ഞായറാഴ്‌ച, മാർച്ച് 26, 2006

കലികാലം

പതിവുള്ള മെയിലുകളൊന്നില്‍ വെറുതെയെഴുതി. അപ്പോ വേറെയെന്തൊക്കെയാണവിടെ 'വിശേഷങ്ങള്‍'? പ്രത്യേകിച്ചു 'വിശേഷ'മൊന്നുമില്ലല്ലോ അല്ലേ?

കല്യാണം കഴിഞ്ഞൊരു വര്‍ഷത്തോളമായ കൂട്ടുകാരിയോടിതൊക്കെയല്ലാതെ വേറെന്തു ചോദിക്കാന്‍?

"അയ്യേ എന്തു വിശേഷം? ഞങ്ങള്‍ക്കതൊന്നും വേണ്ടെന്നാ തീരുമാനം. ഞാന്‍ പണ്ടേ പറഞ്ഞിട്ടില്ലേ? "

ഒരു കുഞ്ഞുണ്ടാകുന്നതോടെ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിനുണ്ടാവുന്ന പരിധികളേപ്പറ്റിയും, അതുകൊണ്ടു കുഞ്ഞുങ്ങള്‍ വേണ്ട എന്നുള്ള അവളുടെ തീരുമാനത്തെപ്പറ്റിയുമൊക്കെ പലവട്ടം ഞങ്ങള്‍ ഹോസ്റ്റല്‍ ജീവിതത്തിനിടയില്‍ തര്‍ക്കിച്ചിട്ടുണ്ട്‌, മണിക്കൂറുകളോളം.

"എന്നെക്കൊണ്ടു വയ്യാ, രാവെന്നോ പകലെന്നോ ഇല്ലാതെ കെടന്നു കഷ്ടപ്പെടാന്‍. അതുകൊണ്ടാര്‍ക്കാ, എന്താ പ്രയോജനം? "

" കഷ്ടപ്പാടുകള്‍ ഉണ്ട്‌, സമ്മതിക്കുന്നു. പക്ഷേ ഒരു കുഞ്ഞു തരുന്ന സന്തോഷത്തിനു പകരം വക്കുമ്പോള്‍ ആ കഷ്ടപാടുകളൊന്നും..."

" എന്തു സന്തോഷം? ഇപ്പോ എനിക്കിഷ്ടമുള്ളപ്പോ ഉണരാം. ഇഷ്ടമുള്ളപ്പോ ഉറങ്ങാം. ഒരു കുഞ്ഞുണ്ടെങ്കിലിതു വല്ലതും നടക്കുമോ? അതിനൊരു 2-3 വയസ്സു വരെയെങ്കിലുമൊക്കെ ആകുന്നതു വരെ ഇഷ്ടമുള്ളപ്പോള്‍ ഉറങ്ങുന്ന പോയിട്ടെപ്പോഴെങ്കിലുമൊന്നു സ്വസ്ഥമായുറങ്ങാന്‍ പറ്റുമോ?

" ഞങ്ങള്‍ 2 പേരും മാത്രമുള്ളെങ്കിലൊരു ദിവസം രാവിലെ ഉണരുമ്പോ, ഇന്നൊരു മൂഡില്ല, ഇന്നൊന്നും പാചകം ചെയ്യണ്ട എന്നു തീരുമാനിച്ചാല്‍ അത്ര തന്നെ. പക്ഷെ ഒരു കുഞ്ഞുണ്ടെങ്കിലോ?

“ഓഫീസില്‍പണി കൂടുതലുള്ള ദിവസം കുറച്ചു ലേറ്റായിട്ടിരിക്കാന്‍ പറ്റുമോ? ഒക്കെ സഹിക്കാം. എപ്പോളും അതിന്റെ അപ്പി മാറ്റാനും മൂത്രം തുടക്കാനുമെനിക്കു വയ്യ. കൊച്ചു കെടന്നു മുള്ളിയ മൂത്രമണമുള്ള അതേ ബെഡ്ഡില്‍ കെടന്നുറങ്ങുന്നതൊന്നുമോര്‍ക്കാന്‍ കൂടി പറ്റണില്ല. പിന്നെ മൂക്കൊലിപ്പിച്ചു നടക്കുമ്പോ മൂക്കു തൂക്കണം . വല്ല പനിയോ ചെവി വേദനയോ മറ്റോ വന്നാല്‍ പിന്നെ പറയണോ? രാത്രി മുഴുവനും ചീവീടു പോലെ കരഞ്ഞോണ്ടിരിക്കില്ലേ ഈ സാധനങ്ങള്‌. ഒന്നുറങ്ങാന്‍ പറ്റുമോ? മനസ്സമാധാനമുണ്ടോ?"

"ഒരു കുഞ്ഞിന്റെ പാല്‍പുഞ്ചിരി, അതിന്റെ കൊഞ്ചിക്കൊഞ്ചിയുള്ള വര്‍ത്തമാനം പറച്ചിലുകള്‍, അതു നമ്മളെ കെട്ടിപിടിച്ചുമ്മ വക്കുമ്പോ മനസ്സിനു കിട്ടുന്ന സന്തോഷം, നിനക്കറിയാഞ്ഞിട്ടാ."

“ഉവ്വുവ്വേ, വീടൊക്കെ എത്ര വൃത്തിയായിട്ടിട്ടാലും കാര്യമുണ്ടോ? ഒക്കെ വലിച്ചു വാരി എറിഞ്ഞു വൃത്തികേടാക്കില്ലേ? ഇനിയിതൊക്കെ പോകട്ടേ, കാശുചെലവോ? എത്ര ഉണ്ടാക്കിയാലും എന്തിനെങ്കിലും തികയുമോ? പുസ്തകം, കളിപ്പാട്ടം, തുണി, കുട, വടി എന്നുവേണ്ട ഒക്കെ ചെലവല്ലേ? കുഞ്ഞില്ലെങ്കില്‍ ആ പൈസ കൊണ്ടു നമുക്കു സുഖമായി, സ്വസ്ഥമായി ജീവിക്കാം. അല്ലെങ്കിലോ, കുഞ്ഞിനും നല്ലൊരു ജീവിതം കൊടുക്കാന്‍ തികയൂല്ല, നമ്മുടെ ആവശ്യങ്ങളും മെനയായിട്ടു നടക്കൂല്ല.
ഇത്രേമൊക്കെ നഷ്ടങ്ങള്‍ സഹിച്ചിട്ടു വേണോ പാല്‍പുഞ്ചിരി കാണുമ്പോഴുള്ള സന്തോഷം? അതിനു ഞാനെന്റെ വീടു നെറയെ ചിരിക്കുന്ന കുട്ടികളുടെ പിക്‍ച്ചേര്‍സ്‌ ഒട്ടിച്ചു വക്കും".

"കൊള്ളാം, ഈ നഷ്ടത്തിന്റെ കണക്കൊക്കെ നിന്റെ അച്ഛനുമമ്മയും കൂട്ടിയിരുന്നെങ്കില്‍ ഇന്നിപ്പോ ഇങ്ങനെ വാദിക്കാന്‍ നീയുണ്ടാവുമാരുന്നോ?"

“അതവരുടെ വിഢിത്തം! അതിനു ഞാനുത്തരവാദിയല്ല. അവരു മണ്ടത്തരം കാണിച്ചു എന്നതുകൊണ്ടു ഞാനുമതൊക്കെ ചെയ്യണമെന്നുണ്ടോ? അവര്‍ക്കു പറ്റിയ തെറ്റുകളാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കയല്ലേ വേണ്ടത്‌?"

അവളോടു തര്‍ക്കിച്ചൊരിക്കലും ഞാന്‍ ജയിച്ചിട്ടില്ല. എങ്കിലും വെറുതെയാശ്വസിക്കും, ഇവളൊരു കല്യാണം കഴിക്കുന്നതോടെ ഈ ചിന്തയൊക്കെ മാറിക്കൊള്ളും.

കല്യാണം കഴിഞ്ഞു വര്‍ഷമൊന്നു കഴിഞ്ഞിട്ടും, തീരുമാനത്തില്‍ മാറ്റമൊന്നുമില്ലെന്നറിഞ്ഞപ്പോള്‍ എനിക്കല്‍ഭുതമായി. പിന്നീടൊരിക്കല്‍ നേരില്‍ കണ്ടപ്പോളും പകുതി തമാശയും പകുതി കാര്യവുമായി 'ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ഒരു കുഞ്ഞികാലൊക്കെ .. ?"

"അയ്യോ, ഞാനിതെത്ര വട്ടം പറഞ്ഞിട്ടുള്ളതാ. നീ പ്രവചിച്ച പോലെ കല്യാണം കഴിഞ്ഞെന്നു കരുതി എന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല".

"ശരി, സമ്മതിച്ചു. പക്ഷേ ഇതങ്ങനെ സ്വയം തീരുമാനിക്കേണ്ട കാര്യമല്ലല്ലോ. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രായമെന്താ?"

"എന്താ സംശയം? എന്റെ അതേ അഭിപ്രായം തന്നെ! ഞങ്ങള്‍ കുറേ ഡിസ്കസ്‌ ചെയ്തു ഇതിനെപറ്റി. 'അച്ഛാ' എന്നൊക്കെ വിളിച്ചൊരു കുഞ്ഞീ വീട്ടില്‍ നടക്കണതൊന്നും ചിന്തിക്കാന്‍ കൂടി പറ്റണില്ലെന്നാ പറയുന്നേ. എന്തോരു ശല്യമാരിക്കും. നമുക്കിപ്പോഴുള്ള ഈ സ്വാതന്ത്ര്യമൊന്നും ഉണ്ടാവൂല്ലല്ലോ. മാത്രോമല്ല, എന്റെ സ്നേഹം പങ്കിട്ടുപോകുമത്രേ. എനിക്കു കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കികഴിഞ്ഞു സമയമുണ്ടായിട്ടു വേണ്ടേ? അതു ഞങ്ങള്‍ക്കു രണ്ടാള്‍ക്കും ചിന്തിക്കാന്‍ പറ്റുന്നതിലും... "

കഷ്ടം! എന്തേ ഈ കുട്ടി ഇങ്ങനെയായി പോയത്‌? ഞാനറിയുന്ന പട്ടത്തികളൊക്കെ 'അമ്മ' മനസ്സുള്ളവരാരുന്നല്ലോ. കലികാലം എന്നല്ലാതെന്തു പറയേണ്ടൂ.

പിന്നീടൊരിക്കല്‍ എന്റെ മകളുടെ ചില നല്ല ചിത്രങ്ങള്‍ ഞാന്‍ ഫോര്‍വേഡ്‌ ചെയ്തു. ഇതൊക്കെ കണ്ടിട്ടെങ്കിലും മനസ്സു മാറിയാലോ?

"ഓ... ചോ ച്വീറ്റ്‌..ചോ ക്യൂട്ട്‌. എന്തു രസാടാ അതിന്റെ ചിരിയൊക്കെ.. അമുലിന്റെയൊക്കെ പരസ്യത്തില്‍ കാണുന്ന വാവകളെ പോലെ.. എന്റെ വക ഒരു ചക്കരയുമ്മ കൊടുക്കണം കേട്ടോ. "

ഈശ്വരാ തന്ത്രം ഫലിച്ചോ ?

"ഇതുപോലൊന്നിനെ സ്വന്തമാക്കി അഭിമാനിക്കൂ ഡിയര്‍ ".

"പിന്നേ, വട്ടല്ലേ എനിക്ക്‌? വയറും ചുമന്ന്, ഛര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു വശംകെട്ട്‌, വണ്ണോം വച്ച്‌.. എല്ലാം കഴിഞ്ഞാലെങ്കിലും വയറൊന്നു ചുങ്ങുമോ ? നെറയെ സ്ട്രെച്ച്മാര്‍ക്സുമായിട്ടു ...ഒരു സാരിയുടുക്കാന്‍ പറ്റുമോ വൃത്തിയായിട്ട്‌ ? ഒരു നല്ല പാന്റ്സും ടോപ്പുമിട്ടാല്‍ ഭംഗിയുണ്ടോ ? ഒരു വണ്ടി വയറും വച്ച്‌.
ഒക്കെ പോരാഞ്ഞെവിടെയെങ്കിലുമൊന്നു വേഗമൊരുങ്ങി ഇറങ്ങി പോകാന്‍ പറ്റുമോ? കുഞ്ഞിനെ കുളിപ്പിച്ചൊരുക്കിയിറക്കി.. നിനക്കു പറ്റിയ അബദ്ധം എനിക്കു പറ്റില്ല മോളേ..."

കുറേ നാളുകള്‍ക്കു ശേഷം കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍...
"ഒരു വിശേഷമുണ്ട്‌. ഞാന്‍ പ്രഗ്നന്റാണ്‌ ".

'ഉവ്വോ. സന്തോഷ വാര്‍ത്തയാണല്ലോ. എന്തു പറ്റി തീരുമാനമൊക്കെ മാറ്റിയേക്കാമെന്നു വച്ചത്‌ ?"

"എല്ലാ പ്രികോഷന്‍സുമെടുത്തിട്ടുണ്ടാരുന്നെടാ.. എന്നിട്ടും.. ഞാന്‍ സ്യൂ ചെയ്യാന്‍ പോവാണ്‌".

ഈശ്വരാ. നാട്ടിലുള്ള മനുഷ്യരും ഒന്നു പറഞ്ഞു രണ്ടാം വാക്കിനു സ്യൂ എന്നൊക്കെ പറഞ്ഞു തുടങ്ങിയോ?

"ആര്‍ക്കെതിരേ?"

"ഞാന്‍ കഴിച്ചിരുന്ന കൊണ്ട്രാസെപ്റ്റിവ്‌ റ്റാബ്ലറ്റിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരേ.."

ഇതു ദൈവം ചതിച്ച ചതിയാണ്‌. ദൈവത്തിനെതിരേയുള്ള കേസുകള്‍ എടുക്കുന്ന കോടതിയെവിടെയെങ്കിലുമുണ്ടോ ആവോ?

"അതെന്തോ വെണമെങ്കില്‍ ചെയ്യൂ.. കുഞ്ഞിന്റെ കാര്യത്തിലെന്തു തീരുമാനിച്ചു?"

"എന്തു തീരുമാനിക്കാന്‍? ഞങ്ങളറിഞ്ഞപ്പോ തന്നെ 3 മാസമായി. പണ്ടുമെനിക്കു 'മാസം തോറുമുള്ള ശല്യം' ചെലപ്പോ ഒക്കെ ഒന്നിടവിട്ടൊക്കെയല്ലേ വരാറുണ്ടാരുന്നുള്ളൂ? ഇങ്ങനെയൊരു പോസ്സിബിലിറ്റിയെ പറ്റി ചിന്തിക്കയേ ചെയ്യാതിരുന്നതു കൊണ്ടു..ഇനിയിപ്പോ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാ ഡോക്ടര്‍ പറയണേ."

"വേണ്ടാ, ഒന്നും ചെയ്യണ്ടാ. ഇനിയങ്ങോട്ടു മനസ്സില്‍ നല്ലതു മാത്രം ചിന്തിക്കൂ. കുഞ്ഞിനെ അക്സപ്റ്റ്‌ ചെയ്യാന്‍ മനസ്സു കൊണ്ടു പ്രിപ്പയര്‍ ചെയ്യൂ. കുഞ്ഞുവാവയോടൊരുപാടു സംസാരിക്കണം കേട്ടോ. 'അണ്‍വാണ്ടഡ്‌' എന്നുള്ള ആ തോന്നല്‍ മാറ്റിയെടുക്കന്‍, 'അമ്മ ലവ്യൂ' എന്നെപ്പോളും പറയ...."

അവിടെ ഫോണ്‍ 'ടപ്പോ' ന്നു വക്കുന്ന സ്വരം ഞാന്‍ കേട്ടു.

എന്റെ മനസ്സസ്വസ്ഥമാണിപ്പോള്‍.

മക്കള്‍ ആദ്യം ജനിക്കേണ്ടതു മനസ്സിലല്ലേ? മനസ്സില്‍ ജനിക്കുന്ന മക്കളല്ലേ പിന്നീട് ഉദരത്തില്‍കിടന്നു പൂര്‍ണ രൂപം പ്രാപിക്കേണ്ടത്‌?

അമ്മയുടെ ഹൃദയത്തില്‍ നിന്ന്‌ ഉദരത്തിലേക്കു മാറിയെങ്കിലും പത്തു മാസവും അച്ഛന്റെ ഹൃദയത്തിലല്ലേ കുഞ്ഞു വളര്‍ന്നു വലുതാകേണ്ടത്‌? അമ്മയുടേയോ അച്ഛന്റേയോ ഹൃദയത്തില്‍ ജനിക്കാതെ, വെറുതെ വയറ്റില്‍ മാത്രം പൊട്ടിമുളച്ച ഈ കുഞ്ഞ്‌.. അവന്റെ ഭാവി എന്താകും?

പ്രാര്‍ത്ഥിക്കാന്‍ മാ‍ത്രമല്ലേ എനിക്കാവൂ. നല്ലതു വരട്ടെ.

ഞായറാഴ്‌ച, മാർച്ച് 05, 2006

കുട്ട്യേടത്തി കണ്ട ഇന്‍ഡോനേഷ്യ

മധുവിധുരാവുകളും സുരഭില യാമങ്ങളും കഴിഞ്ഞു തിരിച്ചാപ്പീസിലെത്തിയതും ഇണ്ടാസ്‌ കിട്ടി. ഇന്‍ഡോനേഷ്യയിലേക്കൊരു പ്രോജക്റ്റ്‌ അസ്സൈന്‍മന്റ്‌ !

പ്രോജക്റ്റിനു പോകുന്നതൊക്കെയെനിക്ക്‌ വളരെയിഷ്ടമുള്ള കാര്യം തന്നെ. ഒന്നാമത്തെ കാരണം ശമ്പളം കിട്ടണതിനെക്കാള്‍ മൂന്നിരട്ടി കാശുണ്ടാക്കാം. പിന്നെ പുതിയ പുതിയ സ്ഥലങ്ങള്‍ കാണാം, കൂടുതലാളുകളെയുമവരുടെയൊക്കെ ജീവിതരീതികളേയുമടുത്ത്‌ പരിചയപ്പെടാം. എല്ലാറ്റിലുമുപരി എന്റെ സ്വന്തം മേഖലയിലെ ജ്ഞാനം വര്‍ധിപ്പിക്കുകയും ചെയ്യാം. വിജ്ഞാന ദാഹത്തെക്കാളേറെ റെസ്യുമേയില്‍ നല്ല നല്ല പ്രൊജക്റ്റുകള്‍ വരുമെന്നതാണീ യാത്രകളൊടുള്ള മമതയുടെ മറ്റൊരു കാരണം.

പക്ഷേ ഇതെല്ലാം കല്യാണത്തിനു മുന്‍പുള്ള കഥ. ഇതിപ്പോ മധുവിധുവിന്റെ കെട്ടു വിട്ടിട്ടില്ല. ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യ ഞങ്ങള്‍ക്കെന്നൊക്കെ മൂഢ‌സ്വര്‍ഗത്തില്‍ കഴിയുന്ന സമയം.

വെള്ളിയാഴ്ചകള്‍ വരാന്‍ വേണ്ടി മാത്രമാണു ജീവിക്കുന്നതെന്നു തോന്നിയ ദിവസങ്ങള്‍. ഇനിയൊരിക്കലും തിങ്കള്‍ വരല്ലേ എന്നാശിച്ചിരുന്ന വെള്ളികള്‍.

"അപ്പളാ ഒരിന്തോനേഷ്യ. വേറെയാളെ നോക്കണം. എന്നെ കിട്ടൂല്ല " എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു, പക്ഷേ...

പുട്ടടിക്കാന്‍ ജ്വാലിയില്ലാതെ പറ്റുമോ? അന്നന്നത്തെ പുട്ടിന്‌ വേണ്ടിയല്ലേ നമ്മളെല്ലാം.. ?

പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. ഡോക്യുമെന്റ്‍സൊക്കെ ശരിയായി വരാന്‍ രണ്ടുമൂന്നു മാസമെങ്കിലുമെടുക്കുമല്ലോയെന്ന് വ്യാമോഹിച്ചിരുന്ന എന്നെ അടിമുടി ഞെട്ടിച്ചുകൊണ്ട്‌ 2 ദിവസത്തിനകം വീസ സ്റ്റാമ്പ്‌ ചെയ്ത്‌ പാസ്പോര്‍ട്ട്‌ തിരിച്ചെത്തി !

അങ്ങനെ വിരുന്നുണ്ട്‌ തീരുന്നതിനു മുന്‍പേ ഇന്‍ഡോനേഷ്യക്കു പോകാന്‍ ഞാന്‍ പെട്ടി പായ്ക്ക്‌ ചെയ്തു.


തിരുവനന്തപുരത്തൂന്ന് സിങ്കപ്പൂര്‍ക്കു രാത്രി പന്ത്രണ്ടരക്കു കേറി, 4 മണിക്കൂറു കഴിഞ്ഞ്‌ സിങ്കപ്പൂരിലിറങ്ങി ഒരു മണിക്കൂര്‍ കഴിയുമ്പോ വീണ്ടും സിങ്കപ്പൂര്‍ നിന്ന് ജക്കാര്‍ത്തയിലേക്കടുത്ത ഫ്ലൈറ്റില്‍.

തിരുവനന്തപുരത്തൂന്ന് ഫ്ലൈറ്റ്‌ പുറപ്പെട്ടത്‌ തന്നെ അര മണിക്കൂറോളം ലേറ്റായിട്ട്‌. സിങ്കപ്പൂരില്‍ ചെന്നിറങ്ങുമ്പോള്‍ ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പുറപ്പെടാന്‍ വെറും 25 മിനിറ്റ്‌ മാത്രം! സിങ്കപ്പൂര്‍ ചാങ്കി ഏയര്‍പ്പോര്‍ട്ടെന്നു പറഞ്ഞാലെന്താ ഏയര്‍പ്പോര്‍ട്ട്‌. നമ്മുടെ രമ്പുന്തനവരുതിക്കൊക്കെ 'യെങ്ങനെ 'യിന്റര്‍നാഷ്‌നല്‍' പട്ടം കിട്ടിയെടാ ' എന്നല്‍ഭുതപ്പെട്ടു പോകും. ഇറങ്ങിയ റ്റെര്‍മിനലില്‍ നിന്നും ജക്കാര്‍ത്ത ഫ്ലൈറ്റിന്റെ റ്റെര്‍മിനലിലേക്ക്‌ ഡയറക്ഷന്‍സ്‌ നോക്കി ഞങ്ങള്‍ നടക്കാന്‍, അല്ലാ ഓടാന്‍ തുടങ്ങി.

ഈ ചട്ടമ്പിസ്വാമികള്‍ എന്നൊക്കെ പറയണ പോലെ കുട്ട്യേടത്തി ബഹുമാനപുരസ്സരം 'ഞങ്ങള്‍' എന്നു പറഞ്ഞതാണെന്ന് വിചാരിച്ചോ?അല്ലെന്നേ. എന്റെ കൂടെ എന്റെ മാനേജര്‍ കൂടിയുണ്ടെന്നതൂ ഞാന്‍ പറയാന്‍ വിട്ടു പോയതാ. അങ്ങേരെന്നെങ്കിലുമിതൊക്കെ വായിച്ച് എന്റെ പേരില്‍ മാനനഷ്ടക്കേസ്‌ ഫയല്‍ ചെയ്യാതിരിക്കാനൊരു മുന്‍കരുതലെന്ന നിലയില്‍ നമുക്കദ്ദേഹത്തെ ആദ്യന്തം വെറും മനേജറെന്നു മാത്രം വിളിക്കാം.

ഞാനാരാ ബുദ്ധിമതി? ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിയാവുന്നതു കൊണ്ടു ഞാന്‍ ലാപ്ടോപ്പൊഴികെ ബാക്കി എല്ലാ ലഗേജും ചെക്കിന്‍ ചെയ്യിച്ചു. മനേജരാകട്ടെ, എന്റത്ര ബുദ്ധിയില്ലാത്തതു കൊണ്ട്‌ വല്യ ഒരു പെട്ടി കയ്യിലെടുത്തിട്ടുണ്ട്‌. ഞാനാളുകളെയൊക്കെ വകഞ്ഞ്‌ മാറ്റി മീന്‍ വെള്ളത്തില്‍ കൂടെ പോകുന്ന പോലെ വളഞ്ഞു പുളഞ്ഞോട്ടമാണ്‌. മാനേജര്‍ പാവം പെട്ടിയും വലിച്ചെന്റെ പിന്നാലെ ഓടിയെത്താന്‍ വല്ലാതെ കഷ്ടപ്പെടണുണ്ട്‌.

ആമയും മുയലുമോട്ടത്തിന്‌ പോയപോലെ ഞാന്‍ കുറച്ച്‌ ദൂരമോടിയിട്ടു തിരിഞ്ഞു നില്‍ക്കും. മാനേജരുടെ പൊടി പോലുമില്ല! അപ്പോ ഞാനതേ വെഗത്തില്‍ യൂ റ്റേണെടുത്ത്‌ 2-3 സ്റ്റെപ്പ്‌ പിന്നോട്ടോടി നോക്കും. അപ്പോള്‍ കാണാം പാവം മാനേജര്‍ പെട്ടിയൊക്കെ തൂക്കി പിടിച്ച്‌ 'വയറിതാ മുന്നേ ഞാനിതാ പിന്നേ ' എന്നുള്ള രീതിയില്‍ പ്രാഞ്ചി പ്രാഞ്ചി വരുന്നത്‌. ഞാനുടനെ റിവേഴ്‍സ്‌ ഗിയറിലിട്ട്‌ പുറകോട്ടോടിക്കൊണ്ടു കയ്യും കാലുമൊക്കെ പൊക്കിക്കാണിച്ചു. “കണ്ണെത്തണ ദൂരത്തില്‍ തന്നെ ഞാനുണ്ടുട്ടോ, ഫ്ലൈറ്റ്‌ പിടിച്ചു നിറുത്തണ കാര്യം ഞാനേറ്റെന്നെ. ഒന്നും പേടിക്കേണ്ട” എന്നെല്ലാമുറപ്പു കൊടുത്തിട്ട് എന്റെ ഓട്ടം തുടരും.

അങ്ങനെയോടിക്കിതച്ചു ഞങ്ങള്‍ ജക്കാര്‍ത്ത ഫ്ലൈറ്റിലെങ്ങനെയൊക്കെയോ കേറിപ്പറ്റി. ഒരു മണിക്കൂറ്‌ കൊണ്ട്‌ ജക്കാര്‍ത്തയിലെത്തി. ഏയര്‍പ്പോര്‍ട്ടിലിറങ്ങി ഇമ്മിഗ്രേഷന്‍ ചെക്കിനുള്ള ഭാഗത്തേക്കു നടക്കുന്ന വഴിക്കതാ ഒരു പേപ്പറില്‍ മത്തങ്ങാ വലിപ്പത്തിലെന്റെ പേരെഴുതി വച്ചിരിക്കണൂ !


ഹോ ഞാനെന്നെക്കൊണ്ടു തോറ്റു. ഈ പോപ്പുലാരിറ്റി പണ്ടേയെനിക്കിഷ്ടമില്ലാത്ത കാര്യമാണ്‌. ഈ യാത്ര പരമരഹസ്യമാക്കി വച്ചിരുന്നതാണല്ലോ. എന്നിട്ടും ഫാന്‍സാരോ മണത്തറിഞ്ഞിരിക്കണൂ. ജക്കാര്‍ത്തയില്‍ പോലും ഞാന്‍ ഫേയ്മസാണെന്നു വച്ചാലെന്താപ്പൊ ചെയ്ക ?

ഇതിലൊന്നും മതിമറന്നു പോകുന്ന ആളല്ല മോനേ ഈ ഞാനെന്നു മനസ്സിലുറപ്പിച്ചു മുന്നോട്ടു നടന്നപ്പോ ദേ ‘വീണ്ടുമതേ വായ്നാറ്റം’ എന്നു പറഞ്ഞ പോലെ വീണ്ടും അതേ പേപ്പറില്‍ അതേ പേര്‌.

ഞാനാ റ്റൈപ്പല്ല കേട്ടോ. നിങ്ങള്‍ക്കാളു മാറിപ്പോയതായെന്നൊക്കെ മനസ്സില്‍ പറഞ്ഞു മുന്നോട്ടു നീങ്ങി.

‘കണ്ടവരുണ്ടോ' എന്നാരിക്കുമോ? ഏയ്‌, അതിനു ഫോട്ടം കൂടി വക്കേണ്ടതല്ലേ ?

'വാണ്ടട്‌' എന്നാരിക്കുമോ.. ? കുപ്രസിദ്ധ കുറ്റവാളിയും അന്താരാഷ്ട്ര കള്ളക്കടത്തുകാരിയുമായ കുട്ട്യേടത്തിയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക്‌ തക്ക ഇനാമെന്നൊക്കെ. ഏയ് ആയിരിക്കില്ല.

ദേ പിന്നേമെഴുതി വച്ചിരിക്കണൂ. ഇതു മഹാ തെണ്ടിത്തരമല്ലേ? കൃഷ്ണന്നായര്‌ വായിച്ചിരുന്നെങ്കില്‍ 'ജുഗുപ്സാവഹമെന്ന്' പറഞ്ഞേനെ. കേവലമൊരു കൊച്ചുപെണ്‍കുട്ടി(?)യായ എന്റെ, അതും ദാമ്പത്ത്യ ജീവിതത്തില്‍ പിച്ചവച്ചു തുടങ്ങിയിട്ടു മാത്രമുള്ള ഒരു പുത്തനച്ചിയുടെ പേരിങ്ങനെ പരസ്യമായി ഏയര്‍പോര്‍ട്ടായ ഏയര്‍പോര്‍ട്ട്‌ മുഴുവനുമെഴുതിവക്കാന്‍ പാടുണ്ടോ ? ഇത്‌ ചോദിച്ചിട്ട്‌ തന്നെ കാര്യം.

എന്താണെന്നൊന്നു വായിച്ചു നോക്കട്ടെ. 'കുട്ട്യേടത്തി, പ്ലീസ്‌ റിപ്പോര്‍ട്ട്‌ അറ്റ്‌ ദ 'ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ട്‌' കൌണ്ടര്‍' എന്നാണാ പേപ്പറിലെഴുതിയിരിക്കണത്‌. എന്നിട്ടടിയില്‍ കോളേജ്‌ പിള്ളാര്‌ ലൌ സൈന്‍ വരച്ചിട്ട് ആരോയിടണ പോലെ ഒരാരോയും.

പിന്നീടങ്ങോട്ട് 'ആരോ' കാണിച്ച വഴിയിലൂടെയായി എന്റെ നടപ്പ്‌.

'ലോസ്റ്റ്‌ ആന്റ്‌ ഫൌണ്ടോ' ? എന്റെയെന്തെങ്കിലും കാണാതെ പോയെന്നു ഞാനാരോടും പരാതിയൊന്നും പറഞ്ഞില്ലല്ലോ. കഴുത്തിലെ മാല യഥാസ്ഥാനത്ത്‌ തന്നെയുണ്ട്. മാലയുടെ അറ്റത്ത്‌ താലി, അതുമുണ്ട്‌. പേരെഴുതിയ മോതിരം, കാലിലെ പാദസരം... എല്ലാം ഉണ്ട്. കമ്മലിന്റെ പിരിയൊക്കെ മുറുകി തന്നെയാണല്ലോ. ലാപ്റ്റോപ്‌ തോളത്തുണ്ട്‌. പഴ്സും അതിനുള്ളില്‍ ഒരാവശ്യവുമില്ലാതെ വച്ചിരിക്കുന്ന ഇന്‍ഡ്യന്‍ രൂപായും അവിടെത്തന്നെയുണ്ട്‌. പിന്നെ ഇന്‍ഡോനേഷ്യയിലെ ഉപയോഗങ്ങള്‍ക്കായി ആപ്പീസില്‍ നിന്നും തന്ന 600 ഡോളറും അവിടെത്തന്നെയുണ്ട്‌.

ഇനിയിപ്പോ എന്നെത്തന്നെയാരിക്കുമോ കാണാതെ പോയത്‌ ?

തെരക്കില്‌ ഞാന്‍ ഫ്ലൈറ്റ്‌ മാറിയോ മറ്റോ ആണോ കേറിയത്‌? അപ്പോള്‍ പിന്നെ യിതേതെയര്‍പോര്‍ട്ട്‌? ദൈവമേ..എവിടെയെങ്കിലുമൊന്നു 'ജക്കാര്‍ത്ത' എന്നെഴുതിയിരിക്കണ കണ്ടിരുന്നെങ്കില്‍ ഉറപ്പിക്കാമായിരുന്നു.

അങ്ങനെ നടന്നു നടന്നു ലോസ്റ്റ്‌ ആന്‍ഡ്‌ ഫൌണ്ടിലെത്തി. അതിന്റെ വാതില്‍ക്കലുമെഴുതി വച്ചിട്ടുണ്ടെന്റെ തിരുനാമധേയം. കൊടുങ്കാറ്റു പോലെയതിനകത്തേക്കു കേറിയിട്ടു ഞാന്‍ ചോദിച്ചു.

" ഞാനാണു നിങ്ങളന്വേഷിക്കുന്ന കുട്ട്യേടത്തി. എന്തിനാണു നിങ്ങളീ ഏയര്‍പോര്‍ട്ടിലാകമാനമെന്റെ പേരെഴുതി ഒട്ടിച്ചു വച്ചിരിക്കണത്‌? "

" ഞങ്ങള്‍ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇങ്ങനെ സംഭവിച്ചതില്‍ ഞങ്ങള്‍ക്കതിയായ ഖേദമുണ്ട്‌"

എങ്ങനെ സംഭവിച്ചതില്‍? അല്ല, ആക്ച്ച്വലിയെന്താ പ്രശ്നം?ഇതുങ്ങളെല്ലാമെന്തിനാ എന്നോട്‌ ക്ഷമ ചോദിക്കണേ?

"നിങ്ങളുടെ ഫ്ലൈറ്റ്‌ സിങ്കപ്പൂരിലെത്താന്‍ വൈകിയതാണെല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. "

എന്തു പ്രശ്നം? എനിക്കു പ്രശ്നമൊന്നുമില്ലല്ലോ. നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്നമുണ്ടോ? ഒന്നു പറഞ്ഞു തൊലക്കെന്റെ പെങ്കൊച്ചേ...

" സിങ്കപ്പൂര്‍ ഫ്ലൈറ്റ്‌ വന്നതിനും ജക്കാര്‍ത്ത ഫ്ലൈറ്റ്‌ പൊങ്ങുന്നതിനുമിടയില്‍ ഞങ്ങള്‍ക്ക വളരെ കുറച്ച്‌ സമയമേ കിട്ടിയുള്ളൂ. "

അതെനിക്കുമങ്ങനെ തന്നെ. ഞാനോടിയ ഓട്ടത്തിന്റെ കിതപ്പിപ്പളും മാറിയിട്ടില്ല!

