വ്യാഴാഴ്‌ച, ഡിസംബർ 15, 2005

അവള്‍!!!

നിക്കോര്‍മ്മവച്ച കാലം മുതല്‍ അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും, കളിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അവളെന്റെ സന്തത സഹചാരിയായിരുന്നു. ഞാന്‍ പള്ളിക്കൂടത്തില്‍ പോകുമ്പോഴും അവള്‍ കൂടെയുണ്ടാവും.

ഒടുവിലൊരു ദിവസം വീട്ടിലുള്ളവര്‍ കണ്ടുപിടിച്ചു..അവള്‍ കൂടെയുണ്ടെന്നുള്ള രഹസ്യം..എങ്ങിനെയും അവളെ എന്നില്‍നിന്നകറ്റിയേ മതിയാകൂ എന്നുള്ള കാര്യത്തില്‍ അവര്‍ക്കാര്‍ക്കും 2 അഭിപ്രായമില്ലായിരുന്നു... പക്ഷേ എങ്ങനെ ?? പിന്നീടങ്ങോട്ട്‌ സമരത്തിന്റെയും രക്ത ചൊരിച്ചിലിന്റെയും ദിവസങ്ങളായിരുന്നു.. ഒരു വശത്ത്‌ അമ്മൂമ്മയുടെ നേതൃത്വത്തില്‍‍, ചേച്ചി, അമ്മായിമാര്‍, ചിറ്റ, ചിറ്റപ്പന്മാരുടെ ഭാര്യമാര്‍..എന്നുവേണ്ട, വീട്ടില്‍ ചൊറി കുത്തിയിരിക്കുന്നവരും അല്ലാത്തവരുമായ സകല സ്ത്രീജനങ്ങളും. മറുവശത്ത്‌ അവളും അവളുടെ മക്കളും കൊച്ചുമക്കളും അവരുടെ പിതാക്കന്മാരുമൊക്കെ അടങ്ങുന്ന വലിയ കുടുംബം.

അവരിലൊരുപാട്‌ പേരെ കൊന്നൊടുക്കുന്നതില്‍ എന്റെ വീട്ടിലെ കൊച്ചുപട്ടാളം വിജയിക്കുക തന്നെ ചെയ്തു..ഓരോ ദിവസവും വൈകിട്ടു 2 മണിക്കൂര്‍ ഈ യജ്ഞത്തിന്‌ വേണ്ടി മാത്രം മാറ്റിവക്കപ്പെട്ടു. എത്രയോ ചത്തുമലച്ച ശവങ്ങള്‍. പക്ഷേ അവള്‍.... നൊന്ത്‌ പെറ്റ മക്കളോരോന്നായി തന്റെ കണ്മുന്നില്‍ ക്രൂരമായി കൊല്ലപ്പെടുമ്പോഴും ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന വാശിയില്‍ ഒരോ ദിവസവും മരിച്ച്‌ വീഴുന്ന എണ്ണത്തിലുമധികം സന്തതികളെ പെറ്റുകൂട്ടിക്കൊണ്ടേയിരുന്നു.

കയ്യില്‍ കിട്ടിയ സകല ആയുധങ്ങളും* കൊണ്ട് അവളുടെ പുരുഷന്മാരെയും ചോരകുഞ്ഞുങ്ങളേയും പോലും അമ്മൂമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ദിവസവും ഇല്ലാതാക്കി കൊണ്ടിരുന്നു.. പക്ഷേ അവള്‍ പിടിച്ച്‌ നിന്നു.. ചില പ്രത്യേക ഒളിസങ്കേതങ്ങളില്‍ **

ഒളിച്ചിരുന്ന് രക്ഷപ്പെടാനുള്ള അവളുടെ കഴിവ് അപാരമായിരുന്നു..ഒടുവിലൊരു ദിവസം അവര്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.. എലിയെ പേടിച്ച് ഇല്ലം ചുടുന്നത്‌ പോലെയാകില്ലേ അത്‌ എന്നവരില്‍ ചിലര്‍ക്ക്‌ ശങ്കയുണ്ടാരുന്നു.. പക്ഷേ അപാര തൊലിക്കട്ടിയുള്ള എന്റെ അമ്മായിമാരിലൊരാള്‍ ആ ദൌത്യം ഏറ്റെടുത്തു.

കണ്ണുകള്‍ മൂടികെട്ടി എന്നെ കുളിമുറിയിലിരുത്തി അന്നവര്‍ D.D.T ഇട്ട്‌ തല കഴുകിയതില്‍പ്പിന്നെ ഒരിക്കലും എന്റെ തലയില്‍ ഒരു പേന്‍ പോലും ഉണ്ടായിട്ടേയില്ല്ല...!!

* ആയുധങ്ങള്‍ : പേന്‍ ചീപ്പ്‌, ഈരുകൊല്ലി, കത്തി.
** ഒളിസങ്കേതങ്ങള്‍ : ചീപ്പ്‌ കൊണ്ട്‌ ചീകുമ്പോള്‍ കൊള്ളാത്ത കഴുത്തിന്റെ പുറകിലെ കുഴി, ചെവിയുടെ വശങ്ങള്‍

തിങ്കളാഴ്‌ച, ഡിസംബർ 12, 2005

കെ എസ് പി അഥവാ കേരളത്തിന്റെ സ്വന്തം പുട്ട്‌

കെ എഫ്‌ സിയുടെ നാട്ടില്‍ എത്തിയ കാലം മുതല്‍ ഒരാള്‍ പറയുന്നതാണ്‌, പുട്ടു തിന്നാനുള്ള കൊതി....കുറ്റം പറയാനൊക്കുമോ ? breakfast നു maggie noodle ഉം sandwich ഉം french toast ഉം ഒക്കെ കഴിക്കുന്ന (രാവിലെ റ്റ്യൂഷനു പോകാന്‍ ഉള്ള തിരക്കില്‍ ഇതു തന്നെ കഴിക്കുന്നതു ബുദ്ധിമുട്ടിയാണേ ) കേരളത്തിലെ ഇപ്പോഴത്തെ തലമുറക്ക്‌ മുന്‍പ്‌ ജനിക്കാന്‍ ഭാഗ്യം ലഭിച്ച ഏതൊരു സാധാരണ മലയാളിക്കും തോന്നാവുന്ന ഒരു അതിസാധാരണ മോഹം.

പക്ഷേ, പുട്ടുകുറ്റി ഉണ്ടായിട്ടു വേണ്ടേ പുട്ടുണ്ടാക്കാന്‍ ? സായിപ്പിന്റെ നാട്ടില്‍ എവിടെ പുട്ടുകുറ്റി ? നമ്മള്‌ പശുവിനും ആടിനും ഒക്കെ കൊടുക്കുന്ന കണ്ട ഇലകളും കാടും പള്ളയും ഒക്കെ ചേര്‍ത്ത്‌ അതിന്റെ മീതെ എന്തെങ്കിലും ഒരു dressing ഉം ഇട്ട്‌ 'സാലഡ്‌' എന്ന ഓമനപ്പേരില്‍, അല്ലെങ്കില്‍ 2 bread ചേര്‍ത്തുവച്ച്‌ അതിനു നടുക്ക്‌ വീട്ടിലെ ഫ്രിഡ്ജ്‌ ല്‍ ബാക്കിയിരിക്കുന്ന എന്തെങ്കിലും.. മീറ്റ്‌/ചീസ്‌/തക്കാളി/ഫിഷ്‌/മുട്ട അങ്ങനെ എന്തെങ്കിലും എടുത്തുവച്ച്‌ sandwich ...ഇതു 2 ഉം അല്ലാതെ വായ്ക്കു രുചിയായിട്ട്‌ എന്തെങ്കിലും ഉണ്ടാക്കാന്‍ ഇവര്‍ക്കറിയോ ?

എന്തിന്‌ ഇവരെപ്പറയണം ? നമ്മുടെ ബോംബെ ...അയ്യോ അല്ല മുംബൈയില്‍വച്ച്‌ ഒരുകഷണം പുട്ടു തിന്നാന്‍.. ഒരു ഹോട്ടല്‍ അന്വേഷിച്ച്‌ നടന്നു നടന്നു ചെരിപ്പു തേഞ്ഞുതീര്‍ന്നതല്ലാതെ... ഇതൊക്കെ നമ്മുടെ കേരളത്തിന്റെ സ്വന്തം പ്രോഡക്ട്സ്‌ അല്ലെ ???പണ്ട്‌ ആരോ പാടിയ പോലെ...
" അരി പൊടിച്ച്‌ പൊടി വറുത്ത്‌ പുട്ടു ചുട്ട കേരളം..
(chorus) കേരളം... കേരളം.. കേരളം മനോഹരം....
മാണി ഉള്ള ജോസഫുള്ള പിള്ള ഉള്ള കേരളം..
(chorus) കേരളം... കേരളം.. കേരളം മനോഹരം....
മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(chorus) കേരളം... കേരളം.. കേരളം മനോഹരം....

ഈ പാട്ടിന്റെ ബാക്കി ഞാന്‍ മറന്നു... ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പോസ്റ്റ്‌ ചെയ്താല്‍ ഉപകാരം.. (Thrichur സെന്തോമസു പയ്യന്മാരുടെ പാട്ടാണെന്നാ ഓര്‍മ. st. Marys ല്‍ പഠിച്ചിരുന്ന കാലത്ത്‌ കേട്ടതാ..)

china ക്കാരന്‍ ചെയ്യുന്നതു പോലെ മലയാളിയും നമ്മുടെ പുട്ടും, ഇടിയപ്പവും അവലോസുപൊടിയുമൊക്കെ ഒന്നു globalise ചെയ്തിരുന്നെങ്കില്‍ !! chinese Restaurent ല്‍ സായിപ്പ്‌ വന്നിരുന്ന് fried rice ഉം ഒക്കെ മൂക്കു മുട്ടെ തിന്നുന്നതു കാണുംബൊ മലയാളി യുടെ marketing skills അത്ര പോരല്ലോന്ന് തോന്നാറുണ്ട്‌.

അപ്പോ പറഞ്ഞു വന്നത്‌ പുട്ടുകുറ്റി.
ഏവൂരാന്‍ tongue cleaner അന്വേഷിച്ച്‌ നടന്ന പോലെ ഞങ്ങള്‍ പുട്ടുകുറ്റി തപ്പി നടപ്പ്‌ തുടങ്ങി. അങ്ങനെ ഒരു ദിവസം..ഒരു indian store ല്‍ ചെന്നപ്പോ അതാ ഇരിക്കുന്നു നല്ല വെളുത്തു കൊലുന്നനെ ഉള്ള നീണ്ട്‌ മെലിഞ്ഞ സുന്ദരിയായ ഒരു പുട്ടുകുറ്റി..!!! അവള്‍ ആകെ ഒന്നു മിനുങ്ങിയിട്ടുണ്ട്‌ കേട്ടൊ. എന്റെ വീട്ടില്‍ പണ്ടുണ്ടാരുന്ന അലൂമിനിയം സാധനം ഒന്നുമല്ല.. ഇപ്പോ നല്ല വെട്ടി തിളങ്ങുന്ന സ്റ്റീലില്‍ ആണ്‌. പണ്ട്‌ കരോട്ടെ വീട്ടിലെ ഷര്‍ട്ട്‌ ഇടാത്ത ചാക്കോ ചേട്ടന്റെ കുടവയറു പോലെ ആരുന്നു. ഇപ്പോ കരിഷ്മ കപൂറിന്റെ വയറു പോലെ ..slim beauty ആയിട്ട്‌...
കുറുക്കന്‍ കോഴിയെ കണ്ടതു പോലെ ഞാന്‍ ചാടി വീണു..
'എന്താ ഒരു സ്ട്രക്ചറ്‌' !!! പണ്ട്‌ മോഹന്‍ലാല്‍ നാഗവല്ലിയെ നോക്കി വെള്ളമിറക്കിയ പോലെ...
അതാ അവളുടെ അടുത്തിരിക്കുന്നു , കുറച്ചു കൂടി പത്രാസ്‌ കൂടിയ വേറൊരുത്തി.. പ്രഷര്‍ കുക്കര്‍ പുട്ടു കുറ്റി combo.. പ്രഷര്‍ കുക്കറിന്റെ മുകളില്‍ ഫിറ്റ്‌ ചെയ്യുന്ന സ്റ്റൈലില്‍... ഐഡിയ നോക്കണെ. എന്തായാലും പ്രഷര്‍ കുക്കറിന്റെ മുകളില്‍ അങ്ങനെ ഒരു കുന്ത്രാണ്ടം ഉണ്ട്‌. അതില്‍ കൂടെ വെറുതേ കാറ്റിങ്ങനെ പോയ്കോണ്ടുമിരിക്കുവാ. എന്നാ പിന്നെ അവിടെ ഒരു പുട്ടു കുറ്റി ഫിറ്റ്‌ ചെയ്താലോ. പ്രഷര്‍ കുക്കറിന്‌ ചേതമില്ലാത്ത ഒരുപകാരം... പുട്ടു കുറ്റിക്കോ ?
'അവരും അറിയട്ടെ നമ്മളും modern ആണെന്ന്', എന്ന പരസ്യത്തിലെ പെണ്ണിനെ പോലെ നടക്കുകയും ചെയ്യാം.!!. പുട്ട്‌ വെന്തും കിട്ടും.. ഓ..ഈ മനുഷേമ്മാരേ കൊണ്ടു ഞാന്‍ തോറ്റു...ഞാന്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കാമെന്നു മനസ്സില്‍ വിചാരിക്കുമ്പോഴേക്കും ഏതെങ്കിലുമൊരുത്തന്‍ കേറി അതങ്ങ്‌ കണ്ടു പിടിച്ചു കളയും...തല്‍ക്കാലം വീട്ടില്‍ പ്രഷര്‍ കുക്കര്‍ ഒരെണ്ണം ഉള്ളതു കൊണ്ട്‌ നമുക്കു കോംബോ വേണ്ടാ.., വെറും പുട്ടുകുറ്റി മതി..അല്ലെങ്കിലും ഒരു വീട്ടില്‍ 2 സുന്ദരിമാര്‍ വാഴില്ലെന്നല്ലേ ? വില എത്ര ആണാവോ ?.
വെറും 15 ഡോളര്‍ !!! 15 ഡോളറോ... എന്റെ പൊന്നും കുരിശുമല മുത്തപ്പോ... 15 * 45 = 675 രൂപ!!!! ... (എല്ലാത്തിനും ഒരു ഡോളര്‍ to രൂപാ conversion ഇപ്പോഴും എന്റെ വീക്‌ക്‍നെസാ) ചതി... കൊല ചതി !!! നാട്ടില്‍ ന്നു 35 രൂപ ക്കു പുട്ടുകുറ്റി മേടിച്ച്‌ ഇവിടെ കൊണ്ടു വന്ന് ... ഇതിലും ഭേദം ഇവര്‍ക്ക്‌ കത്തി എടുത്ത്‌ മനുഷ്യന്മാരെ കുത്തിക്കൊന്ന് കാശു വാങ്ങരുതോ ??? 675 രൂപ കൊടുത്ത്‌ പുട്ടുകുറ്റി മേടിച്ച്‌ പുട്ട്‌ ഉണ്ടാക്കി തിന്നാല്‍...അത്‌ തൊണ്ടയ്ക്കു കീപ്പോട്ട്‌ ഇറങ്ങൂല്ല്ല... തല്‍ക്കാലം.. പുട്ടു തിന്നണ്ട.. ഒരു ആശയടക്കം.. ജോലി രാജി വച്ച്‌ Indian store തുടങ്ങിയാലോ....

അങ്ങനെ പുട്ട്‌ തിന്നുന്നത്‌ സ്വപ്നം കണ്ട്‌ മാസങ്ങള്‍ 5-6 കടന്നു പോയി.. അപ്പോള്‍ ഒരു ദിവസം ഡാഡീടെ കാള്‍..
" ഞാന്‍ വരുമ്പോ നിനക്ക്‌ പ്രത്യേകിച്ച്‌ ഒന്നും കൊണ്ടു വരണ്ടല്ലോ ല്ലെ ?''
" ..കൊള്ളാം... ? നല്ല ചോദ്യം..!!! ഡാഡി ഒരു പേപ്പറും പേനയുമെടുത്ത്‌ എഴുതിക്കേ...അല്ലെങ്കില്‍ മറന്നു പോയാലോ "
"പുട്ടു കുറ്റി, ഇടിയപ്പക്കുറ്റി, ഇഡലിപ്പാത്രം, അച്ചപ്പത്തിന്റെ അച്ച്‌, പാലപ്പ ചട്ടി, കുടം പുളി, വാളം പുളി, ഉണക്ക മീന്‍, ചെമ്മീന്‍, ഉണക്കക്കപ്പ...."
" പിന്നെ... പനി വരുമ്പോ ചുക്കുകാപ്പി ഉണ്ടാക്കാന്‍..ചുക്കും കുരുമുളകും...."
".. പിന്നെ കുറച്ച്‌ ചമ്മന്തി പൊടി ഇടിപ്പിച്ചു കൊണ്ടു പോരേ.. കുറച്ച്‌ അവലോസുപൊടി കൂടി ഉണ്ടാക്കിച്ചോ... "
"പിന്നെ നമ്മുടെ ഇരുമ്പന്‍ പുളിമരം നെറയെ ഇപ്പോ ഇലുമ്പിക്ക ഉണ്ടായി കിടക്കുവാരിക്കുമല്ല്ലൊ... അതും കുറച്ച്‌ അച്ചാര്‍ ഇടീച്ചോളൂ.."
" ആ ഡാഡി പിന്നേ... പെട്ടീല്‌ സ്ഥലം ഉണ്ടെങ്കില്‍ ഒരു 100 ജിലേബി മേടിച്ചോ.. കഴിഞ്ഞ പ്രാവശ്യം മേടിച്ച അതേ ബേക്കറിയില്‍ന്നു തന്നെ മേടിക്കണേ..."
" അയ്യോ.. ഡാഡി ഏറ്റോം പ്രധാനപ്പെട്ടതു മറന്നു.. ഒരു വാക്കത്തി വേണം.. എല്ലും കപ്പയുംകൂടി ഉണ്ടാക്കാംന്നു വച്ചാല്‍ എല്ലു വെട്ടാന്‍ പറ്റിയ നല്ല കത്തി ഉണ്ടായിട്ടു വേണ്ടേ ?? " (ഇതിലും വലിയ വാക്കത്തി ഇനീം വേണോ എന്നൊരാള്‍ അപ്പുറത്തിരുന്നു വിചാരിക്കണത്‌ എനിക്കിവിടെ കേള്‍ക്കാം...പാവം ഡാഡിയെക്കൊണ്ട്‌ കുറേ പുത്തകം കരയ്ക്കടുപ്പിക്കാന്‍ പ്ലാനിട്ടിരുന്നതാ...ഇനി ആ പെട്ടിയില്‍ എവിടെ സ്ഥലം)
"ആ പിന്നെ.. ഹലോ... ഹലോ... ഹെല്ല്ലോൊ... കട്ട്‌ ആയീന്നു തോന്നണു..". ( ഡാഡിക്ക്‌ ബോധം പോയതാരിക്കും ???)
എന്തായാലും പാവം ഡാഡി വന്നപ്പൊ പുട്ടുകുറ്റി കൊണ്ടുവന്നു... പുട്ടും പഴവും കൂടി ഇങ്ങനെ കുഴച്ചു കുഴച്ചു തിന്നുമ്പൊ.... ആഹഹ.. എന്താ രുചി .. എന്തായാലും നീണ്ട നാളത്തെ കൊതിതീര്‍ത്തു കൊടുക്കാന്‍ പറ്റിയല്ല്ലൊ... ഇരുന്ന ഇരുപ്പില്‍ ഒന്നരക്കുറ്റി പുട്ടു തിന്നുന്ന കണ്ടപ്പോത്തന്നെ എന്റെ മനസ്സും വയറും നിറഞ്ഞു...

ഞാന്‍ അങ്ങിനെ ആത്മനിര്‍വൃതി അടഞ്ഞിരിക്കുന്ന സമയം... ദാ വരുന്നു അടുത്തത്‌
" താന്‍ പുട്ടും കടലയും കഴിച്ചിട്ടുണ്ടൊ.. ? കിടിലം കോമ്പൊ... ആരപ്പാ അതു കണ്ടുപിടിച്ചത്‌.. ? എന്താ ഒരു ടേസ്റ്റ്‌... ? പുട്ടും പഴവുമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല്ല... " ..
നോക്കണേ അതിമോഹം!!!!... ഇതാണു മനുഷ്യന്റെ ഒരു കുഴപ്പം..മോഹം ആകാം.... അതിമോഹം പാടുണ്ടോ ??? ജീവിതത്തില്‍ ഇതുവരെ കടലക്കറി വച്ചിട്ടില്ല.. പണ്ടെന്നോ കൂട്ടിയ ഓര്‍മയുണ്ട്‌.. നല്ല ബ്രൌണ്‍ കളറില്‍.. തേങ്ങയും മല്ലിയും കൂടി വറുത്തരച്ചിട്ടായിരിക്കണം...
ആളു ഭയങ്കര picky ആണേ.. "തേങ്ങ വറുത്തത്‌ കുറച്ചൂടി മൂക്കണമാരുന്നു, ചാറു കുറച്ചൂടി നീണ്ടിരുന്നെങ്കില്‍ പെര്‍ഫെക്റ്റ്‌ ആയേനെ എന്നൊക്കെ പറഞ്ഞുകളയും... ഞാനാണെങ്കില്‍ തിരിച്ചിങ്ങോട്ടു കടിക്കൂല്ലാത്ത എന്തും ശാപ്പിടുന്ന ടൈപ്പ്‌..
"എന്റെ ഗൂഗിളു പുണ്യാളച്ചോ..സഹായിക്കണേ.." ഞാന്‍ ഗൂഗിളെടുത്ത്‌ അടിച്ചു.. ' കടല'..... ഓ കിട്ടുന്നതെല്ലാം..മറ്റേ വൈറ്റ്‌ കടലയുടെ റെസിപീസ്‌.. ചന്ന എന്നു പറയണ ആ സാധനം ..പണ്ടു ഹോസ്റ്റലില്‍ ആരുന്നപ്പോ ഗതിയില്ലാത്തതുകൊണ്ട്‌ തിന്നിട്ടുണ്ട്‌. ഞാന്‍ കീവേഡ്‌ ഒന്നു മാറ്റി നോക്കി.. 'കടലക്കറി'... നോ രക്ഷ..അപ്പോഴാണു ട്യൂബ്‌ലൈറ്റ്‌ കത്തിയത്‌... 'പുട്ട്‌'... ദാണ്ടേ വരണു ഇഷ്ടമ്പോലെ recipies... "പുട്ട്‌ ആന്‍ഡ്‌ കടലക്കറി are the most popular kerala breakfast recipies..."

അങ്ങിനെ കടലക്കറി ഉണ്ടാക്കി.. പുട്ടും കടലയും കൂടി കുഴച്ചു കുഴച്ചു കഴിക്കുന്ന കണ്ടപ്പോ ഒരിക്കല്‍ക്കൂടി എന്റെ മനസ്സു നിറഞ്ഞു.. അവസാനം ഏംബക്കം വിട്ട്‌ , വിരലു കൂടി നക്കിക്കൊണ്ട്‌... "താന്‍ ചിരട്ടപ്പുട്ടു കഴിച്ചിട്ടുണ്ടോ... ? ഈ പുട്ടു കുറ്റിയില്‍ ഉണ്ടാക്കുന്ന പോലെയല്ല്ല... recently തേങ്ങാ ചിരണ്ടിയ, നനവു മാറാത്ത, കണ്ണന്‍ചിരട്ടയില്‍ ഉണ്ടാക്കണം. അതാണു മോളേ പുട്ട്‌....!!! എന്താ ഒരു രുചി... !!!!! അതിന്റെ മുന്നില്‍ ഈ പുട്ടുകുറ്റിയിലെ പുട്ട്‌ ഒന്നും അല്ല.. ഇപ്പോഴും എന്റെ നാവില്‍ ഉണ്ട്‌...പണ്ട്‌ നാട്ടീ‍ന്നു കഴിച്ചതിന്റെ ഒരു taste"

മോഹം ആകാം... അതിമോഹം കുറച്ചൊക്കെ.... അത്യാഗ്രഹം ആയാലോ.... !!!!
ആരാണെനിക്ക് നാട്ടില്‍ നിന്ന്‌ ഒരു ലോറി കണ്ണന്‍ ചിരട്ട പാഴ്‌സല്‍ അയച്ചു തരുക ???

വെള്ളിയാഴ്‌ച, ഡിസംബർ 02, 2005

ങ്ങനെ ഞാനും ബ്ലോഗുണ്ടാക്കി. കുറെക്കാലമായിട്ടു മനസ്സിലുള്ള ഒരു പൂതിയാണേ. ഇതിനിപ്പോ നന്ദി പറയേണ്ടതു നെയ്യപ്പത്തിനാണ്‌. ഇന്ത്യന്‍ സ്റ്റോറിലെ ഫ്രോസന്‍ നെയ്യപ്പത്തിന്‌. നെയ്യപ്പം കണ്ടപ്പൊ ആക്രാന്തം മൂത്തു മേടിച്ചതാ. ഇന്നു വൈകിട്ടു മൈക്രോവേവില്‍വച്ചു അതു ചൂടാക്കി അടിച്ചു. 10 മിനിറ്റ്‌ കഴിഞ്ഞപ്പോ ഒരു വിളി വന്നു....
" ഒരു വയറുവേദന പോലെ... നെയ്യപ്പം പിടിച്ചില്ലാന്നു തോന്നണു..".
" ആണോ..എന്നാല്‍ ഒരു 5 മിനിറ്റ്‌ ഒന്നു കമന്നുകിടന്നു നോക്കൂ.. പോകുമായിരിക്കും " എന്നു ഞാന്‍ പറഞ്ഞു.
അങ്ങിനെ എങ്കിലും 5 മിനിറ്റ്‌ എനിക്കു ആ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഒന്നിരിക്കാന്‍ കിട്ടുമല്ലോ എന്നു മനസ്സില്‍ വിചാരിച്ചു. ആളു കിടക്കാന്‍ പോയതും ഞാന്‍ കമ്പ്യൂട്ടറിനു മുന്നില്‍ ആസനസ്തയായി.
ബ്ലോഗന്മാരും ബ്ലോഗിണികളും ഒക്കെ എന്തു പറയുന്നു എന്നൊന്നു നോക്കിക്കളയാം. വായിച്ചു തുടങ്ങുമ്പോ സ്വന്തം കണവന്റെ ബ്ലോഗുതന്നെ തുടങ്ങണമല്ലോ. ഓപ്പണായി കിടപ്പുണ്ട്‌. ഇന്ന്‌ ഒരു പോസ്റ്റ്‌ ഉണ്ടല്ലോ.. 'ആണ്‍കുട്ടി ' ഓഹോ.. അപ്പോ ഇതാണല്ലേ സിറ്റ്ഗോയില്‍ തന്നെ ഫ്യൂവല്‍ അടിക്കാന്‍ പോണതിന്റെ കാരണം... കിറുക്കുതന്നെ.

കഴിഞ്ഞ ദിവസം 'പേരില്ലാത്തവന്‍ പേരക്ക' എന്നോ കോവക്ക എന്നോമറ്റോ ഒരെണ്ണം എഴുതിയല്ലോ.. അത്‌ ഒന്നുകൂടി വായിച്ചു കളയാമെന്നു വിചാരിച്ചു.. നോക്കിയപ്പൊ അതു കാണുന്നില്ല. ഓക്കെ, ആര്‍ക്കൈവ്‌സിലായിരിക്കും എന്നു കരുതി അവിടെ തിരഞ്ഞു. നോ രക്ഷ! ഇതു കൊള്ളാല്ലൊ വീഡിയോണ്‍, പണ്ട്‌ സൂന്റെ ബ്ലോഗ്‌ മൊത്തമായിട്ടു പോയി എന്നു കേട്ടിട്ടുണ്ട്‌. ഇതിപ്പോ ബ്ലോഗിലെ പൊസ്റ്റുകള്‍ കാണുന്നില്ല.

5 മിനിറ്റ്‌ കിടക്കാന്‍പോയ വയറുവേദനക്കാരന്റെ കൂര്‍ക്കംവലി എനിക്ക്‌ ഇവിടെ കേള്‍ക്കാം. ഈ ഹോട്ട്‌ ന്യൂസ്‌ ചൂടാറാതെ അറിയിക്കാന്‍ ഞാന്‍ ഓടി.
'അതേയ്‌.. കഴിഞ്ഞ ദിവസം എഴുതിയതൊന്നും ഇപ്പോ ബ്ലോഗില്‍ ഇല്ല...".
"ഉണ്ടെടോ, താന്‍ ശരിക്കു നോക്കാഞ്ഞിട്ടാ..."
"അല്ലെന്നേ ഞാന്‍ നോക്കി... ഇപ്പ്പൊ ആകെ ഉള്ളതു ഇന്നത്തെ പോസ്റ്റും..പിന്നെ വേറെ ഒരെണ്ണവും. ആ പേരില്ലാത്തവന്റെ ഒന്നും കാണുന്നില്ല.. "
" ഓ..അതോ.. അതു മറ്റേ ബ്ലോഗിലല്ലേ "
"മറ്റേ ബ്ലോഗൊ..അതേതു ബ്ലോഗ്‌ "
"ബുദ്ധൂസേ...എനിക്ക്‌ 2 ബ്ലോഗില്ലേ അതൊക്കെ മറ്റെ ബ്ലോഗിലാണ്‌......"
" 2 ബ്ലോഗോ..??
എപ്പോഴും ഓപ്പണ്‍ ചെയ്തിട്ടിരിക്കണതു വായിക്കും എന്നല്ലാതെ 2 ബ്ലോഗ്‌ ഉണ്ടെന്നുള്ളകാര്യം ഞാന്‍ നോട്ടീസ്‌ ചെയ്തിട്ടേ ഇല്ലായിരുന്നു .
അമ്പടാ... നോക്കണേ അഹങ്കാരം... 2 ബ്ലോഗ്‌!!!! ഈ പാവം ഞാനോ ?? സ്വന്തമായി ഒരു ബ്ലോഗ്‌ പോലും ഇല്ല... നീ ഉണ്ടില്ലെങ്കിലും അവളെ ഊട്ടണം എന്നല്ലേ.. ?? നീ ബ്ലോഗ്‌ ഉണ്ടാക്കിയില്ലെങ്കിലും അവള്‍ക്കു ബ്ലോഗ്‌ ഉണ്ടാക്കി കൊടുക്കണം എന്നല്ലേ ??? അല്ലെങ്കില്‍ പോട്ടെ...2 ഉള്ളവന്‍ 1 ഇല്ലാത്തവനു കൊടുക്കട്ടെ എന്നല്ലേ ??? ' ഇന്നു മുതല്‍ മരണം വരെ...സന്തോഷത്തിലും ദുഖത്തിലും, ദാരിദ്ര്യത്തിലും...സമ്പത്തിലും, ബ്ലോഗിലും എന്നു എടുത്തു പറഞ്ഞില്ല എന്നു കരുതി... അതും ഇമ്പ്ലൈഡ്‌ അല്ലേ.. ???
ഓഹോ.അങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ.
"വയറുവേദന പോയോ ??
"പോയി.."
" എന്നാലും കുറച്ചൂടെ റസ്റ്റ്‌ എടുത്തോളൂ ട്ടൊ.. "
കള്ള സോഷ്യലിസ്റ്റ് ! ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതല്ലെ സോഷ്യലിസം. ചാവെസിന്റെ ആരാധകനാണുപോലും! ഞാന്‍ തിരിച്ചുവന്നു. ഒരു ബ്ലോഗ്‌ ഉണ്ടാക്കിയിട്ടു തന്നെ വേറേ കാര്യം. ഉണ്ടാക്കി...ഇതു ആദ്യത്തെ പോസ്റ്റ്‌ !!! നെയ്യപ്പം തിന്നാല്‍ 2 ഉണ്ടു ഗുണം എന്നു പണ്ടുള്ളവര്‍ പറഞ്ഞത്‌ ഇപ്പൊ മനസ്സിലായി.