തിങ്കളാഴ്‌ച, ഓഗസ്റ്റ് 17, 2009

ആവലാതികള്‍ വേവലാതികള്‍

പ്രിയ ബഹുമാനപ്പെട്ട മനശാസ്ത്രജ്ഞയ്ക്ക്‌,

ജീവിതത്തിലൊരിക്കല്‍ പോലും ഇതു പോലുള്ള 'മനശാസ്ത്രജ്ഞനോടു ചോദിക്കുക' പോലൊരു പംക്തിയിലേയ്ക്കു ഞാനെഴുതിയിട്ടില്ല. അങ്ങനെ വഴിയില്‍ കാണുന്ന 'ചേട്ടനോടും ചേച്ചിയോടും മനശാസ്ത്രജ്ഞനോടും' സ്വന്തം ജീവിത പ്രശ്നങ്ങള്‍, പറയുന്നവരൊക്കെ മരമണ്ടന്‍മാരും, പരമ്പര വിഡ്ഢികളുമാണെന്നു ഞാന്‍ വിശ്വസിച്ചും പോന്നിരുന്നു. പക്ഷേ ഇന്നിപ്പോള്‍ ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ എണ്റ്റെ ഈ പ്രശ്നത്തിനൊരു മറുപടി തരാന്‍ ചേച്ചിയ്ക്കു മാത്രമേ സാധിക്കൂ എന്നു ഞാനുറച്ചു വിശ്വസിക്കുന്നു.

പല വാരികകളിലായി പല മനശാസ്ത്ര പംക്തികളുണ്ടെങ്കിലും, ഞാന്‍ ചേച്ചിയെ തന്നെ തിരഞ്ഞെടുത്തതിനു കാരണങ്ങള്‍ രണ്ടാണ്‌. 1. ചേച്ചി ഒരു മനശാസ്ത്രജ്ഞ കൂടിയാണ്‌. എനിക്കു വട്ടാണോ അല്ലയോ എന്നു ചേച്ചിക്കു കൃത്യമായി പറയാന്‍ പറ്റും. 2. ചേച്ചി ഒരമ്മയാണ്‌. അതുകൊണ്ടു ഞാന്‍ പറയാന്‍ പോകുന്നതൊക്കെ ചേച്ചിക്ക്‌ മറ്റാരേക്കാള്‍ നന്നായി മനസ്സിലാക്കാന്‍ പറ്റും.

ഇനി എണ്റ്റെ പ്രശ്നത്തിലേയ്ക്കു കടക്കട്ടെ. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍, എണ്റ്റെ നീറുന്ന പ്രശ്നമിതാണ്‌ - 'ചിര പുരാതന കാലമായി, കഥകളിലും കവിതകളിലും, സിനിമയിലുമൊക്കെ നമ്മള്‍ കാണുന്ന തരത്തിലൊരമ്മയാവാനെനിക്കു പറ്റുന്നില്ല.' ചേച്ചിക്കൊന്നും മനസ്സിലായില്ലാല്ലേ ? ഞാനെല്ലാം തുറന്നു പറയാം ചേച്ചി. ചേച്ചിയില്‍ നിന്നെനിക്കൊന്നും ഒളിക്കാനില്ല.

എണ്റ്റെ ചേച്ചീ, നമ്മുടെ കവികളൊക്കെ എന്താ പാടിയിരിക്കുന്നത്‌? അമ്മയെന്നാല്‍, ദൈവത്തിനും മുകളിലുള്ള എന്തോ വലിയ ഒരു സംഭവം എന്നല്ലേ ? അമ്മ കരയില്ല, അമ്മയ്ക്കു സങ്കടങ്ങളില്ല.. അമ്മ ദേഷ്യപ്പെടില്ല.. അമ്മ ഭൂമിയേക്കാള്‍ ക്ഷമിക്കുന്നവളാണ്‌. അമ്മയ്ക്കു ക്ഷീണമില്ല, തളര്‍ച്ചയില്ല, അമ്മയ്ക്കു വേദനിക്കില്ല, രോഗം വന്നാല്‍ ക്കൂടിയൊന്നു വിശ്രമിക്കണ്ട. അമ്മയെന്നാല്‍, രാവിലെ നേരം വെളുക്കുന്നതിനും മുന്നേ ഓണാക്കിയാല്‍, രാത്രി ഒരു പന്ത്രണ്ടു മണി വരെ യാതോരു പരാതികളുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു മെഷീനാണ്‌.. എന്നൊക്കെയല്ലേ ?

എണ്റ്റെ ചേച്ചിയേ, ഞാനും കെട്ടി. ഞാനും രണ്ടു പെറ്റു. കെട്ടുന്നതിനു മുന്നേ ഈ പ്പറഞ്ഞ മാതിരിയുള്ള ദൈവിക സ്വഭാവങ്ങളൊന്നുമെനിക്കിലായിരുന്നു. ദേഷ്യം വന്നാല്‍ കണ്ണും മൂക്കും കാണാത്ത, ആരൊടെന്നു നോക്കാതെ ദേഷ്യപ്പെടുന്ന, സാധനങ്ങളൊക്കെ വലിച്ചെറിയുന്ന ഒരു സാധാരണ മനുഷ്യ സ്ത്രീ. ദേഷ്യം തണുക്കുമ്പോളെല്ലാരേയും പോലെ, ക്ഷമ ചോദിച്ച്‌, ഉമ്മ കൊടുത്ത്‌, സ്നേഹ ബന്ധങ്ങള്‍ നിലനിറുത്തിയിരുന്ന ഒരു വെറും പെണ്ണ്‌.

വെല്ലുവിളിച്ചാല്‍/ചൊടിപ്പിച്ചാല്‍ വീറും വാശിയും കാണിക്കുന്ന, ഇച്ചരെ കുശുമ്പും കുന്നായ്മയും പരദൂഷണവുമൊക്കെ പറയാനിഷ്ടപ്പെടുന്ന, ഒരു പെണ്ണിണ്റ്റേതായ എല്ലാ മണവും കൊണവുമുള്ള ഒരു സാദാ പെണ്ണ്‌. സങ്കടം വന്നാല്‍ കരയുന്ന, സന്തോഷം വന്നാല്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന, വേദനിച്ചാലാര്‍ത്തലച്ചു കരയുന്നൊരു മനുഷ്യജീവി.

അപ്പോളൊക്കെ ഞാന്‍ വിചാരിച്ചിരുന്നതു, പെറുമ്പോള്‍ സംഭവിക്കുന്ന എന്തോ രാസപ്രവര്‍ത്തനമോ..അല്ലെങ്കില്‍ ഹോര്‍മോണ്‍ വ്യതിയാനമോ കൊണ്ട്‌ (ഇപ്പോ ഹോര്‍മോണല്ലേ ചേച്ചീ ഒരു ഫാഷന്‍ ? യെന്തരോ സംഭവിച്ചാലും, ഹോര്‍മോണിണ്റ്റെ വ്യതിയാനം കൊണ്ടാണെന്നല്ലിയോ പറച്ചില്‌ ? ) ഞാനും പെറ്റു കഴിയുമ്പോള്‍ ഇതൊക്കെ മാറി ദൈവീക അമ്മയാകുമായിരിക്കുമെന്നു ഞാന്‍ വ്യാമോഹിച്ചു. എവിടെ ?

അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ്‌ ലോകത്തിലെ ഏറ്റവും രുചിയുള്ള ഭക്ഷണം, അമ്മ എപ്പോളുമിങ്ങനെ മടുപ്പില്ലാതെ പാചകം ചെയ്തു, വിവിധ വിഭവങ്ങള്‍ തീന്‍ മേശയില്‍ വിളമ്പുന്ന ഒരു റോബോട്ടാണെന്നൊക്കെയല്ലേ നമ്മള്‍ സിനിമയിലും കഥകളിലുമൊക്കെ കാണുന്നത്‌ ? എണ്റ്റെ പൊന്നു ചേച്ചീ, ചേച്ചിയോടായതു കൊണ്ടുള്ള സത്യം പറയാമല്ലോ, എനിക്കടുക്കള കാണുന്നതു തന്നെ കലിയാണ്‌. അല്ല ചേച്ചി തന്നെ പറ. ഈ ലോകത്തു നമ്മളെന്തു പണി ചെയ്താലുമതിനൊരു ഫലമുണ്ടാവുമേ..? ഉദാഹരണത്തിന്‌, കോടെഴുതിയാല്‍, ദിവസത്തിണ്റ്റെ അവസാനം, ഒരു പ്രോഗ്രാം ബാക്കി കാണും. ഒരു മണിക്കൂറു തയ്യല്‍ മിഷ്യന്‍ ചവിട്ടിയാല്‍, ഒരു ബ്ളൌസോ ഉടുപ്പോ എന്തെങ്കിലുമൊന്നുണ്ടാവും. ഒക്കെ പോട്ടെ, പത്തു തൊട്ടി വെള്ളം കോരിയാല്‍, നാലു പാത്രം നെറച്ചു വെള്ളം കാണും. അതേ സമയം അടുക്കളപ്പണിയോ ?

രാവിലെ എഴുന്നേല്‍ക്കുമ്പോ, കഴുകി വൃത്തിയായി അലമാരയിലിരിക്കുന്ന പാത്രങ്ങളാണേ, ഒരു ബ്രേയ്ക്‌ഫസ്റ്റ്‌ കഴിയുമ്പോളേയ്ക്കും, സകല പാത്രവും സിങ്കില്‍. ഒക്കെയൊന്നു കഴുകിയൊതുക്കുമ്പോളേയ്ക്കും ഉച്ചയ്ക്കത്തേയ്ക്കുള്ളത്‌ തുടങ്ങാറാവും.. ചുരുക്കി പറഞ്ഞാല്‍, സിങ്ക്‌ നെറയ്ക്കുക, സിങ്കൊഴിവാക്കുക, പിന്നേം സിങ്ക്‌ നെറയ്ക്കുക, പിന്നേമൊഴിവാക്കുക .. ഇതന്നെയല്ലേ ചേച്ചി ഈ അടുക്കള പ്പണി? വട്ടുണ്ടൊ ഈ പ്പണി രാവിലെ തൊട്ടു വൈകിട്ടു വരെ ചെയ്തോണ്ടിരിക്കാന്‍ ? പക്ഷേ സിനിമയിലെ അമ്മയിതൊക്കെ ചിരിച്ചോണ്ടു മുഖം കറുക്കാതെ, ഒന്നു പരാതി പറയുക കൂടി ചെയ്യാതെ, ചെയ്യുന്നുണ്ടല്ലോ.. അപ്പോപ്പിന്നെ എനിക്കാരിക്കുമോ ചേച്ചീ വട്ട്‌ ?

ഇനിയെണ്റ്റെ ചേച്ചീ, എനിക്കിടക്കിടക്കു ദേഷ്യം വരും. മക്കളാണെന്നു പറഞ്ഞിട്ടു കാര്യമുണ്ടോ..കുരുത്തക്കേടു കാണിച്ചാലെനിക്കു നല്ല കലി വരും. വീട്ടിലു വിരുന്നുകാരു വന്ന നേരത്ത്‌, കാസറോളില്‍ അപ്പമെടുത്തു വച്ചിട്ടു, എല്ലാരേം കഴിക്കാന്‍ വിളിച്ചു വരുമ്പോള്‍, ഒരു ഗ്ളാസ്സ്‌ ചോക്ക്ളേയ്റ്റു മില്‍ക്ക്‌, കാസറോളിലെ മുഴുവന്‍ അപ്പത്തിണ്റ്റേം മുകളിലൊഴിച്ചിട്ടു, ചിരിച്ചു നില്‍ക്കണൂ, എണ്റ്റെ സന്താനം. തല്ലണോ.., അതോ കൊല്ലണോ.. ചേച്ചി തന്നെ പറ.

വീടു മുഴോന്‍ തൂത്തു തുടച്ചു നടുവൊടിഞ്ഞ്‌, ഒന്നു മുഖം കഴുകാന്‍ മാറുമ്പൊളാരിക്കുമെണ്റ്റെ സന്താനം, തറയിലു ജ്യൂസു കമത്തുക, അല്ലെങ്കില്‍കഴുകി വച്ചിരിക്കുന്ന മുഴുവന്‍ പാത്രങ്ങള്‍ക്കു മുകളിലും യോഗര്‍ട്ടിട്ട്‌ (തൈര്‌), അതില്‍ രാജാരവിവര്‍മയെ പോലെ പടം വരച്ചു കളിക്കുക. ചേച്ചി തന്നെ പറ കലി വരുമോന്ന്‌. കൊടുത്തു തുടയ്ക്കിട്ടൊരെണ്ണം..

