വ്യാഴാഴ്‌ച, മേയ് 14, 2009

ഒരു മന്ത്രകോടിയും കുറേ ചിന്തകളും

ഈ അടുത്തിടെ ഒരു കല്യാണം കൂടി. വധുവിണ്റ്റെ സാരിയുടെ വെല വെറും അറുപത്തയ്യായിരം രൂപ. (എണ്റ്റീശ്വരന്‍മാരേ.., 'എണ്റ്റെ മന്ത്രകോടിക്കു വെറും അയ്യായിരമേ ഉണ്ടായിരുന്നുള്ളല്ലോ ..കാലം പോയ പോക്കേ,' എന്നും മറ്റും ആരും അറിയാതെ പോലും നെടുവീര്‍പ്പിട്ടു കളയല്ലേ. പ്ളീസ്‌.. ഒരു നെടുവീര്‍പ്പ്‌ പാതി വഴി വന്നെങ്കില്‍ അതവിടെ വച്ചു കോര്‍ക്കു കൊണ്ടടച്ചു വച്ചോ എങ്ങനേയും പിടിച്ചു നിര്‍ത്തിക്കോ. നൊസ്റ്റാള്‍ജിയ ഒക്കെ ഗമ്പ്ളീറ്റ്‌ ഔട്ട്‌ ഓഫ്‌ ഫാഷനായെന്നേ. അല്ലെങ്കിലും ആ പരാതിക്കര്‍ത്ഥമില്ലല്ലോ. മ്മടെ അമ്മൂമ്മയ്ക്കു വന്നു പറയാമല്ലോ, അവരുടെ മന്ത്രകോടിക്കു വെറും ഇരുന്നൂറു രൂപയായിരുന്നു വെല എന്ന്‌ .. )

അറുപത്തയ്യായിരം രൂപേടെ സാരി എന്നു പറയുമ്പോള്‍, സാരിക്കതിനനുസരിച്ച്‌ കനവും വേണമല്ലോ. ലോകത്തുള്ള മുത്തും പവിഴവും സീക്വന്‍സുമൊക്കെ അതിലുണ്ട്‌.

ചെക്കന്‍ പെണ്ണിണ്റ്റെ തലയില്‍ മന്ത്രകോടി കൊണ്ടു പുതയ്ക്കുന്ന ഒരു ചടങ്ങുണ്ട്‌. ഒരു മിനിറ്റിനകം തന്നെ അതു തിരിച്ചുമെടുക്കും. ആ ചടങ്ങിണ്റ്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ല.

ഇന്നു മുതല്‍ മരണം വരെ, എനിക്കു നിണ്റ്റെ തലയില്‍ കേറിയിരുന്നു നെരങ്ങാനും, ബോറടിക്കുമ്പോള്‍ തലേലിരുന്നു ചെവി തിന്നാനും, എന്തിനു തലേല്‍ കേറിയിരുന്നു യൂറിന്‍ പാസ്‌ ചെയ്യാന്‍ പോലുമുള്ള അധികാരം ഞാന്‍ ഇതിനാല്‍ തീറെഴുതി എടുക്കുന്നു എന്നാരിക്കുമോ ? അറിയില്ല.

തലയില്‍ നിന്നെടുത്താല്‍ സാരി മടക്കി പെണ്ണിണ്റ്റെ കയ്യിലിട്ടു കൊടുക്കും. ആള്‍റെടി ആനയ്ക്കെടുപ്പതു പൊന്നുമായിട്ടാണ്‌, പെണ്ണിണ്റ്റെ നില്‍പ്‌. കൈയ്യില്‍ നെറയെ വളയും, പിന്നെ ബൊക്കേയും ഉണ്ട്‌. അതിണ്റ്റെ കൂടേയ്ക്കാണ്‌, ഈ സാരി കൂടി..

ഇനിയങ്ങോട്ടൊരു കാലത്തും നിണ്റ്റെ കൈയൊഴിയുവേകേലെന്നും, എപ്പോളും, കയ്യിലൊരെണ്ണം , പിന്നെ ഒക്കത്തൊരെണ്ണം, എന്ന കണക്കിലുണ്ടാകുമെന്നുമായിരിക്കുമിതിണ്റ്റെ വിവക്ഷ.

പിന്നീടു പള്ളിയിലെ ചടങ്ങുകള്‍ തീര്‍ന്ന്‌, പെണ്ണു വെള്ളസാരി/ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നതു വരെ, അതിങ്ങനെ കയ്യിലിടണം. പിന്നീടവിടെ നടന്ന രംഗങ്ങളൊരേ സമയം ചിരിയും സഹതാപവുമുണ്ടാക്കി.

സാരിയുടെ കനം താങ്ങാന്‍ വയ്യാതെ കല്യാണപ്പെണ്ണ്‌, ആരെങ്കിലുമിതൊന്നെടുത്തു മാറ്റുമോ, എന്നു ദയനീയമായി കണ്ണുകൊണ്ടാംഗ്യ ഭാഷയില്‍ ചോദിക്കുന്നു. " അയ്യോ, എടുത്തൂടാ, തീരണ വരെ പിടിക്കണം, വേണമെങ്കില്‍ മറ്റേ കയിലേയ്ക്ക്‌ മാറ്റിയിട്ടു തരാമെന്നു നാത്തൂന്‍.

അഞ്ചു മിനിറ്റിനകം ആ കൈയ്യും കഴയ്ക്കുന്നു. കല്യാണപെണ്ണ്‌ ആകപ്പാടെ വീര്‍പ്പുമുട്ടലും അസ്വസ്ഥതയും കാണിക്കുന്നു.

പിന്നീടുള്ള ചടങ്ങുകള്‍ തീരുന്നതു വരെ സാരി, "ആ കയ്യിലീക്കയ്യിലോ..മാണിക്യ ചെമ്പഴുക്കാ.. എണ്റ്റെ വലം കയ്യിലേ.. മാണിക്യ ചെമ്പഴുക്ക.. എണ്റ്റെ ഇടം ..കയ്യിലേ മാണിക്യ ചെമ്പഴുക്ക.." എന്ന മട്ടില്‍ ഇടം കയ്യിലും വലം കയ്യിലും മാറി മാറി ഓടിക്കളിച്ചു.

അതുകൊണ്ടു മന്ത്രകോടി എടുക്കുന്നവര്‍ ദയവു ചെയ്തു വീട്ടില്‍ നിന്നൊരു ത്രാസും കൊണ്ടു പോവുക. ഇഷ്ടപ്പെടുന്ന സാരികള്‍ തൂക്കി നോക്കി മാത്രം എടുക്കുക. ആ സാരി പെണ്ണിണ്റ്റെ കയ്യില്‍ മടക്കിയിട്ട്‌, പെണ്ണിനെ ഒരു മണിക്കൂറ്‍, ആ കടയുടെ മുന്നില്‍ ഡമ്മിയായി നിറുത്തുക. ഈ പരീക്ഷയില്‍ പെണ്ണും സാരിയും വിജയിച്ചാല്‍ മാത്രം..

അടിക്കുറിപ്പ്‌ : ഹൌ ആ മന്ത്രകോടി ആ പെണ്ണിണ്റ്റെ കയ്യില്‍ന്നു നേരേ ഇറങ്ങി എണ്റ്റെ മനസ്സിലേയ്ക്കാ പോന്നത്‌. എന്തൊരൊടുക്കത്ത കനമാരുന്നു. ഇവിടെയിറക്കി വച്ചപ്പോള്‍ എന്തൊരാശ്വാസം!

ലേബലുകള്‍: