വടക്കുനോക്കിയന്ത്രം
രാഹുകാലം, ജാതകപ്പൊരുത്തം, നക്ഷത്രഫലം, ചൊവ്വാദോഷം തുടങ്ങിയവയിലൊന്നും എനിക്കു യാതോരു വിശ്വാസവുമില്ല. വിശ്വാസമില്ലെന്നു പറയുന്നതിനേക്കാള്‍ അറിയില്ലെന്നു പറയുന്നതാവും ശരി. അറിയാത്തതിനെ വിശ്വാസമില്ല എന്നു പറഞ്ഞു പുച്ഛിക്കാനെളുപ്പമാണല്ലോ.
സ്വന്തം നാളുപോലും അറിയാത്ത ഞാന്‍ തിരുവനന്തപുരത്തു ജോലിക്കു ചെന്നപ്പോഴാണു, ധാരാളം ഹിന്ദു സുഹൃത്തുക്കളുണ്ടായതും, അതുവഴി ഈ മേഖലകളിലൊക്കെ കുറച്ചെങ്കിലും വിവരമുണ്ടായതും. ഓഫീസില്‍ ഒരു സീറ്റില്‍ നിന്നു വേറൊന്നിലേക്കു മാറിയിരിക്കാന്‍ പോലും രാഹുകാലം നോക്കുന്നവര്‍, ചൊവ്വാദോഷം കാരണം മുപ്പത്താറു വയസ്സു കഴിഞ്ഞിട്ടും കല്യാണം നടക്കാത്ത പെണ്‍കുട്ടികള്‍ ഒക്കെ എനിക്കല്‍ഭുതമായിരുന്നു.
ലുക്കീമിയ മൂലം വെല്ലൂരിലായിരുന്ന, റേഡിയേഷന്‍ കഴിഞ്ഞു വന്ന കൂട്ടുകാരിയെ കാണാന്‍ പോകാനിറങ്ങിയ ഞങ്ങളെ, ശനിയാഴ്ച രോഗികളെ കാണാന്‍ പറ്റിയ ദിവസമല്ലാത്തതിനാല്‍, പോകരുതെന്നു വിലക്കിയപ്പോള്‍ 'ഇതെന്തൊരു കൂത്ത്' എന്നു വാപൊളിച്ചു ഞാന്‍.
ഗര്‍ഭിണികള്‍ ആദ്യത്തെ ഒരു നാലഞ്ചു മാസത്തേക്കെങ്കിലും താന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം ഒളിച്ചു വയ്ക്കണമെന്നും, സന്തോഷം പുറത്തു കാണിക്കരുതെന്നും അല്ലെങ്കില്‍ കണ്ണുകിട്ടി അബോര്‍ഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ സംഭവിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്ന കൂട്ടുകാരി, ആറാം മാസത്തില്‍ പറഞ്ഞപ്പോള്‍ ഇത്രയും കൂട്ടായിട്ടും എന്നോടൊളിച്ചല്ലോ എന്ന സങ്കടത്തിലെന്റെ കണ്ണു നിറഞ്ഞു. പക്ഷേ അവള്‍ക്കവളുടെ ന്യായങ്ങളുണ്ടായിരുന്നു. ഓഫീസിലെ മറ്റൊരു കൂട്ടുകാരിക്ക് ഇരട്ടക്കുട്ടികളെ ഏഴാം മാസത്തില്‍ നഷ്ടപ്പെട്ടത് അവള്‍ ഒരുപാടു സന്തോഷം കാണിച്ചിട്ടാണത്രേ. സ്കാനിങ്ങില്‍ കുഞ്ഞിന്റെ ഹാര്‍ട്ട് ബീറ്റ് കേട്ടതും, കൈ കാലുകള്‍ കണ്ടതുമൊക്കെ കൂട്ടുകാരോടു വിവരിച്ചതു കൊണ്ടാണത്രേ അങ്ങനെ സംഭവിച്ചത്.
എല്ലാമെനിക്കു പുതുമയായിരുന്നു. ഒക്കെ പുതിയ അറിവുകള്‍. പലപ്പോഴും കേള്‍ക്കുന്നതില്‍ പകുതി മനസ്സിലായില്ല. മനസ്സിലായതു പോലും, അംഗീകരിക്കാന്‍ മനസ്സു കൂട്ടാക്കിയില്ല. അസുഖമായി കിടക്കുന്ന കുട്ടിയെ കാണാന്‍ പോകേണ്ടതെപ്പോഴെന്നു തീരുമാനിക്കേണ്ടത് ഞങ്ങളുടെ സൌകര്യം നോക്കിയല്ലേ, അല്ലാതെ ശനിക്കും ഗുളികനുമൊക്കെ അവിടെന്തു പ്രസക്തി എന്നിങ്ങനെ മനസ്സു ചോദ്യം ചെയ്തു കൊണ്ടിരുന്നു.
പ്രോജക്റ്റ് ആവശ്യങ്ങള്‍ക്കായി എപ്പോഴും യാത്ര ആവശ്യമായിരുന്ന ഒരു ജോലി ആയിരുന്നു എന്റേത്. ഗുര്‍ഗാവോണ്‍, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലൊക്കെ ഞങ്ങളുടെ കമ്പനിയുടെ ക്ലൈന്റ്സ് ഉണ്ടായിരുന്നതിനാല്‍, ഈ സ്ഥലത്തേക്കൊക്കെ പ്രോജക്റ്റിനായി പോകാന്‍ എല്ലാവരും തയാറായിരിക്കണം എന്നതായിരുന്നു അലിഖിത നിയമം.
വല്ലപ്പോഴും മാത്രം, പ്രോജക്റ്റുകള്‍ക്കിടയിലുള്ള ഗ്യാപ്പില്‍, ഒന്നോ രണ്ടോ ദിവസത്തേക്കു തിരുവനന്തപുരത്തെ ഓഫീസില്‍ വരുമ്പോള്‍ ഞങ്ങള്‍ക്കു താമസിക്കാനായി കമ്പനി വക ഗസ്റ്റ് ഹൌസുമുണ്ടായിരുന്നു. നഗരത്തിലെ ഒരു അപ്പര്‍റ്റ്‌മന്റ് കോമ്പ്ലക്സില്‍, മൂന്നു ബെട്‌റൂം വീതമുള്ള ഫ്ലാറ്റുകള്‍, ഇങ്ങനെ നാലെണ്ണമുണ്ടായിരുന്നു, കമ്പനി വക. ഒരെണ്ണം പെണ്‍കുട്ടികള്‍ക്കു താമസിക്കാനും, ബാക്കി മൂന്നെണ്ണം ആണ്‍കുട്ടികള്‍ക്കും. കമ്പനി വക കുക്ക്, ഇതിലൊരു ഫ്ലാറ്റില്‍ പാചകം ചെയ്യും, നാലു ഫ്ലാറ്റുകളിലും താമസിക്കുന്നവര്‍ അവിടെ പോയി ഭക്ഷണം കഴിക്കണം, ഇതായിരുന്നു രീതി.
ഒരു ദിവസം, രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍, കൂടെ ജോലി ചെയ്യുന്ന ഒരാള്‍, രാത്രി വളരെ വൈകി, വളരെ ക്ഷീണിതനും നിരാശനുമായി കയറി വന്നു.
"എവിടെ പോയടേ ? എന്തേ താമസിച്ചത് ? " ആരോ ചോദിച്ചു.
" ഓ... ഒന്നും പറയണ്ടടേ. തള്ളേ.. നടന്നു നടന്നു ചെരിപ്പ് തേഞ്ഞതു മിച്ചം. ഇന്നത്തെ ദിവസം പോയി കിട്ടി "
"നീ കാര്യം പറയടേ"
" ഒരു കോമ്പസ്സ് മേടിക്കാന്‍ പോയതാടേ "
ഗോമ്പസ്സോ, ഇങ്ങേരെന്തീ വയസാം കാലത്തു കോമ്പസ്സൊക്കെ മേടിച്ചു വട്ടം വരച്ചു കളിക്കാന്‍ പോകുന്നോ? ഞാന്‍ അല്‍ഭുതപെട്ടു.
" ആ കോമ്പസ്സല്ലടേ. ദിശ കാണിക്കുന്ന കോമ്പസ്സില്ലേ ? ലവനെ ഒരെണ്ണം മേടിക്കാന്‍ പോയതാ ".
ഓ..അങ്ങനെ.. ഇയാളെന്താ വല്ല കപ്പല്‍ യാത്രക്കും പോകുന്നോ ? അതോ ഇനി പുതിയ ക്ലൈന്റ്സ് വല്ലോം ലക്ഷദ്വീപിലാണോ ? (എന്റെ ആത്മഗതം)
"എന്തോന്നിനെടേ ഗോമ്പസ്സൊക്കെ"?
" ദിശ അറിയാന്‍. അല്ലാണ്ടെന്തിന് ? നമ്മളു തല വച്ചു കെടക്കുന്നതു കെഴക്കോട്ടു തന്നെ എന്നറിയണ്ടേ? "
ഹാഹ.. ജീവിതത്തിലിന്നു വരെ കട്ടിലു കണ്ടാല്‍ കേറിക്കെടന്നുറങ്ങുവല്ലാതെ, തലെ കെഴക്കോട്ടോ വടക്കോട്ടോ എന്നു ഞാന്‍ നോക്കിയിട്ടില്ല.
' വേണംകില്‍ തെക്കോട്ടു,
വേണ്ടാ വടക്കോട്ട്,
അരുതേ പടിഞ്ഞാട്ട്,
ആവാം കിഴക്കോട്ട്'
എന്നോ മറ്റോ ഒരു ശ്ലോകം പോലൊന്നു ചെറുപ്പത്തില്‍ അപ്പന്‍ പാടി കേട്ടിട്ടുണ്ട്.
" അതിനു നീ രാവിലെ എണീച്ചു സൂര്യന്‍ എവിടേന്നു നോക്കിയാല്‍ പോരേടേ? ഗോമ്പസ്സൊക്കെ എന്തിന് "?
"അതിവിടെ. ഇവിടെ ഞാന്‍ കറക്റ്റ് കെഴക്കോട്ട് തന്നെ വച്ചിരിക്കണത്. പഷേ നാളെ എന്നെ അസ്സൈന്മെന്റിനായിട്ടു വേറെ എവിടെയെങ്കിലും പറഞ്ഞു വിടുമ്പോഴതല്ലല്ലോ കഥ. അവടെ കെഴക്കേതെന്നു ഞാനെങ്ങനെ അറിയും?"
ഇയാളെന്തോന്നീ പൊലമ്പണത് ? അവിടൊന്നും സൂര്യനില്ലേ ആവോ ? ദൈവമേ, വട്ടന്നേ.
"എടേയ്, ഇതാ നിനക്കൊന്നുമൊരു ദീര്‍ഘ വീക്ഷണമില്ലാന്നു ഞാന്‍ പറയണത്. മ്മടെ കമ്പനീടെ കാര്യം നിനക്കറിയാമല്ലോ. നാളെ രാവിലെ മുംബായില്‍ പ്രോജക്റ്റ് തോടങ്ങണമ്ന്ന് ഇന്നല്ലേടേ പറയാറൊള്ളൂ "
" വോ തന്നെ തന്നെ.. അതും ഗോമ്പസ്സും തമ്മില്‍?"
" എന്നിട്ടു മിക്കവാറും ഇന്നു വൈകിട്ടത്തെ ഫ്ലൈറ്റിനല്ലേ ലവരു റ്റിക്കറ്റ് എടുത്തു തരാറ് ".
" അതും ശരി...അതിന്..."?
" അപ്പോ നമ്മളവിടെ ചെന്നിറങ്ങുമ്പോ രാത്രിയാവില്ലേ? സൂര്യനൊക്കെ എപ്പോളേ അസ്തമിച്ചു. പിന്നെ എങ്ങനെ സൂര്യനെ നോക്കി കെഴക്കറിയും "?
"കെഴക്കറിയാണ്ടെങ്ങനെ കെടന്നുറങ്ങും? നേരം വെളുക്കണവരെ ഉറങ്ങാതിരുന്നാല്‍ പിറ്റേന്നു ജോലിക്കു പോകണ്ടേടേ "
പൊട്ടി വന്ന ചിരി അടക്കിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ചോറു വറ്റൊരെണ്ണം തലയ്ക്കു കയറി.
ഈശ്വരാ... നമിച്ചു. എന്തെല്ലാം കഥാപാത്രങ്ങള്‍!