"നിങ്ങള്‍ നിങ്ങളുടെ പേരുമഡ്രസ്സും താമസിക്കുന്ന സ്ഥലത്തെ ഫോണ്‍ നമ്പറും തന്നാല്‍ ഞങ്ങള്‍ സാധനം നിങ്ങളുടെ വീട്ടില്‍ കൊണ്ടു വന്നു തരാം "

എന്തോന്ന് ? അയ്യേ.... ച്ചേ ച്ചേ.... ഞാനാ റ്റൈപ്പല്ല്ലാന്ന് ആദ്യമേ പറഞ്ഞതല്ലേ ? ഏത്‌ സാധനത്തിന്റെ കാര്യമായിവരീ പറയണത്‌ ? പണ്ട്‌ ദാസനും വിജയനും കൂടി 'സാധനം കയ്യിലുണ്ടേ' എന്ന് വിളിച്ച്‌ കൂവി നടന്നതോര്‍മ വന്നു എനിക്കപ്പോള്‍.

" നിങ്ങളുടെ ഒരു പെട്ടി മിസ്സിങ്ങാണ്‌. നിങ്ങള്‍ വന്ന ഫ്ലൈറ്റിലാ പ്പെട്ടി എത്തിയിട്ടില്ല. സിങ്കപ്പൂരില്‍ വച്ച്‌ പെട്ടികളൊരു ഫ്ലൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക്‌ മാറ്റിയപ്പോള്‍ സംഭവിച്ച ഒരു .. "

ഓഹോ.... അപ്പമതാണു കാര്യം ??

" നിങ്ങളുടെ കാണാതായ പെട്ടിയുടെ നിറം, മണം, ഗുണം, രുചി, കടുപ്പം, നീളം പൊക്കം, വണ്ണം, ബ്രാന്‍ഡ്‌ ഇതെല്ലം ഈ പേപ്പറിലെഴുതി നിങ്ങളുടെ അഡ്രസും എഴുതി തന്നിട്ട്‌ നിങ്ങള്‍ക്കു പോകാം. പെട്ടി നിങ്ങളുടെ വീട്ടിലെത്തിക്കും ഞങ്ങള്‍."

" ഇനി അഥവാ പെട്ടി നഷ്ടപ്പെട്ടാല്‍.. പെട്ടി കിട്ടിയില്ലെങ്കില്‍, ഞങ്ങള്‍ നഷ്ടപരിഹാരമായി നിങ്ങള്‍ക്ക്‌ 200 ഡോളര്‍ തരും "

ഇത്‌ കൊള്ളാമല്ലോ!! എന്റെ പെട്ടിയിലാകെയുള്ളത്‌ 3-4 ജോടി പാന്റ്സും ഒരഞ്ചോ ആറോ ഷര്‍ട്ട്‌/റ്റോപ്പും. റ്റോപ്പൊക്കെ ബാങ്ക്ലൂരില്‍ന്നു സെയ്‌ലിനും മറ്റും മേടിച്ചത്‌. മൂന്നെണ്ണം നൂറു രൂപ ഓഫറില്‍ മേടിച്ചതാണധികവും. ഞാനൊരൊന്നാന്തരം പിശുക്കിയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ലാല്ലേ ? ഒരു രൂപാ ചെലവാക്കണതിന്‌ മുന്‍പ്‌ 3 പ്രാവശ്യമാലോചിച്ച്‌ കളയും. (ഞാനിപ്പോളീയൊരു രൂപാ കൊടുത്ത്‌ മേടിക്കാന്‍ പോകുന്ന സാധനം/സേവനം 95 പൈസക്ക്‌ വേറെയെവിടെയെങ്കിലും കിട്ടാനെന്തെങ്കിലും സാധ്യതയുണ്ടോ എന്നും മറ്റുമൊക്കെ ചിന്തിച്ചിട്ടേ ഒരു രൂപ പോലും ചെലവാക്കൂ).

പെട്ടി കിട്ടിയില്ലെങ്കില്‍ കിട്ടാന്‍ പോകുന്ന 200 ഡോളര്‍ കൂടി കിട്ടുമ്പോ എന്റെ അക്കൌണ്ടിലെ ബാലന്‍സെത്രയാകുമെന്നൊക്കെ കാല്‍ക്കുലേറ്റ്‌ ചെയ്തു കൊണ്ട്‌ ഞാനവരുടെ ഫോം ഫില്ല് ചെയ്യാന്‍ തുടങ്ങി.

ഏതു പെട്ടിയാ കാണാതെ പോയതെന്നറിഞ്ഞാലല്ലേ പെട്ടീടെ നീളവണ്ണനിറാദികളെഴുതാന്‍ പറ്റുള്ളൂ..

തൊട്ടു മുന്‍പിലുള്ള ബാഗേജ്‌ ക്ലെയിം ഏരിയയില്‍ പെട്ടികളൊക്കെ യിങ്ങനെ ബെല്‍റ്റിലൂടെ കറങ്ങി നീങ്ങിക്കൊണ്ടിരിക്കുകയാണ്‌. എല്ലാവരുമൊക്കെ പെട്ടിയെടുത്ത്‌ പോയിക്കഴിഞ്ഞിരുന്നതുകൊണ്ട്‌ ഞങ്ങളുടെ പെട്ടി കണ്ടുപിടിക്കാന്‍ കഷ്ടപ്പെടേണ്ടി വന്നില്ല. എന്റെ ഒരു പെട്ടി വന്നു.

അപ്പോള്‍ മറ്റവനാണല്ലേ പോയത്‌ ? അതിനകത്ത്‌ ചുമ്മാ നേറ്റിതുണികള്‍ മാത്രം..എല്ലാം പീറചുരിദാറുകള്‍. മൊത്തം 500 രൂപയുടെ തുണി പോലുമില്ല.

ആനന്ദ ലബ്ധിക്കിനിയെന്ത്‌ വേണം ? ഹായ്‌ ഹായ്‌.. ഞാനിങ്ങനെ കിട്ടാന്‍ പോകുന്ന 200 ഡോളറിനെ പറ്റിയുള്ള സുന്ദര സ്വപ്നങ്ങളില്‍ ലയിച്ച്‌ മാനേജര്‍ കൂടി പെട്ടിയെടുത്ത്‌ വരാന്‍ വെയിറ്റ്‌ ചെയ്യുകയാണ്‌. ദൈവമേ... പെട്ടിയിനിയവര്‍ക്ക്‌ കിട്ടുമോ ?

എയ്‌..ഇല്ലാരിക്കുമല്ലേ.. ? സിങ്കപ്പൂര്‍ ഏയര്‍പോര്‍ട്ടിലൊരു ദിവസം വന്നിറങ്ങുന്ന ലക്ഷക്കണക്കിനു പെട്ടികളില്‍ നിന്നെന്റെയീ പച്ച നിറമുള്ള പെട്ടി എങ്ങനെ കിട്ടാന്‍ ?

ദൈവമേ... കിട്ടല്ലേ... അന്തോനീസ്‌ പുണ്യാളോ....വേളാങ്കണ്ണി മാതാവേ... മുതലക്കുടത്ത്‌ മുത്തപ്പോ... ചാവറയച്ചോ.... ഞാന്‍ കൂടു തുറന്നൊരു കുര്‍ബാന ചെല്ലിച്ചേക്കാമേ.

പെട്ടിയുടെ നിറവും നീളവും ബ്രാന്‍ഡുമൊക്കെ തെറ്റിച്ചെഴുതി ക്കൊടുത്താലോ ? ഹോ .. ഞാനെന്നെക്കൊണ്ട്‌ പിന്നേം തോറ്റു. യെന്തൊക്കെ ഐടിയകളാ? യെന്തൊരു പുത്തിയാ യെനിക്ക്‌. ?

"അയ്യോ..എന്റെ കാണാതെ പോയ പെട്ടി പോലെ തന്നെയിരിക്കുന്നല്ലോ ആ പെട്ടി " ബെല്‍റ്റിലൂടെയൊഴുകി വരുന്ന പെട്ടി നോക്കി ഞാനുറക്കെ പറഞ്ഞു പോയി.

ഓ...ആ പെട്ടിയെന്റെ വീട്ടിലുണ്ടാക്കിയതൊന്നുമല്ലല്ലോ..എത്രയോ ആളുകള്‍ക്ക്‌ കാണുമതുപോലൊന്ന്.

എന്നാലുമെന്റെ പെട്ടീടെയതേ നിറം..അതേ ബ്രാന്‍ഡ്‌.. അതേ നീളം വണ്ണാം..പൊക്കം.. എന്റെ അതേയിഷ്ടാനിഷ്ടങ്ങളുള്ള ആരുടെയോ ആയിരിക്കണമല്ലോ അത്‌.

കല്യാണം കഴിഞ്ഞു പോയി... ഇനിയിപ്പോ ഇഷ്ടാനിഷ്ടങ്ങളുള്ളയാളെ കണ്ടു ‍പിടിച്ചിട്ടും കാര്യമൊന്നുമില്ല..എന്നാലും ആ പേരൊന്നു വായിച്ചേക്കാം.

പെട്ടിയെന്റെ അടുത്തെത്തി. 'കുട്ട്യേടത്തി' ടെക്നോപാര്‍ക്ക്‌, കേരള'

കൊള്ളാം !! പേരു ബോറാണെങ്കിലും മലയാളിയാണല്ലോ.

"അയ്യോ..അതെന്റെ പേരല്ലേ ' ???..'ഐടന്റിറ്റി തെഫ്റ്റ്‌' !!! ഏതോ കള്ളിയവളുടെ പെട്ടിയിലെന്റെ പേരെഴുതിയൊട്ടിച്ചിരിക്കുന്നു.

ഈശ്വരാ..അതെന്റെ കയ്യക്ഷരം പോലുണ്ടല്ലോ ..

അപ്പോ കാണാതെ പോയീന്ന് പറഞ്ഞ്‌ വെറുതെ കൊതിപ്പിച്ചിട്ട്‌ ?

മാനേജര്‍ ഒരു പെട്ടികിട്ടി രണ്ടാമത്തെ പെട്ടി തപ്പി നടപ്പാണ്‌. അപ്പോളേക്കുമെനിക്ക്‌ പതുക്കെ സംഭവത്തിന്റെ കെടപ്പുവശം പിടികിട്ടി തുടങ്ങി.

പെട്ടി കാണാതെ പോയതെന്റെയല്ല, മാനേജറിന്റെയാണ്‌. !!!!!

പിന്നെന്തിനീ ദ്രോഹികളെനിക്കാശ തന്നു ? ആന കൊടുത്താലും.. ആശ കൊടുക്കരുതെന്നല്ലേ ?

അതു നമ്മുടെ രമ്പുന്തനവരുതിക്കാര്‌ പറ്റിച്ച പണിയാണ്‌. ഒരുമിച്ചു യാത്ര ചെയ്യുന്ന ഒന്നിലധികമാള്‍ക്കാരുടെ ടിക്കറ്റ്‌ ഒരുമിച്ചു ചെക്കിന്‍ ചെയ്യാന്‍ കൊടുത്താല്‍ , 2 പേര്‍ക്കുമടുത്തടുത്തുള്ള സീറ്റ്‌ കിട്ടുമെന്നു മാത്രമല്ല, 2 പേരുടേയും പെട്ടികളുമവരൊരുമിച്ച്‌ ചെക്കിന്‍ ചെയ്യും. പെട്ടിയിലൊട്ടിക്കാനുള്ള ഐഡന്റിഫിക്കേഷന്‍ റ്റാഗ്‌ പ്രിന്റ്‌ ചെയ്യുമ്പോ, ആരുടെയെങ്കിലുമൊരാളുടെ പേരില്‍ പ്രിന്റ്‌ ചെയ്തിട്ടെല്ലാ പെട്ടിയിലുമൊട്ടിക്കും. അങ്ങനെ മനേജരുടെ പെട്ടിയേലുമെന്റെ പേരായി പോയി.

പാവം ഞാന്‍ ഒരിക്കലും കിട്ടാത്ത ഡോളറിനെ പറ്റി മോഹന സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍ കണ്ട്‌ വെള്ളമിറക്കിയത്‌ മിച്ചം !!!!!

ബുധനാഴ്‌ച, മാർച്ച് 01, 2006

മില്യണ്‍ ഡോളര്‍ ബേബി!(പ്ര. പു. 2)

അപ്പോ നമ്മളിവിടെയാ നിര്‍ത്തിയത്.

വയറ്റിലൊരാന്തല്‍ പോലെ...

ങ്ഹാ പറയാന്‍ മറന്നു. ഒന്നര മാസമായി കടുത്ത കോണ്‍സ്റ്റിപ്പേഷന്‍. ഒന്നര മാസത്തിനിടയില്‍ പ്രകൃതിയുടെ രണ്ടാമത്തെ വിളി വന്നിട്ടേയില്ലെന്നു പറഞ്ഞാല്‍ അതില്‍ തീരെ അതിശയോക്തിയില്ല. എന്നാല്‍ തീറ്റിക്കു വല്ല കുറവുമുണ്ടോ ?

ഡോക്ടറിനോട്‌ പറയുമ്പോ അയണ്‍ റ്റാബ്ലറ്റ്‌ കഴിക്കുമ്പോ ചിലര്‍ക്കങ്ങനെ വരുമത്രേ. വെള്ളം നന്നായി കുടിക്കണം, നാരുള്ള ഭക്ഷണം കഴിക്കണമെന്നൊക്കെ സ്ഥിരം പല്ലവി. എന്നാലയണ്‍ റ്റാബ്ലറ്റങ്ങ്‌ നിറുത്തിക്കളയാമെന്ന് വച്ചാലോ, ഹീമോഗ്ലോബിന്‍ കൌണ്ട്‌ വല്ലാതെ കുറവും.

സെബസ്ത്യാനോസുപുണ്യാളന്റെ കപ്പേളേലെ പെരുന്നാളിനു കതിന പൊട്ടിക്കണ മാതിരി പൊട്ടീരാണ്‌ ഞാന്‍. പൊതുനിയമങ്ങളെയൊക്കെ കാറ്റില്‍പ്പറത്തി (അല്ലെങ്കിലും ഗര്‍ഭിണിക്ക്‌ പൊതുനിയമങ്ങളിലെല്ലാം അയവ്‌ കിട്ടാറുണ്ടല്ലോ ) എന്റെ ഗുണ്ടുകളെല്ലം മള്‍ട്ടിമീഡിയ ആയിരുന്നു.

കൂടെ ജീവിക്കുന്ന ഭര്‍ത്താവെന്നു പറയുന്ന ആ പാവനാത്മാവിന്റെ മൂക്കിനെ പറ്റിയൊന്നോര്‍ത്തു നോക്കൂ. (അതു ദൈവത്തിന്‌ പറ്റിയ ഒരു ഡിസൈന്‍ എറര്‍/മിസ്റ്റേക്‌ ആണെന്നെനിക്ക്‌ പണ്ടേ തോന്നിയിട്ടുണ്ട്‌. ശ്വസിക്കുന്നതും മണം പിടിക്കുന്നതും കൂടി ഒരിടത്ത്‌ വച്ചത്‌. അല്ലെങ്കില്‍ പിന്നെ മൂക്കങ്ങ്‌ പെര്‍മനെന്റായിട്ടടച്ച്‌ വക്കാമാരുന്നു.)

അന്നു രാവിലെ വയറൊന്നിളകാനുള്ള മരുന്ന് (പ്രൂണ്‍ ജ്യൂസ് + സ്റ്റൂള്‍ സോഫ്റ്റ്നര്‍) കഴിച്ചിരുന്നു.

" മ്‌ഹ്‌..മരുന്ന് ഫലിച്ചൂന്നാ തോന്നണേ."ബാത്‌റൂമിലേക്കോടുന്ന വഴി ഞാന്‍ ആത്മഗതം നടത്തി.

ഇല്ല..പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. !!!

പിന്നീട്‌ 7.30 ക്കുള്ള 'ഓര്‍മ'കണ്ടുകൊണ്ടിരുന്നപ്പ്പോ വീണ്ടും അതേ ആന്തല്‍.. ഇക്കുറിയുമൊന്നും സംഭവിച്ചില്ല. പക്ഷേ സംശയം തോന്നിത്തുടങ്ങി... ഇതാരിക്കുമോ ഈ പ്രസവ വേദന.. ??

ഏയ്‌.ഇതാരിക്കില്ല.ആരോടാ ചോദിക്കുക ??

4 പെറ്റിട്ടുള്ള അഞ്ചാമത്തെ ഷൂട്ടിംഗ്‌ തീര്‍ത്ത്‌ വച്ചിരിക്കണ ചേച്ചിയെ വിളിച്ചു...

" ഓ...എടീ എനിക്കങ്ങിനെ പെയിനൊന്നും വരാറില്ല. നടുവിനൊരു വേദന ..അത്രേ ഉള്ളൂ."
ഭാഗ്യവതി.

അക്കനെ വിളിച്ചു. " എന്റെ സിസേറിയനല്ലാരുന്നോ 2 ഉം ? "

അമ്മയെ വിളിച്ചു. "ഓ..എനിക്ക്‌ ചുമ്മാ ഒന്ന് ഒന്നിന്‌ പോണമെന്നു തോന്നും"

കഷ്ടം പാഴായ ജന്മങ്ങള്‍ !!! :))

അപ്പോളേക്കും മൂന്നാം വട്ടവും വന്നു, അതേ ആന്തല്‍ .സംശയമില്ല, ഇത്‌ ലവന്‍/ലവള്‍ തന്നെ.അത്താഴം കഴിച്ച്‌, കുളിച്ച്‌ ഫ്രഷ്‌ ആയി, രാത്രി 12മണിയോടെ ഞങ്ങള്‍ ഹോസ്പിറ്റലിലെത്തി.

വീട്ടില്‍ന്നിറങ്ങുന്നതിന്‌ മുന്‍പേതന്നെ ഞങ്ങളുടെ 2 പേരുടെയും എല്ലാ ഒഫിഷ്യല്‍ റെക്കോര്‍ട്സും ഒരു പഴ്സിലാക്കി അത്‌ മനൂന്റെ പോക്കറ്റിലുണ്ട്‌. ഈ അമേരിക്ക മഹാരാജ്യത്ത്‌ ഞങ്ങള്‍ക്ക്‌ ജീവിക്കാനത്യാവശ്യമായ മുഴുവന്‍ സാധനങ്ങളുമെന്നു പറയാം. 2 പേരുടെയും ഡ്രൈവിംഗ്‌ ലൈസന്‍സ്‌, സോഷ്യല്‍ സെക്യൂരിറ്റി കാര്‍ട്‌, ഹോസ്പിറ്റലിലെ പേഷ്യന്റ്‌ കാര്‍ട്‌, ക്രടിറ്റ്‌ കാര്‍ടുകള്‍, ഇന്‍ഷുറന്‍സ്‌ കാര്‍ടുകള്‍ എന്നുവേണ്ട സകല സംഭവങ്ങളുമതില്‍ തന്നെ. ഞങ്ങള്‍ ഞങ്ങളാണെന്ന് തെളിയിക്കാനും പിന്നെ ഹോസ്പിറ്റലില്‍ ചികില്‍സ കിട്ടാനുമിതെല്ലാം തന്നെ അത്യാവശ്യം വേണ്ടതാണ്‌.

കൂടാതെ ഞങ്ങളുടെ കയ്യിലാകെയുള്ള ഒരായിരതഞ്ഞൂറോളം ഡോളാറുമിതേ പഴ്സില്‍ത്തന്നെയുണ്ട്‌. അമേരിക്കയിലെ രീതികളൊന്നും ശരിക്കറിയാത്തത്‌ കൊണ്ട്‌ മാത്രം സംഭവിച്ച ഒരബധ്ധമാണത്‌. ഇവിടെയാരുമങ്ങനെ പഴ്സില്‍ പൈസയൊന്നും കൊണ്ടുനടക്കാറില്ല. ക്രടിറ്റ്‌ /ഡബിറ്റ്‌ കാര്‍ടുകളും പിന്നെ ചെക്ക്ബുക്കും.. ഇത്‌ രണ്ടുമുണ്ടെങ്കില്‍ ധാരാളം.

ഇവിടെ ക്യാഷെടുക്കുന്ന സ്ഥലങ്ങള്‍ തന്നെ വളരെ വളരെ കുറവാണ്‌. വല്ല റസ്റ്റോറന്റിലോ മറ്റോ എടുത്താലായി. ആശുപത്രിയില്‍ പോയപ്പോ കാശുകൊണ്ടുപോകേണ്ട യാതോരു കാര്യവുമില്ല. പക്ഷേ നാട്ടിലെ ഒരു ശീലമുണ്ടല്ലോ, കയ്യിലുള്ള കാശുമുഴുവനും പഴ്സില്‍ കൊണ്ടുനടക്കുന്ന രീതി..ആ ഒരു ഓര്‍മയിലാണ്‌ ഞങ്ങളന്നുണ്ടാരുന്ന കാശെല്ലാം പഴ്സിലാക്കി പോയത്‌.

രാത്രി മുഴുവനും കരഞ്ഞുമലറിവിളിച്ചും 2 പേരും ലേബര്‍ റൂമില്‍. എല്ലാ സൌകര്യങ്ങളുമുള്ള, അറ്റാച്ട്‌` ബാത്രൂമുമൊക്കയുള്ള മുറി. ഒരു നഴ്സമ്മയും രാത്രി മുഴുവന്‍ മുറിയിലുണ്ട്‌. ഡോക്ടര്‍മാര്‍ വന്നുമ്പോയുമിരിക്കുന്നു. രാവിലെ ഒരാറുമണിയായപ്പോളാ മോളൂസ്‌ പതുക്കെ പുറത്തേക്ക്‌ വന്നു തുടങ്ങിയത്‌.ഒരേഴുമണിയായിക്കാണും.

ഹന്നമോളങ്ങനെ തലയൊക്കെ പുറത്തിട്ട്‌ നമ്മുടെ
സ്വാര്‍ത്ഥന്‍ തൃശ്ശൂര്‍ക്ക്‌ പോയ സ്റ്റയിലിലിരിക്കുവാണ്‌. വല്യ വയറിന്റെ അപ്പുറത്തെ കാഴ്ചകളൊന്നുമെനിക്കത്ര കാണാന്‍ പറ്റുന്നില്ലെങ്കിലും, റണ്ണിംഗ്‌ കമന്ററി പോലെ ഒരാളെല്ലാം പറഞ്ഞുകൊണ്ടിരിക്കണുണ്ട്‌.

പെട്ടെന്ന് കമന്റേറ്ററുടെ ശബ്ദമിടറുന്നതെന്നിക്ക്‌ മനസ്സിലായി. മുഖത്ത്‌ വല്ലാത്ത ഭാവഭേദങ്ങള്‍!!

കണ്ണുകള്‍ ഇറുക്കിയടക്കുന്നു, ഈശോയേ.. മാതാവേ.. എന്നെല്ലാം മാറി മാറി വിളിക്കുന്നു. കൈകൊണ്ട്‌ കണ്ണു പൊത്തുന്നു.., വീണ്ടും വിരലുകളകത്തി ഇടയിലൂടെ നോക്കുന്നു..വീണ്ടുമടയ്ക്കുന്നു.

"ഈശ്വരാ.. മാതാവേ, കാത്തുകൊള്ളണേ എന്നെല്ല്ലാം പിച്ചും പേയും പറയണപോലെ പറയണുണ്ട്‌.ഞാന്‍ കയ്യില്‍പിടിച്ചു കുലുക്കി
" എന്താ..എന്താ .."

"എടാ..ചോര !!!! ""എടാ... നെറയെ ചോര.. ഒഴുകുവാടാ.. എന്തോരും ചോരയാടാ... എനിക്ക്‌ കാണാന്‍ വയ്യാ..."

പെട്ടെന്നൊരാള്‍ "ഞാനൊന്ന് ഒന്നിനുപോയിട്ട്‌ വരാമേ" എന്ന് പറയണ കേട്ടതോര്‍മയുണ്ട്‌.

എന്തായാലും ഈശോയും മാതാവുമൊക്കെയെന്റെ കൂടെ തന്നെയുണ്ടാരുന്നു. (എന്നെ എപ്പോളും പുള്ളിയിങ്ങനെ കൈവെള്ളയിലെടുത്താകൊണ്ടുനടക്കണെ. ഞാനഗ്രഹിക്കണതിനെക്കാളേറേ വാരിക്കോരി തന്നിട്ടേയുള്ളു എല്ലാം. ഇടക്കിടക്ക്‌, ടേയ്‌, നീ വല്യ ആളൊന്നുമല്ലാട്ടോ, എന്നോര്‍മിപ്പിക്കാനെന്നെയിങ്ങനെ 'ഇട്ടപൊത്തോ' ന്ന് താഴേക്കിടും. വീണ്ടുമിരട്ടി സ്നേഹത്തിലെന്നെ കോരിയെടുത്ത്‌ 'ചുമ്മാ..ഇതൊക്കെയെന്റെ ഓരോ നമ്പറല്ലേടി പെണ്ണേ.' ന്ന് പറഞ്ഞാശ്വസിപ്പിക്കും.)

യാതോരു പ്രശ്നങ്ങളുമില്ലാതെ രാവിലെ കൃത്യം 7.25 ആയപ്പോള്‍ ഹന്നമോള്‍ 2 കണ്ണുകളും മലര്‍ക്കെതുറന്ന് (as she was a post due date baby) പുറത്തു വന്നു. നഴ്സമ്മ കോരിയെടുത്ത്‌ തുണിയില്‍ പൊതിഞ്ഞ്‌ പപ്പായുടെ കയ്യില്‍ കൊടുത്തു.

പപ്പ സന്തോഷക്ക
ണ്ണീരടക്കാനാവാതെ പൊന്നുമോളെ ഉമ്മകള്‍കൊണ്ട്‌ പൊതിഞ്ഞു.

അപ്പോളേക്കുമെന്റെ ആങ്ങള ആശുപത്രിയിലെത്തിയിരുന്നു. എല്ലാരെയുമൊക്കെ വിളിച്ചുപറഞ്ഞു.. കുളിപ്പീരും സ്റ്റിച്ചിടലുമൊക്കെ കഴിഞ്ഞ്‌ ലേബര്‍ റൂമില്‍ന്ന് മുറിയിലേക്ക്‌ മാറ്റാറായി.

"അളിയനിന്നലെ മുതലിരിക്കണ ഇരിപ്പല്ലേ ? ഒന്നു പോയി ഫ്രഷായി ബ്രേക്‌ഫാസ്റ്റും കഴിച്ച്‌ വരൂ. ഇപ്പോ ഞാനിവിടെയുണ്ടല്ലോ."

കുറേ നിര്‍ബന്ധിച്ചപ്പോ മനു മനസ്സില്ലാമനസ്സോടെ കഴിക്കാന്‍ പോയി.പോയിട്ടൊരു രണ്ടുരണ്ടര മിനിറ്റായിക്കാണും. ബൂമറാങ്ങ്‌ പോലെ ദാ തിരിച്ചു വരണു.വാതില്‍ക്കല്‍നിന്നളിയനുമളിയനുംകൂടി എന്തൊക്കെയോ അടക്കം പറയുന്നു, എന്റെ ഭര്‍ത്താവാകുന്ന അളിയന്റെ മുഖത്ത്‌ വല്ലാതെ പേടിച്ചരണ്ട ഭാവം.. ആങ്ങള അളിയന്‍ പുറത്ത്‌ തട്ടുകേം ആശ്വസിപ്പിക്കുകേമൊക്കെ ചെയ്യണുണ്ട്‌. 2 പേരുംകൂടി എന്തോക്കെയോ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന പോലേ. തലയില്‍ന്നും പുക പൊങ്ങണുണ്ട്‌.നഴ്സപ്പോളുമെന്നെ ഡ്രസ്സ്‌ മാറ്റിക്കുകയോ എന്തോ ഒക്കെ ചെയ്യുകയാ.

"എന്താ... എന്നാന്നേ പ്രശ്നം " എന്നൊക്കെ ഞാന്‍ വിളിച്ച്‌ ചോദിക്കണുണ്ടെകിലും അതൊന്നുമാരും കേട്ട ലക്ഷണമില്ല.പെട്ടെന്നെന്തോ ഓര്‍ത്തപോലെ 2 പേരുങ്കൂടി വാണംവിട്ട പോലെ എവിടേക്കോ ഓടുന്നു.

5 മിനിറ്റ്‌ കഴിഞ്ഞ്‌ കാണും. 2 പേരും തിരിച്ച്‌ വന്നു. ഇപ്പോള്‍ ആദ്യത്തെ റ്റെന്‍ഷനും പേടിയുമൊക്കെ മാറിയിട്ടുണ്ട്‌. എന്നാലുമാകെ ചമ്മിവളിച്ച മോന്തായം !!

"എന്നാന്നേ ?? ആരെങ്കിലുമൊന്ന് പറ ..പ്ലീസ്‌... " ഞാന്‍ കെഞ്ചി.

2 പേരും മിണ്ടണില്ല..

"പ്ലീസാരെങ്കിലുമൊന്ന് പറയുവോ എന്നാന്ന്"

"എടീ.. നീ അളിയനെ വഴക്കൊന്നും പറയരുത്‌"

ആങ്ങള അളിയന്‍ മറ്റേ അളിയനൊത്താശ പറയുവാണ്‌.

"എന്നാന്നൊന്ന് പറഞ്ഞ്‌ തൊലക്കെടാ കൊച്ചേ.." (ഇളയ ആങ്ങളയായതുകൊണ്ടവനെനിക്കിപ്പോളും കൊച്ചാണ്‌. )

" എടീ.. അളിയന്റെ കയ്യീന്ന് പഴ്‌സ്‌ കാണാതെ പോയി. "

"പേഴ്സ്‌ കാണാതെ പോകുകേ ? എങ്ങനെ ? ഈശ്വരാ ? എവടെ ? എന്റെ ദൈവമേ..."ഞാനാകെ കരച്ചിലായി.

"മനു ഇവിടുന്നെവിടേം പോയിട്ടില്ലല്ലോ.. ഇവിടെ ഈ മുറിയിലെവിടെയെങ്കിലും കാണുമെടാ... ഒന്ന് നോക്കാരെങ്കിലും പ്ലീസ്‌.."

ആലോചിക്കുന്തോറുമെനിക്കു ഭ്രാന്താവണ പോലെ തോന്നി. എല്ലാ കാര്‍ടുകളും പോയല്ലോ. ലൈസന്‍സാണ്‌ ഐടന്റിറ്റി കാര്‍ട്‌. അതില്ലാതെയെങ്ങനെ ?

"ഇല്ലെടീ... പഴ്സ്‌ കിട്ടി. നീ വിഷമിക്കാനൊന്നുമില്ല "

"ആണോ ? എവിടുന്ന് ? എന്ത്യേ ?"

"അളിയന്‍ ബാത്‌റൂമില്‍ പോയപ്പോ അറിയാതെ അവിടെ മറന്ന് വച്ചതാ. ഇപ്പോ ഞങ്ങള്‌ ചെന്നപ്പോ അവിടെതന്നെയിരിപ്പുണ്ടാരുന്നു. കാര്‍ടൊന്നും പോയിട്ടില്ല. "

"അളിയന്‍ പെട്ടെന്നാ റ്റെന്‍ഷനില്‍ ബാത്രൂമില്‍ പോയപ്പോ അവിടെയെടുത്ത്‌ വച്ചിട്ട്‌ മറന്നതാടീ"

ആവൂ... എന്തോരു സമാധാനം!!! പിന്നെയെന്തിനാണാവോ ഇതുങ്ങള്‌ രണ്ടുമിങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെ പോലെയിരിക്കണേ ?

"പക്ഷേയുണ്ടല്ലോടീ... പഴ്സിലിരുന്ന പൈസ മുഴുവനും പോയി !!!!"

"........." എനിക്കൊന്നും മനസ്സിലായില്ല. പഴ്സു വച്ചിടത്ത്‌ തന്നെയിരിപ്പുണ്ടാരുന്നു, കിട്ടി.. കാര്‍ടൊന്നും പോയിട്ടില്ലായെന്നൊക്കെ പറഞ്ഞിട്ടിപ്പോ പറയണൂ പൈസ മുഴുവനും പോയെന്ന്. ഇതെങ്ങനെ ശരിയാകും ?

“എടീ.. പഴ്സാരോ എടുത്തിട്ട്‌ പൈസയെല്ലാമെടുത്തിട്ട്‌ കാര്‍ടും പഴ്സും വച്ചിട്ട്‌ പോയി !!!!!!!

ഈശ്വരാ.... കരയണോ ? ചിരിക്കണോ ? അവന്റെ തലേലിടിത്തീ വീഴുമെന്നു പറയണോ..അതോ.. ആ കള്ളന്റെ നല്ല മനസ്സിനെ ദൈവമനുഗ്രഹിക്കട്ടെ എന്ന് പറയണോ..ദൈവം പോലും തന്നോട്‌ ക്ഷമിക്കൂല്ലെടോന്ന് പറയണോ.

അതോ.. പ്രിയപ്പെട്ട കള്ളാ, താങ്കള്‍ക്കെത്ര നന്ദി പറഞ്ഞാലാണ്‌ മതിയാവുക യെന്നോ..വല്ലാത്ത ധര്‍മസങ്കടം തന്നെ !!

പെട്ടെന്നാണ്‌ ഞാനതോര്‍ത്തത്‌.."അല്ലാ... നമ്മുടെ മുറിയില്‍ ബാത്രൂമുള്ളപ്പോള്‍ പിന്നെയെന്തിനാണ്‌ പുറത്ത്‌ ബാത്‌റൂമില്‍ ?"

"ഓ..ആണോ..ഈ മുറിയില്‍ ബാത്‌റൂമുണ്ടോ ? പിന്നെ എന്താളിയാ പുറത്ത്‌... ??"

"അത്‌ പിന്നേ.. അപ്പോളത്തെ റ്റെന്‍ഷനില്‍.... മുറിയില്‍ ബാത്‌റൂമുള്ള കാര്യം ഞാന്‍...."

***

അങ്ങനെ സ്വതവേ ഓട്ടക്കയ്യനായ അപ്പന്റെ ആയിരത്തഞ്ഞൂറു ഡോളര്‍ ഒരു നല്ല കള്ളനുകൊടുത്ത് ഞങ്ങടെ ഹന്നമോള്‍ വന്നു. ഇടക്കിടെ ഒന്നുമില്ലാത്തപ്പോള്‍ ചൊറിയാന്‍ ഞാനീ 1500 ഡോളര്‍ പുരാണം എടുത്തിടും. അപ്പോഴെല്ലാം ഞങ്ങള്‍ പറഞ്ഞവസാനിപ്പിക്കുന്നതുപോലെ ഈ പുരാണത്തിനും ഭരതവാക്യം കുറിക്കട്ടെ.

ആയിരത്തഞ്ഞൂറു ഡോളര്‍ പോയെങ്കിലെന്താ, ഇതു നമ്മുടെ മില്യണ്‍ ഡോളര്‍ ബേബിയല്ലേ.