മകളാണെങ്കില്‍ വല്യേ വായനക്കാരിയാ. അതിനിരുപത്തി നാലു മണിക്കൂറും പൊത്തകം വായിച്ചോണ്ടിരിക്കണം.. എപ്പോളും വായിച്ചോണ്ടിരുന്നാല്‍, അണ്ണാക്കിലേയ്ക്കു ഞം ഞം വയ്ക്കാനുള്ളതു തന്നെയുണ്ടാവുമോ ചേച്ചിയേ? എന്നിട്ടുമെണ്റ്റെ ചേച്ചീ, എന്നെ പറ്റുമ്പോലെയൊക്കെ ഞാന്‍ വായിച്ചു കൊടുക്കണുണ്ട്‌.. ഇറച്ചിയരിഞ്ഞോണ്ടിരുന്ന മുഴോന്‍ നേരം ഞാന്‍ സൈടിലിരുത്തി വായിച്ചോണ്ടാ ചെയ്തത്‌. പിന്നെയതു കഴിഞ്ഞതു കഴുകി വാരി അടുപ്പില്‍ കേറ്റുന്ന നേരത്തു വായിക്കാന്‍ പോയാലൊക്കെ കരിയൂല്ലേ എണ്റ്റെ ചേച്ചിയേ ? എനിക്കു രണ്ടു കയ്യല്ലേ ഉള്ളൂ ?

എന്നാലാ പെങ്കൊച്ചു വിചാരിക്കണ്ടേ, 'എണ്റ്റെ തള്ള ഇത്രോം നേരമെനിക്കു വായിച്ചു തന്നു. ഇനി ലഞ്ചു റെടിയാകുന്ന വരെ പോയി വല്ലതും വേറേ കളിക്കാമെന്ന്‌'. ങേഹേ... അതവിടെയിരുന്നു കിണുങ്ങും.. എന്നിട്ടു ചങ്കില്‍ കൊള്ളുന്ന ഒരു ഡയലോഗുമടിക്കും. "ദെയറീസ്‌ നോ വണ്‍ റ്റു റീഡ്‌ ഫോര്‍ മീ " യെന്ന്‌.. ചങ്കെടുത്തു കാണിച്ചാല്‍ ചെമ്പരത്തി പൂവാണെന്നു പറഞ്ഞാല്‍ പിന്നെ എന്നാ ചെയ്യുമെണ്റ്റെ ചേച്ചിയേ ? സങ്കടോം ദേഷ്യോമൊക്കെ വന്നിട്ടു ഞാന്‍ പിന്നെയെന്തൊക്കെയാ അലറുകാന്നെനിക്കു തന്നെയറിയില്ല.

ഇതൊക്കെയോരോ ഉദാഹരണാങ്ങള്‍ മാത്രം കേട്ടോ ചേച്ചിയേ.. എന്നിട്ടു എണ്റ്റെ മക്കളോടു ഞാന്‍ ദേഷ്യപ്പെട്ടല്ലോ എന്നോര്‍ത്തിരുന്നു ബാത്‌റൂമില്‍ പൈപ്പ്‌ തുറന്നിട്ടും, ഡ്രൈവ്‌ ചെയ്യുമ്പോളുമൊക്കെ ആരും കേള്‍ക്കാതെ.. ഞാന്‍ വാവിട്ടു കരയും.. എന്നെ തന്നെ യടിക്കും... സത്യായിട്ടുമെനിക്കു വട്ടാണോ ചേച്ചി.. ? എനിക്കെന്താ ചേച്ചി സിനിമയിലെ അമ്മയാകാന്‍ പറ്റാത്തത ?

പിന്നെ, എനിക്കിടയ്ക്കിടയ്കു പനിയും ജലദോഷവും തലവേദനയുമൊക്കെ വരും... അപ്പോ എനിക്കൊന്നു വിശ്രമിക്കണം... ഒരു പെയിന്‍ കില്ലറു കഴിച്ചൊരര മണിക്കൂറു കിടക്കണം.. കിടന്നിട്ടെഴുന്നേറ്റു കഴിഞ്ഞാലെനിക്കൊടുക്കത്തെ കുറ്റബോധമാണെണ്റ്റെ ചേച്ചിയേ .. സിനിമയിലെ അമ്മമാരൊന്നും കിടക്കുന്നില്ലല്ലോ.. അവര്‍ക്കാര്‍ക്കും അസുഖം വരാറില്ല, വന്നാല്‍ തന്നെ അവരാരും കെടക്കറില്ല... വീട്ടിലുള്ള ബാക്കിയുള്ളവര്‍ക്കസുഖം വരുമ്പോള്‍, ഇരുപത്തിനാലു മണിക്കൂറും നിന്നു പരിചരിക്കുന്നവളല്ലേ നല്ല അമ്മ ? എനിയ്ക്കെപ്പോഴും തലവേദന തരുന്ന ദുഷ്ട ദൈവത്തിനോടെനിക്കു കടുത്ത പക പോലും തോന്നുമെണ്റ്റെ ചേച്ചി.. ഞാനെന്താ ചേച്ചിയിങ്ങനെ ?

ചേച്ചി, സത്യമായിട്ടുമെനിക്കെന്താ പ്രശ്നം ? എല്ലാ അമ്മമാരുമെന്നെ പ്പോലെയൊക്കെ തന്നെയാണോ ചേച്ചി ? അപ്പോ പിന്നെ, സിനിമാക്കാരും , കഥാകാരന്‍മാരും, കവികളുമൊക്കെ കൂട്ടത്തോടെ നുണ പറഞ്ഞെന്നാണോ ? ഏയ്‌.. അതാവാന്‍ വഴിയില്ല. അപ്പോ പിന്നെ ഞാന്‍ മാത്രമെന്താ ചേച്ചിയിങ്ങനെ ? ഓരോ ദിവസൊം രാവിലെ ഉണരുമ്പോ, ഇന്നു ഞാന്‍ സിനിമയില്‍ കാണുന്ന മാതിരി ദൈവ തുല്യമായ അമ്മയാരിക്കുമെന്നൊക്കെ ദൃഡ പ്രതിജ്ഞ ചെയ്തെഴുന്നേല്‍ക്കും. വൈകിട്ടുറങ്ങാന്‍ നേരം, ഞാനൊരു പൂര്‍ണ്ണ പരാജയമായിരുന്നു എന്നു മനസ്സിലാക്കി കരയും. ഞാനൊരു റ്റോട്ടല്‍ ഫെയിലിയറാണെന്നൊക്കെ നഷ്ടബോധം തോന്നുമെപ്പോളും, ചേച്ചി.

അല്ല ചേച്ചീ, എനിക്കു മനസ്സിലാവാത്തത്‌, അതുവരെ വെറുമൊരു പെണ്ണായിരുന്ന, ഒരാളെങ്ങനെയൊന്നു പെറുമ്പോളേയ്ക്കും, എല്ലാ കുറ്റങ്ങളും കുറവുകളുമൊക്കെ ഇല്ലാണ്ടായി ദൈവതുല്യമാകുമെന്നാ ? ഇനിയവരൊക്കെ വല്ല ഹോര്‍മോണും കുത്തി വയ്ക്കണുണ്ടാവോ ചേച്ചി ? ഞാനാണെങ്കില്‍ ഇണ്റ്റര്‍നെറ്റിലൊക്കെ സേര്‍ച്ചിയിട്ടും, അങ്ങനെയൊരു ഹോര്‍മോണില്ലെന്നാ ഗൂഗിളു പുണ്യാളച്ചന്‍ പറയണത്‌. എണ്റ്റെ ചേച്ചീ, ഒരു ഡിപ്രഷണ്റ്റെ വക്കിലാണു ഞാന്‍. എല്ലാ വഴികളുമടഞ്ഞിട്ടാണു ഞാന്‍ ചേച്ചിക്കെഴുതുന്നത്‌. ചേച്ചിയെന്നെ ഈ പ്രതിസന്ധിയില്‍ നിന്നെങ്ങിനെയെങ്കിലും രക്ഷിക്കുമെന്നുള്ള ശുഭാബ്ധി വിശ്വാസത്തില്‍..

സ്നേഹപൂര്‍വ്വം അനാമിക

(അങ്ങേതിലെ ജാനൂ, ചേച്ചീടെ 'ആവലാതികള്‍ വേവലാതികള്‍' കോളം മുടങ്ങാതെ വായിക്കുന്നതാ. അതാ കള്ളപ്പേര് വച്ചത്. :)

വാല്‍ക്കഷണം: മനശാസ്ത്രജ്ഞയോടും പറയാതെ പോയത്‌ : ഈ കത്തില്‍ 'ചേച്ചി' എല്ലാം മാറ്റി 'ചേട്ടന്‍' എന്നാക്കി, മറ്റേ 'മ' വാരികയിലെ 'ചേട്ടനോടു ചോദിക്കൂ' എന്ന കോളത്തിലേയ്ക്കും ഞാന്‍ അയച്ചിട്ടുണ്ട്‌. രണ്ടു തല ചേരും, പക്ഷേ നാലു ഡാഷ്‌ ചേരില്ലാ ' എന്നല്ലേ ? നോക്കട്ടെ, ചേച്ചിയാണോ, അതോ ചേട്ടനാണോ എണ്റ്റെ ഹൃദയ വേദനകള്‍ മനസ്സിലാക്കുകയെന്ന് :)

ലേബലുകള്‍: