ശനിയാഴ്‌ച, മേയ് 30, 2009

റ്റ്വിറ്ററും റ്റ്വയലോഗും പിന്നെ ഞാനും

എനിക്കെന്റെ ദിവസങ്ങളെ ഉണര്‍വുള്ളതാക്കാന്‍, എപ്പോഴുമെന്തെങ്കിലുമൊരു പ്രചോദനം വേണം. രാവിലെ അലാമടിക്കുമ്പോള്‍, അതോഫ്‌ ചെയ്തിട്ടു കട്ടിലില്‍നിന്നു ചാടി എഴുന്നേല്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന്‌. ഇന്നത്തെ ദിവസം പതിവുള്ളതല്ലാതെ എന്തെങ്കിലുമൊന്നു ചെയ്യാനുണ്ടല്ലോ എന്ന തോന്നല്‍/ ആ ഒരുത്സാഹം, അതില്ലെങ്കില്‍ എന്റെ ദിവസങ്ങള്‍ വരണ്ടുണങ്ങി വിണ്ടുകീറി വിരസമായി പോകും.

ആ പ്രചോദനം പലപ്പോഴുമെണ്റ്റെ ജോലി തന്നെയാവാം, ചിലപ്പോള്‍ ബ്ളോഗ്ഗിങ്ങാവാം, ചിലപ്പോള്‍ ഓര്‍ക്കട്ടില്‍ അര്‍മ്മാദിക്കല്‍, മറ്റു ചിലപ്പോള്‍ ജോലി സംബന്ധമായ എസ്‌ ടി എന്‍ എന്ന പോര്‍ട്ടലില്‍, തുടക്കക്കാരുടെ സംശയങ്ങള്‍ക്കും, പ്രോഗ്രാമിങ്ങ്‌ സംബന്ധമായ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കലാവാം. ഇനിയും ചിലപ്പോള്‍ ഏറ്റവുമടുത്ത രണ്ടു കൂട്ടുകാരികള്‍ക്ക്‌, ലോകത്തിലെ മുഴുവന്‍ വിശേഷങ്ങളും, എന്തു കുക്കി, എന്തു ഷോപ്പ്‌ ചെയ്തു, എവിടൊക്കെ പോയി എന്നു വേണ്ട, സകല ഗോസ്സിപ്പുകളുമടങ്ങിയ നെടുനീളന്‍ മെയിലുകള്‍ അയയ്ക്കലാവാം. രാവിലെയെഴുന്നേറ്റാല്‍ അവരുടെ രണ്ടു പേരുടെയും ചെയിന്‍ മെയിലുകള്‍ മുഴുവന്‍ വായിച്ചിട്ടേ, ഞാന്‍ പല്ലു തേയ്ക്കാറു പോലുമുള്ളൂ.

പലരും പറയാറുള്ളതു പോലെ ജോലിയില്‍ നിന്നുള്ള വിരസതയകറ്റാനല്ല ഞാന്‍ ബ്ളോഗുന്നത്‌. ജോലി പോലെ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന മറ്റൊന്നുമില്ല എന്റെ ജീവിതത്തില്‍. ശരിക്കും, ജോലിയുമായി ഞാന്‍ കടുത്ത പ്രണയത്തില്‍ തന്നെയാണ്‌. ജോലിയില്‍ തിരക്കുകളുള്ള ദിവസങ്ങളില്‍ രാവിലെ ചാടിയെഴുന്നേല്‍ക്കാന്‍ എനിക്കു രണ്ടാമതൊരു പ്രചോദനം വേണ്ട. അത്രയ്ക്കുത്സാഹമുണ്ടെനിക്ക്‌ ഓഫീസില്‍ പോകാനും ജോലി ചെയ്യാനും. കഴിഞ്ഞ ഒക്ടോബറില്‍ പുതിയ പ്രോജക്ട്‌ തുടങ്ങി, ഏകദേശം ജനുവരി വരെ ഞാന്‍ എന്റെ ബ്ളോഗ്‌ പോലുമൊന്നു തുറന്നു നോക്കിയിട്ടില്ല. കാരണം തല ചൊറിയാന്‍ നേരമില്ലാത്ത പണിയുണ്ടായിരുന്നു.

പക്ഷേ പണികളൊക്കെ ഒതുങ്ങി , നെറയെ സമയം ബാക്കിവരുന്ന ചില സമയങ്ങളുണ്ട്‌. ആ ദിവസങ്ങളില്‍ രാവിലെ പുതപ്പൊന്നു കൂടി തല വഴി വലിച്ചിട്ടുറങ്ങാനേ തോന്നൂ. ആ ദിവസങ്ങളില്‍, അയ്യേ രണ്ടു പെറ്റ മുത്തിത്തള്ള, തൈക്കെളവി, എന്നൊക്കെയുള്ള തോന്നലുകളില്‍ നിന്നെന്റെ മനസ്സിനെയൊന്നകറ്റി നിറുത്താന്‍, കുട്ടിപ്പാവാടയിട്ടു നാട്ടുവഴികളിലൂടെ തുള്ളിച്ചാടി നടന്ന ആ ചെലപ്പാംകാടയുടെ, ചലപലാ, ചെലച്ചു കൊണ്ടിരുന്ന ആ വായാടിക്കോതയുടെ മനസ്സിലേയ്ക്കൊന്നു തിരിച്ചു പോവാന്‍, അതിനാണു ഞാന്‍ മേല്‍പ്പറഞ്ഞ പ്രചോദനങ്ങളെ ആശ്രയിക്കുന്നത്‌.

'എടോ, താനെന്തെങ്കിലുമൊന്നെഴുതെടോ തന്റെ ബ്ളോഗില്‍. ഒന്നില്ലെങ്കില്‍ തനിക്ക്‌, തിങ്കളും വ്യാഴവും മൂന്നു മണിക്കൂര്‍ ഫ്ളൈറ്റിലിരിക്കുമ്പോളെഴുതിക്കൂടേ ' - കെട്ട്യോന്‍സിന്റെ ഓര്‍മ്മപ്പെടുത്തലാണ്‌.

'ദോ.. എത്രയോയെണ്ണം റ്റൈപ്‌ ചെയ്തിട്ടിരിക്കണൂ. ഒറ്റ മൂച്ചിനു നോട്ട്‌പാടില്‍ റ്റൈപി. ഇനിയതിന്റെ അക്ഷരത്തെറ്റു തിരുത്തി അതു പോസ്റ്റബിളാക്കാനെനിക്കു ക്ഷമയില്ല. "

സത്യം.. ബ്ളോഗിങ്ങിന്റെ മുഴുവന്‍ രസവും കൊല്ലുന്ന ഒരു സംഭവമാണതെന്നെ സംബന്ധിച്ച്‌. ഒരു പോസ്റ്റെഴുതുന്നതിന്റെ ഇരട്ടിയിലധികം സമയമതൊന്ന്‌ വൃത്തിയാക്കിയെടുക്കാനെടുക്കും. (എന്നു വച്ച് ഇതുവരെ പോസ്റ്റിയതെല്ലാം വൃത്തിയുള്ളതാണെന്ന അഹങ്കാരമൊന്നുമില്ല കേട്ടോ)

'എങ്കില്‍ പിന്നെ താന്‍ റ്റ്വീറ്റടോ.. അതാവുമ്പോ എളുപ്പമാണാല്ലോ..'

' അതെന്തൂട്ടാ സംഭവം ? '

'ഹാ.. അതറിയില്ലേ ? മാറിയ ലോകത്തിന്റെ പുതു സ്പന്ദനമല്ലേ റ്റ്വിറ്റര്‍ ? നമ്മളെന്താണിപ്പോള്‍ ചെയ്യുന്നത്‌..? അതിങ്ങനെ റ്റൈപ്‌ ചെയ്യുക .. അപ്പോ ആളോളതു വായിക്കും.. താന്‍ പറയുന്നതു കേള്‍ക്കാനിഷ്ടമുള്ളവര്‍ തന്നെ ഫോളോ ചെയ്യും.."

' 'അയ്യേ..അതെന്തൂട്ടു പോക്കണംകേടാണു മനുഷ്യാ ? ഞാനെന്തു ചെയ്യുന്നെന്നറിയാനാര്‍ക്കാ ഇത്ര താല്‍പര്യം ?(നിങ്ങള്‍ക്കല്ലാതെ ? :P )

" താനൊന്നു ശ്രമിച്ചു നോക്കെടോ..."

എവിടെ ? ഞാനല്ലേ കുഴിമടിച്ചി.

എന്നെ റ്റ്വീറ്റിക്കാന്‍ കക്ഷി ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു.. ഞാന്‍ അതെന്തൂട്ടാണെന്നു നോക്കാന്‍ കൂടി കൂട്ടാക്കിയില്ല. പിന്നെയുമോര്‍മ്മിപ്പിച്ചപ്പോള്‍,.."എന്റെ മനുഷ്യാ, ഇവിടെ തല ചൊറിയാന്‍ നേരമില്ലാത്തപ്പഴാ.. അത്രോം സമയമുണ്ടാരുന്നേല്‍, ഞാനെന്റെ കൊച്ചിനെ കരാട്ടേ ക്ളാസ്സില്‍ കൊണ്ടോയേനേ. സ്വിമ്മിങ്ങിനു കൊണ്ടോയേനേ..".

പിന്നൊരൂസം, ദാണ്ടേ, ഐ-ഫോണ്‍ മേടിച്ചു വന്നിരിക്കുന്നു. "ഇനി തനിക്കു നടക്കുന്ന വഴിക്കു റ്റ്വീറ്റാം. വേറെ സമയമൊന്നും കളയാതെ. എയര്‍പോര്‍ട്ടില്‍ കുത്തിയിരിക്കുമ്പോള്‍ റ്റ്വീറ്റാം, റ്റാക്സി എടുത്തോഫീസില്‍ പോകുമ്പോ റ്റ്വീറ്റാം. അങ്ങനെ താന്‍ വേറൊന്നിനും ഉപയോഗിക്കാത്ത സമയത്ത്‌...."

ഐ ഫോണ്‍ കിട്ടിയപ്പോള്‍ ഞാന്‍ 'സു ഡോ കു' കളിച്ചര്‍മ്മാദിച്ചു. കണക്കിലെ കളികളിലുള്ള പ്രാന്തു തീര്‍ത്തു. ഈസി, മീഡിയം, എക്സ്‌പര്‍ട്ട്‌..എന്നിങ്ങനെ ലെവലുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്യുന്നതിലായി കമ്പം. ഞാന്‍ ഊണിലും ഉറക്കത്തിലും, എലിവേറ്ററില്‍ നില്‍ക്കുമ്പോഴും, ബാത്ത്‌റൂമിലിരിക്കുമ്പോഴും രാത്രികളില്‍ ഉറക്കമൊഴിച്ചിരുന്നും സു ഡോ കു കളിച്ചു. റ്റ്വിറ്റര്‍ ബട്ടണില്‍ അറിയാതെ പോലുമൊന്നു ഞെക്കി നോക്കിയില്ല.

പിന്നൊരൂസം കെട്ട്യോന്‍സ്‌ റ്റ്വിറ്റര്‍ ഐഡി ഉണ്ടാക്കി, ഫോണില്‍ റ്റ്വിറ്റര്‍ സെറ്റപ്‌ ചെയ്തു തന്നു. അങ്ങനെയാണു ഞാന്‍ പതുക്കെ അതിലേയ്ക്കൊന്നെത്തി നോക്കിയത്‌.. ആദ്യമൊക്കെ അറച്ചു നിന്നെങ്കിലും പതുക്കെ ഞാനിഷ്ടപ്പെടാന്‍ തുടങ്ങി. റ്റ്വിറ്റര്‍ ജീവിതത്തില്‍ ഞാനേറ്റവുമധികം ആസ്വദിച്ചത്‌, നമ്മുടെ ലോക്‌സഭാ ഇലക്ഷന്‍ ഫലം, തല്‍സമയം റ്റ്വീറ്റ്‌ ചെയ്തതായിരുന്നു. (പറയണ കേട്ടാല്‍ തോന്നും രണ്ടു മൂന്നു കൊല്ലമായി റ്റ്വീറ്റുന്നുണ്ടെന്ന്‌. വെറും രണ്ടാഴ്ച പ്രായമുള്ള റ്റ്വിറ്ററാന്നേ ഞാന്‍ ).

പക്ഷേ, അതു കഴിഞ്ഞ ദിവസം റ്റ്വീറ്ററില്‍ ഞങ്ങള്‍ റ്റ്വയലോഗ്‌സ്‌(മലയാളം ഡയലോഗുകള്‍ റ്റ്വീറ്റര്‍വല്‍ക്കരിച്ച്‌ പറയുക..അത്രന്നെ...) കളിക്കുന്നതു വരെ..

മല്ലു റ്റ്വീറ്റേഴ്‌സെല്ലാം ഉഷാറായി പങ്കെടുത്തപ്പോള്‍, അതു നെറയെ ചിരിക്കു വകയുണ്ടാക്കി. ദോ താഴെ വായിച്ചോളൂ.


1. kuttyedathi മനസ്സില്‍ കുറ്റബോധം തോന്നിയാല്‍ പിന്നെ റ്റ്‌വീറ്റുന്നതെല്ലാം യാന്ത്രികമായിരിക്കും.
2.
whizkidd കൊച്ചു കുട്ടികള്‍ റ്റ്‌വീറ്റ്‌ ചെയ്താല്‍ കോലുമുട്ടായ്‌ ടായ്‌ ടായ്‌ !
3.
arocks അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ.. അയ്യോ അച്ഛാ റ്റ്‌വീറ്റല്ലേ..
4.
sreenadh1987 ഓര്‍ക്കുട്ട്‌ ദുഖമാണുണ്ണി, റ്റ്‌വിറ്ററല്ലോ സുഖപ്രദം.
5.
startonomics നമുക്കു റ്റ്‌വീറ്റ്ഡെക്കില്‍ പോയി റ്റ്‌വീറ്റ്‌ ചെയ്യാം. അതിരാവിലെ എഴുന്നേറ്റ്‌ റിപ്ളൈ വന്നുവോ എന്നും, റീറ്റ്‌വീറ്റ്‌ ഉണ്ടോ എന്നും നോക്കാം. അവിടെ വച്ചു ഞാന്‍ നിനക്ക്‌..
6.
ronyjacob ഒരു റ്റ്‌വിറ്റര്‍ കിട്ടിയിരുന്നെങ്കില്‍...... റ്റ്‌വീറ്റ്‌ ചെയ്യാമായിരുന്നു.....
7.
startonomics നമുക്ക്‌ ഒരു റ്റ്‌വീറ്റ്‌സ്‌ അങ്ങു കാച്ചിയാലോ ? ഈ ചൂടത്തു റ്റ്‌വീറ്റാ ബെസ്റ്റ്‌. ഡേവിഡേട്ടാ, റ്റ്‌വീറ്റുണ്ടാ ? രണ്ടു റീറ്റ്‌വീറ്റ്‌... ചില്ല്ഡ്‌
8.
whizkidd കുട്ടാ, റ്റ്‌വീറ്റില്‍ സംഗതികളൊന്നും വന്നില്ലല്ലോ.... ശ്രുതി പോരാ.
9.
vimal ഹലോ .. ദൂരദര്‍ശന്‍ കേന്ദ്രമല്ലേ ? ഇന്നു വൈകിട്ടു റ്റ്‌വീറ്റ്‌ ചെയ്ത കുട്ടിയുടെ റ്റ്വീറ്റ്‌ ഐഡി പറഞ്ഞു തരാമോ ? ഒന്നു ഫോളോ ചെയ്യാനാ ?
10.
zeqox റ്റ്വീറ്റര്‍ അലിയാസ്‌ റീറ്റ്വീറ്റര്‍.
11.
arocks ദാസാ, നീ അമേരിക്കയില്‍ പോയാല്‍ പിന്നെ നിണ്റ്റെ റ്റ്വീറ്റ്‌ ആരു റീ റ്റ്വീറ്റും.
12.
theexperthand ഒരു റ്റ്വീറ്റ്‌ എഴുത്‌. ഒരു ആര്‍ റ്റി എനിക്കും ഒരു ആര്‍ റ്റി ലോക്കല്‍ പാര്‍ട്ടി സെക്രട്ടറിക്കും, അയക്കൂ. ഒരു ആര്‍ റ്റി താനും വച്ചോ.
13.
jestinjoy റ്റ്വിറ്റര്‍ ഉണ്ടോ സഖാവേ ഒരു ബ്ളോഗര്‍ എടുക്കാന്‍ ?
14.
zeqox അമേരിക്കയില്‍ റ്റ്വിറ്ററില്ല പോലും! എന്തു വിഡ്ഢിത്തരമാണിവന്‍ പറയുന്നത്‌? റ്റ്വിറ്ററില്ലാത്ത നാടുണ്ടോ ?
15.
startonomics ഞാന്‍ ഈ റ്റ്വീറ്റ്‌ സ്ക്കൂളില്‍ ഒന്നും പഠിക്കാത്തതു കൊണ്ട്‌, റീറ്റ്വീറ്റിണ്റ്റെ പ്രവര്‍ത്തനത്തെ പറ്റി ഒന്നും അറിയില്ല.
16.
theexperthand ഇവരു ഭയങ്കര റീറ്റ്വീറ്റുകാരാ. തിരുവിതാംകൂറ്‍ രാജാവിണ്റ്റെ കയ്യീന്നു റ്റ്വീറ്റ്ഡെക്കും റ്റ്വിര്‍ളും വാങ്ങിച്ചവരാ.
17.
anvimal പോളണ്ടിനെ ക്കുറിച്ച്‌ നീ റ്റ്വീറ്റരുത്‌. അതെനിക്കിഷ്ടമല്ല.
18.
kuttyedathi എന്തെയ്‌ ഈ അല്‍പം ഗ്ളാമര്‍ ഉള്ള റ്റ്വീറ്ററിനെ പെണ്‍കുട്ട്യോള്‍ക്കിഷ്ടമല്ലെന്നുണ്ടോ ? കാക്ക റ്റ്വീറ്റീന്നാ തോന്നണേ...
19.
Crucifire റ്റ്വിറ്റര്‍ - ജനകോടികളുടെ വിശ്വസ്ത സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌.
20.
vimal നീ ആണല്ലേടാ പെണ്ണുങ്ങളെ വഴി നടക്കാന്‍ സമ്മതിക്കാത്ത അലവലാതി റ്റ്വിറ്റര്‍ ?
21.
lakshmi_h തോമസുകുട്ടീ .....റ്റ്വീറ്റിക്കോടാ..
22.
startonomics അതെന്താ ദാസാ ഈ റ്റ്വീറ്റിംഗ്‌ നമ്മള്‍ നേരത്തെ തുടങ്ങാഞ്ഞത്‌ ? എല്ലാ റ്റ്വീറ്റിനും അതിണ്റ്റേതായ സമയമുണ്ടു ദാസാ.
23.
lakshmi_h ആഹാ ... ഐശ്വര്യത്തിണ്റ്റെ റീറ്റ്വീറ്റ്‌ മുഴങ്ങുന്നതു പോലെ....
24.
lakshmi_h അങ്ങനെ റീറ്റ്വീറ്റുകള്‍ ഏറ്റുവാങ്ങാന്‍ ഈ റ്റ്വിറ്റര്‍ ഹാന്‍ഡില്‍ ഇനിയും ബാക്കി.
25.
roshinroy ഓര്‍മയുണ്ടോ ഈ റ്റ്വീറ്റുകള്‍ ? ഓര്‍മ കാണില്ലാ..
26.
lakshmi_h റീറ്റ്വീറ്റോം കി സിന്തഗി ജോ കഭി ഖതം നഹി ഹോതാ..
27.
arocks ഇല്ലെങ്കീ, എണ്റ്റെ റ്റ്വീറ്റര്‍ ഐ ടി നിണ്റ്റെ പട്ടിക്കിട്ടോ..
28.
whizkidd ശേഖരാ എനിക്കു സ്വസ്ഥമായി റ്റ്വീറ്റണം. അതിനു തടസ്സം നിക്കാന്‍ നിണ്റ്റെ ഈ കൈകളുണ്ടാവരുത്‌. അതു കൊണ്ട്‌, അതു ഞാനിങ്ങെടുക്കുവാ.
29.
vimal എടാ നീ വല്ലതും കണ്ടാ ? ഉം.. എന്ത്‌ ? അളിയാ....ഫുള്‍ റ്റ്വീറ്റഡ്‌.... പോടാ, ഫഴ്സ്റ്റ്‌ റ്റൈമൊന്നും അങ്ങനെ ഫുള്‍ റ്റ്വീറ്റഡ്‌ കാണാന്‍ പറ്റില്ല. അളിയാ.. സത്യം..
30.
theexperthand എന്തൊക്കെയായിരുന്നു..? റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്റര്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിര്‍ള്‍....അവസാനം റ്റ്വീറ്റ്‌ റീറ്റ്വീറ്റായി.
31.
zeqox എന്താടോ റ്റ്വിറ്ററേ ഞാനിങ്ങനെയായി പോയത്‌ ? താന്‍ ചിന്തിച്ചിട്ടുണ്ടോ ?
32.
vimal കിട്ടിയാല്‍ റിപ്ളൈ...ഇല്ലെങ്കില്‍ റീറ്റ്വീറ്റ്‌ ..
33.
kuttyedathi തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി റ്റ്വീറ്റേഴ്‌സ്‌ കൊതിക്കാറുണ്ടെന്നും. തിരികെ വരുന്നേരം റ്റ്വീറ്റി ത്തകര്‍ക്കുവാന്‍ ഞാനും കൊതിക്കാറുണ്ടെന്നും..
34.
jestinjoy ലാല്‍ സലാം റ്റ്വിറ്ററേ..
35.
kuttyedathi റ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും, റീറ്റ്വീറ്റ്‌ വന്നു റ്റ്വീറ്റ്ഡെക്കില്‍ വീണാലും കേടു റ്റ്വിറ്റര്‍ക്കാ. അതു മറക്കണ്ട.
36.
kuttyedathi നീ കണ്ട റ്റ്വിറ്റര്‍മാരുടെ ഇന്‍ഡ്യയല്ല യഥാര്‍ത്ഥ ഇന്‍ഡ്യ. അതു മനസ്സിലാക്കാം റ്റ്വീറ്റ്ഡെക്കുണ്ടായിരിക്കണം, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍ ഉണ്ടായിരിക്കണം, റ്റ്വിറ്റെറിഫിക്കുണ്ടായിരിക്കണം.
37.
anvimal മോഹന്‍ തോമസിണ്റ്റെ റ്റ്വീറ്റും റീറ്റ്വീറ്റും കൂട്ടിക്കുഴച്ചു നാലു നേരം വെട്ടി വിഴുങ്ങി..
38.
kuttyedathi അവനവന്‍ റ്റ്വീറ്റുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍... ഗുലുമാല്‍... പരസ്പരം റീറ്റ്വീറ്റി കുഴികളില്‍ പതിക്കുമ്പോള്‍ ഗുലുമാല്‍.. ഗുലുമാല്‍..


കുറിപ്പ്‌ : റ്റ്വീറ്റ്ഡെക്ക്‌, റ്റ്വിറ്‍ള്‍, ഡിസ്റ്റ്രോയ്‌ റ്റ്വിറ്റര്‍, റ്റ്വിറ്റെറിഫിക്ക്‌ - ഇതെല്ലാം റ്റ്വീറ്റ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന പല ആപ്ളിക്കേഷന്‍സാണ്‌. ചിലതു പി സി യില്‍ ഉപയോഗിക്കാം, മറ്റു ചിലതു ഫോണിലും. റീറ്റ്വീറ്റ്‌ - മറ്റൊരാള്‍ അയച്ച ഒരു റ്റ്വീറ്റ്‌, അതിലെ സന്ദേശം കൂടുതല്‍ ആളുകളിലേയ്കെത്തിക്കാന്‍ വേണ്ടി വീണ്ടും അയക്കുന്ന സംഭവം.

ലേബലുകള്‍:

വ്യാഴാഴ്‌ച, മേയ് 14, 2009

ഒരു മന്ത്രകോടിയും കുറേ ചിന്തകളും

ഈ അടുത്തിടെ ഒരു കല്യാണം കൂടി. വധുവിണ്റ്റെ സാരിയുടെ വെല വെറും അറുപത്തയ്യായിരം രൂപ. (എണ്റ്റീശ്വരന്‍മാരേ.., 'എണ്റ്റെ മന്ത്രകോടിക്കു വെറും അയ്യായിരമേ ഉണ്ടായിരുന്നുള്ളല്ലോ ..കാലം പോയ പോക്കേ,' എന്നും മറ്റും ആരും അറിയാതെ പോലും നെടുവീര്‍പ്പിട്ടു കളയല്ലേ. പ്ളീസ്‌.. ഒരു നെടുവീര്‍പ്പ്‌ പാതി വഴി വന്നെങ്കില്‍ അതവിടെ വച്ചു കോര്‍ക്കു കൊണ്ടടച്ചു വച്ചോ എങ്ങനേയും പിടിച്ചു നിര്‍ത്തിക്കോ. നൊസ്റ്റാള്‍ജിയ ഒക്കെ ഗമ്പ്ളീറ്റ്‌ ഔട്ട്‌ ഓഫ്‌ ഫാഷനായെന്നേ. അല്ലെങ്കിലും ആ പരാതിക്കര്‍ത്ഥമില്ലല്ലോ. മ്മടെ അമ്മൂമ്മയ്ക്കു വന്നു പറയാമല്ലോ, അവരുടെ മന്ത്രകോടിക്കു വെറും ഇരുന്നൂറു രൂപയായിരുന്നു വെല എന്ന്‌ .. )

അറുപത്തയ്യായിരം രൂപേടെ സാരി എന്നു പറയുമ്പോള്‍, സാരിക്കതിനനുസരിച്ച്‌ കനവും വേണമല്ലോ. ലോകത്തുള്ള മുത്തും പവിഴവും സീക്വന്‍സുമൊക്കെ അതിലുണ്ട്‌.

ചെക്കന്‍ പെണ്ണിണ്റ്റെ തലയില്‍ മന്ത്രകോടി കൊണ്ടു പുതയ്ക്കുന്ന ഒരു ചടങ്ങുണ്ട്‌. ഒരു മിനിറ്റിനകം തന്നെ അതു തിരിച്ചുമെടുക്കും. ആ ചടങ്ങിണ്റ്റെ അര്‍ത്ഥമെന്താണെന്നെനിക്കറിയില്ല.

ഇന്നു മുതല്‍ മരണം വരെ, എനിക്കു നിണ്റ്റെ തലയില്‍ കേറിയിരുന്നു നെരങ്ങാനും, ബോറടിക്കുമ്പോള്‍ തലേലിരുന്നു ചെവി തിന്നാനും, എന്തിനു തലേല്‍ കേറിയിരുന്നു യൂറിന്‍ പാസ്‌ ചെയ്യാന്‍ പോലുമുള്ള അധികാരം ഞാന്‍ ഇതിനാല്‍ തീറെഴുതി എടുക്കുന്നു എന്നാരിക്കുമോ ? അറിയില്ല.

തലയില്‍ നിന്നെടുത്താല്‍ സാരി മടക്കി പെണ്ണിണ്റ്റെ കയ്യിലിട്ടു കൊടുക്കും. ആള്‍റെടി ആനയ്ക്കെടുപ്പതു പൊന്നുമായിട്ടാണ്‌, പെണ്ണിണ്റ്റെ നില്‍പ്‌. കൈയ്യില്‍ നെറയെ വളയും, പിന്നെ ബൊക്കേയും ഉണ്ട്‌. അതിണ്റ്റെ കൂടേയ്ക്കാണ്‌, ഈ സാരി കൂടി..

ഇനിയങ്ങോട്ടൊരു കാലത്തും നിണ്റ്റെ കൈയൊഴിയുവേകേലെന്നും, എപ്പോളും, കയ്യിലൊരെണ്ണം , പിന്നെ ഒക്കത്തൊരെണ്ണം, എന്ന കണക്കിലുണ്ടാകുമെന്നുമായിരിക്കുമിതിണ്റ്റെ വിവക്ഷ.

പിന്നീടു പള്ളിയിലെ ചടങ്ങുകള്‍ തീര്‍ന്ന്‌, പെണ്ണു വെള്ളസാരി/ ഗൌണ്‍ മാറി മന്ത്രകോടി ഉടുക്കുന്നതു വരെ, അതിങ്ങനെ കയ്യിലിടണം. പിന്നീടവിടെ നടന്ന രംഗങ്ങളൊരേ സമയം ചിരിയും സഹതാപവുമുണ്ടാക്കി.

സാരിയുടെ കനം താങ്ങാന്‍ വയ്യാതെ കല്യാണപ്പെണ്ണ്‌, ആരെങ്കിലുമിതൊന്നെടുത്തു മാറ്റുമോ, എന്നു ദയനീയമായി കണ്ണുകൊണ്ടാംഗ്യ ഭാഷയില്‍ ചോദിക്കുന്നു. " അയ്യോ, എടുത്തൂടാ, തീരണ വരെ പിടിക്കണം, വേണമെങ്കില്‍ മറ്റേ കയിലേയ്ക്ക്‌ മാറ്റിയിട്ടു തരാമെന്നു നാത്തൂന്‍.

അഞ്ചു മിനിറ്റിനകം ആ കൈയ്യും കഴയ്ക്കുന്നു. കല്യാണപെണ്ണ്‌ ആകപ്പാടെ വീര്‍പ്പുമുട്ടലും അസ്വസ്ഥതയും കാണിക്കുന്നു.

പിന്നീടുള്ള ചടങ്ങുകള്‍ തീരുന്നതു വരെ സാരി, "ആ കയ്യിലീക്കയ്യിലോ..മാണിക്യ ചെമ്പഴുക്കാ.. എണ്റ്റെ വലം കയ്യിലേ.. മാണിക്യ ചെമ്പഴുക്ക.. എണ്റ്റെ ഇടം ..കയ്യിലേ മാണിക്യ ചെമ്പഴുക്ക.." എന്ന മട്ടില്‍ ഇടം കയ്യിലും വലം കയ്യിലും മാറി മാറി ഓടിക്കളിച്ചു.

അതുകൊണ്ടു മന്ത്രകോടി എടുക്കുന്നവര്‍ ദയവു ചെയ്തു വീട്ടില്‍ നിന്നൊരു ത്രാസും കൊണ്ടു പോവുക. ഇഷ്ടപ്പെടുന്ന സാരികള്‍ തൂക്കി നോക്കി മാത്രം എടുക്കുക. ആ സാരി പെണ്ണിണ്റ്റെ കയ്യില്‍ മടക്കിയിട്ട്‌, പെണ്ണിനെ ഒരു മണിക്കൂറ്‍, ആ കടയുടെ മുന്നില്‍ ഡമ്മിയായി നിറുത്തുക. ഈ പരീക്ഷയില്‍ പെണ്ണും സാരിയും വിജയിച്ചാല്‍ മാത്രം..

അടിക്കുറിപ്പ്‌ : ഹൌ ആ മന്ത്രകോടി ആ പെണ്ണിണ്റ്റെ കയ്യില്‍ന്നു നേരേ ഇറങ്ങി എണ്റ്റെ മനസ്സിലേയ്ക്കാ പോന്നത്‌. എന്തൊരൊടുക്കത്ത കനമാരുന്നു. ഇവിടെയിറക്കി വച്ചപ്പോള്‍ എന്തൊരാശ്വാസം!

ലേബലുകള്‍:

ബുധനാഴ്‌ച, മേയ് 06, 2009

ഈ ആഴ്ചയിലെ അമ്മയും മകനും

"ദോ ആ പോണ പെണ്ണിന്റെയത്ര വണ്ണമുണ്ടോന്നേ എനിക്ക്?"


( മുറാനോക്കാറു കമത്തി ഇട്ട മാതിരി ഇരിക്കണ ഒരു മൊതലിനെ ചൂണ്ടിയാണ്‌ ചോദ്യം ).


" ശരിക്കും എന്നെ കണ്ടാല്‍ രണ്ടുപെറ്റതാന്നു പറയുവോ" ?


" എന്നെ കണ്ടാല്‍ മൊത്തത്തിലൊരു തള്ള ലുക്കാണോന്നെ " ?


" എന്റെ പുറത്തൊക്കെ നെറയെ ടയറു ചാടി മഹാ വൃത്തികെടായോന്നെ ?

ഞാന്‍ ചുരിദാറൊക്കെ ഇടുമ്പോ എന്റെ പുറത്തൊക്കെ നെറയെ മടങ്ങി മടങ്ങി കെടക്കുവാണോന്നെ?"


ഈ ചോദ്യങ്ങളൊക്കെ ആരു ആരോടു എപ്പോള്‍ ചോദിക്കുന്നതാണെന്നു പറയാതെതന്നെ മനസ്സിലായിക്കാണുമല്ലോ . രണ്ടുപെറ്റ തള്ളയായ ഞാന്‍, രണ്ടു ഗര്‍ഭകാലത്തായി ഇരുപത്തഞ്ചു കിലോയിലധികം തൂക്കം കൂടിയ, ഞാനാകുന്ന ഭാര്യ, എന്റെ കണവനോട് ചോദിക്കുന്നതാണ്‌.


ഈ ചോദ്യങ്ങളിങ്ങനെ 'ഒന്ന് വീതം മൂന്നു' നേരം എന്ന കണക്കിനു മുടങ്ങാതെ, എവിടേയ്ക്കെങ്കിലും പോകാനൊരു നല്ല തുണി എടുത്തിടുമ്പോഴും, ഒരു ഫോട്ടം പിടിക്കാന്‍ പോസു ചെയ്യുമ്പോഴോ, അല്ലെങ്കില്‍ നാല് പെണ്ണുങ്ങള്‍ കൂടുന്നിടത്ത് ചെലുമ്പോളോ ഒക്കെ ഇങ്ങനെ പ്രോഗ്രാം ചെയ്തു വച്ച മാതിരി ചോദിച്ചുകൊണ്ടേയിരിക്കും.


ആ പോയ പെണ്ണിന്റെ പകുതി വണ്ണമെനിക്കില്ലാന്നെനിക്കു നന്നായറിയാം. എന്നാലും അതൊന്നാരെങ്കിലും പറഞ്ഞു കേള്‍ക്കാന്‍, പ്രത്യേകിച്ചും കെട്ടിയവന്റെ വായില്‍ന്നതു കേള്‍ക്കാനുള്ള കൊതി കൊണ്ടാണീ ചോദ്യങ്ങള്‍.


" പൊന്നേ.. കരളേ.. നീ ഇപ്പോളും എന്റെ സുന്ദരിയല്ലേടാ, പത്തു പെറ്റാലും തനിക്ക് എന്റെ മനസ്സിലെന്നും ചെറുപ്പമല്ലേടാ " ?


" ഇല്ലാന്നേ തന്നെ കണ്ടാലിപ്പോളും കോളേജിലാണെന്നല്ലേ തോന്നുള്ളൂ, എവിടെ, ആ പെണ്ണിന്റെ പകുതി വണ്ണമില്ലല്ലോ തനിക്ക് ?"


".., ഹോ.. ഓരോ പെണ്ണുങ്ങളുടെയൊക്കെ പുറത്തെന്താ ടയറ്‌, എന്റെ വാവയിപ്പോളും നല്ല ഫിറ്റല്ലേ, ചുരിദാറൊക്കെ ഇടുമ്പോ എന്തൊരു സ്റ്റയിലാ.... ഞാന്‍ പ്രണയിച്ച അതേ പെണ്ണ്‌ "


" തന്നെ ഇപ്പൊളും കണ്ടാല്‍, തന്നിക്കുള്ള പ്രായത്തെക്കാള്‍ , ഒരു പത്തു വയസ്സു കുറവേ തോന്നുള്ളൂ".


ഹ ഹ.. ഈ പറഞ്ഞതൊക്കെ അങ്ങേരു തരാറുള്ള മറുപടികളാണെന്നു വിചാരിച്ചോ ? ഇമ്മിണി പുളിക്കും.


ഈ ഉത്തരങ്ങളൊക്കെ കേള്‍ക്കാന്‍ കൊതിച്ചാണു നുമ്മ ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്‌. അദ്ദേഹം പറയാറുള്ള ഉത്തരങ്ങള്‍.. ദോണ്ടെ ..


" തന്നെ കണ്ടാല്‍ ശരിക്കും തനിക്കുള്ള പ്രായം എത്രയാണോ , അത്രേം തന്നെ പറയും..കൂടുതലൊന്നും പറയൂല്ല.." ( ഓ.. ഔദാര്യം !)


".. ങാ, ആ പോണ പെണ്ണിനും തനിക്കും എതാണ്ടോരേ വണ്ണമാ.. "


"താന്‍ രണ്ടു പിള്ളാരുടെ തള്ളയല്ലേടോ , അപ്പോ പിന്നെ തള്ള ലുക്ക്‌ തോന്നുന്നതില്‍ എന്താ കൊഴപ്പം ?"


" ങാ. ടയര്.. കുഴപ്പമില്ല.. ഒരു പൊടിക്ക് ലൂസ്‌ ഡ്രസ്സൊക്കെ അങ്ങിട്ടാല്‍ അത്രയ്ക്കങ്ങറിയുവേലടോ . "


പെണ്ണുങ്ങളുടെ മനശാസ്ത്രം അറിയാത്ത മരങ്ങോടന്‍, കശ്മലന്‍, ഇനി മേലാല്‍ ഇങ്ങേരോടിനി ഒന്നും ചോദിക്കണില്ല, എന്നൊക്കെ വല്യ വമ്പന്‍ തീരുമാനങ്ങളെടുക്കും . പക്ഷേ, രണ്ടു ദിവസം കഴിയുമ്പോള്‍, 'ശങ്കരന്‍ എഗെയിന്‍ ഓണ്‍ കോക്കനട്ട് ട്രീ' !!!


"നമ്മളു രണ്ടു പേരും കൂടി നടന്നു പോകുമ്പോള്‍ ആരെങ്കിലും കണ്ടാല്‍ അമ്മയും മകനുമാനെന്നു തോന്നുമോന്നേ " ?


" ഏയ്‌ അത്രയ്ക്കില്ല കേട്ടോ "
************************************************************************
"എന്റെ മനുഷ്യാ, നിങ്ങളിതെന്തു മാതിരി വണ്ണമാ വയ്ക്കണത് ? നോക്ക്‌, ഒരു വണ്ടി വയറുണ്ടല്ലോ.. 'വയറിതാ മുന്നേ, ഞാനിതാ പിന്നേ' ന്ന മട്ടിലാ നടപ്പൊക്കെ. വയറു കൂടീട്ടിപ്പോ ഒരു ഡ്രസ്സും ഇട്ടിട്ടു ചേരുന്നില്ലാ ട്ടോ.

ഇങ്ങനെ പോയാല്‍ ശരിയാവൂല്ലാടോ. . ആ ട്രെഡ് മില്‍ അവിടെ വെറ്‍തെ കെടക്കുവല്ലേ ? രാവിലേം വൈകിട്ടും ഇച്ചരെ ഒന്നോടിക്കേ. ഇടയ്ക്കുള്ള സ്നാക്സ്‌ തീറ്റയും കുറയ്ക്കണം .".

പോത്തിന്റെ ചെവീല് വീണ വായിച്ചിട്ട് വല്ല കാര്യമുണ്ടോ ?
വീണ്ടും ദിവസങ്ങള്‍ക്കു ശേഷം..


"ഇതെന്നതാന്നേ, ചീര്‍ത്തു വരുന്നതിനെ പറ്റി യാതോരാകുലതയുമില്ലാതെ നിങ്ങളിങ്ങനെ .. ഒന്നില്ലേല്‍ റ്റെന്നിസ്‌ കളിക്കാന്‍ പോ.. അല്ലെങ്കില്‍ ബാസ്കറ്റ്‌ ബോള്‍. നോക്ക്‌, ഷോള്‍ഡറിലും മറ്റെ ഒരു റാത്തല്‍ എറച്ചി വെട്ടി കൂട്ടാന്‍ വയ്ക്കാന്‍ മാത്രമുണ്ട് കേട്ടോ. ഇതിങ്ങനെ പോയാല്‍ ഒബീസായി പോകും കേട്ടോ. നാളെമുതല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എക്സര്‍സൈസ്‌ തുടങ്ങിയേ പറ്റൂ. വന്നു വന്നെനിക്കു കൂടെ കൊണ്ടു നടക്കാന്‍ നാണാക്കേടാകുമല്ലോ "


" എടോ.. ഞാന്‍ മെലിഞ്ഞിരുന്നാലേ, എന്നെ കണ്ടാല്‍ ഭയങ്കര യങ്ങാ.. ഒട്ടും പ്രായം പറയുവേലാ.. അപ്പോ എന്നെയും തന്നെയും കൂറിക്കണ്ടാല്‍ ആളോള്‌, അമ്മേം മോനും പോണൂന്നു പറയും.. അതോണ്ടിച്ചരെ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടീട്ടല്ലേ, ഞാന്‍ ഇങ്ങനെ വണ്ണം വച്ചേക്കുന്നേ ?


" ഉവ്വുവ്വേ.. കുഴിമടിയന്‍. എക്സര്‍സൈസ്‌ ചെയ്യാന്‍ കഴിയാത്തതിനോരോരോ മുടന്തന്‍ ന്യായം !!

ലേബലുകള്‍: ,

തിങ്കളാഴ്‌ച, മേയ് 04, 2009

ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ?

" ഞങ്ങളുടെ ഒക്കെ കാലത്തെ ഓണമല്ലേ മക്കളേ ഓണം! ഇപ്പ വല്ലോം ഓണമുണ്ടോ ?"


"ഇന്നത്തെ കാലത്തെ പെണ്ണുങ്ങളു വല്ലോം നൊന്തു പ്രസവിക്കുന്നുണ്ടോ ? ഞങ്ങള്‍ടെ ഒക്കെ കാലത്തെ നോവല്ലേ നോവ്‌!!!"


ഈ മാതിരി ഡയലോഗൊക്കെ മുറുക്കി ചുവപ്പിച്ചു, ചുക്കിച്ചുളിഞ്ഞു കുഴീലേയ്ക്കു കാലും നീട്ടി ഇരിക്കുന്ന വല്യമ്മച്ചിക്കു കൊച്ചു മക്കളോടോ അവരുടെ മക്കളോടോ പറയാനുള്ളാതാണെന്നാ ഞാന്‍ പണ്ടൊക്കെ വിചാരിച്ചിരുന്നത്‌.


പക്ഷേ...


" എണ്റ്റെ ഒക്കെ കാലത്ത്‌ എസ്‌ എസ്‌ എല്‍ സി പരീക്ഷ ജയിക്കുകാന്നു വച്ചാ വല്യ സംഭവാ. ക്ളാസ്സു കിട്ടിയതിനെന്തോരും സമ്മാനമാ എനിക്ക് കിട്ടീത്‌. ഉപ്പാപ്പന്‍ മാരൊക്കെ തലേന്നു തിരുവനന്തപുരത്തു പോയാ റിസല്‍റ്റ്‌ അറിഞ്ഞത്‌. നിനക്കൊക്കെ മുട്ടന്‍ ഡിസ്റ്റിങ്ങ്ഷന്‍ കിട്ടീട്ടും ഒരു വെലയുമില്ലാല്ലോ " എന്നു വെറും ആറേഴു വയസ്സിനു മൂപ്പുള്ള ആന്റി പറഞ്ഞപ്പോ, ഈ സെന്റി ഡയലോഗടിക്കാന്‍ തൈക്കെളവി ആകണംന്നൊന്നും ഇല്ലെന്നു മനസ്സിലായി.


" ഹോ.. നിങ്ങള്‍ക്കു കിട്ടിയ റാഗ്ഗിങ്ങു വല്ലോം റാഗ്ഗിങ്ങാണോ ? ഞങ്ങടെ സീനിയേഴ്സിണ്റ്റെ റാഗിങ്ങല്ലാരുന്നോ റാഗ്ഗിങ്ങ്‌ "?


" നിങ്ങടെ സിലബസു വല്ലോം സിലബസ്സാണോ പിള്ളാരേ? ഞങ്ങടെ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിങ്ങിണ്റ്റെ ക്വസ്റ്റ്യന്‍ പേപ്പറിലെ ബാലന്‍സ്‌ ഷീറ്റ്‌, എം. കോം. കാര്‍ക്കു പോലും റ്റാലി ചെയ്യാന്‍ പടൂല്ലാരുന്നു. ഇപ്പോ സിലബസൊക്കെ സിമ്പിളാക്കിയതല്ലേ" ?


കോളേജില്‍ വെറും ഒന്നോ ഒന്നരയോ വര്‍ഷം സീനിയറായ ചേച്ചിമാരും ചേട്ടന്‍മാരും ലതൊക്കെ പറഞ്ഞപ്പോ , ഈ ജാതി ഡയലോഗടിക്കാന്‍ വെറും മുന്നൂറ്ററുപത്തഞ്ചു ദിവസത്തിണ്റ്റെ മൂപ്പു മതീന്നു മനസ്സിലായി.


ഈ അടുത്ത കാലത്താണ്‌, കുറെ നാളായി ഇല്ലാതിരുന്ന ബ്ളോഗ്‌ വായന പുനരാരംഭിച്ചത്‌. അപ്പോ ദാണ്ടേ, ബ്ളോഗൊക്കെ ആകെ മാറി പോയി. എല്ലാടത്തും ഓടി നടന്നു കൊറേ പോസ്റ്റൊക്കെ വായിച്ചു നോക്കി. പഷേ എന്തോ ഒരിത്‌... ആ 'ഇതു' - എന്നതാന്നെനിക്കിപ്പളുമങ്ങടു പിടി കിട്ടണില്ല. പഷേ എന്തോ ഒരു ഏതാണ്ടുനെസ്സ്‌.


ഞാന്‍ വായിച്ചോണ്ടിരുന്ന, ഞാനും പണ്ടു ഭാഗമായിരുന്ന ആ ബ്ളോഗല്ല ഇത്‌. നെറയെ മാറിപ്പോയി. അതുറപ്പ്‌. എല്ലാരും എല്ലാടത്തും സീരിയസ്‌ മാത്രം എഴുതുന്നു. ഇലക്ഷന്‍, മ അദനി, തരൂറ്‍, അങ്ങനെ ബ്ളോഗ്‌ കൊറേ അങ്ങു പൊളിറ്റിക്കലായി പോയ പോലെ.. കൊറെ സീരിയസ്‌ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന പോലെ. കമന്റില് പോലും എല്ലാരും വെര്‍തെ മസിലുപിടിച്ച്‌. കൊറേ പോസ്റ്റുകളൊക്കെ വായിച്ചിട്ടും.. ശ്യോ..ഇതല്ലല്ലൊ.. ഇതുമല്ലല്ലോ.. ഞാന്‍ തപ്പി വന്നതെന്നൊരു തോന്നല്‍.. ആകപ്പാടെ ടോട്ടലി മൊത്തം ഒരു സ്നേഹക്കുറവ്‌, സൌഹൃദക്കുരവ്‌, ഹിന്ദി അറിയാത്ത ഞാന്‍ ഹിന്ദി മാത്രം സംസാരിക്കുന്ന കൊറേ ആള്‍ക്കാരുടെ നടുക്കെത്തിപ്പെട്ട ഒരു പ്രതീതി.


പിന്നേം കൊറേ വായിച്ചപ്പോള്‍ മനസ്സിലായി, ബ്ളോഗിലിപ്പോ പഴയ പോലെ ഓര്‍മക്കുറിപ്പെഴുതുന്നതൊക്കെ വല്യ കുറച്ചിലാണാത്രേ..


പിന്നെ മനസ്സിലായി... കൊഴപ്പം എണ്റ്റെയാണ്‌.. എല്ലാര്‍ക്കും വല്യ വല്യ കാര്യങ്ങളൊക്കെ ചറ്‍ച്ച ചെയ്യാനുള്ള സ്ഥലമാണ്‌ ബ്ളോഗ്‌.. പഷേ, എനിക്കു പഴയ പോലെ നല്ല തമാശ കലര്‍ന്ന ഓര്‍മക്കുറിപ്പുകളുമൊക്കെ വായിക്കാനാ ഇഷ്ടം.. അവസാനം ഗതികെട്ടു നൊസ്റ്റാള്‍ജിയ മാറ്റാന്‍ ഞാന്‍ എണ്റ്റെ തന്നെ ഒരു

പഴയ പോസ്റ്റിലെ

കമണ്റ്റെടുത്തു വായിച്ചു... കണ്ണും മനസ്സും നെറഞ്ഞു... പോയ നല്ല കാലത്തെയോര്‍ത്ത്‌...


ഞങ്ങടെയൊക്കെ കാലത്തെ ബ്ളോഗല്ലാരുന്നോ മക്കളേ ബ്ളോഗ്‌ ?


************************************************************************************


വക്കാരിമഷ്‌ടാ പറയുന്നതെന്തെന്നാല്‍...
യപ്പീ... ദേവേട്ടാ.. ചുമ്മാതാണെങ്കിലും.. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്നിരുന്നാല്‍ വെള്ളപ്പൊക്കം എന്ന കമലഹാസന്‍ ഗാനം നമ്മളെല്ലാവരും പാടുന്നു. എത്ര പേര്‍, രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ഇങ്ങിനെ അടുത്തടുത്ത് വന്ന് വന്ന്...വന്നുവന്ന്.... തൊട്ടു, തൊട്ടില്ല, തൊട്ടൂ തൊട്ടില്ല എന്ന ലംബോ സ്റ്റൈലില്‍ നിന്ന്, പിന്നെ കെട്ടിപ്പിടിച്ചുമ്മവെച്ച് വെള്ളമായി മാറിയത് കണ്ടിട്ടുണ്ട്?ചുമ്മാതാണേ.....


ഇങ്ങനെയൊക്കെ എഴുതിയ വക്കാരി പോലും ദാ, ഇപ്പൊ സി പി ഐ ..പൊന്നാനി എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു :(


ബിരിയാണിക്കുട്ടി പറയുന്നതെന്തെന്നാല്‍...
അന്ധവിശ്വാസമായാലും അല്ലെങ്കിലും ജാതകം എന്നുള്ള ഒരൊറ്റ കുരിശു കാരണമാണ് നിങളെയൊക്കെ എന്റെ നല്ല പ്രായത്തില്‍ കല്യാണം വിളിക്കാന്‍ എനിക്ക്‌ പറ്റാതിരുന്നത്‌. പിന്നെ ഈ ഇന്ത്യ മഹാരാജ്യത്തെ ഒട്ടു മിക്ക അമ്പലങ്ങളില്‍ എന്റെ അമ്മ നേര്‍ന്ന വഴിപാടുകള്‍ ഒന്നും ഫലിക്കാതെ വന്ന ഒരവസരത്തില്‍, നാഡീ ജ്യോതിഷം എന്ന അവസാന കൈ പരീക്ഷിക്കാന്‍ ഞാന്‍ പോയിരുന്നു. എന്റെ മാതാപിതാക്കലുടെ പേരും നാളും ഊരും അടക്കം ഒരു വിധത്തില്‍ പെട്ട ഭൂതകാലം മുഴുവന്‍ തെലുങ്കില്‍ തമിഴ്‌ ചേര്‍ത്ത് അയാള്‍ എനിക്ക് പറഞ്ഞു തന്നു. ഒരു തരം, ചൊദ്യൊത്തര പംക്തി ആയിരുന്നു അത്‌. ഇതിന്റെ വിശ്വസനീയത പണ്ട്‌ കൈരളി ടിവിയില്‍ വന്നിരുന്ന അശ്വമേധം എന്ന പരിപാടിയിലെ ഉത്തരം ഊഹിക്കുന്നതിനുള്ള പ്രോബബിളിറ്റി പോലെയെ ഉള്ളു എന്നാണ് തോന്നിയത്‌. എന്നാല്‍ എന്റെ കല്യാണം നടക്കായ്ക എന്നേക്കാള്‍ കൂടുതല്‍ എന്റെ മാതാപിതാക്കളെ ഒരുപാട് വിഷമിപ്പിക്കുന്നു എന്ന തിരിച്ചറിവ്‌ മൂലം അയാള്‍ പറഞ്ഞ പരിഹാരങ്ങള്‍ ‍ എല്ലാം ക്ര്‌ത്യമായി ചെയ്തു തീര്‍ന്നതിന്റെ അടുത്ത ശനിയാഴ്ച എന്റെ വിവാഹ നിശ്ചയം നടന്നു എന്നത് യാദ്ര്‌ശ്ചികമാവാം

ബിരിയാണിക്കുട്ടിയുടെ ബ്ലോഗിലും ആളനക്കമില്ല.


വിശാല മനസ്കന്‍ പറയുന്നതെന്തെന്നാല്‍...
ഭാഗ്യം!അപ്പോള്‍ അന്ധവിശ്വാസികളേ...വിശ്വാസത്തിന് മനശ്ശാസ്ത്രപരമായി വലിഅയ പ്രാധാന്യമുണ്ടെന്ന് എവിടെയോ വായിച്ചതിന് ശേഷം, കുറെ ‘ഞറങ്ങുപിറുങ്ങ് ‘ വിശ്വാസങ്ങള്‍ ഞാനും കൂടെ കൊണ്ടുനടക്കുന്നുണ്ട് (പക്ഷെ, നിങ്ങള്‍ടെ അത്രക്കില്ല.:)).കുഞ്ഞിലേ, എന്റെ ജാതകം ഞാന്‍ തന്നെ ‘തിന്നു തീര്‍ത്തു‘ എന്നാണ് അമ്മ പറഞ്ഞറിവ്. പിന്നെ കെട്ടാന്‍ കാലം ഏത് ജാതകുവും മാച്ചാക്കി ഉണ്ടാക്കുമായിരുന്നു.ആദ്യം കണ്ട പെണ്ണിനെ ഇഷ്ടപെടുകയും കെട്ടാന്‍ എന്റെ നെഞ്ച് തുടിച്ചതുമായിരുന്നു. പക്ഷെ, നാള്‍ വച്ച് നോക്കിയപ്പോള്‍ ജ്യോത്സ്യന്‍ പറഞ്ഞു, ഒരു നിലക്കും ചേരില്ല, ആ കുട്ടിയെ കെട്ടിയാല്‍, താമസിയാതെ ‘നീ കാലയവനികയ്ക്കുള്ളില്‍ മറയും’ എന്ന്. ആ കുട്ടിയുടെ വീട്ടുകാരാണെനില്‍ ചുട്ട ജാതകം വിശ്വാസികളും, പോരാത്തതിന് ചേരാത്ത ജാതകം ചേറ്ത്തി കല്യാണം കഴിച്ചതുകൊണ്ടാണ് ഈ കുട്ടിയുടെ അമ്മ മരിച്ചതെന്ന് വിശ്വസിക്കുന്നവരും.അവിടെ മാച്ചിങ്ങ് പോളിസി അപ്ലൈ ചെയ്യാന്‍ മനസ്സാക്ഷി അനുവദിച്ചില്ല. നമ്മളായിട്ട് ഒരു പെണ്ണിനെ വിധവയാക്കാന്‍ പാടുണ്ടോ?പിന്നെ സോനയെ കെട്ടിയത്, മാച്ചിങ്ങ് ഉണ്ടാക്കി തന്നെ. പാവങ്ങളെ പറ്റിച്ചൂ!!
കൊടകര സുല്‍ത്താനും എഴുത്ത് നിറുത്തിയോ ?


ശ്രീജിത്ത്‌ കെ പറയുന്നതെന്തെന്നാല്‍...
അരങ്ങേറ്റ ടൂര്‍ണമെന്റിലും ആദ്യത്തെ പാക്കിസ്ഥാനുമായുള്ള കളിയിലും തിളങ്ങാന്‍ കഴിയാതെപോയ ശ്രീശാന്ത്, ഒരു ന്യൂമറോളജിസ്റ്റിന്റെ ഉപദേശം കേട്ട് ജര്‍സി നമ്പര്‍ മാറ്റിയതില്‍ പിന്നെ വിക്കറ്റുകളുടെ എണ്ണത്തിലും, ആരാധകരുടെ എണ്ണത്തിലും, അഭിനന്ദനങ്ങളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് നേടി എന്നത് വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ ടീമിലുള്ള സ്ഥാനം ഉറച്ചതും ഈ മാറ്റത്തിന് ശേഷമാണ് എന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വിശ്വാസമില്ലാത്തവരെക്കൂടെ വിശ്വാസികളാക്കുന്നതരം വാര്‍ത്തകളല്ലേ ഇതൊക്കെ. ഇത് കണ്ണുമടച്ച് തള്ളിക്കളയാന്‍ ആര്‍ക്കൊക്കെ കഴിയും?വേറേ ഒരു കാര്യം. ചൊവ്വാദോഷം എന്നാല്‍ സ്ത്രീകള്‍ക്ക് വിധവാ യോഗമാണ്, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പിരിയുയേണ്ട യോഗമാണ്. വിധവായോഗമുള്ള ഒരു സ്ത്രീയെ, ജ്യോത്സ്യത്തില്‍ വിശ്വാസ്മുള്ളവര്‍ മാത്രമല്ല, ഇല്ലാത്തവരും വിവാഹം കഴിക്കാന്‍ ഒന്ന് മടിക്കും. അത് പോലെ ചൊവ്വാദോഷം വന്ന പുരുഷന്മാര്‍ക്ക്, വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭാര്യയുമായി പിരിയേണ്ടി വരും എന്നാണ് ജ്യോത്സ്യം പറയുന്നത്. അത് കൊണ്ട് ചൊവ്വാദോഷം ഉള്ള ഒരാള്‍ക്ക് ചൊവ്വദോഷം ഉള്ള ഒരു പങ്കാളി തന്നെ വേണം. രണ്ട് കൂട്ടര്‍ക്കും അതുണ്ടെങ്കില്‍ അത് ക്യാന്‍സല്‍ ആയിപ്പോകുമെന്ന് ജ്യോത്സ്യം പറയുന്നു.


ശ്രീജിത്തിന്റെ പ്രൊഫൈല് പോലുമില്ലെന്ന് ബ്ലോഗ്ഗര്‍ പറയുന്നു . ശ്രീജിത്ത്‌ വേറെ എവിടെയെങ്കിലും എഴുതുന്നുണ്ടോ ആവോ ?

ലേബലുകള്‍: ,