ഞായറാഴ്‌ച, ജൂൺ 24, 2007

ഒരു പോസ്റ്റെഴുതാനും സമ്മതിക്കില്ലാന്നു വച്ചാല്‍..

ദിവസേന രാത്രി ഞാന്‍ കുത്തിയിരിക്കു
മെന്തെങ്കിലുമൊന്നു കുത്തിക്കുറിക്കേണമെന്നോര്‍ത്ത്‌,
പോസ്റ്റുകളനവധി മനസ്സിലിങ്ങനെ തിക്കുമുട്ടി കിടക്കുന്നു,
എന്നെപറ്റിയെഴുതെടോ, എന്നെയാദ്യമെഴുതുമോയെന്ന് നിലവിളിച്ച്‌..

പലപ്പോഴും പലതുമങ്ങഴുതാന്‍ മുട്ടും, കുളിക്കുമ്പോഴും ഡ്രൈവുമ്പോഴും
ഞാനവ മനസ്സിലിട്ടു പരുവപ്പെടുത്തി പാകപ്പെടുത്തി
വാക്യങ്ങള്‍ പോലും നാവിന്റെ തുമ്പിലുണ്ട്‌,
കേട്ടെഴുതാനാളെ കൂലിക്കു വച്ചാലോ..

പറഞ്ഞിട്ടെന്തു കാര്യം, പാതിരയാവും അടുക്കളയില്‍ നിന്നൊന്നു കേറുമ്പോള്‍,
അടുക്കള കണ്ടു പിടിച്ചവനെ കൊല്ലണമെന്നു പറഞ്ഞതാരാണ്‌?
നിര്‍മലേച്ചിയോ ഡാലിയോ അതോ കെ ആര്‍ മീരയോ ?
ആരായാലുമവരാപ്പൂതി മനസ്സില്‍ തന്നെ വച്ചോട്ടെ
ആ സാമദ്രോഹിയെ എനിക്കു തന്നെ കൊല്ലണം,
എന്നാലേയെന്റെ കലിയടങ്ങൂ..

അഞ്ചേകാലിനു കുടുമ്പത്തു വന്നു കേറിയാല്‍,
മക്കളേയും കൊണ്ടു നടക്കാനോ പാര്‍ക്കിലോ പോകണം,
രാവിലെ മുതലുള്ള എച്ചിലും പേറി
സിങ്കിലൊരു കൂന പാത്രം മോക്ഷം കാത്തു കിടക്കും,
ചെക്കന്റെ പാലുകുപ്പികള്‍ കഴുകി തിളപ്പിയ്ക്കണം,
നട്ടതൊക്കെ നനയ്ക്കണം, മക്കളെ കുളിപ്പിക്കണം, തീറ്റണം,
കന്നാലിക്കൂടിനെക്കാള്‍ കഷ്ടമായി കിടക്കുന്ന ലിവിങ്ങ്‌ റൂമൊന്നു
വൃത്തിയാക്കി തട്ടി വീഴാത്ത പരുവമാക്കിയെടുക്കണം.

ഡയറ്റിങ്ങാണെന്നും അത്താഴപ്പട്ടിണിയാണെന്നുമൊക്കെയാണു
വയ്പ്പെങ്കിലും, അതു വല്ലതും വയറിനു മനസ്സിലാകുമോ ?
ഏട്ടെട്ടര മണിയാകുമ്പോള്‍ വയറ്റിലൊരാന്തല്‍,
എന്തെങ്കിലുമൊന്നു കാച്ചിക്കരിച്ചു തിന്നണം.

എല്ലാം കഴിഞ്ഞാണു പോസ്റ്റെഴുതാനെന്ന പേരില്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരിപ്പ്‌,
അപ്പോള്‍ ദാ വരുന്നൊരു ചോദ്യം,
"ഡേയ്‌, താന്‍ തന്റെ പണികളൊക്കെ തീര്‍ത്തോടോ ?"
ഒരുവിധമേതാണ്ടൊക്കെയൊന്നൊതുക്കിയിട്ടുണ്ടെന്നു ഞാന്‍..

"ഓഹോ.. അപ്പോ പിന്നെ ലോണ്ട്രി മടക്കാനുള്ളതാരു ചെയ്യുമെടോ ?"
പറഞ്ഞതു ശരിയാണല്ലോ, ചെക്കന്റെ തുണി ഡ്രയറില്‍ തന്നെ കെടക്കുന്നു.
ഹല്ല...ഇതാരപ്പായിത്ര അധികാര ഭാവത്തില്‍,മണി പാതിരയായ നേരത്തിത്?
“താനെന്തെങ്കിലുമൊന്നു പോസ്റ്റെടോ“ എന്നിടയ്ക്കിടെ നിര്‍ബന്ധിയ്ക്കാറുള്ള
കെട്ടിയവനേതായാലുമിതു പറയില്ല..അപ്പോള്‍ പിന്നെയിതാരാണ്‌ ?
ലവനാണെന്റെ വഴിമുടക്കി മനസ്സാക്ഷി..!!!

പോയി തുണി മടക്കി വച്ചിട്ടു വന്നിരുന്നതും, ദാ പിന്നെയും വന്നു,
“ഡേയ്‌..പണിയൊക്കെ തീര്‍ത്തോഡേയ്‌.. ?“ തീര്‍ത്തു കര്‍ത്താവേ..
“അപ്പോള്‍ പിന്നെ 485 നുള്ള ആപ്‌ളിക്കേഷന്‍സാരു ഫില്ലു ചെയ്യും ?
ചെക്കന്‍ മെലിഞ്ഞു തൊലിഞ്ഞിരുന്നിട്ടു നിക്കറെല്ലാമൂര്‍ന്നു പോകുന്നു,
തുന്നി ചെറുതാക്കാന്‍ മിഷ്യന്റെ മുന്നില്‍ കൂട്ടിയിട്ടതാരു തയ്ച്ചു തീര്‍ക്കും ?

ക്രെഡിറ്റ്‌ റിപ്പോര്‍ട്ടില്‍ വന്ന തെറ്റായ അഡ്രസ്‌ ഡിസ്പ്യൂട്ട്‌ ചെയ്യാനുള്ള
ലിങ്ക്‌ ഫേവറൈറ്റ്സിലിട്ടിട്ടു മാസമൊന്നു കഴിഞ്ഞല്ലോടീ കൂവേ.
പെര്‍ഫോമന്‍സ്‌ അപ്രൈസല്‍ സബ്മിറ്റ്‌ ചെയ്യാനിനി
ദിവസമെത്രയുണ്ടെന്നോര്‍മയുണ്ടോടി ?

കൊച്ചു കള്ളന്‍! മനസ്സാക്ഷി, എന്റെ ഗൂഗിള്‍ സ്പ്രെഡ്ഷീറ്റിലെ
'റ്റു ഡൂ' ലിസ്റ്റു തുറന്നോരോന്നായി വായിക്കുന്നു,
പാസ്‌വേഡെവിടുന്നു കിട്ടിയോ എന്തോ..

നാട്ടില്‍ പോകാന്‍ മക്കള്‍ക്കു വീസായെടുക്കാനുള്ള ആപ്ലിക്കേഷന്‍ റെടിയാക്കിയോ ?
ഇല്ലെന്റെ കര്‍ത്താവേ , ദോ ഇപ്പോ ചെയ്യാമേ..

ഈ മനസ്സാക്ഷി വല്യ തൊന്തരവായല്ലോ,
ചുമ്മാ തൂക്കി തോട്ടിലെറിഞ്ഞാലോ?
മനസ്സാക്ഷി പറയുമ്പോ കര്‍ത്താവെന്നു ചിന്തിക്കാന്‍ പഠിപ്പിച്ചതാരാണ്‌?
അല്ലെങ്കില്‍ ചുമ്മ പോ പുല്ലേ മനസ്സാക്ഷി എന്നു പറയാമായിരുന്നു,
ഇതിപ്പോ കര്‍ത്താവിനോടെങ്ങനെ പോ പുല്ലേ പറയും ? നീ തന്നെ അനുഭവി...

ഉത്തരവാദിത്വങ്ങളെല്ലാം ചെയ്തു തീര്‍ത്തിട്ടൊരു പോസ്റ്റെഴുതാനെന്നെ
കൊണ്ടോയി നടേണ്ടി വരും,
മനസ്സാക്ഷിയെ അങ്ങട് ചുമ്മാ തട്ടി കളഞ്ഞാലോ.. ,
അല്ലെങ്കിലാപ്പണി ക്വട്ടേഷന്‍കാരെയേല്‍പ്പിക്കാമല്ലേ ??

ലേബലുകള്‍: