ലാന്നു തോന്നിത്തുടങ്ങി. യെന്തരെല്ലാം സ്റ്റയിലുകളില്‍ പരീക്ഷിച്ചു നോക്കി. വെള്ളവും പാലുമൊരുമിച്ചു വച്ചു, വെള്ളമൊഴിച്ചു തെളച്ചു പൊടിയിട്ടിട്ടു പാലൊഴിച്ചു നോക്കി, ഏലക്കായും ഇഞ്ചിയും കറുവാപ്പട്ടയുമൊക്കെ ഇട്ടു മസാലച്ചായ നോക്കി..ഓ. അതു തന്നെ.

എന്നാലും ആ ചായേടെ ഗുട്ടന്‍സ് എന്താണാവോ. ‘ബ്രോയിലറി’ല്‍ കെടന്ന് തെളച്ച വെള്ളത്തിന്റെയാവും.

അപ്പൊ ഇങ്ങളെക്കെ ഇവിടെക്കെ തന്നെ ഒണ്ട് അല്ലീ?

 
4/24/2009 03:08:00 PM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

nice post :)

 
5/12/2009 12:23:00 AM ല്‍, Blogger Calvin H പറഞ്ഞു...

ഓഫ്:
ടെറ്റ്ലേ ചായപ്പൊട് വാങ്ങുക.
വെള്ളം തിളപ്പിക്കുക. തിളക്കുമ്പോള്‍ പൊടി ഇടുക അപ്പൊ തന്നെ ഫ്ലയിം ഓഫ് ചെയ്യുക... പഞ്ചസാര ഇടുക. തിളച്ച പാല്‍ അപ്പോ തന്നെ ഒഴിക്കുക. ഒരു മീറ്റര്‍ പൊക്കത്തില്‍ രണ്ടടിയും...

നല്ല കിടു ചായ ഉണ്ടാക്കാം.

 
5/27/2009 04:42:00 PM ല്‍, Blogger പാഞ്ചാലി പറഞ്ഞു...

വീണ്ടും പൂതിയ പോസ്റ്റുകള്‍ കാണാന്‍ സാധിച്ചതില്‍ സാന്തോഷം!
ഇനിയും മുങ്ങാതെ ഇവിടെത്തന്നെ പൊങ്ങിക്കിടക്കുമല്ലോ?
:)

 
12/22/2009 11:36:00 AM ല്‍, Blogger ആഷ | Asha പറഞ്ഞു...

പോസ്റ്റുകൾ ഓരോന്നായി വായിച്ചു വരികയാ :)

തെലുങ്കു സ്റ്റൈൽ ചായ പറയട്ടെ? പാലും അത്രയും തന്നെ വെള്ളവും അതിനൊപ്പം തന്നെ ചായപ്പൊടിയും പഞ്ചസാരയുമിട്ട് തീ വളരെ കുറച്ചു വെച്ച്, ഒരു 5-8 മിനിറ്റ് ആ ചായയെ കുറിച്ചേ മറന്നേക്കുക. അതിനു ശേഷം നല്ല മണമടിക്കും. തീ കുറവായതു കൊണ്ട് തിളച്ചു പോവില്ല. മേമ്പൊടിക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ

1. എലയ്ക്ക
2. ഇഞ്ചി കഷണം
3. ഒരു ഗ്രാമ്പൂവും എലയ്ക്കയും ഒന്നു ചതച്ചത്

ഇതിൽ ഏതെങ്കിലും ഇഷ്‌ടമുള്ളത് ആദ്യമേ തന്നെ ചേർക്കാം വേണമെങ്കിൽ.

ഇവിടെ (ഹൈദ്രാബാദിൽ) എരുമപ്പാലായതു കൊണ്ട് നാട്ടിലെ പോലെ പാലിനു രുചിയില്ല. കടുപ്പം കുറഞ്ഞ ചായയാണ് ഈ പാലു കൊണ്ട് ഉണ്ടാക്കണതെങ്കിൽ പിന്നെ പറയുകേ വേണ്ട. :(

ഇപ്പോ വന്നു വന്ന് എനിക്ക് ഇവിടുത്തെ ഇങ്ങനെ കടുപ്പമുള്ള വെന്തു കുറുകിയ ചായയാ ഇഷ്ടം. പിന്നെ ശീലമാകണ്ടാന്നു കരുതി നിർത്തി വെച്ചിരിക്കുവാ.

പൊടിതേയിലയല്ല, ഇലതേയിലയാണ് ഇതിനു ഉപയോഗിക്കാൻ നല്ലത്.

 
12/22/2009 11:36:00 AM ല്‍, Blogger ആഷ | Asha പറഞ്ഞു...

രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

 
4/28/2010 08:25:00 AM ല്‍, Anonymous അജ്ഞാതന്‍ പറഞ്ഞു...

കുട്ട്യേടത്തി കലക്കി,
പിന്നെ നാണക്കേട് വിചാരിക്കാതെ ചുമ്മാ ഒരു ചായക്കടയിൽ കേറി ചായ കുടിക്കണം......

 
7/15/2010 08:47:00 PM ല്‍, Blogger Jijo പറഞ്ഞു...

എന്റെ ഭാര്യയോട് ചായക്ക് രുചിയില്ലെന്നും പറഞ്ഞ് മിക്കപ്പോഴും വഴക്കാ. പാവം, കഷ്ടപ്പെട്ടുണ്ടാക്കിയ ചായ നന്നല്ലെന്ന് പറഞ്ഞാൽ വേദനിക്കാതിരിക്കോ? ഓഫീസിലാണെങ്കിൽ ലിപ്റ്റൺ ടീ ബാഗായിരുന്നു. വെറും കടം.

ഭാഗ്യമെന്നേ പറയേണ്ടൂ, കഴിഞ്ഞ മാസം ഞങ്ങളുടെ കോഫി മഷീൻ മാറ്റി. ഇപ്പോളുള്ളതിൽ ഇംഗ്ലീഷ് ബ്രേയ്ക്ക്ഫാസ്റ്റ് ടീ എന്നു പരഞ്ഞൊരു സാധനമുണ്ട്. സമയമെടുത്ത് ബ്രൂ ചെയ്ത് തരുന്ന മെഷീനും. ആദ്യമായിട്ടാണ്‌ ചായ ബ്രൂ ചെയ്യുന്ന മെഷീൻ കാണുന്നത്. സംഗതി എന്തായാലും ഉഗ്രൻ. നാട്ടിലെ ചായക്കട ടേസ്റ്റിന്റെ ഒരു അയലക്കത്തൊക്കെ എത്തുന്ന പോലെ.

 
7/22/2010 01:19:00 PM ല്‍, Anonymous Roy Thomas പറഞ്ഞു...

Ithu vaayichappol pandathe Samuel achaayante chaayakkadayile kidilan chaayayudeyum, manamulla dosayudeyum sundaramaaya oru ruchi!

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം